(രചന: ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ)
ഉച്ചക്ക് കഴിക്കാൻ നിർത്തിയപ്പോഴാണ് ഓട്ടോയിൽ നിന്നൊരു ചെറിയ പ്ലാസ്റ്റിക് കൂട് കിട്ടിയത്. തുറന്ന് നോക്കിയപ്പോൾ മുക്കാൽ പവനോളം വരുന്ന ഒരു ജോഡി പൊന്നിന്റെ പാദസ്വരം. കൊച്ചുങ്ങളുടേത് ആണെന്ന് തോന്നുന്നു. ആരിൽ നിന്ന് വീണതായിരിക്കുമെന്ന് ഓർത്ത് ഞാനത് എടുത്ത് പോക്കറ്റിൽ ഇട്ടു. ഇനിയിത് എന്റേതാണ്…
‘ആരെങ്കിലും തിരക്കി വന്നാലോ…?’
”വരട്ടെ… അപ്പോൾ ആലോചിക്കാം…”
‘എന്നാലും തെറ്റല്ലേ… ആരുടെയോ സമ്പാദ്യമായിരിക്കില്ലേ…?’
“സമ്പാദ്യം ഓട്ടോയിൽ ഇട്ട് പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കും… ഇതെന്റെ ഭാഗ്യമാണ്…”
‘ശ്രമിച്ചാൽ നിനക്ക് കണ്ടെത്താകുന്നതേയുള്ളൂ…! അതിന് തിരിച്ച് കൊടുക്കാനുള്ള മനസ്സുണ്ടാകണം..’
എന്നും പറഞ്ഞ് മനസാക്ഷി എന്നെ നിശബ്ദനാക്കി. കള്ളമായാലും കൊള്ളയായാലും സ്വയം ന്യായീകരിക്കാൻ സാധിച്ചില്ലെങ്കിൽ കൈ വിറക്കും. അങ്ങനെയൊരു മാനസികാവസ്ഥയിൽ തുടരാൻ താൽപ്പര്യമില്ലാത്തത് കൊണ്ട് ഞാൻ വെറുതേയൊന്ന് ചിന്തിച്ചു.
കുടുംബശ്രീയുടെ കുറി അടവിനായി ചോദിച്ച പണം കൊടുക്കാനില്ലാത്തത് കൊണ്ട് കാലത്ത് തന്നെ വഴക്കായിരുന്നു. ആ തലയും കൊണ്ടാണ് ഓട്ടോയുമായി ഇറങ്ങിയത്. എനിക്ക് വേണ്ടി ഭാര്യ ചേർന്ന കുറിയായിരുന്നു. വിളിക്കുകയും ചെയ്തു. അടവ് തീയതിയാകുമ്പോൾ ഞാൻ ഇങ്ങനെ കേൾക്കുന്നത് പതിവാണ്. കൃത്യനേരത്ത് വായ്പകളൊക്കെ അടച്ചാൽ എങ്ങനെയൊരു സാധാരണക്കാരനാകും! സാധാരണക്കാരില്ലെങ്കിൽ സമ്പത്തിനൊക്കെ വല്ല വിലയുമുണ്ടോ!
ഇങ്ങനെ ഓരോന്ന് ആലോചിച്ചാണ് സ്റ്റാന്റിൽ എത്തിയത്. ആദ്യം കിട്ടിയ ഓട്ടം ജില്ലാ ആശുപത്രിയിലേക്കായിരുന്നു. കൊണ്ട് പോയ രോഗി അഡ്മിറ്റ് ആകുന്നത് വരെ അവിടെ നിന്നു. കാലിയടിച്ച് തിരിച്ച് വരുമ്പോഴാണ് കറുത്ത സാരിയിലൊരു സ്ത്രീ കൈനീട്ടിയത്. മുമ്പ് കണ്ട പരിചയമൊന്നുമില്ല. ശരിയാണ്. പൊന്നിന്റെ പാദസ്വരം അവളുടെ കൈകളിൽ നിന്ന് തന്നെ ആയിരിക്കണം വീണിരിക്കുന്നത്. സ്റ്റേറ്റ് ബാങ്കിന്റെ മുന്നിൽ ഇറങ്ങുമ്പോൾ വല്ലാത്ത ധൃതിയായിരുന്നു ആ സ്ത്രീക്ക്. എന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. എന്തായാലും, ഇത് എന്നിലേക്ക് വന്ന് ചേരാനുള്ളതായിരുന്നു…
‘അന്വേഷിച്ച് വന്നാൽ കൊടുക്കാം…’
കുറ്റബോധത്തിന്റെ യാതൊരു തരിമ്പും ഉള്ളിൽ തോന്നാതിരിക്കാൻ ഞാൻ എന്നോട് തന്നെ പറഞ്ഞതാണ്. സ്വാർത്ഥമായ താൽപ്പര്യങ്ങൾ നടപ്പിലാക്കാനായി ഏത് വിധേനയും മനുഷ്യർ സ്വയം ന്യായീകരിക്കുമെന്ന് ഉള്ളിന്റെ ഉള്ളിൽ നിന്ന് ആരോ പറയുന്നത് പോലെ… ഞാൻ കേൾക്കാത്തത് പോലെ നിന്നു… സ്വയം കബളിപ്പിക്കുന്നതിന്റെ ജ്യാള്യത പുറത്ത് പ്രകടമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
ഉച്ചയൂണ് കഴിഞ്ഞു. മൂന്നാമത്തെ ഏമ്പക്കം വിട്ട് കഴിഞ്ഞപ്പോൾ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. എന്തായാലും രണ്ട് ദിവസം കഴിയട്ടെ. പണയം വെച്ച് കുറിയുടെ കുടിശിക അടക്കാം. അതുവരെ ഇനി ഓട്ടോയ്ക്ക് റെസ്റ്റെന്നും തീരുമാനിച്ചു. അങ്ങനെ പലതുമോർത്ത് പതിയേയാണ് ഓട്ടോ ചലിച്ചത്. അൽപ്പ ദൂരം താണ്ടിയപ്പോഴേക്കും നിർത്തേണ്ടി വന്നു. ഇല്ലെങ്കിൽ കൈ നീട്ടിയ മധ്യവയസ്കയെ വണ്ടി ഇടിക്കുമായിരുന്നു. ഏതാണ്ട് സമരത്തിന് തടയുന്നത് പോലെയാണ് ആ സ്ത്രീ നിരത്തിലേക്ക് കയറി നിന്നത്…
‘മോനേ… ചെമ്മാട് വരെ പോണം… ‘
”ഇല്ല ചേച്ചി… പോണില്ല…”
അങ്ങനെ കേട്ടപ്പോൾ ആ സ്ത്രീ എന്നേയും ഓട്ടോയുടെ പിറകിലെ സീറ്റിലേക്കും കണ്ണോടിച്ച് കൊണ്ട് തല കുലുക്കി.
‘ഇതിനകത്ത് ആളൊന്നുമില്ലല്ലോ… നീയാണെങ്കിൽ കാക്കിയും കാക്കിയും ഇട്ടിട്ടുമുണ്ട്. മീറ്ററിട്ട് വണ്ടി ചെമ്മാട്ക്ക് പോടാ… ഇരുന്നൂറെ ആകൂ.. നിനക്ക് ഞാൻ ഇരുന്നൂറ്റിയമ്പത് തരും…’
സമ്മതമാണോയെന്ന് പോലും ചോദിക്കാതെ ആ സ്ത്രീ കയറിയിരുന്നു. തർക്കിക്കാൻ എനിക്ക് തോന്നിയില്ല. പെണ്ണുമ്പിള്ളയുടെ പ്രകൃതത്തിൽ ഭയന്നെന്ന് പറഞ്ഞാലും തെറ്റാകില്ല. ആ നരകയറിയ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ പേടിച്ച് പോകും. അത്തരമൊരു ക്രൂരതയുടെ നിഴൽ കല്ലിച്ച് കിടക്കുകയാണ് ഭാവത്തിൽ. പെരുമാറ്റത്തിലും പന്തികേടുണ്ട്…
‘അങ്ങനെയിപ്പോ സാറാമ്മ ചേട്ടത്തിയെ പറ്റിക്കാന്ന് വിചാരിക്കേണ്ട.. രൂപ ആയിരവും രണ്ടായിരവുമല്ല… നാൽപ്പതിനായിരമാണ് കിട്ടാനുള്ളത്…’
ഞാനും കൂടി കേൾക്കട്ടേയെന്ന് കരുതി ആ സ്ത്രീ തനിയേ പറയുകയാണ്. ആരാണ് സാറാമ്മ ചേട്ടത്തിയെന്ന് വെറുതേ ഞാൻ ചോദിച്ച് പോയി. വേണ്ടായിരുന്നു. അത് താൻ തന്നെയാണ് മണ്ടായെന്നായിരുന്നു മറുപടി. പിന്നെ ഞാൻ മിണ്ടിയില്ല. അവർ എന്തൊക്കെയോ പറയുന്നുണ്ട്. ഒരു കാര്യം വ്യക്തമാണ്. മനുഷ്യരുടെ സ്വഭാവം നിർണ്ണയിക്കപ്പെടുന്നതിൽ പണത്തിന് ചെറുതല്ലാത്തയൊരു പങ്കുണ്ട്. കണ്ടില്ലേ… ഭാര്യ കാലത്ത് കയർത്തപ്പോൾ പോയ സമാധാനം ഇത്തിരി പൊന്ന് വന്ന് ചേർന്നപ്പോൾ ലഭിച്ചിരിക്കുന്നത്. ആ ഉല്ലാസത്തിലാണ് ഞാൻ ഓട്ടോ ഓടിക്കുന്നത്.
‘നിർത്തെടാ… അതാണ് വീട്…’
നിർത്തിയ റോഡരികിൽ തന്നെ ഞാൻ നിൽക്കുകയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ ഭാഗ്യത്തിൽ മുത്തി മനസ്സ് വെറുതേ ഓരോന്ന് മൂളുന്നുണ്ട്. വൈകാതെ സാറാമ്മ ചേട്ടത്തി കയറിപ്പോയ വീട്ടിൽ നിന്ന് ബഹളം ഉയരാൻ തുടങ്ങി. പോയി നോക്കിയപ്പോൾ ആ സ്ത്രീ മറ്റൊരു സ്ത്രീയോട് ആക്രോശിക്കുകയാണ്.
‘നിന്റെ കെട്ട്യോന് പുളിങ്കുരു പോലെ എണ്ണിക്കൊടുത്ത കാശാടി.. ഓൻ ചത്തെന്ന് കരുതി എനിക്കത് വേണ്ടാന്ന് വെക്കാൻ പറ്റോ… നീ തരണം… ഇന്ന് തരാന്നല്ലേ പറഞ്ഞേ… എവിടെയാടി എന്റെ പണം…’
അങ്ങനെ എന്തൊക്കെയോ സാറാമ്മ ചേട്ടത്തി വിളിച്ച് പറയുന്നുണ്ടായിരുന്നു. അതൊന്നും എന്റെ ശ്രദ്ധയിൽ കാര്യമായി കൊണ്ടില്ല. ഇമകൾ തമ്മിൽ കൂട്ടിയിടിക്കാതെ ഞാൻ ആ തലകുനിഞ്ഞ സ്ത്രീയെ നോക്കുകയാണ്. മണിക്കൂറുകൾക്ക് മുമ്പ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ കയറി ബാങ്കിന് മുന്നിൽ ഇറങ്ങിപ്പോയ അതേ സ്ത്രീ…! വേഷം പോലും മാറിയിട്ടില്ല…
‘സത്യമാണ് ചേട്ടത്തി. മോളുടെ കൊലുസ്സ് പണയം വെച്ച് പണം തരാൻ വരുകയായിരുന്നു.. ഓട്ടോയിലേക്ക് കയറുമ്പോൾ ഉണ്ടായിരുന്നു… നഷ്ടപ്പെട്ടുപോയി…’
ആ സ്ത്രീ കരഞ്ഞ് പറഞ്ഞിട്ടും ചേട്ടത്തി വിശ്വസിച്ച മട്ടില്ല. ഏത് ഓട്ടോയെന്ന് ചേട്ടത്തി ചോദിക്കുകയും ചെയ്തു. അറിയില്ലെന്ന് ആ സ്ത്രീ പറഞ്ഞപ്പോഴാണ് എനിക്കൊരു ആശ്വാസം തോന്നിയത്. വന്ന പോലെ ഞാൻ തിരിച്ച് നടന്നു. അപ്പോഴേക്കും പൊന്ന് നഷ്ട്ടപ്പെട്ട ആ സ്ത്രീ ചേട്ടായെന്ന് വിളിച്ച് എന്റെ അടുത്തേക്ക് വരുകയായിരുന്നു. പോക്കറ്റിലെ പാദസ്വരക്കൂടിൽ ഞാൻ മുറുക്കെ പിടിച്ചുപോയി.
‘ചേട്ടാ… റെയിൽവേ സ്റ്റേഷനിൽ നിന്ന് കയറിയതാണ്… ബാങ്കിന് മുന്നിൽ ഇറങ്ങുകയും ചെയ്തു. ഡ്രൈവറെ ശ്രദ്ധിച്ചില്ല. ഓട്ടോയുടെ നമ്പറും അറിയില്ല. ഒന്ന് അന്വേഷിക്കോ… ചേട്ടത്തിയുടെ കടം തീർക്കാൻ മറ്റൊരു മാർഗ്ഗവും എനിക്കില്ല…’
എന്നും പറഞ്ഞ് ആ സ്ത്രീ തൊഴുത് നിൽക്കുകയാണ്. വന്ന് ചേർന്ന ഭാഗ്യത്തെ നഷ്ടപ്പെടുത്താൻ അപ്പോഴും എനിക്ക് തോന്നിയില്ല. മുന്നിൽ തെളിയുന്ന കണ്ണീരിന്റെ കാരണം താനാണെന്ന് അറിയുമ്പോൾ പോലും അലിയാത്ത നിന്നോളം ക്രൂരൻ മറ്റാരുമില്ലെന്ന് ഉള്ള് പറയുകയാണ്. അത് കേൾക്കാത്തത് പോലെ നിൽക്കാൻ ഉണ്ടെന്ന് കരുതുന്ന ഉള്ളിന്റെ ഉള്ള് സമ്മതിച്ചില്ല.
നിർത്തെടി നിന്റെ നാടകമെന്ന് പറഞ്ഞ് സാറാമ്മ ചേട്ടത്തി ഞങ്ങളുടെ അടുത്തേക്ക് എത്തിയപ്പോഴേക്കും ആ ആഭരണക്കൂട് മുന്നിലെ തൊഴുകൈയ്യിലേക്ക് ഞാൻ വെച്ചിരുന്നു. ക്ഷമിക്കൂവെന്ന അർത്ഥത്തിൽ കൈകൂപ്പി നിന്നിരുന്നു…!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