രചന :പ്രജിത്ത് സുരേന്ദ്രബാബു.
“ടീ കറുമ്പിയായ നിന്നെ കെട്ടാൻ ഷാരൂഖ് ഖാൻ വരും കാത്തിരുന്നോ.. “സഹോദരി കാവ്യയുടെ പരിഹാസ വാക്കുകൾ കേട്ട് മൗനമായി തല കുമ്പിട്ടു നിത്യ.
” മോളെ.. നിർത്ത് ഒരാളെ ഇൻസൾട്ട് ചെയ്യുന്ന പോലുള്ള ഇത്തരം വാക്കുകൾ ഒഴിവാക്കണം നീ.. നിത്യ നിന്റെ ചേച്ചിയാണ് അത് മറക്കേണ്ട.. ”
അച്ഛൻ മാധവന്റെ ശകാരം കേട്ട് മൗനമായി മുറിയിലേക്ക് പോയി കാവ്യ.
” അച്ഛാ.. ഞാൻ എന്താ അത്രയ്ക്ക് മോശം ആണോ.. ഇങ്ങനെ കളിയാക്കാനായിട്ട്..”
അത് ചോദിക്കുമ്പോൾ നിത്യയുടെ മിഴികൾ തുളുമ്പിയത് ശ്രദ്ധിച്ചു മാധവൻ.
” അയ്യേ.. മോള് ഇത്രക്ക് പാവമാണോ.. അവള് ചുമ്മാ കളിയാക്കിയതല്ലേ നിന്നെ.. ഇതൊന്നും അത്ര കാര്യമാക്കേണ്ടതില്ല.. പിന്നെ ഇപ്പോ വന്ന ആലോചന നിനക്ക് ഇഷ്ടമായില്ലേ വിട്ടേക്ക്. അച്ഛനും അത് അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല പിന്നെ അവര് ഇങ്ങട് വന്നു ചോദിച്ചത് കൊണ്ട് ചുമ്മാ നിന്നോട് ഒന്ന് തിരക്കിയെന്നു മാത്രം.. ”
” അയാൾക്ക് വയസ്സ് നാൽപ്പത് അല്ലെ അച്ഛാ എനിക്ക് ആണേൽ ഇരുപത്തി അഞ്ചും.. ഇത്രേമൊക്കെ പ്രായവ്യത്യാസം എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല.. ശെരിയാ ഞാൻ കാണാൻ കറുത്തിട്ടാ.. എന്നാലും ഇത്.. ”
വാക്കുകൾ മുഴുവിക്കുവാൻ കഴിയാതെ വിതുമ്പി നിത്യ.. താൻ ചെയ്തത് വലിയൊരു മണ്ടത്തരമായി പോയി എന്നത് അപ്പോഴാണ് മാധവനു ശെരിക്കും മനസിലായത്.
‘ ഒരിക്കലും ആ ആലോചന കൊണ്ട് വരരുതായിരുന്നു ‘അയാൾ മനസിലോർത്തു.
” മോള് വിഷമിക്കല്ലേ.. ഇക്കാലത്ത് കാണാൻ ഇച്ചിരി കറുപ്പ് ആണ് എന്ന് വച്ചിട്ട് വിവാഹം നടക്കായ്ക ഒന്നുമില്ല. നിനക്ക് നല്ല വിദ്യാഭ്യാസമില്ലേ.. ബി എഡ് കഴിഞ്ഞു നിൽക്കുവാ ന്ന് വച്ചാൽ ചില്ലറ കാര്യം ആണോ. സൗന്ദര്യം മാത്രം നോക്കാതെ നല്ലൊരു ജീവിതം ആഗ്രഹിച്ചു വരുന്ന ഏതേലും ഒരു ചെക്കൻ ഉണ്ടാകും. അത് സമയം ആകുമ്പോ നിന്നെ തേടി എത്തും അതുവരെ അച്ഛൻ ഉണ്ട് മോളുടെ ഒപ്പം.. ”
ആശ്വാസ വാക്കുകളോടെ നിത്യയെ തന്റെ മാറോട് ചേർത്തു മാധവൻ.
