രണ്ടു ചേട്ടന്മാരാണ് എന്റെ വായപൊത്തി കാട്ടിലേക്ക് കൊണ്ടുപോയത് എന്റെ കരച്ചിൽ കേട്ടാണ് ആ മാമൻ ഓടി വന്നത്

എന്നും രാവിലെ സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിരികൾ എന്നും അവൾ അയാളെ ശ്രദ്ധിക്കാറുണ്ടായിരുന്നു.

റോഡ് അരികിൽ നിലത്തിരുന്നു അലക്ഷ്യമായി എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഭ്രാന്തൻ. കീറി പറഞ്ഞ ഷർട്ടും പാന്റും. ആ പാന്റ് തനിക്ക് പാകമല്ലാത്തത് കൊണ്ട് തന്നെ അരയിൽ ഒരു പ്ലാസ്റ്റിക് കയർ കെട്ടിവെച്ചിട്ടുണ്ട്. അലക്ഷ്യമായി ജഡ പിടിച്ചു കിടക്കുന്ന മുടിയിഴകളും നീണ്ടുവളർന്ന താടി രോമങ്ങളും അതിലുപരി ക്രൂരമായ മുഖഭാവവും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു.

ഉണ്ണിമോൾ അയാളെ കാണുമ്പോഴൊക്കെയും നടത്തത്തിന്റെ വേഗത കൂട്ടുമായിരുന്നു. ഭയത്തോടെ അവൾ അയാളെ നോക്കുമ്പോഴും അയാൾ അവളെ നോക്കി വാത്സല്യത്തോടെ പുഞ്ചിരിക്കാറുണ്ട്. എങ്കിലും അയാളുടെ വേഷപ്പകർച്ചകൾ എല്ലാം തന്നെ ആ ചെറിയ മനസ്സിനെ വല്ലാതെ ഭയപ്പെടുത്തി. താൻ നടന്നു പോകുമ്പോൾ അയാൾ തന്നെ ഉപദ്രവിക്കുമോ എന്ന് പോലും അവൾ ഭയപ്പെട്ടിരുന്നു.

“അമ്മേ എനിക്ക് ഒറ്റയ്ക്ക് സ്കൂളിൽ പോകാൻ പേടിയാണ്. വഴിയിൽ ഒരു ഭ്രാന്തൻ ഉണ്ട് അയാളുടെ നോട്ടം കാണുമ്പോൾ തന്നെ എനിക്ക് പേടിയാകും.ഞാൻ അയാളെ കാണുമ്പോൾ ഓടിപ്പോകും എനിക്ക് അയാളെ പേടിയാണ് അമ്മേ..”

അന്ന് വീട്ടിൽ വന്നതും അവൾ ചിണുങ്ങിക്കൊണ്ട് തന്റെ അമ്മയോട് കാര്യം പറഞ്ഞു. മകൾ പറയുന്നത് നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ലെന്ന് അവർക്കും ബോധ്യപ്പെട്ടിരുന്നു. അവളുടെ മനസ്സിനെ അത്രമേൽ അലട്ടിയിട്ടില്ലാത്ത ഒരു കാര്യത്തിന് വേണ്ടി അവൾ ഒരിക്കലും ഇങ്ങനെ വ്യാകുല പെടില്ല തീർച്ച.

അവർ തന്റെ മകളെ ആശ്വസിപ്പിച്ചു. നാളെ സ്കൂളിൽ തനിച്ചു വിടില്ലെന്നും ഉറപ്പ് നൽകി.

വൈകുന്നേരം തന്റെ ഭർത്താവ് ജോലി കഴിഞ്ഞ് എത്തിയപ്പോൾ മകൾ പറഞ്ഞ കാര്യങ്ങൾ അത്രയും അവർ അയാളെ പറഞ്ഞു കേൾപ്പിച്ചു. അത് കേട്ടപ്പോൾ അയാളുടെ ഉള്ളിലും ഒരു ആദി കയറി.

“ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്.നമ്മളെപ്പോലെ പെൺകുഞ്ഞുങ്ങൾ ഉള്ള അച്ഛനമ്മമാർക്ക് മക്കൾ തിരികെ വീടെത്തുന്ന വരെ ഒരു ഭയമാണ്. ഇവിടുന്ന് കുറച്ചു ദൂരം അല്ലെ സ്കൂളിലേക്ക് ഉള്ളൂ… മോളുടെ കൂടെ നീയും ഒന്ന് പോയി വാ…”തന്റെ ഭർത്താവിന്റെ വാക്കുകൾ അവരും ശരിവെച്ചു.

