അമ്മ ചീത്ത പേര് കേള്പ്പിചെന്നു പറഞ്ഞ് അവളുടെ നല്ല ഭാവി ഇല്ലാതാകും, അങ്ങനെ ലീല മോള്‍ക്ക് വേണ്ടി..

ലീലാമ്മയുടെ ലീലാ വിലാസങ്ങള്‍
(രചന: Vipin PG)

മോള്‍ക്ക് കല്യാണ ആലോചനയുമായി ലീലയുടെ അടുത്ത് വന്നതാണ്‌ ബ്രോക്കര്‍ സുഗുണന്‍.

സുഗുണന്‍ കുറെ ആലോചന കൊണ്ട് വരുന്നുണ്ട്. പക്ഷെ വീട്ടിലെ സാമ്പത്തിക സാഹചര്യം കാണുമ്പോഴും ലീലയുടെ ബാഗ്രൌണ്ട് കേള്‍ക്കുമ്പോഴും വരുന്നത് വരുനത് മുടങ്ങി പോകും.

ലീന പണ്ട് ഒളിച്ചോടി കല്യാണം കഴിച്ചതാണ്. പക്ഷെ ഒരു മകള്‍ ഉണ്ടായപ്പോ കെട്ടിയോന്‍ ഇട്ടിട്ടു പോയി. അയാളുടെ കൂടെ പോയത് കൊണ്ട് വീട്ടുകാര്‍ ഇട്ടിട്ടു പോയി. മൊത്തത്തില്‍ ലീല പെട്ടു പോയി.

ഒരൊന്നര കൊല്ലം കഴിഞ്ഞപ്പോള്‍ വേറൊരാള്‍ പ്രണയം പറഞ്ഞ് ലീലയെ വശീകരിച്ചു. പാവം ലീല. ആ സ്നേഹത്തിന്റെ മുന്നിലും വീണു പോയി.

കുറച്ചു നാളു കഴിഞ്ഞ് അയാളുടെ കാര്യം കഴിഞ്ഞപ്പോള്‍ അയാളും പോയി. അബദ്ധം രണ്ടായപ്പോള്‍ ലീലയ്ക്ക് മനസ്സിലായി ആരും ആത്മാര്‍ത്ഥത കാണിക്കാന്‍ വരുന്നതല്ല കാര്യം കാണാന്‍ വരുന്നതാണെന്ന്.

പിന്നെ പ്രേമം പറഞ്ഞ് വന്ന ഒരാളെ ലീല വീട്ടില്‍ സ്വീകരിച്ചിരുത്തി. ആറു തരം മുളകിട്ട് വച്ച അച്ചാര്‍ കഴിച്ച ശേഷം രണ്ടുപേരും പ്രേമിക്കാന്‍ പോയി. അടി മുടി ഉടലാഴം പുകഞ്ഞു പോയ ആ മനുഷ്യന്‍ ജീവനും കൊണ്ടോടി.

ആ ഓട്ടം കണ്ടിട്ട് ആര്‍ത്ത് ചിരിച്ച ലീല പിന്നെയാണ് അറിഞ്ഞത് ആ മനുഷ്യന്റെ പ്രേമം ആത്മാര്‍ത്ഥമായിരുന്നു എന്ന്. ആ കാര്യത്തില്‍ ലീലയ്ക്ക് ചെറിയ നഷ്ടബോധം തോന്നി.

ആ സംഭവത്തിന്‌ ശേഷം പ്രേമം പറഞ്ഞ് ലീലയുടെ അടുത്ത് ആരും പോയിട്ടില്ല. പിന്നെ ലീലയും ആരുടെ മുന്നിലും കിണ്‌ങ്ങാന്‍ നിന്നില്ല. മോള് വളര്‍ന്നു വരികയാണ്‌. അമ്മ ചീത്ത പേര് കേള്പ്പിചെന്നു പറഞ്ഞ് അവളുടെ നല്ല ഭാവി ഇല്ലാതാകും.

അങ്ങനെ ലീല മോള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചതാണ്. പക്ഷെ ഇതിപ്പൊ ഇല്ലാത്ത ചീത്തപ്പേര് വരികയും ചെയ്തു. ലീല ഒന്നും ചെയ്തിട്ടുമില്ല.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ലീലയുടെ മോള്‍ക്ക് കൂടെ പഠിക്കുന്ന ഒരാളോട് ഒരു ഇഷ്ടം തോന്നി. മറച്ചു വയ്ക്കാതെ മോള് ഇഷ്ടം പറയുകയും ചെയ്തു. പക്ഷെ ജീവിതത്തില്‍ അബദ്ധം മാത്രം പറ്റിയ ലീല ആ ഇഷ്ടം നിരസിക്കുകയാണ് ചെയ്തത്.

“ മോളെ,, എല്ലാരും കള്ളന്മാരാണ്,, ആരേം വിശ്വസിക്കരുത്,, അവര്‍ കട്ടോണ്ട് പോകും”

അമ്മ പറഞ്ഞതിനെ മോളും അനുസരിച്ചു. പിന്നെ അവള് പ്രേമിക്കാന്‍ പോയില്ല. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തും ചില്ലറ തുണി തയ്ച്ചും അവളും വരുമാനം കണ്ടെത്തി. മോളെ കുറിച്ച് പറയാന്‍ ലീലയ്ക്ക് നൂറു നാവാണ്.

അങ്ങനെ മോള് ഡിഗ്രി രണ്ടാം വര്‍ഷം. അപ്പോഴും വന്നു അവള്‍ക്ക് പ്രേമാഭ്യര്‍ത്ഥന. അവള് വീണ്ടും ലീലയോട് പറഞ്ഞു. അപ്പോഴും ലീല എതിര്‍ത്തു.

“ മോളെ,, മനസ്സ് ചാഞ്ചാടുന്ന പ്രായമാണ്.. ആര്‍ക്കും പിടി കൊടുക്കരുത്.. എല്ലാരും കള്ളന്മാരാണ്”

അപ്പോഴും മോള് ലീല പറഞ്ഞത് അനുസരിച്ചു. അവള് പ്രേമിച്ചില്ല. പക്ഷെ ഡിഗ്രി കഴിഞ്ഞ് ഇനി പഠിക്കാന്‍ പോകാന്‍ നിവര്‍ത്തി ഇല്ലാതെ വന്നപ്പോള്‍ ലീല മോള്‍ക്ക് കല്യാണം നോക്കാന്‍ തീരുമാനിച്ചതാണ്.

ഒരൊറ്റ ഡിമാന്റ് മാത്രം,, പഠിപ്പിക്കാന്‍ പറ്റുന്നവന് മാത്രമേ പെണ്ണിനെ കൊടുക്കൂ.

ആള് കുറെ വന്നു,, ചായ കുറെ തിളച്ചു,, പലഹാരം തീര്‍ന്നു,, ഒന്നേല്‍ ചെക്കന് പിടിക്കൂല,, അല്ലേല്‍ മോള്‍ക്ക് പിടിക്കൂല,, ഇത് രണ്ടും ശരിയായാല്‍ ലീലയുടെ പഴയ കഥകള്‍ പൊങ്ങി വരും.

ലീല ആകെ ധര്‍മ്മ സങ്കടത്തിലായി. മകളെ കെട്ടിച്ചു വിടണമല്ലോ. തന്റെ പേര് പറഞ്ഞ് മോളുടെ ഭാവി ഇല്ലാതായാല്‍ അത് ദൈവത്തിനു നിരക്കാത്ത പരിപാടിയാകും. എന്ത് ചെയ്യണമറിയാതെ ലീല മുളക് ചമ്മന്തി അരച്ചു.

ലീലയുടെ അര പകുതിയായപ്പോള്‍ ബ്രോക്കര്‍ വീട്ടില്‍ വന്നു.

“ ലീലാമ്മോ,, ഒന്നിങ്ങു വന്നെ” അര നിര്‍ത്തി ഉമ്മറത്ത് ചെന്നു നോക്കിയപ്പോള്‍ ബ്രോക്കര്‍ ഒറ്റയ്ക്കാണ്.

“ എന്താ ഭാസ്കരാ”

“ ലീലേ,,, ഞാന്‍ പറയുന്നത് വളരെ ശാന്തമായി കേള്‍ക്കണം” ഭാസ്കരന്റെ വര്‍ത്തമാനത്തില്‍ ലീല ഒന്ന് ഭയന്നു.

“ മോള്‍ക്ക്”
“ മോള്‍ക്ക്”
“ മോള്‍ക്ക്”
“ മോള്‍ക്ക്”
“ മോള്‍ക്ക്”

“ ഒന്ന് പറ ഭാസ്കരാ” ലീല ഞെട്ടിച്ചു. ഭയന്നു

“ മോള്‍ക്ക് നല്ലൊരു ആലോചന വരണമെങ്കില്‍ ആദ്യം ലീല കെട്ടി പോകണം”

ഒന്ന് ആശ്വസിച്ച ലീല ഭാസ്കരന്‍ പറഞ്ഞത് മനസ്സിലായില്ല എന്ന് പറഞ്ഞു.

“ ലീലേ,,, നിനക്ക് ഈ പറയുന്ന പ്രായമൊന്നുമില്ല… ഈ കണ്ട മഴക്കാലം വെറുതെ ഞാറു നട്ട് തീര്‍ക്കല്ലേ ലീലേ”

“ പ്ഭാ” ലീല നീട്ടിയൊരു ആട്ടാണ്. ഭാസ്കരന്‍ പിന്നെ ഒരു നിമിഷം അവിടെ നിന്നില്ല.

പക്ഷെ ഭാസ്കരന്‍ പറഞ്ഞത് ലീലയ്ക്ക് എവിടെയോ കൊണ്ടു. ശരിയാണ്,, നല്ല ജീവിതം ഇങ്ങനെ തീര്‍ക്കണ്ട. മാത്രമല്ല അങ്ങനെ മോള്‍ക്ക് ഒരു നല്ല ജീവിതമുണ്ടായാല്‍ അതും നല്ലതാണല്ലോ. ഭാസ്കരനെ ആട്ടി വിട്ടതില്‍ ലീല ഖേതിച്ചു.

ആ ഖേതം മാറ്റാന്‍ വേണ്ടി ലീല അപ്പൊ തന്നെ ഭാസ്കരന്റെ വീട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു.

സമയം രാത്രിയായത് നോക്കിയില്ല. കൈയ്യിലൊരു ടോര്‍ച്ചും എടുത്ത് ലീല വീട്ടില്‍ നിന്നിറങ്ങി. അമ്മ എങ്ങോട്ടാ പോകുന്നെ എന്ന് ചോദിച്ചു മകള്‍ പുറകെ ചെന്നെങ്കിലും ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ലീല പോയി.

സംഭവം എന്താണെന്നറിയാന്‍ മോള് പുറകെ പോയി. ലീല ഭാസ്കരന്റെ വീട്ടിലേയ്ക്ക് വച്ച് പിടിച്ചു. ഭാസ്കരന്റെ വീടിന്റെ മുന്നിലെത്തിയ ലീല വാതിലില്‍ തട്ടി

“ ഭാസ്കരാ ,, ഭാസ്കരാ”

ഓടിപ്പിടിച്ച് മോളും പുറകെ വന്നു. അവള്‍ അണച്ച് കൊണ്ട് എന്താ എന്താ എന്ന് ചോദിക്കുന്നെങ്കിലും ലീല ഒന്നും പറയുന്നില്ല. ഭാസ്കരന്‍ വാതില്‍ തുറന്നു. അയാളുടെ ഭാര്യ പുറകിലുണ്ട്.

“ വീട്ടില്‍ വച്ച് നടന്നത് ഭാസ്കരന്‍ മറക്കണം,, എനിക്കിഷ്ടമാണ് ഭാസ്കരാ,, എനിക്കൊരു ജീവിതം ഉണ്ടാക്കി തരണം” കേട്ട് നിന്ന സകലരും ഞെട്ടി.

“ ആരാ മനുഷ്യാ ഈ തള്ളയും മോളും”
ഭാസ്കരന്റെ ഭാര്യ അലറി.

“ താനെന്താടോ വീടില് വന്നു കാണിച്ചത്”

ലീലയുടെ മകള് ഭാസകരനോട് അലറി.. ആകെ മൊത്തം അലമ്പും അടിയും തെറിയും.

ഇവിടെ ഇപ്പൊ എന്താ സംഭവിച്ചേ എന്നറിയാതെ ഭാസ്കരന്‍ എയറില്‍ നില്‍ക്കുകയാണ്. കിട്ടിയ തുണി ബാഗില്‍ പായ്ക്ക് ചെയ്ത് ഭാസ്കരന്റെ ഭാര്യ വീട്ടില്‍ നിന്നിറങ്ങാന്‍ നോക്കി.

“ എനിക്കിനി ജീവിക്കണ്ട,, കണ്ട വീട് കയറി ഇറങ്ങി ഈ മനുഷ്യന്‍ കണ്ടിടത്ത് കുടുംബം ഉണ്ടാക്കി.. താന്‍ നശിച്ചു പോകുമെടോ”
ഭാസ്കരന്റെ ഭാര്യ പ്രാകിക്കൊണ്ട്‌ ഇറങ്ങി. പെട്ടെന്ന് വെടി പൊട്ടിയ പോലെ ലീല അലറി.

എ അലര്‍ച്ചയില്‍ എയറില്‍ നിന്ന ഭാസ്കരന്‍ നിലത്തിറങ്ങി. മോള് ശാന്തമായി. ഭാസ്കരന്റെ ഭാര്യ ബാഗ് നിലത്ത് വച്ചു. ശ്വാസം വിടാന്‍ പറ്റിയപ്പോള്‍ കാര്യം ഭാസ്കരന്‍ പറഞ്ഞ് തുടങ്ങി. ലീല സംഭവം പൂര്‍ത്തി കരിച്ചു.

ഇനി കല്യാണമെന്ന് പറഞ്ഞ് ഈ ഭാഗത്ത് വന്നു പോകരുതെന്ന് പറഞ്ഞ് ഭാസ്കരന്‍ ലീലയെ ഇറക്കി വിട്ടു. കേട്ട പാതി കേള്‍ക്കാത്ത പാതി വീട്ടില്‍ നിന്നിറങ്ങാന്‍ നിന്ന ഭാര്യയ്ക്ക് ഭാസ്കരന്‍ ഒരെണ്ണം കൊടുത്തു വീട്ടില്‍ കയറ്റി.

ലീലയും മോളും തിരിച്ചു പോകുകയാണ്. ആകെ നാറി നാണക്കേടായി. ഒന്നും വേണ്ടായിരുന്നു. കല്യാണവും വേണ്ട ഒരു അടിയന്തിരവും വേണ്ട. ഇങ്ങനെ തന്നെ ജീവിച്ചാല്‍ മതി.

അത് കണ്ടിട്ട് വരുന്ന ആലോചന വന്നാ മതി. അങ്ങനെ ചിന്തിച്ചു ടോര്‍ച്ച് അടിച്ചു കൊണ്ട് വീട്ടിലേയ്ക്ക് പോകുകയാണ് ലീല. പെട്ടെന്ന് ലീലയെ തടഞ്ഞു കൊണ്ട് മോള് പറഞ്ഞു.

“ അമ്മെ,, ബ്രോക്കര്‍ പോയെങ്കില്‍ പോട്ടെ അമ്മെ.. നമുക്ക് മാതൃമോണി നോക്കാം”
ദേഷ്യം കൊണ്ട് സകല പിടിയും വിട്ടു നിന്ന ലീല ടോര്‍ച്ച് മോളുടെ മുഖത്തേയ്ക്ക് അടിച്ചു. മോള് പിന്നെ ഒന്നും പറഞ്ഞില്ല.

നേരം ഇരുട്ടി വെളുത്തു. അമ്മയും മോളും പരസ്പരം മിണ്ടിയില്ല. മോള് തുണി തയ്ക്കുകയാണ്. പമ്മി പതുങ്ങി അവളുടെ അടുത്ത് ചെന്ന ലീല മെല്ലെ കാര്യം പറഞ്ഞു.

“ മോളെ,, നീ ഇന്നലെ പറഞ്ഞ മോണിയില്ലേ”

“ ഏത് മോണി ”

“ ആ ബ്രോക്കര്‍ക്ക് പകരം വരുന്ന ഏതോ മോണി,, ആളോട് വരാന്‍ പറാട്ടോ”

ലീലയുടെ നിഷ്കളങ്കമായ മറുപടി കേട്ട് മോള്‍ക്ക് ചിരി വന്നു.

Leave a Reply

Your email address will not be published. Required fields are marked *