വൈഗ
(രചന: Ammu Santhosh)
“മീര, ഞാൻ ഒരു സഞ്ചാരിയാണ് .നിനക്ക് അതു നന്നായി അറിയാവുന്നതല്ലേ?’
തിരക്കേറിയ നഗരത്തിലൂടെ ആദിയുടെ കാർ മെല്ലെ എന്നോണം ഒഴുകി നീങ്ങി കൊണ്ടിരുന്നു.
അവന്റെ ശരീരത്തിൽ നിന്ന് ഉയർന്ന ഡേവിഡ് ഓഫ് പെർഫ്യൂമിന്റെ ഗന്ധം അവൾക്കു ചുറ്റും നിറഞ്ഞു.
“അതിനെന്താ ആദി?എനിക്കും ഇഷ്ടമാണ് യാത്രകൾ.ഡാഡി ഇന്ന് ചോദിച്ചു എന്താണ് തീരുമാനം എന്ന്?”
മീര അവന്റെ മുഖത്തേക്ക് ഒരു മറുപടിക്കായി കാത്തു.
“മീര എനിക്ക് പ്രണയങ്ങൾ മനുഷ്യനോട് തോന്നിയിട്ടില്ല.പൂവിനോട്, മഴയോട്, മേഘങ്ങളോട്, സംഗീതത്തോട് സുന്ദരമായതെന്തിനോടും..
അല്ലാതെ ഒരുലോകം ഞാൻ ചിന്തിച്ചിട്ടില്ല.നിന്റെ എന്നല്ല ഒരു പെണ്ണിന്റെയും മണ്ണിന്റെയും സ്വന്തമല്ല ആദി.എനിക്ക് യാത്രകളാണ് ഇഷ്ടം …
പുതുമ പുതിയ സ്ഥലങ്ങൾ..പുതിയ ആളുകൾ ..ഇന്നു ഞാൻ ഈ നഗരത്തിൽ നിന്ന് പോകുന്നു
.ഒന്നരവർഷം.മടുത്തു തുടങ്ങി ഈ നഗരം.”
മീര ഒന്ന് നടുങ്ങി
“ആദി ഞാൻ കരുതി നമ്മൾ വിവാഹിതരാവും എന്ന്..”
“ഞാൻ അങ്ങനെ എപ്പോളെങ്കിലും നിന്നോട് പറഞ്ഞിട്ടുണ്ടോ മീര.നമ്മൾ സുഹൃത്തുക്കളായിരുന്നു.. അത്ര തന്നെ.”
മീര മുഖം താഴ്ത്തി.
“നിനക്ക് എവിടെയാണ് ഇറങ്ങേണ്ടത്? എനിക്ക് പോകാനുള്ള വഴി ഇതാണ് ” അവൻ രണ്ടു വഴി പിരിയുന്നിടത്ത് കാർ നിർത്തി.
ഉള്ളിലെ സങ്കടത്തിന്റെ കടലിനെ മറച്ചു മീര ചിരിച്ചു
“നിന്റെ അടുത്ത പുസ്തകം എന്നാണ് ഇറങ്ങുക?”അവനോടവൾ ചോദിച്ചു
“അറിയില്ലടോ.മനസ് ശൂന്യമാണ് അതിനാണ് യാത്ര”അവൻ തണുത്ത സ്വരത്തിൽ പറഞ്ഞു
മീര കാറിൽ നിന്നിറങ്ങി.ഒരു കൈ വീശലിൽ ഒരു ചിരിയിൽ ആദിയിലേക്കുള്ള വാതിലടഞ്ഞു.
ആദി കേരളത്തിലേക്കായിരുന്നു വന്നത് .അമ്മയുടെ തറവാട്ടിലേക്ക്.കാട് പിടിച്ചു കിടന്ന പഴയ തറവാട് ഒന്ന് വൃത്തിയാക്കിയിടണം എന്ന് അയാൾ അമ്മാവനെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു.
“എത്ര നാളുണ്ടാവും?”
“കൂടിയാൽ ഒരു ആഴ്ച. പിന്നെ യുകെ യിലേക്ക് പോകും “മറുപടി പറഞ്ഞു കൊണ്ട് അവൻചുറ്റും നോക്കി.
പാടശേഖരങ്ങൾക്കപ്പുറം ഒരു നാട്ടുവഴിയുണ്ട് .
“വീട്ടിൽ താമസിക്കാമായിരുന്നു കുട്ടിക്ക്..അവിടെ ഞങ്ങൾ രണ്ടു പേരല്ലേ ഉള്ളു?”
“ഞാനിടയ്ക്കു വരാം”അവൻ സംഭാഷണം തുടരാൻ താല്പര്യം കാണിച്ചില്ല .ബന്ധങ്ങളോട് അവനു എന്നും വിരക്തി യായിരുന്നു.ഒരു ബന്ധവും നീട്ടിക്കൊണ്ടുപോകാൻ അവൻ ഒരിക്കലും താല്പര്യം കാണിച്ചില്ല.
