അങ്ങനെയാണ് വീണ്ടുമൊരു കുഞ്ഞ് എന്നതിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചത്, ഹസ്ബന്റിനോട് പറഞ്ഞപ്പോൾ അദ്ദേഹവും..

(രചന: J. K)

എല്ലാതവണത്തെയും പോലെ തന്നെ ഇത്തവണയും അവനെ ഫിസിയോ തെറാപ്പിക്ക് കൊണ്ടുപോയതായിരുന്നു…

മുന്നിൽ വിസിറ്റേഴ്സിന് ഇട്ട ചെയറിൽ സ്ഥലം ഇല്ലാത്തത് കാരണം തൊട്ടപ്പുറത്തുള്ള പീഡിയാട്രിക് സെക്ഷനിൽ ചെന്നിരുന്നു…

അവിടെ ധാരാളം കുട്ടികളെയും കൊണ്ട് അമ്മമാർ വന്നിരുന്നു എങ്കിലും ഇരിക്കാൻ സ്ഥലമുള്ളത് കാരണമാണ് അവിടെ ചെന്നിരുന്നത്…

മിലൻ അത്ഭുതത്തോടുകൂടി അവരെയെല്ലാം നോക്കുന്നുണ്ട്… മിലിന് അനിയത്തിയോ അനിയനോ ആരുമില്ല അവൻ ഒറ്റ മകനാണ്..

അവനെ പ്രഗ്നന്റ് ആയിരിക്കുന്ന സമയത്ത് തന്നെ ഡോക്ടർ പറഞ്ഞിരുന്നു കുട്ടി ഒരു ഓട്ടിസം ബാധിതനാണ് എന്ന്..

വേണമെങ്കിൽ അവിടെ വച്ച് തന്നെ ഇല്ലാതാക്കാമായിരുന്നു.. പക്ഷേ എനിക്കും അവന്റെ അച്ഛന്റെയും തീരുമാനം ഒന്നുതന്നെയായിരുന്നു എന്തുതന്നെ വന്നാലും ഈ കുഞ്ഞിനെ ഞങ്ങൾ കളയില്ല എന്ന്….

ഈ ഭൂമിയിൽ പിറവിയെടുക്കുന്ന ഓരോ കുഞ്ഞിന്റെയും അവകാശമാണ് ഇവിടെ ജീവിക്കാനും സ്വാഭാവികമായി മരിക്കാനും…
അതിൽ കൈ കടത്താൻ മറ്റ് ആർക്കും അവകാശമില്ലല്ലോ…

അവൻ പിറന്നു വീണപ്പോൾ ഒരിക്കലും ഞങ്ങൾക്ക് സങ്കടമായിരുന്നില്ല പകരം ഇതുപോലൊരു കുഞ്ഞിനെ നോക്കാൻ സുരക്ഷിതമായ ഒരു കൈകൾ ഞങ്ങളിൽ ദൈവം കണ്ടെത്തിയല്ലോ എന്ന ചാരിതാർത്ഥ്യം ആയിരുന്നു…

അതെ, നന്നായി നോക്കും വളർത്തും എന്ന് ദൈവത്തിനു വിശ്വാസമുള്ള കരങ്ങളിൽ മാത്രം ഏൽപ്പിക്കുന്ന ദൈവത്തിന്റെ സ്വന്തം കുഞ്ഞുങ്ങൾ…

അവൻ ജനിച്ചു വീണത് മുതൽ അവന് പല കുറവുകളും ഉണ്ടായിരുന്നു..

ഒരു വയസ്സായിട്ടും അവനൊന്ന് കമിഴ്ന്നു വീണില്ല ഇരുത്തി കൊടുത്താൽ ഇരിക്കും…
മൂന്നു വയസ്സായപ്പോഴാണ് ഒന്ന് പിടിച്ചു നിൽക്കാൻ എങ്കിലും തുടങ്ങിയത്….

സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ഓരോരോ ശബ്ദം പുറപ്പെടുവിക്കും അമ്മ എന്നെ നിലയിൽ എനിക്കും അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തിനും അവന്റെ ഓരോ മൂളലിന്റെ അർത്ഥം പോലും അറിയാമായിരുന്നു…

അവന് വേണ്ടത് എല്ലാം അവന്റെ മനസ്സറിഞ്ഞ് പ്രവർത്തിക്കുന്ന രണ്ടുപേരായി ഞങ്ങൾ…

ഞങ്ങളുടെ സന്തോഷം തന്നെ അവൻ ആയിരുന്നു അവന്റെ ഓരോ പ്രോഗ്രസ്സും ഞങ്ങളിൽ ഉണ്ടാക്കിയിരുന്നത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ആയിരുന്നു..

