എന്നിട്ട് ഇപ്പോൾ പെണ്ണ് കാണാൻ വരുന്ന ചെക്കന്മാർ എല്ലാം എന്താ പറയുന്നത്, ഇങ്ങനെ..

(രചന: വരുണിക വരുണി)

“”നിന്നെ പോലെ നീളവുമില്ല, തടിച്ചു ഉണ്ടപക്രുവിനെ പോലെ നടക്കുന്ന പെണ്ണിന് ഇപ്പോൾ വരും രാജകുമാരൻ.

അവിടെ നോക്കിയിരുന്നോ.. ആഹാരം കുറച്ചു കഴിക്കാൻ പറയുമ്പോൾ ഞങ്ങളെ കൊല്ലുമെല്ലോ…

ഞാൻ അങ്ങനെ ഒരുപാട് ഫുഡ്‌ ഒന്നും കഴിക്കില്ല ചേട്ടാ എനിക്ക് ജന്മനാ ഉള്ള തടിയല്ലേ ഇതൊക്കെ എന്നുള്ള ഡയലോഗ്…

എന്നിട്ട് ഇപ്പോൾ പെണ്ണ് കാണാൻ വരുന്ന ചെക്കന്മാർ എല്ലാം എന്താ പറയുന്നത്??? ഇങ്ങനെ തടിച്ചിരിക്കുന്ന ഒരു പെണ്ണിനെ ഞങ്ങൾക്ക് വേണ്ട.

നീളമുണ്ടെങ്കിൽ പിന്നെയും കുഴപ്പമില്ല, പക്ഷെ ഇതിപ്പോൾ ചെക്കനും പെണ്ണും കൂടെ നിൽകുമ്പോൾ പെണ്ണിനെ കണ്ടാൽ അവന്റെ അമ്മ എന്ന് തോന്നും എന്നൊക്കെ….

നിനക്ക് കുറച്ചെങ്കിലും നാണം എന്നൊരു വികാരം ഉണ്ടെങ്കിൽ നീ എന്തെങ്കിലും ചെയ്തു സ്വന്തം താടി കുറയ്ക്കാൻ നോക്ക്… അല്ലെങ്കിൽ പിന്നെ നീ ഈ വീട്ടിൽ തന്നെ നിൽക്കേണ്ടി വരും…””

സ്വന്തം ചേട്ടൻ തന്നെ ഇതും പറഞ്ഞു പുറത്തേക്ക് പോയപ്പോൾ പാറു ആകെ തളർന്നിരുന്നു….

അല്ലെങ്കിലും എല്ലാരുടെയും കുറ്റപ്പെടുത്തൽ… പക്ഷെ ഇപ്പോൾ സ്വന്തം ചേട്ടൻ തന്നെ!!! അവൾക്ക് വിശ്വസിക്കാൻ കൂടി പറ്റുന്നുണ്ടായിരുന്നില്ല….

അല്ലെങ്കിലും ഈ കുത്തുവാക്കുകൾ ഒന്നും പുത്തരിയല്ലല്ലോ.. ആദ്യമായി കറുമ്പി എന്നാ വിളി കേട്ടത് മുറ്റത്തു ചേട്ടന്റെ കൂടെ കളിക്കാൻ വന്ന കൂട്ടുകാരിൽ നിന്നാണ്…

നിന്റെ അനിയത്തിയാണെന്ന് കണ്ടാൽ പറയുകയേ ഇല്ല എന്ന് പറഞ്ഞു തമ്മിൽ നോക്കി ചിരിക്കുന്ന ചേട്ടന്മാർ ഒരിക്കലും തന്റെ മനസ് കാണാൻ ശ്രമിച്ചിട്ടില്ല…

കുത്തി കുത്തി വേദനിപ്പിക്കുന്നതിൽ ആരുന്നു അവർ ആനന്ദം കണ്ടെത്തിയത്…

അപ്പോഴേല്ലാം ഒരു വാക്ക് പോലും എതിർത്തു പറയാത്ത ചേട്ടനെ കണ്ട് വല്ലാത്ത സങ്കടം തോന്നിയിട്ടുണ്ട്.

