കൃത്യമായി അറിയാറുണ്ട് പാൻ്റിനു പിറകിലുണ്ടാക്കുന്ന ഉരച്ചിൽ, ഛർദ്ദിക്കാൻ തോന്നും. ആരോടെങ്കിലും പറയണമെന്ന്…

(രചന: RJ)

അതൊക്കെ മോശമല്ലേ ചേച്ചി,
ഒരാളുടെ പ്രൈവറ്റ് പാർട്ടിലൊക്കെ പിടിക്കുക എന്ന് പറഞ്ഞാൽ ……

നീനു വല്ലാത്ത ആശങ്കയിലായിരുന്നു.

” എൻ്റെ നീനു നീ ഇങ്ങനെ പാവമായിട്ട് ഇരുന്നിട്ട് ഒരു കാര്യവും ഇല്ല. വിചാരിച്ചത് നടക്കണമെങ്കിൽ ഞാനീ പറഞ്ഞതേ വഴി ഉള്ളു.

ലേഖ പറഞ്ഞതുകേട്ട് അവളാകെ ധർമ്മസങ്കടത്തിലായി.

രാവിലെ സ്കൂളിലേക്കുള്ള ബസ് കാത്ത് നിൽക്കുകയായിരുന്നു നീനു അപ്പോഴാണ് സ്കൂളിനടുത്തെ ഷോപ്പിൽ സെയിൽസിന് നിൽക്കുന്ന ലേഖയും എത്തിയത്.

രണ്ടു പേരും ഒരേ ബസിനാണ് രാവിലെ പോകാറ് , അങ്ങനെ കണ്ടുള്ള പരിചയമാണ് രണ്ടാൾക്കും.

നീനു പത്താംക്ലാസ്കാരിയാണ്, ഒരു നാണം കുണുങ്ങി. ചുവന്നുതുടുത്ത് തക്കാളിപ്പഴം പോലെ
അത്യാവശ്യം ശരീരവുമൊക്കെയുള്ള പെൺകുട്ടി. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല,
നാലാളെ മുൻപിൽ കണ്ടാൽ വിയർക്കുന്ന സ്വഭാവമാണ് അവൾക്ക്.

തല്ലിയിട്ട് പോയാലും നിന്നുകൊണ്ടു കൊണ്ട് പോരുന്ന സ്വഭാവം.
പലപ്പോഴും ലേഖ അതിനവളെ കളിയാക്കാറുണ്ട്,

ഈ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് നല്ല തൻ്റേടം വേണമെന്ന് പറഞ്ഞാലും ചിരിച്ചു കാണിക്കും അവൾ.
വീട്ടിലെ ഇളയ കുട്ടിയായതിൻ്റെ ഫലമാണതെന്നാണ് ലേഖയുടെ കണ്ടെത്തൽ.

ലേഖ നേരെ തിരിച്ചാണ് , മനസിൽ തോന്നുന്നത് ആരോടും വെട്ടിത്തുറന്ന് പറയും ഒരാളേയും പേടിയില്ല.
തെറ്റ് ചെയ്യാത്തിടത്തോളം ആരേയും പേടിക്കണ്ട ആവശ്യം ഇല്ല എന്നാണ് അവളുടെ വിശ്വാസം.

” ഇത്ര ആലോചിക്കാനൊന്നും ഇല്ല നീ ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്താൽ മതി.

ബസ് ദൂരത്തു നിന്നും കണ്ടതും ലേഖ അവളോടായി പറഞ്ഞു.

” എനിക്കെന്തോ പേടി തോന്നുന്നു ചേച്ചി,
വീട്ടിൽ അറിഞ്ഞാൽ
അച്ഛനെന്നെ കൊല്ലും.

ചങ്കിടിച്ചു തുടങ്ങിയിരുന്നു നീനുവിന്.

” ഒന്നും സംഭവിക്കില്ല, അഥവാ എന്തെങ്കിലും ഉണ്ടായാൽ
ഞാൻ കൂടെയുണ്ട്
പേടിക്കണ്ട. ധൈര്യമായി കയറ്.

