സഹോദരിയുടെ ഭർത്താവ് മദ്യപിച്ച് കയറിവന്ന് അവളെ പൊതിരെത്തല്ലുകയാണ്

തടവ്.

 

പോളി സാരി നെയ്യുകയായിരുന്നു. ഓരോ വരിയും ഓരോ നിറത്തിൽ ആയിരുന്നു. ഊടും പാവും ശരിയോ എന്ന് നോക്കി അയാൾ എത്രയോ കാലങ്ങളായി ചെയ്തുകൊണ്ടിരുന്ന തന്റെ ജോലിയിലേക്ക് ശ്രദ്ധ തിരിച്ചു. വ൪ണ്ണങ്ങളുടെ ആ മനോഹാരിത കണ്ട് രഘുവേട്ടൻ കൈകൊണ്ട് നന്നായിട്ടുണ്ട് എന്ന് ആംഗ്യം കാണിച്ചു. പോളിയുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി വിടരാൻ ഒളിഞ്ഞുനോക്കി തിരിച്ചുപോയി..

പോളി ജയിലിൽ വന്നിട്ട് പതിനാറ് വർഷങ്ങളായി. ജീവപര്യന്തമായിരുന്നു ശിക്ഷ. ആരും ജാമ്യത്തിനുവേണ്ടി ശ്രമിക്കാനോ സഹായിക്കാനോ അപ്പീൽ പോകാനോ ഇല്ലാത്തതിനാൽ പോളി നിശ്ശബ്ദം തന്റെ ശിക്ഷ ഏറ്റുവാങ്ങി. അല്ലെങ്കിലും അവനത് മനസ്സുകൊണ്ട് ഉറപ്പിച്ചിട്ടാണല്ലോ പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങിയത്. പരോൾപോലും അയാൾ ചോദിച്ചുവാങ്ങിയില്ല. നാട്ടിൽ പോകാൻ ഭയമാണ്. എല്ലാവരും എന്തുപറയും എന്നൊരു ചിന്ത… 

അന്ന് ജൂൺ ഇരുപത് ആണ്. അയാളുടെ മനസ്സിൽ വർഷങ്ങൾക്കു മുമ്പുള്ള ഇതേദിനം കടന്നുവന്നു. 

സഹോദരിയുടെ ഭർത്താവ് മദ്യപിച്ച് കയറിവന്ന് അവളെ പൊതിരെത്തല്ലുകയാണ്. എന്തോ നിസ്സാരകാര്യമാണ്.. താൻ ജോലി കഴിഞ്ഞ് അകത്ത് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒന്നുരണ്ടു പ്രാവശ്യം അവരുടെ കലഹം പരിധിവിട്ടപ്പോൾ താൻ ഇടപെട്ട് രണ്ടുപേരെയും പിടിച്ചുമാറ്റിയതാണ്. അകത്തുപോയി വസ്ത്രം മാറി വരുന്നതിനിടയിൽ, സഹോദരീഭ൪ത്താവ് തറയിൽ വീണുകിടക്കുന്നത് കണ്ടു. ഒരുഭാഗത്ത് കൂടി ചോര പടരുന്നുണ്ട്.. അവളുടെ കയ്യിൽ അടുക്കളയിലെ എന്തോ ആയുധം ഉണ്ട്.

തനിക്ക് പെട്ടെന്ന് ബോധം പോയതുപോലെയായി. ബോധം വരുമ്പോൾ അവൾ അടുക്കളയുടെ മൂലക്കിരുന്ന് കരയുകയാണ്. അയാൾ മരിച്ചുകഴിഞ്ഞിരുന്നു… മുടിക്ക് കുത്തിപ്പിടിച്ച് അയാൾ എന്തോ ഉപദ്രവിക്കുന്നതിന്റെ വേദനയിൽ സഹികെട്ട് കൈയ്യെത്തുന്നിടത്തുള്ള എന്തോ സാധനം എടുത്ത് തിരിച്ചടിച്ചതാണ് അവൾ..

പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളാണ് അവൾക്ക്.. അച്ഛൻ മരിച്ചുകിടക്കുന്നു. അവൾകൂടി ജയിലിൽ പോയാൽ ആ കുഞ്ഞുങ്ങളെ എങ്ങനെ വളർത്തും. കുറച്ചുനേരം പോളി പരിഭ്രമിച്ചിരുന്നു. 

