“നീയൊക്കെയിനി എന്നാണ് കവിതേ മനുഷ്യന് ഇഷ്ടപ്പെടുന്നതു പോലെ വായക്കു രുചിയായിട്ട് ചോറും കറിയും വെക്കാൻ പഠിക്കുന്നത്.. ഒന്നിലും ഇല്ല ഉപ്പും പുളിയും മസാലയും… നീ തന്നെ തിന്നോ എല്ലാം എനിയ്ക്ക് വേണ്ട…”
ഡൈനിംങ് ടേബിളിൽ നിന്ന് ഉയർന്ന മധുവിന്റെ ശബ്ദത്തിനൊപ്പം തന്നെ നിലത്ത് പ്ലേറ്റുകൾ വീണ് കലമ്പുന്ന ശബ്ദവും കൂടി കേട്ടതും സഹതാപതോടെ കവിതയെ ഒന്നു നോക്കി ലത…
ഈ ബഹളങ്ങളൊന്നും തന്നെ ബാധിക്കുകയേ ഇല്ലായെന്ന വിധം അടുക്കളയിലെ കുഞ്ഞു ഡൈനിംഗ് ടേബിളിലിരുന്ന് ചപ്പാത്തി കഴിക്കുന്ന കവിതയെ അത്ഭുതം വിരിയുന്ന കണ്ണാടെയാണ് ലത പിന്നെ നോക്കിയത്…
” ‘അമ്മ കഴിച്ചു കഴിഞ്ഞെങ്കിൽ മധുവേട്ടൻ കഴിച്ച പാത്രങ്ങളും മറ്റും ഒന്നെടുത്തോണ്ടു വരാമോ..?
കവിത ചോദിച്ചതും മറുത്തൊന്നും പറയാതെ ലത വേഗം ഹാളിലെ ടേബിളിനരികിലേക്ക് ചെന്നതും അമ്പരന്നു പോയ്…
കൊണ്ടു വച്ച ആഹാരമെല്ലാം ഇത്തിരി പോലും മിച്ചം വെക്കാതെ കഴിച്ചു തീർത്തിട്ടുണ്ട് മധു… അതിനു ശേഷമാണവൻ പാത്രം താഴെയിട്ട് കവിതയെ ചീത്ത പറഞ്ഞിരിക്കുന്നത്, അതും ഭക്ഷണത്തിന് രുചിയില്ല എന്നു പറഞ്ഞ്…
“കവി… മോളെ.. മധു മോൻ എല്ലാം കഴിച്ചിട്ടാണെടീ രുചിയില്ലാന്ന് നിന്നെ വഴക്കു പറഞ്ഞത്… രുചിയില്ലെങ്കിൽ ആരെങ്കിലും ആഹാരം മുഴുവൻ കഴിക്കുമോ…?
സംശയമെന്ന പോലെ ലത കവിതയോട് ചോദിച്ചതിനും ഒരു ചിരി മാത്രം മറുപടി നൽകി കവിത…..
“എത്ര ടേസ്റ്റില്ലെങ്കിലും ഞാൻ ഭക്ഷണം കഴിക്കും കവിതേടെ അമ്മേ… കാരണം ഞാൻ കഷ്ടപ്പെട്ടാണ് ഇതെല്ലാം ഉണ്ടാക്കുന്നത്… ഒന്നും വെറുതെ കളയുന്നത് എനിയ്ക്ക് ഇഷ്ടമില്ല.. ”
അവിടേക്ക് ധൃതിയിൽ കടന്നു വന്ന് മധു മറുപടി പറഞ്ഞതും ഒന്നു വല്ലാതെയായ് ലത…
അവനവിടേക്കപ്പോൾ വരുമെന്നവർ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…
“നീകഴിച്ചു കഴിഞ്ഞില്ലേ… വന്നെന്റെ നീല ഷർട്ടൊന്ന് അയേൺ ചെയ്തു തന്നേ… നാളെ ഓഫീസിൽ പോവുമ്പോൾ ഇടാനാണ്… അതു കഴിഞ്ഞിട്ടു വന്നു കഴിക്കാം നിനക്ക്…”
ആജ്ഞ പോലെ മധു പറഞ്ഞതും മറുത്തൊന്നും പറയാതെ വേഗം ഭക്ഷണം നീക്കിവെച്ച് കൈ കഴുകി അവനു പിന്നാലെ മുറിയിലേക്ക് നടക്കുന്ന കവിതയെ നെഞ്ചുനീറുന്ന സങ്കടത്തോടെ നോക്കി നിന്നു ലത…
അവരുടെ നോട്ടം അവൾ കഴിച്ചു പകുതിയാക്കി വെച്ച ഭക്ഷണത്തിലേക്കൊന്നു തെന്നി..
