വെറുമൊരു വേലക്കാരിയിൽ ഉപരി ഒരു സ്ഥാനം അവൾക്ക് ഇവിടെ കിട്ടാത്തതുപോലെ, അതിനെപ്പറ്റി അവളോട് പറഞ്ഞപ്പോൾ അവൾ..

(രചന: J. K)

“” അച്ഛൻ ഇന്ന് പുറത്തേക്കിവിടെയെങ്കിലും പോയിരുന്നോ?? “” ജോലിക്ക് പോയി വന്ന മകന്റെ ചോദ്യമാണ്..

“” ഉവ്വ് എന്ന് പറഞ്ഞപ്പോൾ കണ്ടു ആ മുഖം വിവർണ്ണമാകുന്നത് ദേഷ്യം കൊണ്ട് നിറയുന്നത്…

“” തോന്നിയത് പോലെ പുറത്തിറങ്ങി നടക്കാൻ ഇത് അച്ഛന്റെ നാട്ടിൻപുറം അല്ല, കാനഡയാണ്…

തോന്നിയതുപോലെ ഓരോ സ്ഥലത്തേക്ക് ഇറങ്ങി പോയാൽ തിരിച്ചുവരാൻ പോലും അച്ഛനെ കൊണ്ടാവില്ല പിന്നെ ഞാൻ എവിടെ എന്ന് വെച്ചിട്ടാണ് തിരയുന്നത്

അച്ഛൻ അറിയാമല്ലോ അല്ലെങ്കിൽ തന്നെ എനിക്ക് ഇവിടെ സമയമില്ല എന്ന് വെറുതെ ഓരോ പൊല്ലാപ്പുകൾ അച്ഛനായി ഉണ്ടാക്കി വയ്ക്കരുത്…”

ഇത്രയും പറഞ്ഞ് അവൻ മുറിയിലേക്ക് പോയതും സതി എന്നെ നോക്കിയിരുന്നു.. അവളുടെ മുഖത്ത് വിഷാദം നിഴലിച്ചത് ഞാൻ കണ്ടു..

സാരമില്ലടി അവൻ നമ്മളെക്കാൾ വലുതായതല്ലേ വലിയ ഉദ്യോഗമുള്ളവൻ വിവരമുള്ളവൻ അവൻ പറയുന്നത് തന്നെയാവും ശരി.

എങ്ങാനും എന്നെ കാണാതായിട്ടുണ്ടെങ്കിൽ അവർ എത്ര വിഷമിക്കും.. ഞാൻ ഇവിടെ ഇരുന്ന് ബോറടിച്ചപ്പോ ഒന്ന് ഇറങ്ങി നടന്നതാണ്…

നിനക്കറിയില്ലേ ഞാൻ നാട്ടിൽ ഒതുങ്ങി ഇരിക്കാറില്ല എന്നുള്ളത് അതുപോലെ ഇവിടെ ഈ റൂമിൽ ഇരുന്ന് മടുത്തു…

എത്രനേരം എന്ന് വച്ചാൽ ഈ എസിയുടെ തണുപ്പും കൊണ്ട് ഇവിടെ ഇങ്ങനെ ഇരിക്കുക പുറത്തിറങ്ങി ഒരു നല്ല കാറ്റുമ്പോൾ വല്ലാത്തൊരു സമാധാനാ നാട്ടിൽ പോയ പോലെ തോന്നും…

അത് കേട്ടപ്പോൾ അവൾ എന്റെ അരികിലേക്ക് വന്നു. എന്റെ നെറുകിൽ തലോടി എന്നോട് ചോദിച്ചു..

” നമ്മള് കരുതിയതൊക്കെ തെറ്റായിരുന്നു അല്ലെ വിജയേട്ടാ.. നമ്മുടെ സ്ഥാനം പോലും എന്താണെന്ന് ഇപ്പോൾ ഞാൻ മറന്നു പോകുകയാ…

അവളുടെ വാക്കുകൾ എന്നെയും നോവിച്ചു അവളുടെ ഉള്ളിലും വല്ലാത്ത നോവുണ്ട് എന്നുള്ള കാര്യം എനിക്ക് അവൾ പറയാതെ തന്നെ അറിയാമായിരുന്നു..

കൂട്ടിലടച്ചിട്ട പോലെ ഈ മുറിയിൽ കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിരുന്നു.

ഒന്ന് പുറത്തേക്കിറങ്ങണമെന്ന് വല്ലാണ്ട് കൊതി തോന്നിയപ്പോഴാണ് ഇറങ്ങിയത് അധിക ദൂരം ഒന്നും പോയില്ല കുറച്ചു ദൂരം നടന്നു അതുപോലെ തിരിച്ചുവരികയും ചെയ്തു അതിനാണ് അവന്റെ ഈ ദേഷ്യപ്പെടൽ..

നാട്ടിൽ ഒരു നിമിഷം പോലും ഒതുങ്ങി ഇരിക്കാത്ത ആളാണ് കൃഷിയും കൂട്ടുകാരും ഒക്കെയായി എന്ത് രസമായിരുന്നു ആ ജീവിതം..

മകൻ നന്നായി പഠിച്ചപ്പോഴും നല്ലൊരു ജോലി കിട്ടിയപ്പോഴും വളരെ സന്തോഷമായിരുന്നു പക്ഷേ അറിഞ്ഞില്ല അത് ഇങ്ങനെയൊരു അവസ്ഥ തന്റെ ജീവിതത്തിൽ ഉണ്ടാക്കും എന്ന്..

അവന്റെ കല്യാണം കഴിഞ്ഞ് അവന് ഒരു കുട്ടിയായപ്പോഴാണ് ഞങ്ങൾ രണ്ടുപേരെയും ഇങ്ങോട്ട് കൊണ്ടുവന്നത് അവനും ഭാര്യക്കും ഇവിടെ ജോലിയുണ്ട്

അവർ ജോലിക്ക് പോയാൽ പിന്നീടുള്ള സമയം കുട്ടിയെ നോക്കേണ്ടതാണ് ഞങ്ങളുടെ ജോലി അതിനുവേണ്ടിയാണ് ഞങ്ങളെ കൊണ്ടുവന്നിരിക്കുന്നത്…

കഴിഞ്ഞതവണ അവൻനാട്ടിൽ വന്നത് ഭാര്യയുടെ പ്രസവസമയത്തായിരുന്നു..
അതുവരേക്കും അവർ ഇവിടെ തന്നെയായിരുന്നു..

നാട്ടിൽ വന്നപ്പോൾ അവൻ എന്നോട് പ്രതിയോടും ഇങ്ങോട്ടേക്ക് പോരാൻ പറഞ്ഞു.. ആരും പോകാൻ കൊതിക്കുന്ന ഒരു രാജ്യം അവിടെ സ്വന്തം മകന്റെ കൂടെ സുഖിച്ചു ജീവിക്കാലോ എന്ന് കൂട്ടുകാർ കളിയാക്കി പറഞ്ഞപ്പോൾ സന്തോഷമായിരുന്നു..

എങ്കിലും നാട്ടിലെ കൃഷിയും ഇതുവരെയും ജനിച്ചു വളർന്ന വീടും എല്ലാം ഉപേക്ഷിച്ചു പോരണമല്ലോ എന്ന് ആലോചിച്ചപ്പോൾ ഉള്ള ഒരു സങ്കടം മാത്രം….

എങ്കിലും വിചാരിച്ചു മക്കൾ വലുതായി ഇനി കുറെയൊക്കെ അവർ പറയുന്നതും കേൾക്കണമല്ലോ എന്ന്..

അങ്ങനെയാണ് എന്റെ ദുഃഖത്തെ പൂർണ്ണമായും അവഗണിച്ചുകൊണ്ട് അവന്റെ കൂടെ ഇങ്ങോട്ടേക്ക് വരുന്നത്..

പോരുമ്പോൾ വലിയ പ്രതീക്ഷയായിരുന്നു നാട്ടിൽ ഞാനും അവന്റെ അമ്മയും ഒറ്റയ്ക്ക് ആയിരുന്നല്ലോ ഇവിടെ വരുമ്പോൾ അവൻ ഞങ്ങളുടെ ചുറ്റും കൂടും തമാശകൾ പറയും ഒത്തിരി ഒത്തിരി സംസാരിക്കും എന്നെല്ലാം..

എല്ലാവരും ഒരുമിച്ച് പുറത്തുപോകും അവന്റെ കുഞ്ഞിനെയും കളിപ്പിച്ച് സന്തോഷത്തോടെ ഇനിയുള്ള കാലം ഇവിടെ സുഖിച്ച് ജീവിക്കാം..

എന്നൊക്കെ കരുതിയാണ് ഇങ്ങോട്ടേക്ക് വന്നത് പക്ഷേ വന്ന ദിവസം തന്നെ മനസ്സിലായിരുന്നു അവർക്ക് ഒന്നിനും സമയമില്ല എന്ന്..

ഇവിടുത്തെ അവരുടെ ജീവിതരീതിയുമായി ഒട്ടും ഒത്തുപോകാൻ പറ്റുന്നീല്ലായിരുന്നു..

വീക്ക് എൻഡിൽ അവർ മൂന്നുപേരും കൂടി പുറത്തേക്ക് പോകും.. ഭാഷ അറിയില്ല എന്നൊരു കാര്യം കൊണ്ട് ഞങ്ങളെ ഇങ്ങോട്ട് കൊണ്ടുപോകുന്നില്ലായിരുന്നു..

അതിലൊന്നും പരാതിയില്ല പക്ഷേ ഇവിടെ നിന്നും എങ്ങോട്ടും തിരിയാൻ പാടില്ല എന്ന് പറയുമ്പോഴാണ് കഷ്ടം…

അവന്റെ ഭാര്യ ജോലിക്ക് പോകുമ്പോൾ അവിടെ ചെയ്തുവയ്ക്കാനുള്ള ജോലിയുടെ ലിസ്റ്റ് സതിയോട് പറയുന്നത് കേൾക്കാം അവൾ അതെല്ലാം കൃത്യമായി അനുസരിക്കും അത് കേൾക്കുമ്പോൾ ദേഷ്യമാണ് വരാറ്.

വെറുമൊരു വേലക്കാരിയിൽ ഉപരി ഒരു സ്ഥാനം അവൾക്ക് ഇവിടെ കിട്ടാത്തതുപോലെ..

അതിനെപ്പറ്റി അവളോട് പറഞ്ഞപ്പോൾ അവൾ എന്നോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്.. പക്ഷേ അവളുടെ ഉള്ളിലും അതൊക്കെ ഒരു നോവായി ഉണ്ട് എന്ന് എനിക്ക് ഉറപ്പായിരുന്നു..

നാളുകൾ ചെല്ലുംതോറും അരുതുകൾ കൂടിക്കൂടി വന്നിരുന്നു ഞങ്ങളെ വെറും വേലക്കാർ മാത്രമായി അവർ കണക്കാക്കി സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു

വലിയ ആർഭാടം ഒന്നുമില്ലെങ്കിലും സ്വന്തം വീട്ടിൽ രാജാക്കന്മാരെ പോലെ കഴിഞ്ഞവർ തന്നെയായിരുന്നു അതുകൊണ്ടുതന്നെയാണ് ഞങ്ങൾക്ക് നാട്ടിലേക്ക് പോകണം എന്ന് രണ്ടുപേരും അവരോട് പറഞ്ഞത്..

ഇവിടുത്തെ ജീവിതം അത്രമേൽ ഞങ്ങൾക്ക് ശ്വാസംമുട്ടലായി തുടങ്ങിയിരുന്നു..

ആദ്യമൊക്കെ എതിർത്തു തോന്നുമ്പോൾ അങ്ങനെ ഓടിപ്പോകാൻ ഒന്നും പറ്റില്ല എന്ന് പറഞ്ഞ് ഞങ്ങൾ നിർബന്ധിച്ചു തന്നെ പറഞ്ഞപ്പോൾ പിന്നെ ഒരു രക്ഷയുമില്ലാതെ ടിക്കറ്റ് എടുത്തു തന്നു..

ഇനി ഇങ്ങനെ ഒരു മകനുണ്ടെന്ന ബന്ധം മറന്നോളാൻ അവൻ പോരുമ്പോൾ ഞങ്ങളോട് പറഞ്ഞിരുന്നു…

അല്ലെങ്കിലും ഇവിടെ വന്നതിനുശേഷം നീയൊരു മകനാണെന്ന് ഞങ്ങൾക്ക് തോന്നിയിട്ടില്ല ഞങ്ങളെ എല്ലാം പറഞ്ഞ് അനുസരിപ്പിക്കുന്ന ഒരു യജമാനനായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം വിളറുന്നത് കണ്ടു അവന് മനസ്സിലാവുന്നെങ്കിൽ മനസ്സിലാക്കി എന്ന് കരുതി..

അല്ലെങ്കിൽ മകനെ എന്തെങ്കിലും പറയുമ്പോഴേക്കും തടയുന്നവളാണ് സതി ഇത്തവണ അവളും ഒന്നും പറഞ്ഞില്ല ഒരു പക്ഷേ അവളും അത് ആഗ്രഹിച്ചിരുന്നിരീക്കാം..

നാട്ടിലെത്തി വീട്ടിലേക്ക് കടന്നപ്പോൾ ഒരു ശുദ്ധവായുവന്ന് പൊതിയുന്നതുപോലെ തോന്നി.. അപ്പോഴേക്ക് അയൽക്കാരും കൂട്ടുകാരും എല്ലാവരും കാണാൻ വന്നിരുന്നു..

ഇതുവരെക്കും വായ പൂട്ടിയിരുന്നതാണ് അന്യരാജ്യത്ത് അതിനു പകരമായി ഒരുപാട് ഒരുപാട് സംസാരിച്ചു മതിയാവോളം..

തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചു അവരുടെ പരിഭവങ്ങൾ കേട്ടു… പറമ്പ് മുഴുവൻ പുല്ലു കെട്ടി നിൽക്കുന്നു.

ഒരു കൈലിയും എടുത്ത് തലയിൽ ഒരു കെട്ടുംകെട്ടി പറമ്പിലേക്ക് ഇറങ്ങി അതെല്ലാം വൃത്തിയാക്കുമ്പോൾ കൂട്ടുകാർക്ക് കളിയാക്കി പറഞ്ഞിരുന്നു കാനഡക്കാരന് ഇതൊക്കെ ഓർമ്മയുണ്ടോ എന്ന്..

അന്നേരം ചിരിയോടെ തന്നെ അവരോട് പറഞ്ഞിരുന്നു ഈ നാട് വീട്ടൊന്നു പോയി നോക്കണം എങ്കിലേ ഈ നാടിന്റെ വിലയറിയൂ എന്ന്..

ഒരാളെ ആശ്രയിച്ച് ജീവിച്ചിട്ടുണ്ടെങ്കിൽ ഇതുപോലെ അവര് പറയുന്ന പോലെ കേൾക്കേണ്ടിവരും.. എന്നും സ്വന്തം കാലിൽ നിൽക്കാൻ ശ്രെമിക്കണം…