കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ അല്ല തന്തയെയും തള്ളയെയും നോക്കാൻ പോകേണ്ടത്..” ജയന്റെ ഓരോ വാക്കുകളും…

(രചന: മിഴി മോഹന)

“ജയേട്ടാ അച്ഛന് തീരെ വയ്യാന്ന് അമ്മ വിളിച്ചു പറഞ്ഞു… നമുക്ക് അങ്ങോട്ട് ഒന്ന് പോ.. പോയാലോ..? ”

ഇടറുന്ന സ്വരത്തിൽ ലക്ഷ്മി ജയന്റെ അടുത്ത് വന്നു പറയുമ്പോൾ ലാപ്ടോപ്പിൽ നിന്നും തലയുയർത്തി അവൻ അവളെ നോക്കി..

” അതിന് കുറച്ചു മുമ്പ് ഞാൻ അതിനെ വിളിച്ചതാണല്ലോ അപ്പോഴൊന്നും പറഞ്ഞില്ലല്ലോ.. ”

അവന്റെ ചോദ്യം കേട്ടത് ലക്ഷ്മി ഒന്നുകൂടി പതുങ്ങി..

” അത്.. അത് ഏട്ടന്റെ അച്ഛൻ… അച്ഛൻ അല്ല… എന്റെ അച്ഛന്റെ കാര്യം ആണ് പറഞ്ഞത്.. ”

അവളുടെ വാക്കുകൾ കേട്ടതും ജയൻ ലാപ് ടോപ് സ്ക്രീൻ താഴ്ത്തി കൊണ്ട് അവളെ പുച്ഛത്തോടെ നോക്കി..

“നിന്റ അച്ഛനോ..? നിന്റെ അച്ഛന് വയ്യങ്കിൽ നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകേണ്ട കാര്യം എന്താ.. അവിടെ നിന്റെ ആങ്ങള ഒരുത്തൻ ഉണ്ടല്ലോ അവൻ നോക്കികോളും… അവന്റ കടമയാ അച്ഛനെ നോക്കേണ്ടത് അല്ലാതെ കെട്ടിച്ചു വിട്ട പെണ്ണുങ്ങൾ അല്ല തന്തയെയും തള്ളയെയും നോക്കാൻ പോകേണ്ടത്..”

ജയന്റെ ഓരോ വാക്കുകളും ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിച്ചു കൊണ്ട് ഇരുന്നു..

” ജയേട്ടാ അവന്റ അവസ്ഥ അറിയാമല്ലോ… ഉള്ള ജോലി കൂടി പോയി നിൽക്കുവാ ആ പാവത്തിന്.. പിന്നെ അവന്റ ഭാര്യയുടെ ഡെലിവറിയും അടുത്തു.. അച്ഛന്റെ ചികിത്സയും അവളുടെ ട്രീറ്റ്മെന്റ് എല്ലാം കൂടി അവന് ഒറ്റയ്ക്ക് താങ്ങില്ല…. കു.. കുറച്ച് പണം അവന്.. “”

ലക്ഷ്മിയുടെ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ജയൻ ഇരുന്ന സ്ഥലത്ത് നിന്നും ചാടി എഴുന്നേറ്റു..

” ലക്ഷ്മി.. ”

അവന്റെ ശബ്ദത്തിൽ അവൾ ഒന്ന് വിറച്ചു..

“നിന്റ് ആങ്ങളയ്ക്ക് നാണം ഇല്ലെടി ഇങ്ങനെ ഇരന്നു ചോദിക്കാൻ.., സ്വന്തം തന്തയുടെ ചികിത്സയ്ക്ക് വേണ്ടി കാശ് മുടക്കാൻ ഇല്ലാത്ത ഇവൻ എവിടുത്തെ മകൻ ആണ്… അല്ലങ്കിലും നിന്റെ കുടുംബക്കാർ മുഴുവൻ ഇങ്ങനെയാണല്ലോ..ഇരന്നു ജീവിച്ചല്ലേ ശീലം.. പണ്ടേ എന്റെ അച്ഛനും അമ്മയും പറഞ്ഞത് ആണ് ഈ ബന്ധം വേണ്ടെന്ന്.. എല്ലാ ബാധ്യതയും ഒടുക്കം എന്റെ തലയിൽ ആകുമെന്ന് അവർ പറഞ്ഞതാണ്… എന്നിട്ട് ഞാൻ കേട്ടില്ല…”

