(രചന: Sethu Madhavan)
അച്ഛന് വേറെ ഒരു ഭാര്യ ഉണ്ടെന്ന് ഈയടുത്താണ് ഞാൻ അറിഞ്ഞത്, ആദ്യം എനിക്ക് അത്ഭുതം ആണ് തോന്നിയത്. അച്ഛനും അമ്മയും തമ്മിൽ എന്ത് സ്നേഹമാണ്, ഇത്രയും സ്നേഹിക്കുന്ന രണ്ട് പേരിൽ ഒരാൾക്ക് മറ്റെയാളെ വഞ്ചിക്കുവാൻ എങ്ങനെയാണ് സാധിക്കുക.
അതോർത്തപ്പോൾ എനിക്ക് അതിയായ ദേഷ്യം വന്നു. അച്ഛനെയും ആ സ്ത്രീയെയും കൊല്ലാൻ ഉള്ള ദേഷ്യം. ഈ വിവരം അമ്മ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്നതായിരുന്നു പിന്നെ എന്റെ പ്രശ്നം.
അമ്മ അത്രയ്ക്ക് അച്ഛനെ സ്നേഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം, ഇതറിയുമ്പോൾ അമ്മ വല്ല കടുംകൈയും ചെയ്തേക്കുമോ എന്ന് പോലും ഞാൻ ഭയന്നു.
അമ്മയേക്കാൾ എനിക്ക് ഇഷ്ടം അച്ഛനോട് ആയിരുന്നു എങ്കിൽ കൂടെയും ഈ വിവരം അറിഞ്ഞത് മുതൽ അച്ഛനോട് എനിക്ക് ദേഷ്യം ആയിരുന്നു. അതുകൊണ്ട് തന്നെ അമ്മ ഈ വിവരം അറിയേണ്ടത് ആവശ്യം ആണെന്നും എനിക്ക് തോന്നി, അങ്ങനെയാണ് ഞാൻ ഈ വിവരം അമ്മയെ അറിയിക്കാൻ തുനിഞ്ഞത്.
പക്ഷെ ഞാൻ പ്രതീക്ഷിച്ച ഭാവഭേദങ്ങൾ ഒന്നും അമ്മയിൽ കണ്ടില്ല, എന്തോ ഒരു സാധാരണ കാര്യം പോലെ അമ്മ കേട്ടുകൊണ്ടിരുന്നു, പിന്നെ ചെയ്തുകൊണ്ടിരുന്ന ജോലി തുടരാനും. അതെനിക്ക് പിന്നെയും അത്ഭുതമായി.
പ്രാണനെ പോലെ സ്നേഹിക്കുന്ന ഒരാൾ വഞ്ചിക്കുന്നു എന്നറിഞ്ഞിട്ടും അമ്മ എന്താണ് ഒന്നും പറയാത്തത്, അമ്മയ്ക്കിത് നേരത്തെ അറിയാമായിരുന്നോ എന്ന് ഞാൻ ചോദിച്ചു. അപ്പോഴാണ്, ആരും പറഞ്ഞല്ല എങ്കിലും അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് അമ്മ പറഞ്ഞത്, ആ സ്ത്രീ ഇപ്പോൾ അച്ഛന്റെ കൂടെ ഇല്ല എന്നും അമ്മ പറഞ്ഞു. അച്ഛന് വേറെ ഒരു ഭാര്യ ഉണ്ട് എന്നല്ല, ഉണ്ടായിരുന്നു എന്ന് പറയണം എന്ന്. എന്തോ കാരണത്താൽ അവർ അച്ഛനെ വിട്ട് പോയതാണത്രേ.
ഏതായാലും നന്നായി, ആ നശിച്ച സ്ത്രീ പോയല്ലോ
എനിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്. അപ്പോഴും അമ്മ എന്നെ വഴക്ക് പറഞ്ഞു. അച്ഛനെ സ്നേഹിച്ചു എന്ന് മാത്രമല്ലെ അവർ ചെയ്തുള്ളു, എന്റെയോ നിന്റെയോ ജീവിതത്തിലേക്ക് അവർ ഒരിക്കലും വന്നില്ലല്ലോ, പിന്നെ എങ്ങനെയാണ് അവർ ചെയ്തത് തെറ്റാകുന്നത് എന്ന് അമ്മ ചോദിച്ചു, ഇനി തെറ്റാണെങ്കിൽ തന്നെയും, നമ്മളെ മറന്ന അച്ഛൻ അല്ലെ തെറ്റ് ചെയ്തത് എന്ന് കൂടി അമ്മ ചോദിച്ചു.
എന്നാലും അച്ഛനെ അവർ വശികരിക്കുക ആയിരുന്നിരിക്കില്ലേ, അവർ ഒരു ചീത്ത സ്ത്രീ ആയത് കൊണ്ടാവില്ലേ എന്നാണ് ഞാൻ അമ്മയോട് ചോദിച്ചത്,
അങ്ങനെയായിരുന്നെങ്കിൽ അച്ഛൻ ഇപ്പോളും നമ്മുടെ കൂടെ കാണില്ലായിരുന്നല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി.
എത്രയായാലും എനിക്കവരെ ഇഷ്ടമില്ല, വെറുപ്പ് ആണെന്ന് ഞാൻ പറഞ്ഞു.
അമ്മ കുറെ നേരം ഒന്നും മിണ്ടിയില്ല, പിന്നെ പതിയെ പറഞ്ഞു.
എന്നെക്കാൾ, നിന്നെക്കാൾ, നമ്മളെക്കാൾ അച്ഛനെ സ്നേഹിച്ച ആളായിരുന്നു ആ സ്ത്രീ. അച്ഛനെ സ്നേഹിച്ചു പോയ ഒറ്റക്കാരണത്താൽ ജീവിതത്തിൽ ഒറ്റയ്ക്കായിപ്പോയൊരാൾ. സ്വന്തം എന്ന് പറയാൻ ഒരു കുഞ്ഞു പോലും ഇല്ലാതെ, ഒറ്റപ്പെട്ടു പോയൊരാൾ. എല്ലാത്തിലുമുപരി അച്ഛൻ ഒരുപാട് സ്നേഹിച്ച ഒരാൾ, അച്ഛൻ അത്രയ്ക്കു സ്നേഹിച്ചിട്ടുണ്ടെങ്കിൽ അവർ എത്ര നല്ലത് ആയിരിക്കും. എന്നിട്ടും അവരോട് നീതി കാണിക്കാതിരുന്നത് അച്ഛൻ ആയിരുന്നു.
അമ്മയുടെ കണ്ണ് നിറയുന്നത് എനിക്ക് കാണാമായിരുന്നു, അച്ഛനാണോ അവരാണോ അതോ ഇനി ഞങ്ങളാണോ തെറ്റുകാർ എന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. പക്ഷെ അപ്പൊൾ എനിക്ക് അച്ഛന്റെ ആ ഭാര്യയെ ഒന്ന് കാണണം എന്ന് തോന്നിയിരുന്നു, അമ്മേ എന്ന് അവരെ ഒന്ന് വിളിക്കാനും!
Sethu Madhavan