ഏടത്തിയമ്മ
(രചന: Rajitha Jayan)
ടാ. ..വിച്ചൂ നിനക്ക് രാത്രി എപ്പോഴാണെടാ ഫ്ളൈറ്റ് …?
പതിനൊന്ന് മണിക്കാണെടാ…ഞാനൊരു എട്ടു മണിയാവുമ്പോഴിറങ്ങും വീട്ടീന്ന്…
ഇനിയെമ്പോഴാണെടാ വിച്ചു നിന്നെയൊന്ന് കാണുന്നത്….? സന്തോഷിന്റെ വിഷമത്തോടെയുളള ചോദ്യം കേട്ട് വിശാലെന്ന,വിച്ചു അവന്റെ മുഖത്തേക്കൊരു നിമിഷം നോക്കി നിന്നു. .
“”ഒരു മൂന്നു വർഷം കഴിഞ്ഞാൽ ഞാനിങ്ങ് വരില്ലേടാ. ..പിന്നെ ഒരു മടക്കം ഉണ്ടാവില്ല. ..ഈ ഒരു പ്രാവശ്യംകൂടി പോയാലെ ശ്രീക്കുട്ടിയുടെ കല്ല്യാണം നടത്തിയതിന്റ്റെ കടം തീർത്ത് വല്ലതും മിച്ചം പിടിക്കാൻ പറ്റൂളളൂ….
എന്നിട്ട് വേണം എനിക്ക് ഇവിടെ എന്തെങ്കിലും ഒക്കെ ചെറിയ പണികൾ സംഘടിപ്പിച്ച് നിങ്ങളുടെ ഒക്കെ ഒപ്പം കൂടാനും നമ്മുടെ ഉത്സവങ്ങളും പന്തുകളിയുമൊക്കെ ഉഷാറാക്കാനും…
ആ…അങ്ങനെ ഒക്കെ എല്ലാവരും എപ്പോഴും പറയും, ഇനി വന്നാലൊരു മടക്കമില്ല വിദേശത്തേക്കെന്നൊക്കെ,
പക്ഷേ അവരൊക്കെ വീണ്ടും വീണ്ടും പ്രവാസികളാവുകയും ചെയ്യും. .. നീയും അങ്ങനെ ഒരു വെറുംവാക്ക് പറയുകയാണോടാ വിച്ചൂ…,?
ഒരിക്കലും അല്ലെടാ… നിനക്കറിയാലോ സന്തോഷേ എന്റ്റെ കാര്യങ്ങളെല്ലാം…?
എനിക്ക് പത്ത് വയസ്സുളളപ്പോഴാണ് ആ ബസ്സപകടത്തിൽ എന്നെയും അനിയത്തി ശ്രീക്കുട്ടീനെയും തനിച്ചാക്കി അച്ഛനും അമ്മയും ഏട്ടനും മരിക്കുന്നത് …
അന്നാ മരണവാർത്തയൊരു ഇടിത്തീപോലെയാണ് എന്റ്റെ ഏടത്തിയമ്മയുടെ ചെവിയിലെത്തിയത്… ഏടത്തിയമ്മ നിറവയറുമായ് എന്റ്റെ ഏട്ടനെ കാത്തുനിൽക്കുന്ന സമയത്താണ് അവരുടെ മരണവാർത്ത കേൾക്കുന്നത്….
നിന്നനിൽപ്പിലൊരു വീഴ്ചയായിരുന്നു അവർ. …ആ വീഴ്ചയിലെന്റ്റെ ഏട്ടനവർക്ക് സമ്മാനിച്ച അവരുടെ വയറ്റിലെ കുരുന്നു ജീവനവർക്ക് നഷ്ടമായി… …
വിവാഹം കഴിഞ്ഞൊരു വർഷമായപ്പോഴേക്കും ഭർത്താവിനെയും അവൻ സമ്മാനിച്ച കുഞ്ഞിനെയും നഷ്ടപ്പെട്ടൊരു ഭ്രാന്തിയെ പോലെയായെന്റ്റെ ഏടത്തിയമ്മ…..
ആദ്യമെല്ലാം ആശ്വാസ വാക്കുകളുമായ് വീട്ടിലെത്തിയിരുന്നവരെല്ലാം പിന്നീട് വരാതെയായി, വന്നാലൊരു പത്തുവയസ്സുക്കാരനെയും അവന്റെ അനിയത്തിക്കുട്ടിയേയും സംരക്ഷിക്കേണ്ടി വന്നാലോയെന്ന ഭയമൂലമായിരിക്കാം ആരും പിന്നെ ഞങ്ങളെതിരക്കി വരാതിരുന്നത്..
പക്ഷേ എന്റെ ഏടത്തിയമ്മ അവരുണ്ടായിരുന്നെടാ ഞങ്ങൾക്ക്. സ്വന്തം വീട്ടുക്കാരുടെയെല്ലാം വാക്കുകൾ തള്ളി കളഞ്ഞവർ…
ഞങ്ങളെ അവരോട് ചേർത്ത് നിർത്തിയപ്പോൾ അന്ന് അവർക്ക് നഷ്ടപ്പെടുന്നതവരുടെ യൗവ്വനവും ജീവിതവും ആണെന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ലെടാ. …
പിന്നീടങ്ങോട്ടൊരാളുടെയും സഹായം സ്വീകരിക്കാതെ കൂലിപണിയെടുത്തവരെനിക്കും അനിയത്തിക്കും വേണ്ടി കഷ്ടപ്പെട്ടു …
പകല് മാന്യമാരായ പലരുമന്ന് ഞങ്ങളുടെ വീട്ടിനുചുറ്റും രാത്രി നടക്കുമ്പോൾ തലയിണയുടെ അടിയിൽ വെച്ച വെട്ടുകത്തി കൈനീട്ടി തൊടുന്ന എന്റ്റെ ഏടത്തിയമ്മയുടെ രൂപം ഞാൻ മരിക്കുവോളം മറക്കില്ലെടാ സന്തോഷെ…
നീ…നീ എന്തിനാണെടാ വിച്ചൂ ഇപ്പോൾ ഇതെല്ലാം പറയുന്നത്. ..ഇതെല്ലാം എല്ലാവർക്കും അറിയുന്നതല്ലേടാ….?
അതേടാ അറിയാം എന്നാലും നീ ഞാൻ ,വീണ്ടും വീണ്ടും പ്രവാസിയായ് മടങ്ങി പോകുമെന്ന് പറഞ്ഞപ്പോൾ പറഞ്ഞതാണെടാ….
നിനക്കറിയാമോടാ സന്തോഷെ സ്വന്തം സ്വപ്നങ്ങൾ നേടിയെടുക്കാൻ വേണ്ടി ഗൾഫുരാജ്യങ്ങളിലേക്ക് പോവുന്നവർ വളരെ കുറവാണെടാ ,ഭൂരിഭാഗം പേരും സ്വന്തം കുടുംബക്കാരുടെ സ്വപ്നങ്ങൾ നേടികൊടുക്കാൻ വേണ്ടിയാണ് പ്രവാസിയാവുന്നത്…. എന്നെ പോലെ…
പഠനംകഴിഞ്ഞിവിടെ നിന്നാൽ ജോലി കിട്ടാൻ വൈകുമെന്നറിഞ്ഞോട്ടാണെടാ ഞാൻ അക്കരയ്ക്ക് പോയത്… ..
എന്റെ ഏടത്തിയമ്മയെ ഇനിയും കഷ്ടപ്പെടുത്താൻ വയ്യെന്ന് തോന്നീട്ട്… ..അതുകൊണ്ടെന്താ ചെറിയതെങ്കിലും അടച്ചുറപ്പുളള ഒരു വീടും എന്റെ ശ്രീക്കുട്ടിയുടെ കല്ല്യാണവും നടത്താൻ പറ്റീലേടാ എനിക്ക്. ..
ഇനി ഒരു മൂന്ന് വർഷം കൂടി അതുകഴിഞ്ഞാലിവിടെ ഈ നാട്ടിൽ എന്റെ ഏടത്തിയമ്മയുടെ ഒപ്പം അവരുടെ മകനായിട്ടൊരു ജീവിതം അതാണെന്റ്റെ മോഹം…..
എന്റെ വിച്ചൂ…..നീ ഒന്ന് നിർത്തെടാ വന്നു വന്നു നിന്നോടിപ്പോൾ എന്ത്പറഞ്ഞാലും നീ പഴയ കാലത്തേക്കൊരു പോക്കാണ്….
സന്തോഷിന്റെ വർത്തമാനം വിച്ചുവിലൊരു ചിരിയുണർത്തിയ സമയത്താണവന്റ്റെ ഫോൺ ബെല്ലടിച്ചത്. …
ടാ ഏടത്തിയമ്മയാണ്…..
ഫോണിലേടത്തിയമ്മയോട് സംസാരിക്കുന്ന വിച്ചുവിനെ നോക്കി നിൽക്കവേ അവന്റെ മുഖംവലിഞ്ഞു മുറുകുന്നത് കണ്ട സന്തോഷ് വേഗം അവനരികിലെത്തി…
എന്താടാ വിച്ചൂ എന്താ ഏടത്തിയമ്മ പറഞ്ഞത് ..?
അത് സന്തോഷെ, നിനക്ക് ആ തേക്കിൽ തോട്ടം തറവാട്ടിലെ വേണിയെ അറിയുമോ….?
പിന്നെ അറിയാതെ …,നമ്മുടെ ശാപജന്മം …
ടാ കോപ്പേ. … സന്തോഷിന്റെ സംസാരംകേട്ട വിച്ചു സന്തോഷിന്റെ ഷർട്ടിൽ കൂട്ടി പിടിച്ചു
ടാ വിച്ചൂ നീയെന്താടാ ഈ കാണിക്കുന്നത്. ..അവളെ ഈ നാട്ടിൽ എല്ലാവരും പറയുന്നത് ശാപജന്മം എന്നാണ് അതേ ഞാനും പറഞ്ഞുളളു അതിന് നീയെന്തിനാ എന്റ്റെ ഷർട്ടിൽ കുത്തിപിടിക്കുന്നത്….
സോറീടാ. ..സോറി…പെട്ടെന്ന് നീയങ്ങനെ പറഞ്ഞപ്പോൾ. …
ആ അതുപോട്ടെ നീ കാര്യം പറ വേണിയുടെ അവിടെ എന്താ പ്രശ്നം. …
അത് ഇനിയും അവളെപോലൊരു ശാപജന്മത്തെ കൂടെ നിർത്തി കുടുംബം മുടിക്കാൻ തയ്യാറല്ലാന്ന് പറഞ്ഞവളുടെ അമ്മാവനവളെ വീട്ടീന്നിറക്കി വിട്ടൂന്ന്….അവൾക്ക് സ്വന്തക്കാരായിട്ടുളളതവർ മാത്രമല്ലേ….?
എടാ വിച്ചൂഇത് ആദ്യത്തെ സംഭവം ഒന്നും അല്ലെടാ…അവരുടെ വീട്ടിൽ ഇത് പതിവാണ്. …ആ പെണ്ണ് ജനിക്കുന്നതിനു മുമ്പേ അവളുടെ അച്ഛൻ മരിച്ചു അവളെ പ്രസവിച്ച പാടെ അമ്മയും പോയി. …
അന്ന് മുതലവളാ വീട്ടുക്കാരുടെ കണ്ണിലെ കരടാ….ആ വീട്ടിൽ എന്ത് മോശം സംഭവങ്ങൾ ഉണ്ടായാലും പഴി അവൾക്കാ…ഒരു കൃഷിനാശം വന്നാലോ എന്തിന് പറമ്പിലെ വല്ല മരങ്ങൾ ഒടിഞ്ഞു ചാടിയാലും കുറ്റം ആ പെണ്ണിനാ….
അതിവിടെ എല്ലാവർക്കും അറിയാം…, പക്ഷെ എനിക്ക് മനസ്സിലാവത്തത് അവൾക്ക് പ്രശ്നം വന്നത് നിന്റ്റെ ഏടത്തിയമ്മ നിന്നെ വിളിച്ച് പറഞ്ഞത് എന്തിനാണെന്നാ….എന്താടാ കാര്യം. …?
ടാ…ഇവിടെ എല്ലാവർക്കും അവൾ ശാപജന്മം ആയിരിക്കും ,കണ്ണിലെ കരടായിരിക്കും പക്ഷേ എനിക്കവൾ ഞാൻ ആരോടും പറയാതെന്റ്റെ മനസ്സിൽ കൊണ്ടു നടക്കുന്ന എന്റെ പ്രിയ സ്വപ്നമാണ്. …
ടാ വിച്ചൂ നീ പറയുന്നത്. ..
അതുതന്നെ. ..എനിക്ക് ഒരുപാട് ഇഷ്ടം ആണവളെ. ..അവളോട് പോലും ഞാൻ പറഞ്ഞിട്ടില്ല ഇഷ്ടമാണെന്ന്…
പക്ഷേ എന്റെ ഏടത്തിയമ്മ ഞാൻ പറയാതെ തന്നെ അത് തിരിച്ചറിഞ്ഞെടാ….അവളുടെ അമ്മാവനവളെ ഇറക്കിവിട്ടപ്പോൾ ഏടത്തിയമ്മ അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ട് വന്നൂന്ന്… എന്റെ പെണ്ണായിട്ട്….
വേണീ……ഇപ്പോൾ ഈ നടന്നതൊന്നും എനിക്ക് ഇതുവരെയും വിശ്വസിക്കാൻ പറ്റീട്ടില്ല..!! തന്റ്റെ അവസ്ഥയും അതുതന്നെയാണ് എന്നെനിക്കറിയാം….
ഞാൻ മനസ്സിൽ കൊണ്ട് നടന്നൊരു പെണ്ണ് തീരെ പ്രതീക്ഷിയക്കാതെന്റ്റെ വീട്ടിൽ. ….അതും എന്റെ ഭാര്യയായി…..തന്റെ മനസ്സിലെന്താണെന്ന് പോലും എനിക്ക് അറിയില്ല. …എന്നെ ഇഷ്ടം ആണോന്ന് പോലും. ..
അത് വിച്ചൂവേട്ടാ. .ഞാൻ…. വാക്കുകൾ കിട്ടാതെ വേണിയുടെ ശബ്ദം പകുതിയിൽ മുറിയവേ ഒരു പുഞ്ചിരിയോടെ വിച്ചുവിന്റ്റെ ഏടത്തിയമ്മ അവർക്കരികിലെത്തി…..
“”എന്റെ മക്കളേ പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിലും നിങ്ങളുടെ മനസ്സിൽ ഉള്ള ഇഷ്ടം ആദ്യം തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു…
വിച്ചുവിനെ പറ്റി ഞാനെന്തെങ്കിലും പറയുമ്പോൾ അതുകേൾക്കാനായ് ഈ പെണ്ണെന്റ്റെ പുറകെ നടന്നപ്പോഴേ ഞാനാ ഇഷ്ടം മനസ്സിലാക്കീതാ…
ഇവനീ പ്രാവശ്യം കൂടിയൊന്ന് പോയി വന്നിട്ട് വേണം നിന്നെ ചോദിച്ച് നിന്റ്റെ വീട്ടിലേക്ക് വരാനെന്ന് കരുതിയിരുന്നപ്പോഴാണ് നിന്റ്റെ അമ്മാവനിന്ന് നിന്നെ അയാൾ കോടതിയിൽ കേസ് തോറ്റത് നീ കാരണം ആണെന്ന് പറഞ്ഞ് നിന്നെ ,അവിടെ നിന്നിറക്കി വിടുന്നത്….
അയാൾക്ക് വേണ്ടാത്ത ഈ ശാപജന്മത്തെ എന്റ്റെ മോനു വേണം അവന്റെ ദേവതയായിട്ട്….പക്ഷേ ഇന്ന് വിച്ചു പോയാൽ തിരികെ വരുവോളം മോളവനായിട്ട് കാത്തിരിക്കുമോ…?
വേണീ ഏടത്തിയമ്മ പറഞ്ഞത് ശരിയാണ്. എനിക്ക് അല്പസമയം കഴിഞ്ഞാൽ പോകണം….ഞാൻ പോയിവരുന്നത് വരെ താനെനിക്കായിട്ടിവിടെ കാത്തു നിൽക്കുമോയെന്ന് തന്റ്റെ നാവിൽ നിന്നെനിക്ക് കേൾക്കണം….??
ഞാനുണ്ടാവും വിച്ചുവേട്ടാ ഇവിടെ ഈ വീട്ടിൽ ഏടത്തിയമ്മയോടൊപ്പം വിച്ചുവേട്ടൻ മടങ്ങി വരുന്നതും കാത്ത് കാത്തിരിക്കാൻ …
പക്ഷേ അതിനുമുൻപ് ഈ വീട്ടിൽ എനിക്കെന്താ സ്ഥാനം, ഞാൻ ആരാ ഇവിടുത്തെ എന്നുള്ള ആളുകളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ തലയുയർത്തി ഞാൻ വിശാലിന്റ്റെ ഭാര്യയാണെന്ന് പറയാൻ…
ഈ കൈകൊണ്ടൊരു താലി ഇപ്പോൾ നമ്മുടെ രണ്ടാളുടെയും ദൈവമായ ഏടത്തിയമ്മയുടെ മുന്നിൽ വെച്ച് ഏട്ടനെന്റ്റെ കഴുത്തിലണിയിക്കണം. ..പിന്നെ ഞാൻ കാത്തിരുന്നോളാം എത്ര കാലംവരെയും….
വേണിയത് പറഞ്ഞു നിർത്തുമ്പോൾ വിശാലിന്റ്റെ ചുണ്ടിലൊരു പുഞ്ചിരി തിളങ്ങി. ..
രാത്രി മുറ്റത്ത് നിർത്തിയിട്ട കാറിനടുത്തേക്ക് നടക്കുമ്പോൾ യാത്ര ചോദിക്കുന്നതു പോലെ വിച്ചുവിന്റ്റെ കണ്ണുകൾ സന്തോഷിന്റ്റെയും ഏടത്തിയമ്മയുടെയും മുഖത്തേക്ക് നീണ്ടു.
ഒടുവിലത് വേണിയിലെത്തവേ അവൻ കണ്ടു അവൻ ചാർത്തിയ താലിയിലും ഒരുനുള്ള് സിന്ദൂരചുവപ്പിലും അവന് ശുഭയാത്ര നേരുന്ന അവന്റെ പെണ്ണിനെ……
വിരസമായ അവന്റെ പ്രവാസജീവിതത്തെ നിറസ്വപ്നങ്ങളാൽ നിറയ്ക്കാൻ അവനെയും കാത്തൊരു പെണ്ണ്…..