അവരുടെ‌ അമ്മയും അച്ഛനും മരിച്ചിട്ട് വർഷങ്ങളായി. ബന്ധുക്കളും നാട്ടുകാരുമൊക്കെ ഇത്തിരി അകലത്തിലാണ്. വരുന്നവരോടൊക്കെ സഹോദരിയുടെ ഭ൪ത്താവ് മദ്യത്തിന്റെ പുറത്ത് കയ൪ക്കുകയും പരിഹസിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ആരും തിരിഞ്ഞുനോക്കാതായത്. 

പോളി അവളുടെ അടുത്ത് പോയിട്ട് പറഞ്ഞു: 

നീ പോയി കുളിച്ച് വസ്ത്രമൊക്കെ മാറൂ.. ഞാൻ പോലീസ് സ്റ്റേഷനിൽ പോയി കീഴടങ്ങാം. നിന്നെ ഉപദ്രവിക്കുന്നത് കണ്ടതുകൊണ്ട് വിഷമം കാരണം നിവൃത്തിയില്ലാതെ പിന്നിൽനിന്ന് അടിച്ചതാണെന്ന് പറയാം..

അവൾ കരഞ്ഞതല്ലാതെ ഒന്നും പറഞ്ഞില്ല. അല്പസമയത്തിനകം പോളി പോലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടു. പോലീസുമൊത്ത് തിരിച്ചെത്തുമ്പോഴേക്കും അവൾ കുളിച്ച് വസ്ത്രമൊക്കെ മാറിയിരുന്നു. കരഞ്ഞുകൊണ്ട് അയാളുടെ അടുത്ത് അവളിരിപ്പുണ്ടായിരുന്നു..

ആളുകൾ ചുറ്റിലും കൂടിനിൽപ്പുണ്ടായിരുന്നു. ഇവിടെ എന്താണ് സംഭവിച്ചത്..? 

എസ് ഐ അവളോട് ചോദിച്ചു. അവൾ ഭീതിയോടെ പോളിയുടെ കണ്ണുകളിലേക്ക് നോക്കി. അയാൾ നേരത്തെ പറഞ്ഞുകൊടുത്തതുപ്രകാരം അവൾ കരഞ്ഞുകൊണ്ട് വിക്കി വിക്കി എല്ലാം വിശദീകരിച്ചു. മദ്യപിച്ചുവന്ന് ഭാര്യയെയും കുട്ടികളെയും തല്ലുന്നത് അയാളുടെ പതിവാണെന്ന് നാട്ടുകാരും മൊഴികൊടുത്തു. 

കോൺസ്റ്റബിൾ എല്ലാം എഴുതിയെടുത്തു. അധികം ചോദ്യം ചെയ്യലൊന്നുമുണ്ടായില്ല. കീഴടങ്ങിയതുകൊണ്ടാവാം കേസ് അതിന്റെ വഴിക്ക് പോയി. ചോദ്യം ചെയ്യൽ നീണ്ടുപോയാൽ തന്റെ സഹോദരി ജയിലിൽ പോകേണ്ടിവരുമോ എന്നൊരു ഭയം പോളിയിൽ ഉണ്ടായിരുന്നു. 

നാട്ടിലേക്ക് ഒരു കത്തെഴുതാനോ വീട്ടിലെ വിശേഷങ്ങൾ അറിയാനോ ഒന്നും പോളിക്ക് തോന്നിയതേയില്ല. ഒരിക്കൽപ്പോലും അവളോ മറ്റു ബന്ധുക്കളോ നാട്ടുകാരോ പോളിയെ കാണാൻ ജയിലിൽ വന്നതുമില്ല. 

അവളുടെ മക്കളൊക്കെ ഒരുപാട് വളർന്നു വലുതായിക്കാണും… 

വെറുതെയെങ്കിലും പോളി ഇടയ്ക്ക് ചിന്തിക്കും. 

അവരുടെ മുഖം കണ്ടാൽ തനിക്ക് തിരിച്ചറിയാൻപോലും സാധിക്കില്ലല്ലോ എന്ന് അയാൾ വെറുതെ പരിതപിക്കും.. 