അങ്ങനെ പിന്നീട് അമ്മയുടെ സുരക്ഷിതത്വത്തിൽ ആയി ഉണ്ണിമോളുടെ സ്കൂളിലേക്കുള്ള യാത്ര. അമ്മയുടെ കൈപിടിച്ച് നടക്കുമ്പോഴും അയാളെ കാണുമ്പോഴൊക്കെയും അവളുടെ കണ്ണിൽ ഭീതി നിഴലിച്ചു നിന്നു. അയാൾ അവളെ നോക്കി ചിരിക്കുമ്പോൾ ഒക്കെയും ഉണ്ണിമോൾ അവളുടെ അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു. അയാളുടെ രൂപവും നോട്ടവും എല്ലാം അവരിൽ പോലും ഭയം ഉളവാക്കുന്നതായിരുന്നു.

പോക പോകെ സ്കൂളിൽ കുട്ടികൾക്കിടയിലും ആ ഭ്രാന്തനെ പറ്റിയുള്ള സംസാരം വന്നു തുടങ്ങി. പലരും പല അഭിപ്രായങ്ങളും പറഞ്ഞപ്പോൾ തന്റെ പ്രിയ സുഹൃത്ത് രേവതി പറഞ്ഞ കഥ അവളെ വേദനിപ്പിച്ചു.

“എന്റെ അച്ഛന് അയാളെ അറിയാം. അയാൾ ഒരു പാവമാണെന്നാണ് അച്ഛൻ പറഞ്ഞത്. ആരെയും ഉപദ്രവിക്കില്ല കൊച്ചുകുട്ടികളെ വലിയ ഇഷ്ടമാണ്. അയാളുടെ മകളെ നമ്മുടെ പ്രായത്തിൽ ആരെല്ലാമോ ചേർന്ന് കൊന്നതാണത്രേ..അന്നുമുതലാണ് അയാൾക്ക് ഭ്രാന്ത് ആയത് എന്നാ അച്ഛൻ പറഞ്ഞത്.”

അത്രയും കേട്ടതും ഉണ്ണിമോളുടെ മനസ്സിൽ വല്ലാത്ത നോവ് തോന്നി. ചെറിയ മനസ്സ് ആണെങ്കിൽ പോലും അവളുടെ മനസ്സ് അയാളെ ഓർത്ത് അലിഞ്ഞു. അന്ന് രാത്രി മുഴുവൻ രേവതി പറഞ്ഞ കാര്യത്തെ കുറിച്ചായിരുന്നു അവളുടെ ആലോചന മുഴുവൻ.

“എങ്ങനെയായിരിക്കും ആ കുട്ടി മരിച്ചിട്ട് ഉണ്ടാവുക?ആരെല്ലാം ചേർന്നായിരിക്കും അവളെ കൊന്നിട്ടുണ്ടാവുക? എന്തിനുവേണ്ടി ആയിരിക്കും അവരവളെ കൊന്നിട്ട് ഉണ്ടാക്കുക? എന്നിട്ട് അവരെ ആരും ഒന്നും ചെയ്തില്ല എന്നാണോ?”

നൂറു ചോദ്യങ്ങൾ അവളുടെ കുഞ്ഞു മനസ്സിനെ അലട്ടുമ്പോഴും അവളുടെ മനസ്സിൽ അയാളുടെ ചിരി മായാതെ നിന്നു.പിറ്റേന്ന് സ്കൂളിലേക്ക് അമ്മയുടെ കൈപിടിച്ചു പോകുമ്പോൾ അയാളെ തേടി അവളുടെ കണ്ണുകൾ പരതി നടന്നു കൊണ്ടിരുന്നു. ഉള്ളിൽ ഭയം തോന്നിയെങ്കിലും എന്നും അയാൾക്കു മുന്നിൽ മുഖം തിരിച്ചു നടക്കാറുള്ള അവൾ ഇക്കുറി ആമുഖത്തേക്ക് തെല്ലൊരു പരിഭ്രമത്തോടുകൂടി നോക്കി.

എന്നത്തെപ്പോലെയും അയാൾ അവൾക്ക് പുഞ്ചിരി സമ്മാനിച്ചിട്ടുണ്ടായിരുന്നു. എങ്ങനെയാണ് അയാളുടെ പുഞ്ചിരിക്കു മറുപടി നൽകേണ്ടത് എന്ന് ആശങ്ക തോന്നിയെങ്കിലും മടിച്ചുമടിച്ച് അവൾ അയാൾക്കും തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു.

