ഗാഥ
(രചന: Uma S Narayanan)
വിയ്യൂർ ജയിലിന്റെ ഗെയിറ്റിനു പുറത്ത് ഗാഥയെയും കാത്തു നിൽക്കുകയാണ് അരുൺ..
അല്പം കഴിഞ്ഞപ്പോൾ പാറിപറക്കുന്ന മുടി ഒതുക്കി വച്ചു ഒരു പ്ലാസ്റ്റിക്ക് കവറും പിടിച്ചു ഗാഥ ഇറങ്ങി വന്നു.
അവളെ കണ്ടു അരുണൊന്നു പുഞ്ചിരിച്ചു പതിയെ അവളും ചിരിച്ചു.
“വാ പോകാമല്ലേ. ”
“പോകാം..”
അരുൺ വന്ന ഓട്ടോ അവരെ കാത്തു കിടക്കുന്നുണ്ട്. അവർ അതിൽ കയറി.
“റെയിൽവേ സ്റ്റേഷൻ ‘”
അരുൺ പറഞ്ഞു…..
തൃശ്ശൂർ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനിൽ അവർ കയറി..
ട്രെയിനിന്റ കുലുക്കത്തിനു അനുസരിച്ചു
ബർത്തിൽ അരുണിന്റെ മടിയിൽ തല വച്ചു ഒട്ടൊരു പകപ്പോടെ ചുരുണ്ടു കിടക്കുകയാണ് ഗാഥ….
ഇങ്ങനെ ഒരു യാത്ര ഒട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ ഓർമ്മകൾ തനിന്ന് എത്തിയ വഴികളിലൂടെ നീങ്ങി..
എന്ത് സന്തോഷമായിരുന്നു തന്റെ കുട്ടികാലത്തെ ജീവിതം പെട്ടന്നാണ് എല്ലാം അസ്തമിച്ചത്..അമ്മയും അച്ഛനും ഒത്തു സന്തോഷം നിറഞ്ഞ ജീവിതത്തിൽ കരിനിഴൽ വീണത്…
ലോറി ഡ്രൈവറായ രാഘവനെന്ന അച്ഛനെ പ്രണയിച്ചു ഇറങ്ങി പോന്നതാണ് തന്റെ അമ്മ ദേവിക ക്യാൻസർ വന്നു അമ്മയുടെ അകാലമരണത്തോടെ അച്ഛനാകെ മാറി പിന്നെ മദ്യപിക്കാത്ത അച്ഛനെ കാണാൻ കാണാൻ കഴിഞ്ഞിട്ടില്ല ഒരിക്കൽ ഓട്ടം കഴിഞ്ഞു വരുമ്പോൾ ഒരു സ്ത്രീ കൂടെ ഉണ്ടായിരുന്നു സരസു..
ഇനി മുതൽ അവരെ അമ്മ എന്ന് വിളിക്കാനായിരുന്നു അച്ഛന്റെ കല്പന.. അവർ വന്ന മുതൽ ആണ് തന്റെ നരകം തുടങ്ങിയത്..
പിന്നെ പിന്നെ വീട്ടിലെ ജോലികൾ തന്റെ മാത്രമായി അതിനിടയിൽ എങ്ങനെയൊക്കെയോ പഠിച്ചു ഡിഗ്രി എത്തി.. ഇളയമ്മയുടെ ഉപദ്രവം കൂടിയേ ഉള്ളു അച്ഛനിതൊന്നും അറിയുന്നുണ്ടായിരുന്നില്ല ആകെ ഉള്ള ആശ്വാസം അച്ഛന്റെ ഒപ്പം ലോറിയിൽ പോകുന്ന അപ്പച്ചിടെ മോൻ അപ്പു ആയിരുന്നു കുട്ടിക്കാലം മുതൽ ഉള്ള കൂട്ടുകെട്ട് അവന്റെ ആശ്വാസവാക്കുകളിൽ എല്ലാം മറന്നു..
അപ്പുവിനെയും ഇളയമ്മ അച്ഛനെ കുത്തിരിപ്പിച്ചു അകറ്റി. അന്നു മുതൽ താൻ തന്നെയായി….