ദേഷ്യതോടെ ഒരു സിഗരറ്റ് കത്തിച്ച് ചുണ്ടിലേക്ക് വെച്ചുകൊണ്ട് അവൻ അവളെ തിരിഞ്ഞു നോക്കി…

” നമ്മുടെ കയ്യിൽ കാശൊന്നും ഇരിപ്പില്ല എന്ന് അവനോട് തീർത്തു പറഞെക്ക്..
എന്റെ അമ്മയ്ക്കും അച്ചനും കൂടി ഒരു തീർത്ഥ യാത്ര പോകുന്ന കാര്യം പറഞ്ഞിരുന്നത് നീ ഓർക്കുന്നില്ലേ .. അതിന് കൊടുക്കണം പത്ത് പതിനഞ്ച് രൂപ.. “”

അവൻ പറയുമ്പോൾ അവൾ പെട്ടന്ന് തന്നെ അവന്റ മുഖത്തേക്ക് പ്രത്യാശയോടെ നോക്കി..

“അതിനു അത് മൂന്നുമാസം കഴിഞ്ഞിട്ടല്ലേ അവർ പോകുന്നത്.. അപ്പോഴേക്കും കൊടുത്താൽ പോരെ ജയേട്ടാ… അതിൽ നിന്ന് ഒരു അയ്യായിരം രൂപ കൊടുത്താൽ മതി ജയേട്ടാ.. അത് ഉണ്ണിക്ക് ഒരു ആശ്വാസമാകും..”

” അയ്യായിരം രൂപയൊക്കെ വളരെ നിസ്സാരമായിട്ട് കൊടുക്കാനോ..? മൂന്നുമാസം കഴിയുമ്പോൾ 5000 രൂപ നീ എനിക്ക് ഉണ്ടാക്കി തരുമോ..? ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ ഇരിക്കുന്ന നിന്നെ കൊണ്ട് പറ്റുമോ 5000 രൂപ എനിക്ക് തിരിച്ചു തരാൻ.. ”

ജയന്റെ വാക്കുകൾ കേട്ടതും അവനെ ഭയന്നു നിൽക്കുക ആണെങ്കിലും അവൾക്ക് അല്പം ദേഷ്യം വന്നു..

” എനിക്ക് ജോലിയുണ്ടായിരുന്നത് അല്ലേ അത് കളിയിച്ചത് നിങ്ങൾ അല്ലെ…? ഇപ്പോഴും പോകാം എന്നിട്ട് അതിന് സമ്മതിക്കാത്തത് നിങ്ങൾ… എന്നിട്ട് എന്തിനാ എന്നെ കുറ്റപെടുത്തുന്നത്..? ഒരു ജോലിയുണ്ടായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ കാല് പിടിക്കില്ലായിരുന്നു.. “”

അവൾ കണ്ണുനീർ തുടച്ചു കൊണ്ട് പറയുമ്പോൾ ജയൻ അവളെ പുച്ഛത്തോടെ നോക്കി..

” അതേടി ഞാൻ തന്നെ ആണ് നിന്നെ ജോലിക്ക് വിടാഞ്ഞത്… ജോലി ഇല്ലങ്കിൽ തന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ വീട്ടിലേക്ക് പണം ചോദിച്ചോണ്ട് ഇരിക്കുവാ..ഇനി ജോലി കൂടെ ഉണ്ടങ്കിൽ അതിന്റെ അഹങ്കാരം ഞാൻ തന്നെ കാണണമല്ലോ.. ”

ജയൻ സിഗരറ്റ് ആഞ്ഞു വലിച്ചു കൊണ്ട് ആഷ് ട്രെയിൽ ഒന്ന് മുക്കി..

“ജയേട്ടാ പ്ലീസ്… 5000 ഇല്ലെങ്കിൽ വേണ്ട ഒരു 2000 രൂപയെങ്കിലും അവന് അയച്ചു കൊടുക്കാമോ.., അത്രയ്ക്ക് ഗതികെട്ടതുകൊണ്ടല്ലേ അവൻ എന്നോട് ചോദിച്ചത്…”

അവന്റെ മുമ്പിൽ കേണ് പറഞ്ഞുകൊണ്ട് അവൾ ചോദിക്കുമ്പോഴും അവന്റെ മനസ് അൽപ്പം പോലും അലിഞ്ഞില്ല..

“നിന്റെ വീട്ടിലേക്ക് മുടക്കാൻ എന്റെ കയ്യിൽ ക്യാഷ് ഒന്നും ഇല്ല… ഒരു പത്തു രൂപ ഞാൻ കൊടുക്കുമെന്ന് കരുതണ്ട… ഒന്ന് തുടങ്ങി വെച്ചു കഴിഞ്ഞാൽ പിന്നെ കൂടെക്കൂടെ ചോദിച്ചു കൊണ്ട് ഇരിക്കും..””

” ശരി.., കാശില്ലെങ്കിൽ വേണ്ട അമ്മയ്ക്ക് ഒറ്റയ്ക്ക് അച്ഛനെ നോക്കാൻ പറ്റില്ല എന്നെ അങ്ങോട്ട് ഒന്ന് കൊണ്ട് വിടുക എങ്കിലും ചെയ്തു കൂടെ..? “”

അവളുടെ ചോദ്യം കേട്ടതും ജയൻ വീണ്ടും അവളെ പുച്ഛത്തോടെ നോക്കി..

” നീ പോയാൽ ഇവിടുത്തെ കാര്യം എന്താകും ലക്ഷ്മി….,, ദിയ മോളുടെ ക്ലാസിനെ കുറിച്ച് നീ ചിന്തിച്ചു നോക്കിയോ..? ലക്ഷങ്ങൾ മുടക്കിയാണ് ഞാൻ അവളെ പഠിപ്പിക്കുന്നത്…. വീട്ടിൽ പോകാൻ വേണ്ടി ഓരോ ന്യായങ്ങൾ പറഞ്ഞു കൊണ്ട് ഇറങ്ങികോളും.. ”

ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ആ വലിയ ആഡംബര ഫ്ലാറ്റിനു വെളിയിലേക്ക് അവൻ പോകുമ്പോൾ അവളുടെ കണ്ണുകൾ ഇതെല്ലാം കണ്ട് ഞെട്ടിയിരിക്കുന്ന ലക്ഷങ്ങൾ മുടക്കി പഠിക്കുന്ന എൽകെജി കാരിയിലേക്ക് നീണ്ടു…..

ലക്ഷ്മി ആ കുഞ്ഞിന്റെ അടുത്തേക്ക് ഇരുന്ന് ആ മുടിയിൽ പതുക്കെ തലോടി..ഒരിക്കൽ അവളും ഇതുപോലൊരു മകളായിരുന്നു.. ലക്ഷങ്ങൾ ഒന്നും മിടുക്കിയില്ലെങ്കിലും മാന്യമായ രീതിയിൽ സർക്കാർ സ്കൂളിൽ തന്നെ അവളുടെ അച്ഛൻ അവളെയും പഠിപ്പിച്ചു… ഡിഗ്രിയും കഴിഞ്ഞ പീജിയും കഴിഞ്ഞ് അച്ഛനും അമ്മയ്ക്കും അനിയനും ഒരു തണലാകാൻ അവൾ കൊതിച്ചു…,

എന്നാൽ കുടുംബക്കാർ ആരോ കൊണ്ടുവന്ന ആലോചന ആണ് ജയെന്റേത്.. ലക്ഷ്മി നിന്നും ഒരുപാട് അന്തരം ഉണ്ടായിരുന്നു ജയനും അവന്റ കുടുംബത്തിനും…., ആഗ്രഹിക്കുന്നത് എന്തും കൺമുമ്പിൽ സാധിച്ചു ജീവിക്കുന്നവർ… അവരുടെ നിലവിലിയും പണവും പത്രാസും കണ്ടപ്പോൾ ലക്ഷ്മിയുടെ കുടുംബക്കാർ ഒന്നടങ്കം കണ്ണും പൂട്ടി ആ വിവാഹത്തിന് സമ്മതിച്ചപ്പോൾ ചങ്ങലകളാൽ ബന്ധിക്കപെട്ടത് അവൾ ആണ്…

അന്ന് തൊട്ട് ഇന്നേക്ക് അഞ്ചുവർഷം തികയുന്നു..,, അച്ഛനെയും അമ്മയെയും ഒന്ന് കാണാൻ പോലും അനുവാദം കിട്ടണമെങ്കിൽ ജയന്റെ കാലു പിടിക്കണം… എന്തിനേറെ പറയുന്നു സഹോദരനായ ഉണ്ണിയുടെ കല്യാണത്തിന് പോലും രാവിലേ പോയിട്ട് വൈകുന്നേരം അതെ കാറിൽ തിരിച്ചു പോരേണ്ടി വന്നു..,, കൂടുതൽ വാശി പിടിച്ചാൽ ജയനും കുടുംബക്കാരും കല്യാണത്തിന് പങ്കെടുക്കില്ല എന്ന് ഭീഷണിയിൽ ലക്ഷ്മിക്കും അതിനു വഴങ്ങേണ്ടി വന്നു….

എല്ലാം ഉപേക്ഷിച്ച് വീട്ടിലേക്ക് ചെന്നാൽ അവരുടെ സ്ഥിതിയും മറിച് ആണ്.. പിന്നെ ഒരു ജോലിക്ക് പോയി കുഞ്ഞിനെ വളർത്താം എന്ന് വെച്ചാൽ അവളെ ആരെ ഏല്പിക്കും… അത് അല്ലങ്കിൽ ജയന്റെ വീട്ടുകാർക്ക് മുമ്പിൽ അവളെ ഇട്ടു കൊടുത്തിട്ട് ഇറങ്ങിപ്പോകണം അതിനു മനസ്സ് വരുന്നില്ല…,, എല്ലാം സഹിച്ചു ജീവിക്കാൻ പെണ്ണിന്റെ നിസ്സഹായാവസ്ഥയിൽ ആയിരുന്നു ലക്ഷ്മി ഇപ്പോൾ…..

എല്ലാം ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ജയൻ വീണ്ടും തിരികെ കയറി വരുന്നത്..

” നീ.. നീ എങ്കിൽ റെഡി ആയിക്കോ.. നിന്റെ വീട്ടിൽ കൊണ്ട് പോയി വിടാം. ”

പെട്ടെന്ന് അവൻ പറയുമ്പോൾ മരുഭൂമിയിൽ ഒരു മഴ പെയ്ത സന്തോഷമായിരുന്നു ലക്ഷ്മിയുടെ മുഖത്ത് പെട്ടെന്ന് തന്നെ ആ മുഖം മങ്ങി..

” എന്താ പെട്ടന്ന് അങ്ങനെ ഒരു തീരുമാനം…, ഇങ്ങനെ പതിവുള്ളതല്ലല്ലോ..? ”

അവളുടെ ചോദ്യത്തിന് അർത്ഥം മനസ്സിലായിരുന്നു ജയൻ ഒന്ന് പരുങ്ങി.

” അത്.. നിന്റ അച്ഛൻ.. അച്ഛൻ മരിച്ചു. ”

പെട്ടെന്നുള്ള അവന്റെ വാക്കുകൾ കേട്ടതും ലക്ഷ്മിയുടെ ചങ്ക് പറഞ്ഞു പോകുന്ന വേദനയായിരുന്നു.. അവൾ ഉറക്കെ കരയാൻ അതിനുപോലും ഉള്ള സ്വാതന്ത്ര്യം നിഷേധിച്ചു ജയൻ ആ നിമിഷം..

” നീ ഇങ്ങനെ വിളിച്ചു കൂവി അടുത്തുള്ള ഫ്ലാറ്റുകാരെ കൂടി അറിയിക്കേണ്ട കാര്യം എന്താണ്…. മരിച്ചത് പ്രായമായ മനുഷ്യനാണ് അല്ലാതെ ചെറുപ്പക്കാർ ഒന്നുമല്ല.. കിടന്നു കൂവാനും മാത്രം ലോകത്ത് വേറെ അച്ഛനും മോളും ഇല്ലാത്തത് പോലെ ആണ്..,, ”

അവളെ വഴക്ക് പറയുന്നതിനൊപ്പം തന്നെ അവൻ അവന്റ മോളെ താലോലിക്കുന്നുണ്ടായിരുന്നു…, അല്ലെങ്കിലും അങ്ങനെയാണല്ലോ അതുമാത്രമാണ് നിഷേധിക്കാനാകാത്ത ബന്ധം എന്ന സ്ഥാപിക്കാൻ ആണല്ലോ അവർക്ക് തിടുക്കം…

അവസാനനിമിഷം അച്ഛനുവേണ്ടി ഒന്ന് ആർത്തലച്ച് കരയാൻ പോലും നിഷേധിക്കപ്പെട്ട അവളുടെ സ്വാതന്ത്ര്യത്തെ ഓർത്ത് അവൾ സ്വയം പഴിച്ചു…

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് അന്ന് രാത്രി തന്നെ അവിടെ നിന്നും പോകാൻ ജയൻ തിടുക്കം കൂട്ടുമ്പോൾ ഉണ്ണിയും അവളെ എതിർത്തില്ല.. ഒരുപക്ഷേ അവന്റെയും നിസ്സഹായത ആയിരിക്കും.. അല്ലെങ്കിൽ ഒന്നും പറയാതെ എല്ലാം ഉള്ളിലൊളിപ്പിച്ച ഒരു പെണ്ണിനെ അവനും തിരിച്ചറിഞ്ഞ് കാണില്ല…

ഇറങ്ങാൻ നേരം എപ്പോഴൊക്കെയോ സൂചി വെച്ച് ഒരു കുഞ്ഞു മോതിരം ഉണ്ണിയുടെ കൈയിൽ കൊടുത്തവൾ…

” ഇത് മാത്രം ആണ് ചേച്ചിക്ക് തരാൻ ഉള്ളത്.., ഇത് വിറ്റോ പണയം വെച്ചു കിട്ടുന്ന കാശിനു ബാക്കി ചടങ്ങുകൾ എല്ലാം നടത്തണം.. ”

കുട്ടി കരയാൻ വന്നൊരൊക്കെയും വിഴുങ്ങിക്കൊണ്ട് അവൾ ഒപ്പം അവിടെനിന്ന് വീണ്ടും ഇറങ്ങി….

അന്നത്തെ അഞ്ചുവർഷത്തെ യാത്ര ഇന്ന് 25 വർഷത്തിൽ എത്തിനിൽക്കുമ്പോൾ മരണക്കിടയ്ക്ക് മിഴികൾ ഉയർത്തി ജയൻ ലക്ഷ്മിയെ നോക്കി… അന്നത്തെ അവന്റെ കണ്ണുകളിലെ ശൗര്യം ഇന്നില്ല….., പകരം അതിൽ ഒരു പ്രതീക്ഷ മാത്രം ആണ് ഉള്ളത്.. ചുക്കി ചുളിഞ്ഞ കയ്യിൽ മുറുകെ പിടിക്കാൻ ലക്ഷ്മി മാത്രം…

” ദിയ മോള്..? ”

” വരില്ല…, ആരവിന് ലീവ് ഇല്ല…, തൽക്കാലം ലീവെടുത്ത് അവളോടും പോകണ്ട എന്ന് ആണ് അവൻ പറഞ്ഞത്… ”

അവളുടെ വാക്കുകൾ ജയന്റെ കണ്ണുകളിൽ നിന്നും അൽപ്പം നീർതുള്ളി താഴെക്ക് ഇറ്റ് വീഴിച്ചു..

” ഞാൻ മരിക്കുമ്പോൾ എങ്കിലും അവൾ വരുമായിരിക്കും അല്ലേ..? ”

” മ്മ്.. വരാതിരിക്കാൻ പറ്റില്ലല്ലോ.. മകളായി പോയില്ലേ.. അങ്ങനെ ഒരു ബന്ധം മാത്രം നിഷേധിക്കാൻ പറ്റില്ലല്ലോ..? ”

കരച്ചിൽ അടക്കിക്കൊണ്ട് ലക്ഷ്മി പറയുമ്പോൾ അവളുടെ കയ്യിൽ മുറുകെ പിടിച്ചു ജയൻ….

” ഇതുതന്നെയായിരിക്കും നിന്റെ അച്ഛനും അവസാനം നിന്റെ അമ്മയോട് ചോദിച്ചത് അല്ലേ…? ”

“മ്മ്..”

ഒരു മൂളൽ മാത്രമായിരുന്നു ലക്ഷ്മിയിൽ ബാക്കിയുണ്ടായത്… ജയന് തിരിച്ചറിവ് വരാൻ കാലങ്ങൾ എടുത്തു… അപ്പോഴേക്കും നഷ്ടമായത് ലക്ഷ്മിയുടെ സന്തോഷങ്ങൾ മാത്രമാണ്… തിരിച്ചുപിടിക്കാൻ കഴിയാത്ത സന്തോഷം….

ഇനി കത്തിച്ചുവച്ച നിലവിളക്കിനു മുമ്പിൽ വെള്ള പുതച്ചവൻ നീണ്ട നിവർന്നു കിടക്കുമ്പോൾ മറ്റൊരു ചങ്ങലയിൽ കെട്ടി ആടുന്നവൾ അവനെ കാണാൻ വരും… അച്ഛന് വേണ്ടി കരയാൻ പോലും സ്വാതന്ത്ര്യ നിഷേധിച്ചവൾ…… മകൾ…..