(രചന: ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ)
ലോകം തിരിയാത്തയൊരു ചെറുക്കന്റെ കൂടെ മകൾ ഇറങ്ങിപ്പോയി. പോലീസിൽ പരാതികൊടുത്തെങ്കിലും കാര്യമുണ്ടായില്ല. അമ്മയോടൊപ്പം വരില്ലെന്ന് തന്നെ അവൾ പറഞ്ഞു. ഒരിറ്റ് കണ്ണീര് ചുരുത്താതെ ഞാൻ പിൻവാങ്ങി. ഓട്ടോയിൽ നിന്ന് ഇറങ്ങി വീടിന്റെ കതക് തുറക്കുന്നത് വരെ ഞാൻ വിങ്ങിയിരുന്നില്ല. പക്ഷേ, കുറ്റിയിട്ടപ്പോൾ നിയന്ത്രിക്കാനായില്ല. കൊച്ച് കുട്ടിയെ പോലെ പൊട്ടിക്കരഞ്ഞ് പോയി…
മകൾക്ക് പതിനെട്ട് കഴിഞ്ഞതേയുള്ളൂ… ചെറുക്കന് ഇരുപത്തി രണ്ടും. അവന്റെ വീട്ടുകാരും എതിർപ്പ് തന്നെ. എല്ലാ എതിർപ്പുകളെയും കാറ്റിൽ പറത്താൻ അവർ വിവാഹമൊക്കെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാൽപ്പതുകളിൽ നടന്ന് തുടങ്ങിയ എന്റെ കാഴ്ച്ചപ്പാടിൽ അതൊരു കുട്ടിക്കല്ല്യാണമായേ കരുതാനാകൂ… ജീവിതം ഇനിയുമെത്രയെത്ര സാഹചര്യങ്ങളെ പരിചയപ്പെടുത്താൻ പോകുന്നു. അവർ പഠിക്കും. അമ്മയായിരുന്നു ശരിയെന്ന് തീർച്ചയായും മകൾ തിരിച്ചറിയും.
‘നീയിത് എന്തറിഞ്ഞിട്ടാണ്… ഓരോന്നിനും അതിന്റേതായ പ്രായമൊക്കെയുണ്ട്… ജീവിതം തമാശയാണെന്നാണൊ കരുതിയിരിക്കുന്നത്… അടിച്ച് തൊലിയുരിക്കുകയാണ് വേണ്ടത്…’
അവൾ ഇറങ്ങിപ്പോകുന്നതിന്റെ തലേ ദിവസം ഞാനൊന്ന് ശകാരിച്ചിരുന്നു. തന്റെ ആൺ സുഹൃത്തിന്റെ കൂടെ ബാംഗ്ലൂരിൽ പോയി പഠിക്കണം പോലും. ആ കോഴ്സ് പഠിച്ചാൽ ഉയർന്ന ശമ്പളത്തിൽ ജോലി സാധ്യതയുണ്ട് പോലും. അതിപ്പോൾ എത്ര തന്നെയായാലും വേണ്ടായെന്ന് തറപ്പിച്ച് ഞാൻ പറഞ്ഞു. അവൾ ഇങ്ങനെ ഇറങ്ങിപ്പോയപ്പോഴാണ് കുറച്ച് കൂടി മയത്തിൽ ആകാമായിരുന്നുവെന്ന് തോന്നുന്നത്…
എന്റെ മകളെപ്പോലെ ഞാനും ഒറ്റ മോളായിരുന്നു. അവളുടെ അച്ഛന്റെ കൂടെ ഞാനും ഇങ്ങനെ ഇറങ്ങിപ്പോയതാണ്. വിത്ത് ഗുണമെന്ന് നാട്ടുകാർ ഇപ്പോൾ പറയുന്നുണ്ടാകും. ഒരു പുരുഷന്റെ വാഗ്ദാനങ്ങളിൽ മലർന്ന് വീഴുന്ന പെണ്ണിന്റെ മനസ്സ് എനിക്ക് നന്നായി അറിയാം. ഭ്രാന്തമായി സ്നേഹിക്കുന്നവരെക്കുറിച്ച് ആരൊക്കെ എന്തൊക്കെ കുറവുകൾ പറഞ്ഞാലും വിശ്വസിക്കാൻ പറ്റില്ല. അവൻ നിന്നെ ചതിക്കുമെന്ന് അമ്മയാണ് പറഞ്ഞത്. ശരിയായിരുന്നു. മോൾക്ക് നാല് വയസ്സാകുമ്പോഴേക്കും അയാൾ എന്നെ ചതിച്ചു. വിശ്വസിച്ച് കൂടെ കൂടിയവരുടെ മുന്നിൽ നിന്ന് അപ്രത്യക്ഷമാകുന്നതിനോളം ചതി മറ്റെന്തുണ്ടല്ലേ…
ആത്മഹത്യ ചെയ്യാതിരുന്നത് മകളെ ഓർത്ത് മാത്രമാണ്. അവളെ ഭദ്രമാക്കണമെന്നേ പിന്നീട് എന്റെ തലയിൽ ഉണ്ടായിരുന്നുള്ളൂ… അതിനായി നാണമില്ലാതെ ഞാനെന്റെ വീട്ടിലേക്ക് തന്നെ തിരിച്ചു. അച്ഛന് വലിയ സന്തോഷമായിരുന്നു. അമ്മ മരിച്ചുപോയെന്ന് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു. കലങ്ങിയ നെഞ്ചുമായി ഞാനത് തുടച്ചു.
അച്ഛൻ ഉണ്ടാക്കിയ വീടാണ്. ഓടുകളൊക്കെ ഇളകുന്നുണ്ട്. ആദ്യ ശ്രമം അതൊക്കെ നന്നാക്കാനൊരു ജോലി കണ്ടെത്തുകയെന്നതായിരുന്നു. വൈകാതെ ഞാനൊരു ഇൻഷുറൻസ് കമ്പിനിയിൽ ജോയിൻ ചെയ്തു. അച്ഛൻ ഉള്ളത് കൊണ്ട് മകളുടെ കാര്യത്തിൽ വലിയ ആശ്വാസമായിരുന്നു. വർഷങ്ങൾക്കുള്ളിൽ നാട്ടിൽ തന്നെ കുറച്ച് മണ്ണ് വാങ്ങാൻ പാകം ജോലിയിൽ ഞാൻ ഉയർന്നു. അത് കാണാനുള്ള ഭാഗ്യം അച്ഛന് ഉണ്ടായിരുന്നില്ല…
പുതിയ മണ്ണിലൊരു വീട് ഉയരുന്നുണ്ട്. മകളോടൊപ്പം സുഖമായി ജീവിക്കാൻ പണിയുന്ന സ്വർഗ്ഗമാണത്. വലുപ്പം കൊണ്ടല്ല. ആഗ്രഹത്തിന്റെ…
കടന്ന് പിടിക്കാൻ ശ്രമിച്ച എല്ലാ മോഹങ്ങളെയും തള്ളിക്കളഞ്ഞ് ഞാൻ നിർമ്മിക്കുന്ന കൊട്ടാരമാണത്. മകളുടെ വിവാഹമൊരു രാജകുമാരിയുടേതെന്ന പോലെ അവിടെ വെച്ച് നടത്താനായിരുന്നു മോഹം. എല്ലാം മാഞ്ഞുപോയി. എന്നെക്കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായം മാറി വരുന്ന സമയമാണ് മകളുടെ ഈയൊരു പോക്ക്…
‘മാഡം… പണിയൊക്കെ ഒരുവിധം കഴിഞ്ഞിട്ടുണ്ട്.. തീയതി തീരുമാനിച്ചാൽ നമുക്ക് താക്കോൽ കൈമാറാം… അതൊരു ചടങ്ങായി വേണമെങ്കിൽ അങ്ങനെ…’
മാസങ്ങൾ കഴിഞ്ഞപ്പോൾ എഞ്ചിനീയർ ഫോണിൽ പറഞ്ഞതാണ്. പറയാമെന്ന് മാത്രം ഞാൻ പറഞ്ഞു. അങ്ങോട്ടേക്ക് പോകണമെന്നേ തോന്നുന്നില്ല. മകളായിരുന്നുവെല്ലാം… ഇപ്പോഴത്തെ കുട്ടികൾക്ക് എന്താണ് സംഭവിച്ചത്? എല്ലാത്തിനും എന്തിനാണിത്രയും ധൃതി! മനസ്സിലാകുന്നതേയില്ല. പ്രായമാണ് പ്രശ്നം. കൗമാരത്തിൽ പിടിച്ച് കയറുന്ന ഉന്മാദമെല്ലാം മനുഷ്യരെ യൗവ്വനത്തിൽ കുലുക്കിയിടാറാണ് പതിവ്. പിന്നീടുള്ള ജീവിതം എങ്ങനെയെങ്കിലും ഭദ്രമാകണമെന്ന ഒറ്റ ചിന്തയിലായിരിക്കും.
