ഇനിയും ഈ ബന്ധം തുടരാൻ എനിക്ക് താല്പര്യം ഇല്ല അഞ്ചു, ഞാൻ പറഞ്ഞെല്ലോ കല്യാണം..

(രചന: വരുണിക)

“”ഇനിയും ഈ ബന്ധം തുടരാൻ എനിക്ക് താല്പര്യം ഇല്ല അഞ്ചു. ഞാൻ പറഞ്ഞെല്ലോ കല്യാണം കഴിഞ്ഞും നിന്നെ ഞാൻ പഠിപ്പിക്കാം എന്ന്.

എന്തായാലും നിന്റെ വീട്ടുകാർ ഒരു കൂലിപണിക്കാരന്റെ കൂടെ നിന്നെ കെട്ടിച്ചു വിടില്ല. അപ്പോൾ പിന്നെ ഒളിച്ചോട്ടം അല്ലാതെ നമ്മുടെ മുന്നിൽ വേറെ വഴി ഇല്ല.

നിന്റെ മുന്നിൽ രണ്ട് ഓപ്ഷൻ ഉണ്ട്. ബാംഗ്ലൂർ പഠിക്കാൻ ചേർന്ന കോഴ്സ് നിർത്തി എന്റെ കൂടെ ജീവിക്കാൻ വരാം അല്ലെങ്കിൽ എന്നെ ഉപേക്ഷിച്ചു നിനക്ക് നിന്റെ ഇഷ്ടത്തിന് എന്തും ചെയാം.

എന്തായാലും ഇപ്പോൾ ഒരു തീരുമാനം വേണം. ഇതിന്റെ പുറകിൽ നടക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല.””

“”ഞാൻ എന്താ പറയേണ്ടത് ഗോകുലേട്ടാ??? എല്ലാം ഉപേക്ഷിച്ചു നിങ്ങളുടെ കൂടെ വരാമെന്നോ???

എന്റെ സ്വപ്‌നങ്ങൾ നിങ്ങളുടെ പ്രണയത്തിൻ മുൻപിൽ ഞാൻ ഉപേക്ഷിക്കണമെന്നോ??? അതൊന്നും നടക്കില്ല…””

“”നടക്കില്ലെന്നോ??? എന്ത് കൊണ്ട് നടക്കില്ല??? കുറച്ചു നാൾ മുൻപ് വരെ ഇങ്ങനെ ഒന്നും അല്ലല്ലോ നീ പറഞ്ഞത്??

നിനക്ക് മറ്റൊന്നും വേണ്ട, എന്റെ ഭാര്യയായി ജീവിച്ചാൽ മതി. ആ ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് എന്നൊക്കെയല്ലേ???””

“”അതെ അങ്ങനെയൊക്കെ ആണ് ഞാൻ പറഞ്ഞത്. ഇപ്പോഴും പറയുന്നു എനിക്ക് നിങ്ങളെ ഇഷ്ടമാണ്.

ജോലിയും ഒന്നും എനിക്കൊരു പ്രശ്നമല്ല. പക്ഷെ എന്റെ ക്ലാസ്സ്‌ കഴിയാതെ ഞാൻ കൂടെ ജീവിക്കാൻ വരില്ല….””

“”നീ വരേണ്ട. എനിക്ക് ഇനി നിന്നെ പോലൊരു പെണ്ണിനെയും വേണ്ട. സ്വന്തം ഇഷ്ടത്തിന് നടക്കുന്ന നിന്നെയൊക്കെ എന്ത് വിശ്വാസത്തിൽ കെട്ടും ഞാൻ??? വേണമെങ്കിൽ കല്യാണം കഴിഞ്ഞു മൂന്ന് ദിവസം കഴിയുമ്പോൾ നീ മറ്റൊരു ചെക്കന്റെ കൂടെ പോകും…

ഇനി ഇതോടെ നമ്മൾ തമ്മിലുള്ള ബന്ധം എല്ലാം അവസാനിച്ചു. നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി….””

പിന്നീട് ഒരു സംസാരത്തിന് നില്കാതെ ഗോകുൽ പോയപ്പോൾ അഞ്ചു ആകെ തളർന്നിരുന്നു. അവനിൽ നിന്ന് ഇങ്ങനെ ഒരു മറുപടി അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…

ഇന്നലെ അമ്മ പറഞ്ഞ വാക്കുകൾ ആരുന്നു മനസ് നിറയെ…

അമ്മയോട് പറഞ്ഞിരുന്നില്ല തനിക്ക് ഒരാളെ ഇഷ്ടമാണെന്ന്. പക്ഷെ പെറ്റമ്മ അല്ലെ. മക്കളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പോലും മനസിലാക്കുന്നത് അമ്മയല്ലേ മാറ്റാരാണ്…

അടുത്ത് വിളിച്ചിട്ട് ഒന്നും അങ്ങോട്ട് പറയാതെ തന്നെ എല്ലാം ഇങ്ങോട്ട് പറഞ്ഞു.

“”നിനക്ക് ആരെയോ ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാം. അത് ആരാ എന്നൊന്നും ഞാൻ ചോദിക്കുന്നില്ല. പക്ഷെ ഒരു കാര്യം പറയാം. അവൻ ആരായാലും ഞങ്ങളോട് വന്നു പെണ്ണ് ചോദിക്കണം.

കുടുംബത്തിൽ പിറന്ന ആൺകുട്ടികൾ അങ്ങനെയാണ്. പെട്ടെന്ന് ഒരു ദിവസം തമ്മിൽ ജീവിക്കാൻ തോന്നി നിങ്ങൾ ഇറങ്ങി പോകുമ്പോൾ അവിടെ തകരുന്നത് ഒരു കുടുംബത്തിന്റെ അഭിമാനമാണ്.

നിന്നെ ഇത്ര വളർത്തി വലുതാക്കിയ അച്ഛന്റെയും അമ്മയുടെയും തല മറ്റൊരാളുടെ മുന്നിൽ കുനിയാണോ വേണ്ടയോ എന്ന് സ്വയം ചിന്തിക്കുക.

ഞങ്ങൾക്ക് പറ്റിയ ചെക്കൻ എന്ന് തോന്നിയാൽ ഞങ്ങൾ തന്നെ നടത്തി തരുമെല്ലോ.

അത് പോലെ തന്നെ ഇപ്പോൾ കല്യാണം പിന്നീട് പഠിക്കാം തുടങ്ങിയ പഞ്ചാര വാക്കുകളിൽ തലയും കുത്തി വീഴരുത്.

കല്യാണം കഴിഞ്ഞും പഠിപ്പിക്കുന്ന ചെക്കന്മാർ ആണ് ഇപ്പോൾ നാട്ടിൽ കൂടുതൽ എന്ന് അമ്മയ്ക്ക് അറിയാം.

പക്ഷെ എത്രയോക്കെ നാട് പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും കല്യാണം കഴിഞ്ഞു കയറി ചെല്ലുന്ന വീട് എങ്ങനെ ഉള്ളതാണെന്ന് നമുക്ക് പറയാൻ പറ്റില്ല.

ചിലപ്പോൾ സ്വന്തം മോളെ പോലെ കാണുന്ന അമ്മായിഅമ്മ, ചിലപ്പോൾ ഈ സീരിയാലിൽ ഒക്കെ കാണുന്നത് പോലെ ടെറർ. അതൊക്കെ നിന്റെ ഭാഗ്യം പോലെ ഇരിക്കും.

വീട്ടിലെ ജോലിയും, ഭർത്താവിന്റെ കാര്യങ്ങളും, പഠിപ്പും എല്ലാം കൂടെ നല്ല ബുദ്ധിമുട്ടായിരിക്കും മോളെ.

ഇതിന്റെ ഇടയിൽ ഒരു കുഞ്ഞു കൂടി വന്നാൽ പിന്നെ പറയുകയും വേണ്ട. കുഞ്ഞുണ്ടായാൽ പിന്നെ അവരാണ് നമ്മുടെ ലോകം.

അവർക്ക് വേണ്ടി നമ്മൾ എന്തും സഹിക്കും. പിന്നീട് പഠനത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥ. കാരണം അമ്മയ്ക്ക് വലുത് തന്റെ കുഞ്ഞാണെല്ലോ.

പക്ഷെ മക്കളെ കണ്ടും മാവിന്റെ പൂ കണ്ടും മോഹിക്കരുത് എന്ന് പണ്ടുള്ളവർ പറയും. അത് തന്നെയാണ് ഇവിടെയും. ഒരിക്കൽ സ്വന്തം മോനോ അല്ലെങ്കിൽ ഭർത്താവോ തള്ളി പറഞ്ഞാലും നിനക്ക് ജീവിക്കണം.

അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലത്തോളം നിനക്ക് ആശ്രയം ഞങ്ങളുണ്ട്. പക്ഷെ ഞങ്ങളുടെ മരണശേഷമോ??? ആരാണ് ഉള്ളത്???? നിനക്ക് നീ മാത്രമേ കാണു..

മോളുടെ പ്രായം അമ്മയ്ക്ക് അറിയാം. ഞാൻ പറഞ്ഞെല്ലോ സ്നേഹിക്കുന്നത് തെറ്റല്ല. പക്ഷെ അത് നിന്നെ മനസിലാക്കുന്ന, നിന്റെ കുടുംബത്തെയും ചേർത്തു പിടിക്കുന്ന ഒരാൾ ആയിരിക്കണം.

അത് പോലെ തന്നെ ഒരിക്കലും അച്ഛനെ മോശക്കാരനാക്കി എന്റെ മോൾ ഇറങ്ങി പോകരുത്. കാരണം നിനക്ക് വേണ്ടിയാണ് ആ മനുഷ്യൻ ഇത്ര നാളും ജീവിച്ചത്.

അദ്ദേഹത്തിനെ വേദനിപ്പിച്ചാൽ ദൈവം ക്ഷമിക്കില്ല. പിന്നെ നിന്റെ ജീവിതമാണ്. നിന്റെ ഇഷ്ടം. ഇത്രയെങ്കിലും പറഞ്ഞു തരേണ്ടത് എന്റെ കടമ. “”

ഇത്ര മാത്രം പറഞ്ഞു അമ്മ പോയതും പിന്നീട് ദിവസങ്ങൾ തന്റെ ചിന്ത അത് മാത്രം ആരുന്നു. ഇന്ന് ഗോകുലേട്ടൻ പറഞ്ഞ വാക്കുകൾ.!!!

വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു വീട്ടിലേക്ക് ചെന്നപ്പോൾ കണ്ടു തനിക്ക് ഇഷ്ടമുള്ള വടയും മറ്റും ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മയെ.

മറ്റൊന്നും ആലോചിക്കാതെ അമ്മയുടെ നെഞ്ചിലേക്ക് വീണപ്പോൾ കാര്യം ചോദിക്കാതെ തന്നെ അമ്മ ചേർത്തു പിടിച്ചിരുന്നു.

“”എന്താ മോളെ??? എന്നതിനാ നീ ഇങ്ങനെ കരയുന്നത്?? എന്ത് പറ്റി????””

പിന്നീട് തനിക്ക് ഒന്നും തന്നെ അമ്മയുടെ മുന്നിൽ പറയാതിരിക്കാൻ ഇല്ലാരുന്നു.

ആദ്യമായി അവനെ കണ്ട കാര്യം മുതൽ കഴിഞ്ഞ ദിവസം നടന്നത് വരെ പറയുമ്പോൾ അവിടെ അവർ വളരെ നല്ലൊരു കേൾവിക്കാരിയായി…

ചില സമയം കേൾക്കാൻ ആൾ ഉള്ളതും ഒരു ഭാഗ്യമല്ലേ..

“”എനിക്ക് പേടിയാകുന്നു അമ്മേ… ഇനി ഏട്ടൻ എന്നെ എന്തെങ്കിലും???.. ഞാൻ ചെയ്തത് തെറ്റാണോ??? ഏട്ടന്റെ കൂടെ ജീവിക്കണമെന്നത് എന്റെ ആഗ്രഹമാണ്.

പക്ഷെ അത് പോലെ തന്നെ എനിക്ക് വലുതല്ലേ എന്റെ പ്രൊഫഷൻ??? ഞാൻ എന്താ ഇപ്പോ ചെയുക????””

“”നീ ചെയ്തതിൽ അമ്മയ്ക്ക് ഒരു തെറ്റും കാണാൻ പറ്റില്ല. നീ ചെയ്തത് തന്നെയാണ് ശെരി. എല്ലാം നമ്മൾ ഒരുമിച്ചു കൊണ്ട് പോകണം.

നിന്നോട് ആത്മാർത്ഥ സ്നേഹം ഉള്ളവൻ ആരുന്നു എങ്കിൽ അവൻ ഒരിക്കലും അങ്ങനെ നിന്നോട് സംസാരിക്കില്ലായിരുന്നു.

കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ ഇത് വരെ നിന്നെ വളർത്തിയത് ഇന്നലെ കണ്ടവന് നിന്നെ തട്ടി കളിക്കാൻ കൊടുക്കാൻ അല്ല. അവൻ നിന്നെ ഒന്നും ചെയ്യില്ല.

അതിന് എന്ത് വേണമെന്ന് എനിക്ക് അറിയാം. വൈകിട്ട് അച്ഛൻ ജോലി കഴിഞ്ഞു വരട്ടെ. ഈ കാര്യത്തിന് നമുക്ക് ഒരു തീരുമാനം എടുക്കാം.””

ആശ്വാസിപ്പിക്കാൻ എന്നാ പോലെ അമ്മ പറഞ്ഞതും പിന്നീട് ഒന്നും പറയാതെ കുറെ നേരം റൂമിൽ പോയി കിടന്നു.

അച്ഛന്റെ ശബ്ദമാണ് പിന്നീട് ഉറക്കത്തിൽ നിന്ന് ഉണരാൻ കാരണം.

അച്ഛന്റെ മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ നിന്നപ്പോൾ പ്രതീക്ഷിക്കാതെയാണ് അച്ഛൻ ചേർത്തു പിടിച്ചത്…

“”ആവിശ്യമില്ലാത്ത കാര്യങ്ങൾ ആലോചിച്ചു ഇനിയും അച്ഛന്റെ മോൾ ടെൻഷൻ അടിക്കേണ്ട. ഇത് അച്ഛൻ സോൾവ് ചെയ്തോളാം.

ഇനി അവന് നിന്നോട് ആത്മാർത്ഥ സ്നേഹം ആണെങ്കിൽ നിന്റെ പടുത്തം കഴിഞ്ഞി കല്യാണം അച്ഛൻ നടത്തി തരും. അല്ലെങ്കിൽ ഈ ബന്ധം മറക്കാം.””

പിന്നീട് അമ്മ പറഞ്ഞു അറിഞ്ഞു ഗോകുൽ ഇനി ഒരു ശല്യത്തിന് വരില്ലെന്ന് പറഞ്ഞെന്ന്. അതിന് വേണ്ടി അച്ഛൻ എന്താണ് പറഞ്ഞതെന്ന് തനിക്ക് അറിയില്ല.

എങ്കിലും ഇത് പോലൊരു അച്ഛനെയും അമ്മയെയും തന്നതിന് അവൾ മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞു ബാംഗ്ലൂർ പോകാൻ തയാറായി…

Leave a Reply

Your email address will not be published. Required fields are marked *