അമ്മയുടെ പ്രശ്നം അവളുടെ ശരീരത്ത് ഒരാള് തൊട്ടതല്ല, മറിച്ച് അവള്‍ പ്രായത്തിനു മൂത്ത ഒരാളെ തല്ലി എന്നാണ്..

കാ മ ഭ്രാന്തന്‍
(രചന: Vipin PG)

ഇന്നത്തെ ടാര്‍ഗറ്റ് അച്ചീവ് ചെയ്ത സന്തോഷത്തില്‍ കിട്ടാന്‍ പോകുന്ന അപ്രിസിയെഷന്‍ സ്വപ്നം കണ്ടു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ബാക്കില്‍ ആ പിടി വരുന്നത്.

പച്ചയായി പറഞ്ഞാല്‍ ചന്തിക്ക്. ആദ്യത്തെ ഷോക്കില്‍ നിന്ന് റിലാക്സ് ആകാന്‍ കുറച്ചു ടൈം എടുത്തു.

റിലാക്സ് ആയപ്പോള്‍ തിരിഞ്ഞു നോക്കി. മുടിയും താടിയും നരച്ച ഒരു അറുപത് കാരന്‍ ആണ്. ഒച്ച വച്ച് സീന്‍ ഉണ്ടാക്കിയാല്‍ ചിലപ്പോള്‍ എല്ലാവരും കൂടി അയാളെ എടുത്ത് പെരുമാറും.

ചിലപ്പോള്‍ അയാള് ചത്തും പോകും. എന്ത് വേണമെന്ന് ഒരു നിമിഷം കൂടി ആലോചിച്ച ശേഷം നിമിഷ കുറച്ചു മുന്നോട്ടു കേറി നിന്നു. പാതി വഴിയില്‍ അയാള്‍ ഇറങ്ങി പോയി.

ബസ്സ്‌ ഇറങ്ങി വീടെത്തുന്നത് വരെ ഇത് തന്നെയായിരുന്നു അവളുടെ ചിന്ത. ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ടെങ്കിലും അവള്‍ക്കിത് ജീവിതത്തിലെ ആദ്യത്തെ അനുഭവമാണ്.

ഉള്ളില്‍ എവിടെയോ കൊളുത്തി. അന്നത്തെ ദിവസം ആരോടും ഒന്നും സംസാരിച്ചില്ല.

പിറ്റേന്ന് ഓഫീസില്‍ എത്തിയപ്പോള്‍ അവിടുത്തെ ഒച്ചയും ബഹളവുമോക്കെയായി അന്നത്തെ മൂഡ്‌ മാറി. വളരെ സന്തോഷത്തോടെ അന്നും വൈകിട്ടായി. നാളെയും ടാര്‍ഗറ്റ് തികയ്ക്കുന്ന കാര്യം ചിന്തിച്ചു കൊണ്ട് അവള്‍ ബസ്സില്‍ കയറി.

ചിന്തയില്‍ മുഴുവന്‍ ഓഫീസ് ആയിരുന്നത് കൊണ്ട് പുറം ലോകം അറിയുന്നേയില്ല. പെട്ടെന്നതാ വീണ്ടും ആ പിടി. ഇത്തവണ ആ പിടി അവളുടെ ഉള്ളുലച്ചു. ആ കൈ ഒരു നിമിഷം അവളുടെ ബാക്കില്‍ ഉറച്ചിരുന്നു.

ഒരു വിറയലോടെ തിരിഞ്ഞു നോക്കിയപ്പോള്‍ അയാള്‍ തന്നെ. ഇന്നലെ കണ്ട ആള്‍. അയാള്‍ നിമിഷയെ നോക്കി വളിച്ച ചിരി ചിരിച്ചു. നിമിഷ ഒന്ന് കണ്ണടച്ച് തുറന്നു.

മൈന്‍ഡ് റിലാക്സ് ചെയ്ത നിമിഷ സകല ദേഷ്യവും വലത് കൈയ്യില്‍ ആവാഹിച്ച ശേഷം അയാളുടെ കരണം പൊട്ടുന്ന പോലെ അടിച്ചു. ബസ്സ്‌ പൊടുന്നനെ നിര്‍ത്തി.

