പല തവണ തന്നോട് അവർ പറഞ്ഞിട്ടുണ്ട് കല്യാണം ഒന്നും നടത്തി തരാൻ പൈസ ഇല്ല, വേണമെങ്കിൽ..

(രചന: വരുണിക)

“”വെറുതെ യാമിയോട് എന്തിനാടാ വിച്ചു നീ ഇങ്ങനെ വഴക്കിനു പോകുന്നത്????

നീ അവളെ ചൊറിയും, അവൾ നിന്നെ കേറി മാന്തും. ആ പാവം പെണ്ണിനോട് എന്തെങ്കിലും ഇഷ്ടമുണ്ടെങ്കിൽ തുറന്നു പറയെടാ നീ…

വെറുതെ അതിനെ ഇങ്ങനെ പൊട്ടൻ കളിപ്പിക്കാതെ… നിന്നോടുള്ള ഇഷ്ടം അവൾ തുറന്നു പറഞ്ഞു എന്നത് നേരാണ്. പക്ഷെ അത് കഴിഞ്ഞു ഒരു വാക്ക് കൊണ്ട് പോലും അവൾ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല…

പകരം നീയോ??? തരം കിട്ടുമ്പോഴെല്ലാം അവളെ കളിയാക്കും… ഇതൊന്നും അത്ര നല്ലതല്ല മോനെ… ഇന്ന് നിനക്ക് എല്ലാം ഒരു തമാശയായിരിക്കും.

പക്ഷെ അവൾക്ക് അതൊന്നും അങ്ങനെയല്ല എന്ന് അവളുടെ നിറഞ്ഞ കണ്ണുകളിൽ നിന്ന് തന്നെ മനസിലാക്കാം…

മതിയെടാ ആ പാവത്തിനെ ഇങ്ങനെ പൊട്ടൻ കളിപ്പിച്ചത്.. അവൾക്ക് ആരുമില്ലാത്തത് കൊണ്ടാണോ നീ ഇങ്ങനെ???””

ദേഷ്യത്തോടെ ഗൗതം ചോദിച്ചതും, അതിനും വിഷ്ണു അവനെ നന്നായി ചിരിച്ചു കാണിച്ചു…

“”എന്ത് പറഞ്ഞാലും ഇങ്ങനെ ചിരിച്ചാൽ മതിയെല്ലോ… ഈ ചിരി കണ്ടാൽ പറയാൻ വന്നത് കൂടി മറന്നു പോകും പുല്ല്…. നീ എന്തെങ്കിലും കാണിക്ക്.. പക്ഷെ വെറുതെ അവളെ ഇങ്ങനെ വിഷമിപ്പിക്കരുത്….””

ഒരു ചേട്ടന്റെ കരുതലോടെ ഗൗതം പറഞ്ഞതും വിഷ്ണു യാമി പോയ വഴിയേ വെറുതെ നോക്കി നിന്നു….

ഡിഗ്രി മൂന്നാം വർഷം പഠിക്കുമ്പോഴാണ് യാമിയെ ആദ്യമായി കാണുന്നത്. ഒരുപാട് മേക്കപ്പ് ഒന്നുമില്ലാത്ത, ഒരു നാടൻ പെൺകുട്ടി…

ആരോടും അധികം attachment അവൾക്ക് ഇല്ല എന്ന് ആദ്യകാഴ്ചയിൽ തന്നെ അവൻ മനസിലാക്കിയിരുന്നു. കാരണം ഏത് നേരവും ലൈബ്രറിയിൽ അല്ലെങ്കിൽ ഏതെങ്കിലും ബുക്കും പിടിച്ചു ഒരു മരച്ചുവട്ടിൽ…..

കോളേജിലെ ഫ്രഷേഴ്‌സ് ഡേയ്ക്ക് കൊടുത്ത ടാസ്ക് ആയിരുന്നു ഒരു സീനിയർ ചേട്ടനെ പ്രൊപ്പോസ് ചെയുക എന്നത്.

യാമി വന്നു ഇഷ്ടം പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ കണ്ണ് തള്ളി പോയി. കാരണം അവളിൽ നിന്ന് അങ്ങനെ ഒരു നീക്കം ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ല…..

ആദ്യം തമാശയായിരിക്കും എന്ന് കരുതി… പക്ഷെ അത് ഒട്ടും തമാശ അല്ല എന്ന് തോന്നിയത് ഒരു ദിവസം കോളേജ് വിട്ടു അവൾ കാത്ത് നിന്നപ്പോഴാണ്…

“”വിച്ചേട്ടാ…. ഞാൻ തമാശയ്ക്ക് പറഞ്ഞത് അല്ലാട്ടോ… ശെരിക്കും ഇഷ്ടമാണ്. ഇത് വരെ ആരോടും തോന്നാത്തൊരു ഇഷ്ടം…

പിന്നെ എനിക്ക് അച്ഛനും അമ്മയുമില്ല…. മാമന്റെ വീട്ടിലാണ് നില്കുന്നത്. ഇതിന്റെ പേരിൽ സഹതാപം വേണ്ടാട്ടോ….””

യാതൊരു മടിയുമില്ലാതെ പറഞ്ഞിട്ട് പോയവളെ ആദ്യം അത്ഭുതത്തോടെയാരുന്നു നോക്കിയത്… ആരുമില്ലെന്ന് ഒരു മടിയുമില്ലാതെ വിളിച്ചു പറഞ്ഞവൾ…

പിന്നീട് അവളെ എവിടെ കണ്ടാലും വെറുതെ കളിയാക്കും… പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ഒരു സന്തോഷം… എങ്കിലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ അവൾക്കുമൊരു സ്ഥാനം കൊടുത്തിരുന്നു…. ഇഷ്ടമായിരുന്നു…

“”ഏത് നേരവും റൂമിൽ അടച്ചിരിക്കാതെ വീട്ടിലെ പണി എല്ലാം ചെയ്യാൻ നോക്ക് യാമി… അവളുടെ ഓരോ അടവുകൾ. ലോകത്തിൽ വേറെ ആർക്കും പനി ഇല്ലെല്ലോ.””

അമ്മായി ദേഷ്യപ്പെട്ടതും യാമി പതിയെ അടുക്കളയിലേക്ക് വന്നു ജോലി ചെയ്യാൻ തുടങ്ങി…

അല്ലെങ്കിലും ഇത് തനിക്കൊരു ശീലമാണ്…. വീട്ടിലെ ജോലികൾ എല്ലാം ഒതുക്കിയിട്ട് മാത്രമേ അമ്മായി കോളേജിൽ പോകാൻ അനുവദിക്കു…

വൈകിട്ട് കോളേജ് വിട്ടു വരുമ്പോൾ കാണും ഒരു കൂന പത്രങ്ങൾ കഴുകാൻ. അവരുടെ ഔദാര്യത്തിൽ ജീവിക്കുമ്പോൾ സ്വഭാവികമായും അതൊക്കെ ചെയേണ്ടി വരുമെല്ലോ…

തലവേദന സഹിക്കാൻ പറ്റാതെ ഭിത്തിയിൽ ചാരി നിലത്തേക്കിരുന്നവൾ… അത്രയ്ക്കും വയ്യാരുന്നു പെണ്ണിന്…

കഴിഞ്ഞ ദിവസം മഴയത്തു പുറത്തു കിടന്ന തുണി എടുക്കാൻ പോയതാണ് ഇന്ന് ഇത്ര പനിയായത്….

ചൂരൽ കൊണ്ടുള്ള ശക്തമായ പ്രഹരാമേറ്റാണ് യാമി കണ്ണ് തുറന്നത്….

മുന്നിൽ ഭദ്രകാളിയെ പോലെ നിൽക്കുന്ന അമ്മായിയെ കണ്ടതും ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് നല്ല നിച്ഛയമുണ്ടായിരുന്നു അവൾക്ക്…

ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചൂരൽ പതിഞ്ഞു. അതും ശക്തിയിൽ തന്നെ. കരയാൻ പോലും മറന്നു നിർവികാരമായി അടിയെല്ലാം നിന്ന് കൊള്ളുന്ന പെണ്ണിനെ കണ്ട് അവരുടെ ദേഷ്യം വീണ്ടും കൂടി…

അവസാനം ഇന്ന് കഴിക്കാൻ ഭക്ഷണം ഇല്ലെന്ന് പറഞ്ഞു അവർ അടുക്കള വിട്ടു പോകുമ്പോൾ തിരിച്ചൊന്നും പ്രതികരിക്കാതെ അവൾ അവിടെയിരുന്നു…

അല്ലെങ്കിലും അച്ഛനും അമ്മയും ഇല്ലാത്തവൾ… കഴിയുന്നത് തന്നെ അമ്മാവന്റെ കാരുണ്യത്തിൽ… ആകെ ഉള്ളത് സ്വന്തമായി ഒരു വീടാണ്…

പക്ഷെ ഒറ്റയ്ക്ക് ഒരു പെണ്ണിന് എങ്ങനെ അവിടെ നിൽക്കാൻ പറ്റും.?? അത് കൊണ്ട് തന്നെ ഇടയ്ക്ക് ഒന്ന് പോയി തുടച്ചു വൃത്തിയാക്കി ഇടുമെന്നല്ലാതെ അവൾ അവിടെയ്ക്കും പോകാറില്ല…

അമ്മായിക്ക് ഇഷ്ടമല്ല കോളേജിൽ പോകുന്നത്. പക്ഷെ നാട്ടുകാർ എന്ത് പറയും എന്നാ പേടിയാണ്. പല തവണ തന്നോട് അവർ പറഞ്ഞിട്ടുണ്ട് കല്യാണം ഒന്നും നടത്തി തരാൻ പൈസ ഇല്ല.

വേണമെങ്കിൽ ഏതെങ്കിലും ഒരുത്തന്റെ കൂടെ ഇറങ്ങി പോകണം. അത് കഴിഞ്ഞു ആ വീടുമായി ഒരു ബന്ധവും പറഞ്ഞു വരരുതെന്ന്….

അടുത്ത ദിവസം രാവിലെയും അമ്മായി അവൾക്ക് കഴിക്കാൻ ഒന്നും കൊടുത്തില്ല. വീട്ടിലെ ജോലിയെല്ലാം തീർന്നു കോളേജിൽ എത്തിയപോഴേക്കും താൻ ഇപ്പോൾ വീഴുമെന്ന് തോന്നി അവൾക്ക്…

ക്ലാസ്സിലേക്ക് നടക്കുമ്പോൾ കണ്ടു എതിരെ വരുന്ന വിഷ്ണുവിനെ…

“”ആഹാ… വിച്ചേട്ടന്റെ യാമികുട്ടി വന്നോ??? എവിടെയായിരുന്നു കരളേ??? നിന്നെ കാണാതെ നിന്റെ പ്രാണനാഥൻ എത്ര സങ്കടപെട്ട് എന്ന് അറിയാമോ????””

ചെറിയ ചിരിയോടെ തന്നെ വിഷ്ണു പറഞ്ഞതും മറ്റൊന്നും ആലോചിക്കാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..

“”എനിക്ക് വിശക്കുന്നു വിച്ചേട്ടാ… എന്തെങ്കിലും വാങ്ങി തരാമോ???””

തീരെ പതിയെ യാമി പറഞ്ഞതും അവൻ അത്ഭുതത്തോടെ അവളെ സൂക്ഷിച്ചു നോക്കി… കൈയിൽ ചൂരൽ കൊണ്ട് വരഞ്ഞ പാട് കണ്ടതും അവൻ ആകെ വല്ലാതായി… എങ്കിലും യാമിയോട് ഒന്നും ചോദിക്കാൻ തോന്നിയില്ല…

ക്യാന്റീനിൽ പോയി അവൾക്ക് ഇഷ്ടമുള്ള ആഹാരം വാങ്ങി കൊടുത്തു അടുത്തിരുന്നപ്പോൾ, ഇനി എന്ത് ചോദിക്കും എന്നൊരു ടെൻഷനായിരുന്നു അവന്…

“”വിച്ചേട്ടൻ ഇങ്ങനെ ചളി പറയാതെ ഇരിക്കേണ്ട. അത് കേൾക്കുന്നത് തന്നെ ഒരു സന്തോഷമാ… പിന്നെ എന്റെ ദേഹത്തെ പാടുകൾ…

അത് അമ്മായി ഒന്ന് സ്നേഹിച്ചതാ…. ഇടയ്ക്ക് ഇങ്ങനെ സ്നേഹിക്കാറുണ്ട്. സ്നേഹം കൂടിയത് കാരണം ഇന്നലെ രാത്രി മുതൽ പട്ടിണിയാണെ… കാന്റീനിൽ വരാൻ എന്റെ കൈയിൽ പൈസയുമില്ല…””

ഒരു ചിരിയോടെ തന്നെ കാര്യം പറഞ്ഞു ആഹരം കഴിക്കുന്നവളെ അവൻ സങ്കടത്തോടെ നോക്കി….

“”ഒരു വർഷം കൂടെ നിനക്ക് അവിടെ പിടിച്ചു നിയ്ക്കാൻ പറ്റുമോ യാമി???””

ഒട്ടും പ്രതീക്ഷിക്കാതെയാരുന്നു അവന്റെ ചോദ്യം…

“”ഇത്ര വർഷം നിന്നില്ലേ… കോഴ്സ് കഴിയുന്നത് വരെ എന്തായാലും അവിടെ തന്നെ.

അത് കഴിഞ്ഞു എന്തെങ്കിലും ജോലി കിട്ടുമോ എന്ന് നോക്കണം. എന്തയാലും അമ്മായി എന്റെ കല്യാണം നടത്തില്ല എന്ന് പറഞ്ഞിട്ടുണ്ട്. അത്ര ആശ്വാസം…””

“”എങ്കിൽ ഈ ഒരു വർഷം കൂടെ നീ അവിടെ ഒന്ന് സഹിക്കണം… അത് കഴിഞ്ഞു ഞാൻ കൊണ്ട് പോകാം. എന്റെ പെണ്ണായി…. നമ്മുടെ വീട്ടിലേക്ക്….””

വിഷ്ണു പറഞ്ഞതും വിശ്വാസം വരാതെ യാമി അവന്റെ മുഖത്തേക്ക് നോക്കി…

“”ഇങ്ങനെ എന്നെ നോക്കി പേടിപ്പിക്കണ്ട… എനിക്ക് നിന്നെ ഇഷ്ടമാണെന്ന് നിനക്കും അറിയുന്ന കാര്യം തന്നെ ആണെല്ലോ..

അത് കൊണ്ടല്ലേ ഇന്ന് സ്വന്തം ക്ലാസ്സിൽ ഒരുപാട് പിള്ളേർ ഉണ്ടായിട്ടും നീ എന്റെ അടുത്തേക്ക് തന്നെ വന്നത്…

കുറെയൊക്കെ കാര്യങ്ങൾ എനിക്കും അറിയാം… ഒരു ജോലിയാകാതെ നിന്നെ കൂടെ കൂട്ടാൻ പറ്റില്ലല്ലോ…

അതിന് വേണ്ടിയാണ് ഒരു വർഷം ചോദിച്ചത്… ഒട്ടും പറ്റില്ലെന്ന് ആണെങ്കിൽ ഒരു വാക്ക് നീ പറഞ്ഞാൽ മതി..

ഹോസ്റ്റലിൽ ആക്കാം ഞാൻ… മാസം നിന്റെ ചിലവിനുള്ളത് ശനിയും ഞായറും പെയിന്റ് പണിക്കും, കാറ്ററിംങ് വർക്കിനു പോയാൽ എനിക്ക് കിട്ടും….

ഇനിയും നിന്റെ വേദന കാണാൻ വയ്യ… നിന്റെ ചിരി കാണാൻ ആണ് വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞു ഞാൻ പുറകെ നടന്നത് അല്ലാതെ ഇഷ്ടം അല്ലാത്തത് കൊണ്ടല്ല… എന്റെ പെണ്ണല്ലേ നീ…..””

വിഷ്ണു പറഞ്ഞതും ഒരാൾ എങ്കിലും തന്റെ സങ്കടങ്ങൾക്ക് താങ്ങായി കൂടെയുണ്ടല്ലോ എന്ന സന്തോഷത്തിൽ അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *