കൃത്യം നാൽപ്പത്തഞ്ചാം ദിവസം.
നീ എന്റെ ജീവിതത്തിലേക്ക് അശനിപാതംപോലെ കടന്നുവന്നിട്ട് കൃത്യം നാൽപ്പത്തഞ്ച് ദിവസമായി… ഇന്ന് നിന്നെ ഞാൻ കൊല്ലും…
എന്തിന്..? അതിനുമാത്രം നിങ്ങളെ ഞാനെന്ത് ചെയ്തു..?
ഓടുന്ന കാറിൽ ഇരുന്ന് സയനോര ബിജുവിനോട് ചെറുത്തുനിൽക്കാനുള്ള ശ്രമത്തിനിടെ ചോദിച്ചു.
അസ്തമയസൂര്യൻ ജ്വലിച്ചു നിൽക്കുകയായിരുന്നു.. അന്തരീക്ഷമാകെ നിശ്ചലമായതുപോലെ…
നീ വന്നുകയറിയതോടെ എന്റെ മനഃസ്സമാധാനം പോയി. എന്റെ കുടുംബം എന്റെ സ്വ൪ഗ്ഗമായിരുന്നു.. നീയത് നശിപ്പിച്ചു..
നിനക്ക് സിങ്കപ്പൂരിൽത്തന്നെ കഴിഞ്ഞാൽപ്പോരായിരുന്നോ.. എന്തിനാ ബാല്യകാലസഖിയെക്കാണാനെന്നും പറഞ്ഞ് ഇങ്ങോട്ട് കെട്ടിയെടുത്തത്..?
നിങ്ങൾക്ക് ഭ്രാന്താണ്…പൊസസ്സീവ്നെസ് എന്ന ഭ്രാന്ത്…
അതെ.. ഞാൻ ഭ്രാന്തനാണ്…എന്റെ കുടുംബവുമായി സ്വച്ഛമായും ശാന്തമായും കഴിയാനാഗ്രഹിക്കുന്നത് ഭ്രാന്താണെങ്കിൽ ഞാനുമൊരു ഭ്രാന്തനാണ്..
അതിന് എന്റെ കൈകളെന്തിനാണ് നിങ്ങൾ കെട്ടിയിട്ടത്..?
നീ ചാടിപ്പോകാതിരിക്കാൻ…ഞാൻ സിംഗപ്പൂരിലേക്ക് തന്നെ തിരിച്ചുപോവുകയല്ലേ..? പിന്നെന്താ..?
നീ അവിടെ ചെന്നാലും രോഷ്നിയെ ഓരോന്ന് പറഞ്ഞ് എന്നിൽനിന്നുമകറ്റും…
നിന്നെ ഞാൻ… ആ പാലത്തിൽനിന്നും എടുത്ത് കടലിലേക്കെറിയും…
നിനക്ക് നീന്താനറിയില്ലല്ലോ..
അതെങ്ങനെ നിങ്ങൾക്കറിയാം..?
രണ്ടാഴ്ചമുമ്പ് നിങ്ങൾ രണ്ടുപേരും പാലത്തിൽ കയറിനിന്ന് സൂര്യാസ്തമയം നോക്കിക്കൊണ്ടുനിൽക്കുമ്പോൾ പറഞ്ഞതോ൪മ്മയില്ലേ..
ഈ കൈവരികൾ ചെറുതായി ഇളകിയിട്ടുണ്ട്.. സൂക്ഷിച്ച്..
രോഷ്നി തന്റെ കൈയ്യിൽ പിടിച്ച് പിറകോട്ട് വലിച്ചുനി൪ത്തിയത് സയനോര ഓ൪ത്തു.
എനിക്ക് നീന്തലറിയില്ല.. വീണാൽ തീ൪ന്നു…
താൻ അന്നവളോട് പറഞ്ഞത് ഈ കശ്മലൻ അകലെ നിന്നിട്ടും കേട്ടിരുന്നോ..
അവൾ അത്ഭുതപ്പെട്ടു.
എന്തൊക്കെയായിരുന്നു ഒരുക്കങ്ങൾ..
ഏറെക്കാലം ഒന്നിച്ച് പഠിച്ച കൂട്ടുകാരി വരുന്നു എന്നും പറഞ്ഞ് നിലത്തൊന്നുമായിരുന്നില്ല രോഷ്നി..