അത് പ്രണയമാണേലും സൗഹൃദമാണെങ്കിലും . ഒരേ രീതികൾ ഒരേ സംസാരങ്ങൾ. അവന് വേഗം മുഷിയും.ചെറുപ്പത്തിൽ തന്നെ ഒറ്റയ്ക്കായി പോയത് കൊണ്ടാവും. ഒറ്റയ്ക്കാവുന്നതായിരുന്നുഅവനിഷ്ടം
ഒരു ബഹളം കേട്ടാണ് അവൻ മുറ്റത്തേക്ക് വന്നത്.മുറ്റം നിറയെ കുട്ടികൾ
മാവിൽ കുറെ പേര് ആഞ്ഞിലി മരത്തിലും കുറെ പേര്..
പെരുവിരലിൽ നിന്നെന്തോ അരിച്ചു കയറും പോലെ.കോപം കൊണ്ട് കണ്ണ് കാണാൻ പറ്റുന്നില്ലായിരുന്നവന്.വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു അവൻ അവരെ ഓടിച്ചു വിട്ടു.
അൽപനേരം കഴിഞ്ഞിട്ടുണ്ടാകും വാതിലിൽ ആഞ്ഞൊരു മുട്ട് .ഇടി തന്നെ. അവൻ ചെന്നു വാതിൽ തുറന്നു.
ഒരു പെൺകുട്ടി
.മുട്ടിനു താഴെ നിൽക്കുന്ന പാവാടയും നീളൻ ടോപുമാണ് വേഷം മുടി രണ്ടായി മെടഞ്ഞു മാറിലേക്കിട്ടിരിക്കുന്നു.
“സാർ ആണോ പുതിയ താമസക്കാരൻ”?കൈകൾ മാറത്തു പിണച്ചുകെട്ടി ഗൗരവത്തിൽ ആണ് ചോദ്യം
“പുതിയ ആളല്ല ഉടമസ്ഥനാ”അവൻ മറുപടി പറഞ്ഞു
“എന്താണേലും കൊള്ളാം..കുട്ടികള് മാങ്ങാ പറിച്ചാലെന്താ ആകാശം ഇടിഞ്ഞു വീഴുമോ?
ചീത്ത പറഞ്ഞു ഓടിക്കുക ചെയ്യുക?അങ്ങനെ ആണെങ്കിൽ അണ്ണാനും കിളികളും കൊത്താനുണ്ടല്ലോ? അവറ്റകളെയും ചീത്ത പറഞ്ഞു ഓടിക്കുവോ?”
ആദിക്ക് എന്തോ ദേഷ്യം വന്നില്ല …പകരം കുസൃതി നിറഞ്ഞ കണ്ണുകളോടെ അവൻ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകി …അവൾ ആത് അവഗണിച്ചു ഗെയിറ്റിനരികിൽ ചെന്ന് വാനര സംഘത്തെ അകത്തേക്ക് ക്ഷണിച്ചു
അവൾ “വൈഗ”
അവളുടെ കണ്ണുകളിലാണ് ആദിക്ക് ആദ്യമായി ശബ്ദം നഷ്ടപ്പെട്ടു പോയത്.ഇളം തവിട്ടു കൃഷ്ണമണികൾ ഉള്ള,നിറയെ പീലികൾ ഉള്ള,നീണ്ടു മനോഹരമായ ആജ്ഞാശക്തി സ്ഫുരിക്കുന്നകണ്ണുകൾ
പിന്നീട് അവളെ ആദി കാണുന്നത് നെല്പാടത്തായിരുന്നു.കൃഷി ഇറക്കുന്നവർക്കൊപ്പം ചെളിയും ചേറും പുതഞ്ഞവൾ.
ആദിക്ക് വൈഗ ഒരു അത്ഭുതമായിരുന്നു … ഇടയ്ക്കു കുട്ടികൾക്കൊപ്പം കാണാം ..ഇടയ്ക്കു ലൈബ്രറിയിൽ ഉണ്ടാവും ..ഇടയ്ക്കു സ്ത്രീകളുടെ കൂട്ടായ്മയിൽ പ്രസംഗിക്കുന്നതും കണ്ടു ..
“സാർ എഴുത്തുകാരനാണോ?”
“ഉം “ആദി ഒന്ന് മൂളി
“പേര് പക്ഷേ കേട്ടിട്ടില്ലല്ലോ ”
“ഞാൻ ഇംഗ്ലീഷിലാണ് എഴുതുക.”
“അതെന്താ മലയാളം അറിയില്ലേ?”
അവളുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു … ആദി നിശബ്ദനായി..അവനു നല്ല പനിയുണ്ടായിരുന്നു..കുളത്തിലെ വെള്ളം മാറി കുളിച്ചതാവാമെന്ന്ആ വാൻ ഊഹിച്ചു
“പനിയാണോ മുഖമെന്താ വല്ലാതെ?
അവന്റെ നെറ്റിയിൽ അവൾ കൈ അമർത്തി.
അവൾ ഇപ്പോൾ അവന്റെ തൊട്ടു അടുത്തായിരുന്നു അവളിൽ നിന്ന് ഉയർന്ന ചന്ദന ഗന്ധം തന്റെ നില തെറ്റിച്ചു കളഞ്ഞേക്കുമെന്നു തോന്നി
അവൻ വേഗം എഴുനേറ്റു. സാധാരണ അത്തരം പേടിയുള്ള ഒരാൾ ആയിരുന്നില്ല ആദി.
പക്ഷേ വൈഗ…ഏറ്റവും നൈർമല്യമുള്ള ഒരു പൂവാണെന്നു അവനു തീർച്ചയുണ്ടായിരുന്നു വൈഗയെ ഒരു തമാശയാക്കാൻ അവനു തോന്നിയില്ല.
ചുക്ക് കാപ്പിയും ചുട്ടരച്ച ചമ്മന്തിയും കഞ്ഞിയും ഒക്കെ ആയി വൈഗ അവന്റെ പനി ദിവസങ്ങളെ ഉത്സവമാക്കി.
അവളുടെ നാട്ടു വർത്തമാനങ്ങൾ നിറഞ്ഞ പകലുകൾ തീരാതിരുന്നങ്കിൽ എന്നവൻ ചിലപ്പോളെങ്കിലും ചിന്തിച്ചു പോയി. അവളവന് നല്ല മലയാളം പുസ്തകങ്ങൾ കൊണ്ട് കൊടുത്തു.
രണ്ടാഴ്ച എന്നത് വീണ്ടും നീണ്ടു. മാസങ്ങൾക്ക് ശേഷം… ക്ഷേത്രത്തിൽ നിന്ന് വരികയായിരുന്നു അവർ.
“ഞാൻ നാളെ പോകുകയാണ്”ആദി പറഞ്ഞു
“ഇത്രപെട്ടെന്നോ?”എന്ന ഒരു ചോദ്യം അവളുടെ മിഴികളിൽ നിന്ന് അവൻ വായിച്ചെടുത്തു.
“ഞാൻ അങ്ങനെ ഒരിടത്തും സ്ഥിരമായി തങ്ങാറില്ല..അതാണ്”
വൈഗ മന്ദഹസിച്ചു
ഇലച്ചീന്തിലെ ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടുകൊടുത്തു ..പിന്നെ അവൻ തീരെ നിനച്ചിരിക്കാതെ ഒരു നിമിഷത്തിൽ ആ മുഖം പിടിച്ചു താഴ്ത്തി നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
“എവിടെയാണെങ്കിലും സന്തോഷമായിരിക്കു ”
ആദിയുടെ കണ്ണ് പെട്ടെന്ന് നിറഞ്ഞു. നേർത്ത ജലകണികകളുടെ തിളക്കത്തിൽ വൈഗയുടെ രൂപം മാഞ്ഞു മാഞ്ഞില്ലാതെ ആയി.
അവസാനിപ്പിക്കാൻ ശ്രമിച്ചാലും കഴിയാതെ പോകുന്ന ചില ബന്ധങ്ങളുണ്ട്. ഓടിയോളിച്ചാലും വിടാതെ പിന്തുടരുന്ന ചില മുഖങ്ങൾ. അതിൽ നിന്ന് രക്ഷ ഇല്ല മനുഷ്യന്.
ആദിക്കും അതങ്ങനെ തന്നെയായിരുന്നു.
വർഷങ്ങൾക്ക് ശേഷം…..
കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് വാങ്ങിയുള്ള പ്രസംഗത്തിൽ ആദി ഇങ്ങനെ പറഞ്ഞു
“എന്റെ ഈ അവാർഡ് എന്റെ ഭാര്യക്കുള്ളതാണ് .മലയാളത്തിൽ ആദ്യമായി എഴുതാൻ എന്നെ പ്രേരിപ്പിച്ചവൾക്ക് .
ജീവിതത്തിനു മണ്ണിന്റെ മണമുണ്ടെന്നാദ്യമായി എനിക്ക് പറഞ്ഞു തന്നവൾക്ക്.ഒരൊറ്റ നോട്ടത്തിൽ എന്നെ കീഴ്പ്പെടുത്തിയവൾക്ക് . ഞാൻ എന്ന സഞ്ചാരിക്ക് ഒരൊറ്റ തുരുത്തായവൾക്ക്.എന്റെ വൈഗയ്ക്ക് ”
വൈഗയുടെ കണ്ണീരിൽ ആദിയുടെ മുഖം മറഞ്ഞു.