മുഹൂര്‍ത്തത്തിന് സമയമായി, കൊട്ടും കുരവയുമില്ലാതെ ചെക്കന്‍ ദിവ്യയെ താലി കെട്ടി കല്യാണപ്പന്തലില്‍ കാര്യക്കാരനായ..

കാത്തിരുന്ന മുഹൂര്‍ത്തം
(രചന: Vipin PG)

നാളെ ഒമ്പത് മണിക്കാണ് മുഹൂര്‍ത്തം. ഒരുക്കാന്‍ ആറു മണിക്ക് ആള് വരും. അതുകൊണ്ട് തന്നെ പത്തു മണിയായപ്പോള്‍ ദിവ്യ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഉറങ്ങാന്‍ കിടന്നു.

പെട്ടന്ന് ആരോ വാതില്‍ മുട്ടുന്നത് കേട്ട് അവള്‍ വീണ്ടും എഴുന്നേറ്റു. വാതില്‍ തുറന്നപ്പോള്‍ അമ്മയാണ്.

“ മോളെ ഞാന്‍ പറഞ്ഞത് മറക്കണ്ട”

“ എന്ത്’ “

“ നാളെ അച്ഛന്‍ വരുന്നുണ്ട്”

“ അതിന്”

“ നീ ബഹളം ഉണ്ടാക്കരുത്”

“എന്തിന്,, എത്രയോ പേര് വരുന്നു പോകുന്നു. അയാളും വരട്ടെ പോകട്ടെ. ഇനി മകളുടെ കല്യാണം കൂടാന്‍ പറ്റിയില്ല എന്നൊരു വിഷമം വേണ്ട.

ഞാന്‍ ഒരു ബഹളോം ഉണ്ടാക്കൂല,,, അമ്മ സമാധാനത്തോടെ പോയി കിടന്നോ. എനിക്കും കിടക്കണം”

ദിവ്യ പറയുന്നത് കേട്ടപ്പോള്‍ അമ്മ സമാധാനത്തോടെയും സന്തോഷത്തോടെയും റൂമിലേയ്ക്ക് പോയി.

ദിവ്യയുടെ അച്ഛന്‍ അവളുടെ ചെറുപ്പകാലത്ത് അവരെ വിട്ടു പോയതാണ്. ആദ്യമൊക്കെ വല്ലപ്പോഴും വരുമായിരുന്നു. പിന്നെ അതില്ലാതായി. അമ്മയാണ് അവളെ വളര്‍ത്തിയത്.

പക്ഷെ ഒരിക്കല്‍ പോലും അമ്മ അവളുടെ അച്ഛനെ തള്ളി പറഞ്ഞിട്ടില്ല. ആദ്യമൊക്കെ വല്ലപ്പോഴും വരുന്ന അച്ഛന്‍ ഒരു ഭാഗ്യമാണെന്ന് കരുതിയിരുന്ന ദിവ്യ പതിയെ പതിയെ കാര്യങ്ങള്‍ മനസ്സിലാക്കി.

അതിനു ശേഷം അച്ഛന്‍ വന്നാല്‍ അവള്‍ സംസാരിക്കാറില്ല,, അച്ഛന്‍ കൊടുക്കുന്ന ഒന്നും വാങ്ങാറുമില്ല. അമ്മയെ നരകിക്കാന്‍ വിട്ട ഒരാളെ അവള്‍ക്ക് അച്ഛനായി കാണാന്‍ കഴിയില്ലല്ലോ.

പിറ്റേന്ന് സമയത്ത് എഴുന്നേറ്റ ദിവ്യ ഒരുങ്ങി ഇറങ്ങി. അവളുടെ കൂട്ടുകാരാണ് എല്ലാത്തിനും മുന്നില്‍. ഒമ്പത് മണിക്കാണ് മുഹൂര്‍ത്തം. വളരെ ചെറിയ കല്യാണപരിപാടിയാണ്.

കൂട്ടുകാരും നാട്ടുകാരുമായി വിളിച്ചവരെല്ലാം എത്തി ചേര്‍ന്നിട്ടുണ്ട്. ചെക്കനും കൂട്ടരും സമയത്ത് തന്നെ എത്തി. പെണ്ണിന്റെ മൂത്തമ്മാവാന്‍ ദിവാകരനാണ് ഓടി നടന്നു കാര്യങ്ങള്‍ ചെയ്യുന്നത്.

മുഹൂര്‍ത്തത്തിന് സമയമായി. കൊട്ടും കുരവയുമില്ലാതെ ചെക്കന്‍ ദിവ്യയെ താലി കെട്ടി. കല്യാണപ്പന്തലില്‍ കാര്യക്കാരനായ ദിവ്യയുടെ അമ്മാവന്‍ പെട്ടെന്ന് അവളുടെ അച്ഛനെ വിളിച്ചു.

“ ചേട്ടാ,, പെണ്ണിനെ കൈ പിടിച്ചു കൊടുക്കണം”

അച്ഛന്‍ മണ്ഡപത്തിലേയ്ക്ക് കയറാന്‍ നോക്കുമ്പോള്‍ പെട്ടെന്ന് ദിവ്യ വേണ്ടെന്നു പറഞ്ഞു. ഒരു നിമിഷം എല്ലാവരും ഞെട്ടി. കുറെ കാലം കൊണ്ട് അവള്‍ ഒരവസരം നോക്കി നില്‍ക്കുകയാണ്.

ഉപേക്ഷിച്ചു പോയ തന്തയ്ക്ക് ഒത്താശ കൊണ്ടുവന്നവരും അതിനു കുട പിടിച്ചു നിന്നവരും ഒന്നേല്‍ ഇനി ഈ പണിക്ക് നിക്കരുത്.

“ കൈ പിടിച്ചു കൊടുക്കാന്‍ വേണ്ടി മാത്രം അച്ഛന്‍ വേണ്ട.. അതും അമ്മ തന്നെ ചെയ്താല്‍ മതി.. ഇനി അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ കൈ ഞാന്‍ തന്നെ പിടിച്ചോളാം”

ദിവ്യയുടെ ഓരോ വാക്കുകളും ഞെട്ടിക്കുന്നതായിരുന്നു. നിറ കണ്ണുകളോടെ മണ്ഡപത്തില്‍ കയറിയ അമ്മ അരുതെന്ന് അവളോട്‌ പറഞ്ഞു.

“അമ്മെ,, അരുതാത്തതൊന്നും ഞാന്‍ ചെയ്തിട്ടില്ല. സന്തോഷത്തോടെ ഞാന്‍ കെട്ടി ഇറങ്ങി പോകണമെങ്കില്‍ അമ്മ കൈ പിടിച്ചു കൊടുക്കണം’’

അമ്മ എന്ത് ചെയ്യണമെന്നറിയാതെ നിന്ന് കരയാന്‍ തുടങ്ങി. നാണം കെട്ട നിലയില്‍ അവളുടെ അച്ഛന്‍ പന്തലില്‍ നിന്ന് ഇറങ്ങി പോയി.

വിളിച്ചു വരുത്തി അച്ഛനെ നാണം കെടുത്തി എന്ന് പറഞ്ഞ് ദിവാകരനും പന്തലില്‍ നിന്ന് ഇറങ്ങി. അയാള്‍ ആക്രോശിച്ചു കൊണ്ട് തിരിഞ്ഞു നോക്കാതെ പോയി.

എവിടെയും ചിലപ്പോള്‍ അമ്മാവന്മാര്‍ വില്ലന്മാര്‍ ആകാറുണ്ടല്ലോ. ഞാനാണിവിടെ അധികാരി എന്നൊരു ഭാവം. ആരൊക്കെ ഇറങ്ങിയാലും പോയാലും ദിവ്യയുടെ നിലപാടില്‍ മാറ്റമില്ല.

കല്യാണപ്പന്തല്‍ രണ്ട് പക്ഷമായി. എന്തൊക്കെ വന്നാലും സ്ഥാനം സ്ഥാനമാണ് അച്ഛന്‍ തന്നെ കൈ പിടിച്ചു കൊടുക്കണമെന്ന് ഒരു പക്ഷം.

ദിവ്യ പറയുന്നത് ശരിയാണ് അമ്മയ്ക്കാണ് അതിനു യോഗ്യത എന്ന് മറ്റൊരു പക്ഷം. കല്യാണപ്പന്തലില്‍ ബഹളമായി.

അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്ന് പറയുന്ന ഈ നാട്ടില്‍ ഇത് തികച്ചും സ്വാഭാവികം. പെണ്ണിന്റെ അഹങ്കാരമെന്ന് പറഞ്ഞ് ചിലര്‍ മണ്ഡപത്തില്‍ കയറി അവളോട്‌ ചീറാന്‍ തുടങ്ങിയപ്പോള്‍ ചെക്കന്‍ മുന്നോട്ടു വന്നു.

“ അത് വേണ്ട.. ഈ കാര്യങ്ങള്‍ സകലതും അറിഞ്ഞിട്ടു തന്നെയാണ് ഞാന്‍ കല്യാണം സമ്മതിച്ചത്. ഇതിപ്പൊ അമ്മ കൈപിടിച്ച് തന്നാലും അമ്മാവന്‍ കൈ പിടിച്ചു തന്നാലും അവള്‍ എന്റെ കൈ പിടിച്ചാലും ഞാന്‍ പെണ്ണിനേം കൊണ്ട് പോകും”

അമ്മയെ സമാധാനിപ്പിച്ചു കൊണ്ട് അവന്‍ തുടര്‍ന്നു.

“അമ്മെ,, ഇവള്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു.. എനിക്ക് സന്തോഷമേ ഉള്ളു. ഇവളുടെ കൈ പിടിച്ചു തരാന്‍ യോഗ്യത അമ്മയ്ക്ക് മാത്രമാണ്”

അവന്‍ പറയുന്നത് കേട്ടപ്പോള്‍ നിറ കണ്ണുകളോടെ അവളുടെ അമ്മ കൈ പിടിച്ചു കൊടുത്തു.

പെണ്ണ് അഹങ്കാരം കാണിച്ചു ചെക്കനും പെണ്ണും ചേര്‍ന്ന് നാടകം കളിച്ചു എന്ന് പറഞ്ഞ് വീട്ടുകാരില്‍ പലരും ഇറങ്ങി പോയപ്പോള്‍ വട്ടം കൂടിയ കൂട്ടുകാര്‍ പൂക്കള്‍ എറിഞ്ഞുകൊണ്ട് അവളെ ആശിര്‍വദിച്ചു.

ആ കാഴ്ച കണ്ടപ്പോള്‍ അമ്മയുടെ മുഖത്തും പുഞ്ചിരി വിടര്‍ന്നു. അവളുടെ കൂട്ടുകാരും അവന്റെ കൂട്ടുകാരും തുടര്‍ന്ന് കല്യാണ പന്തല്‍ ഒരു ഉത്സവ പറമ്പാക്കി മാറ്റി. പ,, അത് വീട്ടാനുള്ളതാണ്.

അച്ഛന്‍ ഒന്നും കഴിക്കാതെയാണ്‌ പോയതെന്ന് ഒരമ്മായി പറഞ്ഞപ്പോള്‍ വഴിയില്‍ വച്ച് വിശക്കുമ്പോള്‍ ഹോട്ടലില്‍ കയറി കഴിച്ചോളുമെന്നായിരുന്നു അവളുടെ മറുപടി. ഇവള്‍ക്ക് ഈ ധൈര്യം എങ്ങനെ വന്നു എന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

പ്രശ്നം അവിടം കൊണ്ടും തീര്‍ന്നില്ല. ദിവ്യയെ യാത്രയാക്കി വീട്ടില്‍ തിരികെ എത്തിയ ശേഷം അവളുടെ അമ്മയുടെ അടുത്ത് ചെന്ന അമ്മാവന്‍ അമ്മയോട് ദേഷ്യപ്പെടാന്‍ തുടങ്ങി.

“ഞാന്‍ പറഞ്ഞിട്ടാണ് ആള് വന്നത്,, ഞാന്‍ പറഞ്ഞിട്ടാണ് അവളുടെ കൈ പിടിച്ചു കൊടുക്കാന്‍ വന്നത്. നിങ്ങള്‍ നാണം കെടുത്തിയത് അങ്ങേരെ മാത്രമല്ല എന്നെയും കൂടിയാ. മക്കള് മക്കടെ സ്ഥാനത്ത് നിക്കണം. തള്ള തള്ളയുടെയും.

ഇന്ന് വന്നു കേറിയ ചെക്കന്‍ നാല് വര്‍ത്താനം പറഞ്ഞപ്പോള്‍ പൂങ്കണ്ണീര് ആനന്ദ കണ്ണീരായല്ലോ.. ഞാന്‍ വെറും പൊട്ടന്‍ ആണെന്ന് കരുതല്ലേ. ഞാനും മൂന്നു നേരം തിന്നുന്നത് അരിയാഹാരം തന്നെ”

അമ്മാവന്റെ പ്രകടനം മുഴുവന്‍ കഴിഞ്ഞപ്പോള്‍ അമ്മ പറഞ്ഞു.

“ ദിവാകരാ,, ഞാന്‍ അവളുടെ അമ്മയാണ്. അവളെ വളര്‍ത്തി വലുതാക്കി കല്യാണം കഴിപ്പിച്ചു വിട്ട അമ്മ.

അവള് പറഞ്ഞത് ശരിയല്ലേ,, കൈ പിടിച്ചു കൊടുക്കാന്‍ മാത്രം എന്തിനാ അവള്‍ക്ക് അച്ഛന്‍. കൈ പിടിച്ചു കൊടുക്കാന്‍ എന്നല്ല ഇനി ഒന്നിനും അവള്‍ക്ക് ആ അച്ഛനെ വേണ്ട. അയാളിനി ഈ പടി ചവിട്ടരുത്”

ഒറ്റ ശ്വാസത്തില്‍ അമ്മ അത് പറഞ്ഞ് തീര്‍ത്തപ്പോള്‍ അമ്മാവന് പിന്നെ മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അതിനു ശേഷം ദിവ്യയുടെ അമ്മാവനും ആ വീട്ടില്‍ കയറിയിട്ടില്ല.

ആരൊക്കെ വന്നാലും ഇല്ലേലും ദിവ്യയും അമ്മയും സന്തോഷത്തോടെയും ജീവിക്കുന്നുണ്ട്. ഇനിയും ജീവിക്കും. മാറുന്ന തലമുറ മാറി ചിന്തിക്കാന്‍ തുടങ്ങി. അതാണ്‌ ശരി.

Leave a Reply

Your email address will not be published.