ആ സമയം അടുക്കള ഭാഗത്ത് നിന്നും നിറകണ്ണുകളോടെ ഒക്കെയും നോക്കി പുഞ്ചിരിച്ചു നിന്നു അമ്മ ശ്രീദേവിയും.
ഉള്ളിലെ വിഷമം അടക്കി ഉച്ചഭക്ഷണം കഴിഞ്ഞു പതിവ് പോലെ പറമ്പിലേക്ക് ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ് നിത്യ.
” എടോ.. എന്തായി പുതിയ ആലോചന വന്നെന്നു കേട്ടല്ലോ.. വല്ലതും നടക്കോ.. ” പിന്നിൽ നിന്നുമുള്ള ചോദ്യം കേട്ട് തിരിഞ്ഞ അവൾ കണ്ടത് അയൽവാസി അനീഷിനെ ആണ്.
” ഹാ.. അനീഷേട്ടൻ ഇവിടുണ്ടായിരുന്നോ..ഇന്ന് പോയില്ലേ ഡ്യൂട്ടിക്ക്.”
“ഇല്ലന്നേ… അമ്മയെ ബാങ്കിൽ ഒന്ന് കൊണ്ട് പോകേണ്ട ആവശ്യം ഉണ്ടായിരുന്നു അതോണ്ട് ഇന്ന് ലീവ് ആക്കി ”
അനീഷ് മറുപടി പറയുമ്പോൾ പതിയെ നടന്ന് അവനരികിൽ എത്തി നിത്യ..
” ആ നിങ്ങള് പോലീസുകാർക്ക് പിന്നെ എന്തും ആകാലോ.. എവിടേ വേണോ കറങ്ങി നടക്കാം. ചോദിച്ചാൽ ഓൺ ഡ്യൂട്ടി എന്ന് പറഞ്ഞാൽ പോരെ.. ”
അവളുടെ ആ കമന്റ് കേട്ട് പൊട്ടിച്ചിരിച്ചു അനീഷ് . ” ആട്ടെ.. എന്തായി പുതിയ ആലോചന.. എന്തേലും നടക്കോ. “
നിത്യയുടെ മുഖത്തെ പുഞ്ചിരി മായ്ക്കാൻ ആ ഒരു ചോദ്യം മതിയാരുന്നു.
” ഓ അതൊന്നും നടക്കില്ല.. ഞാൻ എന്താ കെട്ടാ ചരക്ക് വല്ലതുമാണോ.. അയാൾക്ക് നാല്പത് വയസ്സ് ഉണ്ട് പ്രായം.”
ആ മറുപടിയിൽ നിഴലിച്ച നിരാശ വേഗത്തിൽ മനസിലാക്കി അനീഷ്. ” ഹാ.. പോട്ടെടോ.. തനിക്ക് നല്ലൊരു ലൈഫ് ഉണ്ടാകും.. അതുറപ്പാ.. ”
അവന്റെ ആശ്വാസ വാക്കുകൾ കേട്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു നിത്യ..
” അതേ അനീഷേട്ടാ.. ഒരു കാര്യം ചോദിക്കട്ടെ… ഞാൻ എന്താ അത്രയ്ക്ക് ബോർ ആണോ കാണാൻ. “ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അനീഷ്.
