അത് നിനക്ക് ജനിച്ച മോള് തന്നെയാ ദാസാ, ജലജ പറഞ്ഞത് കേട്ടപ്പോള്‍ ദാസന്‍ ഞെട്ടി ജലജെ നീയെന്താ ഈ പറയുന്നേ..

തിരിച്ചിട്ടാലും മറിച്ചിട്ടാലും ജലജ
(രചന: Vipin PG)

മീശ മാധവനെപ്പോലെ തല കുത്തനെ കയറില്‍ ഇറങ്ങി നിലത്തെത്താറാകുമ്പോഴാണ് മീശ മാധവനിലെ പോലെ തന്നെ പട്ടിക പൊട്ടി ദാസന്‍ താഴെ വീണത്.

തല കുത്തി നിലത്ത് വീണിടത്ത് നിന്ന് പിടഞ്ഞെഴുന്നേറ്റു കുത്തി ഇരുന്ന് തല തടവുമ്പോള്‍ ഇരുട്ടത്ത് ഒരു വെളിച്ചം അവന്റെ നേര്‍ക്ക് വന്നു.

വെളിച്ചം തെളിഞ്ഞിട്ടും ആളെ തിരിഞ്ഞില്ല. കാരണം ദാസന്‍ ദേഹത്താകെ കരി വാരി തേച്ചിരുന്നു. ഉറങ്ങാന്‍ കിടന്ന ജലജ ഒച്ച കേട്ട് വന്നതാണ്. അവളെ കണ്ടതും തല തിരുമ്മിക്കൊണ്ട് അവന്‍ വീണ്ടും കരഞ്ഞു.

“ ആരാ” ജലജ ചോദിച്ചു
“ ദാസന്‍” അവന്‍ മറുപടി പറഞ്ഞു

“ കാക്കാന്‍ കേറിയതാണല്ലേ”

അതിനു മറുപടി പറയാതെ അവന്‍ തല തിരുമ്മിക്കൊണ്ടിരുന്നു.

“ ഡോ, താന്‍ ആരാ”

“ കക്കാന്‍ കേറിയതാ,, ഇനീപ്പോ നേരെ നിക്കാന്‍ പറ്റുമെന്ന് പോലും തോന്നുന്നില്ല,, മഴക്കാലം വരുവല്ലേ,, നിങ്ങക്കീ പട്ടികയോക്കെ നന്നാക്കിക്കൂടെ പെണ്ണുമ്പിള്ളേ”

ആ പറഞ്ഞത് ഇഷ്ടപ്പെടാതെ വന്ന ജലജ അടുത്ത് കിടന്ന ചൂലെടുത്ത് കള്ളന്റെ നേര്‍ക്ക് ചെന്നു. ചൂല് തിരിച്ചു പിടിച്ച് അവന്റെ തലയ്ക്ക് ഒന്നുകൂടി കൊടുത്തിട്ട് ഇറങ്ങി പോടാ പട്ടീ എന്ന് അവള്‍ അലറി.

“ പട്ടിയല്ല ജലജെ ,, നിന്റെ മുന്‍ കാമുകന്‍. കോതാട് ദാസന്‍”

ദാസന്‍ പറയുനത് കേട്ടപ്പോള്‍ ജലജ വാ പൊത്തി.
“ താന്‍ എന്താ ഇവിടെ”

“ എന്റെയൊരു മാല നിന്റെല്‍ ഉണ്ട്. ചോദിച്ചാ നീ തരൂല. അപ്പൊ പിന്നെ ചോദിക്കാതെ എടുക്കാമെന്ന് കരുതി” ജലജ വീണ്ടും വാ പൊത്തി. അവള്‍ ഒന്നും മിണ്ടുന്നില്ല.

“ജലജെ,,, നീ ആ മാള താ,, ഞാന്‍ പൊക്കോളാ”
തല തിരുമ്മിക്കൊണ്ട് തന്നെ ദാസന്‍ പറഞ്ഞു. ജലജ ഒന്നും മിണ്ടുന്നില്ല

“ ജലജെ,, നീയെന്താ ഒന്നും മിണ്ടാത്തേ… എന്റെ മാലയെന്ത്യെ ജലജെ”

ഇത്തവണ എങ്ങലടിച്ചു കരഞ്ഞുകൊണ്ട്‌ ജലജ പറഞ്ഞ് തുടങ്ങി.

“ ദാസാ,, നീ എന്നോട് ക്ഷമിക്കണം. ഇവിടെ വന്നു നാലിന്റെയന്ന് അങ്ങേര് മാല വേണമെന്ന് പറഞ്ഞു. എന്റെ കൊടുക്കാന്‍ തോന്നീല. ഞാന്‍ അത് കൊടുത്തു”

“ എന്റെ ദൈവമേ,, തൊലച്ചല്ലോടീ ജലജെ.. ഞാന്‍ ഇനി പണയം വച്ചിടത്ത് കേറണോ”

“അത് അവിടുന്നും പോയി ദാസാ… ലേലത്തില്‍ പോയി,, ഒന്നിന് പുറകെ ഒന്നായി ഓരോന്നും പോയി,, എന്റെ സ്വര്‍ണ്ണം മൊത്തം പോയി ദാസാ”

ഇത്തവണ പൊട്ടി കരഞ്ഞത് ജലജയാണ്. അവള്‍ നിലത്തിരുന്നു പൊട്ടി കരഞ്ഞു. ദാസന്‍ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്. എഴുന്നേറ്റ ദാസന്‍ ജലജയോടു കുറച്ച് വെള്ളം ചോദിച്ചു.

നൈറ്റിയില്‍ മൂക്ക് പിഴിഞ്ഞ ജലജ എഴുന്നേറ്റു പോയി വെള്ളം കൊണ്ടുവന്നു. വെള്ളം മേടിച്ചു മുഖം കഴുകിയ ദാസന്‍ പാത്രം തിരികെ കൊടുത്തു.

“ ഇതെന്തിനാ കരി തേച്ചേ”

“ കാക്കാന്‍ കേറുമ്പോ ഇതൊക്കെ ഒരു ചടങ്ങല്ലേ. അങ്ങനെ തേച്ചതാ. മുഖം ചൊറിയുന്നുണ്ട്.. അതാ കഴുകിയെ”

ദാസന്‍ ജലജയെ വളരെ ദയനീയമായി നോക്കി.
“ നീ ഡോര്‍ തുറക്കുവോ.. എനിക്കിനി ഇതിന്റെ മേലെ കയറാന്‍ വയ്യ”

“ അടുക്കള വാതില്‍ തുറക്കാന്‍ കിട്ടൂല.. മുന്നീക്കൂടി പോണം”

“ എന്നാ വാ”

ദാസന്‍ ജലജയെ അനുഗമിച്ചു. പോകുന്ന വഴി ജലജയുടെ ബെഡ് റൂമില്‍ നോക്കിയ ദാസന്‍ ജലജയുടെ മകളെ കണ്ടു. മോള്‍ ഉറങ്ങുകയാണ്‌. ഒരു നിമിഷം മോളെ നോക്കി നിന്ന ദാസന്‍ വീണ്ടും നടന്നു.

“ എന്തെ” കരച്ചിലടക്കിയ ജലജ ദാസനോട് ചോദിച്ചു.

“ എനിക്ക് ജനിക്കാതെ പോയ മോളല്ലേ,,, ഞാന്‍ അവളെയൊന്നു നോക്കിയതാ ജലജെ”

“ അത് നിനക്ക് ജനിച്ച മോള് തന്നെയാ ദാസാ”
ജലജ പറഞ്ഞത് കേട്ടപ്പോള്‍ ദാസന്‍ ഞെട്ടി.

“ജലജെ ,, നീയെന്താ ഈ പറയുന്നേ”

“ നമ്മള്‍ പിരിയുമ്പോ ഞാന്‍ ഗര്‍ഭിണിയാ ദാസാ. എനിക്കത് പറയാനുള്ള ധൈര്യമില്ലായിരുന്നു”

ദാസന് വീണ്ടും കരച്ചില് വന്നു. ദാസന്‍ മോളുടെ അടുത്തേയ്ക്ക് പോയി. ദാസന്‍ മോളുടെ അടുത്ത് ചെന്നു വീണ്ടും കരഞ്ഞു. ജലജ എങ്ങലടിക്കുന്നുണ്ട്. ദാസന്‍ കട്ടിലില്‍ ഇരുന്നു. ജലജ ദാസന്റെ അടുത്തിരുന്നു.

“ എല്ലാം എന്റെ തെറ്റാണ്.. ദുബായിക്കാരന്‍ എന്ന് കേട്ടപ്പോള്‍ ഞാന്‍ സകലതും മറന്നു”

“ അത് നന്നായി ജലജെ,, അതുകൊണ്ട് നിനക്ക് ഒരു ജീവിതം കിട്ടീലെ”

“ ജീവതം,, കെട്ടു കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞപ്പോള്‍ അങ്ങേര് ദുബായിക്ക് പോയതാ. പിന്നെ തിരിച്ചു വന്നിട്ടില്ല. വീട് വാര്‍ക്കാനുള്ള പൈസ ആയിട്ടെ വരൂന്നാ അയാള് പറയുന്നേ”

“ വീട് വാര്‍ക്കണ്ട ജലജെ,, ഓടു തന്നെയാ നല്ലത്,, വാര്‍ത്താല്‍ ചൂട് കൂടും”

“ ഓട് ചോരൂലെ ദാസാ”

“ നല്ല മേസ്തിരി ഓടു വച്ചാ ചോരൂല ജലജെ… എത്ര മഴക്കാലം കഴിഞ്ഞു. എന്റെ വീട് ഇതുവരെ ചോര്‍ന്നിട്ടില്ല”

“ ഞാനൊരു കട്ടനിടട്ടെ”

ജലജ ചോദിച്ചപ്പോള്‍ വേണ്ടെന്നു പറയാന്‍ ദാസന് തോന്നീല.

“ ആവാം”

ദാസന്റെ മറുപടി കിട്ടിയപ്പോള്‍ ജലജ കട്ടനിടാന്‍ പോയി. ദാസന്‍ ജലയുടെ പുറകെ പോയി. കട്ടന്‍ തിളയ്ക്കുന്ന സമയം കൊണ്ട് അവര് പഴയ കുറെ കഥകള് അയവിറക്കി.

“ ജലജെ,,, എന്നാലും നമുക്ക് ഒരുമിക്കാന്‍ പറ്റാതെ പോയല്ലോ”

“ അത് വിധിയാണ് ദാസാ,, ഒരുമിക്കാനും വേണ്ടേ വിധി. ദാസേട്ടന്‍ നല്ല മനുഷ്യനാണ്. പ്രേമിച്ചു നടന്ന കാലത്ത് എന്നെ ഒരിക്കലും വിഷമിപ്പിച്ചില്ല. മാല ചോദിച്ചപ്പോള്‍ മാല വാങ്ങി തന്നു. പൈസ ചോദിച്ചപ്പോള്‍ പൈസ തന്നു”

“ സ്നേഹത്തെക്കാള്‍ വലുതാണോ ജലജെ മാലേം വളേം”

ദാസന്‍ പറയുന്നത് കേട്ടപ്പോള്‍ ജലജ പൊട്ടി കരഞ്ഞു. ആ കരച്ചില്‍ കേട്ടപ്പോള്‍ ജലജയുടെ മകള്‍ എഴുന്നേറ്റു വന്നു. അവള്‍ ശബ്ദം കേട്ട ഭാഗത്ത് ചെന്നപ്പോള്‍ കണ്ടത് ദേഹമാസകലം കരി പുരണ്ട ദാസനെയാണ്. ആരാ എന്താ ഒന്നും ചോദിക്കാതെ അവള്‍ അലറി.

ദാസനും ജലജയും ഞെട്ടി. ജലജ മോളുടെ വാ പൊത്തി പിടിച്ചു. ജലജയുടെ കൈക്ക് കടിച്ച മോള് വീണ്ടും കാറിക്കൂവി. അയല്‍ വക്കത്തെ വീടുകളില്‍ ലൈറ്റ് വീണു. കുറേപ്പേര്‍ ഓടി വന്നു.

ഇറങ്ങി ഓടാന്‍ പറ്റാതെ ദാസന്‍ വീടിനുള്ളില്‍ കുടുങ്ങി.

“ എന്ത് ചെയ്യും ജലജെ,, പെട്ടല്ലോ”

ഒരു നിമഷം.. ജലജക്ക് തോന്നിയ ബുദ്ധി ജലജ പ്രയോഗിച്ചു. വേറെ വഴിയില്ല ദാസാ. സോറി എന്ന് ജലജ മനസ്സില്‍ പറഞ്ഞു.

“ കള്ളന്‍,, കള്ളന്‍,, അയ്യോ കള്ളന്‍”

ജലജ കള്ളനെന്നു പറയുന്നത് കേട്ട ദാസന്‍ ഞെട്ടി. ജലജ മോളേം എടുത്ത് പുറത്തേയ്ക്ക് ഓടി. പന്തം കത്തിച്ചു വന്ന നാട്ടുകാര്‍ വീട്ടില്‍ കയറി.

കക്കാന്‍ കേറി കഥയും പറഞ്ഞിരുന്നിട്ട് കക്കാതെ കള്ളനായ ദാസന്‍ നാട്ടുകാരുടെ അടി വാങ്ങിയ ശേഷം പോലിസ് സ്റ്റേഷനിലേയ്ക്ക് പോയി. ദാസന്റെ കരി പുരണ്ട ജീവിതം തുടരുന്നു. എന്നാലും ജലജെ ,,നീ ….

Leave a Reply

Your email address will not be published. Required fields are marked *