അന്ന് കോളേജ് കഴിഞ്ഞു വരുമ്പോൾ വീട്ടിൽ ഒരാൾ കൂടി ഉണ്ടായിരുന്നു ദിവാകരൻ. അയാൾ അച്ഛന്റെ ഒപ്പം മദ്യപിക്കുന്നു ഇളയമ്മയെ കൊണ്ടു വരുമ്പോൾ കൂടെ ഉണ്ടായിരുന്നയാൾ അനിയനാണെന്നാണ് അന്ന് പറഞ്ഞത്..
ഇളയമ്മയാണ് പറഞ്ഞത് തന്നെ പെണ്ണ് കാണാൻ വന്നതെന്ന് ഇനി തന്നെ വിവാഹം കഴിക്കുന്നത് അയാളാണെന്നു…
അയാളൊരു ക്രൂരത നിറഞ്ഞ നോട്ടത്തോടെ വഷളൻ ചിരിചിരിച്ചു..
അയാളുടെ കണ്ണുകൾ തേരട്ട പോലെ ശരീരത്തിൽ ഇഴയുന്നതറിഞ്ഞു അയാളെ നോക്കാതെ അവൾ ആകെത്തേക്കു നടന്നു..
പിന്നിട് ഇടക്കിടെ ദിവാകരൻ വരാൻ തുടങ്ങി.. തനിക്കൊട്ടും കണ്ട് കൂടായിരുന്നു പക്ഷെ ഇളയമ്മയെ എതിർത്തു ഒന്നിനും കഴിയുമില്ല…ഇളയമ്മയുടെ ചെൽപ്പടിയിലായ അച്ഛനോട് പറഞ്ഞിട്ട് കാര്യവുമില്ല…
ഒരു വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോളാണ് അകത്തു ഇളയമ്മയുടെ അടക്കിപിടിച്ച സംസാരം കേട്ടത്.. അച്ഛൻ ആകും കരുതി പക്ഷെ അച്ഛന്റെ ശബ്ദമായിരുന്നില്ല.. വാതിൽ അടച്ചിട്ടിരിക്കുന്നതു കൊണ്ടു അകത്തു ആരെന്നു അറിയാനും വയ്യ പതിയെ അച്ഛന്റെ റൂമിന്റെ ജനൽ തുറന്നു അകത്തേക്ക്. നോക്കി ഇളയമ്മയും അയാളും അരുതാത്ത രീതിയിൽ.
വെറുപ്പോടെ മുഖം തിരിച്ചു.. അകത്തു അയാളുടെ ശബ്ദം ഉയർന്നുകേട്ടു.
“എടി സരസു ഞാൻ കുറച്ചായില്ലെ അവളെ കല്യാണം കഴിപ്പിച്ചു തരാൻ പറയുന്നു നിനക്കൊന്നും പറഞ്ഞ ഇപ്പോൾ കേൾക്കാൻ വയ്യ..”
“അല്ലടാ ഞാൻ നിനക്ക് തന്നെ അവളെ കെട്ടിച്ചു തരാം പിന്നെ അവളുടെ അമ്മ ഏതോ വലിയ വീട്ടിലെ ആണത്രേ ആ സ്വത്ത് ഗാഥയുടെ പേരിലാണെന്ന് രാഘവൻ പറഞ്ഞത് രാഘവന് അതൊന്നും വേണ്ടന്ന് അതു എന്റെ പേരിൽ അവളെ കൊണ്ടു എഴുതി തരണം
പിന്നെ ഈ വീടും പറ്റുമോ നിനക്ക്. ”
അച്ഛന്റെ ഒപ്പം പോന്ന തന്റെ അമ്മക്ക് സ്വത്തോ അതു പുതിയ അറിവാണല്ലോ..
അമ്മ ഒറ്റ മോളാണെന്നറിയാം അച്ഛൻ പിന്നെ അമ്മയെ സ്വന്തം വീട്ടിലേക്ക് വിട്ടിട്ടില്ലന്നും..
അകത്തു സംസാരം വീണ്ടും കേട്ടു.
“എന്ത് വേണമെങ്കിൽ തരാം എനിക്ക് അവളെ മാത്രം മതി കെട്ടി കഴിഞ്ഞു ഞാൻ കൊണ്ടു പോകും മുംബൈക്കു അവള് നല്ല ചരക്കാ..അവളെ കിട്ടിയ പിന്നെ ഞാൻ ആരാ അവൾക്കായി ഒരുപാട് പേര് കാത്തിരിക്കുന്നു പിന്നെ എനിക്കെന്തിനാ അവളുടെ സ്വത്ത് .. ”
“എന്ന നീ പോകാൻ നോക്ക് അവള് വരാൻ സമയമായി..”
ഇളയമ്മ എണീറ്റു..
തന്നെ അവിടെ കണ്ടാൽ പ്രശ്നമാകും അവർ വാതിൽ തുറക്കും മുന്നേ പടിക്കലേക്ക് ഓടി..
ഇളയമ്മ വാതിൽ തുറന്നു പുറത്ത് വന്നു കൂടെ അയാളും ഒന്നും അറിയാത്ത ഭാവത്തിൽ അവരുടെ മുന്നിലേക്ക് ക്ലാസ്സ് കഴിഞ്ഞു ചെല്ലും പോലെ കയറി ചെന്നു..
“എന്താടി നിന്റെ മുഖം കടന്നൽ കുത്തിയ പോലെ.. കുത്തി വീർപ്പിച്ചു നിക്കുന്നത് ”
തന്നെ കണ്ടു ഇളയമ്മ ചോദിച്ചു. അപ്പോഴും അയാൾ തന്നെ നോക്കി ചിരിച്ചു നിക്കുന്നു അയാളുടെ കഴുകൻ കണ്ണുകൾ കൊത്തി വലിക്കുന്നത് അറിഞ്ഞ ഭാവം നടിക്കാതെ അകത്തേക്കു നടന്നു..
“എടി വേഗം പോയി ചായ ഉണ്ടാക്കി അവനു കൊണ്ടു കൊടുക്ക്.. ”
മറുത്തു പറയാതെ ചായയുമായി വന്നു. ചായ കൊടുക്കാൻ ചെന്നപ്പോൾ ഇളയമ്മയെ അവിടെങ്ങും കാണാനില്ല കുറച്ചു ഭയത്തോടെ ചായ അയാളുടെ മുന്നിൽ വച്ചു തിരിയുമ്പോൾ. പിന്നിൽ നിന്നയാൾ വിളിച്ചു.
“എന്താ പെണ്ണെ മിണ്ടാതെ പോകുന്നെ എന്തെങ്കിലും പറ. അല്ലേലും നിന്റെ കെട്ടിയോൻ ആകാനുള്ളതല്ലേ ഞാൻ ഇവിടെ വാ.. ഇവിടെ വന്നിരിയ്ക്ക് ”
മിണ്ടാതെ റൂമിലേക്കു തന്നെ തിരിച്ചു പോന്നു… അയാൾ പിന്നാലെ വന്നത് താനറിഞ്ഞില്ല.. വാതിൽ കുറ്റിയിടുന്ന ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്
തൊട്ടു മുന്നിൽ അയാൾ..
പേടിയോടെ പിന്നിലേക്ക് നീങ്ങി..
“എന്താണ് നിങ്ങൾക് വേണ്ടത് നിങ്ങൾ എന്തിനാണ് എന്റെ റൂമിൽ വന്നത് ”
“അതെന്തു ചോദ്യമാണ് ഗാഥേ നാളെ എന്റെ കൂടി റൂമല്ലേ ഇത്.. ”
“പോകുന്നുണ്ടോ ഞാൻ ആളുകളെ വിളിച്ചു കൂട്ടും ”
“ആരെ വിളിച്ചാലും ആരും വരില്ല സരസു പോലും വരില്ല ഈ അവസരത്തിന് മനഃപൂർവം ഒഴിഞ്ഞു പോയത സരസു അല്ലെങ്കിൽ തന്നെ നാളെ കഴിഞ്ഞു നമ്മുടെ കല്യാണം ആണ് പിന്നെന്താ.. ”
“അതിനാരു നിങ്ങളെ കെട്ടും ഞാനോ ഞാനതിന് സരസു അല്ല നിങ്ങളുടെ ഇഷ്ടത്തിനൊത്തു കിടന്നു തരാൻ .”.
“അപ്പൊ നിയെല്ലാം കണ്ടു അല്ലെ എന്ന ഇനി നിന്നെ അങ്ങനെ വിടില്ല ”
പെട്ടന്ന് അയാൾ തന്റെ മേൽ കടന്നു പിടിച്ചു. കുതറിമാറി രക്ഷപ്പെടാനൊരുവഴി ചുറ്റും നോക്കി വാതിലിനടുത്തേക്ക് ചുമരോട് ചേർന്ന് നിരങ്ങി നീങ്ങി അപ്പോളാണ് ജനലിൽ ഇരിക്കുന്ന വെള്ളം നിറച്ചു മണിപ്ലാന്റ് വെച്ച അച്ഛന്റെ പഴയ മദ്യക്കുപ്പി കണ്ണിൽ ഉടക്കയത് അയാൾ അടുത്തെത്തും മുന്നേ തന്നെ കുപ്പിയെടുത്തു തലയിൽ ആഞ്ഞടിച്ചു.. രണ്ടു കൈകൊണ്ടു തല പൊത്തി അയാൾ തറയിൽ വീണു കുപ്പിചില്ല് തറച്ചു അയാളുടെ തലയിൽ രക്തം പൊട്ടിയൊഴുകി തന്റെ മുഖത്തു മുഴുവനും അയാളുടെ പച്ച ചോരയുടെ ഗന്ധം…. വീണ്ടും വീണ്ടും അയാളുടെ ശരീരത്തിൽ പൊട്ടിയ കുപ്പിചില്ല് വച്ചു ആഞ്ഞു കുത്തി അതെ തന്നെ നശിപ്പിക്കാൻ ശ്രമിച്ചവനെ താൻ കൊന്നു…
ഇളയമ്മ വന്നപ്പോൾ ചോരയിൽ കുളിച്ച തന്നെ .കണ്ടു പിന്തിരിഞ്ഞു നിലവിളിച്ചു ഓടി….
പിന്നെ സാധാരണ ആവർത്തനം പോലെ പോലീസ് സ്റ്റേഷൻ കോടതി ജയിൽ..
ജയിലിൽ വച്ചു പിന്നിടാണ് അറിഞ്ഞത് അച്ഛന്റെ ലോറി കർണാടകയിൽ വച്ചു അപകടത്തിൽ പെട്ടെന്നും അച്ഛൻ മരിച്ചു എന്നും
ഇളയമ്മ അതിനു മുന്നേ തന്നെ അച്ഛനെ ഉപേക്ഷിച്ചു പോയതും
താൻ തീർത്തു അനാഥയായി പോയെന്നും അല്ലെങ്കിൽ തന്നെ അച്ഛൻ ജീവിച്ചിരുന്നും താൻ അനാഥ ആയിപോയതല്ലേ..
വർഷങ്ങൾക്ക് ശേഷം ജയിലിൽ നിന്നിറങ്ങി ഇങ്ങനെ ഒരു യാത്ര ഉണ്ടാകുമെന്നു ഒരിക്കലും കരുതിയില്ല തന്നെ കൊണ്ടു പോകാൻ അരുൺ വരുമെന്നും..
ജയിലിൽ സീനിയർ തടവുകാരായ പെണ്ണുങ്ങളുടെ ഉപദ്രവത്തിൽ നിന്ന് വാർഡൻ അരുണാണ് രക്ഷിച്ചത്
അന്നുമുതലാണ് അരുണുമായി പരിചയമായതു തന്റെ കഥകളെല്ലാം ചോദിച്ചറിഞ്ഞു ആ പരിചയം പിന്നെ അരുണിന് തന്നോട് ആരും അറിയാത്ത ഒരിഷ്ടമായി ജയിലിൽ നിന്നും ഇറങ്ങിയ തന്നെ കൊണ്ടു പോകാൻ അരുൺ എന്ന
അരുൺഅയ്യർ.വരുമെന്ന് പറഞ്ഞിരുന്നു അമ്മ മാത്രമുള്ള പാലക്കാട് കല്പാത്തി അഗ്രഹാരത്തിലെക്കു…..
“ഗഥേ ഇറങ്ങാൻ റെഡിയായിക്കോ പാലക്കാട് സ്റ്റേഷനിൽ എത്താറായി.. ”
അവളെ അരുൺ കുലുക്കി വിളിച്ചു ചിന്തകളിൽ നിന്നുണർന്നു ഗാഥാ എണീറ്റു..