ലേഖയുടെ ആ വാക്കുകളിൽ നീനുവിൻ്റെ നെഞ്ചിലെ ആളലൊന്ന് കുറഞ്ഞു.

ബസ് അടുത്തെത്തിയതും
സ്റ്റെപ്പ് ചവിട്ടികയറി അവളാദ്യം നോക്കിയത്
പുറകിലേക്കാണ്.

ഉണ്ട് ഇന്നും അയാൾ അവിടെ തന്നെയുണ്ട്.

വല്ലാത്തൊരു നോട്ടത്തോടെ കമ്പിയിൽ ചാരി നിൽക്കുന്നയാളെ കണ്ടതും നീനുവിന് അറപ്പ് തോന്നി.

നല്ല തിരക്കുണ്ട് ബസിൽ, ഉള്ളു വഴി ആയതിനാൽ
ആ റൂട്ടിൽ സ്കൂൾ ടൈമിൽ ഈ ബസ് മാത്രമേ ഉള്ളു എന്നും ആളുകളെ കുത്തി തിരുകിയാണ് കൊണ്ടുപോകുന്നത്.
സ്റ്റോപ്പിലെത്തുമ്പഴേക്കും തിരക്കുണ്ടാവും എന്നതിനാൽ മിക്കപ്പോഴും നീനുവിന് പുറകിലാണ് നിൽക്കേണ്ടി വരിക.

സ്കൂൾ പിള്ളേരെ കണ്ടാലുടനെ കണ്ടക്ടർ ഒച്ചയിടാൻ തുടങ്ങും പുറകിൽ ഫുട്ബോൾ കളിക്കാനുള്ള സ്ഥലമുണ്ട് ഇറങ്ങി നിൽക്കെന്നും പറഞ്ഞ്.

ശ്വാസം വിടാൻ പോലും പറ്റാതെ നിൽക്കുമ്പോഴായിരിക്കും തോണ്ടലും പിടിക്കലും. ആദ്യമൊന്നും അവളത് കാര്യമാക്കിയില്ല,
പതിയെ മാറി നിൽക്കുകയാണ് പതിവ്.
പക്ഷേ ഇപ്പോൾ സ്ഥിരമായി ഒരാൾ വല്ലാതെ ശല്യം ചെയ്യുന്നുണ്ട്.

എന്നും ബസിലുണ്ടാകും,
താനെവിടെയാണോ നിൽക്കുന്നത് തൊട്ടു പിന്നിലേ നിൽക്കൂ,
മാറി നിന്നാലും തിക്കിതിരക്കി വീണ്ടും പിന്നിലേക്ക് വരും.

ശരീരത്തേക്ക് ചാഞ്ഞുള്ള നിൽപ്പും നോട്ടവും സഹിക്കാം പക്ഷേ പിറകിൽ നിന്നും ഉള്ള പ്രവൃത്തി അത് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല.

കൃത്യമായി അറിയാറുണ്ട് പാൻ്റിനു പിറകിലുണ്ടാക്കുന്ന ഉരച്ചിൽ, ഛർദ്ദിക്കാൻ തോന്നും. ആരോടെങ്കിലും പറയണമെന്ന് കരുതിയാൽ തന്നെ ചീത്ത പെൺകുട്ടിയായി കണ്ടാലോ എന്ന് പേടിയാണ്.
ഒപ്പം വീട്ടിൽ അറിഞ്ഞാലും വഴക്ക് കേൾക്കുക തനിക്കാവും.

കുറേ ദിവസം മനസിലാതെ കടിച്ചു പിടിച്ചു നിന്നു. പക്ഷേ ഇന്നലെ ബസിൽ നിന്നിറങ്ങി സ്കൂളിലെത്തി ക്ലാസിൽ കയറുമ്പോൾ കൂട്ടുകാരിയാണ് പറഞ്ഞത് നിൻ്റെ പാൻ്റിനു പിറകിലെന്താടീ വെളുത്ത് ഒട്ടിപ്പിടിച്ചിരിക്കുന്നതെന്ന്.

