അറിഞ്ഞില്ലേ നമ്മുടെ പുല്ലാനിയിലെ ഗോവിന്ദേട്ടന്റെ മോള് വിഷം കഴിച്ച് ആശൂത്രിയിലാണ്… സംഗതി ഇത്തിരി കഷ്ടാണ്… തിരിച്ചു കിട്ടൂലാന്നാണ് ഡോക്ടർമാരെല്ലാം പറഞ്ഞതെന്ന് പറയണകേട്ടു ആരൊക്കയോ…നേരോ നൊണയോ… രക്ഷപ്പെട്ട് വന്നാ മതിയായിരുന്നു, അത്രേം നല്ലൊരു കുട്ടിയല്ലേ അത്..”
പുഴക്കരയിലും ചായക്കടകളിലും ഗോവിന്ദേട്ടന്റെ മോൾ മീരയുടെ ആത്മഹത്യ ശ്രമം വലിയൊരു ചർച്ചയായ് മാറിയപ്പോൾ അതിനൊപ്പം തന്നെ ഉയർന്നു വന്നു വടക്കത്തെ വിഷ്ണുവിന്റെ പേരും..
മീരയ്ക് വിവാഹം പറഞ്ഞുറപ്പിച്ചവനാണ് വിഷ്ണു…
മീരയെ പൂർണ്ണാരോഗ്യത്തോടെ തിരികെ കിട്ടണേയെന്ന പ്രാർത്ഥനയിൽ ഒരു ഗ്രാമം മുഴുവനുണ്ട് ..
നീറുന്ന നെഞ്ചും ഒഴുകുന്ന കണ്ണുമായ് അവളുടെ പ്രാണനു വേണ്ടി അറിയാവുന്ന ദൈവങ്ങളെയെല്ലാം കരഞ്ഞു വിളിച്ചു കൈകൂപ്പി വിഷ്ണു…
കണ്ണീരൊഴുകി പരന്ന വിഷ്ണുവിന്റെ മുഖത്തേക്ക് യാതൊരു ദയവുമില്ലാതെ നോക്കി നിന്നവന്റെ അനിയത്തി വിദ്യ…
വിഷ്ണു കരഞ്ഞതിനെക്കാൾ ഉച്ചത്തിൽ ആ വീട്ടുമുറ്റത്തു കിടന്നു കരഞ്ഞൊരു പെണ്ണിന്റെ കരച്ചിലന്നേരവും ഒരു നെരിപ്പോടായ് ഉള്ളിലെരിഞ്ഞു നിൽക്കുന്നതു കൊണ്ടു തന്നെ വിഷ്ണുവിന്റെ കരച്ചിലവളെ ബാധിച്ചതേയില്ല..
“ചെയ്യാനും പറയാനും ഉള്ളതു മുഴുവൻ ചെയ്തു കൂട്ടി ആ പാവത്തിന്റെ മനസ്സ് പിച്ചി പറിച്ച് വേദനിപ്പിച്ചു വിട്ടതിന്റെ ഫലമാണ് ഏട്ടാ ഇതെല്ലാം…
ഇനിയിവിടെയിരുന്ന് കരഞ്ഞിട്ടെന്താ ഏട്ടാ കാര്യം…
ഏട്ടനവളെ വേണ്ടായെന്നു വെച്ചൊഴുവാക്കിയപ്പോൾ അവൾ അവളെ തന്നെയീ ഭൂമിയിൽ നിന്ന് ഒഴിവാക്കാൻ നോക്കി, അതിലിനി ഏട്ടൻ കരഞ്ഞിട്ടോ കുറ്റബോധപ്പെട്ടിട്ടോ കാര്യമില്ല… ഒരിക്കലും മടക്കമില്ലാത്തൊരു ലോകത്തേക്ക് എത്രയും പെട്ടന്നവൾ ചെന്നുചേരട്ടെയെന്ന് പ്രാർത്ഥിച്ചേക്ക് ഏട്ടനിനി…”
ദയയുടെ കണിക പോലുമില്ലാത്ത ശബ്ദത്തിൽ വിദ്യ പറയുന്നതൊരു വിറയലോടെ കേട്ടു നിന്നതല്ലാതെ മറുത്തൊന്നും അവളോടു പറയാൻ കഴിഞ്ഞില്ല വിഷ്ണുവിന്..
