(രചന: Aiswarya Ks)
അച്ഛന്റെ ചിത കൊളുത്തിയതിനു ശേഷം ഞാൻ പോയത് അമ്മക്കരുകിലേക്കായിരുന്നു
അമ്മക് എന്ത് സംഭവിച്ചു എന്നെനിക്കറിയണമായിരുന്നു
അച്ഛന്റെ നില വഷളായി എന്ന് ഹോസ്റ്റലിലേക് ഫോൺ വന്ന നേരം കൈയിൽ കിട്ടിയതൊക്കെ പറുക്കിയെടുത്തു വീട്ടിലേക് വണ്ടി കയറുമ്പോൾ മനസ്സിൽ മുഴുവൻ അമ്മയെ കുറിച്ചുള്ള ആധി ആയിരുന്നു
അച്ഛനായിരുന്നു അമ്മയുടെ ലോകം, അച്ഛന്റെ കൂടെ അല്ലാതെ ഒരിക്കലും തനിച് അമ്മയെ കണ്ടിട്ടില്ല, അക്ഷരവും വിദ്യാഭ്യാസവുമില്ലാത്ത അമ്മ വെറും ഒരു നാട്ടിൻപുറത്തുകാരി ആയിരുന്നു, മുണ്ടും നേര്യതും മാത്രം ഉടുക്കുന്ന, നെറ്റിയിൽ നിറയെ സിന്ദൂരം ചാർത്തി, ചുരുട്ടി കെട്ടി വച്ച മുടിയുള്ള ഒരു പാവം പെണ്ണ്
അമ്മയോട് എന്ത് ചോയ്ച്ചാലും അച്ഛനോട് ചോദിക് എന്നൊരു ഉത്തരം മാത്രം, ഒരു പൊതു വേദിയിലോ, നാലാൾ കൂടുന്നിടത്തോ അമ്മയെ കാണില്ല, അത്ര മാത്രം നാണം കുണുങ്ങിയായ ഒരു പാവം അമ്മ
അതോണ്ട് തന്നെ അച്ചനായിരുന്നു എന്റെ ഹീറോ, എന്ത് പറഞ്ഞാലും എനിക്ക് വാങ്ങി തരുന്ന പറയുന്നതെല്ലാം സാധിച്ചു തരുന്ന എന്റെ ഹീറോ, സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് നൊക്കെ അച്ഛനായിരുന്നു വരിക, എന്റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്നു ചോദിച്ചാൽ അതെന്റെ അച്ഛനായിരുന്നു, വലുതാകുമ്പോൾ അച്ഛനെ പോലെ ഉള്ള ഒരാളെയെ ഞാൻ കല്യാണം കഴിക്കു എന്ന് എപ്പോഴും പറയുമായിരുന്നു
ട്രെയിൻ ഇറങ്ങിയപ്പോൾ എന്നെ കൂട്ടാനായി വന്ന വല്യച്ഛനെ കണ്ടു
അച്ഛന് എന്ത് പറ്റി എന്ന് ചോദിക്കും മുൻപേ “നിനക്ക് ഞങ്ങളുണ്ട് മോളെ ”എന്നുള്ള വല്യച്ഛന്റെ വാക്ക് മതിയാരുന്നു ഇനി എന്നെ കൂട്ടാൻ വരാൻ അച്ഛനില്ല എന്ന സത്യം മനസിലാക്കാൻ
ഉമ്മറ പാടിയിൽ വെള്ള പുതച്ചു കിടക്കുന്ന അച്ഛനെ കണ്ടു ഞാൻ വാ വിട്ടു കരഞ്ഞു, പുറത്തു എവിടെ പോയാലും തിരികെയെത്തുമ്പോൾ ഞാൻ ആദ്യം അണയുന്നത് അച്ഛന്റെ മാറിലേക്കായിരുന്നു, ജീവിതത്തിൻ ആദ്യമായി ഇന്ന് ഞാൻ ഓടിയത് അമ്മക്കരുകിലേക്കായിരുന്നു, നമ്മുക്കിനി ആരുണ്ടമ്മ എന്ന് ചോദിച്ചു അമ്മയുടെ മാരോട് അണയുമ്പോൾ, “ഞാൻ ചത്തു പോയിട്ടില്ല നിന്റെ അച്ഛനെ പോയിട്ടുള്ളു ഞാൻ ഇപ്പോഴും ഇവിടുണ്ട് നിനക്ക് ഞാനുണ്ട് ”എന്ന് പറഞ്ഞപ്പോൾ ദൃഡത നിറഞ്ഞ സ്വരമുള്ള മറ്റൊരമ്മയെ ഞാൻ ആദ്യമായി കണ്ടു
അന്ന് ഞാൻ അമ്മയെ കരഞ്ഞു കണ്ടില്ല, അച്ഛന്റെ മരണം അമ്മക് ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്നും മനസിന്റെ സമനില തെറ്റി പോയി എന്നും ആരൊക്കെയോ അടക്കം പറയുന്നത് കേട്ടു
അച്ഛന്റെ സർവസ്വത്തും കൈയിൽ വന്നതിന്റെ അഹങ്കാരം ആണെന്ന് ചിറ്റ പറയുന്നുണ്ടായിരുന്നു, ഇന്നലെ വരെ ഉത്തമ കുടുംബിനിയും, മാതൃകാ വീട്ടമയും, കുടുംബത്തിന്റെ ഐശ്വര്യവും അഭിമാനവുമായിരുന്ന അമ്മ എങ്ങിനെ ഒറ്റ രാത്രി കൊണ്ട് വെറുക്കപെട്ടവളും, അഹങ്കാരിയുമായി മാറി?
അച്ചന്റെ കർമം ചെയ്യാൻ വല്യച്ഛന്റെ മകനെ നിയോഗിച്ചപ്പോൾ, അച്ഛന് കർമം ചെയ്യാൻ അദ്ദേഹത്തിന്റെ മകളുണ്ട് എന്ന് കാരണവന്മാരോട് പറഞ്ഞപ്പോൾ അമ്മ അഹങ്കാരിയായി മാറി, തൊടിയിലെ മാവ് മുറിക്കാം എന്ന് ഇളയച്ഛൻ പറഞ്ഞപ്പോൾ ചന്ദന മുട്ടി വച്ചാൽ മതിയെന്ന് പറഞ്ഞപ്പോൾ അമ്മ തന്റെടിയായി മാറി
അമ്മയെ കുറിച് പല കഥകളും പിറവികൊള്ളുന്നത് കേട്ട് നില്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ
ഞാൻ അമ്മയുടെ മുറിയിൽ എത്തിയപ്പോൾ അമ്മ ശാന്തമായി ഉറങ്ങുകയായിരുന്നു,
നീളൻ മുടി അഴിച്ചിട്ടു, വെള്ളയിൽ നീളപ്പൂക്കൾ ഉള്ള സാരിയുടുത്തു ഒരു അപ്സര സ്ത്രീയെ പോലെ, പറഞ്ഞുകെട്ട കഥയിലെ രാജകുമാരിയെ പോലെ തോന്നി, എങ്കിലും അച്ഛന്റെ ചിത കത്തി തീരും മുൻപേ അമ്മക് എങ്ങിനെ ഇങ്ങിനെ ശാന്തമായി ഉറങ്ങാൻ കഴിയുന്നു, പലരും പറഞ്ഞു കേട്ട കഥകൾ സത്യമെന്നു തോന്നുന്നു, നുരഞ്ഞു പൊന്തിയ ദേഷ്യത്തോടെ അമ്മയെ ഞാൻ വിളിച്ചു, അങ്ങേയേറ്റം ശാന്തതയോടെ അമ്മ എണീറ്റിരുന്നു
അമ്മയുടെ അരികോട് ചേർത്ത് എന്നെ ഇരുത്തി, എത്ര കുതറി മറുവാൻ ശ്രെമിച്ചിട്ടും എനിക്ക് കഴിഞ്ഞില്ല
അമ്മ പറഞ്ഞു തുടങ്ങി……
കോളേജിലെ ഒന്നാം റാങ്ക് കാരിയെ അനുമോദിക്കാൻ ആ നാട്ടുകാർ എത്തിച്ചേർന്നുകൊണ്ടിരിന്നു, കഷ്ടപാടുകൾക്കും ദാരിദ്ര്യത്തിനും നടുവിലും മകളെ പഠിപ്പിക്കാൻ മനസുകട്ടിയ ശ്രീധരനെയും കല്യാണിയയെയും എല്ലാവരും അഭിനന്ദിച്ചു, ആ കൂട്ടത്തിൽ രണ്ടു പേരുണ്ടായിയുന്നു ആശംശകൾക്കൊപ്പം അവർ ഒരു കാര്യം കൂടെ ആവശ്യപ്പെട്ടു, നാടിനു അഭിമാനമായ മകളെ അവരുടെ ഇളയമകന് വേളി കഴിച്ചു കൊടുക്കണമത്രേ
മൂന്ന് നേരം അന്നം കിട്ടുന്ന, നടുമുറ്റത് തുളസിതറയുള്ള നാല് കെട്ടു ഇല്ലം, അങ്ങോട്ടേക് ചെന്ന് കേറുന്നതിൽ പരം എന്താ മോളെ വേണ്ടത് ശ്രീധരനും കല്യാണിയും വേളിക്കായി മകളെ മകളെ പ്രോത്സാഹിപ്പിച്ചു, സ്വന്തം കാലിൽ നിന്നിട്ട്? ഒരു ജോലി കിട്ടിയിട്ട പോരെ വേളി? ?
അതോനിപ്പോ എന്താ കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ അല്ലെങ്കിൽ ജോലിക് പോകാമാലോ
കൂടെപ്പിറപ്പുകളുടെ ജീവിതവും, പട്ടിണിയും ഓർത്തപ്പോ ഞാനും ആ വേളിക്ക് അർദ്ധ സമ്മതം മൂളി
കെട്ടി വന്ന പെണ്ണ് സമ്പാദിച്ചിട്ടു വേണ്ടത്രേ ഇല്ലതുള്ളോർക് ജീവിക്കാൻ, കാർണോന്മാര് എന്റെ സ്വപ്നനങ്ങൾക് വിലങ്ങിട്ടു, എന്നിട്ടും ജോലിക് പോകണം എന്നുള്ള എന്റെ വാശി ,പുറത്തു ആരും അറിയാതെ ഒരു ജോലിക് ഞാൻ ശ്രെമിച്ചുകൊണ്ടിരുന്നു, സ്വന്തം കാലിൽ നിന്നാൽ വിലങ്ങുകളൊക്കെ ഊരിയെറിഞ്ഞു എങ്ങോട്ടെങ്കിലും പോകാം അച്ഛനെയെയും അമ്മേയെയും നോക്കാം എന്നുള്ളതായിരുന്നു പ്രതീക്ഷ, പക്ഷെ. …
ചെറിയമ്മയുടെ ഉപദേശം ഒരു കുഞ്ഞുണ്ടായാൽ അവൾ അടങ്ങിക്കോളും
എന്റെ അനുവാദമോ സമ്മതമോ കൂടാതെ അയാൾ അന്നെന്നെ ഉപദ്രവിച്ചു,മാര്റ്റൽ റേപ്പ് എന്നുപറഞ്ഞാൽ എന്താണ് എന്ന് മനസിലാകാനുള്ള പ്രായം ഇന്ന് നിനക്കുണ്ടല്ലോ
അവിടേം കൊണ്ടും തീർന്നില്ല, നിന്റെ അച്ഛന് എന്നെ ഉപദ്രവിക്കുന്നത് ഒരു ലഹരിയായി മാറി, ഓരോ രാത്രികളും എനിക്ക് ഭീതിയുള്ളതായി മാറി, എല്ലാം അവസാനപ്പിച്ചു ഒരു തുണ്ട് കയറിൽ ഒടുങ്ങാൻ തുടങ്ങുമ്പോഴായിരുന്നു നിന്റെ തുടിപ്പ് എന്റെ ഉളിൽ ഉണ്ടെന്നു അറിഞ്ഞത് പിന്നെ സഹനം മുഴുവൻ നിന്നെ ഓർത്തു മാത്രമായിരുന്നു
നിന്റെ ചിരിയായിരുന്നു ജീവിക്കാനുള്ള ഊർജം, ഒരിക്കൽ നിന്നെയും കൊണ്ട് ഇവിടേം വിടാൻ ഇറങ്ങിയപ്പോൾ അയാൾ തടഞ്ഞു, നിന്നെ വിട്ടു തരില്ലത്രേ, മുലപാല് കിട്ടാതെ കരയുന്ന നിന്നെ കുറിച്ച് ചിന്തിക്കാൻ വയ്യാത്തത് കൊണ്ട് തിരിച്ചു കയറാൻ തീരുമാനിച്ചപ്പോൾ അയാൾ എനിക്ക് തന്നത് ഒരു ശിക്ഷ ആയിരുന്നു ഈ ജീവിതം, നിന്നെ എൻെറ അടുക്കൽ നിന്നും അയാൾ അകറ്റി, വിദ്യാഭ്സമില്ലാത്തവളാക്കി, പകൽ നേരം ഞാൻ വെറുമൊരു വേലക്കാരി, രാത്രി നേരം അയാളുടെ കമപ്രാന്ത് തീർക്കുന്ന വെറുമൊരു ജീവനുള്ള കളിപ്പാവ, അവിടെയും എനിക്ക് ആശ്വാസം നീ എന്റെ കൺവെട്ടത് ഉണ്ടായിരുന്നു എന്നത് മാത്രമായിരുന്നു
മറ്റൊരാളോട് മിണ്ടാൻ എനിക്ക് അനുവാദമില്ലായിരുന്നു, ഒറ്റക് വെളിയിലിറങ്ങാൻ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ, ആഗ്രഹിച്ച സാരിയുടുക്കാൻ, എന്തിനു നിന്നെ പോലും ഒന്ന് കൊഞ്ചിക്കാൻ എന്നെ അയാൾ സമ്മതിച്ചിട്ടില്ല
ഇന്നെനിക് സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ്, അടിമത്വത്തിൽ മോചനം കിട്ടിയ ദിവസം ഇനിയെനിക്കൊന്നുറങ്ങണം സ്വസതമായി, സമാധാനമായി
ഇനി നിനക്ക് തീരുമാനികാം നമ്മുടെ ജീവിതം എങ്ങിനെ ആകണം എന്ന്
അമ്മ പറഞ്ഞതൊക്കെ ഒരു ഞെട്ടലോടെ മാത്രമേ കെട്ടിരിക്കാൻ കഴിഞ്ഞുള്ളു,
പുറത്തു നടക്കുന്നതൊന്നും അറിയാതെ അമ്മ പിന്നെയും ഉറക്കത്തിലേക് വഴുതി വീണു, ചുറ്റുമുള്ളവരുടെ സംശയങ്ങൾക്കും ഉഹാപോഹങ്ങൾക്കും മറുപടി കൊടുക്കാൻ ഞാൻ പുറത്തേക്കിറങ്ങി എനിക്കറിയാം നാളെ ഇവർ എന്നെയും വിളിക്കും അഹങ്കാരി എന്ന് കാരണം ഞാൻ എന്റെ അച്ചന്റെ മാത്രമല്ലലോ അമ്മയുടെയും മകളല്ലേ അഹങ്കാരിയുടെ മകൾ