നാളെ കറങ്ങാൻ വരോ നീ? നമുക്ക് ഒന്ന് മറൈൻഡ്രൈവിൽ പോയി വരാം.
വൈകുന്നേരം കോളേജ് കഴിഞ്ഞ് മഹേഷിന്റെ കൈപിടിച്ച് ബസ്സ്റ്റോപ്പിലേക്ക് നടക്കുമ്പോഴാണ് അവൻ മീനയോട് അത് ചോദിച്ചത്.
നാളെ ശനിയാഴ്ചയല്ലേ ഞാൻ വീട്ടിൽ പോകാമെന്ന് വിചാരിച്ചിരിക്കുകയാണ്. നമുക്ക് മറൈൻഡ്രൈവിൽ പിന്നീട് എപ്പോഴെങ്കിലും പോകാം.
മീനക്ക് അവന്റെ കൂടെ പുറത്തേക്ക് കറങ്ങാൻ പോകാൻ മടി തോന്നി.
ഞാൻ എപ്പോൾ വിളിച്ചാലും നിനക്ക് എന്റെ കൂടെ എവിടേക്കും വരാൻ ഒരു താല്പര്യം ഇല്ലല്ലോ മീനു.
അവൻ പരിഭവിച്ചു.
വെറുതെ എന്തിനാ ഇപ്പോഴേ കറങ്ങുന്നത്. എന്റെ പഠിത്തം പോലും കഴിഞ്ഞിട്ടില്ല. കോളേജിന്റെ മുന്നിൽ വെച്ച് കാണുന്നതും ഒരുമിച്ച് നടക്കുന്നതും തന്നെ പേടിച്ചു പേടിച്ച് ആണ്. പരിചയമുള്ള ആരെങ്കിലും കണ്ടാൽ അന്നത്തോടെ നിൽക്കും എന്റെ പഠിപ്പ്.
ഇവിടെ നിന്നെ പരിചയമുള്ള ആരുണ്ടെന്ന. നിന്റെ വീട് അങ്ങ് കോട്ടയത്ത് അല്ലേ. ഈ എറണാകുളത്ത് നിന്നെ ആരും അറിയില്ല. നിന്നെ കാണാൻ നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ജോലി പോലും കളഞ്ഞു നിന്നെ കാണാൻ വേണ്ടി ഇടയ്ക്കിടെ ഇങ്ങനെ ഓടി വരുന്നത്. അപ്പോൾ നീ ഇങ്ങനെ തന്നെ പറയണം എന്നോട്.
എന്നെ വിഷമിപ്പിക്കല്ലേ മഹി. മഹിയുടെ കൂടെ വരാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല. പേടിയായതു കൊണ്ടാണ്. എത്രയും പെട്ടെന്ന് കോഴ്സ് പൂർത്തിയാക്കിയതിനു ശേഷം എനിക്കൊരു ജോലി കിട്ടിയിട്ട് നീ വന്ന് വീട്ടിൽ ചോദിക്ക്. അതിനുശേഷം മതി നമുക്ക് കറങ്ങാൻ പോകുന്നതൊക്കെ. അതാകുമ്പോൾ ആരെയും പേടിക്കാതെ പുറത്തു പോകാം.
മീനു പറഞ്ഞതൊന്നും അവൻ കേൾക്കാൻ കൂട്ടാക്കിയില്ല.
എന്നോട് ഇഷ്ടമുണ്ടെങ്കിൽ നീ വന്നേ പറ്റു.
മഹേഷ് നിർബന്ധം പിടിച്ചു.
നീ എന്തിനാ മഹി എന്നെ ഇങ്ങനെ നിർബന്ധിക്കുന്നത്. വെറുതെ വാശി പിടിക്കണ്ട എനിക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.
മീനു ഒഴിയാൻ ശ്രമിച്ചു.
നിന്നോട് കുറച്ച് സമയം സംസാരിച്ചിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മറൈൻ ഡ്രൈവിൽ പോകാമോ എന്ന് ഞാൻ ചോദിച്ചത്. കുറച്ച് സമയം എന്റെ കൂടെ ഇരുന്നിട്ട് നീ വീട്ടിലേക്ക് പൊയ്ക്കോ. എന്നോട് ഇത്രയും സ്നേഹമുണ്ടെങ്കിൽ നീ വരണം മീനു. നാളെ ഞാൻ നിന്നെ കാത്തിരിക്കും.
ഇടർച്ചയോടെ അവനത് പറയുമ്പോൾ മീനുവിന്റെ മുഖത്ത് പരിഭ്രമം നിറഞ്ഞു.
എന്നെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ മഹി. പേടിച്ചിട്ടല്ലേ ഞാൻ വരുന്നില്ല എന്ന് പറഞ്ഞത്.
അവൾ പറഞ്ഞു.
മറൈൻഡ്രൈവിൽ ഒരുപാട് ആളുകൾ ഉണ്ടാവും. അല്ലെങ്കിൽ തന്നെ കുറച്ച് സമയം ഒന്ന് അവിടെ പോയി ഇരുന്ന് സംസാരിച്ചെന്ന് കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല. എന്നോട് സ്നേഹം ഉണ്ടെങ്കിൽ നീ വന്നാൽ മതി. അല്ലെങ്കിൽ നീ ഇനി എന്നെ കാണില്ല.
ദേഷ്യത്തോടെ അത്രയും പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈവിട്ടു ബസ്റ്റോപ്പിന് അടുത്ത് നിർത്തിയിട്ടിരുന്ന തന്റെ കാറിൽ കയറി ഓടിച്ചു പോയി.
മഹിയുടെ പ്രവർത്തിയിൽ മീനുവിന് വല്ലാതെ സങ്കടമായി. പിജി രണ്ടാം വർഷം വിദ്യാർഥിനിയാണ് അവൾ.. കോട്ടയത്താണ് വീട്. പിജി പഠിക്കുന്നത് എറണാകുളത്ത് ഒരു സ്വകാര്യ കോളേജിലാണ്. അതിന്റെ കുറച്ച് അടുത്തുള്ള ഒരു ഹോസ്റ്റലിൽ നിന്നാണ് മീനു ദിവസവും കോളേജിൽ പോയി വരുന്നത്.
മഹിയുടെ സുഹൃത്തിന്റെ ഒരു അനിയൻ ആ കോളേജിൽ മുൻപ് പഠിച്ചിരുന്നു. അവന്റെ കൂടെ എന്തോ ആവശ്യത്തിന് മഹി അവിടെ വരുമ്പോഴാണ് ഇരുവരും തമ്മിൽ കാണുന്നതും മഹിക്ക് മീനുവിനെ ഇഷ്ടപ്പെടുന്നതും. തുടർന്ന് അവളുടെ പുറകെ നടന്ന് വളരെ കഷ്ടപ്പെട്ടാണ് അവൻ അവളെ വളച്ചെടുത്തത്. മഹി ഇൻഫോ പാർക്കിൽ ആണ് വർക്ക് ചെയ്യുന്നത്.
മീനുവിന്റെ ഇഷ്ടം നേടിയെടുക്കാൻ സാധിച്ചെങ്കിലും അവളുടെ വിരൽത്തുമ്പിൽ ഒന്ന് തൊടാൻ പോലും അവൾ സമ്മതിക്കുമായിരുന്നില്ല. ഒരു വർഷം കഴിഞ്ഞിട്ടാണ് കൈപിടിച്ച് നടക്കാൻ എങ്കിലും അവൾ സമ്മതംനൽകിയത്. പുറത്തേക്ക് കറങ്ങാൻ വിളിച്ചാലും അവൾ കൂടെ പോകില്ല. എല്ലാത്തിനും എപ്പോഴും റെസ്ട്രിക്ഷൻസ് വയ്ക്കുമായിരുന്നു.
ഇത്തവണ മഹിക്ക് അവളെ കറങ്ങാൻ കൂടെ കൊണ്ടു പോകണമെന്ന് ഒരേ വാശിയായിരുന്നു. അതുകൊണ്ട് അന്ന് രാത്രി അവൻ അവളെ വിളിച്ചില്ല. മീനു അങ്ങോട്ട് വിളിച്ചിട്ടും മഹി വാശി കാരണം കാൾ അറ്റൻഡ് ചെയ്തില്ല.
പിറ്റേന്ന് രാവിലെ അവൻ അവൾ വരുമോന്ന് അറിയാൻ വേണ്ടി മറൈൻ ഡ്രൈവിൽ പോയി നോക്കാൻ തന്നെ തീരുമാനിച്ചു.
രാവിലെ 10 മണിയോടെ മഹി മറൈൻ ഡ്രൈവിൽ എത്തിച്ചേർന്നു. അവൻ തന്റെ കാർ ഒതുക്കി നിർത്തിയിട്ട് ബസ്റ്റോപ്പിലേക്ക് നോക്കുമ്പോൾ ഒരു ബസ് വന്ന് അവിടെ നിൽക്കുന്നതും അതിൽ നിന്ന് മീനു ഇറങ്ങുന്നതും അവൻ കണ്ടു. അവളെ കണ്ടതും മഹിയുടെ ചുണ്ടിൽ ഒരു ചിരിയൂറി.
മീനുവിന്റെ മുഖത്ത് നിറയെ പരിഭവമാണ്.
മഹി എന്താ എന്റെ ഫോൺ എടുക്കാത്തത്. നീ കോൾ എടുക്കാതെ ആയപ്പോൾ ഞാൻ എന്ത് വിഷമിച്ചു എന്ന് അറിയോ.
പിണക്കത്തോടെ അവൾ പറഞ്ഞു.
സോറി ഡിയർ, നീ വന്നല്ലോ, അതുകൊണ്ട് എനിക്ക് നിന്നോട് പിണക്കം ഒന്നുമില്ല.
അത് പറഞ്ഞ് മതി അവളുടെ കൈപിടിച്ച് മറൈൻ ഡ്രൈവിലേക്ക് നടന്നു.
അവിടെ ആളൊഴിഞ്ഞ ഒരു കോണിലെ ബെഞ്ചിൽ പോയി ഇരുവരും ഇരുന്നു.
അവിടെ പലഭാഗങ്ങളിലായി ഓരോ കുടചൂടി കപ്പിൾസ് ഇരിക്കുന്നത് അവർ കണ്ടു.
ഇതെന്താ മഹി അവരൊക്കെ കുട പിടിച്ചിരിക്കുന്നത്. ഇപ്പോ മഴയൊന്നും ഇല്ലല്ലോ.
കാര്യം മനസ്സിലാകാതെ മീനു നിഷ്കളങ്കമായി ചോദിച്ചു.
നിന്റെ കയ്യിൽ കൂടെയുണ്ടോ.
അവളുടെ ചോദ്യം കേട്ട് കുസൃതി ചിരിയോടെ അവൻ ചോദിച്ചു.
ഉണ്ടല്ലോ.
എങ്കിൽ അത് എടുത്ത് നിവർത്തിപ്പിടിക്ക്. അവരെന്തിനാ കുടപിടിച്ചിരിക്കുന്നത് എന്ന് എന്നിട്ട് ഞാൻ പറഞ്ഞു തരാം.
മീനുവിന് കാര്യം മനസ്സിലാകാത്തത് കൊണ്ട് അവൾ ബാഗിൽ നിന്നും കുടയെടുത്ത് പിടിച്ചു.
മഹി അവളുടെ കൈയിൽ നിന്നും കുട വാങ്ങി തങ്ങളെ ആരും കാണാത്ത വിധത്തിൽ പ്രത്യേക രീതിയിൽ പിടിച്ചു.
മീനു ഇങ്ങോട്ട് നോക്ക്.
അവൻ വിളിച്ചതും മീനു മുഖം തിരിച്ച് മഹിയെ നോക്കി.
“എന്താടാ?” അവൾ അത് ചോദിച്ചതും മഹി മുഖം അടുപ്പിച്ച് അവളുടെ ചുണ്ടുകൾ കവർന്നു. അവന്റെ അപ്രതീക്ഷിതമായ ചുംബനത്തിൽ മീനു പകച്ചു പോയി.
ആദ്യം അവൾ ഒന്ന് കുതറിയെങ്കിലും അവന്റെ കരത്തിനു മുന്നിൽ മീനു നിസ്സഹായയായി. ആദ്യത്തെ എതിർപ്പ് മാറി അവളും അവന്റെ ചുംബനം ആസ്വദിച്ചു. മീനുവിൽ നിന്നും എതിർപ്പില്ലാതായപ്പോൾ അവന് കൂടുതൽ ഉത്സാഹമായി.
മഹി അവളെ ഗാഢമായി പുണർന്ന് മുഖത്തും കവിളിലും കഴുത്തിലും ഒക്കെ തന്റെ ചുണ്ടുകൾ അമർത്തി. അവന്റെ ആ പ്രവർത്തി അവളിൽ അസ്വസ്ഥത സൃഷ്ടിച്ചു. അതേസമയം മഹിയുടെ കൈകൾ മീനുവിന്റെ നെഞ്ചിൽ അമർന്നു. ആർത്തിയോടെ അവന്റെ കൈകൾ അവളുടെ മാറിനെ ഞെരിച്ച് അമർത്തി.
വിട് മഹി ഇതിനാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്.
അവന്റെ കൈകൾ അവളുടെ മാറിനെ അമർത്തി ഞെരിച്ചപ്പോൾ ഉൾക്കിടിലത്തോടെ പിന്നോട്ട് കുതറി മാറി.
ഛെ… ഈ വൃത്തികേട് കാണിക്കാൻ വേണ്ടിയാണ് അല്ലേ നീ എന്നെ കറങ്ങാൻ വിളിച്ചു കൊണ്ടിരുന്നത്. നീ ഇത്രയ്ക്ക് വൃത്തികെട്ടവൻ ആയിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല മഹി. ഇനി മേലിൽ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല. ഒരു കുടയുടെ മറവിൽ ഇരുന്ന് ഇത്തരം വൃത്തികേടുകൾ കാണിക്കാൻ മടിയില്ലാത്ത നീ എന്നെ എന്തും ചെയ്യാൻ മടിക്കില്ല എന്ന് എനിക്ക് മനസ്സിലായി. പോടാ പുല്ലേ.
അവനെ പിന്നോട്ട് തള്ളി അറപ്പോടെ അവൾ എഴുന്നേറ്റ് ഓടി. ആ ബന്ധം അവിടെ മുറിച്ചു കളയാൻ മീനൂന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിരുന്നില്ല. മറ്റെന്തിനേക്കാളും അവൾക്ക് വലുത് സ്വന്തം ആത്മാഭിമാനം തന്നെയായിരുന്നു.
ഐഷു