കഴിക്കാൻ ഇഷ്ടമുള്ളതൊക്കെ ഒരുക്കുന്നു. റോസ് നിറമുള്ള പുതിയ ബെഡ് ഷീറ്റ് തിരഞ്ഞെടുത്ത് വാങ്ങുന്നു. ഫ്ലാറ്റിനകത്ത് ഇടാനുള്ള ചപ്പൽവരെ റോസ്നിറമുള്ളത് അവൾ നിനക്കുവേണ്ടി വാങ്ങിവെച്ചിരുന്നു.
രോഷ്നിയുടെ അന്നത്തെ വെപ്രാളമൊക്കെ ഒരുനിമിഷം അയാളുടെ മനസ്സിലൂടെ കടന്നുപോയി.
അയാൾ തല കുടഞ്ഞു.
എന്തിനാ നിങ്ങൾ കാ൪ ഇത്ര സ്പീഡിൽ ഓടിക്കുന്നത്..?
മുമ്പൊക്കെ എത്ര സുരക്ഷിതമായി മാത്രമേ നിങ്ങൾ ഓടിക്കുമായിരുന്നുള്ളൂ…
അന്ന് കാറിൽ രോഷ്നിയും എന്റെ മോളുമുണ്ടായിരുന്നു.. അവ൪ക്ക് ഒരു പോറൽപോലും പറ്റുന്നത് എനിക്ക് ഇഷ്ടമല്ല…
അതാണ് കാര്യം… മേൻ..
നിങ്ങളുടെ ഈയൊരു കാരക്റ്റ൪ കാരണം അവൾക്ക് ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു..
അതൊന്ന് മനസ്സിലാക്ക് ഇനിയെങ്കിലും..
അയാൾ അത് കേട്ടതായി ഭാവിച്ചില്ല..
രോഷ്നി വീട്ടിൽ തളച്ചിടപ്പെടേണ്ട ഒരു പാവയൊന്നുമല്ല.. അവൾക്കും അനന്തവിഹായസ്സിൽ ചിറകടിച്ച് പറക്കേണ്ടേ ഒരിക്കലെങ്കിലും…
നിന്നെയൊക്കെ ഞാൻ പറത്താമെടീ..
അയാൾ പല്ല് ഞെരിക്കുന്നത് സയനോര വ്യക്തമായി കേട്ടു.
ഒരാളെ കൊല്ലാൻ മാത്രം ക്രൂരനാണോ നിങ്ങൾ..?
അതിനുംമാത്രം ഞാനെന്ത് ചെയ്തെന്നാ..
സയനോര ഭയം പുറത്ത് കാണിക്കാതെ ചീറി.
നീ വന്നതിൽപ്പിന്നെയാണ് അവളാദ്യമായി ബോയ്കട്ട് ചെയ്യുന്നത്.. ജീൻസിടുന്നത്..
നിനക്കറിയോ.. എനിക്ക് അവളുടെ മുടിയാണ് ഏറ്റവും ഇഷ്ടം. രോഷ്നിയെ ഏറ്റവും സുന്ദരിയാക്കുന്നത് അവളുടെ മുടിയാണ്..
അതുകൊണ്ട്.. ? അവൾക്കും കാണില്ലേ അവളുടെതായ ഇഷ്ടങ്ങൾ… ?അവൾക്ക് അങ്ങനെ മുടി മുറിക്കുന്നത് ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണ് ഞാൻ കൂട്ടിക്കൊണ്ടുപോയി മുടിമുറിപ്പിച്ചത്.. ജീൻസ് ഇടാനും ആഗ്രഹം പറഞ്ഞതുകൊണ്ടാണ് വാങ്ങിക്കൊടുത്തത്..
അല്ലാതെ നീ പ്രോത്സാഹനം കൊടുത്തതുകൊണ്ടല്ല അവൾക്ക് അതൊക്കെ ധരിക്കാൻ തോന്നിയത്..? അല്ലേടീ..?
അവൾക്കേ വയസ്സ് അമ്പത്തിരണ്ടാണ്… അവളുടെ വെയ്റ്ററിയ്യോ നിനക്ക്..? എൺപത്തിമൂന്ന് കിലോയുണ്ട്.. അവളാണ് ഇനി ജീൻസുമിട്ട് നടക്കേണ്ടത്..?
പ്രായമൊക്കെ വെറും നമ്പറല്ലേ.. ?തടിയുള്ളവരും ജീൻസ് ഇടുന്നതുകൊണ്ടല്ലേ ആ അളവിലുള്ള ജീൻസ് അവൈലബിൾ ആയിരിക്കുന്നത്..? മാത്രവുമല്ല രാവിലെ എഴുന്നേറ്റ് ബിജു നടക്കാൻ പോകുമ്പോൾ അവളെയും കൊണ്ടുപോകാൻ പറ്റില്ലേ..? ഇതെന്താ മോണിംഗ് വോക്ക് സ്ത്രീകൾക്കൊന്നും പറഞ്ഞിട്ടുള്ളതല്ലേ..?
