തന്റെ കഴിവുകേടുകൾ കൊണ്ട് ജിനിയുടെ മനസ്സിൽ ഉണ്ണികൃഷ്ണൻ കയറിതെന്ന ചിന്ത ജോജിയെ അലോസരപ്പെടുത്തി..

നിറവാർന്ന മിഴികൾ
(രചന: Pradeep Kumaran)

” നിങ്ങളെന്താ കഴിക്കാതെ പോകുന്നത്?. രണ്ട് ദിവസമായല്ലോ ഈ വേഷംകെട്ട് തുടങ്ങിയിട്ട്?. കഴിക്കുകയുമില്ല മിണ്ടുകയുമില്ല. നിങ്ങള് കാര്യമെന്താണെന്ന് പറയു മനുഷ്യ?.”

രാവിലെ ജോലിക്ക് പോകുവാൻ വീട്ടിൽ നിന്നിറങ്ങി സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്യുകയായിരുന്നു ജോജി ഭാര്യ ജിനിയുടെ ചോദ്യം കേട്ട് ചവിട്ടികുലുക്കി വീടിനുള്ളിലേക്ക് തിരിച്ചുകയറി.

” നിനക്കൊന്നുമറിയില്ല അല്ലേ?. മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാനായിട്ട് ഓരോന്നും ചെയ്തിട്ട് ”

” നിങ്ങൾ നിങ്ങളുടെ മനസ്സിലുള്ളത് എന്താണെന്ന് വച്ചാൽ തുറന്ന് പറയു. അല്ലാതെ ഞാനെന്ത് പറയാനാണ്?.”

” ആരാടി ഉണ്ണികൃഷ്ണൻ?. നിന്നെ കുട്ടായെന്ന് വിളിക്കാൻ മാത്രം അവനാരാ നിന്റെ?. നിന്റെ വാട്സ്ആപ്പ് ചാറ്റ് ഞാൻ കണ്ടിട്ടും നിനക്കൊരു കുലുക്കവുമില്ലല്ലോ?.

മോർണിംഗ് വിഷ് ചെയ്യുന്നു , വിശേഷങ്ങൾ ചോദിക്കുന്നു. എന്നെകൊണ്ട് അധികമൊന്നും പറയിപ്പിക്കരുത്.”

രണ്ട് ദിവസം മുൻപ് മകളുമായി കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ജിനിയുടെ മൊബൈൽഫോൺ ജോജി എടുത്തു നോക്കിയത്.

വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററിയിൽ ഉണ്ണികൃഷ്ണനുമായുള്ള ജിനിയുടെ ചാറ്റ് ശ്രദ്ധിച്ച ജോജിയുടെ കണ്ണ് തള്ളിപ്പോയി. .

സാധാരണ സോഷ്യൽമീഡിയയിൽ അധികമൊന്നും ശ്രദ്ധിക്കാത്ത ജിനി ഉണ്ണികൃഷ്ണനുമായി ഒരുപാട് ചാറ്റ് ചെയ്തിരിക്കുന്നു.

തെറ്റായ രീതിയിലുള്ള സംസാരം ഒന്നുമില്ലായെങ്കിലും ജിനിയെ കുട്ടായെന്ന് വിളിക്കുന്നതും ജിനിയോടുള്ള കരുതൽ ആയിട്ടേന്നോണം വിശേഷങ്ങൾ ചോദിക്കുന്നതും ജോജിയുടെ മനസ്സിൽ സംശയത്തിന്റെ വിത്ത് മുളച്ചു.

ഭർത്താവെന്ന നിലക്ക് ജിനിയുടെ കാര്യങ്ങള്ളൊന്നും ശ്രദ്ധിക്കാറില്ലായെന്നും സോഷ്യൽ മീഡിയയിൽ താൻ അധിക സമയവും ചിലവഴിക്കുന്നതെന്നുമുള്ള ജിനിയുടെ പരാതി ജോജിയുടെ മനസ്സിലോടിയെത്തി.

തന്റെ കഴിവുകേടുകൾ കൊണ്ട് ജിനിയുടെ മനസ്സിൽ ഉണ്ണികൃഷ്ണൻ കയറിതെന്ന ചിന്ത ജോജിയെ അലോസരപ്പെടുത്തി.

മനസ്സിലുള്ള സങ്കടവും ദേഷ്യവും ഉള്ളിലൊതുക്കി നടന്ന ജോജി രണ്ട് ദിവസം വീട്ടിൽ നിന്നും ആഹാരം കഴിക്കാനോ ജിനിയോട് സംസാരിക്കാനോ കൂട്ടാക്കിയില്ല.

” ഇതിനാണോ മനുഷ്യ നിങ്ങൾ രണ്ട് ദിവസം മുഖം വീർപ്പിച്ചു നടന്നത്?. എന്റെ കർത്താവേ ആരുമില്ലല്ലോ ഇതൊന്ന് പറഞ്ഞു ചിരിക്കാൻ.

നിങ്ങള് വന്നേ , ഈ അപ്പോം മുട്ടകറിയും കഴിച്ചേ.വെളുപ്പിന് ഞാനെഴുനേറ്റ് ഉണ്ടാക്കിയതാ.കാര്യങ്ങളൊക്കെ എന്നിട്ട് ഞാൻ പറയാം.

പൊട്ടിച്ചിരിക്കിടയിൽ കാര്യങ്ങൾ പറഞ്ഞു കയ്യിൽ പിടിച്ചുവലിച്ച ജിനിയുടെ കൂടെ ഡെയിനിങ് ടേബിളിലേക്ക് പോകാതിരിക്കാൻ ജോജിക്ക് കഴിഞ്ഞില്ല.

” നിങ്ങൾ ഉണ്ണികൃഷ്ണന്റെ DP ശ്രദ്ധിച്ചിരുന്നോ?. ”

” ഇല്ല ജിനി. ഞാനത് ശ്രദ്ധിച്ചില്ല.”

” എന്നാൽ ഇതാണ് ഞങ്ങളുടെ ഉണ്ണികൃഷ്ണൻ..”

ജിനി മൊബൈലിൽ ഉണ്ണികൃഷ്ണന്റെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ ജോജി ഞെട്ടിപ്പോയി. തടിച്ച കണ്ണട വച്ച് ഒറ്റനോട്ടത്തിൽ തന്നെ എന്തോ കുറവുള്ള പോലെ തോന്നിക്കുന്ന ഉണ്ണികൃഷ്ണൻ.

” ഉണ്ണികൃഷ്ണൻ ഞങ്ങളുടെ ക്ലാസ്സ്‌മേറ്റ്‌ ആണ്. ഉണ്ണികൃഷ്ണൻ മാത്രമല്ല , ഉണ്ണിമായായും. അവർ ഇരട്ടകളാണ് കേട്ടോ. ഉണ്ണികൃഷ്ണന് അൽപ്പം ബുദ്ധി കുറവാണ്.

ഒന്നാംക്ലാസ്സ്‌ മുതൽ പത്താംക്ലാസ്സ്‌ വരെ അച്ഛനോ അമ്മയോ രാവിലെ സ്കൂളിൽ കൊണ്ട് വരികയും വൈകുന്നേരം തിരിച്ചുകൊണ്ട് പോകുകയും ചെയ്തിരുന്നുയെന്ന് ഞാൻ പറയുമ്പോൾ കാര്യങ്ങളുടെ കിടപ്പ് മനസ്സിലായോ ഇച്ചായന്?.

പിന്നെയൊരു കാര്യം, ഞാൻ കഴിഞ്ഞ ദിവസം എന്റെ ഫോൺ ഇച്ചായന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയത് മോൾക്ക് ഹോം വർക്ക്‌ ചെയ്യാനുള്ള സമയമായതിനാലാണ്. അല്ലാതെ മറ്റൊന്നും ഞാൻ ശ്രദ്ധിച്ചിരുന്നില്ല.”

” ഞാനിതൊന്ന് ശ്രദ്ധിച്ചില്ലല്ലോ ജിനി?. സോറി ഡീ.”

” അയ്യോ എന്നോട് സോറി പറയല്ലേ ഇച്ചായ. ഞാനീ കാര്യം ഇച്ചായനോട് പറയാൻ വിട്ട് പോയതാണ്.

പിന്നെ പത്തം ക്ലാസ്സിലെ പിള്ളേര് മുഴുവനും കൂടി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ്‌ തുടങ്ങിയിട്ടുണ്ട്. അതിൽ ഉണ്ണികൃഷ്ണനുമുണ്ട്. ശരിക്കും ആ ഗ്രൂപ്പിൽ വന്നതിന് ശേഷമാണ് അവൻ മര്യാദക്ക് സംസാരിച്ചു തുടങ്ങിയത്.

അവനിൽ നല്ലൊരു മാറ്റമുണ്ടെന്ന് ഉണ്ണിമായ വിളിച്ചു പറഞ്ഞപ്പോൾ ഞങ്ങൾ എല്ലാവരും കൂടി എടുത്ത തീരുമാനമാണ് അവനോടു കൂടുതൽ സംസാരിക്കാൻ.

അത് ഒരു സഹപഠിക്ക് വേണ്ടി ഞങ്ങളുടെ കടമയാണെന്ന് തോന്നി . ഇപ്പോൾ കാര്യങ്ങൾ മനസ്സിലായോ ഇച്ചായന്?.”

” ജിനി മോളെ , ഇച്ചായന്റെ ബുദ്ധിമോശത്തിന് ക്ഷമിക്കേടി.”

” എന്നാലും എന്റെ ഇച്ചായ എനിക്കിപ്പോൾ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. ഇച്ചായൻ എന്നെ എത്ര സ്നേഹിക്കുന്നുയെന്ന് ഇന്നാണ് മനസിലായത് .

ഒരു മെസ്സേജ് അല്ലെങ്കിൽ ഫോൺ വിളിച്ചു കൊഞ്ചുമ്പോളൊക്കെ മറ്റുള്ളവരിൽ നിന്ന് കിട്ടുന്ന സന്തോഷം അല്ലെങ്കിൽ സുഖമൊക്കെ തേടിപോകുന്ന ഒരാളാണ് ഞാനെന്ന് തോന്നിയോ?,

നിങ്ങളിൽ നിന്ന് കിട്ടാത്ത എന്തു സുഖമാണ് എനിക്കതിൽ നിന്നും കിട്ടുക?, നമ്മുടെ മാത്രം ലോകത്ത് നമ്മൾ സ്നേഹിച്ചത് പോലെ ആര് സ്നേഹിക്കാൻ ? എനിക്കറിയാം എന്നെ കുറിച്ച് .

ഈ ലോകത്ത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലുത്, അല്ലെങ്കിൽ മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഇതിലും കൂടുതൽ ഒന്നും ഒരു പുരുഷനിൽ നിന്നും, കിട്ടാനോ എന്നെ ഇതുപോലെ സ്നേഹിക്കാനോ ആർക്കും കഴിയില്ല.

ഇനി അങ്ങനെ ആരെങ്കിലും വന്നാലും അതെത്ര സുന്ദരനായാലും എനിക്ക് വേണ്ട. എനിക്ക് ഈ നെഞ്ച് തന്നെ ധാരാളം, ഇതിലും വലിയ യൊരു ഭാഗ്യം ഈ ലോകത്ത് ഇനി കിട്ടാനുമില്ല .

ഒന്ന് മാത്രമേ പറയാനുള്ളു , ഇത്രയും നാൾ എങ്ങനെ എന്നെ സ്നേഹിച്ചോ അതുപോലെ തന്നെ ഞാൻ മരിക്കും വരെ ഉണ്ടാകണം, അതിൽ കുറവ് വരുമ്പോൾ എനിക്ക് അതു സഹിക്കാൻ പറ്റില്ല.

നിറവാർന്ന മിഴികളോടും ഇടറിയ ശബ്ദത്തോടെയുള്ള ജിനിയുടെ സംസാരം പൂർത്തിയാക്കാൻ ജോജി സമ്മതിച്ചില്ല. ചേർത്ത് പിടിച്ചു മുർദ്ധാവിൽ ചുംബിക്കുമ്പോഴും ജിനിയുടെ വിറയിൽ മാറിയിട്ടില്ലായെന്ന് ജോജിക്ക് മനസ്സിലായി.

” ജിനി മോളെ ദാമ്പത്യ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒന്നാണ് പരസ്പര വിശ്വാസം. ആ വിശ്വാസത്തിനാണ് ഞാനിപ്പോൾ കളങ്കം വരുത്തിയിരിക്കുന്നത്.

ഒരുവേള നിന്നെയെനിക്ക് നഷ്ടപ്പെടുമോയെന്ന ചിന്തയാണ് എന്നെകൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചതും സംസാരിപ്പിച്ചതും. കുറ്റബോധവും പശ്ചാത്താപവും കൊണ്ട് എന്റെ മനസ്സ് നീറുന്നു.”

” കർത്താവേ സമയമൊരുപാടായി. ഇച്ചായൻ ജോലിക്ക് പോകാൻ നോക്കിയേ. ബാക്കിയൊക്കെ നമ്മൾക്ക് വൈകുന്നേരം സംസാരിക്കാട്ടോ.”

യാത്ര പറഞ്ഞു സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ തന്നെ നോക്കി നിൽക്കുന്ന ജിനിയെ കണ്ട് ജോജി പുഞ്ചിരിച്ചു.

” അതെ ഈ കാര്യവും പറഞ്ഞു നിങ്ങൾ സോഷ്യൽ മീഡിയയിൽ നിന്നും വലിയാൻ നിൽക്കേണ്ട കേട്ടോ. ഇച്ചായൻ എപ്പോഴും ഇച്ചായനായിട്ട് ഇരിക്കുന്നതാ എനിക്കിഷ്ട്ടം.”

ജിനിയോട് യാത്ര പറഞ്ഞു ജോജി ജോലിസ്ഥലത്തേക്ക് യാത്ര തിരിച്ചു , നിറഞ്ഞ മനസ്സോടെ.