നേരം രാത്രിയായി, അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ..

മൗനം
(രചന: Vidhya Pradeep)

നേരം രാത്രിയായി.. അടുക്കള ജോലിയെല്ലാം തീർത്തു അന്നും അവൾ കുളിച്ചു അയാളെയും കാത്തു മുറിയിൽ സമയം ചിലവഴിച്ചു…

എന്തുകൊണ്ടോ മനസ്സിൽ കുറെ പരാതികളും പരിഭവങ്ങളും അവളുടെ ഉറക്കം കെടുത്തി….

ഇവൾ ലക്ഷ്മി… ആളൊരു പാവമാണ്…

“ഏട്ടൻ വന്നിട്ടു വേണം കുറച്ചെങ്കിലും എന്തെങ്കിലും സംസാരിക്കാൻ..” മോനെ വേഗം ഉറക്കി ഫോണിൽ നോക്കി ലക്ഷ്മി സമയം ചിലവഴിച്ചു…

കുറച്ചു കഴിഞ്ഞ് ഒരുപാട് ടെൻഷനോടെയും പകലന്തിയോളം പണിയെടുത്തു ഓടിനടന്നതിന്റെ ക്ഷീണത്തിൽ ഉറക്ക ചടപ്പോടെ അയാൾ റൂമിലെത്തി ഒന്ന് കിടന്നാൽ മതിയെന്ന ഭാവത്തിൽ…

ഇതാണ് ലക്ഷ്മിയുടെ ഭർത്താവ്.. മാർച്ച്‌ ഏപ്രിൽ മാസത്തെ കൊടും ചൂടിൽ വീട്ടിലെ ഏറ്റവും ചൂട് കൂടിയ റൂമിനു ഉടമയായിരുന്നു അവർ..
മുറിയിൽ ചിലവഴിക്കുന്ന സമയം മുഴുവൻ അയാൾക്ക് അരോചകമായിരുന്നു..

വന്നു….വെള്ളം കുടിച്ചു…. ക്ഷീണത്താൽ കിടന്നു… ഒരു ചെറു ചിരിയോടെ അവൾ അവനെ നോക്കി.

കണ്ണുകളടച്ചു പാതി ചെരിഞ്ഞു കിടക്കുന്ന അയാളുടെ മനസ് മുഴുവൻ ഒരുപാട് ചിന്തകളായിരുന്നു… ആരോടും തുറന്നു പറയാതെ അടക്കി പിടിക്കുന്ന ഒരുപാട് കാര്യങ്ങൾ….

കണ്ണുകൾ കള്ളം പറയില്ല എന്നത് കൊണ്ടായിരിക്കാം ആ കണ്ണുകൾ അവൾക്ക് നേരെ അടയുന്നത്…

ഒരുപാട് സംസാരിക്കണം.. ഒരു ദിവസത്തിൽ തനിക്ക് ആകെ കിട്ടുന്ന സമയം ഈയൊരു 10മിനുട്ട് ആണ് ..

അല്പം ഈഗോ രണ്ടുപേരിലും ഉള്ളതുകൊണ്ടാണോ എന്നറിയില്ല ഒരാളുടെ മൗനം രണ്ടുപേരുടെയും ചിന്തകളെ ഉണർത്തിയില്ല…

തണുത്ത കാറ്റിനു പകരം ഫാനിൽ നിന്ന് വരുന്ന ഉഷ്ണവും മാനസിക പിരിമുറുക്കവും അയാളിൽ അരോചകം സൃഷ്ടിച്ചു..

ലക്ഷ്മി അയാളോട് ചേർന്ന് കിടന്നു… മുടിയിഴകൾ പതുക്കെ തലോടി.. നെറ്റിയിൽ ഉമ്മ വെച്ചു…

“എന്തെങ്കിലും പറയ് “എന്ന അവളുടെ ചോദ്യം അയാളിൽ ദേഷ്യമുണർത്തി..

“നിനക്കെന്താ പറഞ്ഞാൽ…. ഞാൻ കേൾക്കുന്നുണ്ടല്ലോ…. ഉറക്കം വരുന്നെങ്കിൽ ഉറങ്ങിക്കോ “… എന്ന മറുപടി അവൾക്ക് അസഹ്യമായി…

മുറിയിൽ തിങ്ങി നിൽക്കുന്ന മൗനം അവരെ വീർപ്പു മുട്ടിച്ചു… പരസ്പരം കണ്ണുകളിൽ നോക്കി സംസാരിക്കാനോ എന്തിനേറെ ഒരു പുഞ്ചിരി വിടർത്താനോ പോലും അവൾക് ആയില്ല..

നേരത്തെ എണീക്കുന്നത് കൊണ്ടാകാം അവളിൽ അതുവരെയുള്ള അലച്ചിലിന്റെ ക്ഷീണം പതിയെ വന്നു ..

ശേഷം ഉറക്കം…. പാതി ഉറക്കത്തിൽ രണ്ടാളും പരസ്പരം ചോദിച്ചു..

” നീ ഉറങ്ങിയോ “….

ഇല്ലാ… എന്നാ എന്തേലും പറയ് “..

വീണ്ടും മൗനം….

എന്തുകൊണ്ടോ സ്വന്തം ജീവിതത്തെ കുറിച്ച് ഒന്നും സംസാരിക്കാനില്ലാതെ അവർ നിശ്ശബ്ദരാകും..

രണ്ടാളുടെയും മനസിലുണ്ട് ഒന്ന് കെട്ടിപ്പുണർന്നെങ്കിൽ.. ഉമ്മ വെച്ചിരുന്നെങ്കിൽ…

ഒരു ചെറു പുഞ്ചിരി മതി നമ്മുടെ മനസിനെ കുളിർമഴ പെയ്യിക്കാൻ… പതിവുപോലുള്ള മുടി തലോടലിലെ സുഖം കൊണ്ടോ അതുവരെയുള്ള ക്ഷീണം കൊണ്ടോ എന്നറിയില്ല അയാൾ ഉറങ്ങിപ്പോയി…

ഉഷ്ണകാറ്റു അയാളുടെ കഴുത്തിലും പുറത്തുമൊക്കെ വിയർപ്പു തുള്ളികൾ സൃഷ്ടിച്ചു..

എന്തെല്ലാമോ പ്രതീക്ഷിച്ചു കാത്തിരുന്ന അവൾ എന്തെ തനിക്കൊരു ഉമ്മ പോലും തരാൻ തോന്നാഞ്ഞു എന്നാലോചിച്ചു സ്വയം കണ്ണീർ വാർത്തു..

ഒരുപക്ഷെ അവനിൽ ആകർഷണം ഉണർത്തി മനസിനെ സന്തോഷിപ്പിക്കാൻ അവൾക്കായില്ല എന്നതാണ് സത്യം…

എല്ലാം പെണ്ണിന്റെ തെറ്റായി കാണുന്ന സമൂഹത്തിൽ സ്വന്തം തെറ്റുകളെ സ്വയം ശപിച്ചു വിദൂരതയിലേക്ക് നോക്കി അവൾ സമയം ചിലവഴിച്ചു….

ചിലപ്പോഴെങ്കിലും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ ഒരു ദിവസമാകാം ഇത്….

Leave a Reply

Your email address will not be published. Required fields are marked *