അച്ഛനെ ഇനി തനിക്ക് നോക്കാൻ കഴിയില്ല എന്ന് പറയാൻ ആയിരുന്നു രവിയുടെ അമ്മ അന്ന് രവിയെ വിളിച്ചത്…

(രചന: Sethu Madhavan)

അച്ഛനെ ഇനി തനിക്ക് നോക്കാൻ കഴിയില്ല എന്ന് പറയാൻ ആയിരുന്നു രവിയുടെ അമ്മ അന്ന് രവിയെ വിളിച്ചത്, അവധി ദിവസത്തിന്റെ ആലസ്യത്തിൽ ഹാളിലെ സോഫയിൽ കിടന്ന് ടിവി കാണുകയായിരുന്നു അയാൾ.

രവിയുടെ അച്ഛൻ അങ്ങനെ അത്രയ്ക്ക് പ്രശ്നക്കാരനോ അവശനോ ഒന്നുമായിരുന്നില്ല, പ്രായത്തിന്റെതായ അവശതകളും ചെറിയ ചില വാശികളും ഉണ്ടായിരുന്നു എങ്കിലും. അമ്മ അച്ഛനെ ഇഷ്ടപ്പെട്ടു കല്യാണം കഴിച്ചത് തന്നെയാണോ എന്ന് രവി പലപ്പോഴും ഓർത്തിട്ടുണ്ട്. ഒരിക്കൽ പോലും അമ്മയും അച്ഛനും സ്നേഹത്തോടെ, പ്രണയത്തോടെ സംസാരിക്കുന്നത് രവി കണ്ടിട്ടില്ല.

ആവശ്യത്തിന് മാത്രം പരസ്പരം സംസാരിക്കുന്ന രണ്ട് പരിചയക്കാർ എന്നതിനപ്പുറം അവർ തമ്മിൽ ഒരു ബന്ധം ഉണ്ട് എന്ന് പോലും തോന്നിയിട്ടില്ല. എന്നാൽ മറ്റുള്ളവരോട് വാ തോരാതെ സംസാരിക്കുന്നതിൽ രണ്ടുപേരും തുല്യർ ആയിരുന്നു താനും.

എന്തിനേറെ രണ്ടു പേരും തമ്മിൽ നന്നായിട്ട് ഒന്ന് വഴക്കുണ്ടാക്കുന്നത് പോലും കണ്ടിട്ടില്ലല്ലോ എന്ന് രവി ഓർത്തു, എന്തെങ്കിലും വഴക്കുണ്ടാവേണ്ട സാഹചര്യത്തിൽ പോലും അമ്മ മാറിയിരുന്നു അച്ഛനെ കുറ്റപ്പെടുത്തി സംസാരിക്കാറുണ്ടെങ്കിലും അച്ഛൻ ഒന്നും മിണ്ടാതെ തലയും കുനിച്ചിരിക്കാറായിരുന്നു പതിവ്.

ദേഷ്യം വന്നാൽ മക്കളെയും മറ്റുള്ളവരെയും ഒക്കെ നന്നായി വഴക്ക് പറയുന്ന അച്ഛൻ എന്തുകൊണ്ടാവും അമ്മയെ വഴക്ക് ഒന്നും പറയാതിരിക്കുന്നത് എന്ന് കുട്ടിക്കാലം മുതലേ രവി ആലോചിക്കാറുണ്ട്, പലപ്പോളും അമ്മയോടോ അച്ഛനോടോ ചോദിച്ചാലോ എന്ന് കരുതിയിട്ടുണ്ട്, അമ്മ വഴക്കും പറയും അച്ഛൻ പതിവ് പോലെ ചിരിച്ചു തള്ളൂകയും ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ട് അതിനു ശ്രമിച്ചിട്ടില്ല. ഇപ്പോഴും അതിനുത്തരം തനിക്ക് കിട്ടിയിട്ടില്ലല്ലോ എന്ന് രവി ഓർത്തു.

അടുത്ത വീട്ടിൽ നിന്നും ഭയങ്കരമായ ശബ്ദം കേട്ട് കൊണ്ടാണ് രവി ചിന്തയിൽ നിന്നുണർന്നത്, എഴുന്നേൽക്കണോ വേണ്ടയോ എന്ന് ഒരുനിമിഷം ആലോചിച്ചു, പിന്നെ എന്താണ് എന്നറിയാനുള്ള തികച്ചും സ്വാഭാവികമായ ആകാംഷ രവിയെ എഴുന്നേൽപ്പിച്ചു വാതിലിനു പുറത്തെത്തിച്ചു. അപ്പുറത്തെ വീട്ടിലെ ചേച്ചി എന്തിനോ വഴക്കുണ്ടാക്കുകയാണ്.

കയ്യിൽ ഒരു ചൂലും പിടിച്ചു കലി തുള്ളി നിൽക്കുകയാണ്. എന്തൊക്കെയോ പുലമ്പുന്നുമുണ്ട്. രവി ചുറ്റും നോക്കി, അപ്പുറത്തെയും ഇപ്പുറത്തെയും ഒക്കെ വീടുകളിൽ നിന്ന് ആൾക്കാർ എത്തി നോക്കുന്നുണ്ട്. ഇടപെടണോ വേണ്ടയോ എന്ന് രവി ഒന്ന് സംശയിച്ചു.

എന്താണ് കാര്യം എന്നെങ്കിലും ഒന്ന് അറിയാം എന്ന് കരുതി മുണ്ട് ഒന്നുകൂടി മുറുക്കി ഉടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആണ് പിന്നിൽ നിന്നും എവിടേക്കാണ് മനുഷ്യാ എന്ന ഭാര്യയുടെ ചോദ്യം വന്നത്. അല്ല അവിടെ എന്താ പ്രശ്നം എന്നൊന്നറിയാൻ, രവി പറഞ്ഞു നിർത്തി.

എന്തിനു, മര്യാദക്ക് ഇവിടെ കേറി ഇരുന്നോ

ഭാര്യ പറഞ്ഞുകൊണ്ട് ഇരിക്കുകയാണ്, രവി ഭാര്യയെ തന്നെ നോക്കി നിന്നു, നോക്കി നോക്കി നിൽക്കേ തന്റെ ഭാര്യയ്ക്ക് അമ്മയുടെ മുഖഛായ വരുന്നത് പോലെ അയാൾക്ക് തോന്നി, പതിയെ തല ചെരിച്ചു അയാൾ അടുത്ത വീട്ടിലേക്ക് നോക്കി, അവിടെ വഴക്കുണ്ടാക്കുന്ന സ്ത്രീയ്ക്കും അമ്മയുടെ അതെ ഛായ, മിണ്ടാതെ തലകുനിച്ചിരിക്കുന്ന ഭർത്താവിന് അച്ഛന്റെയും ഛായ, രവി ചുറ്റും നോക്കി, എല്ലാ വീടുകളിലും അയാൾ തന്റെ അമ്മയെയും അച്ഛനെയും കണ്ടു.

അയാൾ തിരിഞ്ഞ് അപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഭാര്യയെ നോക്കി, പതിയെ ചിരിച്ചു, ചിരിച്ചു കൊണ്ടയാൾ പതിയെ റോഡിലേക്ക് ഇറങ്ങി, കുട്ടിക്കാലം മുതൽ തന്നെ അലട്ടിയ ഒന്നിന് ഉത്തരം കിട്ടിയ സന്തോഷത്തിൽ അയാൾ പൊട്ടിച്ചിരിച്ചുകൊണ്ട് പതിയെ നടന്നു!!!

Sethu Madhavan