തിരിച്ച് പോകാനൊരു ഇടമില്ലാതെ അയാളുടെ എല്ലാ വൃത്തികേടുകളും സഹിച്ച് കുഞ്ഞിനേയും കൊണ്ട് ആ ദുരിത കടലിൽ…

(രചന: Anz muhammed)

എന്റെ ഷോപ്പിലെ സ്ഥിരം കസ്റ്റമർ ആയിരുന്നു ആര്യ.. തൊട്ടടുത്ത ഫ്ലാറ്റിൽ താമസം.

ജോലിയുള്ളത് കൊണ്ട് കുഞ്ഞിനെ നോക്കാൻ ഒരാളെ കിട്ടുമോ എന്ന് ഇടക്കിടക്ക് എന്നോട് ചോദിക്കും… ഒന്ന് രണ്ടുപേരെ ഞാൻ അറേഞ്ച് ചെയ്തു കൊടുത്തിരുന്നു..

പക്ഷേ മലയാളികൾ അല്ലാത്തോണ്ട് ശരിയായില്ല.. നാട്ടിൽ ഞങ്ങൾ രണ്ടാളും ഒരേ ജില്ലക്കാർ ആയത് കൊണ്ട് എന്നോടവൾക്ക് പ്രത്യേകിയിരു ഇഷ്ട മുണ്ടായിരുന്നു.

ഒരു ദിവസം ഒഫ്സിൽ പോകുന്ന വഴിക്ക് ഓടി വന്നവൾ പറഞ്ഞു… ഡാ എനിക്ക് മോനെ നോക്കാൻ ഒരാളിനെ കിട്ടി കേട്ടോന്ന്… കേട്ടപ്പോൾ എനിക്കും സന്തോഷമായി… നാട്ടിൽ നിന്നും അവളുടെ അമ്മ ആക്കി കൊടുത്തതാണ്…

അവളും മെയ്‌ഡും ഇടക്ക് ഷോപ്പിൽ വന്നിരുന്നു…ഹസ്ബന്റിന് പനി പിടിച്ചത് കൊണ്ട് ഞാൻ കുറച്ച് തിരക്കിൽ ആയതിനാൽ കാണാൻ പറ്റിയില്ല… പിന്നീടൊരുദിവസം ഞാനുള്ളപ്പോൾ അവൾ അവരേയും കൂട്ടി വന്നു.

ആ മുഖം എവിടെയോ കണ്ട് മറന്ന പോലെ.. എന്നെ കണ്ടതും അവരുടെ മുഖം വാടുന്നത് ഞാനും ശ്രദ്ധിച്ച്. ആര്യ എനിക്ക് പുള്ളിക്കാരിയെ പരിചയപെടുത്തി തന്നു… ശാരി എന്ന പേരു കേട്ടപ്പോൾ ഞാൻ ഞെട്ടി പോയി.. എനിക്ക് ആളെ മനസിലായി…

കുഞ്ഞ് ഉണർന്നു കാണുമെന്നും പറഞ്ഞ് എനിക്ക് മുഖം തരാതെ ശാരി വേഗം അവിടുന്ന് പോയി.. പിന്നെയും ആര്യ എന്തൊക്കെയോ സംസാരിച്ചു നിന്നു.

പക്ഷേ എന്റെ മനസിൽ പഴയ ശിരിയുടെ മുഖമായിരുന്നു.. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഒരുമിച്ച് പഠിച്ചതായിരുന്നു ഞങ്ങൾ..

ക്ലാസിൽ അത്യാവശ്യം നല്ല രീതിയിൽ പഠിക്കുന്ന ശാരി ഡാൻസിലും പാട്ടിലുമൊക്കെ എന്നും ഒന്നാമതായിരുന്നു.. അവളുടെ അച്ഛൻ ഗൾഫിൽ ആയിരുന്നു അന്ന്..

അച്ഛൻ അവൾക്കു വേണ്ടി കൊടുത്തയക്കുകയും കൊണ്ടുവരികയും ചെയ്തിരുന്ന ഉടുപ്പുകളും ചെരിപ്പുകളും കല്ലുവച്ച വളകളും മാലകളുമെല്ലാം കർഷകനായ അച്ഛന്റെ മകളായ ഞാൻ കൊതിയോടെ നോക്കി നിന്നിട്ടുണ്ട്..

ആദ്യമായി അവൾ അച്ഛൻ കൊണ്ടു കൊടുത്ത സ്വർണ കൊലുസ് ഇട്ടു കൊണ്ട് വന്ന് ഞങ്ങളെയൊക്കെ കാട്ടുമ്പോൾ അത്ഭുതത്തോടെ നോക്കി നിന്നു എല്ലാരും..

സാധാരണ വീട്ടിൽ നിന്നും വരുന്ന ഞങ്ങൾക്കാർക്കും സ്വർണ കൊലുസൊന്നും സ്വപ്നത്തിൽ പോലും കാണാൻ പറ്റില്ലായിരുന്നു..

അച്ഛൻ കൊണ്ട് വരുന്ന സാധനങ്ങൾ ഞങളുടെ മുന്നിൽ കൊണ്ട് വന്നു അവൾ കാണിക്കുന്ന പ്രകടനം ആയിരുന്നു ഒട്ടും സഹിക്കാൻ പറ്റാത്തത്..അമ്ബാസിഡർ കാറിലായിരുന്നു എന്നുമവൾ സ്കൂളിൽ വന്നിരുന്നത്…

ആശാരിയെ ആണിന്ന് ഞാനൊരു വീട്ടുജോലിക്കാരിയുടെ വേഷത്തിൽ കണ്ടത്…
അന്നൊക്കെ വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു അവളോട്.. ഇപ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.. രാത്രിയിൽ കിടന്നിട്ട് ഉറക്കമേ വന്നില്ല..

പിറ്റേന്ന് അവധി ദിവസം ആയതിനാൽ ഹസ്ബന്റ് വീട്ടിൽ ഉണ്ടായിരുന്നു. എന്റെ മൂഡോഫ് ഫേയ്സ് കണ്ടിട്ട് ഇടക്കിടക്ക് ആൾ എന്തു പറ്റി എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.. എന്തോ ഒന്നും പറയാൻ തോന്നിയില്ല..

ചിന്തകൾ വീണ്ടും പിറകോട്ട് പോയി.. ചെറിയ രീതിയിലുള്ള അച്ഛന്റെ കൃഷിയും അമ്മയുടെ തയ്യലും ആയിരുന്നു ഞാനും അനുജനും അനുജത്തിയും അടങ്ങുന്ന കുടുംബത്തിന്റെ വരുമാനം..

ആർഭാടമില്ലെങ്കിലും അല്ലലില്ലാതെയാണ് അവർ ഞങ്ങളെ വളർത്തിയത്.

പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ദൂരെയൊരു സ്കൂളിലേക്ക് പ്ലസ് വൺ ചേർന്നത് കൊണ്ട് പിന്നീട് ശാരിയെ കുറിച്ചൊന്നും അറിഞ്ഞിരുന്നില്ല.

സത്യം പറഞ്ഞാൽ പത്താം ക്ലാസ് വരെ പഠിച്ച ആരുമായും പിന്നീട് കൂടുതൽ ബന്ധമൊന്നും ഉണ്ടായില്ല.

പഠിത്തവും ജോലിയുമൊക്കെയായി തിരക്കിലായി.. കൂടെ ജോലി ചെയ്ത ആൾക്ക് ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞു.. പെട്ടന്നായിരുന്നു വിവാഹം..പുള്ളിക്കാരന് വിദേശത്ത് നല്ലൊരു ജോലി ശരിയായി പോയി.

കുറച്ച് നാൾ കഴിഞ്ഞ് എന്നേയും മോനേയും കൂടെ കൊണ്ട് വന്നു.ഒരു ചെറിയ ബിസിനസ് എനിക്ക് തുടങ്ങി തന്നു. ജീവിതം വലിയ കുഴപ്പമില്ലാതെ പോകുന്നു. ഇതിനിടയിൽ ശാരിയെ ഓർത്തിട്ട് കൂടിയില്ല.

പിറ്റേ ദിവസം ശാരി ഷോപ്പിലേക്ക് വന്നു. ഉണങ്ങി മെലിഞ്ഞൊരു മനുഷ്യ കോലം.. ചെറുതായി നിറഞ്ഞ കണ്ണുകളോടെയവൾ എന്നെ നോക്കി.. കഴിഞ്ഞ ദിവസം ആര്യ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഒന്നും മിണ്ടാതെ പോയത് എന്ന് പറഞ്ഞു.

എന്നോട് വിശേഷങ്ങൾ ചോദിച്ചു.. ഞാൻ ഒന്നും മിണ്ടാൻ പറ്റാതെ നിൽക്കുന്നത് കണ്ടവൾ ചോദിച്ചു.. കോടീശ്വരിയായ പഴയ ശാരി എങ്ങിനെ വീട്ടുവേലക്കാരി ആയി എന്നായിരിക്കും അല്ലേ നീ ചിന്തിക്കുന്നത്.. ഞാൻ ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു.

അവൾ പറഞ്ഞു അവളുടെ കഥ.. പ്ലസ് ടു വിനു പഠിക്കുമ്പോൾ വീട്ടിൽ വന്ന പെയിന്റ് പണിക്കാരനോട് തോന്നിയ പ്രണയം..

ഇതിനിടയിൽ അച്ഛൻ നാട്ടിൽ വന്ന് ബിസിനസ് തുടങ്ങി.. ആറു മാസത്തെ പ്രണയത്തിനൊടുവിൽ അയാളുടെ കൂടെ ഇറങ്ങി പോയി.. പോലീസ്റ്റേഷനിൽ വച്ച് വീട്ടുകാരെ വേണ്ടന്ന് വീറോടെ പറഞ്ഞപ്പോൾ വീണ് പോയത് അച്ഛൻ..

കൂടെ കൂട്ടിയവൻ മുഴുകുടിയനും പെണ്ണ് പിടിയനും ആണെന്ന് മനസിലായപ്പോഴേക്ക് വയറ്റിലൊരു കുഞ്ഞു ജീവൻ ഉടലെടുത്തിരുന്നു.

ഇതിനിടയിൽ അച്ഛന്റെ ബിസിനസ് തകർന്ന് ഉണ്ടാക്കിയതെല്ലാം നഷ്ടമായി… മകളുടെ ഇറങ്ങി പോക്കും ബിസിനസ് തകർച്ചയും അച്ഛനെ മരണത്തിൽ കൊണ്ടെത്തിച്ചു..

അമ്മയേയും അനുജനേയും അമ്മാവൻമാർ കൊണ്ടുപോയി… ഭർത്താവിന്റ അഡിയും തൊഴിയും സ്ഥിരമായി.. അയാളുടെ അമ്മ പണിക്ക് പോയാണ് വീട്ടിലെ അടുപ്പ് പുകഞ്ഞത്…

തിരിച്ച് പോകാനൊ രു ഇടമില്ലാതെ അയാളുടെ എല്ലാ വൃത്തികേടുകളും സഹിച്ച് കുഞ്ഞിനേയും കൊണ്ട് ആ ദുരിത കടലിൽ മുങ്ങി താണു.. കുഞ്ഞിന് രണ്ട് മൂന്ന് വയസായപ്പോൾ അടുത്ത വീട്ടിലൊക്കെ മോനേയും കൊണ്ട് ജോലിക്ക് പോയി തുടങ്ങി..

അപ്പോഴേക്കും അടുത്ത ഒരു കുഞ്ഞ് കൂടിയായി.. രണ്ട് കുഞ്ഞങ്ങളേയും കൊണ്ട് ദുരിതം അനുഭവിച്ചപ്പോൾ അമ്മായിയമ്മ പറഞ്ഞു എവിടെയെങ്കിലും ജോലിക്ക് പൊയ്ക്കോ കുഞ്ഞുങ്ങളെ അവർ നോക്കാമെന്ന്..

മകന്റ ഉപദ്രവത്തിൽ നിന്നും എന്നെ രക്ഷിക്കാനുള്ള വഴി കൂടിയായിരുന്നു. അങ്ങിനെ ദൂരെ ഓരോ വീട്ടിലൊക്കെ നിന്ന് പണി ചെയ്തു… ഇപ്പോൾ ഇവിടെ വരെയെത്തി..

മകൻ പ്ലസ് വൺ ആയി.. മോള് എട്ടാം ക്ലാസിലും.. അമ്മയും അനുജനും ഒരിക്കലും എന്നെ തേടി വന്നില്ല. എല്ലാം ഞാനായി വരുത്തി വച്ചത് കൊണ്ട് ഞാനും അവരെ തേടി പോയില്ല…

ഇന്നെന്റെ മകൾ എന്നോട് വന്ന് ക്ലാസിലെ കുട്ടികൾ ഇട്ടു കൊണ്ട് വരുന്ന സ്വർണത്തിന്റേയും ഡ്രസിന്റേയും കഥകൾ പറയുമ്പോൾ ഞാൻ നിങ്ങളെയെല്ലാം എത്രമാത്രം വിഷമിപിച്ചു എന്ന് തോന്നിയിട്ടുണ്ട്..
പതിയെ ശാരി എന്റെ എന്റെ കൈകൾ ചേർത്ത് പിടിച്ചു..

ഞാനവളെ കെട്ടിപിടിച്ചു… പാവം പക്വത ഇല്ലാത്ത പ്രായത്തിൽ കാണിച്ച എടുത്തു ചാട്ടത്തിൽ എല്ലാം നഷ്ടമായവൾ…

പൊട്ടാറായ ചെരിപ്പും പഴയ ഒരു സ്രസും ഇട്ട ശരി പതിയെ നടന്നകന്നപ്പോൾ ചെറിയ പ്രായത്തിൽ അവൾ ഞങ്ങടെയൊക്കെ മുന്നിൽ കാണിച്ച ആഡംബരമായിരുന്നില്ല എന്റെ ഉള്ളിൽ…

തികട്ടി വന്നൊരു തേങ്ങലായിരുന്നു.. അവൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണം…. ആ കുഞ്ഞുങ്ങൾക്ക് വേണ്ടിയും..