എന്തോ ബോധോദയമുണ്ടായതുപോലെ അടുക്കളയിൽ നിന്നും നേരിട്ടുള്ള വരവാണ്, കയ്യിൽ തരക്കേടില്ലാത്ത ഒരു കൊച്ചു..

ഓണം ഓഫർ
(രചന: രാജീവ് രാധാകൃഷ്ണ പണിക്കർ)

“ഇക്കൊല്ലം എന്റെ വീട്ടുകാർക്ക് ഓണക്കോടി എടുക്കുന്നില്ലേ. ഇന്ന് മൂലമായി”

മൂലത്തിന്റന്ന് ഉച്ചക്ക് മുറിയുടെ മൂലക്കിരുന്ന് കൊറോണപിടിച്ച് പരലോകം പൂകിയ ഏതെങ്കിലും ആത്മാക്കളുടെ പേരും പറഞ്ഞ് ഓണാഘോഷത്തിനും ഓണക്കോടിക്കും വേണ്ടി ചിലവാക്കുന്ന തുക

എങ്ങിനെ വകമാറ്റി ചിലവഴിക്കാം എന്ന് ചിന്തിക്കുമ്പോഴാണ് ചങ്കിൽ കുത്തുന്ന ചോദ്യവുമായി പ്രിയതമയുടെ രംഗപ്രവേശം.

എന്തോ ബോധോദയമുണ്ടായതുപോലെ അടുക്കളയിൽ നിന്നും നേരിട്ടുള്ള വരവാണ്.കയ്യിൽ തരക്കേടില്ലാത്ത ഒരു കൊച്ചു പിച്ചാത്തിയുമുണ്ട്.

കത്തി കണ്ട് മനസ്സൊന്നു പതറിയെങ്കിലും നേരത്തെ കരുതി വച്ചിരുന്ന റെഡിമെയ്ഡ് ഉത്തരം വൃത്തിയായിട്ടൊന്നു കാച്ചി.

“നുമ്മടെ ഗിരിജക്കുഞ്ഞമ്മേടെ മോളുടെ ഭർത്താവിന്റെ അമ്മാവൻ മരിച്ചിട്ട് ആറു മാസോല്ലേ ആയുള്ളു.

നമ്മള് ഓണക്കോടിയൊക്കെ വാങ്ങി ആഘോഷിക്കുന്നത് ശരിയാണോ”

ഊടായ്പ്പു ചോദ്യത്തിലൂടെ ഓൾടെ ചോദ്യത്തെ പ്രതിരോധിക്കുവാൻ ശ്രമിച്ചുവെങ്കിലും മറുപടി ഹൃദയഭേദകമായിരുന്നു.

“അതിന് എന്റെ കുഞ്ഞമ്മേടെ മോളുടെ ബന്ധുക്കാരൻ മരിച്ചതിന് അവർക്കില്ലാത്ത വിഷമം നിങ്ങൾക്കെന്തിനാ” എന്നെ രൂക്ഷമായൊന്ന് വീക്ഷിച്ച് അവൾ ചവിട്ടിത്തുള്ളി അടുക്കളയിലേക്കു പോയി.

അപ്പൊ ഇനി ഒഴിഞ്ഞു മാറാൻ പറ്റില്ല.

ചെറിയ മാരകായുധം കാട്ടിക്കൊണ്ടുള്ള സാമ്പിൾ വെടിക്കെട്ടാണ് കണ്ടത്.എപ്പോൾ വേണമെങ്കിലും ഒറിജിനൽ പ്രതീക്ഷിക്കാം. മുൻകാല അനുഭവങ്ങൾ നേർസാക്ഷ്യം.

എന്തായാലുംനല്ലൊരു തുക പൊടിപൊടിക്കേണ്ടിവരും.

ബോണസിന്റെ പകുതി കൊറോണ കൊണ്ടുപോയത് ജൗളിക്കടക്കാർക്ക് അറിയേണ്ടല്ലോ.

‘എവിടെയെങ്കിലും വല്ല ഓഫറുമുണ്ടോ’

ഒരു ശരാശരി മലയാളിയുടെ കൗതുകത്തോടെ രാവിലെ മുതൽ സിറ്റൗട്ടിൽ അനാഥമായി കിടക്കുന്ന പൊങ്ങച്ചത്തിനു വേണ്ടി മാത്രം വരുത്തുന്ന മാരമ പത്രത്തിന്റെ മുൻപേജിലൂടെ കണ്ണോടിച്ചു.

ഊഹം തെറ്റിയില്ല.എല്ലാത്തിനും അൻപത് മുതൽ എഴുപത്തഞ്ചു ശതമാനം വരെ ഡിസ്‌കൗണ്ട് എന്ന വാചകവുമായി തുണിക്കടക്കാരുടെ പരസ്യങ്ങൾ ഉണ്ട്.

എന്നാ പിന്നെ ഇതൊക്കെ വെറുതെ കൊടത്തുകൂടെ എന്ന നിഷ്കളങ്കമായ ചിന്തയുമായി ഭാര്യയെ സമീപിച്ചു.

“അവിടന്നൊക്കെ തുണിയെടുത്താലേ ഒരലക്കിന് നിക്കൂല്ല.നുമ്മക്ക്‌ മാളിൽ പോകാം.മൂവായിരം രൂപക്ക് തുണിയെടുത്താൽ അഞ്ഞൂറു രൂപയുടെ മൂന്ന് കൂപ്പൺ ഫ്രീ.

അയ്യായിരം രൂപയ്ക്കു തുണിയെടുത്താൽ അഞ്ചു കൂപ്പൺ ഫ്രീ.പതിനായിരം രൂപയ്ക്കു തുണിയെടുത്താൽ പത്തു കൂപ്പൺ ഫ്രീ.പോരാത്തത്തിന് ഒരു ഉറപ്പായ സമ്മാനവും ”

ഒരു പരസ്യക്കാരിയുടെ ചാതുര്യത്തോടെ അവൾ പറഞ്ഞു.

ആലോചിച്ചപ്പോൾ നല്ല കാര്യമാണ്.അയ്യായിരം രൂപക്ക് തുണി വാങ്ങിയാൽ രണ്ടായിരത്തഞ്ഞൂറു രൂപയെ ആകൂ. ബാക്കി കൂപ്പണിൽ തീരും.

എന്നാ പിന്നെ വൈകിക്കേണ്ടെന്നു വച്ചു.

ഊബർ ഒരെണ്ണം ബുക്ക്‌ ചെയ്തു.

വല്യേ മാളൊക്കെയല്ലേ ഗമയോട്ടും കുറക്കേണ്ടെന്നു കരുതി.

മല മറിക്കാൻ പോണ ഭാവത്തോടെ കടയുടെ ഉള്ളിൽ ചെന്നു. തൃശൂർ പൂരത്തിനുള്ള തിരക്കുണ്ട്.

പിന്നങ്ങോട്ടൊരു തത്രപ്പാടായിരുന്നു.

ഓൾടെ അമ്മക്കും കുഞ്ഞമ്മക്കും, വയനാട്ടിലെ അമ്മാവനും അവരുടെ മക്കൾക്കും മരുമക്കൾക്കും കൂട്ടത്തിൽ ഓൾടെ അമ്മായി അമ്മയ്ക്കും എന്നുവേണ്ട സകലമാന ജനങ്ങൾക്കും കോടിയുമെടുത്തു

ക്യാഷ് കൗണ്ടറിലേക്ക് നടക്കുമ്പോൾ മനസ്സിൽ സന്തോഷമായിരുന്നു.

എത്ര രൂപ ആയാലും കൂപ്പണും കഴിച്ചു പകുതിയല്ലേ ആവൂള്ളു.

വല്യേ ഗമയിലങ്ങനെ ക്യാഷ് കൗണ്ടറിനു സമീപം വിരാജിക്കുമ്പോൾ കാഷ്യർ പറയാ സാറെ ഇരുപത്തി മൂവായിരത്തി നാനൂറ്റി നാല്പത്തൊൻപത് രൂപ തൊണ്ണൂറ്റി ഒൻപതു പൈസയെന്ന്.

എന്നാ പിന്നെ കൂപ്പൺ കഴിഞ്ഞു ബാക്കി പറയാൻ പറഞ്ഞപ്പോ ഒരുകെട്ട് കൂപ്പൺ കൈവെള്ളയിലേക്ക് വച്ചിട്ട് പറയാ “ഒരുമാസം കഴിഞ്ഞ് അടുത്ത പുർച്ചെസിന് വരുമ്പോ സാറിന് കൂപ്പൺ റെഡീം ചെയ്യാമെന്ന് ”

അപ്പൊ ഇപ്പൊഴോ എന്ന് ചോയ്ച്ചപ്പോൾ പറയാ ഇപ്പൊ കാശു മുഴുവൻ കൊടുക്കണമെന്ന്.

‘ചതിച്ചോ കാവിലമ്മേ ‘ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കയ്യിലിരുന്ന കാശും കാർഡുമൊക്കെക്കാട്ടി അവിടന്ന് തലയൂരുമ്പോൾ ഉറപ്പായി കിട്ടിയ സമ്മാനമായ ഗ്ലാസിന്റെ പാക്കറ്റ് ബാലൻസ് ചെയ്തു പിടിച്ചു കൊണ്ട് കെട്ട്യോൾ സന്തോഷത്തോടെ പറയാ

അടുത്ത മാസോം നുമ്മക്ക് ഇരുപതിനായിരം രൂപേടെ തുണിയെടുക്കാം.കൂപ്പൺ കഴിച്ച് ബാക്കി പതിനായിരം കൊടുത്താൽ മതിയല്ലോന്ന്.

ന്താല്ലേ ഓഫർ…

വാൽക്കഷ്ണം: അമ്മച്ചിയാണേ സത്യം കഥയാണെ കഥ മാത്രം . നുമ്മ ഈ കൊല്ലം ഓണക്കോടി വാങ്ങാൻ പോയിട്ടില്ല.