ബിജു തിരിച്ചെത്തുമ്പോഴേക്കും ബ്രേക്ക് ഫാസ്റ്റും ലഞ്ചും എല്ലാം അവൾ തയ്യാറാക്കിവെക്കണം.. നിങ്ങൾ അച്ഛനെയും മകളെയും നോക്കാൻ മാത്രമായാണോ അവളുടെ ജന്മം..?
സയനോര ഒട്ടും വിട്ടുകൊടുത്തില്ല.
പക്ഷേ കാറിന്റെ ഉലച്ചിലും സ്പീഡും കൂടുന്തോറും അവൾക്ക് പരിഭ്രമം കൂടുന്നുണ്ടായിരുന്നു.
ബിജു വല്ലാതെ വയലന്റ് ആയിട്ടുണ്ട്.. വണ്ടി നി൪ത്ത്.. എനിക്കിവിടെ ഇറങ്ങണം..
സയനോര ബഹളം വെക്കാൻ ഒരു ശ്രമം നടത്തി.
അടങ്ങിയിരുന്നോണം… ഹൈവേയിൽ കാറിൽവെച്ച് സീനുണ്ടാക്കി ആളെക്കൂട്ടാമെന്നാണ് ധാരണയെങ്കിൽ അലമ്പാകുമേ.. ഞാൻ പറഞ്ഞില്ലെന്നുവേണ്ട..
സയനോര കുറച്ചുനേരം മിണ്ടാതിരുന്നു. അപ്പോഴും അയാൾ ചറുപിറെ അവളെ കുറ്റപ്പെടുത്തുകയായിരുന്നു.
നിനക്കറിയോ രോഷ്നിയുടെ ഏറ്റവും വലിയ സ്വപ്നം എന്താണെന്ന്..?
അവളുടെ മകളുടെ വിവാഹം..
പെട്ടെന്നുതന്നെ എടുത്തടിച്ചതുപോലെ സയനോര പറഞ്ഞു.
എന്നിട്ടാണോ നീ മോളെ ബ്രെയിൻവാഷ് ചെയ്ത് വിവാഹമേ കഴിക്കേണ്ടെന്ന തീരുമാനത്തിലെത്തിച്ചത്..?
മകൾക്ക് വിവാഹത്തിന് ധരിക്കാനായി എത്ര പവന്റെ ആഭരണം വാങ്ങി അവൾ ലോക്കറിൽ വെച്ചിട്ടുണ്ടെന്ന് അറിയാമോ..? ഇങ്ങനെ എല്ലാം കെട്ടിപ്പൂട്ടി ലോക്കറിൽ വെക്കുന്നതെന്തിനാ.. അമ്മയ്ക്കും മകൾക്കും ഇതെല്ലാം ഓരോ ഫംഗ്ഷനും അണിഞ്ഞുകൂടെ എന്ന് ചോദിച്ചത് നീയല്ലേ..?
എന്നിട്ട് ഞാൻ അവരെക്കൊണ്ട് അതൊക്കെ ധരിപ്പിച്ച് ഓരോ ഫംഗ്ഷനും പോവുകയും ചെയ്തല്ലോ…
അതിൽ അവളുടെ അമ്മയുടെ ആഭരണങ്ങൾ വരെയുണ്ട്.. ഇതുവരെ രോഷ്നി പോലും ധരിക്കാത്ത ആഭരണങ്ങൾ.. നിനക്കറിയുമോ എന്നറിയില്ല രോഷ്നിയുടെ കുട്ടിക്കാലം അത്രയും കടുത്ത ദാരിദ്ര്യം ആയിരുന്നു.. അപ്പോൾപോലും വിറ്റുപോകാതെ, കൈമോശം വരാതെ അവളുടെ അമ്മ സൂക്ഷിച്ച രണ്ടുമൂന്ന് ആഭരണങ്ങളും അവൾ മകൾക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരിക്കുകയാണ്…
എനിക്കറിയാം ബിജു… ഞാൻ റോഷ്നിയെ കാണുന്ന കാലത്ത് അവൾക്ക് മാറിയുടുക്കാൻ രണ്ടിൽക്കൂടുതൽ വസ്ത്രങ്ങൾപോലും ഉണ്ടായിരുന്നില്ല… ആകെയുള്ള ആ രണ്ടു വസ്ത്രങ്ങൾ ആകട്ടെ വളരെയധികം പഴകി നരച്ച അവസ്ഥയിലും…
സയനോര പെട്ടെന്ന് താനും രോഷ്നിയും കൂട്ടുകാരായിരുന്ന തങ്ങളുടെ ബാല്യകാലത്തിലേക്ക് ഓർമ്മകളെ എടുത്തെറിഞ്ഞു. കളിയും ചിരിയും നൊമ്പരങ്ങളുമായി തങ്ങൾ പങ്കിട്ട നല്ലൊരു നിഷ്കളങ്കമായ കാലത്തെ ഓ൪ത്തിരിക്കവേ അവളുടെ കണ്ണുകൾ സജലങ്ങളായി. പതിനൊന്ന് വയസ്സുള്ളപ്പോഴാണ് തങ്ങൾ പിരിഞ്ഞത്. ഉന്നതവിദ്യാഭ്യാസം നേടി, റിസ൪ച്ച് ചെയ്ത്, ജോലി കിട്ടി, സിങ്കപ്പൂരിൽ പോയതും, വിവാഹത്തോടെ അവിടെ സെറ്റിൽ ചെയ്തതും, ഒടുവിൽ ഡൈവോഴ്സായതും വരെയുള്ള തന്റെ ജീവിതം ചെറിയൊരു സമയത്തിനുള്ളിൽ അവളുടെ ഉള്ളിൽ മിന്നലാടിക്കടന്നുപോയി.
നിനക്കറിയുമോ എത്ര നന്നായാണ് നീ വരുന്നതുവരെ ഞങ്ങൾ ജീവിച്ചുകൊണ്ടിരുന്നത് എന്ന്…
അവൾക്കും മകൾക്കും ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല ഞാൻ…
എന്റെ വരുമാനത്തിന്റെ തൊണ്ണൂറ് ശതമാനവും ഞാൻ ചിലവഴിക്കുന്നത് അവർക്കു വേണ്ടിയാണ്.. അവരുടെ ഭാവിയോ൪ത്താണ്.. ബാക്കി പത്ത് ശതമാനം പോലും ഞാൻ എനിക്കുവേണ്ടി ചിലവാക്കാറുമില്ല.. കഴിയുന്നത്ര സേവ് ചെയ്യും..
ഇങ്ങനെ സേവ് ചെയ്തിട്ട് എന്തിനാണ് ബിജു..?
അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളൊക്കെ വാങ്ങിക്കൊടുക്കാതെ…
ഏതു കാര്യമാ ഞാൻ അവർക്ക് വാങ്ങിക്കൊടുക്കാതിരുന്നിട്ടുള്ളത്..?
അയാൾ ക്രുദ്ധനായി സയനോരയെ നോക്കി.
എപ്പോഴെങ്കിലും ബാ൪ബിക്യു, അല്ലെങ്കിൽ അൽഫാം ഒക്കെ കഴിച്ചാലെന്താ..? ചത്തൊന്നും പോകില്ല..
വല്ലപ്പോഴും പുറത്തൊക്കെ പോയി ആഹാരം കഴിക്കാൻ അവർക്കും കാണില്ലേ കൊതി….
നീ എന്താ വിചാരിച്ചിരിക്കുന്നത് ഞാൻ അവരെയൊന്നും കൂട്ടി പുറത്തുപോകാറില്ല എന്നോ..? ഒരു വർഷത്തിൽ പത്തിരുപത് പ്രാവശ്യമെങ്കിലും വിവാഹമോ പാർട്ടിയോ മറ്റോ എന്തെങ്കിലുമൊക്കെ കാണും. നല്ല ഒന്നാന്തരം സദ്യ നമ്മൾ പലപ്പോഴും പുറത്തുനിന്ന് കഴിക്കാറുണ്ട്. പോരാത്തതിന് പോറ്റിഹോട്ടലിൽനിന്നും മസാലദോശ, വട, നെയ്റോസ്റ്റ്, ഐസ്ക്രീം കോ൪ണറിൽനിന്ന് വേണ്ടുവോളം ഐസ്ക്രീം, ഫലൂദ, ഐസ് കാൻഡി, എല്ലാം..
അതെന്താ നോൺവെജിന്റെ കാര്യമൊന്നും പറയാത്തത്..?
