(രചന: ഗിരീഷ് കാവാലം)
“അമ്മേ…ഏട്ടത്തിയമ്മ ഈ വീട്ടിൽ കാല് കുത്തിയ അന്ന് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ അമ്മക്ക് എന്നോട് ഒരു സ്നേഹകുറവ്..
മകളോടൊപ്പം വരില്ല മരുമകൾ അമ്മ ഓർത്തോ…”
” മോളെ നിനക്ക് തോന്നുന്നതാ അങ്ങനെ ഒന്നും ഇല്ല ”
മീര എത്ര വൈകാര്യതയോടെയാണോ പറഞ്ഞത് അതിലും നിസ്സാരമായിട്ടാണ് അമ്മ പത്മാവതിയമ്മ അവൾക്ക് മറുപടി കൊടുത്തത്
പത്മാവാതിയമ്മയുടെ രണ്ട് മക്കളിൽ ഇളയവൾ ആയ മീര ആദ്യമായിട്ടാണ് അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്..
ആ വീട്ടിൽ മീര വളർന്നത് അങ്ങനെ ആയിരുന്നു… അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായും, ജ്യേഷ്ഠന്റെ പുന്നാര അനുജത്തിയായും വീട്ടിൽ സർവ്വസ്വാതന്ത്ര്യത്തോടെ വളർന്ന അവൾക്ക് വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ അത്രക്ക് ഉൾക്കൊള്ളാൻ ആയില്ല
എന്ത് കാര്യത്തിലും സപ്പോർട്ട് ആയി നിന്ന് പൊന്നു പോലെ വളർത്തിയ അമ്മ തന്നെ ഇപ്പോൾ അവഗണിക്കുന്ന പോലെ മീരക്ക് തോന്നി..
ഏട്ടത്തിയമ്മ അവളോട് ഒരു അനിയത്തിയുടെ വാത്സല്യത്തോടെ ഇടപെടാൻ മുതിരുന്നുണ്ടായിരുന്നെങ്കിലും മീര അവളുടെ മനസ്സ് തുറന്നില്ല..
അമ്മയിൽ നിന്ന് തനിക്ക് കിട്ടിക്കൊണ്ടിരുന്ന സ്നേഹത്തിന്റെ സിംഹഭാഗവും ആരോ തട്ടി എടുക്കുന്നപോലെ അവൾക്ക് തോന്നി
അന്ന് പത്മാവതിയമ്മയുടെ അറുപതാം പിറന്നാൾ ആയിരുന്നു.. പിറന്നാളിനോടനുബന്ധിച്ചു സദ്യയും ഒരുക്കിയിരുന്നു
അച്ഛൻ , ഏട്ടൻ, ഏട്ടത്തിയമ്മ, മീര എല്ലാവരെയും ഇരുത്തി പത്മാവതിയമ്മ ഒരറ്റത്ത് നിന്ന് ഊണ് വിളമ്പാൻ തുടങ്ങി
പെട്ടന്ന് എഴുന്നേറ്റ മീര തലവേദ എടുക്കുന്നു പിന്നെ കഴിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് തന്റെ മുറിയിലേക്ക് പോയി
പുറകെ ചെന്ന പത്മാവതിയമ്മ കാണുന്നത് മുഖം കറുപ്പിച്ചിരിക്കുന്ന മീരയെ ആണ്
“എന്താ മോളെ ഇങ്ങനെ ”
മീരയുടെ മുഖം വായിച്ച പത്മാവതിയമ്മ ചോദിച്ചു
“വന്നു വന്നു ഇപ്പോൾ ഭക്ഷണം വിളമ്പുന്നതിലും വേർതിരിവ് കാണിച്ചു തുടങ്ങി അമ്മ ”
“ഏട്ടത്തിയമ്മക്ക് കൊടുത്തതിന് ശേഷമല്ലേ എനിക്കുള്ളൂ ”
“ചുരുക്കം പറഞ്ഞാൽ എനിക്ക് വേലക്കാരിയുടെ സ്ഥാനം എങ്കിലും ഉണ്ടോ ഈ വീട്ടിൽ ”
“മോളെ എന്താ ഇങ്ങനെ പറയുന്നേ…നിന്റെ അനാവശ്യ തോന്നലുകളാ ഇതൊക്കെ ”
“ഓ… വലിയ വീട്ടിലെ ഒരു പെണ്ണ് വന്നപ്പോൾ സ്വന്തം മകളുടെ സ്ഥാനം താഴെയായി ”
ദിവസങ്ങൾ കഴിയുംതോറും ചെറുതെങ്കിലും മീരയുടെ പരാതികൾ കൂടി വരുകയായിരുന്നു..
അതിനൊന്നും പത്മാവതിയമ്മ വേണ്ടത്ര ഗൗരവം കൊടുത്തില്ല
വീട്ടിലെ മറ്റുള്ളവരും അവളുടെ തോന്നലുകളെ തമാശയായിട്ടാണ് എടുത്തത്.. കുട്ടിത്തം മാറാത്ത ഒരു പെണ്ണിന്റെ തോന്നലുകൾ എന്നതിനപ്പുറം മറ്റൊരർത്ഥം അവരാരും കൊടുത്തില്ല
“നിങ്ങൾക്കൊക്കെ ഞാൻ ഒരു ഭാരം ആയെങ്കിൽ എന്നെ അങ്ങ് കെട്ടിച്ചു വിട്ടേര് ”
ഒരു ദിവസം അവൾ അമ്മയോട് വെട്ടി തുറന്ന് പറഞ്ഞു
അങ്ങനെ മീരയുടെ വിവാഹ മുഹൂർത്തവും കഴിഞ്ഞു…
വരന്റെ വീട്ടിലേക്ക് പോകുവാൻ അമ്മയുടെ കാൽ തൊട്ട് വണങ്ങുമ്പോൾ, അമ്മയെ വിട്ട് പോകുന്നതിലോ സ്വന്തം വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെയോ യാതൊരു ദുഃഖവും അവളുടെ മുഖത്ത് നിഴലിച്ചിരുന്നില്ല. ആരോടോ തീർക്കാൻ ഉള്ള പകപോക്കൽ എന്നവണ്ണം ആയിരുന്നു അവളുടെ മുഖഭാവം
വരന്റെ വീട്ടിൽ എത്തിയപ്പോൾ ആയിരുന്നു ആ യാഥാർഥ്യം അവൾ മനസ്സിലാക്കിയത്, നൊന്ത് പെറ്റ അമ്മയെയും, കരുതലായി കാവലാളായി എന്നും കൂടെ ഉണ്ടായിരുന്ന അച്ഛനെയും കൂടെപിറപ്പായ ജ്യേഷ്ഠനെയും ഒക്കെ പിരിഞ്ഞു താൻ ഇന്ന് ഒരു പരിചയവും ഇല്ലാത്ത ഏതോ ഒരു വീട്ടിൽ എത്തിയിരിക്കുന്നു എന്ന്
ആ യാഥാർഥ്യം തിരിച്ചറിഞ്ഞ അവളുടെ മുഖത്ത് വേർപാടിന്റെ ദുഃഖം നിഴലിക്കാൻ തുടങ്ങി…
മീരേ…അമ്മ സ്വല്പം കണിശക്കാരിയാ.. ഇഷ്ടപ്പെടാത്ത എന്തെങ്കിലും പറഞ്ഞാലും അങ്ങ് ക്ഷമിച്ചു കൊടുത്തേക്കണം.. അവരൊക്കെ ജീവിത സായാഹ്നത്തിൽ എത്തിയിരിക്കുവല്ലേ.. നമ്മൾ അല്ലേ ഇനി മുന്നോട്ട് ജീവിക്കേണ്ടത്..
ഭർത്താവ് അവളോടായി പറഞ്ഞു
“ങും… എന്നെ ഭരിക്കാൻ ഇങ്ങോട്ട് വരട്ടെ ഞാൻ കാണിച്ചു കൊടുക്കും”
മീര മനസ്സിൽ പറഞ്ഞു
അവളുടെ ചിന്തകൾ അകാരണമായി കാട് കയറുന്നുണ്ടായിരുന്നു..
സ്വന്തം വീട്ടിൽ ജ്യേഷ്ഠത്തി കടന്ന് വന്നതിനു ശേഷം ഉള്ള അമ്മയുടെ പെരുമാറ്റത്തിലെ മാറ്റവും ഇനിമുതൽ ഈ വീട്ടിലെ അമ്മയും മറ്റുള്ളവരുമായി എങ്ങനെ ഒത്തു പോകുമെന്നും ഉള്ള ചിന്തകൾ അവളെ മഥിക്കുന്നുണ്ടായിരുന്നു
മീരയുടെ ചിന്തകളെ അസ്ഥാനത്താക്കുന്ന പ്രവർത്തികൾ ആയിരുന്നു അടുത്ത ദിവസം അമ്മായിയമ്മയുടെ ഭാഗത്ത് നിന്നുണ്ടായത്
തന്റെ മനസ്സിൽ ഉണ്ടായിരുന്ന അമ്മായിയമ്മയുടെ രൂപം അല്ലായിരുന്നു അവൾ അവിടെ കണ്ടത്…എല്ലാ കാര്യത്തിലും വളരെ മിതത്വത്തോടെ വളരെ വാത്സല്യത്തോടെ തന്നോട് ഇടപെഴകുന്ന അമ്മായിയമ്മയെ ആണ് മീരക്ക് കാണാൻ കഴിഞ്ഞത്..
ഒരിക്കൽ പോലും സ്വന്തം വീട്ടിൽ നേരാംവണ്ണം അടുക്കളയിൽ കേറാത്ത മീര ആദ്യ ദിവസം തന്നെ ഒരു അപരിചിത്വവും കൂടാതെ അടുക്കളയിൽ അമ്മായിയമ്മയോടൊപ്പം പണി ചെയ്യുവാനും ഇടപെഴകാനും തുടങ്ങി..അത്രക്ക് സഹകരണം ആണ് അമ്മായിയമ്മയുടെ ഭാഗത്ത് നിന്നും ഉണ്ടായത്
അവളുടെ മനസ്സിൽ അകാരണമായി രൂപം കൊണ്ട സമ്മർദ്ദത്തിന്റെ മഞ്ഞ് ഉരുകുവാൻ തുടങ്ങി.. അവൾ പുതിയ ഒരു ജീവിതം ആസ്വദിക്കാൻ തുടങ്ങുകയായിരുന്നു
അപ്പോഴാണ് മീര ഒരു കാര്യം ശ്രദ്ധിച്ചത്
ഭർത്താവിന്റെ അനിയത്തിയുടെ ചിരിയിൽ ഒരു തെളിച്ചമില്ലായ്‌മ ഉണ്ടെന്ന കാര്യം
നാത്തൂന്റെ പെരുമാറ്റത്തിലും നോട്ടത്തിലും തന്നെ അത്ര ഇഷ്ടപെട്ടില്ല എന്നൊരു ഭാവം മീര ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
എന്നാൽ അമ്മായിയമ്മയുടെ സ്നേഹം നിറഞ്ഞ വാക്കുകളെയും പ്രവർത്തിയെയും മറികടക്കാൻ പോന്നതായിരുന്നില്ല അത്
അടുത്ത ദിവസം മീരയുടെ ജന്മദിനം ആയിരുന്നു.. കേക്ക് മുറിക്കൽ കഴിഞ്ഞ ശേഷം അമ്മായിയമ്മ ജന്മദിന സമ്മാനമായി, അവർ സൂക്ഷിച്ചു വച്ചിരുന്ന കൊത്ത് പണികൾ ഉള്ള ഒരു സ്വർണ വളയാണ് അവളുടെ കൈയ്യിൽ അണിഞ്ഞത്
” മോളെ നിനക്ക് എന്ത് പറ്റി.. എന്താ വിഷമിച്ചിരിക്കുന്നത് ”
വൈകുന്നേരം അവിചാരിതമായി നടന്നു പോകുമ്പോൾ നാത്തൂന്റെ മുറിയിൽ നിന്നും അമ്മയുടെ സംസാരം കേട്ട മീര ഒരു നിമിഷം അവിടെ നിന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു
” പരമ്പരാഗതമായി തലമുറകൾ കൈമാറി വരുന്ന ആ സ്വർണ വള അമ്മ, ഏട്ടത്തിക്ക് കൈമാറിയത് ശരിയായില്ല.. ഞാൻ വിചാരിച്ചത് എന്റെ കല്യാണത്തിന് എനിക്ക് കൈമാറുമെന്നായിരുന്നു..എനിക്ക് എല്ലാം മനസ്സിലായി പുതിയ ഒരാൾ വന്നപ്പോൾ അമ്മ ആകെ മാറിയിരിക്കുന്നു ”
“മോളെ…മോടെ തോന്നലാ ഇതൊക്കെ.. അമ്മക്ക് മോളോടുള്ള സ്നേഹത്തിൽ ഒരു കുറവും വന്നിട്ടില്ല വരത്തും ഇല്ല..
ഇന്ന് അന്യ വീട്ടിലെ ഒരു പെണ്ണ് ഇവിടെ വന്നിട്ടുണ്ട്. ഇനിമുതൽ അവളാണ് ഈ വീടിന്റെ വിളക്കാകേണ്ടത്…മരുമകൾ അല്ല എന്റെ മൂത്ത മകൾ ആയിട്ടാണ് ഞാൻ അവളെ കാണുന്നത്.. നീയും അങ്ങനെ തന്നെ കാണണം. അത് എന്താണെന്ന് എന്റെ മോൾക്ക് പിന്നീട് മനസ്സിലാകും ”
“എന്റെ മോള് ഇന്നല്ലെങ്കിൽ നാളെ ജീവിക്കേണ്ടത് മറ്റൊരു അന്യവീട്ടിലല്ലേ.. നാളെ മോൾക്ക് ആ വീട് ഒരു സ്വർഗം ആകണം എങ്കിൽ ഇങ്ങനെ ചില വിട്ടുവീഴ്ചകൾ അമ്മക്ക് ഇന്ന് ചെയ്തേ മതിയാകൂ.. എങ്കിലേ അതിന്റെ ഗുണം അമ്മയുടെ മകൾക്ക് അവിടെ കിട്ടുള്ളൂ…”
അമ്മായിയമ്മയുടെ, നാത്തൂനോടുള്ള സംസാരം കേട്ട മീര ഒരു നിമിഷം സ്തബ്ധയായി നിന്നുപോയി..
അവളുടെ മനസ്സിൽ തന്റെ അമ്മയുടെ രൂപം തെളിഞ്ഞു വന്നു…കണ്ണുകൾ നിറഞ്ഞൊഴുകിയ അവൾ റൂമിൽ എത്തി മൊബൈൽ എടുത്ത് തന്റെ അമ്മയെ വിളിക്കാൻ ഒരുങ്ങുമ്പോഴും എങ്ങനെ മാപ്പ് ചോദിക്കണം എന്ന ശങ്ക അവളെ പിടി മുറുക്കിയിരുന്നു…..
## ഗിരീഷ് കാവാലം ##