അരുണും ഗാഥയും സ്റ്റേഷനിൽ ഇറങ്ങി.. പാലക്കാട് നഗരത്തിന്റെ വിരിമാറിലൂടെ രഥോത്സവത്തിന്റെ നാടായ കല്പാത്തി അഗ്രഹാരത്തിലേക്കു ഓട്ടോ ഓടിക്കൊണ്ടിരുന്നു . വിശാലവും വൃത്തിയുമുള്ള അഗ്രഹാരത്തിന്റെ നീല പെയിന്റടിച്ച വീടിനുമുന്നിൽ ഓട്ടോ നിന്നു
അരുണിനൊപ്പം ഗാഥ ഇറങ്ങി…
.
ചുറ്റും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും വശ്യഗന്ധം..ശാന്തമായ അന്തരീഷം.. ഓരോവീടിന്റെയും മുന്നിൽ അരിപൊടി കോലങ്ങൾ..വിസ്മയത്തോടെ ഗാഥ ചുറ്റും നോക്കി….
അരുൺ കാളിംഗ് ബെല്ലിൽ വിരലമർത്തി
അകത്തു നിന്നു മനോഹര ശബ്ദത്തിൽ സരസ്വതിനാമത്തിന്റെ വരികൾ ഒഴുകി വന്നു..
“വാണീ നിന്‍ കൃപകാണീവേണമതിനാ-
യേണാങ്കബിംബാനനെ..
വീണേന്‍ ത്വല്പദ പങ്കജത്തിലടിയൻ
വാണീ മനോഹാരിണീ….”
“അമ്മേ ഞങ്ങൾ വന്നൂട്ടോ ”
“ദാ വരുന്നു മോനെ ”
ഐശ്വര്യം തുളുമ്പുന്ന മുഖവുമായി കൈയിൽ കത്തിച്ച നിലവിളക്ക് പിടിച്ചു അരുണിന്റെ അമ്മ വന്നു വാതിൽ തുറന്നു..
“ഗഥേ ഇതാണ് എന്റെ അമ്മ. അതായത് ഇനിമുതൽ നിന്റെ അമ്മായിഅമ്മ സരോജിനി അമ്മാൾ.. ”
അവൻ അമ്മയുടെ കവിളിലൊന്നു നുള്ളി..
“മോള് അകത്തേക്ക് വാ എല്ലാം എന്റെ മോൻ പറഞ്ഞിരുന്നു ഇനി മോള് ഒന്നും കൊണ്ടു വിഷമിക്കണ്ട കഴിഞ്ഞതൊക്കെ സ്വപ്നമായി കരുതുക ഇത് മോളുടെ സ്വന്തം അമ്മയാണ്.. ”
കൈയിലുള്ള നിലവിളക്ക് അവളുടെ കൈയിൽ കൊടുത്തു സരോജിനി അമ്മാൾ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു…
“അല്ലമ്മേ അമ്മക്ക് സമധാനം ആയില്ലേ ഈ വീട്ടിൽ കോലംവരയ്ക്കാൻ ഒരു പെണ്ണില്ല എന്ന പരാതി തീർന്നില്ലേ ഇനിയിപ്പോ ഇവളെ ഗാഥഅമ്മാൾ എന്ന് കൂടി വിളിക്കാം എന്നിട്ട് നാളെ മുതൽ അവളു വരക്കും കോലം.. അല്ലെ ഗാഥാ ”
അവൾ നാണത്തോടെ അവനെയൊന്നു നോക്കി..
“അതേടാ .. അരുൺഅയ്യാരും ഗാഥഅമ്മാളും നല്ല ചേർച്ച… ”
അതുകേട്ടു അരുൺ ഉറക്കെ ചിരിച്ചു..
വിധിയുടെ നിയോഗത്താൽ. ജീവിതവഴിയിൽ മുരടിച്ചു പോയ അവളുടെ മനസിൽ മുന്നോട്ടുള്ള ജീവിതത്തിലേക്ക് മഞ്ഞുതുള്ളിയായി ആ ചിരിയുടെ മാറ്റൊലി പതിഞ്ഞു….
Uma S Narayanan