നാലു വയസ്സിൽ അവ്യക്തമെങ്കിലും അമ്മ അച്ഛാ എന്ന് വിളിച്ചതും ചെറിയൊരു അടി വെച്ചെങ്കിലും നടക്കാൻ ശ്രമിക്കുന്നതും ഒക്കെ ഞങ്ങളെ സംബന്ധിച്ച് ലോകം കീഴടക്കിയ മാതിരിയായിരുന്നു…

ചെറുപ്പം മുതലേ അവനെ അവനെ കൊണ്ടുപോകണം ആയിരുന്നു… അതിലൂടെ മാത്രമേ അവനു പ്രോഗ്രസ്സ് വരുകയുള്ളൂ…

അവൻ ഇരിക്കാൻ തുടങ്ങിയതും മെല്ലെ നിൽക്കാൻ തുടങ്ങിയതും ഒരു അടിവെച്ചെങ്കിലും നടക്കാൻ തുടങ്ങിയതും എല്ലാം ഫിസിയോതെറാപ്പിസ്റ്റ്ന്റെ കൂടെ പരിശ്രമ ഫലമാണ്…

അദ്ദേഹം അവനെ വളരെ കാര്യമായി തന്നെ നോക്കുമായിരുന്നു…

ഏറെനേരം അവനുമായി ചെലവഴിക്കും ആയിരുന്നു ഞങ്ങൾ കഴിഞ്ഞാൽ പിന്നീട് അവനു ഏറ്റവും അടുപ്പം അവന്റെ ഫിസിയോതെറാപ്പിസ്റ്റ് അങ്കിളിനോട് ആണെന്ന് ഞങ്ങൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്….

പണ്ട് ദിവസേന എന്നുള്ളത് മാറ്റി ഇപ്പോൾ ആഴ്ചയിൽ ഒരു തവണ ആക്കിയിട്ടുണ്ട്..

അവിടെ ഇരുന്നപ്പോൾ മറ്റു കുഞ്ഞുങ്ങളെ അവൻ അത്ഭുതത്തോടെ കൂടി നോക്കുന്നുണ്ടായിരുന്നു. അതിലൊരു കുഞ്ഞിനെ സ്നേഹം കൊണ്ടാവണം അവൻ മെല്ലെ ഒന്ന് പിടിച്ചത്….

“””’അയ്യോ “””

എന്നൊരു അലർച്ചയായിരുന്നു ആ കുഞ്ഞിന്റെ കൂടെ വന്ന പ്രായമുള്ള സ്ത്രീ…

ഞാനും മിലനും പേടിച്ച് അവരെ നോക്കി..

“”””” ദേഷ്യത്തോടെ അന്നേരം അവർ ഞങ്ങളെ നോക്കി പറഞ്ഞു സുഖമില്ലാത്ത കുഞ്ഞിനെ ഇതുപോലെ പുറത്തുകൊണ്ടുവരുമ്പോൾ സൂക്ഷിക്കേണ്ട എന്ന്!!

ഇല്ലെങ്കിൽ മറ്റു കുഞ്ഞുങ്ങളെ ഉപദ്രവിക്കില്ലെ!!എന്ന് അത് പറഞ്ഞ് അവരുടെ മോനെയും നീക്കിയിരുത്തി”””

“” എന്റെ കുഞ്ഞ് ആരെയും ഒരു ഉപദ്രവിക്കില്ല എന്ന് പറഞ്ഞപ്പോഴേക്കും സങ്കടം വന്ന് തൊണ്ടയിൽ കുരുങ്ങി നിന്നിരുന്നു…

ഇത്തരം അനുഭവങ്ങൾ പതിവുള്ളതാണ് എങ്കിലും ഇത്തവണ എന്തോ..

അത്രയും കൗതുകത്തോടെ സ്നേഹത്തോടെ മിലൻ ഒന്ന് തൊട്ടു നോക്കിയതാണ് ആ കുഞ്ഞാവയെ..

പക്ഷേ അതൊരു കുഞ്ഞാണെന്ന് പോലും നോക്കാതെ അവർ വല്ലാതെ ഷൗട്ട് ചെയ്തു…

കുഞ്ഞിനെ മനപ്പൂർവ്വം ഉപദ്രവിക്കാനായി മോനെ അവിടെ കൊണ്ടുവന്ന് ഇരുത്തി എന്നുവരെ അവർ പറഞ്ഞു…

അവരുടെ കൂടെയുള്ളവർ അവരെ അനു നയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു പക്ഷേ അതൊന്നും വില പോയില്ല അവർ ഉറഞ്ഞു തുള്ളാൻ തുടങ്ങി…

എന്തൊക്കെയോ എന്റെ മോനെ വിളിച്ചുപറഞ്ഞു…

അവൻ അത് കേട്ട് ഭയപ്പെട്ട് എന്നെ ഇറുകെപ്പിടിച്ചു… അവന്റെ മനസ്സ് ആരു വിഷമിപ്പിച്ചാലും അതെനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു….

ഒടുവിൽ സഹിക്കെട്ടാണ് ഞാൻ അവരോട് നിർത്താൻ പറഞ്ഞത്….