പിന്നീട് സ്കൂളിൽ എത്തിയപ്പോൾ കറുമ്പി എന്ന് എല്ലാവരും വിളിക്കാൻ തുടങ്ങി. അങ്ങനെ വിളിക്കുമ്പോൾ അവരിൽ ആനന്ദം ആയിരുന്നു എങ്കിൽ തന്റെ മനസായിരുന്നു തകർന്നത്.

പല തവണ അമ്മയോട് ചോദിച്ചിട്ടുണ്ട് തനിക്ക് മാത്രം എന്താണ് കളർ ഇങ്ങനെയെന്ന്…

അപ്പോഴെല്ലാം അമ്മ പറയും അമ്മയുടെ മോൾ സുന്ദരിയാണെന്ന്… പക്ഷെ എന്തെ മറ്റുള്ളവർ ഒരിക്കൽ പോലും അങ്ങനെ ചിന്തിച്ചിട്ടില്ല…?????

ആദ്യമായി അമ്മ അല്ലാതെ ഒരാൾ തന്റെ കറുപ്പിനെ ഇഷ്ടമാണെന്ന് പറഞ്ഞത് ഉണ്ണിയേട്ടനാണ്… അടുത്ത വീട്ടിലെ ഭാസ്കരൻ മാമന്റെ മകൻ…..

ഉണ്ണിയേട്ടൻ തന്നെക്കാൾ മൂന്ന് വയസ് മൂത്തതാണ്… എന്നും കാണുമ്പോൾ ആളുടെ മുഖത്തൊരു ചിരി കാണും… ആരെയും മയക്കുന്ന ചിരി… ആ ചിരി കാണാൻ തന്നെ നല്ല ഭംഗിയാണ്….

പലപ്പോഴും വായനശാലയിൽ പോകുമ്പോൾ ഉണ്ണിയേട്ടനും കാണും കൂടെ….

അവിടെ വരെ പോകുന്ന വഴിയിൽ ആളുകൾ കളിയാക്കുന്നത് പലതും കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു… കാരണം അതിന്റെ പേരിൽ സങ്കടപെടുന്നത് ഉണ്ണിയേട്ടന് ഒട്ടും ഇഷ്ടമല്ലാരുന്നു….

അങ്ങനെ താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉണ്ണിയേട്ടൻ ചെന്നൈക്ക് പോയി…. എഞ്ചിനീയറിംഗ് പഠിക്കാൻ വേണ്ടി…

അവിടെ എത്തിയിട്ട് വിളിക്കാം എന്നാ ഉറപ്പിലാണ് പോയത്… ആദ്യമൊക്കെ എന്നും മുടങ്ങാതെ വിളിച്ചിരുന്നു.

പക്ഷെ പിന്നീട് ആ വിളിയുടെ എണ്ണം കുറഞ്ഞു… ചോദിച്ചപ്പോൾ പറഞ്ഞു പഠിക്കാൻ ഒരുപാട് ഉണ്ട് അത്കൊണ്ട് തന്നെ എന്നും വിളിക്കാൻ സമയമില്ല, അവസ്ഥ മനസിലാക്കണേ പാറു എന്ന്…

എന്റെ ഉണ്ണിയേട്ടന്റെ അവസ്ഥ ഞാനല്ലാതെ വേറെ ആരാ മനസിലാക്കേണ്ടത്….

ഇടയ്ക്ക് ഉണ്ണിയേട്ടൻ വെക്കേഷന് നാട്ടിൽ വരും. അപ്പോഴെല്ലാം എന്തെങ്കിലുമൊക്കെ ചെന്നൈ സ്പെഷ്യൽ തനിക്ക് വേണ്ടി കൈയിൽ കാണും…

അത്രയ്ക്ക് ഇഷ്ടമാണ് ഉണ്ണിയേട്ടന്… പക്ഷെ ഇപ്പോൾ രണ്ട് മാസമായി വലിയ വിളിയും കാര്യങ്ങളും ഒന്നുമില്ല…. അവോയ്ഡ് ചെയുന്നത് പോലെ….

ഇന്ന് ഉണ്ണിയേട്ടൻ വരുമെന്ന് ഭാസ്കരൻ മാമൻ പറഞ്ഞതും സന്തോഷത്തേക്കാൾ കൂടുതൽ സങ്കടം തോന്നി…. ഒരു വാക്ക് തന്നോട് പറഞ്ഞില്ലല്ലോ… അത്രയ്ക്ക് ഈ പാറുവിനെ വേണ്ടേ?????

വീടിന്റെ സോപനത്തിൽ ഇരുന്നു പഴയ കാര്യങ്ങൾ ആലോചിച്ചപ്പോൾ അവിടെയും വന്നു സ്വന്തം ചേട്ടന്റെ പുച്ഛം…

“”മോൾ ഉണ്ണിയെ ആലോചിച്ചായിരിക്കും സമയം കളയുന്നത്… പൊന്ന് മോളെ, പണ്ട് നിന്റെ കൂടെ വാല് പോലെ നടന്ന ഉണ്ണി അല്ല അവൻ ഇപ്പോൾ…

ഒരു മൾട്ടിനാഷണൽ കമ്പനിയിലെ എഞ്ചിനീയർ ആണ്… അവന് അവന്റെ സൗന്ദര്യത്തിനും, നിലയ്ക്കും, വിലയ്ക്കും അനുസരിച്ച ഒരു പെണ്ണിനെ കിട്ടും.

അല്ലാതെ നിന്നെ പോലൊരു കറമ്പിയെ അവൻ സഹിക്കുന്നത് എന്തിനാ??? ഭാസ്കരൻ മാമൻ പറഞ്ഞിരുന്നു അവന്റെ കൂടെ ഈ തവണ കുറെ കൂട്ടുകാരും വരുന്നുണ്ട് എന്ന്….

ചിലപ്പോൾ അവൻ സ്നേഹിക്കുന്ന പെണ്ണും കാണും അവരുടെ കൂടെ… ഇവിടെ ചിലരൊക്കെ നടക്കാത്ത സ്വപ്നവും കണ്ട് ഇരിക്കുന്നു… കഷ്ടം….””

എപ്പോഴും അവൻ അപമാനിക്കുമെങ്കിലും ഈ തവണ നല്ല സങ്കടം തോന്നി… അവൻ പറഞ്ഞതും ശെരിയാണ്…

ഒരിക്കലും ഉണ്ണിയേട്ടൻ ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ല…. കാത്തിരിക്കണമെന്ന് പറഞ്ഞിട്ടില്ല. പിന്നെ എന്തിന്റെ പേരിലാണ് താൻ സങ്കടപെടുന്നത്????

ചേട്ടൻ പറഞ്ഞത് പോലെ തന്നെ വന്നപ്പോൾ അവരുടെ കൂടെ സുന്ദരിയായ ഒരു പെണ്ണും ഉണ്ടാരുന്നു… എല്ലാ തവണയും നാട്ടിൽ വരുന്ന ഉടനെ തന്നെ കാണാൻ വരുന്ന ഉണ്ണിയേട്ടൻ ഈ തവണ ഒന്ന് വിളിച്ചത് കൂടിയില്ല…

എന്തൊക്കെ പറഞ്ഞാലും എന്റെ ഉണ്ണിയേട്ടനല്ലേ….

അവിടെ പോയി കാണാം എന്ന് പറഞ്ഞു ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടത് കൂട്ടുകാർ എല്ലാം കൂടി വീടിന്റെ മുന്നിലുള്ള മാവിൻചുവട്ടിൽ ഇരുന്നു കാര്യം പറയുന്നതാണ്…

അവിടെക്ക് പോകണോ എന്നാ സംശയത്തിൽ നിന്നപ്പോഴാണ് ഒരു ചേച്ചിയുടെ കൂടെ വീടിന്റെ ഉള്ളിൽ നിന്ന് ഇറങ്ങി വരുന്ന ഉണ്ണിയേട്ടനെ കണ്ടത്….

അടുത്തേക്ക് പോകുന്നതിനു മുൻപേ പുറകിൽ നിന്ന് കറുമ്പി എന്നാ വിളി വന്നു….

“”നീയാണല്ലേ ഉണ്ണി പറയാറുള്ള അവന്റെ വാല്… എന്തായാലും നിങ്ങൾ രണ്ടും ഒരുമിച്ച് നിൽകുമ്പോൾ രാവും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്… നിന്നെ സമ്മതിക്കണം ഉണ്ണി….””

വലിയ തമാശ പോലെ അവർ പറഞ്ഞതും അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു…

അതിലും സങ്കടം ഉണ്ണിയേട്ടൻ ഒരു വാക്ക് പോലും തിരിച്ചു പറഞ്ഞില്ല എന്നതാണ്…

ഉണ്ണിയേട്ടന്റെ മുഖത്തു പോലും നോക്കാതെ തിരിച്ചു വീട്ടിലേക്ക് പോകാൻ പോയപ്പോഴേക്കും കൈയിൽ പിടി വീണിരുന്നു….

“”അതിപ്പോ എന്റെ മുഖത്തു ആരെങ്കിലും ഒരു ആ സിഡ് ഒഴിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളു അരുണേ… നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു അടുത്താഴ്ച നടക്കാനിരിക്കുന്ന എന്റെ നിച്ഛയം മുടക്കല്ലേ….””

ഉണ്ണിയേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞതും നിച്ഛയം എന്നാ വാക്കിൽ മാത്രമേ ഞാൻ കേട്ടുള്ളു….

കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകിയപ്പോഴാണ് ഉണ്ണിയേട്ടൻ എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തത്…

“”എന്തിനാ പാറു നീ ഇങ്ങനെ കരയുന്നത്?? മറ്റുള്ളവർ നിറ
ത്തിന്റെ പേരിൽ എന്നെയും നിന്നെയും കളിയാക്കുന്നത് ആദ്യമായിട്ടല്ലല്ലോ…

അപ്പോഴേല്ലാം ചിരിക്കുന്നവൾക്ക് ഇപ്പോൾ എന്ത് പറ്റി??? ആയിരം കുടത്തിന്റെ വാ മൂടി കെട്ടാം.. പക്ഷെ ഒരു മനുഷ്യന്റെ പറ്റില്ല…

പിന്നെ എൻഗേജ്മെന്റ് കാര്യം പറഞ്ഞതിനാണ് ഈ കരച്ചില്ലെങ്കിൽ അത് നമ്മുടെ കാര്യമാണ്.. ഈ വരുന്ന ഞായർ നിച്ഛയം…

അടുത്ത മാസം കല്യാണം. അത് കഴിഞ്ഞു നിന്നെ ഞാൻ ചെന്നൈക്ക് കൊണ്ട് പോകും.

അവിടെ pg ചെയ്യാനുള്ള അഡ്മിഷൻ എല്ലാം ഞാൻ ഇപ്പോഴേ ശെരിയാക്കിയിട്ടുണ്ട്. നിനക്കൊരു സർപ്രൈസ് തരാനാണ് ഇത്ര ദിവസം ഞാൻ വിളിക്കാതിരുന്നത്.

അല്ലാതെ നിന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല… ഉണ്ണിയുടെ മനസ്സിൽ വർഷങ്ങളായി ഒരു പെണ്ണെ ഉള്ളു… അതെന്റെ പാറുവാണ്…

മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ ഇനി നമുക്ക് നമ്മുടെ ജീവിതം അടിച്ചു പൊളിക്കാം പെണ്ണെ… നീയും ഞാനും മാത്രം…

ഉണ്ണിയുടെയും അവന്റെ പാറുവിന്റെയും ലോകം….

Leave a Reply

Your email address will not be published. Required fields are marked *