അനുമോളും മാലാഖയും
(രചന: Vijay Lalitwilloli Sathya)
അനു മോൾ ഉണർന്നു..
നേരം പാതിര ആയെന്ന് തോന്നുന്നു. അനു മോൾ തൊട്ടിലിലാണ് ഉള്ളത്.. കണ്ണുതുറന്നു ചുറ്റിലും ഒന്നു നോക്കി..ഒരു കുഞ്ഞു പ്രകാശം മുകളിൽ കാണുന്നുണ്ട്…സീറോ ബൾബ് എന്നാ അമ്മ അതിനെ പറയണേ.. പിന്നെ ദിവസവും വോറൊരു കുന്ത്രാണ്ടം മുകളിൽനിന്ന് കറങ്ങിക്കൊണ്ടിരിക്കുന്നു ! അത് ഫാൻ ആണത്രേ….അനുമോളെ കടിക്കുന്ന കൊതുകിനെ അതിന്റെ കാറ്റ് ഓടിക്കുന്നു.
ചിലപ്പോൾ കുളിരും തരും അത് അനുമോൾക്ക്….അവളാ ഫാനിനെ നോക്കി മോണ കാട്ടി ചിരിച്ചു. തലതിരിച്ച് അച്ഛനും അമ്മയും ഉറങ്ങുന്ന കട്ടിലിലേക്ക് നോക്കി.
നല്ല ഉറക്കം. വിശക്കുന്നു അവൾക്ക്.’ അമ്മേ’ എന്ന് വിളിച്ചു. കേട്ടില്ല. അമ്മ നല്ല ഉറക്കത്തിലാണ്. അവൾക്കു മനസ്സിലായി.
പിന്നെ സങ്കടമായി ചുണ്ടു കോട്ടി കരയാൻ ശ്രമിച്ചു. കരച്ചിൽ ഒന്നും പുറത്ത് വരുന്നില്ല. എന്തൊക്കെയോ പറയാൻ ശ്രമിച്ചു. വാക്കുകൾ ഒന്നും കറക്റ്റ് ആയില്ല.
സുഖമായി ഉറങ്ങുന്ന രണ്ടാളും അത് കേൾക്കുന്നില്ല. കുറെ നേരംവിരൽ കുടിച്ചു നോക്കി. ഒന്നും ലഭിക്കുന്നില്ല. ശേഷം കാലിനെയും വിരൽ രണ്ട് കയ്യും ചേർത്തു പിടിച്ച് കുടിച്ചു നോക്കി..! ഒരു രക്ഷയുംഇല്ല!
സങ്കടംകൊണ്ട് വീണ്ടും ചുണ്ട് കോട്ടി.ഇത്തിരിനേരം കളിപ്പാട്ടകാഴ്ചകൾ ഒക്കെ നോക്കിയിരുന്നു…വിശപ്പ് കൂടുകയാണ് ഉറക്കംവരുന്നില്ല.
“കരയാണ്ട് ഒന്നും ലഭിക്കില്ലേ?”
അവൾക്ക് സംശയമായി. അവളുടെ ആദ്യത്തെ സംശയം കേട്ടു..
“ഇല്ല കരഞ്ഞാലേ… ലഭിക്കൂ ”
അതാരാ അവൾ നോക്കിയപ്പോൾ ഒരു മാലാഖ പുഞ്ചിരിച്ചു നിൽക്കുന്നു…
“അനുമോളെ നീ കരയൂ അപ്പോൾ മാത്രമേ നിന്റെ അമ്മ ഉണർന്നു പാല് തരുള്ളൂ..”
” ഇല്ല ഞാൻ കരയില്ല”
അനുമോൾ മാലാഖയെ നോക്കി പറഞ്ഞു.
“നീ ഒരു വയസ്സുള്ള കുഞ്ഞാണ്. വലിയ തീരുമാനമെടുക്കാൻ ആയിട്ടില്ല ”
മാലാഖ പറഞ്ഞു.
“കരയുന്നത് മോശമല്ലേ?”
” അല്ല…. ഈ പ്രായത്തിൽ ഒരു രക്ഷാമാർഗ്ഗം ആണ് കരച്ചിൽ..പ്രസവിച്ചു വീണയുടനെ ഉള്ള കരച്ചിൽ കാരണമാണ് ഈ ഭൂമിയിലെ പ്രാണവായുവിനെ ആദ്യം ഉള്ളിലേക്ക് എടുക്കുന്നത് കൂടാതെ സ്നേഹം അനുകമ്പ എന്നിവ ലഭിക്കാനും അഹങ്കാരം പാപം കഴുകിക്കളയാനും. മാനസിക സംഘർഷം എന്നിവ കുറക്കാനും കരച്ചിലും കണ്ണീരും ഉത്തമമാണ്.”
” എന്ത് പറഞ്ഞാലും ഞാൻ കരയില്ല”
അനുമോളുറപ്പിച്ചു പറഞ്ഞു..
“നീ കരയണ്ട! അവിടെ കിടന്നോ”
എന്നുപറഞ്ഞു..
മാലാഖ മറഞ്ഞു.
അനുമോൾ പതുക്കെ തൊട്ടിലിൽ നിന്ന് എണീറ്റ് ഇരുന്നു..
തൊട്ടിലിന്റെ അഴി
പിടിച്ച് ആട്ടി….അതിന്റെ ശബ്ദത്തിൽ അമ്മ ഉറക്കമുണർന്നാലോ…എവിടെ! പോത്തുപോലെ ഉറങ്ങുകയാണ് രണ്ടുപേരും….!
അവൾ പതുക്കെ എണീറ്റു നിൽക്കാൻ ശ്രമിച്ചു. തൊട്ടിൽ അങ്ങോട്ടോ ഇങ്ങോട്ടോ ആടുന്നുണ്ട്!
എങ്കിലും അവൾ അതിന്റെ സൈഡിൽ പിടിച്ചു ബലത്തോടെ നിൽക്കാൻ ശ്രമിച്ചു…കാല് രണ്ടിനും ബലം കൊടുത്തു എണീറ്റപ്പോൾ അഴിയിൽ നിന്നും കൈ വിട്ടു…ശക്തിയിൽ പുറത്തേക്ക് വീഴാൻ പോയി.
അവളുടെ കുസൃതികൾ കണ്ടുകൊണ്ട് ഉണ്ടായിരുന്ന മാലാഖ താങ്ങി തൊട്ടിലിൽ അകത്തു തന്നെ വീഴിച്ചു..വീഴ്ചയിൽ അവൾ ഭയന്നു പോയിരുന്നു…അവൾ വാവിട്ടു കരഞ്ഞു !
അതുകേട്ട് അനുമോളുടെ അമ്മയും ഉണർന്നു.
കരയുന്ന കുഞ്ഞിനെ വാരിയെടുത്ത്, ‘അച്ചോടാ എന്റെ മോൾക്ക് വിശന്നോ അമ്മ മാമ് തരാട്ടോ” എന്ന്പറഞ്ഞു അമ്മിഞ്ഞപ്പാൽ നൽകി
മാമ് കുടിക്കുന്ന അനുമോൾ കടകണ്ണുകൊണ്ട് കൊണ്ട് മാലാഖയെ നോക്കി…..
അവിടെ ഇരുന്ന് മാലാഖ അനു മോളോട് ചോദിച്ചു . “കരയാതെ മാമ് കുടിക്കാൻ ശ്രമിച്ചിട്ട് ഇപ്പോൾ എന്തായി”.
അതുകേട്ട് അനുമോൾ പുഞ്ചിരിച്ചു.