അത് കേട്ട്

“””” ചുമ്മാതല്ലടി നിനക്ക് സൂക്കേടുള്ള കൊച്ചിനെ ദൈവം തന്നത് “”””

എന്നുകൂടി പറഞ്ഞപ്പോൾ എന്റെ മുഴുവൻ നിയന്ത്രണങ്ങളും പോയി

അതുവരെ എന്റെ പറ്റാവുന്ന ക്ഷമയിൽ ഞാൻ അവരോട് മാന്യമായി സംസാരിച്ചിരുന്നു…
ഇത്തരക്കാരോട് ഒന്നും മാന്യത യോടെ പെരുമാറിയിട്ട് ഒരു കാര്യവുമില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു…

“”” എന്റെ കുഞ്ഞിന് ഒരു സൂക്കേടും ഇല്ല… ഈ കുഞ്ഞിനെ ദൈവം തന്നതിൽ എനിക്ക് അഭിമാനമേ ഉള്ളൂ….

ഇനിമേലിൽ എന്റെ കുഞ്ഞിനെ പറ്റി എന്തെങ്കിലും പറഞ്ഞാൽ പ്രായത്തിന് മൂത്തത് എന്ന് പോലും നോക്കാതെ എന്റെ കൈ നിങ്ങളുടെ മുഖത്ത് വീഴും എന്നു ഞാൻ പറഞ്ഞു..””””

ഒട്ടും കുറ്റബോധം ഇല്ലാതെ തന്നെ…
അതിൽ അവരും അടങ്ങി…

മോനേ വിളിച്ച് ഫിസിയോതെറാപ്പിസ്റ്റിന്റെ അടുത്ത് ചെല്ലുമ്പോൾ എന്റെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു…

അദ്ദേഹം കാരണം അന്വേഷിച്ചപ്പോൾ നടന്നതെല്ലാം പറഞ്ഞു….

“””മിലന് ഒരു കൂട്ട് വേണം ആ കുട്ടിക്ക് എത്രത്തോളം അച്ഛനും അമ്മയും കൂട്ടിന് ഉണ്ട് എന്ന് പറഞ്ഞാലും ഒരു കൂടപ്പിറപ്പിന്റെ അത്രയും വരില്ല..””‘

അങ്ങനെയാണ് വീണ്ടുമൊരു കുഞ്ഞ് എന്നതിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചത്…
ഹസ്ബന്റിനോട് പറഞ്ഞപ്പോൾ അദ്ദേഹവും അത് ശരിവെച്ചു…

അങ്ങനെയാണ് അവനെ കൂട്ടായി അവന്റെ അനിയൻകുട്ടൻ എത്തിയത്..
അവനെ കണ്ടപ്പോൾ മിലൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു…

അവൻ വളർന്നതും ചേട്ടനൊപ്പം കളിച്ച് ചിരിച്ചിട്ടായിരുന്നു അവന്റെ പ്രവർത്തികൾ മുഴുവൻ ചേട്ടന് വേണ്ടിയിട്ടായിരുന്നു…..

അതിനുശേഷം ആണ് ഇത്തരത്തിലുള്ള കുട്ടികൾക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങിയാലോ എന്ന് ഞങ്ങൾ ആലോചിച്ചത്..

അത് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ ലോകത്ത് വച്ച് ഏറ്റവും മഹത്തരമായ കാര്യങ്ങളിൽ ഒന്നാകും അത് എന്ന് അറിയാമായിരുന്നു…

അവിടെ കുഞ്ഞുങ്ങൾക്കായുള്ള സ്കൂൾ തുടങ്ങുന്നതിനോടൊപ്പം മറ്റുള്ളവർക്ക് ഒരു കൗൺസിലിംഗും കൊടുത്തിരുന്നു….
സഹജീവിയെ അവരെന്താണോ അതറിഞ്ഞ് അതുപോലെ സ്വീകരിക്കാൻ….

കാരണം പലപ്പോഴും ഇവിടെ, മറ്റുള്ളവരുടെ അസഹിഷ്ണുതയാണ് പല പ്രശ്നങ്ങൾക്കും കാരണം.. ഒരാൾ എങ്ങനെയാണോ ആ രീതിയിൽ സ്വീകരിക്കാതെ നമ്മൾ അവരെ പൂർണമായും മാറ്റാൻ ശ്രമിക്കുന്നു..

നമ്മുടെ ലോകത്ത് ഓരോരുത്തർക്കും വൈവിധ്യമായ ഗുണങ്ങൾ ആണുള്ളത്… ഒന്ന് ഒന്നിനും മെച്ചം എന്ന് ഒരിക്കലും നമുക്ക് പറയാനാവില്ല… അതുകൊണ്ടുതന്നെ സ്വീകരിക്കാനുള്ള നമ്മുടെ മനസ്സ് വലുതാക്കുന്നതാണ് എപ്പോഴും നല്ലത്….