എനിക്ക് നോൺവെജ് വീട്ടിൽ പാചകം ചെയ്യുന്നതാണ് ഇഷ്ടം. രോഷ്നി അത് നന്നായി ഉണ്ടാക്കും എന്ന് തനിക്കറിയാമല്ലോ..? നീയും വന്നപ്പോൾ വെട്ടിവിഴുങ്ങുന്നുണ്ടായിരുന്നല്ലോ അവളുടെ കൈപ്പുണ്യം പറഞ്ഞ്…
അതുപിന്നെ രോഷ്നി ഉണക്കച്ചെമ്മീനും മുരിങ്ങാക്കായയുമിട്ട് ഓരോന്ന് ഉണ്ടാക്കിയതൊക്കെ അസാധ്യരുചിയായിരുന്നു…
ബിജുവിന് ഒരിടത്തും യാത്ര പോകാൻ ഇഷ്ടമല്ല എങ്കിൽ അവരെ പറഞ്ഞയച്ചുകൂടെ..? ലോകം മുഴുവൻ ചുറ്റുന്ന ഗ്രൂപ്പും ആപ്പുമൊക്കെയുള്ള ഈ കാലത്ത്…
പറഞ്ഞുമുഴുമിക്കാൻ സമ്മതിക്കാതെ ബിജു ഇടയിൽ കയറി ചോദിച്ചു:
അവരെ ലോകം ചുറ്റിക്കാനുള്ള പണം ഇയാളുടെ അമ്മായിയച്ഛൻ സമ്പാദിച്ചുവെച്ചിരിക്കുന്നോ..?
സയനോരക്ക് ചിരി വന്നുവെങ്കിലും അവളത് പ്രകടിപ്പിക്കാതെ പുറത്തേക്ക് നോക്കി.
സംഭാഷണം അത്രയുമെത്തിയപ്പോൾ അന്തരീക്ഷത്തിന് ഒരു അയവു വന്നു. പിന്നെ കുറച്ചുനേരം അവർ ഒന്നും സംസാരിച്ചില്ല.. കാർ കടൽപാലത്തിനോട് അടുത്തെത്തുകയാണെന്ന് സയനോര മനസ്സിലാക്കി.
അവൾ പതിയെ ബിജുവിനോട് റിക്വസ്റ്റ് ചെയ്തു നോക്കി:
ഇനി ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരികയേയില്ല.. നിങ്ങൾ എന്താണെന്ന് വെച്ചാൽ ആയിക്കോ… എന്നെ പോകാൻ അനുവദിക്കൂ.. പ്ലീസ്…
ഇല്ല..
അയാളുടെ ശബ്ദം ഉറച്ചതായിരുന്നു.
പെട്ടെന്ന് സയനോര പൊട്ടിത്തെറിച്ചു:
നിങ്ങൾക്ക് എന്നെ കടലിൽ എടുത്തറിയാനല്ലേ സാധിക്കുകയുള്ളൂ.. എനിക്ക് മരിക്കാൻ സമയമായിട്ടില്ലെങ്കിൽ ആരെങ്കിലും എന്നെ രക്ഷിച്ചെന്നിരിക്കും.. അതോടെ നിങ്ങളുടെ കഥ കഴിഞ്ഞു. അതും കൂടി ഓർത്തോളൂ.. ഞാൻ ജീവനോടെ ബാക്കിയായിക്കഴിഞ്ഞാൽ പിന്നെ നിങ്ങൾക്ക് പഴയ ബിജു ആയി ഈ ലോകത്ത് ജീവിച്ചിരിക്കാൻ സാധിക്കുകയില്ല…
അയാൾ അതിനുത്തരമായി പതിയെ പറഞ്ഞു:
എനിക്കും നീന്തൽ അറിയുകയില്ല.. ഞാനും ഈ പാലത്തിൽനിന്ന് ചാടിയാൽ ബാക്കിയാവുകയില്ല…
അതിൽ ഒരു ഭീഷണിയുടെ സ്വരം ഉണ്ടെന്ന് സയനോര മനസ്സിലാക്കി. താൻ ജീവനോടെ രക്ഷപ്പെട്ടു വന്നാൽപ്പിന്നെ അയാൾ ജീവിച്ചിരിക്കില്ല എന്നാണ് അതിനർത്ഥം എന്ന് അവൾക്ക് മനസ്സിലായി.
അവൾ അവസാനശ്രമമെന്നോണം പറഞ്ഞു:
നിങ്ങൾ നിങ്ങളുടെ മകളെ ലണ്ടനിൽ അയച്ചു പഠിപ്പിക്കാൻ ഒരുങ്ങുകയാണല്ലോ.. അവൾ അവിടെ പോയി തിരിച്ചെത്തിയാൽ തീർച്ചയായും രോഷ്നിയെ ഞാൻ പറഞ്ഞ രീതിയിലൊക്കെ മാറ്റിയെടുത്തിരിക്കും. അവൾ നിങ്ങളുടെ ഫ്ലാറ്റ് വിട്ട് മറ്റൊരു ലോകം കാണാൻ പോവുകയാണ്.. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ പോവുകയാണ്.. സ്വന്തമായി ജോലി ചെയ്ത് ആരെയും ആശ്രയിക്കാതെ എങ്ങനെ ജീവിക്കാൻ കഴിയും എന്ന് അറിയാൻ പോവുകയാണ്.. തന്റെ അമ്മ ഇത്രയും കാലം എങ്ങനെയാണ് കഴിഞ്ഞിരുന്നത് എന്ന് തിരിച്ചറിയാൻപോവുകയാണ്.. അതോടുകൂടി എന്തായാലും റോഷ്നിയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കും. തന്നെ അവൾ തനിച്ചാക്കി മകളുടെ അടുത്തേക്ക് പോകാനും അത് മതി..
അതുകൂടി കേട്ടതോടെ അയാൾക്ക് ഭ്രാന്ത് പിടിച്ചു. അയാൾ ഡോർ തുറന്ന് പുറത്തിറങ്ങി. മറുവശത്തുകൂടെ വന്ന് ഡോർ തുറന്നു. സയനോരയെ വലിച്ചു പുറത്തെത്തിച്ചു. അവളുടെ കൈയ്യിലെ കെട്ടുകളഴിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് അയാൾ ചുറ്റും നോക്കി. കൈയ്യിലെ കെട്ടുകൾ അഴിച്ചതോടുകൂടി അവൾക്ക് കുറച്ചു സമാധാനമായി. ബിജു തന്റെ കൈകൾ കൂട്ടിക്കെട്ടാനുള്ള പ്രയത്നത്തിനിടയിൽ മൊബൈൽ താഴെ വീണുപോയിരുന്നു. അവൾ എത്തി അത് എടുത്തു. അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു.
തന്നെ തിരഞ്ഞുവരാൻ അവിടെയും ആരുമില്ല എന്നല്ലേ പറഞ്ഞത്..
അപ്പോൾ സിംഗപ്പൂരിൽ എത്തിയാലെന്ത്… എത്തിയില്ലെങ്കിലെന്ത്.. താൻ ഒരിക്കലും തിരിച്ചുവരാത്തിടത്ത് പോയാൽ മതി..
അയാൾ ക്രൂരതയോടെ പറഞ്ഞു.
അയാളുടെ കണ്ണുകളിൽ എരിയുന്നത് നിരാശയാണോ പകയാണോ എന്ന് തിരിച്ചറിയാനാവാത്തവിധം ചുകന്ന കനലുകളായിരുന്നു.
പെട്ടെന്നാണ് സയനോരയുടെ ഫോണിലൂടെ രോഷ്നിയുടെ ശബ്ദം പുറത്തുവന്നത്:
ഞാൻ എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.. മതിയാക്കിക്കൂടെ രണ്ടു പേർക്കും..?
പെട്ടെന്ന് സയനോര ഫോൺ ഓഫ് ചെയ്തു. അവളോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബിജു തന്റെ കൈകൾ കുട്ടിക്കെട്ടാനുള്ള ശ്രമം തുടങ്ങിയത് എന്ന് സയനോര ഓർത്തു. ഫോൺ ഓഫ് ചെയ്യുന്നതിനിടെ കൈയ്യിൽനിന്നും വീണുപോയിരുന്നു. ഇത്രനേരവും രോഷ്നി എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.
കാര്യങ്ങൾ കൈവിട്ടുപോയി എന്ന് മനസ്സിലായതോടെ ബിജുവിന്റെ മുഖം കൂടുതൽ ക്രുദ്ധമായി. സയനോരയെ വലിച്ചു കാറിനകത്തേക്കിട്ട് അയാൾ കാർ മുന്നോട്ട് എടുത്തു. ചുരുങ്ങിയ മിനിറ്റുകൾകൊണ്ട് അവളെ എയർപോർട്ടിനടുത്ത് ഡ്രോപ്പ് ചെയ്തു. ഒന്നുംതന്നെ സംസാരിക്കാതെ അയാൾ വേഗം കാറെടുത്ത് കടൽപ്പാലത്തിനടുത്തേക്കുതന്നെ ഓടിച്ചുപോയി. സയനോരക്ക് ഒന്നുംതന്നെ പറയാൻ സമയം കിട്ടിയില്ല. അവളാകെ സ്തംഭിച്ചുപോയിരുന്നു.