അങ്ങനെ ചലിച്ചിരുന്ന ഒരാൾ തന്നെ ആയിരുന്നുവല്ലോ ഞാനും… എന്നിട്ടെന്ത് സംഭവിച്ചു. മകളുമായി വന്ന് കയറിയ കാലം തൊട്ടേ മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാൻ അച്ഛൻ പറയുമായിരുന്നു. ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലായെന്ന ഭാവത്തിൽ ഞാനതെല്ലാം തള്ളി കളഞ്ഞു. മകളുണ്ടല്ലോ… അവളുടെ ഭാവിയുണ്ടല്ലോ… പക്ഷേ, അവിടേയും തോറ്റു… മകൾ തോൽപ്പിച്ച് കളഞ്ഞു…
‘മാഡം… നാല് വർഷം കഴിഞ്ഞിരിക്കുന്നു. പണം മുഴുവൻ സെറ്റിൽ ചെയ്തതല്ലേ… താക്കോൽ കൈമാറാൻ… ഫൈനൽ വർക്കുകൾ മാത്രമേയുള്ളൂ… പേർസണൽ റിക്വസ്റ്റിന്റെ പുറത്താണ് ഹാന്റ് ഓവർ ചെയ്യാൻ ഇത്രയും കാലം….’
ഒരുനാൾ ഫോണിൽ വിളിച്ച എഞ്ചിനീയർ പറഞ്ഞതാണ്. ഞാൻ വെറുതേ മൂളി നിന്നു. പ്രോപ്പർട്ടി കൊടുക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചതിനും മൂളി. കേൾക്കേണ്ട താമസം, എല്ലാം എഞ്ചിനീയർ ഏറ്റു. അല്ലാതെ ഞാനെന്ത് കാട്ടാൻ! മകളുമായി കൂടാൻ നിർമ്മിച്ച കൂട്ടിലേക്ക് അവൾ ഇല്ലാതെ എങ്ങനെയാണ് പ്രവേശിക്കുക! ഇവിടെയാണെങ്കിൽ അച്ഛനെങ്കിലും കൂടെ ഉള്ളത് പോലെ…!
കാലം ഒച്ചിനെ പോലെയാണ് ഇഴയുന്നതെന്നാണ് ഞാൻ കരുതുന്നത്. കടന്ന് പോകുന്ന ഒരു ദിവസത്തിന് പോലും വർഷത്തിന്റെ നീളം! ഒന്ന് വിളിക്കണമെന്ന് പോലും തോന്നുന്നില്ലല്ലോ മോളേയെന്ന എന്റെ ശബ്ദവും അത്രത്തോളം നീണ്ടിരിക്കുന്നു…
വർഷങ്ങൾ അഞ്ചെണ്ണം കഴിഞ്ഞിരിക്കുന്നുവെന്ന് പോലും വിശ്വസിക്കാനാകുന്നില്ല. എന്റെ ശകാരം കേട്ടപ്പോഴേക്കും ഭാവം മാറിയ, ഫോൺ നമ്പറ് പോലും മാറ്റി മറഞ്ഞ, മകളല്ലാതെ മറ്റൊന്നും ചിന്തയിൽ ഇല്ല.
