രചന: Aiswarya Ks
നിങ്ങള് എന്തൊക്കെ പറഞ്ഞാലും മത്തായിച്ചാ, പെൺകുട്യോള് വീടിന്റെ ഐശ്വര്യമാ ഇങ്ങക്കറിഞ്ഞുടെ ഞമ്മടെ ഭാര്യ ഉമ്മുകോൽസു, ഓള് വീണു കിടന്നപ്പോ ആരാ നോക്കിയേ ന്റെ പെൺകുട്ടിയോളാ, ഓര് വീട്ടിലുള്ളതോണ്ട് പട്ടിണി ആയിട്ടില്ല, വായ്ക്ക് രുചിയായിട്ട് ഭക്ഷണവും കിട്ടും, ഹറാം പിറന്ന ആൺകുട്യോളോ സമയമാകുമ്പോ ഊണ് മേശയിൽ വന്നിരിക്കല്ലേ ഉള്ള്
ഹാ പെൺകുട്ട്യോള്ളു ഐശ്വര്യല്ലന് ഇപ്പോ ആരാ പറഞ്ഞെ അലികുട്ടി, പക്ഷെ ഇയിറ്റിങ്ങളെ വളർത്തിയെടുത്തു കെട്ടികണേൽ എന്നാ പാടാനറിയുന്നോ, നിക്ക് നാല് പെൺകുട്യോള്ളാ അറിയാലോ, നാലിനേം വളർത്താൻ പെട്ട പാട്, ചന്തക്ക് പോകാൻ ഇറങ്ങുമ്പോ വിളിക്കും അപ്പച്ചാ ചാന്ത്, അപ്പച്ചാ കണ്മഷി, പൊട്ട്, വള അങ്ങിനെ എന്തെല്ലാം, മാത്രോ പാവാട, കമീസ്, ചട്ട, മുണ്ട്, സാരി അങ്ങിനെ എന്തെല്ലാം, കൈൽ വരണത് എതിലൂടെ പോകും എന്നറിയില്ല
അതാ ഇപ്പോ ചേലായെ, ന്റെ കല്യാണി അഞ്ചു പ്രസവിച്ചു, അഞ്ചിന്റേം പ്രസവ സമയം ഞാൻ മനമുരുകി പ്രാർത്ഥിച്ചിരുന്നു ന്റെ ദേവ്യേ ആൺകുട്ടി ആയിരിക്കന്നെന്നു, കാരണമെന്താന്നറിയോ മത്തായിച്ചന്, ന്റെ വീട്ടിലും ഉണ്ടായിരുന്നെ പെൺകുട്യോള് ഒരേ കെട്ടിച്ചയക്കാൻ ഞാൻ പെട്ട പാട്, അതിന്റെ അനുഭവം ഉള്ളോണ്ടാ കല്യാണി പെൺകുട്ടിക് വേണ്ടി പ്രാർത്ഥിച്ചപ്പോ ഞാൻ ആൺകുട്ടിക് വേണ്ടി പ്രാർത്ഥിച്ചത്, ദേവി എന്റെ പ്രാർത്ഥന കേട്ടു, ശ്രീധരൻ പറഞ്ഞു നിർത്തി, ശ്രീധരൻ ആളു ഒരു നാട്ടു പ്രമാണിയാണ്, ഇട്ടു മൂടാൻ സ്വത്തു ഉണ്ട്, വലിയ നാല് കെട്ട് വീടും, പറമ്പും, നാല് തലമുറ ഉണ്ടുറങ്ങാൻ വേണ്ടുവോളം നെല്ലും
കേളപ്പൻ നായരുടെ ചായകടയിലെ അന്തിചർച്ച പൊടിപൊടിക്കുയാണ്, പെൺകുട്ടിയാണ് വിഷയം,
അല്ല മത്തായിച്ച ഇങ്ങടെ നാലിൽ മൂന്നിനേം കെട്ടിച്ചു വിട്ടതാണലോ പിന്നെ എന്താ ഇപ്പോ ഇങ്ങിനെ ഒരു വർത്തമാനം അലികുട്ടിയാണ് അത് ചോദിച്ചത്
എന്നാ പറയാനാ അലികുട്ടി, മൂന്നിനേം നല്ല രീതിക് തന്നെ കെട്ടിച്ചു വിട്ടു, അപ്പനപ്പൂപ്പന്മാരായിട്ട് ഉണ്ടാക്കി വച്ച സഥലവും സ്ഥാനമാനങ്ങളുമുണ്ടായിരുന്നോണ്ട് സമൂഹത്തില് ഞാൻ വലിയ മുതലാളിയാണല്ലോ, മൂത്തവൾക് കല്യാണലോചന വന്നപ്പോ അവള് പതിനെട്ടു തികഞ്ഞേ ഉള്ള്, കോട്ടയത്തെ വലിയ നസറാണി കുടുംബം ഇഷ്ടം പോലെ സ്വത്തും, പേരും പെരുമയും ഉള്ളോണ്ട് ചെക്കൻ വീട്ടുകാർക് പെണ്ണിനെ ബോധിച്ചു, സ്ത്രീധനമായി രണ്ട് ഏക്കർ പറമ്പും അൻപതു പവനും കൊടുത്തു, പിന്നേം കൈയിൽ നിന്നെടുത്തിട്ട പെണ്ണിനെ കെട്ടിച്ചേ, മൂത്തതിന് അത്രേം കൊടുക്കുമ്പോൾ രണ്ടാമത്തേനം കൊടുക്കാതിരിക്കാൻ പറ്റുവോ രണ്ടിനേം മൂന്നിനേം അങ്ങിനെ തന്നെ പറഞ്ഞു വിട്ടു
ആ അയിന് ഇപ്പോ എന്നാ പറ്റിന്നാ നല്ല അന്തസുള്ള വീട്ടിലല്ലേ പെൺകുട്ടിയോള് മൂന്നും, നാടറിഞ്ഞു അത്ര വലിയൊരു കല്യാണം ഇങ്ങടെ മക്കടേത് മാത്രാരുന്ന്ലോ, ഞാനും ഇണ്ടാരുന്നാലോ കല്യാണത്തിന് ഇപ്പോ എന്തിണ്ടായ ശ്രീധരൻ ചോദിച്ചു
നാടറിഞ്ഞു കല്യാണം നടത്തി നമ്മൾ പാപരായി, ഉള്ളതൊക്കെ മറിച്ചു വിറ്റും , പണയം വച്ചുമാ കല്യാണം നടത്തിയത് ഇപ്പോ കൈയിൽ ഒന്നുല, കല്യാണം കഴിഞ്ഞു പോയ മൂത്തവള് പിന്നെ വന്നത് വയർ നിറഞ്ഞപ്പോഴാ, അവളു പ്രസവിച്ചു അതും പെൺകുട്ടി, അയിന്റെ കതെലും കഴുത്തലും വല്ല പൊന്നും ഇട്ടു കൊടുക്കണ്ടേ ഇല്ലേൽ കേറി ചെല്ലുമ്പോ വീട്ടുകാര് പറയിലെ, ഇതിപ്പോ ന്റെ ഭാര്യ സാറമ്മേടെ കഴുത്തിലും കയ്യിലും ഉണ്ടായിരുന്ന അവസാന പൊന്ന് എടുത്തു വിറ്റിട്ടാ ഒരു തരി പൊന്നെങ്കിലും ഉണ്ടാക്കിയെ, അപ്പോ രണ്ടാമത്തവൾ വന്നിട്ടുണ്ട് ഉടനെ ഉണ്ടാകും അവളുടെ പ്രസവവും ഞാനിനി എന്താ ചെയ്യാ എന്നു ഒരു പിടിത്തവും ഇല്ലടോ
അത് തന്ന്യാ ഞാൻ പറഞ്ഞേ പെൺകുട്യോള് വേണ്ടന്നു ശ്രീധരൻ പറഞ്ഞു, നോക്കി വളർത്തി വലുതാക്കി ഉള്ളതെല്ലാം പെറുക്കികൂട്ടി കെട്ടിച്ചു വിടും, അവളുമാര് പോയാൽ ആ വഴി അങ്ങ് പോകും, ഇബിടെ ബാക്കിയുള്ളവർ ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അനോഷിക്കില്ല, പിന്നെ തിരിച്ചു വരും ഒന്നുകിൽ സ്വത്തു ചോദിക്കാൻ അല്ലെങ്കിൽ പ്രസവിക്കാൻ, നിങ്ങളെ പോലല്ല മത്തായിച്ച പ്രസവം കഴിഞ്ഞു ദേഹശ്രുശ്രുഷ, കുളുപ്പിക്കൽ, ഇരുപതിയെട്ടു കെട്ട്, പിന്നേം ഇണ്ട് ചടങ്ങുകൾ, വിരുന്നു വരവ്, കൊച്ചിനെ കാണാൻ വരവ്, പിള്ളേരുടെ കൈയിൽ കാതിലുമൊക്കെ ഇട്ടു കൊടുക്കണം, പിന്നെ ഒരുടെ വീട്ടിലേക്കുള സാമാനങ്ങൾ അങ്ങിനെ വേറെ ഒരുപാടു സാധനങ്ങൾ, ചുരുക്കി പറഞ്ഞാൽ പെണ്ണെന്നാൽ ചെലവ് എന്നർത്ഥം, എന്നാ നമ്മുക്കൊരു ആവശ്യം വന്നാൽ കൂടെ നിക്കുവോ അതുമില്ല,പെങ്ങള് പെറാൻ വരുമ്പോൾ നിക്ക് ഭയങ്കര സന്തോഷാരുന്നു മാമനായിലോ, നമ്മള് കൊഞ്ചിച്ചും താലോലിച്ചും കുട്ട്യോളെ വളർത്തും, പിള്ളേര് നമ്മളെ തിരിച്ചറിയാനാകുമ്പോഴേക്കും അവര് പോകും അപ്പന്റെ വീട്ടിലേക്, പിന്നെ വല്ലപ്പോഴും ആണ്ടിലും വല്ല വിശേഷ ദിവസങ്ങളിലൊ വന്നാൽ ആയി, ചുരുക്കി പറഞ്ഞാൽ നമ്മുക്ക് നഷ്ട്ടം മാത്രം
എല്ലാം കേട്ടുകൊണ്ട് മൂലക്കിരുന്ന കേളപ്പൻ ചിരിച്ചു, എന്നിട്ട് വഴിയേ പോകുവായിരുന്ന ഔത കുട്ടിയെ കാട്ടി ചോദിച്ചു മത്തായിച്ച നിങ്ങള് അറിയോ ആ മനുഷ്യനെ, മത്തായിച്ചൻ വഴിയിലേക്കു നോക്കി, ആ അത് ഔത അല്ലെ, തെങ്ങു കയറ്റക്കാരൻ, ന്റെപറമ്പിൽ തെങ്ങു കയറുന്നത് ഔതയാ, ഇവനും ഇവന്റെ അപ്പനും ഒകെ തെങ്ങു കയറ്റക്കാരാ
ആ അതെ ഔതകുട്ടി, ഓനെ പെൺകുട്ട്യോള് അഞ്ചാ, പക്ഷെ ഓന് ഒന്നിനേം പറ്റീം ദണ്ണമില്ല, കാരണമെന്താന്നറിയോ ഇങ്ങൾക്ക്, ഓന്റെ മൂത്ത കുട്ടി ടീച്ചറാണ്, ഓൾക് മാസം ആയിരം റുപ്യ ഉണ്ട് വരുമാനം, അറിയുവാ, ഓളാണ് ഇപ്പോ വീട് നോക്കുനെ, താഴെ ഉള്ളതുങ്ങളെ പഠിപ്പിക്കുന്നതും ഒള്തന്നെ, രണ്ടാമത്തെ കുട്ടി ആസ്പത്രിയിലെ സിസ്റ്റർ ആകാൻ പഠിക്കാണ്, കന്യസ്ത്രിയമ്മമാരുടെ കൂടെ, മൂന്നാമത്തെ കുട്ടി ഓള് ഡോക്ടറാകൻ പഠിക്കുവാണ്, നാലും അഞ്ചും കൂട്യോള് ഇമ്മിണി ചെറുതാണ് സ്കൂളിൽ പഠിക്കാണ്,
അല്ല മത്തായിച്ച ഇങ്ങള്ടെ മക്കളെ ഏതു വരെ പഠിച്ചു കേളപ്പൻ ചോദിച്ചു മത്തായി മിണ്ടിയില്ല,
ശ്രീധരാ മൂത്ത മോനു വയസു മുപ്പതു കഴിഞ്ഞിലെ പെണ്ണ് നോക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെ ആയിലെ കിട്ടിയോ വല്ലതും? കെട്ടാൻ പെണ്ണ് വേണം പക്ഷെ വളർത്താൻ വേണ്ടാലേ,
കേളപ്പൻ ചിരിച്ചു എന്നിട്ട് തുടർന്നു, നിങ്ങള് പെൺകുട്ടികളെ പറ്റി പറയുന്നതു എല്ലാം കേട്ടിരിക്കുവായിരുന്നു ഞാൻ, കെട്ടിച്ചു വിട്ട പെങ്ങന്മാരും, മക്കളും നിങ്ങളെ കാണാൻ വരാത്തതിൽ ദുഖമുണ്ടല്ലേ, നിങ്ങടെ ഒകെ കെട്ട്യോള്മാരെ കല്യാണം കഴിഞ്ഞിട്ട് എത്ര തവണ അവരടെ വീട്ടിക്ക് വീട്ടിരിക്കിനു നിങ്ങള്, പെറാൻ വേണ്ടി മാത്രല്ലേ അങ്ങോട്ട് വിട്ടേ,ഓൾടെ വീട്ടിലെ എത്ര ആവശ്യത്തിന് നിങ്ങള് പൈസ കൊടുത്തു കൂടെ നിന്നിട്ടുണ്ട്? സ്ത്രീധനം എണ്ണി പറഞ്ഞു മേടിക്കാൻ മടി കാട്ടിട്ടില്ലലോ ലെ മത്തായിച്ച മേടിക്കാൻ കഴിയുമെങ്കിൽ കൊടുക്കാനും കഴിയണം
അലികുട്ടി ,പെൺകുട്ടികൾ ഭാഗ്യമാണെന്ന് വീമ്പു പറഞ്ഞാൽ മാത്രം പോരാ, അടുക്കളയിൽ ഇരുന്നു പാകം ചെയ്യാനും വയ്യാതാകുമ്പോ നിങ്ങളെ നോക്കാനുമായിട്ടല്ല വളർത്തേണ്ടത് അവരെ സ്വന്തം കാലിൽ നില്കാൻ പഠിപ്പിക്, വേണ്ടിടത് ശബ്ദം ഉയർത്താൻ പഠിപ്പിക്ക്, എന്നിട്ട് പറ പെൺകുട്ടികൾ ഭാഗ്യമാണ് എന്ന്
ശ്രീധരാ കെട്ടിച്ചു വിട്ട പെങ്ങന്മാർ വീട്ടിൽക് വരാറില്ല എന്നരുന്നാലോ പരാതി ഒരിക്കൽ എങ്കിലും അങ്ങോട്ടു പോയി അവരെ കണ്ടിട്ടുണ്ടോ, കരി പിടിച്ച അടുക്കള പുറത്തു പാത്രങ്ങൾക്കും, അഴുക്കു പിടിച്ച തുണികൾക്കുമിടയിലിരുന്നു സ്വപ്നങ്ങളോടും ആഗ്രഹങ്ങളോടും കിന്നാരം പറയുന്ന പെങ്ങമ്മാരെ കാണാൻ ആകും, താലി എന്നൊരു ചരടിൽ നീയും ഞാനുമടക്കമുളവർ കോർത്തിടുന്നത് അവരുടെ ജീവിതം മാത്രമല്ലടോ സ്വപ്നങ്ങളും, ആഗ്രഹങ്ങളും, സ്വാതന്ത്ര്യവും കൂടിയാണ് ,സ്ത്രീയുടെ ധനം അവര് തന്നെയാടോ, അവൾ തന്നെ ധനമാണ്, സമ്പത്തിന്റെയും ധാരാളിത്തതിന്റെയുമിടയിൽ നമ്മള് അത് കണ്ടിട്ടില്ല, ദാരിദ്ര്യത്തിലും ഇല്ലായ്മയിൽ ഔത അത് തിരിച്ചറിഞ്ഞു ,അത് പറഞ്ഞു ദൂരേക് മകളുടെ കൈ പിടിച്ചു നടന്നു പോകുന്ന ഔത കുട്ടിയെ കേളപ്പൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു
കേളപ്പൻ പറയുന്നത് കേട്ടിരുന്ന മൂവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു, പഠിക്കാൻവേണ്ടി കരഞ്ഞു കൊണ്ടു അനുവാദം ചോദിക്കുന്ന മക്കളുടെ മുഖവും, പടിയിറങ്ങി പോയ പെങ്ങളുടെ ഉന്തി നിന്ന കഴുത്തെല്ലുകളും, തട്ടമിടാതെ ഓടി നടന്നതിനു ശകാരം കേട്ട് പിണങ്ങിനിന്ന കുഞ്ഞു മകളുടെ മുഖവും അവരുടെ മനസിലൂടെ ഒരു നോവായി പടർന്നിരുന്നു ,അന്നേരം ഔതകുട്ടിയുടെ കൈയിൽ പിടിച്ചു തുള്ളിച്ചാടുന്ന മറിയകുട്ടിയുടെ കിളികൊഞ്ചലും , പാദസര കിലുക്കവും അവിടെമാകെ മുഴുകി കേൾക്കാമായിരുന്നു