അവള്‍ വയസ്സറിയിച്ച നാള്‍ ഞാന്‍ മാറി നില്‍ക്കേണ്ടി വന്നു, അതെന്തിനാണെന്ന് പിന്നീട് അവള്‍ തന്നെ പറഞ്ഞ് തന്നെങ്കിലും..

കളിക്കൂട്ടുകാരി
(രചന: Vipin PG)

കളിക്കൂട്ടുകാരിയോട് തോന്നിയ കൌതുകം കൌമാരമായപ്പോള്‍ ആര്‍ക്കും തോന്നുന്ന ഒരിഷ്ടമായി മാറി മാറി.

കാര്യങ്ങള്‍ കണ്ടറിഞ്ഞതും ചോദിച്ചറിഞ്ഞതും അവളില്‍ നിന്ന് മാത്രമായിരുന്നു. നീത,,, എനിക്കവള്‍ നീന. അവളുടെ അച്ഛനും അമ്മയും എന്റെ അച്ഛനും അമ്മയും കാലങ്ങളായി കൂട്ടുകാരാണ്. അതിന്നും തുടരുന്നു.

അവള്‍ വയസ്സറിയിച്ച നാള്‍ ഞാന്‍ മാറി നില്‍ക്കേണ്ടി വന്നു. അതെന്തിനാണെന്ന് പിന്നീട് അവള്‍ തന്നെ പറഞ്ഞ് തന്നെങ്കിലും പറഞ്ഞതില്‍ പാതി മനസ്സിലായില്ല എന്നാണ് യാഥാര്‍ത്ഥ്യം.

ഹയര്‍ സെക്കണ്ടറി ടൈമില്‍ ആണ് ആദ്യമായി ഞാനും അവളും ഒരിടത്ത് ഒറ്റപ്പെട്ടത്. അന്നത്തെ പതിനാറ് കാരനെ നിയന്ത്രിക്കാന്‍ തന്നെ ഞാന്‍ പാട് പെട്ടു. അവള്‍ അന്ന് പറഞ്ഞ യാഥാര്‍ത്ഥ്യം കുറച്ചൊക്കെ ഞാന്‍ റിയലൈസ് ചെയ്തു.

അതോരിഷ്ടം മാത്രമല്ല മറ്റെന്തോ ആണെന്ന് എനിക്ക് അന്ന് തോന്നി. പക്ഷെ ആ തോന്നല്‍ ഞാന്‍ ആരോടും പങ്കുവച്ചില്ല. അന്നത്തെ കാലമല്ലേ,, കൂട്ടുകാര്‍ക്ക് പറഞ്ഞ് ചിരിക്കാന്‍ അതൊരു കാര്യമാകും.

എവിടെയോ മുളച്ചു പൊങ്ങിയ ആ ഇഷ്ടം ഞാന്‍ മൂടി വച്ചു. അതവള്‍ പോലും അറിഞ്ഞില്ല,, വാക്കുകൊണ്ടോ പെരുമാറ്റം കൊണ്ടോ അറിഞ്ഞില്ല.

അവള്‍ ഡിഗ്രിക്ക് ചേര്‍ന്ന അതേ കോളേജില്‍ ഞാനും ചേര്‍ന്നു. അത് വളരെ നേരത്തെ തന്നെ തീരുമാനിച്ച കാര്യമായിരുന്നു.

അവള്‍ എന്റേത് ആണെന്ന് എവിടെയൊക്കെയോ എനിക്ക് തോന്നുമ്പോള്‍ ഞാന്‍ ഒരു സെക്യൂരിറ്റി ഗാര്‍ഡ് ആയിട്ടാണ് അവള്‍ക്ക് തോന്നുന്നത്. ആ ഡിഗ്രി കാലഘട്ടം തീരുന്നവരേയും അതങ്ങനെ തന്നെ തുടര്‍ന്നു.

അവള്‍ക്ക് ഞാനും അവളെന്റെയും എന്ന് നമ്മള്‍ രണ്ടുപേരും മനസ്സില്‍ ഉറപ്പിച്ചു. പ്രായത്തില്‍ ഒന്നര വയസ്സിനു മൂത്തത് ഞാനാണ്‌.

പക്ഷെ വൈകി ചേര്‍ത്തത് കൊണ്ട് ഒരുമിച്ചായി. ഡിഗ്രി കഴിഞ്ഞാല്‍ പി ജി എന്നും നമ്മള്‍ ഡിഗ്രി സമയത്ത് തന്നെ തീരുമാനിച്ചിരുന്നു. മൂന്നു വര്‍ഷം കൊണ്ടുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊന്നും ആ തീരുമാനങ്ങളെ മാറ്റാന്‍ പറ്റിയില്ല.

പക്ഷെ അവളുടെ ഫാമിലി അവിടുന്ന് മാറിപ്പോകാന്‍ തീരുമാനിച്ചിരുന്നു. നിതയുടെ ഡിഗ്രി കഴിയാന്‍ കാത്തിരുന്നതാണ്. എന്റെ മനസ്സില്‍ തീ കോരിയിട്ട സംഭവമായി മാറി. അവലരെ ദൂരത്താണ്.

പാലക്കാട് ജില്ല. അവിടെ ബി ഫാമിന് അവള്‍ക്ക് അഡ്മിഷനും പറഞ്ഞ് വച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. പാലക്കാട് പോയി ബി ഫാം പഠിക്കാന്‍ പറ്റുന്ന കാര്യമില്ല,, ആ കാര്യം പറഞ്ഞ് വീട്ടില്‍ നിന്ന് മാറി നില്‍ക്കാനും പറ്റില്ല.

ഒരു ദിവസം അവളെ നേരില്‍ കണ്ടു. എന്നോട് മിണ്ടാന്‍ അവള്‍ക്ക് മടിയായിരുന്നു. അവളും ഒന്നും അറിഞ്ഞതല്ലല്ലോ.

പിന്നെ വിഷമിച്ചിട്ടെന്ത് കാര്യം. കാര്യങ്ങള്‍ വരും പോലെ നോക്കാമെന്ന് ഞങ്ങള്‍ രണ്ടാളും കരുതി. എന്തായാലും വേണമെങ്കില്‍ കാണാമല്ലോ,, പാസ്സ് പോര്‍ട്ടും വിസയുമോന്നും വേണ്ടല്ലോ.

അവള്‍ കുടുംബ സമേതം പാലക്കാട് പോയി. ആദ്യ ദിവസങ്ങളിലെ തിരക്ക് കാരണം വിളിക്കാനോ സംസാരിക്കാനോ പറ്റിയില്ല. സത്യം പറഞ്ഞാല്‍ ഒരാഴ്ചയോളം അത് തുടര്‍ന്നു.

ആ ഒരാഴ്ച വല്ലാത്ത ദിവസങ്ങളായിരുന്നു. കണ്ണകന്നാല്‍ മെയ്യകന്നു എന്ന പഴമൊഴി ആരൊക്കെയോ പറഞ്ഞ് കേട്ടിട്ടുണ്ട്. ആ വാക്കുകള്‍ അവനെ അലട്ടി. അവന്‍ നീരിപ്പുകഞ്ഞു നടന്നു.

അവന്റെ മാറ്റങ്ങള്‍ അവന്റെ അമ്മ കാണുന്നുണ്ടായിരുന്നു. പക്ഷെ ഒന്നും ചോദിച്ചില്ല,, ചോദിയ്ക്കാന്‍ തോന്നിയില്ല. അവന്റെ അമ്മ വിചാരിച്ചാല്‍ ശരിയാക്കാവുന്ന കാര്യമല്ലല്ലോ.

ഒരാഴ്ചയ്ക്ക് ശേഷം അവളുടെ കോള്‍ വന്നു. എന്റമ്മോ,, കുറെ നേരം സംസാരിച്ചു. ആ ഭാഗത്ത് അവളുടെ സിമ്മിന് റേഞ്ച് ഉണ്ടായിരുന്നില്ല.

സിം പോര്‍ട്ട്‌ ചെയ്യാന്‍ ടൌണില്‍ പോകാന്‍ പറ്റിയില്ല., അതാണ് ഇത്രേം ദിവസം വിളിക്കാന്‍ പറ്റാതെ പോയത്. അവര്‍ മണിക്കൂറുകള്‍ സംസാരിച്ചു.

അവന്റെ ഉള്ളിലുള്ളതെല്ലാം പുറത്ത് വന്നു. അവന്‍ വിയര്‍ത്തു. മടിച്ചില്ല,, വര്‍ഷങ്ങള്‍ കാത്തു വച്ച ആ ഇഷ്ടം അവന്‍ തുറന്നു പറഞ്ഞു. അവള്‍ക്കറിയാം,, അവള്‍ക്കെല്ലാം അറിയാം.

കാര്യങ്ങള്‍ കണ്ടാല്‍ തിരിച്ചറിയാനോക്കെ അവള്‍ക്കും കഴിഞ്ഞിരുന്നു. അതെവിടെ വരെ പോകുമെന്ന് നോക്കി നിന്നതാണ്. ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍ ആയത് കൊണ്ട് മുളയിലെ നുള്ളിയില്ല.

എല്ലാംകൊണ്ടും അറിയുന്ന ആളെന്ന നിലയില്‍ അവന്‍ ഓക്കേ ആണെന്ന് അവള്‍ക്കും തോന്നിക്കാണും. അവള്‍ക്കും ഒരിഷ്ടം തോന്നിക്കാണും. ആരെയും തെറ്റ് പറയാന്‍ പറ്റില്ലലോ. അവന് അവളെ കാണണമെന്ന് തോന്നി.

ഒരു ഞായറാഴ്ച അവന്‍ പാലക്കാട് പോകാന്‍ തീരുമാനിച്ചു. അവള്‍ ടൌണില്‍ ചെല്ലാമെന്നു പറഞ്ഞു. തല്‍ക്കാലം കൂടിക്കാഴ്ചകള്‍ ആരുമറിയണ്ട. അറിയണ്ടാപ്പോള്‍ അത് വേണ്ടപോലെ എല്ലാവരെയും അറിയിക്കാം.

ആ കൂടിക്കാഴ്ച പതിവായി. പതിവാക്കാന്‍ വേണ്ടി അവന്‍ പല കാരണങ്ങള്‍ കണ്ടെത്തി. അവന്റെ യാത്രകള്‍ പതിവായി.

ഒരിടത്ത് നിന്ന് പലയിടത്തെക്കായി അവരുടെ കൂടിക്കാഴ്ചകള്‍ വ്യാപിച്ചു. ഇക്കാര്യം മനസ്സിലാക്കിയപ്പോള്‍ അവളുടെ അമ്മ ആദ്യമായി അവളെ വിലക്കി.

എല്ലാടത്തും ആദ്യത്തെ കൈകടത്തല്‍ അതമ്മയായിരിക്കും. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍. അതിന് അമ്മമാരുടെ ആധിയെന്നോ പേടിയെന്നോ എന്ത് വേണമെങ്കിലും വിളിക്കാം.

ഇനി ഇത് തുടരേണ്ട എന്നാണ് അവളുടെ അമ്മ പറഞ്ഞത്. സ്വന്തം കാര്യത്തില്‍ എനിക്ക് തീരുമാനം എടുക്കാന്‍ പറ്റില്ലേയെന്നു അവളും ചോദിച്ചു. പിടിവാശിയില്‍ രണ്ടുപേരും പിന്നിലല്ലാത്തത് കൊണ്ട് അത് തര്‍ക്കത്തിലേയ്ക്ക് പോയി.

ആദ്യത്തെ തവണ തന്നെ അവളുടെ അമ്മയ്ക്ക് മനസ്സിലായി അത് വിട്ടു പോകുന്ന ഒന്നല്ല എന്ന്. അവളുടെ അമ്മ അവന്റെ അമ്മയെ വിളിച്ചു. കാര്യങ്ങള്‍ ഈ രീതിയില്‍ പോകാന്‍ പറ്റില്ല എന്ന് തീര്‍ത്തും പറഞ്ഞു.

തന്നോളം വളര്‍ന്നാല്‍ താനെന്ന് വിളിക്കണം. അതാണ്‌ നാട്ടുനടപ്പ്,, അവന്റെ ഇഷ്ടം കരിച്ചു കളഞ്ഞാല്‍ നാളെ കണ്ടെത്തുന്നത് നന്നായില്ലെങ്കില്‍ അതിനു സമാധാനം പറയാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ അമ്മ അവന്റെ കാര്യത്തില്‍ ഇടപെട്ടില്ല.

ഇതില്‍ ആണിന്റെയോ പെണ്ണിന്റെയോ അച്ഛന്‍ കര്യമറിഞ്ഞാല്‍ സംഗതി വേറെ വഴിക്ക് പോകും. അതിന് ഇട നില്‍ക്കാതെ കാര്യം പറഞ്ഞ് തീര്‍ക്കാന്‍ ഇരു കൂട്ടരും ശ്രമിച്ചു.

പ്രശ്നം രൂക്ഷമായി,, ഓരോ കാര്യത്തിനും വിലക്ക് കിട്ടുന്നതോടൊപ്പം വീട്ടില്‍ കലഹം പതിവായി. ഒടുക്കം സഹികെട്ട പെണ്കുട്ടി ആത്മ ഹത്യാ ഭീഷണി മുഴക്കി. എല്ലാം പ്രതീക്ഷിച്ചത് തന്നെയാണ്.

ആത്മ ഹത്യ ചെയ്യാന്‍ എന്നെക്കൊണ്ടും പറ്റുമെന്ന് അമ്മ പറഞ്ഞപ്പോള്‍ അവളൊന്ന് അയഞ്ഞു. ഇതില്‍ പരിപൂര്‍ണ്ണ നിസ്സഹായനയത് അവനാണ്. ആരോടും ഒന്നും മിണ്ടാന്‍ പറ്റുന്നില്ല,, അവളെ കാണാന്‍ പറ്റുന്നില്ല.

ഒരാളോട് ഇഷ്ടം തോന്നുമ്പോള്‍ അതിന്റെ ഭാവി കൂടി തീരുമാനിച്ചു വേണമായിരുന്നു എന്ന് അവന് തോന്നി. ഒരു ബാല്യ ചാപല്യത്തില്‍ തുടങ്ങി പിരിയാന്‍ പറ്റാത്ത വിധം അടുക്കാന്‍ പ്രേരിപ്പിച്ചത് അവന്‍ തന്നെയാണ്.

ഉള്ളിലുണ്ടെങ്കിലും പലപ്പോഴും അവള്‍ അതില്‍ പിന്നില്‍ നിന്നിരുന്നു. ഒരു തീരുമാനം എടുക്കാന്‍ അവന് പറ്റുന്നില്ല. ഇനിയും ക്ഷമിച്ചു നില്‍ക്കാനും പറ്റുന്നില്ല. ആത്മ ഹത്യ മണ്ടത്തരമാണ്.

അവര്‍ ക്ഷമിക്കാന്‍ തീരുമാനിച്ചു. ഒരു ഉത്തമ സമയത്ത് അച്ഛനോട് കാര്യം പറയാം. അവരുടെ തീരുമാനം കൂടി അറിഞ്ഞിട്ട് ബാക്കി തീരുമാനിക്കാം. അവര്‍ ക്ഷമയോടെ കാത്തിരുന്നു.

രണ്ടുപേര്‍ക്കും ജോലി കിട്ടിയ ഒരു മോമന്റില്‍ അവര്‍ രണ്ടുപേരും അവരുടെ അച്ഛനോട് ഈ കാര്യം അവതരിപ്പിച്ചു. ഒരു വലിയ പ്രക്ഷോഭം പ്രതീക്ഷിച്ചു പറഞ്ഞപ്പോള്‍ അവര്‍ വളരെ സന്തോഷത്തോടെയാണ് കാര്യങ്ങള്‍ തീരുമാനിച്ചത്.

ബാല്യത്തില്‍ കളിക്കൂട്ടുകാരിയില്‍ തുടങ്ങി അവളുടെ കൗമാരവും യൗവനവും കഴിഞ്ഞ് അവള്‍ അവന്റെ പെണ്ണാകാന്‍ പോകുന്നു. ഉറച്ച മനസ്സുമായി ഓരോ നിമിഷവും മുന്നോട്ടു പോയത് കൊണ്ടാകും ആശിച്ചത് പോലെ ഒരു ജീവിതം കിട്ടിയതും.

പക്വതയോടെ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള തിരിച്ചറിവ് ഉണ്ടായെങ്കില്‍ മക്കളുടെ കാര്യത്തില്‍ ഭയപ്പെടേണ്ട കാര്യമില്ല എന്ന് രണ്ട് അമ്മമാര്‍ക്കും മനസ്സിലായി.

ഇഷ്ടം,, അത് ആര്‍ക്കും ആരോടും തോന്നാവുന്ന ഒന്നാണ്. അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. വളരെ സന്തോഷത്തോടെ അവര്‍ ജീവിതത്തിലേയ്ക്കും ചുവടു വച്ചു.