മോൾ എപ്പോഴും ചോദിക്കാറില്ലേ മോൾടെ റിയൽഡാഡിനെ പറ്റി, ദാ നിൽക്കുന്നു..

(രചന: Syam Varkala)

പ്രണയം നല്ലതാ നനയാൻ‌ സ്വന്തമായിട്ടൊരു മഴയുള്ളത് ചെറിയ കാര്യല്ല..

പക്ഷേ, നീ വളരെ പെട്ടെന്ന് തോർച്ചയെ പൂകി…എന്നെന്നേക്കുമായി.. നീ പോയതിൽ പിന്നെ നനഞ്ഞിട്ടില്ലൊരു മഴയുമിന്നേവരെ..”

കോളേജ് ദിനങളിൽ ഒപ്പിയെടുത്ത
ചിരിയുടെ ,കളിയുടെ, കുറുമ്പിന്റെ,
ആഘോഷത്തിന്റെ നിമിഷങൾ നിറഞ്ഞ ആൽബത്തിലെ ആദ്യത്തെ താളിലെ സ്വർണ്ണ അക്ഷരങളിൽ റാം മൃദുവായി തലോടി,

മനസ്സിലപ്പോൾ മഴ പെയ്തു,
നനഞ്ഞു കൊണ്ട് അവർ ക്യാമ്പസിലെ ബദാം മരത്തിൻ ചുവട്ടിലേയ്ക്കോടിക്കയറി, ഇല വിടവുകളിലൂടെ മഴ തൊട്ടു വിളിച്ചു കൊണ്ടേയിരുന്നു. റാം ആൽബം മറിച്ചു, .

മുഖങൾ.. കോളേജിന്റെ,….
ലൈബ്രറിയുടെ,… കയറ്റവും ഇറക്കവും ഒരേ മുഖത്തിലൊളിപ്പിച്ച പടിക്കെട്ടുകളുടെ,..

ചുവരെഴുത്തുകളിൽ വിടർന്നു നിൽക്കുന്ന പ്രണയാക്ഷരങളുടെ,
മുഷ്ട്ടിച്ചുരുട്ടാൻ ആവേശത്തെ ജ്വലിപ്പിക്കും വിപ്ലവവരികളുടെ…
കൂട്ടുകാരുടെ,‌..

അദ്ധ്യാപകരുടെ,… പ്യൂൺ ചേട്ടന്റെ,…
കോളേജിനു പുറത്തുള്ള ബേക്കറിച്ചേട്ടന്റെ,… എല്ലാത്തിനും പുറമേ ഈ ആൽബം ഭരിക്കുന്ന മണ്മറഞ്ഞു പോയ എന്റെ പ്രിയപ്പെട്ടവളുടെ…

ഈയിടെയായി തനുവിനെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്, ഇടയ്ക്ക് ബീച്ചിൽ പോകുമ്പോൾ നടക്കുന്നതിനിടെ കൈവിരൽ മുറുകെ പിടിക്കും.,

നിൻ വിരൽ കോർത്തുവെന്ന് മനസ്സിനോട് പറയും., അതെ.. നീ കൂടെയുണ്ട്, കഥകൾ പറയുന്നുണ്ട്,…

എനിക്കിഷ്ട്ടപ്പെട്ട പാട്ട് പാടുന്നുണ്ട്,..
“ചെമ്പകപ്പൂ മൊട്ടിന്നുള്ളിൽ
വസന്തം വന്നു…. നിനക്കുമുണ്ടോ എന്നെ പോലെ പറയുവാനരുതാത്ത സ്വപ്നങൾ..”

നിനക്കും എനിക്കും ഒരിക്കലും മടുക്കാത്ത പാട്ട്… ഓർമ്മയില്ലേ റിപ്പീറ്റ് മോഡിൽ ആ പാട്ടിനൊപ്പമാണ് നമ്മൾ ആദ്യരാത്രി പങ്കിട്ടത്..

‘തനൂ.. നീ തന്നെയാണെന്റെ പാട്ട് …
റിപ്പീറ്റ് മോഡിൽ നീയിപ്പോഴും പാടിക്കൊണ്ടേയിരിക്കുന്നു…!’

“പപ്പാ…. ദേ അയാളെന്നോട് ഉമ്മ ചോദിച്ച് മെസ്സേജിട്ടിരിക്കുന്നു..”

മുറിയിലേയ്ക്ക് മകൾ പിയാനോ മൊബൈലുമായി ഓടി വന്നു. റാം പഴയ കോളേജ് ഓർമ്മകൾ‌‌ പതിപ്പിച്ച ആൽബം നോക്കിക്കൊണ്ടിരുന്നത് മടക്കി.