നോക്കിയപ്പോൾ ശരിയാണ്,
കരച്ചിൽ വന്നിരുന്നു.
വാഷ് റൂമിൽ പോയി കഴുകി വൃത്തിയാക്കി വന്നിട്ടും മനം മറിയുകയായിരുന്നു.

വൈകിട്ട് ഷോപ്പിൽ ചെന്നപ്പോൾ മുഖത്തെ വാട്ടം കണ്ട് ലേഖ ചേച്ചി
കുത്തി കുത്തി ചോദിച്ചപ്പോഴാണ് കാര്യം പറഞ്ഞത്.
കേട്ട പാടെ ദേഷ്യം വന്നു ചേച്ചിക്ക്.

” ഒന്ന് കൊടുക്കാമായിരുന്നില്ലേടീ നിനക്ക്, നാളെ കാണട്ടെ അവനെ എന്നും ചോദിച്ച് കലിതുള്ളി.

വേണ്ടെന്ന് കരഞ്ഞ് പറഞ്ഞപ്പോഴാണ് അടങ്ങിയത്.
പിന്നെയാണ് അതിനൊരു പരിഹാരം ചേച്ചി പറഞ്ഞത്.

” മോളെ, ഇങ്ങനെയുള്ള അവസരങ്ങളിൽ പേടിച്ച് സങ്കടപ്പെടുകയല്ല വേണ്ടത് മറിച്ച് ധൈര്യത്തോടെ എതിർക്കണം.

നീ ഒരു പെൺകുട്ടിയാണ് അതുകൊണ്ട് എന്തുമാകാം എന്ന് കരുതുന്ന ഇത്തരക്കാരെ പേടിച്ച് നടന്നാൽ അവർ ഇത് ആവർത്തിക്കുകയേ ഉള്ളു.

നാളെ മോളുടെ അനുജത്തി വലുതായി ഇതുപോലെ പോകുന്ന കാര്യം ഓർത്തു നോക്കിയേ,
അവൾക്കും ഇതുപോലെ സംഭവിച്ചാൽ ?

അതൊരു വലിയ ചോദ്യമായിരുന്നു.

ചേച്ചി പറഞ്ഞത് ശരിയാണ്,
തന്നെ പോലെ എത്ര എത്ര കുട്ടികളാണ് ദിവസവും ബസിലും അല്ലാതെയും സ്കൂളിലും ജോലിക്കും ഒക്കെയായി പോകുന്നത്.

അവരും ഇതൊക്കെ നേരിടുന്നില്ലേ,
പിന്നെന്താ തനിക്കും അങ്ങനെ ആയാൽ.

” മറ്റുള്ളവർ കണ്ടാലല്ലേ പ്രശ്നമുള്ളു ,

അയാൾ ആരും അറിയാതെയാണ്
വഷളത്തരം കാണിക്കുന്നതെങ്കിൽ
അതേ നാണയത്തിൽ നീയും ഒന്ന് കൊടുക്കണം.

നാളെ ബസിൽ അയാൾ വൃത്തികേട് കാണിച്ചാൽ
തിരിഞ്ഞു നിന്ന് അയാളുടെ കണ്ണിലേക്ക് തന്നെ നോക്കണം നീ ഒട്ടും പേടിക്കാതെ . എന്നിട്ട് അവൻ്റെ മടിക്കുത്ത് ഉയരുന്നിടത്ത് വേദനിക്കുമാറ് തന്നെയൊറ്റ പിടി പിടിയ്ക്കണം
മേലാൽ അവൻ അങ്ങനെ ചിന്തിക്കാത്ത തരത്തിൽ

ലേഖ ചേച്ചി പറഞ്ഞത് ശരി തന്നെയാണ്.
പേടിക്കരുത്, തന്നെ പോലുള്ളവരുടെ പേടിയും മൗനവുമാണ് ഇത്തരക്കാരെ വഷളാക്കുന്നത്.

ഓർത്തതും നീനുവിൻ്റെ മുഖം കടുത്തു.

ഒതുങ്ങി കൂടി ബാഗും പുറത്തിട്ട് നിൽക്കാറുള്ളവൾ അന്ന് ബാഗ് സീറ്റിലെ സ്ത്രീയുടെ മടിയിൽ വച്ച് വിശാലമായി തന്നെ നിന്നു. തൊട്ടു പുറകിൽ അയാളുണ്ടെന്ന് അറിഞ്ഞു തന്നെ.

” കൊച്ചുകള്ളീ, അപ്പോ നിനക്കും സുഖം പിടിച്ചു പോയല്ലേ……

ആരും കേൾക്കാതെ വഷളച്ചിരിയോടെ പറഞ്ഞയാളുടെ കയ്യുരയുന്നതറിഞ്ഞ് നീനുവൊന്ന് ശ്വാസം ഉള്ളിലേക്കെടുത്തു.
പിന്നെ മെല്ലെ തിരിഞ്ഞ്
കണ്ണു ചിമ്മാതെ അയാളുടെ കണ്ണുകളിലേക്ക് കൂർപ്പിച്ചു നോക്കി.

അയാളൊന്ന് പതറി,
പെട്ടന്നവൾ അയാളുടെ ഉയർന്നഭാഗത്തേക്ക് വിരലുകൾ ശക്തമായി അമർത്തി വലതുവശത്തേക്ക് ഒറ്റത്തിരിയായിരുന്നു.

ഉയർന്നു വരാതെ തങ്ങിയ ശബ്ദത്താൽ കണ്ണുകൾ തുറിച്ച അയാളെ കണ്ടതും
നീനുവിൻ്റെ ചുണ്ടിൽ ചിരി വിരിഞ്ഞു.

വീണ്ടുമൊരു വട്ടം കൂടി സർവ്വശക്തിയും പ്രയോഗിച്ച് അവിടെ
അമർത്തി തിരിച്ചതും
പുളയുന്നുണ്ടായിരുന്നയാൾ.

അരുതെന്ന യാചനയുടെ നോട്ടം അയാളുടെ കണ്ണിൽ കണ്ടതും കാർക്കിച്ച് തുപ്പുന്നതുപോലെ കാണിച്ചവൾ പിടി വിട്ടു പിന്നെ ഒന്നും സംഭവിക്കാത്ത പോലെ
തിരിഞ്ഞു നിന്ന്
പിറകിലേക്ക് എത്തി നോക്കിയ ലേഖയെ നോക്കി വിരലുയർത്തി.

അവളുടെ മുഖത്തെ ആത്മവിശ്വാസം നിറഞ്ഞ ചിരി കണ്ടതും ലേഖയിലും ആശ്വാസത്തിൻ്റെ പുഞ്ചിരി വിടർന്നു.

” എനിക്കിത് നേരിടാൻ വയ്യാഞ്ഞിട്ടല്ല,
നിൻ്റെ ശക്തി എന്താണെന്ന് നീ തിരിച്ചറിയണം എങ്കിലേ
ഇന്നത്തെ ഈ ദുഷിച്ച ലോകത്ത് നിനക്ക് ഒരു ഇടമുണ്ടാകൂ.

ആത്മവിശ്വാസത്തോടെ ഭയമില്ലാതെ തലയുയർത്തി നടക്കുന്ന ഒരു പെണ്ണാവാൻ
ഇപ്പോൾ നിനക്ക് കഴിയും.

സ്വയമോർത്തവൾ പുഞ്ചിരിയോടെ പുറത്തെ കാഴ്ചകളിലേക്ക് മിഴികൾ പായിച്ചു.
അതേ ചിന്തയോടെ
മനസിലെ നേരിയ ഭയത്തേയും കുടഞ്ഞെറിഞ്ഞ് നീനുവും.