കല്യാണം കഴിഞ്ഞു വർഷം മൂന്നായില്ലേ മോനെ, ഇത് വരെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇവൾക്ക് കഴിഞ്ഞില്ല..

(രചന: വിനു)

“”വിവാഹം കഴിഞ്ഞു പഠിപ്പിക്കാമെന്നൊക്കെ വാക്ക് പറഞ്ഞിട്ടാണ് നിങ്ങൾ എന്നെ കല്യാണം കഴിച്ചതെന്നതൊക്കെ ശെരിയാണ്.

പക്ഷെ അതിനു ഇങ്ങനെ പഠിപ്പിക്കാൻ വിടണോ മനുഷ്യനെ?? ഇതിപ്പോൾ ഞായർ വരെ ക്ലാസ്സ്‌ ഉണ്ട്. ക്ലാസിനു ഞാൻ പോകാം. അതിനൊരു മടിയുമില്ല.

പക്ഷെ കണ്ണേട്ടൻ അവധിയുള്ള ദിവസവും എന്തിനാ എന്നെ ഇങ്ങനെ വിടുന്നത്?? എനിക്കുമില്ലേ എന്റെ കെട്ടിയോന്റെ കൂടെയിരിക്കാൻ ആഗ്രഹം?? നിങ്ങൾക്കതൊന്നും മനസിലാവില്ല.

കാരണം ഏതു നേരവും കൂട്ടുകാരുടെ കൂടെ നടക്കാനാണല്ലോ നിങ്ങൾക്കിഷ്ടം. അവിടെ ഈ പാവം എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യില്ല. ഞാൻ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയല്ലേ ക്ലാസിനു വിടുന്നത്???””

ആദ്യം പരാതി പോലെ തുടങ്ങിയത് പിന്നീട് സെന്റി സീൻ ആകുന്നത് കണ്ടതും, കണ്ണൻ ഒരു ചിരിയോടെ അവളെ ചേർത്തു പിടിച്ചു.

“”നിന്റെ അടവൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്. മറ്റാരേക്കാളും എന്റെ ജീവനാണ് നീയെന്ന് നിനക്കും നന്നായി അറിയുന്ന കാര്യമാണ്.

പിന്നെ എന്ത് കാര്യത്തിനാണ് മോളെ ഈ ഇമോഷണൽ. ബ്ലാക്‌മെയ്ലിംഗ്??? നീയെന്തൊക്കെ പറഞ്ഞാലും ക്ലാസിനു പോയെ പറ്റു. അതിൽ കുറഞ്ഞില്ല സ്നേഹം മതി എനിക്ക്. അടുത്ത മാസമാണെല്ലോ എക്സാം ഡേറ്റ്.

പരീക്ഷ കഴിഞ്ഞാൽ പിന്നെ ഞാൻ നിന്നെ ഒന്നിനും ഇങ്ങനെ നിര്ബന്ധിക്കില്ല. ഒരു പട്ടാളക്കാരന്റെ ഭാര്യ എന്ന് പറയുന്നതിനേക്കാൾ അഭിമാനമല്ലേ ഒരു സർക്കാർ ഉദ്യോഗസ്ഥയെന്ന് പറയാൻ.

അത് കൊണ്ട് കണ്ണേട്ടന്റെ പൊന്ന് മാളു കൂടുതലൊന്നും ആലോചിക്കാതെ പോയി നാലക്ഷരം പഠിക്കാൻ നോക്ക്.. പിന്നെ നിന്റെ പരാതിയെല്ലാം നമ്മുക്ക് രാത്രിയിൽ പരിഹരിക്കാം….””

ഒരു വഷളൻ ചിരിയോടെ കണ്ണൻ പറഞ്ഞതും, മാളു അവന്റെ കൈയിലൊരു കുത്ത് കൊടുത്തു, ക്ലാസ്സിലേക്ക് പോയി.

കാരണം ഇനിയൊന്നും. പറഞ്ഞിട്ട് കാര്യമില്ലെന്ന് അവൾക്ക് നന്നായി അറിയാം. എന്തെല്ലാം പറഞ്ഞാലും ക്യാപ്റ്റൻ ആകാശ് മേനോൻ തന്റെ തീരുമാനത്തിൽ നിന്നും ഒരിക്കലും പിന്മാറാറില്ല.

ഒരു തീരുമാനം എടുക്കുന്നതിനു മുൻപ് നൂറുതവണ ആലോചിക്കുകയും, എടുക്കുന്ന തീരുമാനത്തിൽ നിന്നും ഒരിക്കലും പിന്മാറാത്തവനുമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ.

ജാതകത്തിന്റ പേരും പറഞ്ഞു വെറും ഇരുപതാം വയസിൽ, കണ്ണേട്ടന്റെ കൈ പിടിച്ചു വരുമ്പോൾ, ഭാവിയെ കുറിച്ച് കണ്ട സ്വപ്നങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരപോലെയാണെന്ന്. പക്ഷെ അതെല്ലാം ആദ്യത്തെ ദിവസം തന്നെ ഏട്ടൻ മാറ്റി തന്നു.

“”നമ്മുടെ കല്യാണം കഴിഞ്ഞെന്ന് കരുതി നിന്റെ ആഗ്രഹങ്ങൾ ഒന്നും നടക്കാതെയിരിക്കരുത്. എത്ര പെൺകുട്ടികളുടെ സ്വപ്നമാണ് കല്യാണം കഴിഞ്ഞും തുടർന്ന് പഠിക്കുകയെന്നത്. എനിക്കറിയാം മാളുവിന്‌ പഠിക്കാൻ നല്ല ഇഷ്ടമാണെന്ന്.

നിന്റെ ഇഷ്ടത്തിന് പഠിച്ചോ. അമ്മ പാവമാണ്. നിനക്ക് വേണ്ടതെല്ലാം ചെയ്തു തരും. പിന്നെ ഇനി ഇവിടെ നിന്നും പഠിക്കാനുള്ള സുഖമില്ലെങ്കിൽ ഞാൻ തിരിച്ചു ജോലി സ്ഥലത്തേക്ക് പോകുമ്പോൾ നീ വീട്ടിൽ പോയി നിന്നോ. ആരും ഒന്നും പറയില്ല.

നിനക്ക് വെക്കേഷനുള്ള സമയം ഞാൻ നിൽക്കുന്നിടത്തേക്ക് കൊണ്ട് പോകാം. അവിടെ അടിച്ചു പൊളിക്കാം. എന്തെ അത് പോരെ???””

യാതൊരു മുഖവരയുമില്ലാതെ പറഞ്ഞതും, സ്വർഗം കിട്ടിയ സന്തോഷമായിരുന്നു. പിന്നീട് തന്റെ ഇഷ്ടത്തിന് തന്നെ പഠിച്ചു. ഡിഗ്രി കംപ്ലീറ്റ് ചെയ്തു, അതിനു ശേഷം MA ക്കും ചേർന്നു.

അതിനിടയിൽ പലരുടെയും മുനവച്ചുള്ള സംസാരം കണ്ടിട്ടും കാണാത്തത് പോലെ നടക്കുകയായിരുന്നു ഞങ്ങൾ രണ്ടും. പക്ഷെ ഒരിക്കൽ മാത്രം കണ്ണേട്ടൻ പൊട്ടിത്തെറിച്ചു.

“”കല്യാണം കഴിഞ്ഞു വർഷം മൂന്നായില്ലേ മോനെ??? ഇത് വരെ ഒരു കുഞ്ഞിനെ പ്രസവിക്കാൻ ഇവൾക്ക് കഴിഞ്ഞില്ല. ഇനിയും ഇങ്ങനെ താമസിക്കണോ?? നല്ലൊരു ഹോസ്പിറ്റലിൽ പോയി ആർക്കാണ് പ്രശ്നമെന്ന് നോക്ക്. നേരുത്തേ മരുന്ന് കഴിച്ചാൽ ശെരിയാകും….””

കണ്ണേട്ടന്റെ അമ്മായി പറഞ്ഞതും, ഇത് വരെ ആരും കാണാത്ത കണ്ണനയിരുന്നു അവിടെ.

“”എന്റെ ഭാര്യ പ്രസവിക്കേണ്ട സമയമാകുമ്പോൾ പ്രസവിക്കും അമ്മായി. അതിന്റെ പേരിൽ എനിക്കില്ലാത്ത സങ്കടം വേറെ ആർക്കും വേണ്ട.

അത് മാത്രമല്ല, ഒരു പെണ്ണ് കല്യാണം കഴിഞ്ഞാൽ ഉടനെ പ്രസവിക്കണമെന്ന് എവിടെയെങ്കിലും നിയമമുണ്ടോ?? കുട്ടികൾ ഉണ്ടാവുക എന്നത് ഞങ്ങളുടെ വ്യക്തിപരമായ തീരുമാനമാണ്. അതിൽ കൈ കടത്താൻ വേറെ ആർക്കും ഒരു അവകാശവുമില്ല.

അത് എന്റെ അച്ഛനും അമ്മയ്ക്കും പോലും. ഞങ്ങൾക്ക് മക്കൾ വേണമെന്ന് തോന്നുമ്പോൾ അതൊക്കെ നടക്കും. അതിന്റെ പേരിൽ കുടുംബത്തിലെ ആർക്കും ഒരു സങ്കടവും വേണ്ട.

ഇനി നിങ്ങൾക്കൊക്കെ ഇവൾ ഇവിടെ നിൽക്കുന്നതാണ് സങ്കടമെങ്കിൽ, ഞാൻ കൊണ്ട് പോകും എന്റെ ജോലി സ്ഥലത്തേക്ക്… അതാകുമ്പോൾ ആർക്കും ഒരു ശല്യവുമില്ലല്ലോ…””

ദേഷ്യത്തിൽ വായിൽ തോന്നിയതെല്ലാം വിളിച്ചു പറയുന്ന ഏട്ടനെ കണ്ട് സമാധാനിപ്പിക്കാൻ വേണ്ടി കൈയിൽ കയറി പിടിച്ചതും, ദേഷ്യത്തോടെ കൈ തട്ടി കളഞ്ഞതും ഒരുമിച്ചായിരുന്നു.

“”പല തവണ ഞാൻ പറഞ്ഞിട്ടുണ്ട് മാളു. കാര്യം പറയുന്നതിന്റെ ഇടയിൽ വന്നു കയറരുതെന്ന്. മാറി നിൽക്കാൻ നോക്ക് പെണ്ണെ…””

പെട്ടെന്ന് സങ്കടം വന്നു കണ്ണ് നിറഞ്ഞെങ്കിലും പിന്നീട് ഒന്നും കേൾക്കാനുള്ള ശക്തിയില്ലാരുന്നു. അച്ഛനും അമ്മയുമൊക്കെ മോന്റെ ഇങ്ങനെയൊരു മുഖം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ നിന്നപ്പോൾ താൻ റൂമിലേക്ക് വന്നു.

അവിടെ നിന്നും ആരുടേയും ഒരു കുറ്റപ്പെടുത്തലും കേൾക്കാനുള്ള ത്രാണിയില്ലായിരുന്നു എന്നതാണ് സത്യം. കുറച്ചു കഴിഞ്ഞു ഏട്ടൻ മുറിയിലേക്ക് വന്നതും, എന്ത് ചെയ്യണമെന്നറിയാതെ എണിറ്റു നിന്നു.

“”മാളു…””

ഒട്ടും മയമില്ലാതെയുള്ള വിളി കേട്ടതും, അറിയാതെ തന്നെ വീണ്ടും കണ്ണുകൾ നിറഞ്ഞിരുന്നു.

“”അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ഒരു ബാഗിലെക്ക് എടുത്തു വെക്കാൻ നോക്ക്. പിന്നെ നിനക്ക് പഠിക്കാനുള്ള ബുക്കും. ഇനി എക്സാം എഴുതാൻ ഇവിടെക്ക് വന്നാൽ മതി.””

എടുത്തടിച്ചത് പോലെയുള്ള പറച്ചിലിൽ ആദ്യം സങ്കടം വന്നെങ്കിലും, ഒന്നും പറയാൻ തോന്നിയില്ല. മക്കൾ ഉടനെ വേണ്ടെന്ന് രണ്ട് പേരും കൂടെ ഒരുമിച്ചു എടുത്ത തീരുമാനമല്ലേ.

പിന്നെന്താണ് ഇങ്ങനെയെന്നുള്ള ചിന്തയായിരുന്നു മനസ് നിറയെ. ഒന്നും പറയാതെ തന്നെ സാധനങ്ങൾ എടുത്തു വെച്ചതും, ആളുടെയൊപ്പം പുറത്തേക്കിറങി.

“”ഇതൊക്കെ ഒരല്പം കൂടുതൽ ആണ് കണ്ണാ… കല്യാണം കഴിഞ്ഞാൽ വിശേഷമായില്ലേ എന്ന് മറ്റുള്ളവർ ചോദിക്കുന്നത് സ്വാഭാവികം. അതെല്ലാം കേൾക്കാത്തത് പോലെ കരുതിയാൽ തീരുന്ന പ്രശ്നമാണ് നീയിങ്ങനെ വഷളാക്കുന്നത്.

അല്ലെങ്കിൽ തന്നെ ചേച്ചി ചോദിച്ചതിന് എന്താണ് തെറ്റ്??? കല്യാണം കഴിഞ്ഞു വർഷം നാലായി. ഞങ്ങൾക്കുമുണ്ട് നിന്റെ മക്കളെ താലോലിക്കണമെന്ന മോഹം. നിനക്ക് നല്ലൊരു ജോലിയുണ്ടല്ലോ.

അത് മതി ഒരു കുടുംബത്തിന് മുന്നോട്ട് പോകാൻ. കുട്ടികൾ ഉണ്ടായാലും പഠിക്കാൻ പറ്റും. അല്ലാതെ അതിനു വേണ്ടി ഇപ്പോഴേ കുഞ്ഞുങ്ങൾ വേണ്ടെന്ന് പറയുന്നതൊക്കെ അഹങ്കാരമാണ്.””

ഇത് വരെ ഒന്നും പറയാത്ത അമ്മ ഇങ്ങനെയൊക്കെ പറഞ്ഞതും, ഇനിയും ഒന്നും കേൾക്കാൻ പറ്റില്ലെന്ന പോലെ കണ്ണേട്ടനെ മുറുകെ പിടിച്ചു.

“”അതെ. അമ്മയും അച്ഛനും അമ്മായിയും എല്ലാവരും പറയുന്നത് ശെരിയാണ്. ഞാനും എന്റെ ഭാര്യയും മാത്രമാണ് തെറ്റുകാർ. അത് ഞങ്ങൾ സഹിച്ചു.

അമ്മ കല്യാണം കഴിഞ്ഞു നാല് വർഷമായ കണക്ക് പറഞ്ഞെല്ലോ. പക്ഷെ ഇവൾക്ക് എത്ര വയസുള്ളപ്പോഴായിരുന്നു കല്യാണമെന്ന് പറയാത്തത് എന്താ?? ഞാനൊരു പട്ടാളക്കാരനാണ്. നല്ല ശമ്പളവുമുണ്ട്. പക്ഷെ ഒരു കാര്യം ആരും മറക്കരുത്.

ഒരിക്കൽ ഞാൻ ഇല്ലാതെ വന്നാലും എന്റെ ഭാര്യ മറ്റാരുടെയും മുന്നിൽ കൈ നീട്ടി നിൽക്കരുത്. അതെനിക്ക് സഹിക്കില്ല. അവൾക്ക് വേണ്ടത് നല്ല വിദ്യാഭ്യാസമാണ്. ശെരിയാണ്, മക്കൾ ഉള്ളവരും പഠിക്കുന്നുണ്ട്.

പക്ഷെ അതിൽ ഇപ്പോൾ പഠിക്കുന്നത് പോലെ ഇവൾക്ക് ശ്രദ്ധിക്കാൻ പറ്റുമെന്ന് എന്താണ് ഉറപ്പ്??? ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്ന അമ്മ അപ്പോൾ പറയുന്നത് കുഞ്ഞിന് രണ്ട് വയസൊക്കെ കഴിഞ്ഞു പഠിക്കാൻ പോയാൽ മതിയെന്നായിരിക്കും.

എന്തായാലും ഞങ്ങളുടെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ഞങ്ങൾക്കറിയാം. അതിനു പുറമെ നിന്നും ആരുടേയും സഹായം വേണ്ട…

അത്രമാത്രം പറഞ്ഞു അവിടെ നിന്നും നേരെ പോയത് ഗുജറാത്തിലേക്കാണ്. ഏട്ടന്റെ ക്യാമ്പിൽ.

പിന്നീട് നാട്ടിലേക്ക് വന്നത് MA എക്സാം എഴുതാൻ.. പിന്നെ തിരിച്ചു ഗുജറാത്തിൽ പോയെങ്കിലും, കണ്ണേട്ടൻ ആദ്യം ചെയ്തത് തന്നെ അവിടെ Ssc കോച്ചിംഗ് ചേർത്തു.

എന്തെല്ലാം പറഞ്ഞാലും ഒരു ദിവസം പോലും മുടങ്ങാൻ സമ്മതിക്കില്ല. ഒരു ജോലി വേണമെന്ന വാശിയാണ് ഏട്ടന്. ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയതല്ലേ തന്റെ ഭാഗ്യം…

(ഈ കഥയുടെ കോപ്പിറൈറ്റ് ഞങ്ങൾ വാങ്ങിയിട്ടുള്ളതാണ്.. ഞങ്ങളുടെ അനുവാദം കൂടാതെ ഈ കഥകൾ മറ്റെവിടെയും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല.©️ᴋᴀᴅʜᴀᴋᴏᴏᴛᴛᴜ)