” അല്ലടോ.. താൻ ഇച്ചിരി കറുത്തിട്ടാ കാണാൻ. പക്ഷെ നല്ല ഐശ്വര്യമാ നിന്റെ മുഖത്ത് ഒപ്പം നല്ല സ്വഭാവവും. നിന്റെ ഭാര്യ ആയി കിട്ടുന്നവൻ ഭാഗ്യവാൻ ആണ്. ”
ആ മറുപടി നിത്യയെ ചിരിപ്പിച്ചു.” ആഹാ കൊള്ളാലോ വിവരണം.. എന്നാ പിന്നെ ഇയാൾക്ക് തന്നെ എന്നെ അങ്ങ് കെട്ടിക്കൂടെ.. അപ്പോ ഈ ഭാഗ്യം അവിടേക്ക് വന്നു ചേരുമല്ലോ ”
തമാശയായി മറുപടി നൽകി പൊട്ടിച്ചിരിച്ചു കൊണ്ട് നിത്യ തിരികെ വീട്ടിലേക്ക് പോകുമ്പോൾ മൗനമായി നോക്കി നിന്നു അനീഷ്.
” കാന്താരി.. “അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. വൈകുന്നേരം വീടിന്റെ മുൻവശത്ത് ഓരോ നാട്ടു വിശേഷങ്ങൾ പറഞ്ഞിരിക്കുകയായിരുന്നു മാധവനും കുടുംബവും അപ്പോഴാണ് അനീഷ് ഗേറ്റ് കടന്നു അവിടേക്ക് വന്നത്.
” ആ അനീഷേ.. എന്താ ഇന്ന് ഡ്യൂട്ടിക്ക് പോയില്ലേ..”അവനെ കണ്ട പാടെ മാധവൻ പുഞ്ചിരിയോടെ എഴുന്നേറ്റു..
” ഏയ് ഇല്ല.. ഇന്ന് വേറെ കുറച്ചു അത്യാവശ്യങ്ങൾ ഉണ്ടായിരുന്നു അതോണ്ട് ലീവാക്കി.”
മറുപടി പറഞ്ഞു കൊണ്ട് അനീഷ് അവർക്കരികിലേക്ക് എത്തി.
” പോലീസ് അല്ലെ അച്ഛാ.. ഇവർക്ക് എവിടേ വേണേലും കറങ്ങി നടക്കാലോ… ”
ഉച്ചയ്ക്കത്തെ അതേ കമന്റ് തന്നെ തുടർന്നു നിത്യ. അത് കേട്ട് എല്ലാവരും ഒരുപോലെ ചിരിച്ചു.
” വാ കേറി വാ.. മോൻ .. ചുമ്മാ ഇറങ്ങിയതാണോ അതോ എന്തേലും കാര്യമുണ്ടോ…”
ശ്രീദേവി ചോദിച്ചത് കേട്ട് പുഞ്ചിരിയോടെ തന്നെ ഉമ്മറത്തെ കസേരയിലേക്കിരുന്നു അനീഷ്.
” ചുമ്മാതെ അല്ല.. ഒരു കാര്യവുമായി തന്നെ വന്നതാണ്.. ” ” ആണോ എന്താ മോനെ എന്തേലും പ്രശ്നം ഉണ്ടോ.. “
മാധവനും അവന് അരികിലേക്ക് ചെന്നിരുന്നു. ” അത്.. “മറുപടി പറയാൻ അല്പമൊന്ന് പരുങ്ങിയ ശേഷം നിത്യയെ ഒന്ന് നോക്കി അനീഷ്. സംശയത്തോടെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവളും.
” എന്താ അനീഷ്.. എന്താ കാര്യം “ശ്രീദേവിക്കും ആകാംഷയേറി ” അത്.. ഞാൻ പറയുന്നത് തെറ്റാണേൽ ക്ഷമിക്കണം.. നിത്യ.. നിത്യയേ എനിക്ക് വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. കുറെ നാളായി മനസ്സിൽ കേറിക്കൂടിയ ഒരിഷ്ടമാണ്. നിങ്ങൾക്ക് സമ്മതമാണേൽ പൊന്ന് പോലെ നോക്കിക്കോളാം ഞാൻ ”
ആ വാക്കുകൾ കേട്ട് ആകെ നടുങ്ങി പോയി നിത്യ. അവൾ മാത്രമല്ല മറ്റുള്ളവരും.
