കണ്ടവൻമാരുടെ കൂടെയെല്ലാം കറങ്ങി നടന്ന് ശരീരം പങ്കിടുന്നവളെ സ്വന്തമായ് കരുതി കൊണ്ടു നടക്കുന്നതെന്തിനാണ് നീ

രചന : രജിത ജയൻ

 

” ഇവനൊക്കെയൊരു ആണാണോ ?

ഭാര്യാന്ന് പറഞ്ഞ് കൂടെ താമസിപ്പിക്കുന്നവളെ കണ്ടവൻമാർക്കൊപ്പം ഇതെത്രാമത്തെ തവണയാണ് നാട്ടുക്കാർ പിടിക്കൂടുന്നതും പരസ്യമായ് വിചാരണ ചെയ്യുന്നതും …?

“അവളുടെ കൂടെ ആരെ പിടിച്ചാലും ഇവൻ പറയും അതവളുടെ സുഹൃത്താണെന്ന് ..

“ഇവനറിഞ്ഞു കൊണ്ടാണ് അവർ പരസ്പരം കണ്ടതെന്ന്… “എന്നിട്ടീ നാട്ടുകാരെ മൊത്തം വിഡ്ഡികളാക്കി നിർത്തി അവളെയും വിളിച്ചോണ്ട് വീട്ടിൽ പോവുമിവൻ …

”എങ്ങനെ സാധിക്കുന്നു സതീശാ നിനക്കതിന് .?

”കണ്ടവൻമാരുടെ കൂടെയെല്ലാം കറങ്ങി നടന്ന് ശരീരം പങ്കിടുന്നവളെ സ്വന്തമായ് കരുതി കൊണ്ടു നടക്കുന്നതെന്തിനാണ് നീ .?

“ഒന്നൂല്ലെങ്കിലും നിന്റെ ഏട്ടന്റെവരെ മരണത്തിന് കാരണക്കാരി ആയവളല്ലേ അവൾ..?

“നിന്റെ ഏട്ടന്റെ മകനെ കയ്യേറിവെച്ചവൾ അല്ലേ അവൾ ..?”പോരാത്തതിന് ഒരു സ്ത്രീ എന്ന നിലയിൽ നിനക്കൊരു കുഞ്ഞിനെ പോലും തരാൻ കഴിവില്ലാത്തവൾ ..?

അവളെ നീ എന്തിനിങ്ങനെ സംരക്ഷിക്കണം..?

” കളഞ്ഞിട്ട് പോടാ കണ്ടിടം നിരങ്ങുന്നതിനെ…

തനിക്ക് അപ്പുറവും ഇപ്പുറവുമായ് നിന്ന് ഓരോന്നും പറയുന്ന കൂട്ടുകാരെ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ അന്നേരം കൊണ്ട് സതീശൻ റോഡ് മുറിച്ചുകടന്ന് മറു സൈഡിൽ നിൽക്കുന്ന ഇന്ദിരയ്ക്ക് അടുത്ത് എത്തിയിരുന്നു.

വന്നിറങ്ങിയ കാറിനരികെ തന്നെ നിന്നുകൊണ്ടവൾ, ഇന്ദിര അതിനുള്ളിലിരിക്കുന്ന ആളോട് എന്തോ പറഞ്ഞ് മുഖം ഉയർത്തി നോക്കിയതും കണ്ണുകൾ തനിക്കരികിലേക്ക് വരുന്ന സതീശനിൽ പതിഞ്ഞു ..

ഒരു മുഴുവൻ നിമിഷവും മിഴി ചിമ്മാതെ ഇന്ദിര അവനെ തന്നെ നോക്കി നിന്നു തനിക്കരികിലേക്ക് നടന്നു വരുമ്പോഴും നാലു ചുറ്റും കണ്ണുകൾ പായിച്ചവൻ നോക്കുന്നതും തങ്ങളെ തന്നെ ശ്രദ്ധിച്ചു നോക്കി നിൽക്കുന്ന നാട്ടുക്കാരെ കണ്ട് അവനിൽ ഉടലെടുക്കുന്ന പരിഭ്രമവും ചമ്മലും ആരുമറിയാതെ എന്നവണ്ണം മറയ്ക്കാൻ ശ്രമിക്കുന്നതും കണ്ടവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞു അതിൽ മുന്നിട്ടുനിന്നതവനോടുള്ള പുച്ഛമായിരുന്നു.

സതീശൻ അരികിൽ എത്തിയതും ഇന്ദിര കാറിലിരുന്നയാളെയൊന്ന് നോക്കി തലയാട്ടി യാത്ര പറഞ്ഞു സതീശനൊപ്പം നടക്കാൻ തുടങ്ങി .

ഇന്ദിരയുടെ കയ്യിലെ ബാഗും വാങ്ങി പിടിച്ച് അവളോടു ചേർന്ന് നടക്കുന്ന സതീശനെ അവിടെ കൂടി നിൽക്കുന്നവർ പരിഹാസത്തോടെയും പുച്ഛത്തോടെയും നോക്കി

“ഭാര്യ ആരുടെ കൂടെ കറങ്ങിക്കിടന്നു വന്നാലും സതീശനൊരു കുഴപ്പവുമില്ല കണ്ടില്ലേ ആ പിഴച്ചവളെയും ചേർത്തു പിടിച്ച് നടക്കുന്നത് ..

” ഇവനെയൊന്നും ആണുങ്ങളുടെ ഗണത്തിൽ കൂട്ടാൻ പറ്റില്ല..

“അതു സത്യം ആണ് ട്ടോ വേലായുധാ.. ആ സംശയം എനിക്കും ഉണ്ട്.. അവനൊരാണാന്നോന്ന് …., നമ്മുക്കുള്ളതു അവനില്ലേന്ന് …ഏത്… അതുതന്നെ..

ഇന്ദിരയ്ക്കൊപ്പം നടന്നു പോവുന്ന സതീശനെ നോക്കി ചായക്കടക്കാരൻ വേലായുധൻ പറഞ്ഞതിനൊപ്പം മീൻക്കാരൻ മയമ്മദ് കൂടെ കൂടിയതും അവിടെയൊരു കൂട്ടച്ചിരി ഉയർന്നു .അതിന്റെ അലയൊലികൾ സതീശനിലും എത്തിയെങ്കിലും അവനതൊന്നും ശ്രദ്ധിക്കാതെ കയ്യിലെ ബാഗുമായ് ഇന്ദിരയ്ക്കൊപ്പം സാവധാനത്തിൽ നടന്നു..

” ചെറിയമ്മേ…വീടിന്റെ മുറ്റം കടന്നു ഉമ്മറത്തേക്ക് ഇന്ദിര കാലെടുത്തു വെച്ചതും ഒരു വിളിയവളെ തേടി എത്തി

ഒരു നേർത്ത ചിരിയോടെ അവൾ തിരിഞ്ഞു നോക്കിയതും വിനോദ് വന്നവളെ ഇരുകയ്യാലെയും പൊതിഞ്ഞു പിടിച്ചു തന്നോടു ചേർത്തിരിന്നു.

“ഇന്നു ക്ലാസ്സില്ലേ വിനു കുട്ടാ … നീയിന്ന് കോളേജിൽ പോയില്ലേ ..?

സ്നേഹത്തോടെ അവന്റെ നെറുകയിലൊന്ന് തലോടികൊണ്ടവൾ ചോദിച്ചതും അവൻ പരിഭവത്തോടെ അവളെ തന്നിൽ നിന്നകറ്റി നിർത്തി …

“ഇതു മാത്രേ ഉള്ളു എപ്പഴും ചെറിയമ്മയ്ക്ക് എന്നോടു ചോദിക്കാൻ…?

“ഞാൻ കുഞ്ഞായിരിക്കുമ്പോൾ മുതൽ ചോദിക്കാൻ തുടങ്ങിയ ചോദ്യമാണ്. ഇപ്പോൾ എനിക്കൊരു കുഞ്ഞായ് ,പഠിച്ച കോളേജിൽ തന്നെ ജോലിയും കിട്ടി… എന്നിട്ടും ചെറിയമ്മയുടെ ചോദ്യത്തിനു മാത്രം മാറ്റമില്ല..

പരിഭവത്തോടെ പരാതി പറയുന്ന വിനുവിനെ നോക്കി ഇന്ദിര വീണ്ടും ചിരിച്ചെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അന്നേരം ..

അതു കണ്ട വിനുവിന്റെ കണ്ണുകളിലും ഒരു നീർത്തുള്ളി സ്ഥാനം പിടിച്ചു അവനറിയാതെ തന്നെ ..

“എന്താണ് വിനുവേട്ടാ വന്ന കാലിൽ തന്നെ ചെറിയമ്മയെ നിർത്തിയാണോ വിശേഷം പറയുന്നത് …?

കഷ്ട്ടം… “ചെറിയമ്മ വന്നേ ഈ വിനുവേട്ടനെല്ലാം തമാശയാണ്..ഇരുവരുടെയും കണ്ണുകളിലെ നീർത്തിളക്കം ശ്രദ്ധിച്ചെന്ന പോലെ വിനോദിന്റെ ഭാര്യ നീതു പറഞ്ഞതും ഇന്ദിരയുടെ നോട്ടം അവളിൽ നിന്നും അവളുടെ കയ്യിലിരിക്കുന്ന കുഞ്ഞിലേയ്ക്കായ് ..

കുഞ്ഞിനെയും കൊഞ്ചിച്ചു കൊണ്ട് ഇന്ദിര അവർക്കൊപ്പം അകത്തേക്ക് നടന്നകന്നപ്പോൾ ആരും തുണയില്ലാതെ എല്ലാവരാലും അവഗണിക്കപ്പെട്ട് സതീശനാ ഉമ്മറത്ത് തന്നെ നിന്നു ..

മറ്റാരും അറിയില്ലെന്ന് കരുതി ചെയ്തു പോയ തെറ്റുകളുടെ പാപഭാരം അയാളെ അവരോടൊപ്പം ചേരാൻ അനുവദിച്ചില്ല .. അവരാകട്ടെ അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്നതു പോലും ഗൗനിച്ചില്ല .. കളി ചിരി തമാശകളും സന്തോഷ തിമിർപ്പും ഉമ്മറത്തേക്കെത്തിയപ്പോൾ അയാൾ മെല്ലെ തന്റെ മുറിയിലേക്ക് നടന്നു …

ഉറക്കെ തമാശ പറഞ്ഞു ചിരിക്കുന്ന ഇന്ദിരയുടെ ശബ്ദം കാതിലെത്തിയതും അയാളുടെ കണ്ണുകളിൽ തനിക്ക് മുമ്പിൽ നിറകണ്ണുകളുമായ് പേടിച്ചു വിറച്ചു നിന്നിരുന്ന ഇന്ദിരയുടെ പഴയൊരു മുഖം തെളിഞ്ഞു നിന്നു …

അമ്മയേയും ഏട്ടനെയും അനുസരിച്ച് അവർ പറയുന്നത് കേട്ടു നടന്നിരുന്ന ഒരു സാധുവായിരുന്നു താൻ എന്നും നാട്ടുകാർക്കും വീട്ടുകാർക്കും മുമ്പിൽ .

പക്ഷെ അതു തന്റെ ഒരു മുഖം മൂടി മാത്രമാണെന്ന് തിരിച്ചറിഞ്ഞതവളായിരുന്നു ഇന്ദിര, അതും തങ്ങളുടെ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാൾ

പെണ്ണ് എന്നും തന്റെ ദൗർബല്യം ആയിരുന്നു .കോളേജിൽ പഠിച്ചിരുന്ന കാലം മുതൽ തന്നെ താൻ കൂട്ടുക്കാരുടെ കൂടെ പല സ്ത്രീകളുടെയും അടുത്ത് പോയിട്ടുണ്ട് .

അവരെ ആസ്വദിച്ച് അനുഭവിച്ചറിഞ്ഞിട്ടുണ്ട് ..

പല തരം സ്ത്രീകൾ… ശരീരവും മനസ്സും സംതൃപ്തി നിറയ്ക്കുന്ന അനുഭൂതിയുടെ മായികവലയമായിരുന്നു തനിക്ക് ഓരോ സ്ത്രീയും..

പഠനശേഷം വീട്ടിൽ എത്തിയപ്പോൾ അറിയാതെ കണ്ണുകൾ പതിഞ്ഞത് ഏട്ടന്റെ ഭാര്യയായ ഏട്ടത്തി അമ്മയിലേക്കായിരുന്നു. അവരുടെ ശരീര ഭംഗി തന്നെ അവരിൽ ആഘർഷിച്ചുനിർത്തി..

ക്രമേണ അവരും തന്റ ഇഷ്ടം തിരിച്ചറിഞ്ഞ് തനിക്ക് കീഴടങ്ങിയപ്പോൾ അവരുമൊത്തുള്ള കൂടി ചേരൽ പതിവായ്..

തന്റെ വിവാഹം കഴിഞ്ഞതിന്റെ രണ്ടാം നാളിൽ ഇന്ദിര ഉറങ്ങിയെന്ന ഉറപ്പിലാണ് അവരുമൊത്തുള്ള കാമ കേളി തുടങ്ങിയത് എന്നാൽ അതവസാനിച്ചത് മുന്നിലെ കാഴ്ച കണ്ട് ഞെട്ടി പകച്ചു നിൻകുന്ന ഇന്ദിരയെ കണ്ടായിരുന്നു

സ്വന്തമായൊരു വീടോ കയറി ചെല്ലാൻ ബന്ധുബലമോ ഇല്ലാത്ത അവളെ താൻ എത്ര പെട്ടന്നാണ് ഭീഷണിപ്പെടുത്തി കീഴടക്കിയത്..

പിന്നീടങ്ങോട്ട് പുതിയ തരം ലഹരിയായിരുന്നു തനിക്ക്,സ്വന്തം മുറിയിൽ ഇന്ദിരയുടെ മുന്നിൽ വെച്ചായിരുന്നു പിന്നീട് തങ്ങളുടെ കൂടിച്ചേരലുകൾ…

അതുകണ്ടുകണ്ണീർ വാർക്കുന്ന ഇന്ദിരയുടെ രൂപം തനിക് കൂടുതൽ ലഹരിയായ്…തീരെ പ്രതീക്ഷിക്കാത്തൊരു നാൾ തന്റെയും ഏട്ടത്തിയുടെയും കൂടിച്ചേരൽ കണ്ടു കൊണ്ടുവന്ന ഏട്ടൻ കൺമുന്നിലെ കാഴ്ച വിശ്വസിക്കാൻ കഴിയാതെ തളർന്നു ..

ഒടുവിലാ കാഴ്ചയുടെ ആഘാതം താങ്ങാൻ കഴിയാതെ ഒരു മുഴം കയറിൽ ആ ജീവിതം അവസാനിപ്പിച്ചപ്പോൾ കാരണം തിരക്കി എത്തിയ ബന്ധുജനങ്ങളോടും നാട്ടുക്കാരോടും ആരോ പറഞ്ഞത്രേ ഇന്ദിര ഏട്ടനെ തേടി ചെന്ന വിഷമത്താലാണ് ഏട്ടനാ ജീവിതം അവസാനിപ്പിച്ചതെന്ന്..

ഇന്ദിരയുടെ വാ മൂടേണ്ടത് തന്റെ ആവശ്യം ആയതു കൊണ്ട് താനാണത് പറഞ്ഞു പരത്തിയതെന്ന് ആരും അറിഞ്ഞില്ല ഇന്ദിര ഒഴികെ….

നാട്ടുകാർക്കിടയിൽ അവളാരു മോശം പെണ്ണായ്.. പുരുഷന്മാരെ വലവീശിപ്പിടിക്കുന്നവളായ് .ആ നാണക്കേടുമായ് വീടുവിട്ടിറങ്ങിയ ഇന്ദിര തീരെ പ്രതീക്ഷിക്കാതെ ഒരു നാൾ തിരിച്ചത്തി

അവളെ അധിക്ഷേപിച്ചിറക്കി വിടാൻ താനും ഏട്ടത്തിയും ശ്രമിക്കുന്നതിനിടയിലാണ് അവൾക്കരികിലേക്ക് അവൻ വരുന്നത് ,അവൾക്കൊരു കവചമെന്നതു പോലെ .. തന്റെ ഏട്ടന്റെ മകൻ വിനോദ്…

അവളുടെ കയ്യിൽ മുറുകെ പിടിച്ച് തങ്ങളെ അവൻ നോക്കിയ നോട്ടത്തിലുണ്ടായിരുന്നു അവന് തന്നെയും ഏട്ടത്തിയെയും പറ്റി എല്ലാം അറിയാമെന്ന സത്യം

അന്നു മുതൽ ഇന്ദിര മാറി തുടങ്ങുകയായിരുന്നു, താനായ് അകറ്റി നിർത്തിയ അവളുടെ ഇഷ്ട്ടങ്ങളോരോന്നായ് നേടി എടുത്തു അവൾ.

ഇതിനിടയിൽ വിനുവിന്റെ അവഗണനയും കുറ്റബോധവും ഉള്ളു നീറ്റി തുടങ്ങിയ ഏടത്തിയും ക്രമേണ സംസാരങ്ങൾ കുറഞ്ഞ് തളർന്നൊരു മുറിയിലൊതുങ്ങി .. പിന്നീടെപ്പോഴോ മരണത്തിനും കീഴടങ്ങി..

അവരുടെ മരണം പോലും വിനുവിനെ ബാധിക്കാതെ അവൾ വിനുവിനെയും അവൾക്കൊപ്പം തന്നെ നിർത്തി …

വിജയത്തിന്റ പടവുകൾ കയറാൻ അവനെ പ്രാപ്തനാക്കി ,ഇഷ്ട്ടപ്പെട്ട പെണ്ണിനെ നേടിക്കൊടുത്തവനെയൊരു കുടുംബസ്ഥനാക്കി..

ഇതിനിടയിൽ സ്വന്തം സ്വപ്നങ്ങൾ നേടി എടുത്തവൾ പറന്നു നടന്നപ്പോൾ നാട്ടുകാർക്കവൾ അഴിഞ്ഞാട്ടക്കാരിയായ് .. അവളുടെ കൂടെയുള്ള ആൺസുഹൃത്തുക്കളെല്ലാം അവളുടെ ജാരൻമാരുമായ് .. ഭാര്യയെ നിയന്ത്രിക്കാൻ കഴിയാത്ത താനൊരു കഴിവുകെട്ടവനുമായ് .. എല്ലാം താനവൾക്ക് നേടി കൊടുത്ത പിഴച്ചവൾ എന്ന പേരിന്റെ ബാക്കി ..

പരാതിയില്ല ഒന്നിനും ചെയ്ത തെറ്റിനുള്ള ശിക്ഷ കിട്ടുന്നതായിട്ടു മാത്രമേ കാണുന്നുള്ളു .. ഒരാഗ്രഹം മാത്രമേ ഇനി ബാക്കിയുള്ളു ഒരിക്കല്ലെങ്കിലും തന്നോടു ക്ഷമിച്ചുവെന്നൊരു വാക്ക് അവളിൽ നിന്നും വിനുവിൽ നിന്നും കേൾക്കണമെന്നത് മാത്രം..

അതു തന്റെ മരണം വരെ സാധ്യമാവില്ല എന്നറിവിൽ അയാളുടെ കണ്ണുകളിൽ നിന്ന് നീർത്തുള്ളികൾ അടർന്നു നിലത്തു വീണു ചിതറുമ്പോൾ അകത്തുനിന്ന് ഇന്ദിരയുടെ ചിരിയുടെ അലകൾ പുറത്തേക്കും തെറിക്കുന്നുണ്ടായിരുന്നു…. തെറ്റു ചെയ്യാതെ ശിക്ഷകൾ ഏറ്റുവാങ്ങിയവളുടെ വിജയത്തിന്റെ സന്തോഷത്തിന്റെ ചിരി …