എന്റെ അവസ്ഥ നിനക്ക് വരരുത്, നീ പഠിത്തം നിർത്തരുത് നിങ്ങളുടെ അച്ഛന്റെ വലിയ..

തണലായ്
(രചന: Vandana M Jithesh)

തെക്കേ തൊടിയിൽ എരിഞ്ഞു തീരാറായ അച്ഛന്റെ ചിത നോക്കി പ്രദീപ്‌ ദീർഘമായി നിശ്വസിച്ചു..

വീടിന്റെ നെടുന്തൂണായിരുന്നു അച്ഛൻ ഓട്ടോ ഡ്രൈവർ ആയിരുന്ന അച്ഛനെ ആശ്രയിച്ചാണ് അവനും അനിയനും അനിയത്തിയും അമ്മയും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്..

ചേച്ചിയുടെ വിവാഹം നേരത്തെ കഴിഞ്ഞത് ഒരാശ്വാസം.. പക്ഷേ ഇനി..!! ഭാവി ഒരു വലിയ ചോദ്യമായി അവന്റെ മുന്നിൽ ഉയർന്നു..

ഏറെ ആഗ്രഹിച്ചാണ് അവൻ എഞ്ചിനീയറിംഗ് പഠിക്കാൻ ചേർന്നത്.. തരക്കേടില്ലാതേ പഠിച്ചിരുന്നതാണ്..

ക്യാമ്പസ്‌ സെലെക്ഷൻ ഒക്കെ വരുമ്പോൾ നല്ലൊരു ജോലി വാങ്ങി അച്ഛനൊരു താങ്ങാവുന്നത് ഒത്തിരി സ്വപ്നം കണ്ടിട്ടുള്ളതാണ്.. പഠിത്തം തീരാൻ ഇനിയും ഒന്നര വർഷം കൂടി ബാക്കിയാണ്..

അതിനി മുഴുമിപ്പിക്കാൻ സാധിക്കുമോ?? വീട്ടിലെ നിത്യ ചെലവുകൾ! താഴെയുള്ളവരുടെ പഠിത്തം! ജീവിത യാഥാർഥ്യങ്ങൾ അവനെ നോക്കി പല്ലിളിച്ചു..

ഇന്ന് അച്ഛന്റെ മരണത്തിൽ പങ്കു ചേരാൻ എത്തിയവരൊക്കെ അങ്ങനെ തന്നെയാണ് പറഞ്ഞത്..

തന്നോട് മുതിർന്ന ഒരാൾ എന്ന പോലെ അഭിപ്രായങ്ങൾ പറയുകയും, ആരായുകയും ഒക്കെ ചെയ്യുമ്പോൾ അവൻ ആ സത്യം തിരിച്ചറിഞ്ഞു..

ഇനി അച്ഛന്റെ കുട്ടൻ ഇല്ലാ.. മരിച്ചുപോയ സോമേട്ടന്റെ മൂത്ത മകൻ പ്രദീപ്‌ മാത്രമേ ഉള്ളൂ.. അവന്റെ കണ്ണീർ അടർന്നു വീണു..

അച്ഛന്റെ ജീവനായിരുന്ന ഓട്ടോ അവൻ നോക്കി. തന്റെ കോളേജ് ബാഗിലേക്കും പുസ്തകങ്ങളിലേക്കും നോക്കാൻ പോയ കണ്ണുകളെ അവൻ തടഞ്ഞു നിർത്തി..

” കുട്ടാ… ”

ആർദ്രമായ ഒരു വിളിയാണ് അവനെ ഉണർത്തിയത്.. മുന്നിൽ വല്യളിയൻ ബാബുവായിരുന്നു
അളിയനോട് ബഹുമാനം കലർന്ന അടുപ്പമാണ്..അച്ഛനോടെന്ന പോലെ..

മറ്റുള്ള കൂട്ടുകാരെ പോലെ അളിയാ എന്നും വിളിച്ചു തോളിൽ കയ്യിട്ടു നടക്കാൻ പലപ്പോളും തോന്നാറുണ്ട്.. പക്ഷേ ഗൗരവക്കാരനായ ആളേ കാണുമ്പോൾ അതൊക്കെ മാറ്റി വെക്കും..

” ഇനിയെന്താ തീരുമാനം?? പോയവരൊക്കെ പോയി.. പക്ഷേ ബാക്കിയുള്ളവർക്ക് ജീവിച്ചേ പറ്റൂ.. അതാണ്‌ പ്രകൃതി നിയമം.. ”

ബാബു പറഞ്ഞതിന് അവൻ ഒന്നും മറുപടി പറഞ്ഞില്ല.. പകരം അവന്റെ കണ്ണുകൾ ഷെഡിൽ കിടന്ന അച്ഛന്റെ ഓട്ടോയിലേക്ക് നീണ്ടു..

അതിലുണ്ടായിരുന്നു ഉത്തരം.. ബാബു അവനെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു..

” തോന്നി.. ഇതാവും നിന്റെ തീരുമാനം എന്ന്.. ”

ബാബു അവനെ പിടിച്ചു അടുത്തിരുത്തി..

” കുട്ടാ.. നിന്നിൽ ഇപ്പൊ ഞാൻ എന്നേ തന്നെയാണ് കാണുന്നത്.. എന്റെ അച്ഛൻ മരിക്കുമ്പോൾ ഞാൻ പ്രീഡിഗ്രി പരീക്ഷ എഴുതി നിൽക്കുകയായിരുന്നു..

ഒരുപാട് പഠിക്കണം.. ഒരു മാഷാവണം എന്നൊക്കെ ആയിരുന്നു അന്നെന്റെ ആഗ്രഹം.. പക്ഷേ എല്ലാം അച്ഛന്റെ കൂടെ എരിഞ്ഞു തീർന്നു.. ”

ബാബു കണ്ണിൽ ഊറിക്കൂടിയ കണ്ണീർതുള്ളി തട്ടിക്കളഞ്ഞു.

” അന്ന് പഠിത്തം നിർത്തി അച്ഛനെ പോലെ വാർപ്പിന്റെ പണിക്ക് പോയി തുടങ്ങി.. അങ്ങനെ പണി പഠിച്ചു.. പിന്നെ ഒത്തിരി കഷ്ടപ്പെട്ടാണ് ചെറിയ പണികളൊക്കെ കരാറെടുത്തു ചെയ്യാൻ പാകത്തിന് ആയത്..

ഇന്ന് കാണുന്ന പോലെ ഒന്ന് നല്ല നിലയിൽ ആവാൻ ഒരുപാട് പാടുപെട്ടിട്ടുണ്ട്..

മിനിയുടെ പഠിപ്പ്,കല്യാണം, അമ്മയുടെ ചികിത്സ, വീടിന്റെ കടം എല്ലാം നടത്തിയെടുക്കാൻ ഞാൻ എന്റെ മോഹങ്ങളെ ഒക്കെ ബലി കൊടുത്തു..

ഓരോ വർഷവും അച്ഛന് വെലിയിടുമ്പോൾ ഞാൻ എന്റെ നടക്കാതെ പോയ സ്വപ്നങ്ങൾക്കും വെലിയിടാറുണ്ട്… ഇപ്പൊ ഞാനിതൊക്കെ കുട്ടനോട് പറഞ്ഞത് എന്തിനാണ് എന്നറിയാമോ?? ”

ആ ചോദ്യം പോലും അവൻ കേട്ടില്ല..

” പണ്ട് പല തവണ ഞാൻ ഓർത്തിട്ടുണ്ട്.. മൂത്ത മകൻ ആയതുകൊണ്ടല്ലേ എനിക്കീ അവസ്ഥ വന്നതെന്ന്..

ഇപ്പൊ അങ്ങനെ ഒന്നുമില്ലാട്ടോ.. ഞാൻ ഹാപ്പിയാണ്.. പക്ഷേ എന്നാലും ഇടയ്ക്കെങ്കിലും തോന്നും..

പിള്ളേരുടെ സ്കൂളിൽ പോകുമ്പോ അവിടത്തെ സാറമ്മാരെ ഒക്കെ കാണുമ്പോ ഒരു നീറ്റൽ തോന്നും.. എനിക്കും പഠിക്കാനൊക്കെ പറ്റിയിരുന്നെങ്കിൽ ഒരു മാഷാവായിരുന്നില്ലേ എന്ന്… ”

ബാബു ചിരിച്ചു.. വേദന കലർന്നൊരു പുഞ്ചിരി..

” എന്റെ അവസ്ഥ നിനക്ക് വരരുത്.. നീ പഠിത്തം നിർത്തരുത്.. നിങ്ങളുടെ അച്ഛന്റെ വലിയ ആശയായിരുന്നു നീ പഠിച്ചു നന്നാവുന്നത് കാണണം എന്ന്.. അതുകൊണ്ട് നീ അടുത്ത ദിവസം തൊട്ട് ക്ലാസ്സിൽ പോയി തുടങ്ങണം.. ”

കണ്ണ് നിറഞ്ഞുപോയി..

” അത്.. ഏട്ടാ.. ഞാൻ ക്ലാസ്സിൽ പോയാൽ.. ഇവിടത്തെ കാര്യങ്ങളൊക്കെ.. ”

” നീ അതൊന്നും ഓർക്കേണ്ട.. അച്ഛന്റെ ഓട്ടോ നമുക്ക് വാടകയ്ക്ക് കൊടുക്കാം.. അതുപോലെ അമ്മ ഒന്ന് ശരിയായ ശേഷം അമ്മയുടെ കൃഷി ഒക്കെ ഒന്ന് വിപുലമാക്കാം..

കൂടെ അമ്മയ്ക്ക് കുറച്ചു കോഴിയും ആടുമൊക്കെ വാങ്ങി കൊടുക്കാം.. അത് അവർക്ക് ഒരാശ്വാസവും ചെറിയൊരു വരുമാനവും ആകും.. കാര്യങ്ങളൊക്കെ അങ്ങനെ നടന്നോളും..

പിന്നെ നിങ്ങടെ ചേച്ചിയുടെ സ്വർണം ഒക്കെ അവള് തരും.. നിന്റെ പഠിപ്പിനും അത്യാവശ്യം ഇപ്പോളത്തെ കാര്യങ്ങൾക്കും അത് മതിയാവും.. ബാക്കിയൊക്കെ നമുക്ക് നോക്കടാ.. ”

ബാബു അവന്റെ തോളിലൂടെ കയ്യിട്ടു.. പ്രദീപ്‌ പൊട്ടിക്കരഞ്ഞു പോയി.. അളിയനെ കെട്ടിപ്പിടിച്ചു അവൻ കരയുമ്പോൾ ആ വിരലുകൾ അവനെ തലോടുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.

” അയ്യേ.. കരയല്ലേടാ.. ”

ബാബുവിന്റെ സ്വരവും ഇടറുന്നുണ്ടായിരുന്നു.

” പിന്നേയ്.. മര്യാദയ്ക്ക് നന്നായി പഠിച്ച് ഒരു ജോലി വാങ്ങിക്കോണം.. കേട്ടല്ലോ.. ”

കപടഗൗരവത്തോടെ അത് പറഞ്ഞ് ചേർത്ത് പിടിച്ച അളിയനെ പ്രദീപ്‌ ചെരിഞ്ഞു നോക്കി.. അളിയനപ്പോൾ അവന്റെ അച്ഛന്റെ മുഖമായിരുന്നു.. എന്നും തണലായി മാറുന്ന അച്ഛന്റെ ചിരി..

Leave a Reply

Your email address will not be published. Required fields are marked *