കല്യാണ പ്രായമായ മൂത്ത ചേച്ചി നിൽക്കെ അനിയൻ കല്യാണം കഴിച്ചിരിക്കുന്നു അനന്തൻ രജിസ്റ്റർ മാരിയേജ്…

(രചന: ഗിരീഷ് കാവാലം)

കല്യാണ പ്രായമായ മൂത്ത ചേച്ചി നിൽക്കെ അനിയൻ കല്യാണം കഴിച്ചിരിക്കുന്നു

അനന്തൻ രജിസ്റ്റർ മാരിയേജ് ചെയ്ത് ഒരു പെണ്ണിനേയും കൊണ്ട് വീട്ടിലേക്ക് വന്നത് നാട്ടിൽ എങ്ങും അങ്ങാടി പാട്ടായി

“ഇവന് നാണം ഇല്ലേ… ഇത്ര നിക്കപ്പൊറുതി ഇല്ലായിരുന്നോ ഇവന് ”

വിവരം അറിഞ്ഞ സ്ത്രീകൾ എല്ലാം മൂക്കത്ത് വിരൽ വെച്ച് പോയി

ആർക്കും ഉൾകൊള്ളാൻ കഴിയാത്ത അനന്തന്റെ ഈ പ്രവർത്തിയെ നാട്ടുകാർക്കൊപ്പം ഉറ്റ ബന്ധുക്കൾ വരെ പുച്ഛത്തോടെയാണ് കണ്ടത്

ഭാഗികമായി തളർന്നു കിടക്കുന്ന വിധവയായ അമ്മ, അനന്തന്റെ മൂത്തവൾ ആയ ആതിര ഇളയത് ഡിഗ്രിക്ക് പഠിക്കുന്ന പെൺകുട്ടിയും അടങ്ങുന്ന ആ കുടുംബത്തെ എല്ലാവരും പുച്ഛത്തോടെ കാണാൻ തുടങ്ങി

“അവന് മുകളിൽ നീ ഒരു പെണ്ണ് നിക്കുവല്ലേ ആതിരെ…താഴെ വേറൊരു പെൺകുട്ടി കൂടി വളർന്നു വരുന്നു. അച്ഛനോ ഇല്ല തളർന്നു കിടക്കുന്ന അമ്മ ഇതൊന്നും ഓർത്തില്ലേ അവൻ എന്തായാലും ചെയ്തതു നാണക്കേട് തന്നെയാ കുട്ടീ ”

“ഇപ്പോഴേ ഇവൻ പെണ്ണും കെട്ടി അവരുടെ സുഖം തേടി പോയാൽ നിന്നെയും താഴെയുള്ള രണ്ടെണ്ണത്തിനെയും ആര് കെട്ടിച്ചയക്കും”

“ബന്ധുക്കളെക്കാൾ കൂടുതൽ അടുപ്പം നമ്മുടെ വീട്ടുകാർ തമ്മിലില്ലേ എന്നാലും അനന്തൻ ഇപ്പൊ ചെയ്തതിനെ ന്യായീകരിക്കാൻ പറ്റില്ല മോളെ ”

“നാളെ അവന് കുട്ടികൾ ഉണ്ടാകുമ്പോൾ പിന്നെ അവന് വലുത് ആ കുട്ടികൾ ആയിരിക്കും, പിന്നെ നീയൊന്നും ആഹാരം കഴിച്ചൊന്നു പോലും ചോദിക്കാൻ അവൻ വരില്ല ”

“നീ അല്ലേ ഏറ്റവും മൂത്തവള് നിനക്ക് വിവരവും വിദ്യാഭ്യാസവുമൊക്കെ ഇല്ലേ നിനക്കെങ്കിലും അവനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ മേലായിരുന്നോ
നമ്മുടെ കുടുംബക്കാർക്കാകെ നാണക്കേട് ഉണ്ടാക്കി വച്ചിരിക്കുന്നു”

ഇങ്ങനെ ഒന്നിന് പുറകേ ഒന്നായി മൂത്തവളായ ആതിരയുടെ മൊബൈലിലേക്ക് ബന്ധുക്കളുടേതായും നാട്ടുകാരുടേതായും ഫോൺ കാളുകൾ കുത്തുവാക്കുകളുടെയും പഴിചാരലുകളുടെയും രൂപത്തിൽ വന്നുകൊണ്ടേയിരുന്നു

എല്ലാവരുടെയും പഴിചാരലിനും ചോദ്യ ശരങ്ങൾക്കും ഉള്ള അവളുടെ മറുപടി മൗനമായിരുന്നു

അവസാനം അവൾ തന്റെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു. ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന ഭഗവാന്റെ ഫോട്ടോയിൽ അവളുടെ മിഴികൾ തറച്ചു നിന്നുപോയി

“ഭഗവാനെ നീ ഇപ്പോഴും ഞങ്ങളെ പരീക്ഷിച്ചുകൊണ്ട് തന്നെ ഇരിക്കുവാണോ…”

“ചേച്ചീ….

“ഞാൻ ചെയ്തത് തെറ്റ് തന്നെയാണ് പക്ഷേ..

“പരസ്പരം ഇഷ്ടപ്പെട്ടു പോയി.. ഇത് രണ്ട് വീടുകളിലും പറഞ്ഞാൽ നടക്കില്ലെന്നു അറിയാം പിന്നെ…..”

“ഇല്ല നിനക്ക് തെറ്റിയിട്ടില്ലടാ.. നീ ചെയ്തത് ശരി തന്നെയാ..സമയത്ത് തന്നെ കല്യാണം കഴിക്കണം ഞങ്ങളുടെ ഒക്കെ കല്യാണം കഴിഞ്ഞ് നിനക്കൊരു കല്യാണം എന്ന് പറയുന്നത് ഉടനെ എങ്ങും നടക്കാൻ പോകുന്നതല്ലല്ലോ.. നീയാണ് ശരി ”

ചേച്ചിയുടെ ആ വാക്കുകൾ മറ്റുള്ളവരുടെ കുത്തുവാക്കുകളെക്കാൾ മൂർച്ചയുള്ളതുപോലെ അനന്തന് തോന്നി

എന്നും ആറു മണിക്ക് മുൻപ് എഴുന്നേറ്റു അമ്മയെ പ്രഭാത കാര്യങ്ങൾ ഒക്കെ ചെയ്യിപ്പിച്ചു അനിയത്തിക്ക് കോളേജിൽ പോകുവാനും അനന്തന് ജോലി സ്ഥലത്തേക്ക് കൊണ്ടുപോകാനും ഭക്ഷണം റെഡിയാക്കാറുള്ള ആതിര ഉറങ്ങി എണീറ്റ്‌ മൊബൈലിൽ സമയം നോക്കിയതും പെട്ടന്ന് കട്ടിലിൽ നിന്നു ചാടി എണീറ്റു

സമയം ഏഴുമണി കഴിഞ്ഞിരിക്കുന്നു

അടുത്ത കട്ടിലിൽ മയങ്ങുന്ന അമ്മയെ സൂക്ഷിച്ചു നോക്കിയ അവൾ എന്തോ മണം അടിക്കുന്നത് മനസ്സിലാക്കി അടുക്കളയിലേക്ക് നടന്നു

അവിടെ പാചകം ചെയ്യുന്ന അനന്തനും അവന്റെ ഭാര്യ അനുവിനെയും ആണ് ആതിരക്ക് കാണാൻ കഴിഞ്ഞത്

“എല്ലാം ഞങ്ങൾ ചെയ്തു ചേച്ചീ…മോളുവിനും അനന്തുവിന് ജോലിക്ക് കൊണ്ടുപോകാൻ ഉള്ളതെല്ലാം റെഡിയായിട്ടുണ്ട്”

ജന്നലിന് വെളിയിലേക്ക് നോക്കിയ ആതിരയുടെ മിഴികൾ വെളിയിൽ കെട്ടിയിരിക്കുന്ന അശയിൽ തങ്ങി നിന്നു

അമ്മ ഉടുത്തിരുന്ന മുണ്ടും ബൗസും ഒക്കെ നനച്ചിട്ടിരിക്കുന്നു

“ഞാൻ പറയാതെ തന്നെ അമ്മയുടെ കാര്യങ്ങൾ എല്ലാം ഇവൾ ചെയ്തു”

അനന്തൻ അത് പറയുമ്പോൾ നെഞ്ചിൽ ഒരുണ്ട് കൂടിയിരുന്ന വിങ്ങലിന് ശക്തി കുറയുന്നപോലെ ആതിരക്ക് തോന്നി

“വേണ്ടാരുന്നു കുട്ടി എന്നെ ഒന്നു വിളിക്കാൻ മേലായിരുന്നോ”

അനുവിന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അത് പറയുമ്പോൾ ആതിര വികാരധീനയായി

ദിവസങ്ങൾ കഴിഞ്ഞു

വീട്ടുകാര്യങ്ങളിൽ ആതിരക്കൊപ്പം അനുവും കൂടി ആയപ്പോൾ ആതിരക്ക് ട്യൂഷനിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനും ഒപ്പം PSC ടെസ്റ്റിന് വേണ്ടി നല്ല രീതിയിൽ ഉള്ള തയ്യാറെടുപ്പിനും ധാരാളം സമയം കിട്ടി തുടങ്ങി

“ചേച്ചി പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ചോ അമ്മയുടെ കാര്യവും ബാക്കി വീട്ടുകാര്യങ്ങൾ എല്ലാം എനിക്ക് ചെയ്യാവുന്നതേ ഉള്ളൂ”

അനു അത് പറയുമ്പോൾ ബന്ധുക്കളും നാട്ടുകാരും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന കുത്തുവാക്കുകൾ ഓർത്ത ആതിരയുടെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടർന്നു

അനന്തന്റെയും അനുവിന്റെയും ഒന്നാം വിവാഹവാർഷിക ദിനത്തിന് ഇരട്ടി മധുരം എന്ന രീതിയിൽ ആണ് ആ വിവരം അറിഞ്ഞത്

ആതിര എഴുതിയ ടെസ്റ്റിന്റെ ലിസ്റ്റ് ഇറങ്ങി..
അവളുടെ പേര് റാങ്ക് ലിസ്റ്റിൽ വന്നു

റാങ്ക് ലിസ്റ്റിൽ പേര് വന്നത് വെളിയിൽ അറിഞ്ഞതുകണ്ടാകാം ആതിരക്ക് പല സ്ഥലത്ത് നിന്നും കല്യാണാലോചനകൾ വരുവാൻ തുടങ്ങി

ചേർന്ന ഒരു ബന്ധം തന്നെ അവൾക്ക് വന്നു സ്ത്രീധനം വേണ്ടാത്ത കോഓപ്പറേറ്റിവ് ബാങ്കിലെ ക്ലറിക്കൽ പോസ്റ്റിൽ ജോലി ചെയ്യുന്ന ഒരു പയ്യൻ

ലളിതമായ രീതിയിൽ ആ കല്യാണം നടന്നു..

ഒരു വർഷത്തിന് ശേഷം ആതിരയുടെ പ്രസവവും നടന്നു..

ദിവസങ്ങൾക്കുള്ളിൽ തന്നെ ആതിരയുടെ ജോലിയിൽ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ഓർഡറും വന്നു

കുട്ടിയുടെ ഇരുപത്തിയെട്ടു കെട്ട് ചടങ്ങും ഇരട്ടി മധുരത്തോടെ നല്ല രീതിയിൽ നടത്താൻ തീരുമാനിച്ചു..

ചടങ്ങ് നടക്കുന്ന സമയത്തു ബന്ധു കൂടിയായ ഒരു ചേച്ചി മറ്റൊരു ചേച്ചിയോട് അടക്കത്തിൽ പറഞ്ഞത് അവിചാരിതമായി കേട്ട ആതിരയുടെ മുഖത്തെ തെളിച്ചം പെട്ടന്ന് മങ്ങി

അവളുടെ മിഴികൾ സദ്യ കഴിക്കാൻ ഇരിക്കുന്നവരുടെ മുൻപിൽ കൂടി പുഞ്ചിരി തൂകിയ മുഖത്തോടെ തൂക്കു പാത്രവുമേന്തി വിളമ്പികൊണ്ടിരിക്കുന്ന അനന്തനിലും, അനുവിലും ഉടക്കി നിന്നു

“വിവാഹം കഴിഞ്ഞിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും അവനൊരു കുഞ്ഞിക്കാൽ കാണാനായോ…..ദൈവത്തിന് നിരക്കുന്നതാണോ അവൻ ചെയ്തത്”

അനന്തനെപറ്റി അവരുടെ നാവിൽ നിന്ന് വന്ന ആ വാക്കുകൾ അവളുടെ ഹൃദയത്തിലാണ് കൊണ്ടത്

ആതിരയുടെ പ്രാർഥന ദൈവം കേട്ടു..

അനുവും ഗർഭിണിയായി എന്നുള്ള വിവരം മറ്റെല്ലാവരേക്കാളും സന്തോഷത്തിൽ ആക്കിയത് ആതിരയെയാണ്

ലേബർ റൂമിന് വെളിയിലേക്ക് നേഴ്സ് വന്ന് അനു പ്രസവിച്ചു കുട്ടി ആൺകുട്ടി എന്ന് പറയുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിൽ ആയിരുന്നു അനന്തൻ

അപ്പോൾ ഒരു നെടുവീർപ്പോടെ ആതിര, ആനന്ദന്റെ തോളിൽ പിടിച്ചു ചേർന്ന് നിന്നു

“എനിക്ക് ഇപ്പോഴാ…

അത് മുഴുമിപ്പിക്കാനാകാതെ ആതിരയുടെ കണ്ണിൽ നിന്നും സന്തോഷാശ്രുക്കൾ പൊഴിയുന്നുണ്ടായിരുന്നു

” ഇപ്പഴാടാ ചേച്ചിക്ക് സന്തോഷമായത് ”

അവന്റെ തോളിൽ പിടിച്ചു അത് പറയുമ്പോൾ ആതിരയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു

“ചേച്ചി ചില കാര്യങ്ങൾ അങ്ങിനെയും ഉണ്ട് തുറന്ന് പറയാൻ പറ്റാത്തവ… അതൊന്നും മുൻകൂറായി പറഞ്ഞുകൊണ്ട് ജീവിക്കാനോ മറ്റുള്ളവരെ പറഞ്ഞു ധരിപ്പിക്കാനോ പറ്റില്ല ”

അനന്തൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ നിൽക്കുകയായിരുന്നു ആതിര

“അതേ ചേച്ചി ആദ്യ ദിവസം തന്നെ ഞങ്ങൾ ഒരു ഉറച്ച തീരുമാനത്തിൽ എത്തിയിരുന്നു നമുക്ക് ഒരു കുഞ്ഞ് ഉണ്ടാകുന്നെങ്കിൽ അത് ചേച്ചി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടു മാത്രമേ ആകാവുള്ളൂ എന്ന്.. ദൈവത്തിന്റെ കൃപയോടെ ഞങ്ങൾ അത് പാലിച്ചു..
എല്ലാ അർഥത്തിലും എന്റെ ചേച്ചി ചേച്ചിയായി തന്നെ നിൽക്കണം ”

അത് കേട്ട് സ്തബ്ധയായി നിൽക്കാനേ ആതിരക്ക് കഴിഞ്ഞുള്ളു

അപ്പോഴേക്കും പതിവ് പോലെ തുലാമഴ തകർത്തു പെയ്യാനുള്ള ആരവം പുറത്ത് മുഴങ്ങുന്നുണ്ടായിരുന്നു….

##