തന്റെ മകളുടെ ജീവിതം തിരഞ്ഞെടുത്ത് കൊടുത്തതിൽ തനിയ്ക്കും അവളുടെ അച്ഛനും തെറ്റുപറ്റിയെന്നവർ വീണ്ടും ചിന്തിച്ചു…
കവിതയും അവളുടെ ഏട്ടൻ കാർത്തിക്കും, താനും അവരുടെ അച്ഛനും ആഗ്രഹിക്കുന്ന വഴിയിൽ കൂടി തന്നെ വളരണമെന്നത് തങ്ങളുടെ വാശിയായിരുന്നു.. കവിതയേയും ഏട്ടനേയും വളർത്തിയതും പഠിപ്പിച്ചതുമെല്ലാം തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചാണ്…
അവരുടെ അഭിപ്രായങ്ങളോ ആഗ്രഹങ്ങളോ മുഖവിലയ്ക്ക് എടുത്തില്ല തങ്ങൾ…
വിവാഹപ്രായമെത്തിയപ്പോൾ തനിയ്ക്കൊരാളെ ഇഷ്ടമാണെന്ന് കവിത പറഞ്ഞതിന് മൂന്നു ദിവസമാണവളെ പട്ടിണിക്കിട്ടതും തല്ലി ചതച്ചതും..
ഒടുവിലവളുടെ പഠനം പാതിയിൽ അവസാനിപ്പിച്ച് ബിസിനസുക്കാരനായ മധുവുമായവളുടെ വിവാഹം നടത്തി വിട്ടത് അവളുടെ പോലും സമ്മതം ഇല്ലാതെ ആണ്..
ഇപ്പോൾ പത്തു പതിനാലു വർഷങ്ങൾക്കിപ്പുറം അവർക്ക് തിരിച്ചറിയാൻ പറ്റുന്നുണ്ട് കവിതയോട് തങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന്…
പക്ഷെ തിരുത്താനൊരവസരമില്ല അവർക്ക്…
ഭർത്താവു മരിച്ച്, കവിതയുടെ സഹോദരൻ കാർത്തിക്കിനൊപ്പമായിരുന്നു ലത ഇത്ര നാൾ…
ഇപ്പോഴവൻ അവന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിൽ കഴിയുന്നതിനിടയിൽ അമ്മ ഒരു തടസ്സമാണെന്നവനു തോന്നിയപ്പോഴാണ് അവർ കവിതയ്ക്കൊപ്പം നിൽക്കാൻ വന്നത്…
ഇവിടെ വന്ന നിമിഷം മുതലവർ കാണുന്നുണ്ട് ഒരു കളിപ്പാട്ടം പോലെ മധു തട്ടികളിച്ച് രസിക്കുന്ന കവിതയെ…
ചീത്തയും കുറ്റപ്പെടുത്തലുമല്ലാതെ നല്ലൊരു വാക്ക് മധു അവളോട് പറയാറില്ല… ഒന്നിനും ഒരു കാര്യത്തിനും അവളുടെ അഭിപ്രായം പോലും തേടില്ല മധു…
അവരുടെ രണ്ടു കുഞ്ഞുങ്ങളെ ബോർഡിംഗിൽ ചേർത്തു പഠിപ്പിക്കുന്നതു പോലും അവന്റെ മാത്രം തീരുമാനമാണ്..
കവിതയുടെ കാര്യത്തിൽ ഞങ്ങൾ ചെയ്തതെല്ലാം തെറ്റാണെന്നവർ സ്വയം പറയും നേരത്താണ് മധുവിന്റെ ഷർട്ട് അയേൺ ചെയ്തു വന്നതിനു ശേഷം നേരത്തെ മാറ്റി വെച്ച കഴിച്ചു പാതിയായ ഭക്ഷണമെടുത്ത് കഴിക്കുന്ന കവിതയെ ലത കണ്ടത്…
ഈ ജീവിതത്തിനോടുള്ള എന്തെങ്കിലും തരത്തിലുള്ള അനിഷ്ടമവളുടെ മുഖത്തുണ്ടോയെന്ന് സൂക്ഷിച്ചു നോക്കി ലത…
ഇല്ല പതിവിൽ നിന്ന് വ്യത്യസ്തമായ് യാതൊരു മാറ്റവുമില്ല അവളിൽ
അവർക്കു തന്നെ അത്ഭുതം തോന്നി ഇത്ര മോശമൊരു ജീവിതത്തിൽ യാതൊരു പരാതിയും പരിഭവവുമില്ലാതെ അവളെങ്ങനെ ജീവിക്കുന്നുവെന്നോർത്ത്
മധു അവളോട് സ്നേഹത്തിൽ സംസാരിക്കുന്നതോ അവളുമൊന്നിച്ച് പുറത്തു പോണതോ എന്തിന് അവനൊപ്പമിരുന്നവൾ ഭക്ഷണം കഴിക്കുന്നതു പോലും ലത കണ്ടിട്ടില്ല നാളിതുവരെ..
മധുവിന് കവിതയൊരുപരിചാരിക മാത്രമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് ലത… പക്ഷെ ഇതിലൊന്നും പരാതിയില്ലാത്ത തന്റെ മകളവർക്ക് അത്ഭുതം തന്നെയാണ്…
കവിതേ… എനിയ്ക്കൊന്നുറങ്ങണം…
ബെഡ് റൂമിൽ നിന്ന് ഉറക്കെയുള്ള ശബ്ദം ഉയർന്നതു കേട്ടു ലത..
“ഇപ്പോ വരാം മധുവേട്ടാ…”
മധുവിനുള്ള മറുപടി നൽകുന്നതിനൊപ്പം തന്നെ കവിത വേഗം ദേഹം കഴുകാൻ പോവുന്നതും അതിനു ശേഷം നന്നായൊരുങ്ങി അവരുടെ മുറിയിലേക്ക് കയറി പോവുന്നതും വല്ലാത്തൊരു പകപ്പിൽ നോക്കി നിന്നു പോയ് ലത…
അകത്തെ മുറിയിൽ മധുവും അക്ഷമയോടെ കവിതയെ നോക്കി കിടന്നു..
അവനെ മോഹിപ്പിക്കുന്നൊരു ചിരിയോടെ സൗരഭ്യം പടർത്തിയവൾ അവനരികിൽ കിടന്നതും മധു അവളിലേക്ക് ചാഞ്ഞിരുന്നു..
തന്റെ ഇഷ്ടത്തിന് തനിയ്ക്ക് വേണ്ട പോലെ കവിതയുടെ ശരീരം മധു സ്വന്തമാക്കി മുന്നേറുമ്പോൾ മുറിയ്ക്ക് പുറത്തേക്കു കേൾക്കുന്ന മധുവിന്റെ ശബ്ദ ശകലങ്ങളിൽ നിന്ന് രക്ഷ നേടിയെന്നവണ്ണം തനിയ്ക്കായ് തന്ന മുറിയിലേക്ക് വേഗത്തിൽ കയറി പോയ് ലത.. അവരുടെ കണ്ണുകൾ രണ്ടും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നപ്പോൾ കവിതയെ ഓർത്ത്…
പിറ്റേന്നു പുലർച്ചെ പതിവുപോലൊരു ചിരിയോടെ മധുവിനുള്ള ഭക്ഷണം തയ്യാറാക്കുന്ന കവിതയെ തനിയ്ക്ക് അരികിൽ പിടിച്ചിരുത്തി ലത..
തലേ ദിവസത്തെ മധുവിന്റെ പരാക്രമണത്തിന്റെ അവശേഷിപ്പുകളെന്ന പോലെ അവളുടെ ശരീരത്തിലെ പാടുകൾ ലതയുടെ കണ്ണുകൾ ഒപ്പിയെടുത്തു…
“മോളെ നിന്നോടു ഞാനും നിന്റെ അച്ഛനുമെല്ലാം ചെയ്തത് തെറ്റു തന്നെയാണ്.. നിന്റെ പഠനം പോലും പൂർത്തിയാക്കാൻ സമ്മതിക്കാതെ മധുവിന്റെ സമ്പത്തു മാത്രം നോക്കി നിന്നെ വിവാഹം കഴിപ്പിച്ചതു തെറ്റായ്പോയ് മോളെ… തിരുത്താൻ പറ്റാത്ത തെറ്റ്… ”
കവിതയെ നോക്കി വിങ്ങിപ്പൊട്ടി ലതയെങ്കിൽ യാതൊരു ഭാവമാറ്റവും മുഖത്തില്ലാതെ അമ്മയെ നോക്കി നിന്നു കവിത..
“മധുവുമൊത്ത് മുന്നോട്ടു ജീവിയ്ക്കാൻ വയ്യെങ്കിൽ അമ്മേടെ മോള് ഈ ജീവിതം വേണ്ടാന്നു വെച്ചോ… അമ്മ നിൽക്കാം മോൾക്കൊപ്പം…”
കവിതയുടെ കൈകൾ കൂട്ടിപ്പിടിച്ച് ലത പറഞ്ഞതും പതിവിൽ നിന്ന് വിപരീതമായൊരുപരിഹാസം തെളിഞ്ഞു കവിതയുടെ മുഖത്ത്…
“സ്വന്തമായൊരു ഡിഗ്രി പോലും ഇല്ലാത്ത ഞാൻ മധുവേട്ടനെ ഉപേക്ഷിച്ച് വന്നാൽ എന്നെ സംരക്ഷിക്കാൻ അമ്മയ്ക്ക് പറ്റുമോ…?
കവിതയുടെ ചോദ്യത്തിൽ താഴ്ന്നു ലതയുടെ ശിരസ്സ്…
“അമ്മയ്ക്ക് എന്നെ സംരക്ഷിക്കാൻ കഴിയില്ല, കാർത്തിക്കും തിരിഞ്ഞു നോക്കില്ല എന്നെ.. പിന്നെയൊരു വാശിയ്ക്ക് ഇതെല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങി കൂലിപ്പണിയെടുത്ത് ജീവിക്കേണ്ട കാര്യമെന്താണ് അമ്മേ…?
“ഇവിടെയാവുമ്പോൾ എല്ലാം ആവശ്യത്തിലധികമുണ്ട്… ഇല്ലാത്തത് മധുവേട്ടന്റെ സ്നേഹവും പരിഗണനയും അല്ലേ… അതു ഞാനും ആഗ്രഹിക്കുന്നില്ല…”
“എനിയ്ക്ക് വേണ്ടതെല്ലാം മധുവേട്ടൻ തരുന്നുണ്ട്, അതിനുള്ള പ്രതിഫലം ഈ വീട്ടിലെ ജോലികൾ ചെയ്തും എന്റെ ശരീരം മധുവേട്ടന് വിട്ടുനൽകിയും ഞാൻ വീട്ടുന്നുമുണ്ട്.. ഈ ജീവിതം മതി മരണംവരെ എനിയ്ക്ക്…
ആഗ്രഹം ഒന്നേയുള്ളു ഇതൊന്നും കാണാൻ ,കേൾക്കാൻ അമ്മ ഇവിടെ നിൽക്കരുത്…
“അമ്മയും അച്ഛനും നിങ്ങളടെ ഇഷ്ടപ്പടി എന്നെ സ്നേഹിച്ചു വളർത്തി… ഇപ്പോൾ മധുവേട്ടൻ ഏട്ടന്റെ ഇഷ്ടത്തിനും… അതു കൊണ്ട് അമ്മ മടങ്ങണം… ”
അറുത്തുമുറിച്ചെന്ന പോലെ കവിത പറഞ്ഞു നിർത്തുമ്പോൾ ലത തിരിച്ചറിയുന്നുണ്ട് തങ്ങൾ ചെയ്തു തെറ്റിന്റെ ആഴം.. പക്ഷെ തിരുത്താനൊരവസരം തരാതെ സ്വയവും പിന്നെ തന്നെയും ശിക്ഷിക്കുന്ന കവിത അവർക്കു മുമ്പിലൊരു ചോദ്യം തന്നെയാണ്..
എത്ര നാൾ, എത്ര നാൾ മുന്നോട്ടു പോവുമിതുപോലെ തന്റെ മകൾ… നാളെ താൻ കേൾക്കുന്നതൊരുപക്ഷെ തന്റെ മകളുടെ മരണം തന്നെയാവുമെന്നറിഞ്ഞിട്ടും ഒന്നും ചെയ്യാൻ പറ്റാതെ ആ വീടിന്റെ പടിയിറങ്ങി നടന്നു ലത….
അവർക്കു പുറകിലന്നേരവും അവർ നടന്നകലുന്നത് നോക്കി കവിത നിന്നിരുന്നു.. ഈ ജീവിതത്തിൽ നിന്ന് രക്ഷപ്പെടണമെന്ന മോഹമേ ഇല്ലാതെ….
ചിലരിങ്ങനെയും ഉണ്ട് ഇവിടെയെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്….
RJ…