പിന്നീട് പതിയെ പതിയെ അയാളെ കാണുമ്പോഴുള്ള ഭയമെല്ലാം അവളുടെ മനസ്സിൽ നിന്നും ഇല്ലാതായി. തമ്മിൽ കാണുമ്പോഴൊക്കെയും അവർ പരസ്പരം മനോഹരമായ പുഞ്ചിരി സമ്മാനിച്ചു.

“അമ്മേ ഇനി അമ്മ എന്റെ കൂടെ സ്കൂളിലേക്ക് വരേണ്ട ഞാൻ തനിയെ പോയിക്കോളാം.” അന്ന് രാത്രി ചോറുണ്ണുന്നതിനിടെ അവൾ തന്റെ അമ്മയോട് ആയി പറഞ്ഞു.

” തനിച്ചു പോകാനോ?നീ എന്താ ഉണ്ണി മോളെ ഈ പറയുന്നത്? നീ തന്നെയല്ലേ ഒറ്റയ്ക്ക് പോകാൻ പേടിയാണെന്നും എന്നോട് കൂടെ വരാനും പറഞ്ഞു കരഞ്ഞത്? ആ ഭ്രാന്തൻ ഇപ്പോഴും അവിടെ തന്നെ ഉണ്ടല്ലോ.. പിന്നെ എങ്ങനെയാണ് നിനക്ക് പേടി ഇല്ലാതായത്? ”

“അയാൾ ആരെയും ഒന്നും ചെയ്യാറില്ല. എന്റെ കൂട്ടുകാരികളൊക്കെയും തനിച്ചാണ് സ്കൂളിലേക്ക് വരുന്നതും പോകുന്നതും ഇനി ഞാനും പൊയ്ക്കോളാം.”

അവൾ അത്രയും പറഞ്ഞപ്പോൾ അവളുടെ നിർബന്ധത്തിന് വഴങ്ങുകയല്ലാതെ അവർക്ക് വേറെ മാർഗം ഉണ്ടായിരുന്നില്ല. അങ്ങനെ പിറ്റേന്ന് അവൾ തനിച്ച് സ്കൂളിലേക്ക് പുറപ്പെട്ടു.

“സൂക്ഷിച്ചു പോണെ ഉണ്ണിമോളെ…”മകളെ തനിച്ച് പറഞ്ഞയച്ചെങ്കിലും അവരുടെ മനസ്സിൽ എന്തെന്നില്ലാത്ത ആവലാതി നിറഞ്ഞു നിന്നിരുന്നു.

അവരോട് യാത്രയും പറഞ്ഞ് അവൾ സന്തോഷത്തോടെ സ്കൂളിലേക്ക് യാത്രയായി.അന്ന് അവൾ അയാളെ കണ്ടതും ഒരു നിമിഷം നിന്നു. എന്നും അവൾക്കായി കരുതിവെച്ച പുഞ്ചിരി സമ്മാനിക്കാൻ ഇക്കുറിയും അയാൾ മറന്നില്ല.

അവൾ ചാരെ ചെന്ന് നിന്നതും അയാൾ ആംഗ്യ ഭാഷയിൽ എന്തെല്ലാമോ ചോദിച്ചു. സംസാരിക്കാൻ കഴിയാവുന്നത്ര ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ ഒന്നും തന്നെ പുറത്തേക്ക് വരുന്നില്ല അന്നേരമാണ് അയാൾക്ക് സംസാരശേഷിയില്ല എന്ന സത്യം അവൾ മനസ്സിലാക്കുന്നത്. അത് അവളുടെ മനസ്സിനെ വീണ്ടും വേദനിപ്പിച്ചു.

ഭക്ഷണം കഴിച്ചോ എന്ന് അവൾ ചോദിച്ചതും ഇല്ല എന്ന് അയാൾ ആംഗ്യം കാട്ടി. മറ്റൊന്നും ചിന്തിക്കാതെ അവൾ ബാഗ് തുറന്നു തന്റെ ചോറ്റുപാത്രം അയാൾക്ക് നേരെ നീട്ടി.അവളുടെ വിശപ്പകറ്റാനുള്ള ഭക്ഷണം തനിക്ക് നേരെ നീട്ടിയപ്പോൾ അത് വാങ്ങാൻ അയാൾ ഒന്നു മടിച്ചെങ്കിലും വിശപ്പിന്റെ കാഠിന്യം മൂലം അവൾ നിർബന്ധിച്ചപ്പോൾ അയാൾ അതു വാങ്ങി ആർത്തിയോടെ കഴിച്ചു. അയാൾ കഴിച്ചു കഴിഞ് സ്കൂളിൽ എത്തുമ്പോൾ ബെൽ അടിച്ചിരുന്നു. ഉച്ചയ്ക്ക് പട്ടിണി ആയിരുന്നെങ്കിലും അയാൾക്ക് ഭക്ഷണം കൊടുക്കാൻ കഴിഞ്ഞല്ലോ എന്ന സന്തോഷമായിരുന്നു അവളുടെ മനസ്സ് നിറയെ..

പിന്നീട് എന്നും ബാഗിൽ അവൾ അയാൾക്കായി എന്തെങ്കിലും കുറച്ച് ആഹാരം കരുതും. ഇന്റർവെല്ലിന് കഴിക്കാൻ ആണെന്ന് കള്ളം പറഞ്ഞാണ് അവൾ അത് കൊണ്ടുവരാറ്.. അത് അത്രയും അയാൾക്ക് കൊടുത്ത ശേഷം മാത്രമേ അവൾ സ്കൂളിലേക്ക് പോയിരുന്നുള്ളൂ..

അന്ന് ഒരുനാൾ സ്കൂൾ വിടാൻ നേരമായപ്പോഴേക്കും അപ്രതീക്ഷിതമായ കാർമേഘം ഇരുണ്ടു കൂടിയിരുന്നു. മഴക്കാലം അല്ലാതിരുന്നതിനാൽ ഉണ്ണിമോളുടെ കയ്യിൽ കുടയും ഉണ്ടായിരുന്നില്ല എന്നത് അമ്മയെ കൂടുതൽ പരിഭ്രാന്തയാക്കി. സ്കൂൾ വിട്ടു വരേണ്ട നേരം കഴിഞ്ഞിട്ടും മകൾ എത്താതിരുന്നപ്പോൾ അവരുടെ മനസ്സുവല്ലാതെ അസ്വസ്ഥമായി.അപ്പോഴേക്കും മഴ ശക്തമായി പെയ്തു തുടങ്ങിയിരുന്നു. മകൾ എവിടെയെങ്കിലും കയറി നിൽക്കുകയാകും എന്ന് കരുതി അവർ വേഗം സ്കൂളിലേക്ക് പുറപ്പെട്ടു.

വഴിയരികിൽ ഒന്നും ഉണ്ണി മോളെ കണ്ടില്ല. ആ ഭ്രാന്തൻ ഇരിക്കാറുള്ള സ്ഥലത്തേക്കും അവരൊന്ന് കണ്ണോടിച്ചു. അയാളെയും അവിടെ കാണാതായപ്പോൾ അവർക്ക് ഭയം ഇരട്ടിച്ചു. കുഴഞ്ഞുപോകുന്ന കാലുകൾ വലിച്ചു വലിച്ചുവച്ച് കൊണ്ട് സ്കൂളിൽ എത്തിയപ്പോഴാണ് കുട്ടികളെല്ലാം പോയെന്ന് വിവരമാണ്‌ ലഭിച്ചത്. അത് കേട്ടതും അവർ അവിടെ നിന്ന് കരഞ്ഞു. വിവരമറിഞ്ഞതും അവളുടെ അച്ഛനും സ്ഥലത്തെത്തി. നാട്ടുകാരും അവൾക്കായുള്ള തിരച്ചിൽ തുടങ്ങി.

“ആ ഭ്രാന്തൻ അവിടെ ഇല്ല ചന്ദ്രേട്ടാ… അയാൾ എന്റെ കുഞ്ഞിനെ എന്തെങ്കിലും…”

അവർ കരഞ്ഞു പറഞ്ഞത് പ്രകാരമാണ് എല്ലാവരും അങ്ങോട്ടേക്ക് പോയത്. അന്നേരമാണ് കുറച്ചു മാറിയുള്ള പൊന്ത കാട്ടിൽ നിന്നും അയാൾ ഉണ്ണിമോളുടെ ശരീരം പൊക്കിയെടുത്ത് വരുന്നത് എല്ലാവരും കണ്ടത്. യൂണിഫോമൊക്കെ കീറി പറഞ്ഞിട്ടുണ്ട്. കൈകാലുകളിൽ ഒക്കെ രക്തം കിനിഞ്ഞിരിക്കുന്നു. അവൾക്ക് ബോധം നഷ്ടപ്പെട്ടിരിക്കുന്നു.

“അയ്യോ എന്റെ മോളെ…..” അത് കണ്ടതും അവർ നിലവിളിച്ചു കരഞ്ഞു.

” എന്തിനാടാ മഹാപാപി എന്റെ കുഞ്ഞിനോട് ഇത് ചെയ്തത്.. ” അയാളുടെ കഴുത്തിന് പിടിച്ചു അവർ അലറിയതും നാട്ടുകാർ ഒക്കെയും ചേർന്ന് അയാളുടെ ദേഹം കൊത്തി പറിച്ചു.

