എല്ലാവരും കാണുന്ന പോലെയാണോ പെൺകുട്ടികൾ അടിവസ്ത്രം ഉണങ്ങാൻ ഇടുന്നത്? അത് മുറിയിൽ എങ്ങാനും കൊണ്ട്…

(രചന: അംബിക ശിവശങ്കരൻ)

“എന്താ മോളെ നിന്റെ ഭാവിവരനെ കുറിച്ച് നിനക്ക് എന്തെങ്കിലും ഡിമാൻഡുകൾ ഉണ്ടോ?”

വിവാഹാലോചനകൾ തകൃതിയായി വന്നു തുടങ്ങിയതോടെ അമ്മയുടെ ആങ്ങള ഹരി മാമൻ ചന്ദനയോട് ചോദിച്ചു.

“എനിക്ക് വേണ്ടി നിങ്ങൾ കണ്ടെത്തുന്ന ചെറുക്കൻ എല്ലാം കൊണ്ടും മികച്ചത് ആയിരിക്കുമെന്ന് എനിക്കറിയാം. എനിക്ക് ആകപ്പാടെ ഒരു നിർബന്ധമേ ഉള്ളൂ എനിക്ക് സ്നേഹിക്കാൻ ഒരച്ഛനെ വേണം.. മൂന്നാം വയസ്സിൽ ആ സ്നേഹം നഷ്ടമായതാണ്.. വിവാഹശേഷം എങ്കിലും അച്ഛാ എന്ന് വിളിക്കാനും എന്നെ സ്വന്തം മോളെ പോലെ ചേർത്തു പിടിക്കാനും ഒരാൾ വേണമെന്നുണ്ട് അതിനു മനസ്സുള്ള ഒരാളായിരിക്കണം എന്റെ ഭർത്താവിന്റെ അച്ഛൻ.”

അത് കേട്ട് നിന്ന അമ്മയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി.കണ്ട ഓർമ്മ പോലും ഇല്ലെങ്കിലും തന്റെ മകൾക്ക് അവളുടെ അച്ഛന്റെ അസാന്നിധ്യം എത്രത്തോളം അനുഭവപ്പെടുന്നുണ്ട് എന്ന് അവർക്ക് ആ നിമിഷം മനസ്സിലായി. ഒരുപക്ഷേ താൻ സങ്കടപ്പെടും എന്ന് കരുതിയാവണം അവളത് പ്രകടമാക്കാതിരുന്നത്.

അവളെ ചേർത്തുപിടിച്ച് അവൾ ആഗ്രഹിക്കുന്ന പോലൊരു ബന്ധം തന്നെ കണ്ടുപിടിച്ചു കൊടുക്കും എന്ന് ഹരി മാമൻ വാക്കു കൊടുത്തു. അങ്ങനെ അന്വേഷണങ്ങൾക്കൊടുവിൽ എല്ലാം കൊണ്ടും ബോധിച്ച ഒരു ബന്ധം കൈക്കുമ്പിളിൽ വന്നെത്തി.

പയ്യന്റെ പേര് കിരൺ. സിവിൽ എൻജിനീയറാണ്. വീട്ടിൽ കിരണിനെ കൂടാതെ അച്ഛനും അമ്മയും ഒരു അനിയനും ആണ് താമസം. കിരണിനോട് സംസാരിച്ചപ്പോൾ തന്നെ ചന്ദനയ്ക്ക് ഈ വിവാഹത്തോട് താല്പര്യം തോന്നി. അച്ഛനും അമ്മയും അനിയൻ വരുണുമെല്ലാം വളരെ സ്നേഹത്തോടുകൂടിയാണ് അവളോട് പെരുമാറിയത്. അത് എല്ലാവർക്കും ഒരു ആശ്വാസമായിരുന്നു.

കല്യാണദിവസം അമ്മയെ വിട്ടു മറ്റൊരു വീട്ടിലേക്ക് പറിച്ചു നടുമ്പോൾ അവൾക്ക് ചങ്ക് പിടയുന്ന വേദനയായിരുന്നു. എത്ര കടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഇറങ്ങാൻ നേരം അവളും അമ്മയും പൊട്ടിക്കരഞ്ഞു പോയി. അച്ഛൻ മരിച്ച നാൾ മുതൽ അമ്മയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയിരുന്നത് ഇനിമുതൽ അമ്മ തനിച്ചാണ് പാവം… അമ്മയെ പിരിഞ്ഞ സങ്കടം പകുതിയും മാറിയത് കിരണിന്റെ വീട്ടിലുള്ളവരുടെ സ്നേഹം കിട്ടിയപ്പോഴാണ്.

ആ വീട്ടിൽ എല്ലാവർക്കും അവളോട് സ്നേഹം ഉണ്ടായിരുന്നെങ്കിലും ഏറ്റവും അധികം അവളെ സ്നേഹിച്ചിരുന്നതും ചേർത്തുപിടിച്ചിരുന്നതും അച്ഛനായിരുന്നു. അവളുടെ കൂടെ ഇരിക്കാനും അവളുടെ വിഷമങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും ഒന്നും അയാൾ യാതൊരു മടിയും കാണിച്ചിരുന്നില്ല. ചിലപ്പോഴൊക്കെ മരിച്ചുപോയ അച്ഛന്റെ സാന്നിധ്യം തിരികെ കിട്ടിയതായി തോന്നും അവൾക്ക്. എന്നാൽ പോകേ പോകേ അച്ഛൻ തന്റെ അടുത്ത് വരുന്നതും സംസാരിക്കുന്നതും ചേർത്തുപിടിക്കുന്നതും ഒന്നും അമ്മയ്ക്ക് ഇഷ്ടപ്പെടാത്തത് പോലെ അവൾക്ക് ഫീൽ ചെയ്തു തുടങ്ങി. തങ്ങൾ സംസാരിക്കുമ്പോഴൊക്കെ അമ്മ മനഃപൂർവം അച്ഛനെ അവിടെനിന്ന് മാറ്റും. അത് അവളിൽ വല്ലാത്ത വേദനയുണ്ടാക്കി.

“കിരൺ ഏട്ടാ അച്ഛൻ എന്നോട് സംസാരിക്കുന്നത് അമ്മയ്ക്ക് ഇഷ്ടപ്പെടുന്നില്ല എന്നാണ് തോന്നുന്നത്. കുട്ടിക്കാലം മുതലേ അച്ഛന്റെ സ്നേഹം അറിയാതെ വളർന്നവളാണ് ഞാൻ. ആ ദുഃഖം വേണ്ടുവോളം എനിക്കുണ്ടായിരുന്നു. അത് കുറച്ചെങ്കിലും മാറി കിട്ടിയത് ഇവിടുത്തെ അച്ഛന്റെ സ്നേഹം അനുഭവിക്കാൻ തുടങ്ങിയപ്പോഴാണ് അമ്മയുടെ പെരുമാറ്റം കാണുമ്പോൾ അതും എനിക്ക് നഷ്ടമാകും എന്ന് പേടിയുണ്ട്.” അവൾ തേങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ കിരണിനും സങ്കടമായി.

“താൻ എന്തിനാ ചന്തു വെറുതെ എഴുതാപ്പുറം വായിക്കുന്നത്?ഇവിടെ എല്ലാവർക്കും തന്നെ വലിയ കാര്യമാണ്. ഓരോന്ന് ചിന്തിച്ചു കൂട്ടി വെറുതെ വിഷമിക്കാതെ. “അവൻ അവളെ സമാധാനിപ്പിച്ചു.

പിറ്റേന്ന് കുളികഴിഞ്ഞ് പിന്നാമ്പുറത്തെ അയയിൽ തന്റെ അടിവസ്ത്രം ഉണങ്ങാൻ ഇട്ടതും അമ്മ അവളെ ശകാരിച്ചു.

“ഇങ്ങനെ എല്ലാവരും കാണുന്ന പോലെയാണോ പെൺകുട്ടികൾ അടിവസ്ത്രം ഉണങ്ങാൻ ഇടുന്നത്? അത് മുറിയിൽ എങ്ങാനും കൊണ്ട് ചെന്നിട്.അല്ലേൽ വർക്കേരിയയുടെ സൈഡിൽ ഒരയയുണ്ട് അവിടെയിട്.” അമ്മയുടെ പ്രതികരണം കണ്ട് അവൾ ഒരു നിമിഷം അമ്പരന്നു.

” അമ്മേ ഞാനെന്നും ഇവിടെ തന്നെയല്ലേ ഇടാറ്. ഇതിവിടെ പുറകിൽ അല്ലേ ഞാൻ ഇട്ടത് ഇവിടെ ആര് കാണാനാ? മുറിയിൽ ഇട്ടാൽ വെയിൽ കൊള്ളാതെ നേരെ ഉണങ്ങില്ലലോ പിന്നെ ഇൻഫെക്ഷൻ ആകില്ലേ? ”

” നീ എന്നെ പഠിപ്പിക്കാൻ വരേണ്ട ചന്തു ഞാൻ പറയുന്നത് അനുസരിച്ചാൽ മതി. റൂമിൽ വെയിൽ ഇല്ലെങ്കിൽ വർക്ക് ഏരിയയിൽ കൊണ്ടിട് അവിടെ വെയിൽ തട്ടും ഏതായാലും ഇതിവിടെ നിന്ന് മാറ്റിയേ പറ്റൂ.. മൂന്ന് ആണുങ്ങൾ ഉള്ള വീടാണ്. ” വേറെ നിവൃത്തിയില്ലാതെ അവൾ അത് അവിടെ നിന്നും എടുത്ത് വർക്ക് ഏരിയയിൽ കൊണ്ടിട്ടു.

വൈകുന്നേരം കിരൺ വന്നപ്പോൾ അവളിക്കാര്യം പറഞ്ഞെങ്കിലും അവനും അമ്മയുടെ ഭാഗം നിന്നാണ് സംസാരിച്ചത്.

” എടോ അത് അവിടെ കിടന്നാലും നന്നായിട്ട് ഉണങ്ങിക്കോളും ഈ നിസ്സാര കാര്യമൊക്കെ ഇങ്ങനെ സീരിയസ് ആയി എടുത്താലോ..? ” അവൻ അവളെ ആശ്വസിപ്പിച്ചു. സ്നേഹത്തോടെ അവൻ ചേർത്തുപിടിച്ചതും അവളുടെ എല്ലാ പരിഭവവും മാറി.

അന്ന് രാത്രി ബെഡിൽ കിരണും ചന്ദനയും നഗ്നരായി കിടക്കുമ്പോഴാണ് ജനലരികിൽ ഒരു ആളെനക്കം പോലെ ചന്ദനയ്ക്ക് തോന്നിയത്.

“കിരൺ ഏട്ടാ അവിടെ ആരോ…”

അവൾ ജനൽ അരികിലേക്ക് ചൂണ്ടിക്കാട്ടി. അവൻ വേഗം മുണ്ട് എടുത്ത് പുറത്തേക്ക് ഓടിയെങ്കിലും ചന്ദനയ്ക്ക് വസ്ത്രം എല്ലാം ഇട്ട് പുറത്തെത്താൻ സമയമെടുത്തിരുന്നു. ഒരു കണക്കിന് എല്ലാം വാരി പെറുക്കിയിട്ട് പുറത്തെത്തുമ്പോൾ അവിടെ അമ്മയും അച്ഛനും വരുണും എല്ലാം ഉണ്ടായിരുന്നു.

” എന്താ കിരണേട്ടാ.. ആരാ അത്? ആളെ കണ്ടോ..? അവൾ വെപ്രാളത്തോടെ ചോദിച്ചു.

” അത് ഏതോ കള്ളനാ ചന്തു.. ഞങ്ങൾ പിടിക്കാൻ ചെന്നപ്പോഴേക്കും ഓടിപ്പോയി. വാ നമുക്ക് കിടക്കാം.”
ശേഷം എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി.

മുറിയിൽ വന്നു കിടക്കുമ്പോഴും അവളുടെ മനസ്സ് ആ രൂപത്തിന്റെ പുറകെ ആയിരുന്നു.

” അതൊരിക്കലും ഒരു മോഷ്ടാവ് അല്ല ആയിരുന്നെങ്കിൽ അയാൾക്ക് തങ്ങളുടെ മുറിയുടെ ജനലരികിൽ എന്ത് കാര്യം? മുറിയിൽ വെളിച്ചം ഉണ്ടെന്ന് മനസ്സിലാക്കി കിടപ്പറ രംഗം കാണാൻ തുനിഞ്ഞിറങ്ങിയ ഏതോ ഞരമ്പുരോഗി തന്നെയാണ് അത്. “അവൾ മനസ്സിൽ ഉറപ്പിച്ചു.

” താനെന്താടോ ആലോചിക്കുന്നത്? പേടിച്ചോ? ”

” ഇല്ല. “അവൾ തിരിഞ്ഞു കിടന്നു. കിരൺ ഉറങ്ങിയെങ്കിലും പക്ഷേ ചന്ദനയ്ക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ചന്ദനയുടെ വീടിനടുത്ത് അവൾ പഠിച്ച സ്കൂളിൽ തന്നെ അവൾക്ക് ടീച്ചറായി ജോലി കിട്ടി. സ്കൂൾ കുറച്ചു ദൂരെ ആയതുകൊണ്ട് തന്നെ വൈകിയാണ് ചന്ദന വീടെത്തിയിരുന്നത്.

” കിരൺ ഏട്ടാ ദിവസവും ട്രാവൽ ചെയ്തു ഞാൻ ആകെ ക്ഷീണിച്ചു. നമുക്ക് കുറച്ചുദിവസം എന്റെ വീട്ടിൽ പോയി നിന്നാലോ? എങ്കിൽ എനിക്ക് അവിടുന്ന് കുറച്ചു നടക്കാൻ അല്ലേ ഉണ്ടാകു… കിരൺ ഏട്ടനും ജോലിക്ക് പോകാൻ അവിടെ നിന്നും എളുപ്പമല്ലേ?” ഭക്ഷണം കഴിച്ച് കിടക്കും നേരം ചന്ദന ചോദിച്ചു.

“ഭാര്യയുടെ വീട്ടിലൊക്കെ വന്നു നിൽക്കുന്നത് മോശമല്ലേ ചന്തു?. നാട്ടുകാർ എന്തു വിചാരിക്കും? പിന്നെ അമ്മയും എന്തെങ്കിലുമൊക്കെ പറയും ഞാനൊരു പെൺകോന്തൻ ആണെന്ന് അമ്മ കരുതില്ലേ…?അവൻ തമാശ രൂപേയാണ് പറഞ്ഞത്.

“എന്തുപറഞ്ഞാലും ഉണ്ട് ഒരമ്മ അമ്മ അമ്മ..എങ്കിൽ പിന്നെ മോൻ പോയി അച്ഛന്റെയും അമ്മയുടെയും കൂടെ കിടക്ക്.”
അവൾ പിണക്കം നടിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു അന്നേരമാണ് വർക്ക് ഏരിയയിൽ കഴുകിയിട്ട തുണികൾ എടുക്കാൻ മറന്നു എന്ന് ഓർത്തത്.അവൾ വേഗം എഴുന്നേറ്റ് അടുക്കളയുടെ ഭാഗത്തേക്ക് നടന്നു.

അടുക്കളയുടെ ഡോറും വർക്ക് ഏരിയയുടെ ഡോറും എല്ലാം തുറന്നു കിടന്നപ്പോൾ തന്നെ അവൾക്കൊരു പന്തികേട് തോന്നി. അപ്പോഴാണ് തുണികൾ ഇട്ടിടത്ത് ആരോ നിന്ന് തിരിയുന്നത് പോലെ തോന്നിയത്.ഒരു നിമിഷം ഭയന്നെങ്കിലും അവൾ മറഞ്ഞുനിന്ന് അയാളെ നോക്കി. രൂപം വ്യക്തമല്ലെങ്കിലും തന്റെ അടിവസ്ത്രങ്ങൾ മണത്തു നോക്കുകയും നിർവൃതി അടയുകയും ചെയ്യുകയാണ് അയാൾ എന്ന് മനസ്സിലായി. അവൾക്ക് കലി ഇരച്ചു കയറി.ശബ്ദമുണ്ടാക്കാതെ മുളകുപൊടി പാത്രത്തിൽ ഉണ്ടായ മുഴുവൻ മുളകുപൊടിയും ഒരു പാത്രത്തിലെ വെള്ളത്തിലേക്ക് കൊട്ടി ഇഴഞ്ഞ് ഇഴഞ്ഞ് അയാൾക്ക് പിന്നിൽ ചെന്ന് ആ വെള്ളം അയാളുടെ മുഖത്തേക്ക് വീശി എറിഞ്ഞു.. മുളക് പൊടി വെള്ളം മുഴുവൻ കണ്ണിലും മുഖത്തും എല്ലാം വീണതും അയാൾ നില വിളിച്ചു കരഞ്ഞു. അന്നേരം അവൾ ലൈറ്റ് ഇട്ടതും അവളുടെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

” അച്ഛൻ!. ”
താൻ സ്വന്തം അച്ഛനെപ്പോലെ കണ്ടതും സ്നേഹിച്ചതുമായ മനുഷ്യൻ!.

അവൾ ഒരു നിമിഷം ഇല്ലാതെയായി. അപ്പോഴേക്കും ശബ്ദം കേട്ട് അമ്മയും വരുണും കിരണമെല്ലാം ഓടി എത്തിയിരുന്നു. താഴെക്കിടന്ന് പിടയുന്ന അയാളെയും അതിന് കാരണക്കാരിയായ ചന്തുവിനെയും കണ്ടതും എല്ലാവരും ഒരുപോലെ ഞെട്ടി.

” എന്താ ചന്തു എന്താ ഉണ്ടായത്? ” കിരൺ ഓടിവന്ന് അവളോട് ചോദിച്ചു. അവൾ ഉണ്ടായതെല്ലാം വിശദീകരിച്ചു പറഞ്ഞു. അവൾ പറഞ്ഞതെല്ലാം കേട്ട് അമ്മ പൊട്ടിക്കരഞ്ഞു വരുൺ തലകുനിച്ചു നിന്നു. കിരൺ ചന്തുവിനെ നിർബന്ധപൂർവ്വം മുറിയിലേക്ക് കൊണ്ടു പോയി.

” എന്താണ് ഇനി കിരൺ ഏട്ടന് പറയുവാനുള്ളത്.? “. അവൾ കലിയടങ്ങാതെ ചോദിച്ചു.

” ചന്തു താൻ പ്രശ്നമൊന്നും ഉണ്ടാക്കരുത്. അച്ഛൻ തെറ്റ് ചെയ്തതിന് ഞാൻ മാപ്പ് ചോദിക്കുന്നു. ” അവളുടെ മുഖത്ത് നോക്കാതെ അവൻ പറഞ്ഞു.

” അച്ഛന്റെ ഈ സ്വഭാവത്തെക്കുറിച്ച് നിങ്ങൾക്ക് മുന്നേ അറിയുമായിരുന്നോ? ” അവളുടെ ചോദ്യത്തിന് അവൻ മൗനം പാലിച്ചു എങ്കിലും അവൾ ചോദ്യം ആവർത്തിച്ചു.

” പറ കിരൺ ഏട്ടാ… ശബ്ദം ഉയർന്നു.

” അറിയാം.. കുറെ ട്രീറ്റ്മെന്റ് ഒക്കെ ചെയ്തു നോക്കി പക്ഷേ ഒന്നും ശരിയായില്ല. അച്ഛന്റെ ഈ സ്വഭാവം അറിയാവുന്നതുകൊണ്ടാണ് തന്റെ അടിവസ്ത്രങ്ങൾ ഒന്നും പുറത്ത് ഇടേണ്ട എന്ന് അമ്മ കർശനം പറഞ്ഞത്. തന്നെ വഴക്ക് പറഞ്ഞതിന്റെ തലേന്നും അച്ഛൻ ഇത് ചെയ്യുന്നത് അമ്മ കണ്ടിരുന്നു. സത്യത്തിൽ ഞങ്ങൾ നീറിയാണ് ഇവിടെ കഴിയുന്നത് അച്ഛനായി പോയില്ലേ.. കൊല്ലാൻ പറ്റില്ലല്ലോ. നാട്ടുകാർ അറിഞ്ഞാൽ നാണക്കേട് വേറെയും. ”

” അപ്പോൾ അന്ന് നമ്മുടെ മുറിയുടെ ജനാലയ്ക്കരിയിൽ വന്ന് എത്തി നോക്കിയത്..? ”

” അതെ അതും അച്ഛനാണ്. ” തൊലിയൂരി പോകും കണക്കിന് അവൻ സമ്മതിച്ചു.

” അപ്പോൾ എല്ലാം എല്ലാവർക്കും അറിയാം. വിഡ്ഢിയായത് ഞാൻ മാത്രം. ഒരു പരീക്ഷണ വസ്തു ആക്കാൻ ആണോ കിരൺ ഏട്ടൻ എന്നെ വിവാഹം കഴിച്ചത്? അയാൾ എന്നെ തൊട്ടിരുന്നത് മുഴുവൻ ഒരു അച്ഛന്റെ വാത്സല്യത്തോടെ ആയിരുന്നില്ല എന്ന് എനിക്ക് ഇപ്പോഴാണ് മനസ്സിലായത്. കാമം മൂത്ത് അയാളെന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?ആ ട്രോമയിൽ പിന്നീട് ഞാൻ ജീവിക്കേണ്ടി വരുമായിരുന്നില്ലേ?എന്താ ഇതൊക്കെ കുട്ടികളി ആണെന്നാണോ വിചാരം? എന്റെ ജീവന് എന്തെങ്കിലും സംഭവിച്ചാൽ ആര് സമാധാനം പറയുമായിരുന്നു? ” അവൾ രോഷത്തോടെ ചോദിച്ചു.

” എടോ അങ്ങനെയൊന്നും… ”

” വേണ്ട… കിരൺ ഏട്ടൻ ഒന്നും പറയണ്ട. ഇനി ഞാൻ ഈ വീട്ടിൽ തുടരില്ല. നിങ്ങൾക്ക് രണ്ട് ഓപ്ഷൻ ആണുള്ളത് ഒന്നെങ്കിൽ ഡിവോഴ്സ് അല്ലെങ്കിൽ എന്റെ വീട്ടിൽ അമ്മയോടൊപ്പം നമുക്ക് ഒരു വീട് ആകുന്നത് വരെ ഒരുമിച്ച് താമസിക്കാം. ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിച്ചേ പറ്റൂ.. ” അവൾ തീർത്തു പറഞ്ഞു.

അവൻ ആകെ ധർമ്മസങ്കടത്തിലായി. പിറ്റേന്ന് രാവിലെ തന്നെ അവൾ ബാഗും സാധനങ്ങളും എടുത്ത് തന്റെ വീട്ടിലേക്ക് പുറപ്പെട്ടു. കിരണും വരുണും അമ്മയും എല്ലാം ആവുന്നത്ര പറഞ്ഞു നോക്കിയെങ്കിലും അവൾ അത് കേൾക്കാൻ തയ്യാറായില്ല.

വീട്ടിൽ വന്ന് തന്റെ അമ്മയോടും മാമനോടും കാര്യങ്ങൾ പറഞ്ഞു. മാമൻ അപ്പോൾ തന്നെ ചോദിക്കാൻ പുറപ്പെട്ടെങ്കിലും ചന്ദന തടഞ്ഞു. ഇനി ഇതേപ്പറ്റി ഒരു സംസാരം ഉണ്ടാകരുതെന്ന് അവൾ അഭ്യർത്ഥിച്ചു പറഞ്ഞു.

കിരൺ പിന്നീട് ചന്ദനയുടെ വീട്ടിലേക്ക് താമസം മാറ്റി. സ്വന്തം വീട്ടുകാരെ കാണാൻ കിരണയ്ക്കിടയ്ക്ക് അങ്ങോട്ട് പോകാറുണ്ടെങ്കിലും ചന്ദന പിന്നീട് ആ വീടിന്റെ പടി ചവിട്ടിയിരുന്നില്ല.

ഇടയ്ക്കൊക്കെ തനിച്ചിരിക്കുമ്പോൾ കഴിഞ്ഞതോർത്ത് അവൾക്ക് സങ്കടം വരാറുണ്ട്. താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതൊന്ന് കിട്ടിയെന്ന സന്തോഷത്തിലായിരുന്നു ഇത്രയും നാൾ പക്ഷേ ആ സ്നേഹത്തിൽ ഇത്രയും വലിയ കളങ്കം ഉണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.. ഇന്നിപ്പോൾ ഒരു കാര്യം അവൾ തിരിച്ചറിഞ്ഞു സ്വന്തമായതിനെ പോലും വിശ്വസിക്കാൻ പറ്റാത്ത ഈ കാലത്ത് ആരെയും ഒന്നിനെയും അതിരു കടന്ന് സ്നേഹിക്കാനോ വിശ്വസിക്കാനോ പാടില്ല എന്ന സത്യം.

അംബിക ശിവശങ്കരൻ.