” മോനെ.. അത്.. ” മാധവനു മറുപടി പറയുവാൻ വാക്കുകൾ ഇല്ലായിരുന്നു.
” വെറുതെ പറയുവല്ല. പണ്ട് മുതലേ ഉള്ള ഇഷ്ടം ആണ്. ഇവിടെ വന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു.. ഇയാളെ ഭാര്യയായി കിട്ടിയാൽ അത് എന്റെ ഭാഗ്യം ആണ്. അത്രക്ക് നല്ല കുട്ടിയാണ് നിത്യ ”
അത് പറയുമ്പോൾ അനീഷ് നോക്കിയത് നിത്യയുടെ മുഖത്തേക്ക് ആണ്. ആകെ നടുങ്ങി തരിച്ചു നിൽക്കുകയായിരുന്നു അവൾ.
” മോൻ ഇത് കാര്യമായി തന്നെ പറയുന്നതാണോ.. “വിശ്വസിക്കാൻ കഴിയാതെ വീണ്ടും തിരക്കി ശ്രീദേവി.
” അതേ.. സത്യമായും.. നിത്യ എന്നെ അങ്ങിനെ കണ്ടിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല പക്ഷെ എനിക്ക് ഇഷ്ടമാണ്.. ദൈവം സഹായിച്ചു നല്ലൊരു ജോലി ഉണ്ട് എനിക്കിപ്പോ. പിന്നെ ഉറപ്പായും പരിശ്രമിച്ചാൽ നിത്യയ്ക്കും നല്ലൊരു ജോലി കിട്ടും നിങ്ങൾക്കരികിൽ തന്നെ സുഖമായി സന്തോഷത്തോടെ ഞങ്ങൾക്ക് ജീവിക്കാൻ പറ്റും..”
പതിയെ പതിയെ അനീഷ് പറയുന്നത് ആത്മാർത്ഥമായിട്ടാണ് എന്ന് മനസിലാക്കി തുടങ്ങി മാധവൻ.
” അനീഷ്.. മോനെ.. വീട്ടിൽ അമ്മയൊക്കെ ഇതറിഞ്ഞാൽ… അവർക്ക് ഇഷ്ടമാണോ ഈ ബന്ധം ”
” ഇഷ്ടമാണ്. എന്റെ ഇഷ്ടം അമ്മയോട് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് അറിയാലോ എനിക്ക് അമ്മ മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ എന്റെ ഏത് ഇഷ്ടത്തിനും അമ്മ എതിര് നിൽക്കില്ല….
പിന്നെ നിത്യയെ അമ്മയ്ക്കും വലിയ ഇഷ്ടം ആണ്. ഇന്നിപ്പോ എനിക്കൊപ്പം ഇറങ്ങാത്തത് ഇത് കേട്ട് നിങ്ങൾ എന്ത് പറയും എന്നോർത്തിട്ട് പേടിച്ചിട്ടാണ്.. മറുപടി എന്താകും എന്നറിയാൻ വീടിന്റെ മുന്നിൽ തന്നെ കാത്തു നിൽപ്പുണ്ട് ആള് ”
ആ മറുപടി കൂടി കേൾക്കെ വല്ലാത്ത സന്തോഷത്തോടെ എഴുന്നേറ്റു മാധവൻ.
ശേഷം അയാൾ നിത്യയ്ക്ക് മുന്നിലേക്ക് ചെന്നു. ആകെ വിളറി വെളുത്തു നിൽക്കുന്ന അവളുടെ ചുമലിൽ ഒന്ന് തട്ടി മാധവൻ.
