കെട്ടിയാൽ ഒന്ന് അല്ല മൂന്ന് പെൺപിള്ളേരുടെ ബാദ്യത ആണ് നിന്റെ തലയിൽ വന്നു വീഴുന്നത്…,, നീ എന്ത് അറിഞ്ഞിട്ടാണ്…

(രചന: മിഴിമോഹന)

“”നീ എന്താ ഹരി ഈ പറയുന്നത് ഒരു കൈ ഇല്ലാത്ത ആ പെണ്ണിനെ തന്നെ കെട്ടണം എന്ന് നിനക്ക് എന്താ ഇത്ര നിർബന്ധം..,, കയ്യോ കാലോ ഇല്ലങ്കിലും പോട്ടേ ഇതിപ്പോ അതിനെ കെട്ടിയാൽ ഒന്ന് അല്ല മൂന്ന് പെൺപിള്ളേരുടെ ബാദ്യത ആണ് നിന്റെ തലയിൽ വന്നു വീഴുന്നത്…,, നീ എന്ത് അറിഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്…? ”

അമ്മാവൻ ഉറഞ്ഞു തുള്ളുമ്പോൾ ഹരി അമ്മയുടെ മുഖത്തേക്ക് ഒന്ന് കടുപ്പിച്ച് നോക്കി..

“നീ എന്നെ നോക്കി പേടിപ്പിക്കണ്ട ഞാൻ തന്നെ ആണ് ഏട്ടനെ വിളിച്ചു വരുത്തിയത്.., ആവത് ഇല്ലാത്ത സമയത്ത് എനിക്ക് ഇച്ചിരി വെള്ളം കൂടി അനത്തി തരാൻ ആണ് ഈ വീട്ടിലേക്ക് ഒരു മരുമോൾ വേണം എന്ന് ഞാൻ ആഗ്രഹിച്ചത്.. ഇതിപ്പോ മുട്ടിന് താഴോട്ട് വലത് കൈ ആണ് ഇല്ലാത്തത്… അതിനെ കൊണ്ട് എന്തിന് കൊള്ളാം..”

വിലാസിനി അമ്മ കത്തി കയറിയതും അത്രയും നേരം മിണ്ടാതെ നിന്നിരുന്നവന്റെ ശബ്ദം അവിടെ പൊങ്ങി..

“അമ്മേ.. ഒന്നും അറിയാത്തത് പോലെ സംസാരിക്കരുത് അമ്മ…., ദേ ഈ കാണുന്ന എന്റെ ഈ വലത് കൈ കണ്ടൊ അതിന് പകരം ആണ് മീരയുടെ വലത് കൈ പോയത്…. അതിന് പകരം കൊടുക്കാൻ എനിക്ക് എന്റെ ജീവിതവും ജീവനും മാത്രമേ ഉള്ളു…ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മീര ആയിരിക്കും എന്റെ പെണ്ണ് ആയിട്ട് ഈ വീട്ടിലേക്ക് വരാൻ പോകുന്നത്… ഞാൻ ഇത്രയും പറഞ്ഞിട്ടും അമ്മയ്ക്ക് ഇപ്പോഴും എതിർപ്പ് ആണെങ്കിൽ,, അവളെയും കൊണ്ട് ഞാൻ മറ്റൊരു വീട് എടുത്തു മാറി താമസിച്ചു കൊള്ളാം….,,ശിവ വാടാ.. ”

ഉമ്മറ പടിയിൽ ഇരുന്നു ഇത് എല്ലാം കേട്ട് ഇരിക്കുന്ന അമ്മാവന്റെ മോൻ ശിവനേയും വിളിച്ച് കൊണ്ട് ബുള്ളറ്റ് എടുത്തവൻ പോയത് അമ്പലത്തിലെ ആൽ തറയിലേക്ക് ആണ്……അവിടെ ഇരുന്നവൻ ചുറ്റുംനോക്കുമ്പോൾ ഇന്നത്തെ അവന്റ ജീവിതം പോലെ നിശബ്ദമാണ് അവിടം…. എന്നാൽ ഒരിക്കൽ അവന്റ ജീവിതവും ഈ ആൽതറയും ഒരു പോലെ പ്രക്ഷുപ്തം ആയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു..

അന്ന് ചോരതളത്തിൽ ഉത്സവപ്പറമ്പുകളിൽ മദിച്ചു നടന്ന ഹരി…,, കൊണ്ടും കൊടുത്തും.., പാർട്ടി പ്രവർത്തനങ്ങളും ആയി നടക്കുന്ന ഒരു കാലം…., ഒപ്പം നാട്ടിലുള്ള പെൺകുട്ടികളെ കമന്റ് പറഞ്ഞുമൊക്കെ ജീവിതം ആസ്വദിച്ചു നടക്കുമ്പോൾ ആ കൂട്ടത്തിൽ അവൻ മീരയെയും കണ്ടിരുന്നു….

എന്നാൽ അവളോട് അവന് പ്രണയം തോന്നിയില്ല… കാരണം ഹരിയുടെ സങ്കല്പത്തിൽ ഉള്ള ഒരു പെൺകുട്ടി ആയിരുന്നില്ല അവൾ…,, അല്പം കറുത്ത് മെലിഞ്ഞ ഒരു പെണ്ണ്…, അവളുടെ കണ്ണുകൾ പോലും അവനെ ആകർഷിച്ചിരുന്നില്ല…, പ്രാരാബ്ദങ്ങൾക്കിടയിൽ പശുവിനെ കറന്നും കോഴിമുട്ട വിറ്റും ജീവിച്ചിരിന്ന ഒരു കൊച്ചു കുടുംബം…,, അവന്റെ വീട്ടിൽ പാല് കൊടുക്കാൻ രാവിലെ വന്നുകൊണ്ടിരുന്നത്തും അവളാണ്.. എങ്കിലും ഒരു നോട്ടം കൊണ്ടു പോലും അവൻ അവളെ ശ്രദ്ധിച്ചിരുന്നില്ല..ചുരുക്കം പറഞ്ഞാൽ ശ്രദ്ധിക്കാനും മാത്രം ഒന്നുമില്ല അവൾ…

ആ കൊല്ലവും പതിവുപോലെ പൂരത്തിന് കൊടികയറി.., കഴിഞ്ഞ പൂരത്തിന്റെ ബാക്കിപത്രമായി ഈ കൊല്ലവും വെട്ടും കുത്തും നടക്കും എന്ന് അറിയാവുന്നതുകൊണ്ട് ഹരി ഉൾപ്പെടെയുള്ളവർ ജാഗ്രതയിലായിരുന്നു… പൂരത്തിന്റെ അവസാന ദിവസം എല്ലാവരും അണിഞ്ഞൊരുങ്ങി വന്നു…

നാട്ടിലെ സുന്ദരികളായ തരുണീമണികൾ കുളിച്ച് കണ്ണെഴുതി പൊട്ടും തൊട്ട് മുല്ലപ്പൂവും ചൂടി വരുമ്പോൾ അവർക്കിടയിൽ മീരയും ഉണ്ടായിരുന്നു…,, സുന്ദരികളെ വായിനോക്കി നടക്കുന്ന സമയം മീരയെ ആര് ശ്രദ്ധിക്കാനാണ്… അവൾ അവന്റെ കണ്മുൻപിൽ പോലും ഇല്ലായിരുന്നു..

എന്നാൽ ഒരു നിമിഷം കൊണ്ടാണ് പൂരത്തിന്റെ ഗതി മാറിയത്.., എവിടെ നിന്ന് ഒക്കെയോ ചീറി പാഞ്ഞു വന്ന ആളുകൾ ഹരിയെയും കൂട്ടുകാരെയും വട്ടം ചുറ്റി…

പിന്നെ അടി ആയി.. ചെറുത്തു നിൽപ്പ് ആയി… ആളുകൾ ചുറ്റും ചിതറി ഓടി… ഓട്ടത്തിനിടയിൽ കാൽ പിഴയ്ക്കുന്നവർ അടിയുടെ ഇടയിലേക്കും തെറിച്ചു വീണു.. അവർക്കും ആ നിമിഷം ആവശ്യത്തിലധികം കിട്ടി…,,

അങ്ങനെ മീരയുടെ കാലും പിഴച്ചു.. അവളും ആ ബഹളത്തിന് ഇടയിലേക്ക് തെന്നി വീണത് പെട്ടന്ന് ആയിരുന്നു… ആ നിമിഷം അവളുടെ കണ്ണുകൾ ഉടക്കിയത് ഹരിയുടെ വലത് കൈ ലക്ഷ്യമാക്കി പാഞ്ഞു വരുന്ന ഒരു വാളിൽ ആണ്….

“”ഹരിയേട്ടാ.. “”

കുഞ്ഞിലെ മുതൽ കണ്ടു പരിചയം ഉള്ള ഹരിയുടെ നേരെ പാഞ്ഞു വരുന്ന കൊടു വാളിന്റെ മുൻപിലേക്ക് ഒരു കുഞ്ഞി പെണ്ണ് ഒന്നും ആലോചിക്കാതെ ചാടി കയറിയത് നിമിഷ നേരം കൊണ്ടായിരുന്നു.. അന്ന് അവൾക്ക് 15….16 വയസ്സ് മാത്രം പ്രായം അതിന്റെ എടുത്തുചാട്ടവും ആയിരിക്കാം അവിടെ സംഭവിച്ചത്….,, അല്ലെങ്കിൽ അവളുടെ മനസ്സിന്റെ നന്മ….,,

ഹരിയുടെ വലതു കൈയ്ക്ക് പകരം അന്ന് അവിടെ അറ്റു വീണത് അവളുടെ കുഞ്ഞ് കൈയാണ്…,,, ഒരു നിമിഷം കൊണ്ട് അവിടുത്തെ ബഹളം മുഴുവൻ നിശ്ചലം ആകുമ്പോൾ ഹരി ബോധം അറ്റ് കിടക്കുന്നവളെ താങ്ങിയെടുത്തു…..,,

നിമിഷനേരം കൊണ്ട് അവർ ഹോസ്പിറ്റലിലേക്ക് എത്തുമ്പോൾ എല്ലാം കൈ വിട്ട് പോയിരുന്നു…..,, കാരണം എങ്കിലും തിരക്കിലും പെട്ട് അവളുടെ നിലത്ത് വീണ കൈ ആളുകൾ ചതച്ചരച്ചു.. ഇനി ഒരിക്കലും അത് തുന്നിച്ചേർക്കാൻ പോലും കഴിയില്ല എന്ന സത്യം അവർ അവിടെ മനസ്സിലാക്കി…

മീര ഒരു പാവപ്പെട്ട വീട്ടിലെ കുട്ടി ആയതുകൊണ്ട് അവളുടെ ടെ പ്രായം വളരെ ചെറുത് ആയിരുന്നത് കൊണ്ടും ഹരി അന്ന് അവന്റ തറവാട്ടിൽ നിന്നും കുറച്ചു പണം കൊടുത്ത് അവരെ ഒതുക്കി… അതോടെ ഹരിയും ഒതുങ്ങി… മനസിന് ഏറ്റ ആ മുറിവ് അവനെ കുറ്റബോധത്തിലേക്ക് ആഴ്ത്തിയത് കൊണ്ട് അവിടെ നിന്ന് രക്ഷപെടാൻ സ്വയം പ്രവാസ ജീവിതം തിരഞ്ഞെടുത്തവൻ….

അഞ്ച് വർഷം അവൻ നാട്ടിലേക്ക് വന്നില്ല…മീരയുടെ കാര്യങ്ങൾ പിന്നീട് അവൻ തിരക്കിയില്ല എന്നത് മറ്റൊരു സത്യവും….. അഞ്ചുവർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരികെ വന്നപ്പോഴാണ് വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചത്… അവനും എതിർത്തില്ല…

പ്രവാസികൾ നാട്ടിൽ വരുമ്പോൾ ദല്ലാൾ പുറകെ കൂടും എന്ന് പറയുന്നതുപോലെ അവന്റെ തറവാട്ടിലും വന്നു ഒരാൾ..

ഒരുപാട് ഫോട്ടോസ് കാണിക്കുന്ന കൂട്ടത്തിലാണ് അവന്റെ കണ്ണിൽ മീരയുടെ ചിത്രം തെളിഞ്ഞു വന്നത്…..,, ഒരുനിമിഷം അവന് ആ കണ്ണുകൾ തിരിച്ചറിഞ്ഞു… അഞ്ചുവർഷം അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്…. അവൾ ഏറെ സുന്ദരി ആയത് പോലെ… പക്ഷേ അതൊന്നും ആയിരുന്നില്ല അവൻ ശ്രദ്ധിച്ചത് ശൂന്യമായ അവളുടെ വലത് ഭാഗം ആയിരുന്നു..

” കുഞ്ഞേ ആ ഫോട്ടോ ഇങ്ങ് തന്നേര്… ഇത് കോലായി പുറത്തെ കുമാരന്റെ മൂത്ത പെണ്ണാ…. കുഞ്ഞിന് പറഞ്ഞാൽ അറിയും ഒരു നാലഞ്ചു കൊല്ലം മുൻപ് പൂരത്തിന് ഇടയിൽ വെട്ട് കൊണ്ട് ഈ കൊച്ചിന്റെ കൈ അറ്റ് പോയതാ….,, 18 വയസ്സായപ്പോൾ തൊട്ട് ഇതിന് കല്യാണ ആലോചിച്ചു തുടങ്ങിയത് ആണ്… കൈ ഇല്ലാത്തത് കൊണ്ട് ഒന്നും ശരി ആവുന്നില്ല…,, കൈ ഇല്ലങ്കിൽ കൊടുക്കാൻ വല്ല ദമ്പടി ഉണ്ടെങ്കിൽ അങ്ങനെ എങ്കിലും അത് നടന്നെനെ…

ഇതിപ്പോൾ സർക്കാര് അനുവദിച്ചു കൊടുത്ത ഭൂമിയിൽ നാല് ഓല വലിച്ചു കെട്ടി ആണ് അതുങ്ങൾ ജീവിക്കുന്നത്.. കാണാൻ വരുന്നവർക്ക് അത് കൂടി പിടിക്കണ്ടെ… കുമാരനാണെങ്കിൽ എന്റെ പുറകെ നടക്കുവാ മോൾക്ക് പറ്റിയ ഒരു ബന്ധം കൊണ്ടുവരാൻ എന്നും പറഞ്ഞു കൊണ്ട്…. ഇതിന്റെ തൊട്ട് ഇളയത് കല്യാണ പ്രായം ആയെ… എവിടെ നടക്കാൻ… കയ്യും കാലും സൗന്ദര്യവും ഉള്ള പെൺപിള്ളേർക്ക് തന്നെ ഇപ്പോൾ കല്യാണം നടക്കാൻ പാടാണ്… അപ്പോഴാ ഒരു കൈ ഇല്ലാത്ത കൊച്ചു…

കുഞ്ഞ് ആ ഫോട്ടോ ഇങ്ങ് താ… അത് ഇവിടെ പൊടി പിടിച്ചു ഇരുന്നോട്ടെ.. “”

ദല്ലാൾ ഹരിയുടെ കയ്യിൽ നിന്നും ആ ഫോട്ടോ പിടിച്ചു വാങ്ങുമ്പോൾ അവന്റെ രണ്ടു തുള്ളി കണ്ണുനീർ കൂടി ആ ഫോട്ടോയിലേക്ക് ഇറ്റ് വീണു കഴിഞ്ഞിരുന്നു…

“എനിക്ക്… എനിക്ക് ഈ പെൺകുട്ടിയെ മതി..”

അന്ന് അവൻ തറവാട്ടിൽ ഉറക്കെ പ്രഖ്യാപിച്ചതിന്റെ ഫലമാണ് എന്ന് അമ്മാവന്റെ വരവ്…ദല്ലൾ വഴി മീരയുടെ വീട്ടിൽ കാര്യങ്ങൾ അവൻ അവതരിപ്പിച്ചു കഴിഞ്ഞു….,, ഹരിയും തീരുമാനം എടുത്തു കഴിഞ്ഞു….

” എടാ ഹരി…,, നീ തീരുമാനിച്ചുറപ്പിച്ചുകൊണ്ട് തന്നെയാണോ നില്കുന്നത്.. ”

ആൽത്തറയിലേക്ക് ഹരിക്ക് ഒപ്പം ചാടി കയറി ഇരുന്നുകൊണ്ട് ശിവൻ ചോദിക്കുമ്പോൾ ഹരി ചിരിച്ചു..

” എന്താ സംശയം.. ഇതൊരു സിംപതിയുടെ പുറത്ത് തോന്നിയതല്ലടോ…, ഞാൻ ഇത് അന്നേ ചെയ്യേണ്ടത് ആയിരുന്നു.. പക്ഷെ.. പക്ഷെ എന്തോ അവൾ അന്ന് കൊച്ചു കുട്ടി അല്ലായിരുന്നോ… അത് കൊണ്ട് ഒക്കെ ആയിരിക്കും എന്റെ മനസ്സിലും ഇങ്ങനെ ഒരു ചിന്ത കടന്നുകൂടാഞ്ഞത്… ഇന്ന് അവൾക്ക് വിവാഹപ്രായം എത്തി… എനിക്ക് വേണ്ടി ആണ് അന്ന് അവളുടെ കൈ അറ്റ് പോയത്… അതിനു പകരം ഞാൻ അല്ലാതെ ആരാടോ അവൾക് വലം കൈ ആകേണ്ടത്..? “”

ഹരിയുടെ ചോദ്യം കേട്ട് ശിവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയുമ്പോൾ അകത്തെ കോവിലിൽ നിന്നും ദീപാരാധനയുടെ മണി നാദം പുറത്തേക്ക് വന്നു… രണ്ട് പേരും എഴുന്നേറ്റുനിന്ന് തൊഴുത് കണ്ണ് തുറക്കുമ്പോൾ ഗേറ്റ് കടന്ന് അകത്തു നിന്നും വരുന്ന മീരയും അവളുടെ രണ്ടാമത്തെ അനിയത്തി സീതയും….

ദാവണി കൊണ്ട് മൂടിപ്പുതച്ച വലത് വശം മറയ്ക്കാൻ പാടുപെട്ടുകൊണ്ട് ഹരിയെ കണ്ടതും അവൾ കണ്ണുകൾ താഴ്ത്തി…,, ആ നിമിഷം ഹരി അവളുടെ അടുത്തേക്ക് നടന്നു ചെല്ലുമ്പോൾ സീതയ്ക്ക് നാണം വന്നു.. അവൾ പതിയെ മീരയെ ഒന്ന് തട്ടി..

” ദേ മീരേച്ചി ഹരിയേട്ടൻ.. ”

ആ നിമിഷം ഒരു പിടപ്പോടെ അവൾ കണ്ണുകൾ ഉയർത്തി അവനെ നോക്കി..

” ഇത് വേണോ ഹരിയേട്ടാ.., എടുത്തു ചാടി..”

” എടുത്തുചാടി എടുത്ത് തീരുമാനമല്ല നന്നായിട്ട് ആലോചിച്ചിട്ട് തന്നെയാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.. ”

പെട്ടെന്ന് ഹരി പറയുമ്പോൾ അത് ഉൾക്കൊള്ളാൻ ആവാതെ മീര ഒരു നിമിഷം നിന്നു….

“അതേടോ..,നന്നായി ആലോചിച്ചു തന്നെ ആണ് ദല്ലാളെ അങ്ങോട്ട് വിട്ടത്..”

അവൻ പറയുന്നത് കേൾക്കുമ്പോൾ മീര ശ്വാസം ഒന്ന് എടുത്തുവിട്ടു..

“ഹ്ഹ.. ഒരു കൈ ഇല്ല എന്ന പോരായിരുന്നോ മാത്രമല്ല എനിക്ക് ഉള്ളത്.. എനിക്ക് താഴെ രണ്ട് പേര് കൂടി ഉണ്ട്… ഇവരുടെ പ്രാരബ്ധം കൂടി ഹരിയേട്ടന്റെ തലയിൽ ആകും…. പിന്നെ അത് ഒരു കണ്ണ് കടി ആകും..”

മീര പറഞ്ഞുകൊണ്ട് നിൽക്കുന്ന സമയം ഒരു വശത്ത് കടല വിൽക്കുന്ന ആളുടെ കയ്യിൽ നിന്നും ഒരു പൊതി കടലയും വാങ്ങിക്കൊണ്ട് ശിവൻ അവരുടെ അടുത്തേക്ക് വന്നു….

” അത് ഓർത്ത് പെങ്ങൾ പേടിക്കണ്ട.. ദേ ഈ കൊച്ചിന്റെ കാര്യം ഞാൻ അങ്ങ് ഏറ്റു.. ഇവളെ എനിക്ക് കെട്ടിച്ചു തന്നാൽ പിന്നെ ആ പ്രശ്നം സോൾവ് ആയില്ലേ.? ഇന്നാ കടല..”

സീതയുടെ നേരെ കടയും നീട്ടിക്കൊണ്ട് ശിവൻ പറയുമ്പോൾ സീത കണ്ണുതള്ളി നോക്കി…

“എന്താ എന്നെ ഇഷ്ടപെട്ടില്ലേ..? അത്യാവശ്യം ജീവിച്ചു പോകാനുള്ള ചുറ്റുപാടൊക്കെ എനിക്കുമുണ്ട് … പെണ്ണ് കെട്ടി അവളുടെ സ്ത്രീധനം വാങ്ങി ജീവിക്കേണ്ട ആവശ്യം ഇല്ല…,എന്റെ കൂടെ പോരുന്നെങ്കിൽ ഇന്നാ..””

വീണ്ടും കടല നീട്ടിക്കൊണ്ട് അവൻ പറയുമ്പോൾ സീതയും അവന്റെ കയ്യിൽ നിന്നും ചെറിയ നാണതോടെ ആ കടല പൊതി വാങ്ങി..

” ഇത് പോരേടോ.., നാളെ തന്നെ അമ്മയും അമ്മാവന്നും അങ്ങോട്ട് വരും… പിന്നെ രണ്ടുപേരും ഞങ്ങളുടെ തറവാട്ടിലേക്ക് പോരാൻ തയ്യാറായി ഇരുന്നോ… നിങ്ങളെ കൈ വിടാൻ അല്ല കൂടെ ചേർത്ത് പിടിക്കാൻ ആണ് ഞങൾ വന്നത്.. ”

ചെറിയ ചിരിയോടെ ഹരി പറയുമ്പോൾ പിന്നെ അതിനെ എതിർക്കാൻ തോന്നിയില്ല മീരയ്ക്കും … ചെറിയ നാണത്തോടെ രണ്ട് പേരും അവിടെ നിന്നും പോകുമ്പോൾ ബുള്ളറ്റിൽ കയറിയിരുന്ന് ഹരി പുറകോട്ട് നോക്കി..

“നീ എന്ത് ധൈര്യത്തിലാണ് ആ പെൺകുട്ടിയെ കെട്ടാം എന്ന് പറഞ്ഞത്..? അമ്മാവൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ എന്റെ കാര്യത്തിൽ തന്നെ അവിടെ ഇടം തിരിവിൽ നിൽകുവാണ് രണ്ടുപേരും..”

ഹരി പറയുമ്പോൾ ശിവൻ ഉറക്കെ ചിരിച്ചു..

” ഹഹ..,അല്ലേലും അയാൾക്കിട്ട് ഒരു പണി കൊടുക്കണം എന്ന് കുറച്ചുനാൾ ഉണ്ട് ഞാൻ വിചാരിക്കുന്നു…, എവിടെ നിന്നെങ്കിലും ഒരു ആലോചന വന്നു കഴിഞ്ഞാൽ പെണ്ണു പോരാ…സ്ത്രീധനം ഇല്ല പെണ്ണിന്റെ അമ്മയുടെ മൂക്കുത്തിയുടെ കല്ലിന്റെ വലിപ്പം പോരാ… ഇതൊക്കെ പറഞ്ഞ് അങ്ങേര് മുടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി…, അയാൾക് ഇട്ട് കൊടുക്കാൻ പറ്റിയ നല്ല പണി ആണ് ആ പോയത്…, നീ അച്ഛന്റെയും അപ്പച്ചിയുടെയും കാര്യം നോക്കണ്ട… അവരെ പറഞ്ഞു നമുക്ക് സമ്മതിപ്പികാം.. വണ്ടി എടുക്ക്…”

ശിവൻ ഹരിയുടെ പുറത്ത് തട്ടിക്കൊണ്ട് പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ അവരിൽ നിന്നും മറഞ്ഞു പോകുന്ന ആ പെൺകുട്ടികളിൽ ആയിരുന്നു….

ഇന്ന് എല്ലാവരുടെയും ആശിർവാദത്തോടെ രണ്ട് കല്യാണവും ഒരേ പന്തലിൽ വെച്ച് നടന്നു… മീരയുടെ വലതു കൈക്ക് പകരം അവളുടെ വലതുഭാഗം മുഴുവനും ഹരി ഏറ്റെടുത്തു കൊണ്ട് അവളെ ചേർത്തു നിർത്തുമ്പോൾ അന്നോളം എതിർത്ത അവന്റെ അമ്മയുടെ കണ്ണുകൾ പോലും നിറഞ്ഞു പോയി…..

“വാ മക്കളെ…,, എന്റെ മോന്റെ ജീവൻ ഒരിക്കൽ തിരിച്ചു തന്ന നീ തന്നെ ആണ് ഈ വീടിന്റെ വിളക്ക്..”

ഇരു കൈകൾ കൂട്ടി പിടിച്ചു വിളക്ക് എടുത്തു ആ തറവാട്ടിലേക്ക് അവൾക്ക് കയറാൻ കഴിയില്ല എന്ന് അറിയാവുന്നതുകൊണ്ട് ആ അമ്മ തന്നെ വിളക്കെടുത് മുമ്പിൽ നടക്കുമ്പോൾ ഒരിക്കൽ ഹരിയുടെ ജീവിതത്തിനു വെളിച്ചമേകിയവൾ വലതുകാൽ വച്ച് അവന് ഒപ്പം ആ വീട്ടിലേക്ക് കയറി….

ഇനി ഹരിയുടെ പാതി ആയി മീര എന്നും കൂടെ ഉണ്ട്…… അവരുടെ ജീവിതം ഇവിടെ തുടങ്ങുന്നു…

മിഴിമോഹന. ❤