“കുട്ടിക്ക് ജീവനുണ്ട് ആരെങ്കിലും വേഗം ഹോസ്പിറ്റലിൽ എത്തിക്കു..ഇവന്റെ കാര്യം ഞങ്ങൾ നോക്കിക്കോളാം.” ആരോ വിളിച്ചു പറഞ്ഞ നേരം അമ്മയും അച്ഛനും ചേർന്ന് ആരുടെയോ വണ്ടിയിൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

അന്നേരം നാട്ടുകാരുടെ മർദ്ദനമേറ്റ് അയാൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. അടികൊണ്ട് തളർന്നു വീഴുമ്പോഴും എന്തൊക്കെയോ പറയാൻ അയാൾ ശ്രമിക്കുന്നുണ്ടായിരുന്നു.

“നിങ്ങൾ കരുതുന്ന പോലെ കുട്ടിക്ക് അപകടം ഒന്നും പറ്റിയിട്ടില്ല. ലൈംഗികമായി ആരും തന്നെ കുട്ടിയെ ഉപയോഗിച്ചിട്ടില്ല ഈ മുറിവൊക്കെ പിടിവലിക്കിടയിൽ സംഭവിച്ചത് ആകനെ സാധ്യത ഉള്ളൂ…സത്യം എന്താണെന്ന് മോൾക്ക് ബോധം വന്നാലേ പറയാൻ പറ്റൂ.. നമുക്ക് അതുവരെ കാത്തിരിക്കാം. ഇപ്പോൾ പേടിക്കാൻ ഒന്നും തന്നെ ഇല്ല.”

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോഴാണ് അച്ഛനും അമ്മയ്ക്കും ശ്വാസം നേരെ വീണത്.

കുറച്ച് സമയത്തിന് ശേഷം അവൾക്ക് ബോധം തിരികെ കിട്ടി. ചുറ്റുപാടും ഞെട്ടലോടെ നോക്കിയെങ്കിലും അവൾ സ്വബോധത്തിലേക്ക് തിരികെ വന്നു.

“എന്താ മോളെ സംഭവിച്ചത്?” ഡോക്ടർ അവളുടെ കവിളിൽ തട്ടിക്കൊണ്ട് ചോദിച്ചു.

“ആ മാമൻ എവിടെ?”ഏതു മാമൻ”ആ ഭ്രാന്തുള്ള മാമൻ..”

“മോള് പേടിക്കേണ്ട അയാളെ എല്ലാവരും അടിച്ചു ശരിയാക്കിയിട്ടുണ്ട് ഇനി അയാൾ മോളെ ഉപദ്രവിക്കില്ല.” അച്ഛനാണ് പറഞ്ഞത്.

“അയ്യോ ആ മാമൻ എന്നെ ഉപദ്രവിച്ചിട്ടില്ല. മഴയത്ത് ഞാൻ വരുമ്പോൾ ബൈക്കിൽ വന്ന രണ്ടു ചേട്ടന്മാരാണ് എന്റെ വായപൊത്തി കാട്ടിലേക്ക് കൊണ്ടുപോയത് എന്റെ കരച്ചിൽ കേട്ടാണ് ആ മാമൻ ഓടി വന്നത്.. അന്നേരം എന്നെ രക്ഷിക്കാൻ മാമന്റെ വടി കൊണ്ട് അവരെ കുറെ അടിച്ചു. പാവം ആ മാമനെയും അവർ ഒരുപാട് തല്ലി.എന്നെ വലിച്ചുകൊണ്ടു പോകാൻ അവർ കുറെ നോക്കി സ്വന്തം ജീവൻ നോക്കാതെ ആ മാമനാണ് എന്നെ രക്ഷിച്ചത്. പെട്ടെന്ന് ഒരു മരത്തിലേക്ക് വീണത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ.. ആ മാമൻ എവിടെ? മാമനെ ആശുപത്രിയിൽ കൊണ്ടു വന്നില്ലേ?”

അവളുടെ ചോദ്യത്തിനൊന്നും അവരുടെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല. എങ്ങനെയാണ് ആ പാവത്തിനോട് മാപ്പ് ചോദിക്കേണ്ടത്? അവർ കുറ്റബോധം കൊണ്ട് പൊട്ടിക്കരഞ്ഞു.

പിറ്റേന്ന് പത്രത്തിൽ വന്ന വാർത്ത ഇങ്ങനെയായിരുന്നു.കുട്ടിയെ പീഡിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതിന് മാനസിക രോഗിയെ നാട്ടുകാർ ചേർന്ന് മർദ്ദിച്ചുകൊന്നു.’