” മോള് ഈ പറഞ്ഞത് കേട്ടില്ലേ.. സമ്മതമാണോ നിനക്ക് ”
മറുപടി പറയുവാൻ കഴിയാതെ അനീഷിന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അവൾ. അങ്ങനൊരു ആഗ്രഹം ഇന്നേവരെ അനീഷിനോട് തോന്നിയിട്ടില്ല എങ്കിലും പലപ്പോഴും അവൾക്ക് ഒരു ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അവൻ. പെട്ടെന്ന് അവന്റെ ഭാഗത്തു നിന്നും ഇങ്ങനൊരു ആഗ്രഹം കേട്ടപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നത് അറിയാതെ കുഴഞ്ഞു അവൾ
” ചേച്ചിക്ക് സമ്മതം തന്നാ.. ദേ കണ്ടില്ലേ കിളി പോയി നിൽക്കണത്.. ”
കാവ്യയുടെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു. അതോടെ പതിയെ എഴുന്നേറ്റു നിത്യയ്ക്ക് മുന്നിലായി ചെന്നു അനീഷ്
” എടോ.. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി. ത്യാഗം ഒന്നുമല്ല തന്നെ ഇഷ്ടമായിട്ട് തന്നെയാണ് വന്നു പറഞ്ഞത്… ഇന്നോ ഇന്നലെയോ തുടങ്ങിയ ഇഷ്ടവും അല്ല.. പുറമെയുള്ള തൊലി വെളുപ്പിനുമൊക്കെ അപ്പുറം ഉള്ളറിഞ്ഞു കൊണ്ടുള്ള ഇഷ്ടമാണ് എന്റേത്. നോ മാത്രം പറയരുത്. ഞാൻ പറഞ്ഞില്ലേ തന്നെ കെട്ടുന്നവൻ ഭാഗ്യവാൻ ആണ്. ആ ഭാഗ്യം.. അതെനിക്ക് എനിക്ക് വേണം. ”
ആ വാക്കുകൾ നിത്യയുടെ ഉള്ളിലാണ് തറച്ചത്. അറിയാതെ അവളുടെ മിഴികളിൽ നീരുറവകൾ തെളിഞ്ഞു. അത് കണ്ട് പുഞ്ചിരിയോടെ തന്നെ പുറത്തേക്കിറങ്ങി അനീഷ്.
” നിത്യയ്ക്ക് സമ്മതമാണെന്ന് വിശ്വസിക്കുന്നു ഞാൻ. അടുത്ത ഞായറാഴ്ച അമ്മയെ കൂട്ടി വരാം ഞാൻ ഒരു ഒഫീഷ്യൽ പെണ്ണുകാണലിനു.. ”
ആ വാക്കുകൾ കേട്ട് മാധവനും ശ്രീദേവിയും ഏറെ സംതൃപ്തിയോടെ പുഞ്ചിരിച്ചു.
അനീഷ് നടന്നകലുമ്പോഴും നിത്യ അവിശ്വസനീയമായി അവനെ തന്നെ നോക്കി നിന്നു.
” മോളെ… സമ്മതമല്ലേ. നിനക്ക്.. അച്ഛൻ ഇത് ഉറപ്പിക്കട്ടെ.. നല്ല പയ്യൻ അല്ലെ അനീഷ് നമുക്ക് അടുത്ത് അറിയാവുന്നവൻ.. നിനക്ക് വിധിച്ച ചെക്കൻ അവൻ തന്നാ ”
മാധവൻ അത് പറയുമ്പോൾ നിറമിഴികളോടെ അയാളുടെ മാറിലേക്ക് ചാഞ്ഞു നിത്യ. അവളുടെ ഉള്ളിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം വലുതായിരുന്നു. ഒരു സുഹൃത്തായി അനീഷ് പലപ്പോഴും അവളെ അത്രമാത്രം കെയർ ചെയ്തിട്ടുണ്ട്.
ഒടുവിൽ എല്ലാം ശുഭമായ സന്തോഷത്തിൽ മകളെ പുണർന്നു മാധവൻ. ശ്രീദേവിയും കാവ്യയും അത് കണ്ട് പുഞ്ചിരി തൂകി നിന്നു.
(ശുഭം )