എന്താണ് കാര്യമെന്നറിയാതെ ആള്‍ക്കാര് നിമിഷയുടെ അടുത്തേയ്ക്ക് വന്നു. ഒരു സീറ്റിലേയ്ക്ക് ചാഞ്ഞ ആ മനുഷ്യന്‍ നേരെ നിന്നപ്പോള്‍ കൂടി നിന്ന സ്ത്രീകളില്‍ ഒരാള്‍ ഉറക്കെ പറഞ്ഞു.

“ ഇയാള്‍ കേറി പിടിച്ചു കാണും… അതാ പെണ്ണ് പൊട്ടിച്ചേ.. ഇയാള്‍ പിടിച്ചു കാണും… ഇയാളിന്നലെ എന്നെ പിടിച്ചു.. ഇയാള് പിടിച്ചു കാണും”

ദേഷ്യം അണപൊട്ടിയ ആ സ്ത്രീയും അയാളുടെ കരണത്ത് പൊട്ടിച്ചു. അയാളുടെ ചുണ്ട് പൊട്ടി ചോര വന്നു. ഒരു ഭീകര സീന്‍ ഒഴിവാക്കാന്‍ കണ്ടക്റ്റര്‍ പാട് പെട്ടു. ബസ്സ്‌ പോലിസ് സ്റ്റേഷനിലേയ്ക്ക് പോകണമെന്നായി സ്ത്രീകള്‍.

ഇതിനിടയില്‍ ആണുങ്ങളും രണ്ടു പേര്‍ അയാളെ കൈ വച്ചിരുന്നു. ഈ കോലത്തില്‍ അയാളെ കൊണ്ടുപോയാല്‍ അത് വലിയ പ്രശ്നമുണ്ടാക്കുമെന്ന് മനസ്സിലായ കണ്ടക്റ്റര്‍ എല്ലാവരെയും സമാധാനിപ്പിക്കാന്‍ പാട് പെട്ടു.

ഒടുക്കം അയാളുടെ കരണത്ത് ഒരെണ്ണം പൊട്ടിച്ച ശേഷം കണ്ടക്റ്റര്‍ അയാളെ ബസ്സില്‍ നിന്ന് ഇറക്കി വിട്ടു.

ബസ്സ്‌ ഇറങ്ങി വീട്ടിലേയ്ക്ക് പോകുന്ന വഴി നിമിഷ ചിന്തിച്ചു. ഇത് ഇന്നലെ ചെയ്യേണ്ടതായിരുന്നു. ഇന്നലെ ഇത് ചെയ്തിരുന്നെങ്കില്‍ അയാള്‍ ഇന്ന് ഇത് ആവര്‍ത്തിക്കില്ലായിരുന്നു. അന്ന് നിമിഷ തീരുമാനിച്ചതാണ് പ്രതികരണം..

അത് പിന്നത്തേയ്ക്ക് വയ്ക്കില്ല എന്ന്. അന്ന് വളരെ സന്തോഷത്തോടെ വീട്ടില്‍ ചെന്ന നിമിഷ ഉണ്ടായ കാര്യങ്ങള്‍ അമ്മയോട് പറഞ്ഞു. അയാളെ തല്ലിയെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്.

അമ്മയുടെ പ്രശ്നം അവളുടെ ശരീരത്ത് ഒരാള് തൊട്ടതല്ല,, മറിച്ച് അവള്‍ പ്രായത്തിനു മൂത്ത ഒരാളെ തല്ലി എന്നാണ്. അമ്മയോട് ഒന്നും മിണ്ടാതെ ഒരിറ്റു വെള്ളം പോലും കുടിക്കാതെ അന്നവള്‍ കിടന്നു.

അമ്മയുടെ ഒരു ആശ്വാസ വാക്കിനും അവളെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല. ചിലപ്പോള്‍ അമ്മയും കടന്നു വന്ന വഴിയാകാം,, പക്ഷെ അവളോട്‌ പെരുമാറെണ്ടത് അങ്ങനെ ആയിരുന്നില്ല എന്ന് തോന്നി.

പിറ്റേന്നും അമ്മയോട് മിണ്ടാതെ അവളിറങ്ങി. അമ്മ കൊടുത്ത ചോറിന്റെ പാത്രം അവള്‍ എടുത്തില്ല. അത് അമ്മയെയും നോവിച്ചു. മറ്റൊന്നുമല്ല,, നിമിഷ പുറത്ത് നിന്നും ഭക്ഷണം കഴിക്കാറില്ല. അവള്‍ ഇന്നും പട്ടിണി കിടക്കാന്‍ തീരുമാനിച്ചു.

ആ ചോറ്റു പാത്രം കൊണ്ട് അമ്മ അവളുടെ പുറകെ പോയിട്ടും അവള്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. ബസ്സ്‌ വന്നപ്പോള്‍ നിമിഷ കയറിപ്പോയി. ഒരു നിമിഷം അമ്മയ്ക്കും മനസ്സിലായി അവളുടെ മനസ്സ് നൊന്തു എന്ന്.

അന്ന് ഓഫീസില്‍ പോയ നിമിഷ ആരോടും മിണ്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയില്ല. ആ ഇന്‍സിഡന്റ് അറിഞ്ഞതുകൊണ്ട്‌ ആരും അവളെ ശല്യപ്പെടുത്തിയില്ല. ദിവങ്ങള്‍ കടന്നു പോയി.

നിമിഷ പതിയെ മാറാന്‍ തുടങ്ങി. അതല്ലെങ്കിലും അങ്ങനെയാണ്. ഒരു പരിധിക്കപ്പുറം അവള്‍ക്ക് മസില് പിടിച്ചു നില്ക്കാന്‍ പറ്റില്ല. അങ്ങനെ ഒരു ദിവസം നിമിഷ വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴി അയാളെ വീണ്ടും കണ്ടു.

ആദ്യ കാഴ്ചയില്‍ തന്നെ അയാള്‍ മദ്യപിച്ചിട്ടുണ്ട്‌ എന്ന് അവള്‍ക്ക് മനസ്സിലായി. വള്ളി നിക്കറിന് മുകളില്‍ മുണ്ട് കയറ്റി ഉടുത്ത് വിയര്‍ത്ത് കുളിച്ചു നില്‍ക്കുകയാണ് അയാള്‍. അയാള്‍ നിമിഷയെ കാത്തിരുന്ന പോലെ തോന്നി.

അവള്‍ അയാളെ മൈന്‍ഡ് ചെയ്യാതെ മുന്നോട്ടു പോയി. എന്നാല്‍ അയാള്‍ അവളെ ലക്ഷ്യമാക്കി വന്നു. ചുറ്റും ആരുമില്ലെന്ന് ഉറപ്പിച്ച അയാള്‍ അവളെ കടന്നു പിടിച്ചു. അന്ന് ബസ്സില്‍ കാണിച്ച ധൈര്യം നിമിഷയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

അയാള്‍ അവളെ തള്ളിയിട്ടു. അവള്‍ അലറി കരഞ്ഞുകൊണ്ട്‌ നിലത്ത് വീണു. അയാള്‍ അവളുടെ ദേഹത്ത് പാഞ്ഞു കയറി. അവള്‍ കുതറി മാറാന്‍ ശ്രമിച്ചു.

അയാള്‍ അവളുടെ കാലില്‍ പിടിച്ചു. ചെരിപ്പ് വലിച്ചു പൊട്ടിച്ചു. അവളുടെ പാദസരം വലിച്ചു പൊട്ടിച്ചു.

അവളുടെ വായ അമര്‍ത്തി പിടിച്ചു. നിമിഷ കുടഞ്ഞു കുതിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് പറ്റിയില്ല. അയാള്‍ സാരിയുടെ അടിയിലൂടെ കൈയ്യിട്ടു. അവളുടെ കാലിലൂടെ കൈ കടത്തിയ അയാള്‍ അവളുടെ തുടയില്‍ മാന്തി.

അലറി നില വിളിച്ച നിമിഷ അയാളുടെ തല മുടി പിടിച്ചു വലിച്ചു.സര്‍വ്വ ശക്തിയുമെടുത്ത് മുടി പിടിച്ചു വലിച്ച നിമിഷ മുടി പറിച്ചെടുത്തു.

വിട്ടു പോകാന്‍ ഭാവം കാണിക്കാതിരുന്ന ആ മനുഷ്യന്‍ സാരിക്കിടയിലൂടെ അവളുടെ വയറ്റില്‍ പിടിച്ചു. അവളുടെ മുഖത്ത് നക്കാന്‍ തുടങ്ങി. കൈ നിലത്ത് പരതിയ നിമിഷ കൈയ്യില്‍ കിട്ടിയ ഒരു കല്ല്‌ കൊണ്ട് അയാളുടെ തലയ്ക്ക് അടിച്ചു.

കല്ല്‌ കൊണ്ടുള്ള ആഞ്ഞടിയില്‍ അയാളുടെ തല പൊട്ടി ചോര ഒലിച്ചു. ഇരു കൈകള്‍ കൊണ്ടും തല അമര്‍ത്തി പിടിച്ചു കൊണ്ട് അയാള്‍ കരഞ്ഞപ്പോള്‍ പിടഞ്ഞെഴുന്നേറ്റ നിമിഷ വേച്ചു വേച്ച് നടന്നു.

നിലവിളി കേട്ട് ഓടി വന്ന ചിലര്‍ അവളുടെ അടുത്തേയ്ക്ക് ഓടി വന്നു. ഒരു നിമിഷത്തില്‍ തല ചുറ്റല്‍ വന്ന നിമിഷ കുഴഞ്ഞു വീണു.

കണ്ണ് തുറന്നപ്പോള്‍ നിമിഷ വീട്ടിലാണ്‌. കുറേപ്പേര്‍ ചുറ്റും കൂടിയിട്ടുണ്ട്. അവള്‍ എഴുന്നേറ്റു. അവളുടെ ദേഹമാകെ നീറുന്നു.

അയാളുടെ കൈ തൊട്ട ഭാഗം നാറുന്നു. അവള്‍ക്ക് അവളുടെ ശരീരത്തോട് അറപ്പ് തോന്നി. അവള്‍ ബാത്രൂമിലേയ്ക്ക് പോയി. ബാത്‌റൂമില്‍ കയറിയ നിമിഷ പൊട്ടി പൊട്ടി കരഞ്ഞു.

അവളുടെ മുഖത്തും ദേഹത്തും പറ്റിയ ഉമിനീരിന്റെ മണം അവള്‍ അറച്ചു. അര മണിക്കൂറോളം അവള്‍ ഷവറിന്റെ ചുവട്ടില്‍ നിന്നു. അയാളൊരു ഭ്രാന്തനായിരുന്നു. കാ മ ഭ്രാന്തന്‍..

അന്ന് ബസ്സില്‍ ഏറ്റ പ്രഹരം അയാളെ ചൊടിപ്പിച്ചു. ഒരു പക പോക്കലാണ് യഥാര്‍ത്ഥത്തില്‍ ഉണ്ടായത്. അയാള്‍ ആശുപത്രിയില്‍ ഐ സി യു വിലാണ്. പോലിസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.

ബാത്‌റൂമില്‍ നിന്നിറങ്ങി റൂമിലിരുന്ന നിമിഷയുടെ അടുത്ത് വന്ന അമ്മ അവളോട്‌ ആദ്യം തന്നെ ചോദിച്ചത് അയാളെക്കുറിച്ചാണ്. അയാളെ കുറിച്ച് പറയാനും അവള്‍ അറച്ചിരുന്നു.

“മോളെ.. എന്തൊക്കെയായാലും നീ അയാളെ തല്ലണ്ടായിരുന്നു”

അമ്മയുടെ വാക്കുകള്‍ ജീവന്‍ പറിച്ചെടുക്കും പോലെ തോന്നിയ നിമിഷ ഒന്നും മിണ്ടാതെയിരുന്നു.

അവളുടെ കണ്ണീരു വറ്റിയിരുന്നു. പ്രതികരിക്കാന്‍ പാടില്ല എന്ന് പറയാതെ പറയുന്ന ചില അമ്മമാരും നമുക്കിടയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *