ഏതോ ഒരുത്തൻ അവളെ പിച്ചി ചീന്തി എന്ന് കരുതി മറന്ന് കളയാൻ എനിക്ക് മനസില്ല…  ഞാൻ

 

രചന : ശിവപദ്മ

 

 

നീ ഇനി എന്ത് പറഞ്ഞാലും ഞാൻ ഇതിന് സമ്മതിക്കില്ല ഗിരി… നീ വേറെ ഏത് പെണ്ണിനെ ചൂണ്ടിക്കാട്ടിയിരുന്നാലും ഞാൻ സമ്മതിച്ചേനെ.. പക്ഷേ ഇത് ഞാൻ സമ്മതിക്കില്ല…   മാധവിയമ്മ മകന് നേരെ ആക്രോശിച്ചു…

അമ്മയ്ക്ക് എന്താ ഞാൻ പറയുന്നത് മനസ്സിലാവാത്തത്… ഓർമ വച്ച നാള് മുതല് നെഞ്ചിൽ കൊണ്ട് നടക്കുന്നതാ ഞാനവളെ.. കുറച്ചു നാൾ മുൻപ് വരെ അമ്മയും കൂട്ട് നിന്നതല്ലേ.. ഇപ്പൊ എന്താ..  ഗിരിയും വിടാൻ കൂട്ടാക്കീല.

എടാ അന്നത്തെ പോലെ ആണൊ ഇപ്പൊ… അവള്.. ബാക്കി പറയാതെ അവർ മുഖം തിരിച്ചു.

അവള്… ബാക്കി കൂടെ പറയമ്മേ… അവള് എന്തായെന്നാ… പത്തിരുപത്തഞ്ച് വയസുണ്ടവൾക്ക്, അവൾക്ക് ഒപ്പം പഠിച്ച ആ പ്രായത്തിലെ പെങ്കൊച്ചുങ്ങൾ കല്ല്യാണവും കഴിച്ച് കുടുംബവും കുട്ടികളും ആയി ജീവിക്കുമ്പോൾ.

അവള് സ്വന്തം വീടിനൂം വീട്ടുകാർക്കും വേണ്ടി കഷ്ടപ്പെടുവാ… ആരുടെയും മുന്നിൽ തലകുനിക്കാത്ത തൻ്റേടിയായ അവളോട് തോന്നിയ ബഹുമാനവും സ്നേഹവും ആണ് എനിക്ക് അവളോടുള്ള പ്രണയം.. അത് ഏതോ ഒരുത്തൻ അവളെ പിച്ചി ചീന്തി എന്ന് കരുതി മറന്ന് കളയാൻ എനിക്ക് മനസില്ല…  ഞാൻ സ്നേഹിച്ചത് എൻ്റെ അനുവിനെയാ… അവളുടെ ആ മനസിനെയാ… അല്ലാതെ ശരീരത്തിനെ അല്ല…   പറയുമ്പോൾ ഒരിക്കൽ പോലും അവൻ്റെ ശബ്ദം ഇടറിയില്ല…

അനുവിനെ കുറിച്ച് എല്ലാം അറിയാം, മകൻ്റെ വർഷങ്ങളായുള്ള പ്രണയെത്തെയും അറിയാം എങ്കിലും മാധവിയമ്മയ്ക്ക് അത് ഈ അവസ്ഥ അംഗീകരിക്കാൻ കഴിഞ്ഞില്ല..

” എടാ മോനേ.. എനിക്ക് അറിയാം എന്നാലും… നാട്ടുകാർ എന്ത് പറയും.. അതും ഈ…

” ഓ… അപ്പോ അമ്മയ്ക്ക് നാട്ടുകാരാണ് പ്രശ്നം.. ഇതേ നാട്ടുകാർ തന്നെയാ അച്ചൻ മരിച്ചശേഷം എന്നെ വളർത്താൻ കഷ്ടപ്പെട്ടപ്പോൾ അമ്മയെ മോശം പറഞ്ഞത്.. അതേ നാട്ടുകാർ തന്നെയാ ഞാൻ പഠിച്ച് ഒരു ജോലി നേടിയപ്പോൾ അമ്മയുടെ വളർത്ത് ഗുണം എന്ന് പറഞ്ഞതും… ഇവർക്ക് ഒക്കെ ഓരോദിവസവും ഓരോ വാർത്തകൾ വേണം അത്രയേയുള്ളൂ… ഞാൻ അനുവിനെ വിവാഹം കഴിച്ചാൽ കുറച്ചു നാള് പലതും പറയും പിന്നെ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുമ്പോൾ അത് മാറ്റിയും പറയും.. അത് കൊണ്ട് അമ്മ നാട്ടുകാരെ വിട്… എനിക്ക് അറിയേണ്ടത് എൻ്റെ അമ്മയുടെ മനസാ…  പറഞ്ഞു കൊണ്ട് അവൻ അവരെ നോക്കി.  മുന്നത്തേക്കാളും കുറച്ചു അയവ് വന്നിട്ടുണ്ട്..

” അമ്മ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഒരിക്കലും അനുവിനെ സ്വന്തമാക്കില്ല, പക്ഷേ മറ്റൊരു വിവാഹവും എൻ്റെ ജീവിതത്തിൽ ഉണ്ടാവില്ല… ഒന്ന് ഓർത്തു നോക്കിയേ അമ്മ ഇവിടെ ഒരു പെൺകുട്ടി ഉണ്ടായി അവൾക്ക് ആണ് ഇങനെ സംഭവിച്ചിരുന്നു എങ്കിൽ അമ്മ മാറ്റി നിർത്തുമായിരുന്നോ… ചോദിച്ചു കഴിഞ്ഞ് അവൻ പുറത്തേക്ക് ഇറങ്ങി പോയി.

” ഡാ.. ഗിരി..  രാവിലെ കൈയിൽ നിന്നും ചായ വാങ്ങിയിട്ടും ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരിക്കുന്നവനെ മാധവിയമ്മ വിളിച്ചു.

” എന്താമ്മ… എടാ നമുക്ക്… നമുക്ക് അനുവിന്റെ വീട് വരെ പോവാം…  അമ്മ പറഞ്ഞ് കേട്ടത് വിശ്വസിക്കാൻ വയ്യാതെ അവൻ നോക്കി.

” നീ സൂക്ഷിച്ചു നോക്കണ്ട… ഞാൻ ശരിക്കും ആലോചിച്ച് തന്നെയാണ്… സംഭവിച്ചത് ഒന്നും അവളുടെ തെറ്റ് കൊണ്ടല്ല… അവള് ചെയ്യാത്ത ഒരു തെറ്റിന് എന്തിന് അവളെ ശിക്ഷിക്കണം… അങ്ങനെ ഒന്ന് സംഭവിച്ചു എന്ന് കരുതി അവൾടെ ജീവിതം തീർന്നു പോവില്ലലോ…

എൻ്റെ മരുമകൾ അല്ല മകളായിട്ട് എനിക്ക് അവളെ മതി… നീ വേഗം ഒരുങ്ങി വരാൻ നോക്ക്… മാധവിയമ്മ അകത്തേക്ക് പോയി..

ഗിരീടെ കണ്ണ് നിറഞ്ഞു… അവൻ സന്തോഷം കൊണ്ട് കരഞ്ഞ് പോയി…

” സഹതാപം ഒന്നുമല്ല ജയേ.. എൻ്റെ മോൻ നാളുകളായി നെഞ്ചിൽ കൊണ്ട് നടക്കുന്നതാ അവളേ… അത് കൊണ്ട് തന്നെ ആണ് ഞാൻ അവളെ ചോദിച്ചത്.. എനിക്ക് തന്നൂടെ അവളെ…  മാധവിയമ്മ പറയുമ്പോൾ അനുവിന്റെ അമ്മ ജയ സാരിത്തലപ്പിനാൽ വിതുമ്പലടക്കി…

പ്ലസ് ടൂ പഠിക്കുന്ന സമയത്ത് അച്ഛൻ മരിച്ചപ്പോൾ, നന്നായി പഠിക്കുമായിരുന്നിട്ടും വീടിന് വേണ്ടി കഷ്ടപ്പെടാൻ തുടങ്ങിയതാ അവൾ… ഇളയതുങ്ങളെ പഠിപ്പിച്ചു ഒന്നിനെ വിവാഹവും കഴിപ്പിച്ചു..

ഇതുവരെ വീടിന് വേണ്ടി അല്ലാതെ സ്വന്തം ജീവിതത്തെ കുറിച്ച് അവൾ ചിന്തിച്ചില്ല… തീരെ നിനച്ചിരിക്കാതെ നേരത്താണ് ജോലിക്ക് നിൽക്കുന്ന കടയിൽ മുതലാളി അവളേ…  കേസ് നടത്തി കിട്ടാവുന്ന ശിക്ഷ തന്നേ അവൾ അവന് വാങ്ങി കൊടുത്തു…

അപ്പോഴും ആളുകളുടെ പുശ്ചവും സഹതാപവും ഒക്കെയാണ്… അന്ന് മുതൽ വീട്ടിനകത്താണ് അവൾ.. ഒരു നിമിഷം പോലും അടങിയിരിക്കാത്തവൾ ഇന്ന് ചലനശേഷി നഷ്ടപ്പെട്ട ആളെ പോലെ…

ഗിരിയെ കുറിച്ച് അവൾ പറഞ്ഞിട്ടുണ്ട്… മനസ്സിൽ പ്രകടിപ്പിക്കാത്ത ഒരിഷ്ടം അവൾക്കും ഉണ്ട് പക്ഷെ ഇനി…

” അവള് സമ്മതിക്കുമോന്ന്… പണ്ടത്തെ പോലെ അല്ല,  ഒന്നും മിണ്ടില്ല മിണ്ടിയാൽ തന്നെ ദേഷ്യാ..  കണ്ണ് തുടച്ചു കൊണ്ട് അവർ പറഞ്ഞു.

” ഗിരിയേട്ടന് ശരിക്കും എൻ്റെ ചേച്ചിയെ ഇഷ്ടമാണൊ.. ചേച്ചിയെ കരയാതെ നോകുവൊ… എല്ലാർക്കും വേണ്ടി കഷ്ടപെട്ടിട്ട് ചേച്ചിയെ ഒന്ന് സമാധാനിപ്പിക്കാൻ പോലും ആരുമില്ല… അനുവിന്റെ അനിയൻ അരുൺ ഗിരിയോട് പറഞ്ഞു.

ഗിരി അവനെ ചേർത്ത് പിടിച്ചു.. നിന്റെ ചേച്ചി ദേ ഈ നെഞ്ചിനകത്താ.. അവളെ വേദനിപ്പിക്കാൻ എനിക്ക് ആവില്ലടാ..   അത് മതിയായിരുന്നു അവർക്ക് അവന് അവളോടുള്ള ഇഷ്ടം മനസിലാക്കാൻ..

“ഞാൻ അനുവിനോട് ഒന്ന് സംസാരിക്കട്ടെ… ഗിരി അവരെ നോക്കി.

ജയ അരുണിനെ നോക്കി തലയനക്കി…

” വാ ഏട്ടാ…  അരുൺ അവനെ അകത്തേക്ക് കൊണ്ട് പോയി.പുറത്ത് നടക്കുന്നതെല്ലാം കേട്ട് കൊണ്ടാണ് അവൾ ഇരുന്നത്..

പണ്ട് മുതലേ അറിയാം ഗിരിയേ… വഴിയരികിലും ബസ്റ്റോപ്പിലും എല്ലാം തന്നെയൊരു നോക്ക് കാണാൻ കാത്ത് നിൽക്കുന്നവനെ പണ്ട് മുതലേ ഇഷ്ടമാണ്… ഒരിക്കൽ നേരിട്ട് പറഞ്ഞിട്ടുണ്ട് ഇഷ്ടമാണ് എന്ന്… സ്വന്തം കാലിൽ നിൽക്കാനൊരു ജോലി സ്വന്തമാക്കിയിട്ട് വരുമ്പോൾ മറുപടി പറയണം എന്ന് പറഞ്ഞിരുന്നു…

താനും ആഗ്രഹിച്ചിരുന്നു ഒരു ജീവിതം തന്നെ മനസിലാക്കാൻ കഴിയുന്ന ഒരാളെ ജീവിതത്തിൽ ചേർത്ത് നിർത്തണം എന്ന്… അതിന് എന്ത് കൊണ്ട് യോഗ്യൻ ഗിരിയേട്ടൻ തന്നെയായിരുന്നു പക്ഷേ… ഇന്ന്…

ഞാൻ… എനിക്ക് അതിനുള്ള യോഗ്യത ഇല്ല… മറ്റൊരുത്തൻ്റെ കരംപതിഞ്ഞ അവൻ്റെ വിയർപ്പ് ഏറ്റുവാങ്ങിയ ഒരു ശരീരം മാത്രമാണിന്ന് താൻ… വെറുപ്പാണ് സ്വയം…   ആ സ്നേഹത്തിന് തിരിച്ചു കൊടുക്കാൻ ഇന്നെന്റെ കൈയിൽ ഒന്നും ഇല്ല… ഒന്നും… അകറ്റിയേ മതിയാവൂ…

പ്രാണൻ വെടിഞ്ഞു പോകുന്ന വേദനയുണ്ടെങ്കിലും അകറ്റി നിർത്തും ഞാൻ… ഒഴുകിയിറങ്ങിയ കണ്ണുനീർ അമർത്തി തുടച്ച് കൊണ്ട് അവൾ കട്ടിലിൽ നിന്നും എണീറ്റു…

മുന്നോട്ട് നടക്കാൻ തുടങവേ തനിക്ക് മുന്നിൽ നിൽക്കുന്നവനെ കാണെ അവളുടെ ഉള്ളം പിടിച്ചു. എങ്കിലും വെറുപ്പ് ഭാവിച്ച് കൊണ്ട് അവൾ മുഖം വെട്ടിതിരിച്ചു… അനു.. അവൻ വിളിച്ചു.

” പോ ഇവിടുന്ന് എനിക്ക് ആരെയും കാണണ്ട…” മുഖം തിരിച്ചു നിൽക്കയെങ്കിലും അവൾ ശബ്ദം ഇടറാതിരിക്കാൻ ശ്രമിച്ചു.

” അങ്ങനെ പോവാനല്ല അനു ഞാൻ വന്നത്… അന്ന് പറഞ്ഞ പോലെ നിന്നേ എൻ്റെ സ്വന്തമാക്കാനാണ്…  അവൻ പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. എങ്കിലും വാശിയോടെ അവയെ തടഞ്ഞ് നിർത്തി.

” ഹോ… സഹതാപം ആവും ല്ലേ.. എനിക്ക് വേണ്ടങ്കിലോ… ” അനൂ.. എനിക്കുള്ളിൽ നീയെങ്ങനെയോ അത് പോലെ നിൻ്റെ ഉള്ളിലും ഞാനുണ്ട്. എനിക്ക് അറിയാം…

ഇനി ഈ അഭിനയം വേണ്ട അനു… ” അവൻ മുന്നിൽ വന്ന് നിന്നു.

” എനിക്ക് ഒന്നും കേൾക്കണ്ട പോ എൻ്റെ മുന്നീന്ന്… എനിക്ക് ആരെയും കാണുവേം വേണ്ട ഈ വിവാഹവും വേണ്ട… പൊയ്ക്കോ ഇവിടുന്ന്… അവൾ വാശിയോടെ പറഞ്ഞു.

” എനിക്ക് അറിയാം നീ അത്രപെട്ടന്നൊന്നും സമ്മതിക്കില്ല എന്ന്… ഇനി എന്ത് തന്നെയായാലും നിന്നെ ഞാൻ എൻ്റെ സ്വന്തമാക്കും അനു… ”

” ഇറങ്ങി പോവാനാ പറഞ്ഞേ… അവൾ അവനെ നെഞ്ചിൽ പിടിച്ചു തള്ളി… അൽപമൊന്നു പുറകിലേക്ക് മാറി എങ്കിലും അവനപ്പോഴും അവിടെ തന്നെ നിന്നു.

” എന്തിനാ വീണ്ടും വീണ്ടും എന്നെ ഇങ്ങനെ… എനിക്ക് നിങ്ങളെ വേണ്ട… അനു നിറഞ്ഞ് വരുന്ന കണ്ണുകളെ തടഞ്ഞ് കൊണ്ട് മുഖത്ത് ദേഷ്യം വരുത്തി…

” എന്തിനാണ് അനു ഈ ദേഷ്യത്തിൻ്റെ മൂട് പടം… എനിക്ക് അറിയുന്ന അനു ഇങ്ങനെ അല്ല… എനിക്ക് ആ അനുവിനെ മതി…  അവൻ മുന്നോട്ട് നടന്നു.

” ആ അനു ഇപ്പൊ ഇല്ല… മരിച്ചു… എനിക്ക് ഒരിക്കലും ഇനി ആ അനുവാകാൻ കഴിയില്ല… പോ ഇവിടുന്ന്..  അവൻ മുന്നിലേക്ക് വരും തോറും അവളും പിന്നിലേക്ക് ചുവട് വെച്ചു.

” ആര് പറഞ്ഞു.. നിനക്ക് കഴിയില്ലെന്ന്, നിനക്കേ കഴിയൂ.. നിന്റെ കൂടെ ഞാനില്ലേ, ഞങ്ങളെല്ലാവരും ഇല്ലേ… എൻ്റെ കൂടെ വാടി… എൻ്റെ ജീവനല്ലേ നീ…  അവൻ അവളോട് ചേർന്ന് നിന്നു…

”  വേണ്ട… വേണ്ടന്ന് പറഞ്ഞില്ലേ… പോ പോ.. അവളവനെ തള്ളി മാറ്റാൻ..

നോക്കിയെങ്കിലും അവൻ ഒരടി പോലും അനങ്ങിയില്ല..

അവൻ പോവില്ലെന്ന് കണ്ടതും അവൻ്റെ ദേഹത്തേ മാറി മാറി അടിച്ചു.. എങ്കിലും അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും  ഒരു ചിരിയോടെ നോക്കി നിന്നവൻ…

” പോ ഇവിടുന്ന്… ഞാൻ ചീത്തയാ… ഞാൻ വേണ്ട ഗിരിയേട്ടാ… പോ… ഞാൻ കൊള്ളില്ല…” അവളത് പറയുമ്പോഴേക്കും അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു..

” ദേ… ഇന്ന് ഇത് പറഞ്ഞത് പറഞ്ഞു.. ഇനി മേലിൽ ഈ വർത്തമാനം പറഞ്ഞാലുണ്ടല്ലൊ…  എൻ്റെ പെണ്ണാനീ… എൻ്റെ മാത്രം… മനസ് കൊണ്ട് ആയിരം വട്ടം നീ പരിശുദ്ധയാ… പിന്നെ ശരീരം… ഒരാക്സിഡൻ്റ് പറ്റിയാൽ നമ്മുടെ ദേഹത്ത് മുറിവ് പറ്റില്ലേ..

അത്രേയുള്ളുടി… അത്ര മതി… ഇനിയും വയ്യടി കാത്തിരിക്കാൻ… പറഞ്ഞ് കൊണ്ട് അവളെ കൂടുതൽ ചേർത്ത് പിടിക്കുമ്പോൾ അവളും അവനോട് കൂടുതൽ ചേർന്ന് നെഞ്ചിൽ മുഖമമർത്തി പൊട്ടിക്കരഞ്ഞു…

അവനവളെ തടഞ്ഞില്ല ആ കരച്ചിലും കൊണ്ട് അവൾക്ക് ഒരാശ്വാസം കിട്ടിയാൽ ആ മനസ്സൊന്നു തണുത്താൽ അവൾക്ക് സമാധാനം ആവട്ടെ എന്ന് കരുതി…

എന്തിനാ എന്നെയിങ്ങനെ സ്നേഹിക്കുന്നെ… ” കരച്ചിലൊന്ന് അടക്കി അവൾ ചോദിച്ചു.

” എനിക്ക് അറിയില്ലടി… പണ്ട് മുതലേ നീ എൻ്റെ ഉള്ളിലിങ്ങനെ നിറഞ്ഞ് നിൽക്കുവ… എന്തിനാണൊ എങ്ങനാണോ എന്നൊന്നും എനിക്കും അറിയില്ല… ഒന്നുമാത്രം അറിയാം.. നീയെൻ്റെ ജീവനാ…

നീയില്ലാത്ത ഒരുനിമിഷം പോലും എനിക്ക് നരകതുല്യമാവും…  അവൻ്റെ നെഞ്ചിൽ ചേർന്ന് നിൽക്കുന്നവളിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു…

” ഞാൻ പറയട്ടെ എല്ലാരോടും… ഇനി കാത്തിരിക്കാൻ വയ്യാ…  എത്രയും വേഗം എനിക്ക് തന്നേക്കാൻ … മ്…  അവളുടെ മുഖം കൈ കൊണ്ട് ഉയർത്തി അവൻ ചോദിച്ചു

മറുപടി പറയാൻ അവൾക്ക് വീണ്ടും ഒരു വിഷമം തോന്നി. സ്വയം ഒരു ഉൾകുത്ത് പോലെ… അത് മനസിലാക്കിയവൻ അവളെ ഒന്ന് കൂടി തന്നിലേക്ക് അടുപ്പിച്ചു…

” ഞാനുണ്ട് എന്നും… നമുക്കായി ഒരു മനോഹര ജീവിതം കാത്തിരിപ്പുണ്ട്… ഒന്നിൻ്റെ പേരിലും അത് കളയാൻ അനുവദിക്കില്ല ഞാൻ… നമ്മളൊന്നിച്ച് ആ ജീവിതം ജീവിക്കും…

നഷ്ടമായ പ്രതീക്ഷകൾ അവളിൽ വീണ്ടും ഉദിച്ചു വന്നു… ഇനിയാണ് താൻ ജീവിക്കാൻ പോകുന്നത്…അല്ല ഞങ്ങൾ ജീവിക്കാൻ പോകുന്നത്…