പാലത്തിൽ എത്തിയതും ബിജു കാർ നിർത്തി പുറത്തിറങ്ങി. അസ്തമയസൂര്യൻ കടലിൽ താഴാൻ ഇനി ഏതാനും നിമിഷങ്ങൾമാത്രം ബാക്കി. പൊടുന്നനെ അയാൾ തന്റെ അമ്മയെ ഓർത്തു. തറവാട്ട് വീട്ടിലെ കുളത്തിൽ വീണ് മുങ്ങിപ്പൊങ്ങുകയായിരുന്ന തന്നെ രക്ഷിക്കാനായി ചാടി, തന്നെ എടുത്ത് കൽപ്പടവുകളോളം എത്തിച്ചതിനുശേഷം വെള്ളത്തിലേക്ക് തന്നെ അമ്മ മുങ്ങി താണുപോയ ആ നിമിഷം… തനിക്ക് തന്റെ അമ്മയെ നഷ്ടമായ ആ നിമിഷം…
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതിന്റെ വേദന ഒരിക്കലും താങ്ങാനാവാത്തവിധം തന്റെ മനസ്സ് തനിക്ക് നഷ്ടപ്പെട്ടുപോയ ആ നിമിഷം…
അയാളുടെ തലയിലൂടെ അയാൾക്കുപോലും അന്യമായ ഏതോ വികാരങ്ങൾ ജ്വലിച്ചുണർന്നു.. തീ പിടിച്ചു പുകഞ്ഞു. രോഷ്നിയുടെയും മകളുടെയും മുഖം അവസാനമായി അയാൾ ഓർത്തെടുത്തു. ഇനി താൻ ബാക്കിയാവുന്നതിൽ അർത്ഥമില്ലെന്ന് അയാൾക്ക് തോന്നി. രോഷ്നി എല്ലാം അറിഞ്ഞിരിക്കുന്നു. താൻ വിചാരിച്ചതൊന്നും നടന്നതുമില്ല. ഒരുപക്ഷേ സയനോര പോലീസിൽ കംപ്ലൈന്റ് ചെയ്തേക്കും. തനിക്ക് ഇതൊന്നും ഇനി നേരിടാനുള്ള ധൈര്യമില്ല. മകളുടെ മുഖത്ത് നോക്കാൻപോലും തനിക്കിനി അർഹതയില്ല..
സയനോര വന്നപ്പോൾ പത്തുനാല്പത്തഞ്ചുദിവസം രോഷ്നി തന്നെ മറന്നമട്ടായിരുന്നു. അവസാനദിവസങ്ങളിൽ രോഷ്നിയുടെ കിടത്തംപോലും അവളോടൊപ്പം ആയിരുന്നു. രാത്രിയാവോളം, ചിലപ്പോൾ പുലരും വരെ അവർ വർത്തമാനം പറഞ്ഞിരിക്കും.. തനിച്ചിരുന്ന് തനിക്ക് വട്ടായിപ്പോയ നാളുകൾ..
അമ്മേ..
എന്നെക്കൂടി കൊണ്ടുപോയ്ക്കോളൂ…
അന്നെന്തിനായിരുന്നു എന്നെമാത്രം രക്ഷിച്ചത്..?
എനിക്ക് സ്നേഹിക്കുന്ന മുഴുവനാളുകളും നഷ്ടപ്പെടാനാണോ വിധി..
അമ്മയ്ക്കുശേഷം എന്നെ പരിപാലിച്ചിരുന്ന ചിറ്റയുടെ മകൾ സീതേച്ചി വിവാഹം കഴിഞ്ഞ് പോയതോടെയാണ് അടുത്ത അനാഥത്വം വീണ്ടുമറിഞ്ഞത്. അതിനുശേഷം കൂടെ പഠിച്ചിരുന്ന സുധാകരൻ അച്ഛന് ട്രാൻസ്ഫർ കിട്ടി ദൂരെ സ്ഥലം മാറിപ്പോയി.
പിന്നീട് കോളേജിലെ ആദ്യത്തെ പ്രണയം… അവസാന പരീക്ഷ കഴിഞ്ഞിറങ്ങുമ്പോഴാണ് അവളുടെ വിവാഹം നിശ്ചയിച്ചതറിയുന്നത്…
അതോടെ ജീവിതത്തോട് ഒരുതരം വാശിയായിരുന്നു. എന്തൊക്കെയോ വെട്ടിപ്പിടിക്കാനുള്ള ഒരുതരം വാശി. രോഷ്നി ജീവിതത്തിലേക്ക് കയറിവന്നതോടുകൂടിയാണ് താനൊന്ന് തണുത്തത്. മകൾ കൂടിയായപ്പോൾ തനിക്ക് ലോകം ജയിച്ച ആഹ്ലാദമായിരുന്നു. പക്ഷേ കഴിഞ്ഞ പത്ത് നാൽപ്പത്തഞ്ചുനാൾ തനിക്ക് അസഹ്യമായിരുന്നു. തനിക്ക് എന്തൊക്കെയോ പോരായ്മയുണ്ടെന്ന് അവളുടെ കൂട്ടുകാരി അവളെ ഉപദേശിച്ചുകൊടുത്തപ്പോൾ ഒറ്റപ്പെട്ടുപോയത് താനാണ്… ഇനിയൊരിക്കലും തനിക്ക് അവരൊക്കെ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരാളാകാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. അതാണ് ഈ കാട്ടിക്കൂട്ടിയതൊക്കെയും.. ഇനി വീട്ടിലേക്ക് തിരിച്ചുപോകാൻ വയ്യ…
പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്. രോഷ്നിയാണ്… എടുക്കണോ..?
അയാൾ ഒന്നും മടിച്ചു..
ഒരു പ്രാവശ്യവും രണ്ടു പ്രാവശ്യവും കോൾ മുഴുവൻ റിങ്ങ് ചെയ്തു. അയാൾക്ക് എന്തുവേണമെന്നറിയില്ലായിരുന്നു.. മൂന്നാമത്തെ പ്രാവശ്യം റിങ് ചെയ്തതും പെട്ടെന്നുണ്ടായ ആവേശത്തിൽ അയാൾ കാൾ അറ്റൻഡ് ചെയ്തു.
ഹലോ… റോഷ്നീ…
അയാൾ ആ൪ദ്രതയോടെ വിളിച്ചു.
ബിജുവേട്ടാ…
ഇങ്ങോട്ട് പോരൂ.. എനിക്കും മോൾക്കും ചേട്ടനില്ലാതെ പറ്റില്ലെന്നറിയില്ലേ..
അവൾ നിർത്താതെ കരയുകയായിരുന്നു.
രോഷ്നീ, നിനക്ക് ഇനിയും മുടി മുറിക്കാൻ ഇഷ്ടമാണെങ്കിൽ ചെയ്തോളൂ.. എനിക്ക് പരിഭവമില്ല..
എനിക്കിനി മുടി മുറിക്കേണ്ട.. ഞാൻ ചേട്ടന്റെ ഇഷ്ടത്തിന് ജീവിച്ചോളാം..
അവൾ പിന്നെയും കരയുന്നുണ്ടായിരുന്നു.
വേണ്ട.. നിന്റെ ഇഷ്ടങ്ങളൊന്നും ഇനി ഞാൻ തടയില്ല..
വേഗം വാ ബിജുവേട്ടാ..
അവൾ കെഞ്ചി.
അയാൾ ദാ വരുന്നു എന്നും പറഞ്ഞ് കാ൪ സ്റ്റാർട്ട് ചെയ്തു. അപ്പോഴാണ് സയനോരയും വിളിച്ചത്..
അയാൾക്ക് ആ കോൾ അറ്റൻഡ് ചെയ്യാൻ ചമ്മലുണ്ടായിരുന്നു. എന്നാലും ഫോൺ എടുത്ത് ഹലോ പറഞ്ഞു.
ദേ.. ഞാൻ ഫ്ലൈറ്റിൽ കയറാൻ പോവുകയാണ്… വേണ്ടാത്ത അബദ്ധം ഒന്നും കാണിക്കാതെ നല്ല കുട്ടിയായി റോഷ്നിയുടെ അടുത്തേക്കുതന്നെ തിരിച്ചുപോയാട്ടെ..
അയാൾ മടിയോടെ പറഞ്ഞു:
അതേ.. പിന്നെ..
രോഷ്നിക്ക് ജീൻസ് വാങ്ങണമെന്നുണ്ട്..
ഹ.ഹ..
എത്രയായിരുന്നു അവളുടെ സൈസ്..?
അയാൾ ചോദിച്ചു.
സയനോര പൊട്ടിച്ചിരിച്ചു.
✍ ഭാഗ്യലക്ഷ്മി. കെ. സി.