പ്രാണനോളം പ്രിയപ്പെട്ടവളാണ് മീര…
വെറുമൊരു ക്യാമ്പസ് പ്രണയത്തിനപ്പുറം തന്റെ ജീവിതത്തിലെ എല്ലാമായ് മാറിയവൾ…
ഒരുമ്മിച്ച് നെയ്തുകൂട്ടിയ സ്വപ്നങ്ങളൊരുപാടാണ്… ചെയ്തു തീർക്കാനും പറഞ്ഞു തീർക്കാനും അതിലേറെയും…
മക്കളുടെ ജീവിതം അവരുടെ ഇഷ്ടത്തിനെന്ന് പറഞ്ഞ് വീട്ടുകാർ തങ്ങളുടെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെയാണ് വിധി തങ്ങളുടെ ജീവിതത്തിൽ വില്ലനായെത്തിയത്..
ചിന്തകൾ മനസ്സിൽ കടന്നൽ കൂടിളക്കിയതും വിഷ്ണു തന്റെ വീൽചെയർ മെല്ലെ പൂജാമുറിയിലേക്ക് ഉരുട്ടി..
മാറി നിന്നേട്ടനെ തന്നെ ശ്രദ്ധിച്ചിരുന്ന വിദ്യയുടെ നെഞ്ചിലും ഒരു പോറൽ വീഴ്ത്തി ഏട്ടന്റെയാ വീൽചെയറിലെ മടക്കം
നോക്കുകണ്ണീരോടെ കൈകൾ കൂപ്പി തൊഴുതു പോയവൾ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളെയും മീരയുടെ ജീവനു വേണ്ടി
വിവാഹത്തിനുള്ള വസ്ത്രങ്ങൾ എടുത്തു മടങ്ങും വഴിയാണ് വിഷ്ണുവും മീരയും സഞ്ചരിച്ച ബൈക്ക് ആക്സിഡന്റിൽപ്പെടുന്നത്..
വലിയ പരിക്കുകളില്ലാതെ മീര രക്ഷപ്പെട്ടുവെങ്കിലും ആ അപകടം വിഷ്ണുവിന്റെ നട്ടെല്ലിനെ സാരമായ് തന്നെ ബാധിച്ചു, കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു…
ആശിച്ചത്രയേറെ കൊതിച്ച ജീവിതം കൺമുന്നിൽ ഇല്ലാതായതു പോലെ തളർന്നു വിഷ്ണു അതിനു ശേഷം..
ആരെയും കാണാനോ മിണ്ടാനോ താൽപ്പര്യപെടാതൊരു മുറിയിലായ് അവനൊതുങ്ങിയപ്പോൾ ആദ്യം ചെയ്തത് നിഴലായ് തനിക്കൊപ്പമുണ്ടായിരുന്നവളെ, മീരയെ തന്നിൽ നിന്നകറ്റുകയാണ്…
കരഞ്ഞും കാലു പിടിച്ചും കെഞ്ചിയ മീരയെ കണ്ടില്ലെന്നു നടിച്ചു ആട്ടിയകറ്റി വിഷ്ണു.. തളർന്നു പോയ തനിയ്ക്ക് മീര ആഗ്രഹിക്കുന്നൊരു ജീവിതം അവൾക്ക് നൽകാനാവില്ലയെന്നു പറഞ്ഞവൻ കരഞ്ഞപ്പോൾ ഇരു വീട്ടുകാരും അവനൊപ്പം നിന്നു… മറ്റൊരു വിവാഹത്തിന് മീരയെ നിർബന്ധിച്ചു.. അതിന്റെ അനന്തരഫലമാണ് മീരയുടെ ആത്മഹത്യാശ്രമം…
മീരാ… മോളെ…. വിച്ചേട്ടനാടീ….
ഇനിയും തെളിയാത്ത ബോധത്തോടെ ഐ സി യു വിനുള്ളിൽ കിടക്കുന്ന മീരയുടെ അരികിലിരുന്നവളെ വിളിക്കുമ്പോൾ ഹൃദയം പറിഞ്ഞു പോരും പോലെ വേദനിച്ചു വിഷ്ണുവിന്…
ഇന്നും മരുന്നുകളോട് മീര പ്രതികരിച്ചില്ലെങ്കിൽ പിന്നെയൊരുമടക്കം ജീവിതത്തിലേക്ക് മീരയ്ക്ക് ഇല്ലാന്ന് ഡോക്ടർ പറഞ്ഞത് അവന്റെയുള്ളിൽ പിന്നെയും പിന്നെയും മുഴങ്ങി…
“കൂടെ ചേർത്തു പിടിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല മോളെ… നിന്നെആട്ടിയകറ്റിയത്,മോളാഗ്രഹിച്ച ജീവിതം എനിയ്ക്ക തരാൻ കഴിയാഞ്ഞിട്ടല്ല ഞാൻ പൊന്നിനെ വേണ്ടാന്നു വെച്ചത്..അതിനെന്നെ ഇങ്ങനെ ശിക്ഷിക്കണമായിരുന്നോ ടീ നീ… ഇങ്ങനൊരു തീരുമാനം നീയെടുക്കുമെന്നറിഞ്ഞിരുന്നേൽ ആട്ടിയകറ്റിലായിരുന്നെടീ നിന്നെ ഞാൻ…”
ദേഹമാസകലം പലതരം വയറുകളുമായ് ബോധം മറഞ്ഞു കിടക്കുന്നവളുടെ കാതോരം ചേർന്നിരുന്ന് വിതുമ്പിയവൻ പറഞ്ഞ ഓരോ വാക്കും പ്രാണൻ വേർപ്പെടാനൊരുങ്ങി നിന്നവൾക്കൊരു മൃതസഞ്ജീവനി തന്നെയായിരുന്നു.
ഇനിയുമവളിൽ നിന്ന് വേർപ്പെടാൻ വയ്യെന്ന പോലാ പ്രാണനവളിൽ തന്നെ കുടിയിരുന്നതും അവളുടെ കണ്ണിൽ നിന്നു രണ്ടു തുള്ളി
കണ്ണു നീരിറ്റു വീണു വിഷ്ണുവിന്റെ കൈകളിലേക്ക്…
ജീവിതത്തിലേക്കുള്ള മീരയുടെ മടക്കമായിരുന്നത്…
മാസങ്ങൾക്കു ശേഷം വിഷ്ണു ചാർത്തിയ സിന്ദൂരവും താലിയുമണിഞ്ഞവന്റെ മണിയറയിൽ മീര ഇരിക്കുമ്പോൾ നിറക്കണ്ണുകളോടവളെ നോക്കിയിരുന്നു വിഷ്ണു
തനിയ്ക്കിപ്പോഴും അവളുടെ കാമുകനായിട്ടിരിക്കാനല്ലേ കഴിയുന്നുള്ളു എന്നോർത്ത് പിടഞ്ഞവന്റെ ഉള്ളം
അവളിലെ സ്ത്രീയെ ഒരു ഭർത്താവിന്റെ എല്ലാ വിധ അവകാശത്തോടെ സ്വന്തമാക്കി പൂർണ്ണതയിലെത്തിക്കാൻ തന്നിലെ പുരുഷനു കഴിയുന്നില്ലല്ലോ എന്ന ചിന്തയിലവന് പാതി ചത്ത തന്റെ ശരീരത്തോട് അതുവരെയില്ലാത്ത വെറുപ്പു തോന്നി…
ഒന്നും.. ഒന്നും.. വേണ്ടിയിരുന്നില്ലെന്ന് പിന്നെയും ആർത്തവന്റെ ഉള്ളം…
“വിച്ചേട്ടാ…..,,,
വിഷ്ണുവിന്റെ ഉള്ളം തേങ്ങുന്നതു
തിരിച്ചറിഞ്ഞെന്നവണ്ണം അവന്റെ നെഞ്ചോരം കിടന്നു മീരയും
“ഈ മനസ്സിലെ ചിന്തകളെന്തെല്ലാമാണെന്നറിയാം എനിയ്ക്ക്, ഞാൻ സ്നേഹിച്ചത് വിച്ചേട്ടനെയാണ് ജീവിക്കാൻ കൊതിച്ചതും വിച്ചേട്ടനൊപ്പമാണ്.. അതു മാത്രം മതിയെനിക്ക്… മറ്റൊരു മോഹവുമില്ലെനിക്ക്… സത്യം.. ”
അവന്റെ കവിളിലും നെറ്റിയിലും മുത്തങ്ങൾ നൽകിയവൾ അരുമയോടെ പറഞ്ഞതും വിഷ്ണു അവളെ തന്റെ നെഞ്ചോരം ചേർത്തണച്ചു…
“ഞാനെന്ന പുരുഷനെ അറിയാൻ നീയെത്ര കൊതിച്ചിരുന്നുവെന്നെനിക്കറിയാം മോളെ… അപകടത്തിനു മുമ്പ് നമ്മുടെ സംസാരങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്നു മോളെ നിന്റെയാമോഹം.. എന്റെ വിയർപ്പിലൊട്ടി എന്റെ ശരീരത്തിലേക്ക് നിന്റെ ശരീരം ചേർത്ത് നാം ഒന്നായ് തീരുന്നതും എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചവരെ പാലൂട്ടി വളർത്തുന്നതും നിന്റെ സ്വപ്നമായിരുന്നോ മോളെ…?
കണ്ണുനീർ നനവോടെ ഉള്ളിൽ മഥിക്കുന്ന ചോദ്യങ്ങൾ വിഷ്ണു ചോദിച്ചതും അവന്റെ മുന്നിലൊന്നു മുത്തി ചിരിയോടവനെ നോക്കി മീര..
“എന്റെ സ്വപ്നങ്ങളെല്ലാം നിന്നെ ചുറ്റിപറ്റിയാണ് വിച്ചേട്ടാ… നീയില്ലായ്കയിൽ ഞാനൊരിക്കലും പൂർണ്ണയാവുകയുമില്ല… കാരണം സ്വപ്നങ്ങൾ കണ്ടതും മോഹങ്ങൾ നെയ്തതും നമ്മളൊരുമിച്ചാണ്.. വിധിയിൽ, ദൈവത്തിൽ വിശ്വസിക്കുന്നവളാണ് ഞാൻ… നമ്മൾ കണ്ട സ്വപ്നങ്ങൾ എന്നെങ്കിലും നടക്കുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.. അങ്ങനെ അല്ലെങ്കിലും ഞാൻ സന്തോഷവതിയാവും ദാ.. ഈ നെഞ്ചോരം എന്നെ ചേർത്തു വെച്ചാൽ മതി എപ്പോഴും.. എന്റെ സങ്കടങ്ങൾക്കുള്ള മരുന്നായ് എന്നും എന്റെ ഒപ്പം ഉണ്ടായാൽ മതി.. ഞാനെന്ന പെണ്ണിന്റെ മോഹം അതു മാത്രമാണ് വിച്ചേട്ടാ…”
അറിയുംതോറും അറിയാനേറെ ബാക്കി വെക്കുന്ന പെണ്ണെന്ന സമസ്യയിൽ വിഷ്ണു പതറി നിൽക്കുമ്പോൾ അവന്റെ നെഞ്ചോരം ചാഞ്ഞുറങ്ങി തുടങ്ങിയിരുന്നു മീര…
അതേ അവളെന്നും മോഹിച്ചിട്ടുള്ളൂ.. പ്രാർത്ഥിച്ചിട്ടുള്ളു…
അപൂർവ്വങ്ങളിൽ ചിലരങ്ങനെയും ഉണ്ടീ ഭൂമിയിൽ… ശരീരം കൊണ്ടല്ലാതെ മനസ്സുകൊണ്ട് സ്നേഹിക്കുന്നവർ…
ശുഭം
RJ