പിന്നെ കരുതും തന്റെ ഈ ജന്മം കൊണ്ട് അവൾക്കെങ്കിലും ഒരു ഉപകാരം ആവട്ടെ..

വർഷങ്ങൾ പോകേപ്പോകേ അയാൾക്ക് യാതൊന്നിനോടും പ്രതിപത്തിയില്ലാതായി. ഒന്നിനോടും ഒരു ആഭിമുഖ്യവുമില്ല. ഒരുതരം നിസ്സംഗത.. തന്റെ ജോലികൾ കൃത്യമായും വൃത്തിയായും ചെയ്യും.

ജയിലിനുള്ളിൽ മറ്റു തടവുകാർക്കും പോലീസുകാർക്കും പോളിയോട് വലിയ പ്രിയമാണ്. പക്ഷേ അവരുടെ ആരുടേയും സൗജന്യമോ സ്നേഹമോ ആദരവോ സഹാനുഭൂതിയോ പോളി സ്വീകരിക്കാറില്ല.. ആരുടെയും കണ്ണുകളിലേക്കുപോലും അയാൾ നോക്കുകയില്ല..

അയാൾക്ക് ഇഷ്ടപ്പെട്ട ആഹാരം എന്തെങ്കിലും കുറച്ച് അധികം കൊടുക്കണമെന്ന് അടുക്കളയുടെ ചുമതലയുള്ള സഹതടവുകാർ കരുതും. പക്ഷേ അയാളുടെ ഇഷ്ടപ്പെട്ട ആഹാരം എന്താണെന്ന് അവർക്കാർക്കും ഒട്ടറിയുകയുമില്ല…

വീട്ടിലെ കാര്യങ്ങൾ ചോദിക്കാമെന്നുവെച്ചാൽ ആരും പോളിയെ കാണാൻ വരുന്നതായോ, പരോളിൽ പോകുന്നതായോ, ഒരു കത്തെങ്കിലും എഴുതുന്നതായോ ആരും കണ്ടിട്ടുമില്ല.. പിന്നെ എന്ത് ചോദിക്കാനാണ്..

പോളിയുടെ സെല്ലിൽ കിടക്കുന്ന രണ്ടുമൂന്നുപേർ പഴയ കാര്യങ്ങളൊക്കെ ആദ്യകാലത്ത് ചോദിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ തന്റെ വായിൽനിന്നും അബദ്ധം വല്ലതും വീഴേണ്ട എന്ന് കരുതിയാവും പോളി മൗനം പാലിച്ചിരുന്നുകളഞ്ഞു. അതിൽപ്പിന്നെയാണ് അധികമാരും പോളിയോട് സംസാരിക്കാനും നിൽക്കാതെയായത്. കൃത്യസമയത്ത് ഉണരുക, പ്രഭാതകൃത്യങ്ങൾ നിർവ്വഹിക്കുക, ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, ഉച്ചക്ക് ആഹാരം കഴിച്ച് പത്ത് മിനുറ്റ് വിശ്രമിക്കുക, വീണ്ടും ജോലി ചെയ്യുക, വൈകുന്നേരം വീണ്ടും കുളിക്കുക, രാത്രിയിലുള്ള ആഹാരവും കഴിച്ച് കിടന്നുറങ്ങുക.. അയാളുടെ ശീലം ഇത്രയുമായിട്ട് കാലങ്ങളായി..

 

അയാളുടെ കണ്ണുകൾക്ക് ചുറ്റും കറുപ്പുപട൪ന്നു. മുടി മുഴുവൻ നരച്ചുതുടങ്ങി. തൊലിയൊക്കെ ചുളുങ്ങി. പതിനാറ് വർഷം മുമ്പുള്ള താൻ എങ്ങനെയായിരുന്നു എന്നുപോലും പോളി മറന്നുപോയി. 

 

അന്ന് എസ് ഐ ഒരു കടലാസും എടുത്ത് പോളിയുടെ അടുത്തെത്തി. 

തനിക്ക് വിടുതൽ ലഭിച്ചിരിക്കുന്നു. അയാൾക്ക് വിശ്വസിക്കാനായില്ല… 

പക്ഷേ താൻ എങ്ങോട്ട് പോകും..? നാളെത്തന്നെ പുറത്തിറങ്ങാം എന്നാണ് അദ്ദേഹം പറഞ്ഞതല്ലോ… 

ഒരുവേള പോളിക്ക് വലിയ സന്തോഷവും അതേസമയം വലിയതോതിൽ ദുഃഖവും തോന്നി.

ആ രാത്രി പോളി ഉറങ്ങിയതേയില്ല. തന്റെ ജീവിതത്തിൽ ഇതുവരെ നടന്നിട്ടുള്ള മുഴുവൻ കാര്യങ്ങളും ഓർത്തോർത്ത് അങ്ങനെ കിടന്നു. രാവിലെതന്നെ കുളിച്ചൊരുങ്ങി. പുറപ്പെടാൻ നോക്കുമ്പോൾ കൂടെയുള്ള തടവുകാരൊക്കെ സന്തോഷപൂർവ്വം വന്നു കൈപിടിച്ചു. എല്ലാവരോടും യാത്ര പറഞ്ഞതല്ലാതെ പോളിക്ക് സംസാരിക്കാൻ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കണ്ണുകൾ നിറഞ്ഞുവരുന്നുണ്ട് എന്ന് തോന്നിയപ്പോൾ പോളി അകലേക്ക് നോക്കി.

ജയിലിനുള്ളിലെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞ് ഒപ്പിട്ട് പോളി പുറത്തിറങ്ങി. അപ്പോഴാണ് അയാൾ കണ്ടത് ഒരു കാറിനടുത്ത് ഒരു അമ്മയും മുതിർന്ന രണ്ടു മക്കളും തന്നെ പ്രതീക്ഷിച്ചുനിൽക്കുന്നു. തന്റെ സഹോദരിയാണവൾ.. അത് പോളിക്ക് മനസ്സിലായി. തീർച്ചയായും ആ രണ്ടു കുട്ടികളും അവളുടെ മക്കളായിരിക്കാം… അവരെ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന് പോളിക്ക് അറിയുമായിരുന്നില്ല. 

കുട്ടികളുടെ മനസ്സിൽ പഴയ കാര്യങ്ങൾ വല്ലതും ഉണ്ടാവുമോ.. അവർ തന്നെ കാണുന്നത് അവരുടെ അച്ഛനെ കൊന്ന പ്രതിയായിട്ടായിരിക്കില്ലേ..

ഓരോ ചിന്തകൾ പോളിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരുന്നു. അവർ മൂന്നുപേരും ഓടി അടുത്തുവന്ന് പോളിയുടെ കൈപിടിച്ച് കാറിലേക്ക് ആനയിച്ചു കൊണ്ടുപോയി. പോളി വിശ്വാസംവരാതെ അവരെ മൂന്നുപേരെയും മാറിമാറി നോക്കി. തന്റെ സഹോദരിയെ വാർദ്ധക്യം വല്ലാതെ ആക്രമിച്ചിരിക്കുന്നു… നന്നേ ക്ഷീണിതയാണ് അവൾ.  

നീയങ്ങ് വല്ലാതെ നരച്ചുപോയല്ലോ… പോളി സഹോദരിയെ നോക്കി പതിയെ പറഞ്ഞു. തന്റെതന്നെ ശബ്ദം എത്രയോ വർഷങ്ങൾക്കുശേഷം കേൾക്കുന്നതുപോലെ പോളിക്ക് തോന്നി. അവൾ ഒറ്റ കരച്ചിലായിരുന്നു. 

ജയിലിനകത്തല്ലെങ്കിലും ഇത്രയും വർഷമായി മനസ്സുകൊണ്ട് ഞാൻ ശിക്ഷ അനുഭവിക്കുകയായിരുന്നു…

അവൾ വാക്കുകൾക്കായി പരതി. കൂടുതൽ അവളെക്കൊണ്ട് സംസാരിപ്പിക്കാൻ നിൽക്കാതെ പോളി വേഗം കുട്ടികളുടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടുപേരും പഠിക്കുകയാണ്. അവരുടെ കണ്ണുകളിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. കാര്യങ്ങളൊക്കെ അവർക്കും ശരിയാംവിധം അറിയുമെന്ന് പോളിക്ക് ഊഹിക്കാൻ കഴിഞ്ഞു. കുഞ്ഞുകണ്ണുകൾകൊണ്ട് അവരും അന്നാ രംഗം കണ്ടിട്ടുണ്ട്… അതവരുടെ ഓ൪മ്മയിലിപ്പോഴുമുണ്ട്…

അയാൾക്ക് നല്ല മനഃസ്സമാധാനം തോന്നി. വണ്ടി അവരുടെ നാട്ടിലേക്ക് കുതിച്ചു. 

നാടൊക്കെ വല്ലാതെ മാറിയിട്ടുണ്ട്. എങ്ങും പുതിയ പുതിയ ബിൽഡിംഗുകൾ, വലിയ വലിയ വീടുകൾ.. തനിക്ക് പതിനാറ് വർഷങ്ങളായി നഷ്ടപ്പെട്ട സൌഭാഗ്യങ്ങൾ പോളി കൺനിറയെ കണ്ടു. 

വീടെത്തി.. ആരൊക്കെയോ മതിലിനുപുറത്തുനിന്ന് എത്തിനോക്കുന്നുണ്ട്. ആരുടെ മുഖത്ത് നോക്കാനും പോളി മിനക്കെട്ടില്ല. കാറിൽനിന്നുമിറങ്ങി തലതാഴ്ത്തി പോളി വീട്ടിലേക്ക് നടന്നു. കുട്ടികൾ പക്ഷേ ഉച്ചത്തിൽ സംസാരിച്ചും ചിരിച്ചും സാധാരണ മട്ടിലാണെന്ന് ഭാവിക്കാൻ ശ്രമിച്ചു. 

വീട്ടിനകത്തേക്ക് കടന്നപ്പോഴാണ് പോളി ശരിക്കും ഞെട്ടിപ്പോയത്. താൻ ജയിലിലേക്ക് പോകുമ്പോൾ എങ്ങനെയായിരുന്നോ അതുപോലെ തന്നെയുണ്ട് വീട്ടിന്നകം.. ഒരു മാറ്റവുമില്ല. സഹോദരി നിലത്ത് വിരിച്ച് കിടക്കുന്ന പായ മുറിയുടെ മൂലയിൽ ചുരുട്ടി ചാരിവെച്ചിട്ടുണ്ട്. അവളുടെ ജീവിതം ജയിലിലെ സഹോദരന് സമമായി അവൾ ജീവിച്ചുതീ൪ക്കുകയായിരുന്നു. നല്ല ആഹാരം കഴിക്കാതെ, നല്ല വസ്ത്രം ധരിക്കാതെ, നാലാള് കൂടുന്നിടത്തൊന്നും പോവാതെ… 

സന്തോഷങ്ങളെ ഇത്രയും നാളായി അവൾ ദൂരെ പടിപ്പുറത്ത് നിർത്തിയിരിക്കുകയായിരുന്നു.

അവൾ അവന്റെ ക്ഷീണിച്ച മുഖത്തേക്ക് ഏറെനേരം നോക്കിയിരുന്നു.

പോളിയെ ജയിലിൽ പോയി കാണാതിരുന്നത് തന്റെ ദുഃഖവും ദുരിതവും നിറഞ്ഞ ജീവിതം കണ്ട് അയാൾ കൂടുതൽ വേദനിക്കരുത് എന്ന് കരുതിയാണ്.. ഒരുനോട്ടമെങ്കിലും അകലെനിന്ന് കാണണമെന്ന് താൻ അതിയായി ആഗ്രഹിച്ചിരുന്നു. പക്ഷേ ഒരു തെറ്റും ചെയ്യാത്ത തന്റെ സഹോദരന്റെ ദയനീയസ്ഥിതി നേരിട്ട് കാണാനിടയായാൽപ്പിന്നെ ഒരു നിമിഷംപോലും താൻ ജീവിച്ചിരിക്കുകയുണ്ടാവില്ല.. തന്റെ മക്കൾ അനാഥരാകും.. ആര് നോക്കും അവരെ.. 

കാര്യങ്ങളൊക്കെ പറഞ്ഞ് അവൾ മതിയാകുവോളം കരഞ്ഞു. 

പോളി ഒരു നിമിഷം വേദനയോടെ ഓ൪ത്തുപോയി..

ശിക്ഷ ശരിക്കും ആ൪ക്കായിരുന്നു..തനിക്കോ.. അതോ അവൾക്കോ..

 

✍ ഭാഗ്യലക്ഷ്മി. കെ. സി.