മടുത്ത് പോയ ജീവിതം ഒരിക്കൽ അവൾക്ക് വേണ്ടി നടന്ന് തുടങ്ങിയതാണ്. വീണ്ടും നിന്നിരിക്കുന്നു. മറ്റൊരാളിൽ ലോകം നിർമ്മിച്ച് ജീവിക്കുന്ന മനുഷ്യർക്കെല്ലാം കുമിളകളുടെ ആയുസ്സ് മാത്രമേയുള്ളൂവെന്ന് ജീവൻ അമർത്തി പഠിപ്പിക്കുകയാണ്. ഇനിയും എന്തൊക്കെ പഠിപ്പിക്കുമെന്ന് അറിയാനെങ്കിലും ജീവിക്കണമെന്ന് എനിക്ക് തോന്നി…
‘മാഡം.. പുറപ്പെട്ടോ.. അഡ്വാൻസ് തന്ന ആ പാർട്ടി എത്തിയിട്ടുണ്ട്. മാഡം വന്നാൽ മറ്റ് കാര്യങ്ങൾ.. താക്കോൽ മാഡത്തിൽ നിന്ന് തന്നെ വാങ്ങണമെന്നാണ് അവർക്ക്…’
പുറപ്പെട്ടുവെന്ന് ഞാൻ പറഞ്ഞു. കച്ചവടം നടന്നുവെന്ന് കഴിഞ്ഞ മാസം എഞ്ചിനീയർ പറഞ്ഞതാണ്. ദമ്പതികൾ ആണത്രേ… ആരായാലും എന്താണ്… എന്റെ കൈയ്യിൽ നിന്ന് തന്നെ താക്കോൽ വാങ്ങണമെന്ന് ആഗ്രഹിച്ചാൽ എന്താണ് ചെയ്യുക… മകളുമായി സന്തോഷത്തോടെ ജീവിക്കാൻ കൊതിച്ച് കെട്ടിയ വീടാണ്. അത് വിട്ട് കളയുന്ന രംഗത്തിലേക്കാണ് കയറിച്ചെല്ലുന്നതെന്ന് ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നുണ്ട്…
എത്തുമ്പോഴേക്കും കണ്ണീരൊക്കെ തുടച്ച് കളഞ്ഞ് അതീവ സന്തോഷത്തിലാണെന്ന ഭാവത്തെ മുഖം ഉടുത്തിരുന്നു. വീട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. അഞ്ചാറ് വർഷങ്ങളോളം വെറുതേ കിടന്നതാണെന്ന് പറയുകയേയില്ല.
‘മാഡം, കക്ഷിയാണ്… ആള്…’
എഞ്ചിനീയർ വീട് വാങ്ങിയ ആളെ പരിചയപ്പെടുത്തിയതാണ്. കാറിൽ നിന്ന് ഇറങ്ങുന്ന ആ മനുഷ്യനെ ഞാൻ നോക്കി. നമസ്ക്കാരമെന്ന് പറയുകയും ചെയ്തു. മുഖശ്രീയുള്ള ഒരു ചെറുപ്പക്കാരൻ. കൂടുതൽ ശ്രദ്ധിച്ചപ്പോൾ എവിടെയോ കണ്ടത് പോലെയൊരു ഓർമ്മ. ആരാണെന്ന് തിരിച്ചറിയാൻ ആ യുവാവ് തന്നെ എന്നെ സഹായിച്ചു. പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് പോലും…! നിങ്ങളുടെ മകളുടെ ഭർത്താവാണെന്ന് പോലും…!
വിശ്വസിക്കാൻ നന്നേ പ്രയാസമുള്ള ശബ്ദമായിരുന്നുവത്. വിശ്വസിച്ചേ തീരൂവെന്ന് പറയും പോലെ കാറിൽ നിന്ന് എന്റെ മകളും ഇറങ്ങിവന്നു. അവളുടെ കൈയ്യിൽ ഒരു കുഞ്ഞ് മോള് കൂടിയുണ്ടായിരുന്നു…
‘ഞങ്ങള് ബാംഗ്ലൂര് പഠിക്കാൻ തന്നെയാണ് പോയത്… ഇപ്പോൾ ജോലി ചെയ്യുന്നതും ഒരുമിച്ച്.. ന്യൂസിലാന്റിലെയൊരു ഡിസൈൻ കമ്പനിയിലാണ്… അമ്മയ്ക്ക് എന്നോട് ദേഷ്യമാണെന്ന് തോന്നി… വന്ന് കാണാൻ നേരമായില്ലെന്ന് തോന്നി… വരാൻ നിക്കുമ്പോഴാണ് വീട് വിൽക്കാൻ പോകുകയാണെന്ന് അറിഞ്ഞത്…’
അങ്ങനെ എന്തൊക്കെയോ മകൾ പറയുന്നുണ്ടായിരുന്നു. പലതും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. തലയിൽ തിരുത്തലുകൾ സംഭവിക്കുകയാണ്. ഇത്രയും വിശാലമായ വിവരസാങ്കേതിക ലോകത്തിൽ വളരുന്ന പുതിയ തലമുറകളെ അടച്ചാക്ഷേപിക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. നമ്മളെക്കാളും മികച്ച ജീവിത കാഴ്ച്ചപ്പാടുകൾ ഒരുപക്ഷേ അവരിലായിരിക്കും കൂടുതൽ. എന്തെന്നാൽ, നമ്മുടെയൊക്കെ ഊഹത്തിനും അപ്പുറത്തേക്ക് മനുഷ്യർ ലോകത്തെ കെട്ടുകയാണ്. അപ്പോൾ, സ്വഭാവികമായും ജീവിതവും മാറും. ബുദ്ധിയുടെ വികാസവും, പ്രായത്തിന്റെ ചങ്ങലകളും മാറും…
ഒപ്പം സഞ്ചരിക്കാൻ പറ്റാത്ത തലമുറകൾക്ക് മാത്രം ഇതൊന്നും യോജിക്കാൻ സാധിക്കില്ല. മാതൃകയാക്കാൻ പറ്റുന്നതും, പറ്റാത്തതുമായ മനുഷ്യരുടെ ചെയ്തികൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. എല്ലാവരും അവരവരുടെ കാലത്തെ ഓർത്ത് വെറുതേ കോൾമയിർ കൊള്ളുന്നു…
എല്ലാം ഭദ്രമാക്കിയ ശേഷമാണ് ജീവിക്കേണ്ടതെന്ന ചിന്തയിൽ ഇറങ്ങിപ്പുറപ്പെടുന്നവർ പരസ്പരം മുട്ടാതെ പായുകയാണ്. ഈ കാലത്ത്, ഇതെല്ലാം ഒരുമിച്ച് പങ്കിട്ടുകൊണ്ട് ചെയ്യാമെന്ന് പറയുന്ന ഇണയെ കിട്ടുകയെന്നത് നിസ്സാരമായ കാര്യമല്ല. എങ്ങനെ ജീവിക്കണമെന്ന ധാരണ എന്റെ മക്കളിൽ കൃത്യമായി ഉണ്ടായിരുന്നു. തിരിച്ച് കിട്ടിയ അവരോട് സ്നേഹമല്ല. ആ നേരം ബഹുമാനമാണ് തോന്നിയത്…
‘അമ്മയെന്താണ് ഒന്നും മിണ്ടാത്തത്…?’
ചിമ്മാത്ത കണ്ണുകളുമായി സ്തംഭിച്ച് നിൽക്കുന്ന എന്നോട് മകൾ ചോദിച്ചതാണ്. എങ്ങനെ മിണ്ടാനാണ്! അവളുടെ പള്ളയിൽ ഇരിക്കുന്ന കുസൃതിയുടെ കൃഷ്ണമണികളിൽ ഞാൻ വീണ് പോയിരിക്കുകയല്ലേ… ആ പിഞ്ചിനെയെടുത്ത് മുഖമുരസ്സി ഉയർത്താനായി കൈകൾ വെമ്പി നിൽക്കുകയല്ലേ…!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