“ഉമ്മയോ…ആര്…?” റാം പുരികം ചുളിച്ചു.

“പപ്പയ്ക്ക് ഓർമ്മയില്ലേ , ഞാൻ പറഞ്ഞിട്ടിലേ ഒരു ഷുഗറങ്കിൾ എന്നോട് ഇടയ്ക്ക് ചാറ്റിനു വരുന്ന കാര്യം… ദാ…ഇപ്പോ ഒരുമ്മ ചോദിച്ച് മെസ്സേജിട്ടിരിക്കുന്നു..”

പിയ മൊബൈൽ ടേബിളിനു മുകളിൽ വച്ച് റാമിന്റെ കഴുത്തിൽ കൈ ചുറ്റി.

“ആഹാ…ഷുഗറങ്കിൽ കൊള്ളാല്ലോ..
മോൾടെ കവിതകളൊക്കെ വായിച്ച് വട്ടായിട്ട് സ്ഥകകാലബോധം നശിച്ചിട്ടുണ്ടാകും..പാവം..”

റാം അയാളുടെ പ്രൊഫൈലിലേയ്ക്ക് കടക്കുന്നതിനിടെ പറഞ്ഞു.
പിയ റാമിന്റെ കഴുത്തിൽ വിരലമർത്തി…

“പപ്പാ….കൊല്ലും ഞാൻ.. ന്റെ കവിത വായിച്ച് ആർക്കും കിളി പറക്കൂല, ..എഫ് ബിയിൽ ഞാൻ കിടുഗേളാ… നിറയെ ഫാൻസാന്നേ… എങനുണ്ട് പപ്പാ ന്റെ ഷുഗറങ്കിൾ ഫ്രണ്ട്.. അത് പറ..”

റാം അയാളുടെ പ്രൊഫൈൽ ഫോട്ടോയിൽ നോക്കവേ പിയ ചോദിച്ചു‌.

“..മ്…മ്…. ആൾ സൂപ്പറല്ലേ…
ഷുഗറങ്കിൽ ആള് കൊള്ളാല്ലോ… മ്…സജയൻ നൈസ് നെയിം……”
റാം ഒന്നിരുത്തി മൂളിക്കൊണ്ട് പറഞ്ഞു‌..

“ഇനി പപ്പ പറ ഞാൻ ഉമ്മ കൊടുക്കട്ടാ….”
റാം മുഖമുയർത്തി മകളെ നോക്കി.
പിയ റാമിനെ നോക്കി ചിരിയോടെ പുരികമുയർത്തി കവിൾ വീർപ്പിച്ചു കൊണ്ട് റാമിന്റെ കന്നത്തിൽ മുത്തി..

“ദാ ദിതു പോലൊരു ദുമ്മം..” അവൾ റാമിനെ ചുറ്റിപ്പിടിച്ചു കൊണ്ട് ചിരിച്ചു…

“കൊട്..”

“ങേ..”

“ങാ…. പക്ഷേ, ചാറ്റിലൂടെയല്ല,
നേരിട്ട്… എന്റെ കവിളിൽ മുത്തിയ പോലെ നേരിട്ട്…!!!”

“ഹേയ്..മിഷ്ട്ടർ……..?” പിയ ചിറി കോട്ടി‌ വിളിച്ചു.

“നോ …സീര്യസ് പിയാ… മെസ്സേജയക്ക്, നാളെ മീറ്റ് ചെയ്യാൻ പറ്റോന്ന് ചോദിക്ക്…”
റാം വീണ്ടുമയാളുടെ പ്രൊഫൈൽ
ഫോട്ടോ നോക്കി.

“പപ്പാ… എനിക്കെങും വയ്യ…പപ്പ ഒന്ന് പോയേ…ന്റെ ഫോണിങ് താ…”
അവൾ ഫോൺ പിടിച്ചു വാങാൻ നോക്കവേ റാം കൈതട്ടി മാറ്റി…

“എനിക്കയാളെ കാണണം പിയാ…നാളെ ബീച്ചിൽ വച്ച് മീറ്റ് ചെയ്യാൻ പറ്റോന്ന് ചോദിക്ക്…”

റാം പിയയുടെ മുഖത്ത് നോക്കി,
അവൾ ആകെ പരിഭ്രമിച്ചിട്ടുണ്ട്..

“മോള് പേടിക്കണ്ട… പപ്പ ഒരു പ്രോബ്ലവും ഉണ്ടാക്കില്ല, നമുക്ക് അയാളെയൊന്ന് വട്ട് പിടിപ്പിക്കാന്നേ… ചമ്മിനാറിപ്പിച്ചിട്ട് വിടാം…ന്തേ…”

റാം ചിരിച്ചു കൊണ്ട് പിയയെ നോക്കി…

“സത്യം..?.. ജസ്റ്റ് ഫൺ..??”

പിയ ടേബിളിൽ പാതികയറിയിരുന്ന് റാമിനെ നോക്കി ചോദിച്ചു.

“യെസ് പിയൂട്ടി.. ഇവനൊക്കെ ഇത്തരത്തിലെങ്കിലും ചെറിയ ഡോസ് കൊടുത്തില്ലെങ്കിൽ
മോൾക്ക് ഇതിൽ കൂടുതൽ ശല്യമാകും…

കാരി ഓൺ പിയൂ…നാളെ നമുക്ക് ഷുഗറങ്കിളിന്റെ തൊലിയുരിച്ച് പൊളിച്ചടുക്കാം..”

പിയ ചിരിച്ചു കൊണ്ട് ഫോൺ വാങി റാമിനെ വീണ്ടും മുത്തി…

“യൂ ആർ റ്റൂ സ്വീറ്റ് ൻ ഫണ്ണി പപ്പ… ”

പിയ മൊബൈലുമായി മുറി വിട്ട്
പോയി… റാം വീണ്ടും ആൽബം മറിച്ചു… ഒടുവിൽ, ഓർക്കാനും കാണാനും ഇഷ്ട്ടപ്പെടാത്ത ഒരു മുഖത്തിൽ നോട്ടം ചെന്നു നിന്നു. ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് നടുവിലെ മുഖം..

“സത്യത്തിൽ എനിക്ക് വിശ്വസിക്കാനാകുന്നില്ല പിയാനോ…
ഇത്ര പെട്ടെന്ന് നമ്മൾ മീറ്റ് ചെയ്യുമെന്ന് …ഹൊ… ഫോട്ടോയിൽ കാണും പോലല്ല , ,..

ബ്യൂട്ടിഫുൾ എന്നൊക്കെ പറഞ്ഞാൽ അത് കുറഞ്ഞു പോകും.. നീയെഴുതുന്ന വരികളെ പോലെ..” സജയന്റെ കണ്ണുകൾ പിയയെ അടുമുടി അളന്നു തിട്ടപ്പെടുത്തുന്നുണ്ട്..!

പിയ ചിരിച്ചു കൊണ്ട് പാറയുടെ പുറത്തിരുന്നു, തൊട്ടടുത്തായ് സജയനും,..അവർ കടലിലേയ്ക്ക് നോക്കി അവൾക്ക് തോന്നി ഷുഗറങ്കിൽ ഇപ്പോൾ കടലിനെ കുറിച്ച് പറയുമെന്ന്…

“പിയാനോ…. നോക്ക്.. ഈ കടലിലെ തിരകൾ പോലെയാണ് താനെഴുതുന്ന വരികളും, ഇടയ്ക്കിടയ്ക്ക് എന്നിലേയ്ക്ക് അലയടിച്ചു വരും, മനസ്സിനെ തൊട്ടുണർത്തും..

താനെന്താ ഒന്നും മിണ്ടാത്തത്…
ഈ ചിരി മാത്രമേയുള്ളോ..?
ചാറ്റിൽ ഇങനൊന്നുമല്ലല്ലോ ആള്..,”

പിയ മുഖം തിരിച്ച് അയാളെ നോക്കി,
അവൾക്ക് വല്ലാതെ പൊട്ടിച്ചിരിക്കാനാണ് തോന്നിയത്…
പ്രേമം പൈങ്കിളി തന്നെയാണ്,
ക്ലീഷേ വാക്കുകളാൽ സമ്പന്നമായ
അമൃതകുംഭം..!!

‘ഷുഗറങ്കിൾ തന്നെ… ശരിക്കും..’

“താനിങനെ ചിരിക്കാതെ പിയാനൂ,..
എന്നെ ശ്വാസം മുട്ടിക്കാതെ…,
എന്റെ ഫ്രണ്ടിന് ഇവിടെ അടുത്തൊരു റിസോർട്ടുണ്ട് നമുക്കങോട്ട്….”
പെട്ടെന്ന് പിന്നിൽ നിന്നൊരു വിളി കേട്ടു…

“സജാ…!!”

സജയൻ പെട്ടെന്ന് തിരിഞ്ഞ് നോക്കി,
ആ വിളി!!, വളരെകാലങൾക്ക് ശേഷം..!!
സജയൻ പിടഞ്ഞെഴുന്നേറ്റു.

“റാം..റാം രവീൺ!!”

“ഓർക്കുന്നുണ്ടല്ലോ നീയെന്റെ പേര്,
പേര് മാത്രമല്ല, ഈ നിമിഷം തിരമാല പോലെ പലതും ഇരമ്പിയാർത്ത്
നീയൊരു ഓർമ്മക്കടലായിട്ടുണ്ടാകും.. അല്ലേ സജാ..”

റാം സജയന്റെ ചുമലിൽ കൈവച്ചു കൊണ്ട് ചോദിച്ചു. പിയ പതിയെ എഴുന്നേറ്റു. അവൾക്കെന്തോ ഒന്നും മനസ്സിലായില്ല, പപ്പ എന്തൊക്കെയോ പറയുന്നു, ഇനി ഇവർ പഴയ പരിചയക്കാരോ മറ്റോ…??!!

“റാം…. നീയിവിടെ… നിനക്ക് സുഖമല്ലേ….”

“അതേഡാ… നീ തന്നതല്ലേ എനിക്ക് ‍സുഖവും, സന്തോഷവും.. എന്തിന് ജീവിതം തന്നെ… നിന്നോടെനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട് സജാ….ഇതാരാ..?”

റാം പിയയെ ചൂണ്ടി ചോദിച്ചു..

“അത്…അതെന്റെ …ഫ്രണ്ട്… ഫ്രണ്ടിന്റെ മകളാ….”

“ഹായ്…”

റാം പിയയെ നോക്കി.. പിയ പാതിവിരിഞ്ഞ ചിരിയോടെ തിരിച്ച് ഹായ് പറഞ്ഞു… കഥയെന്തെന്നറിയാത്ത ഒരു രംഗത്തിലെ കഥാപാത്രമാണിപ്പോൾ താനെന്ന് അവൾക്ക് തോന്നി..

സജയൻ കർച്ചീഫെടുത്ത് വിയർപ്പൊപ്പി..

“റാം… റാമിപ്പോൾ എവിടെയാണ്,
വീക്കെന്റിൻ ഞാൻ വീട്ടിലേക്ക് വരാം…”

“ഹേയ്.…. അതിന്റെ ആവശ്യമൊന്നുമില്ല സജാ, നിന്നോട് ഫോണിലൂടെയെങ്കിലും ഒരുവട്ടം സംസാരിക്കണമെന്നുണ്ടായിരുന്നു.
ഇതിപ്പോ നേരിൽ കാണാൻ പറ്റിയല്ലോ…

സജയൻ റാമിന്റെ അടുക്കലേയ്ക്ക് നടന്നു…പിയ റാമിനെയും, സജയനെയും മാറി മാറി നോക്കി..

“റാം…വരൂ നമുക്ക് അങോട്ട് മാറി നിന്ന് സംസാരിക്കാം..”

പിയയിൽ നിന്ന് അകലം പാലിക്കാൻ സജയൻ തിടുക്കപ്പെട്ടു…

“ഇല്ല…സജാ… എനിക്ക് കൂടുതൽ സംസാരിക്കാനൊന്നുമില്ല… നിന്നോടെനിക്ക് നന്ദി മാത്രമേ പറയാനുള്ളൂ…

നീയവളെ ഉപേക്ഷിച്ച് പോയത് നന്നായി സജാ… അതല്ലേ എനിക്കവളെ കിട്ടിയത്…
മുത്തായിരുന്നെഡാ മഠയാ അവൾ…

ജീവിച്ചിരുന്നപ്പോൾ അവളെന്റെ ഹൃദയത്തിൽ വാരിയിട്ട സ്നേഹക്കനലുകളാണ് ഇന്നുമെന്റെ പ്രാണനെ ജ്വലിപ്പിക്കുന്നത്…”

പിയയുടെ മിഴികൾ വിടർന്നു,
അവൾ…??? ആരാണത്…??

റാം പെട്ടെന്ന് പിയയുടെ കൈകളിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി…

“മോൾ എപ്പോഴും ചോദിക്കാറില്ലേ,
മോൾടെ റിയൽഡാഡിനെ പറ്റി…?!!
ദാ നിൽക്കുന്നു…ഇതാണാ വിദ്വാൻ..

നീയെന്ന കുരുന്ന് ജീവന്റെ തുടിപ്പ് വയറ്റിൽ സമ്മാനിച്ച് നിന്റെ മമ്മയെ ആധിയുടെ, ചതിയുടെ പെരുവഴിയിൽ ഉപേക്ഷിച്ചു കടന്ന നിന്റെ റിയൽ ഡാഡ്..
എന്റെയും നിന്റെ മമ്മയുടെയും കോളേജ് മേറ്റ് …

ഒരു മിഡിൽ ബെഞ്ച് ലവ്വ് സ്റ്റോറി.. നിന്റെ ഇപ്പോഴത്തെ ഷുഗറങ്കിൾ..

റാമിന്റെ വാക്കുകൾ കൂറ്റൻ തിരകളായ് സജയനിൽ വീണ് ചിന്നിച്ചിതറി, ഞെട്ടലോടെ അയാൾ പിയയെ നോക്കി…

“അതെ സജാ.. തനുവിനൊപ്പം നീയെനിക്ക് തന്ന മറ്റൊരു ഭാഗ്യം.., ഇന്നെനിക്ക് ചുറ്റുമൊരു ലോകമുണ്ടെങ്കിൽ അതിവളാണ്‌… എന്റെ പിയ..പിയാനോ.. റാം പിയയെ ചേർത്ത് പിടിച്ചു.

“പിയാ….ഇതാണ് നിന്റെ പപ്പ, പപ്പയുടെ കവിളിൽ മകൾക്ക് മുത്താം… ഒരു പിതാവിന് മകളോട് ഉമ്മ ചോദിക്കാം… സജയൻ തെറ്റൊന്നും പറഞ്ഞിട്ടില്ല…”

റാം പിയയുടെ നിറഞ്ഞ മിഴികൾ തുടച്ചു …

“സജാ…നീയിപ്പോഴും പഴയ പോലെ തന്നെ…സുഖിമാൻ… ബട്ട് ,..ഇതു പോലെ ചില വെള്ളിടികൾ ജീവിതത്തിൽ വീണ് വിള്ളലുണ്ടാക്കുമെന്ന് നീ ഓർക്കേണ്ടിയിരുന്നു…

എന്നാൽ നിങൾ പപ്പയും, മകളും സംസാരിക്ക്… ഷുഗറങ്കിൾ… ഇനി തമ്മിൽ കാണാതിരിക്കട്ടെ…ഹ..ഹ..ഹ…”

സജയന്റെ കർച്ചീഫ് വിയർപ്പിൽ മുങിക്കുളിച്ചു. ഓടി രക്ഷപ്പെടാൻ കാലുകൾക്കാവുന്നില്ല…നാവ് വരണ്ട്
വറ്റിപ്പോയിരിക്കുന്നു.. റാം പതിയെ കടൽ തീരത്തേയ്ക്ക് നടന്നു.

പിയ സജയനെ തന്നെ നോക്കി നിന്നു.,അവളുടെ ജ്വലിക്കുന്ന മിഴികൾ നിറഞ്ഞ് തൂവുന്നുണ്ട്, …അതിലെ ഒരു തുള്ളി ദേഹത്ത് വീണാൽ മതി നാളൊരിക്കലും മായാത്തൊരു നീറുന്ന പാട് സമ്മാനിക്കാൻ..

സജയന് പിയയുടെ മിഴികളെ നേരിടാനായില്ല, …

“പിയാാ…..മോ…”

വിളി മുഴുമിപ്പിക്കാൻ സമ്മതിച്ചില്ല,
സജയന്റെ കവിളിൽ മുത്തം പതിഞ്ഞു..
പിയയുടെ കൈകളാൽ… മുഖത്തേയ്ക്ക് തെറിച്ചു വീണ തുപ്പൽ പ്രഹരമേറ്റ് സജയൻ ആകെയൊന്നുലഞ്ഞു, ….
നാറിയവൻ..

റാമിന്റെ പാദങൾ പുണർന്നൊരു തിര അകന്ന നേരം പിയ റാമിന്റെ കൈകളിൽ ചേർത്തു പിടിച്ചു…
മകളെ തോളോട് ചേർത്തുപിടിച്ചു കൊണ്ട് റാം മനസ്സ് നിറഞ്ഞു ചിരിച്ചു..

“യൂ…യൂ ആർ മൈ റിയൽ ഡാഡ്..
മൈ റിയൽ ഗോഡ്…”

പിയ നിറഞ്ഞ മിഴിയോടെ റാമിനെ നോക്കി . പാദമുയർത്തി റാമിന്റെ മുഖമെത്തി ചുംബിച്ചു…
റാമിനെ പുണർന്നു.

ഒരച്ഛന്റെയും , മകളുടെയും കണ്ണീർത്തുള്ളി വീണൊരു തിര പതിയെ പിൻ വലിഞ്ഞു…. കടൽ ആദ്യമായി ഉപ്പില്ലാത്ത കണ്ണീരിന്റെ മധുരമെന്തെന്നറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *