(രചന: Rejitha Sree)
രാവിലെ എഴുനേറ്റു ചായ ഇടാൻ അടുക്കളയിൽ കയറിയപ്പോഴാണ് ഇന്ന് ചേട്ടന്റെ “ബർത്ത് ഡേ “ആണെന്നുള്ള കാര്യം ഓർത്തത്.. കാര്യം എന്തുതന്നെയായാലും എന്തേലും ഗിഫ്റ്റ് ഇന്ന് കൊടുക്കണം..
“പാവം ഒന്നുമില്ലേലും പറയുന്നതൊക്ക വിലനോക്കാതെ വാങ്ങിത്തരുന്ന ആളല്ലേ… ”
അടുപ്പിലെ ചായ തിളച്ചു വന്നു..
“ചേട്ടാ.. ഇന്ന് ചേട്ടന്റെ “ബർത്ത് ഡേ “ആണ്.. “
ചേട്ടൻ കിടന്ന കിടപ്പിൽ ഒന്ന് തലപൊക്കി നോക്കി വീണ്ടും കിടന്നു..
“ശോ.. ഇനിയിപ്പോ എന്തുചെയ്യും..
“അതേ.. ഇന്ന് ചേട്ടന്റെ സന്തോഷ ജന്മദിനമാണെന്നു..”
“എനിക്ക് ഒരു സന്തോഷവുമില്ല..
പുതപ്പിനടിയിൽ നിന്നു സൗണ്ട് മാത്രം കേൾക്കാം..
“എന്നാൽ എനിക്കുണ്ട്.. .. ഒരു ഗിഫ്റ്റ് വാങ്ങണം.” മധുരമായ അവളുടെ വാക്കുകൾ..
ഇവളിതെന്തിനുള്ള പുറപ്പാട് ആണെന്നുദ്ദേശിച്ചു ഞാൻ ചോദിച്ചു..
“ആർക്ക്.”
ഒന്നും സംഭവിക്കാത്ത മട്ടിൽ അവൾ പറഞ്ഞു..
“ചേട്ടന്..”
“അതൊന്നും വേണ്ട.. നീയൊന്നു പോയെ..”
“ആഹാ അങ്ങനിപ്പോ കിടന്നുറങ്ങണ്ട..അതും പറഞ്ഞ് അവളും പുതപ്പിനടിയിലേയ്ക്ക് കേറി…
“ഇനിയിപ്പോ എണീക്കണ്ട അല്ലെ.”.ഞാനവളെ കെട്ടിപ്പിച്ചു ചോദിച്ചു..
എന്റെ നിഷ്കളങ്കമായ മനസ് മനസിലാക്കാതെ ഒരു ചെറുചിരിയോടെ അവളെന്നെ പുതപ്പിനടിയിൽ നിന്നു കുത്തിപ്പൊക്കി കുളിപ്പിച്ചു കുട്ടപ്പനാക്കി..
കണ്ണാടിയിൽ നോക്കി ഇറങ്ങാന്നേരം സ്വയം മനസ്സിലോർത്തു” കൊല്ലാനാകുമോ കൊണ്ടുപോകുന്നെ..
തുറന്നു വച്ച സ്ഥിരം കയറാറുള്ള അതിമനോഹരമായ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ തന്നെ കയറി..
കയറിയപ്പോഴേ മാനേജർഒന്ന് ചിരിച്ചു കാണിച്ചു..
ഷർട്ട് പെറുക്കി ഇട്ടു എനിക്ക് ചേരുന്നത് നോക്കി സെലക്ട് ചെയ്യുന്ന അവളെ കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നി..
“ലോകത്ത് എത്ര ഭർത്താവിനുണ്ടാകും ഇങ്ങനൊരു ഭാഗ്യം…
ബില്ല് കൊടുക്കാൻ വന്നപ്പോൾ അവിടെ നിന്ന സെയിൽസ്മാനോട് എന്തോ പറയുന്നകണ്ടു..
അയാൾ അതാ ടേബിളിന്റെ അടിയിൽ നിന്നും ഒരു വലിയ കവർ പൊക്കി മേശപ്പുറത്തു വച്ചു.
എന്താന്നു ചോദിക്കും മുൻപേ അവളുടെ മറുപടി..
“ഒരുമിച്ചു ബില്ലിട്ടോ”..
ബില്ല് അതാ കിരുകിരാനടിച്ചു.. മാനേജർ അതിനെ കീറി എന്റെ കയ്യിൽ തന്നു..
“എന്റെ ഹൃദയം കീറിപ്പോയി..”
അയാളറിയാതെ ഇടംകണ്ണിട്ടു ഞാൻ അവളെ നോക്കി ചോദിച്ചു ന്താ അതിൽ..
“ഒന്നുമില്ല ചേട്ടാ കഴിഞ്ഞ ആഴ്ച വന്നപ്പോൾ എടുത്ത ചുരിദാർ ഇല്ലേ.. നാലായിരത്തിന്റെ.. .
അതും പിന്നെ രണ്ടായിരത്തിന്റെ ആ മെറൂൺ സാരിയില്ലേ അതും. അത് ഞാൻ അന്നേ മാറ്റിവച്ചിരുന്നു..”
“ഓഹോ… അപ്പൊ.. കൊല്ലാനായിരുന്നല്ലേ രാവിലെ കുളിപ്പിച്ചിറക്കിയത്…
വളരെയേറെ വിഷമത്തോടെ എനിക്കിത്രയൊയല്ലേ സംഭവിച്ചുള്ളൂന്നുള്ള മട്ടിൽ ഞാൻ ബില്ല് കൊടുത്തിറങ്ങി..കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഞാൻ മനസ്സിൽ ഓർത്തു..
” ഇതിപ്പോ എന്റെയാണോ അതോ അവളുടെയാണോ ബർത്ത് ഡേ.. “
കാറിൽ ഇരുന്നു അവളുടെ അച്ഛനെ മനസ്സിൽ ഞാൻ ഒരുപാട് ധ്യാനിച്ചു..
“കല്യാണം കഴിക്കാത്ത സഹോദരങ്ങങ്ങൾ മനസ്സിരുത്തി വായിക്കണം.. വായന ഒരു നല്ല ശീലമാണ്.. “അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ…