പലവട്ടം ഞാൻ ഒഴിഞ്ഞു മാറിയതാ അവളാ അവൾ, നിന്റെ ഭാര്യ പെഴയാഡ വിക്ടറേ..

(രചന: Syam Varkala)

“പലവട്ടം ഞാൻ ഒഴിഞ്ഞു മാറിയതാ..
അവളാ …അവൾ….. നിന്റെ ഭാര്യ പെഴയാഡ വിക്ടറേ…..” വിക്ടർ ഒരു കനത്ത പുക ഉള്ളിലേയ്ക്ക് വിഴുങ്ങി..

“നിന്റെ ഭാര്യ പെഴയാഡാ….” ഹൃദയച്ചുവരിൽ തട്ടി കെവിന്റെ വാക്കുകൾ റിപ്പീറ്റ് മോഡിൽ മന്ത്രിച്ചു കൊണ്ടേയിരുന്നു…

സ്വന്തം ബഡ്റൂമിൽ തന്റെ ഉറ്റ സുഹൃത്തിനെയും ,ഭാര്യയെയും …!!
ഹൊ…!! കണ്മുന്നിൽ നിന്ന് മായാൻ കൂട്ടാക്കാതെ ആ കാഴ്ച്ച തെളിമയോടെ വിക്ടറിനെ ശല്ല്യം ചെയ്തു രസിച്ചു., നോവിച്ചു…

ഉടുമുണ്ട് പോലും ഉടുക്കാൻ കെവിനെ അനുവദിക്കാതെ റൂമിൽ നിന്ന് വലിച്ചിറക്കവേ, പുതപ്പ് വാരി മാറ് മറച്ച തന്റെ കെട്ടുതാലി പേറിയ ഉടലിനെ വിക്ടർ ഒന്നു നോക്കി.. ഒരേയൊരു വട്ടം…എന്റെ പ്രാണനായിരുന്നവളേ…

“നീയെന്നെയിങ്ങനെ പിറന്ന പടി നിർത്തി നാണം കെടുത്താതെ… തെറ്റാ..തെറ്റ് തന്നെയാ…

പക്ഷേ ഡാ…ഒരു പരിധിയില്ലേഡാ..
അവളിങ്ങനെ നിരന്തരം …… ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചതാ..പല വട്ടം…പക്ഷേ…”

കെവിൻ കുറ്റസമ്മതം മുഴുമിപ്പിക്കാതെ നിർത്തി…

ജാള്യത കൊണ്ട് കെവിൻ ആകെ
വീർപ്പുമുട്ടി. ഇനി കുറ്റം സമ്മതിച്ചിട്ടോ ന്യായം നിരത്തീട്ടോ കാര്യമില്ല..
ഒരു കുടുംബം തകർന്നു…

തകർത്തു, ആ ഒരുമ്പെട്ടവൾ.. എന്നെയും പെടുത്തി..ഞാനെന്റെ വിക്ടറിനെ ചതിച്ചു…അല്ല… ചതിയെന്നല്ല പറയേണ്ടത്…അതിലും വലിയ ചതി….

“കെവീ… ഞാൻ നിന്നെ കൊല്ലാൻ പോകുവാ,.. നീ കഴിഞ്ഞാൽ അവൾ….
എനിക്കിവിടം വിട്ട് പോകാൻ വയ്യ..,
നിങ്ങളെ കണ്ടോണ്ട് ഇവിടെ ജീവിക്കാനും വയ്യ.‌.. അതുകൊണ്ട് നിങ്ങളിനി വേണ്ട…”

വിക്ടർ തീരാറായ സി ഗരറ്റിലെ കനലിലേയ്ക്ക് മറ്റൊരു സി ഗരറ്റ് ചേർത്ത് ആഞ്ഞ് വലിച്ചു..
കനൽ കനലിനെ നുകരുന്നു.

കെവിന്റെ നാവ് വരണ്ട് ശ്വാസമൊട്ടി..!

“വിക്ടർ…നീ… എന്നെ…. ഞാനെന്ത് ചെയ്തിട്ടാഡാ…അവളാ..”

വികടർ ചിരിച്ചു കൊണ്ടെഴുന്നേറ്റു…
വെറും ചിരി…നിർവികാരമായ ചിരി.. ആറിത്തണുത്ത കാപ്പി.. പാതിയിൽ നിലച്ച ലഹരി.. കെവിൽ അടിമുറി വിറച്ചു കൊണ്ട് വിക്ടറിനെ നോക്കി..

“കെവീ…. എന്തിനാഡാ അവളെന്നെ ചതിച്ചത്..?..പറഞ്ഞോ നിന്നോട്..?
ചോദിച്ചോ നീ‌‌‌..?..”

കെവിൻ തല‌കുമ്പിട്ടു…

“പറ നായേ…പറഞ്ഞോ അവൾ..”.
വിക്ടറിന്റെ ശബ്ദം കടുത്തു‌.

“പറഞ്ഞു… ഹോസ്പിറ്റലിൽ കാണിക്കാന്ന് പറഞ്ഞിട്ട് നീ കേക്കാഞ്ഞിട്ടല്ലേ..,ഒരു പക്ഷേ ചികിത്സിച്ചിരുന്നെങ്കിൽ… ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു….”

കെവിൻ തല ഉയർത്താതെയാണ് പറഞ്ഞത്. പക്ഷേ, വിക്ടറിനെ അവൻ ഉള്ള് കൊണ്ട് കാണുന്നുണ്ടായിരുന്നു ! ആ മുഖത്ത് തളർച്ച… മാനം കെട്ട ഭാവം..!!

“പറഞ്ഞു…അവൾ പറഞ്ഞുവല്ലേ…
എത്ര ഊതി വീർപ്പിച്ചാലും വീർക്കാത്ത വികാരമാണെന്റെ കാ മമെന്ന്…

കിഴുത്ത വീണ ബലൂൺ പോലെ..
അത് കേട്ടപ്പോ നിനക്കവളോട് അനുകമ്പ തോന്നി, നീ ചങ്ങാതിയെ മറന്നു….

അവൾക്ക് വഴങ്ങി…സത്യത്തിൽ അവൾ ചെയ്തതിൽ എന്താ തെറ്റ്…??
നീയെന്ത് തെറ്റാണ് ചെയ്തത്…??
ഒരു പെണ്ണല്ലേഡാ അവൾ…ല്ലേ…??!!
നീയൊരു ആണും…

കെവിൻ ഞെട്ടിപ്പോയി….തീരെ പ്രതീക്ഷിക്കാത്ത വാക്കുകൾ. വിക്ടർ മരത്തിൽ ബന്ധിച്ചിരുന്ന കെവിന്റെ കൈയ്യിലെ കെട്ടഴിച്ച ശേഷം കുന്നിറങ്ങി കാറിനു നേരെ നടന്നു.

പിന്നാലെ മാനം കൈയ്യാൽ മറച്ച് ഇരുട്ടിൽ തട്ടിത്തടഞ്ഞ് വീഴാതെ കെവിനും…

“കെവീ…അവൾക്കെന്റെ സ്നേഹം വേണ്ടല്ലേഡാ…, അല്ലേത്തന്നെ മനസ്സുകൾ തമ്മിൽ സ്നേഹം വാരിയെറിഞ്ഞിട്ടെന്തിനാ…

അത് മാത്രം പോരല്ലോ, ശരീരങൾ തമ്മിലൊരു സ്നേഹമില്ലേ..അവിടെയാ ഞാൻ പെട്ടത്… അവളും…പാവം….”..

ഡ്രൈവിങ്ങിനിടെ വിക്ടർ പറഞ്ഞത് കേട്ട് കെവിൻ ആകെ അസ്വസ്ഥനായി..
വല്ലാതെ വേദനിക്കുന്നുണ്ട് വിക്ടർ , അരമുള്ള വേദന. ആ വേദനയുടെ അരികുകളിൽ തട്ടി മുറിഞ്ഞിട്ടാണ് വാക്കുകൾ പുറത്തേക്ക് വരുന്നത്..

“ക്ഷമിക്കെഡാ…. നീയെന്നെ കൊല്ല്….എനിക്ക് നിന്നെയിങ്ങനെ നേരിടാൻ വയ്യ…” കെവിൻ വിക്ടറിന്റെ ചുമലിൽ പിടിച്ചു.

“കൊല്ലാനൊന്നും എനിക്ക് വയ്യ… നീയെന്റെ ചങ്ങാതിയല്ലേഡാ… എന്റെ ഭാര്യയുടെ ജാരൻ.. അത് വിട്.. പോട്ടെ…

നീ പറ, ഞാനവളെ സ്നേഹിക്കുന്ന പോലെ അവളെന്നെ സ്നേഹിച്ചിരുന്നോ….?? ഇല്ല.. ഉണ്ടെങ്കിൽ നീയിങ്ങനെ ഉടുതുണിയില്ലാതെ എനിക്കൊപ്പം യാത്ര ചെയ്യില്ലല്ലോ… മ്ഹ്….”

“ഇല്ല വിക്ടർ… നിന്നെയവൾക്ക് ജീവനാണ്… പക്ഷേ ഈയൊരു തെറ്റ് …അത് തെറ്റ് തന്നെയാ…ഇതിന്റെ പേരിൽ അവൾക്ക് നിന്നോടുള്ള സ്നേഹത്തെ നീ അളക്കരുത്…”

“ഹ…ഹ…ഹ….അതെന്ത് സ്നേഹമാഡാ കെവീ..എനിക്ക് മനസ്സിലാകുന്നില്ല…. ഇങ്ങനെയും സ്നേഹമുണ്ടായിരിക്കും ല്ലേ….ആവോ‌‌‌‌….” വിക്ടർ ഉള്ള് നീറിച്ചിരിച്ചു.

“…മ്…നീ പറഞ്ഞ പോലെ… ഞാനവളെ സ്നേഹിക്കുന്ന പോലെ അവൾ എന്നെയും സ്നേഹിക്കുന്നുണ്ടെങ്കിൽ ഇതിനോടകം അവൾ മരിച്ചിട്ടുണ്ടാകും..

വീടെത്തുമ്പോൾ , വിഷം കഴിച്ചോ, ഫാനിൽ തൂങ്ങിയോ ഒടുങ്ങിയ അവളെയാകും നമ്മൾ കാണുക…..”

വിക്ടർ പറഞ്ഞ് നിർത്തിക്കൊണ്ട്, പോർച്ചിലേയ്ക്ക് കാർകയറ്റി നിർത്തി.
കെവിൻ ഞെട്ടലോടെ വിക്ടറിനെ നോക്കി…ഇനി അങ്ങനെയെങ്ങാനും..??!!
അവർ ഡോർ തുറന്ന് പുറത്തിറങ്ങി.
കെവിൻ വിയർത്ത് കുളിച്ചിരുന്നു..

ചുട്ടുപൊള്ളുന്ന ചുവടുകൾ വച്ചു കൊണ്ട് വിക്ടറിന്റെ പിന്നാലെ കെവിൻ ഹാളിലേയ്ക്ക് കയറി..ഹൃദയം മിടിപ്പേറി പൊട്ടിത്തെറിക്കുമെന്നായി…സെറ്റിയിൽ കിടന്ന വിരിയെടുത്തവൻ
നാണം മറച്ചു‌‌ .

ബെഡ്രൂമിന്റെ ഹാൻഡിൽ തിരിച്ചു കൊണ്ട് വിക്ടർ കെവിനെ നോക്കി‌ചിരിച്ചു..!!! കെവിൻ പരവേശത്തിന്റെ പരമ കോടിയിലെത്തി നിൽക്കുകയാണ്.!

വിക്ടർ പതിയെ വാതിൽ തുറന്നു…… ഇല്ല…!!!മുറി ശൂന്യം.. പെട്ടെന്ന് കിച്ചനിൽ പാത്രത്തിന്റെ ശബ്ദം കേട്ടു… വിക്ടർ കിച്ചനിലേയ്ക്ക് നടന്നു.

“ഭക്ഷണം എടുത്ത് വച്ചിട്ടുണ്ട്…”
മുഖമുയർത്താതെ പറഞ്ഞു കൊണ്ട് അവൾ അവരെക്കടന്ന് വേഗത്തിൽ ബെഡ്രൂമിൽ കയറി വാതിലടച്ചു.

വിക്ടർ കണ്ണടച്ച് കൈകൾ മാറോട് ചേർത്തു പിണച്ച് നിമിഷനേരം നിന്നു.
കെവിൻ ആശ്വാസത്തോടെ ശ്വാസം പുറത്തേക്ക് വിട്ടു…

“കെവീ..അവളുടെ സ്നേഹം തോറ്റു പോയെഡാ….പക്ഷേ ഞാൻ ജയിച്ചു,
എന്റെ സ്നേഹം പത്തരമാറ്റാ….
എനിക്കീ ജയം മതി…

എന്റെ സ്നേഹമിനി തോൽക്കാൻ പാടില്ല.. ഒരിക്കലും… എനിക്ക് സമാധാനായി., സന്തോഷായി…. നീ…നീ പൊയ്ക്കോ കെവീ…..ദാ കാറിന്റെ കീ…പോ‌…പോഡാ..”

വിക്ടർ കെവിനെ തള്ളി പുറത്താക്കി,

“പോഡാ ഡിയർ ഫ്രണ്ടേ…” വാതിലടഞ്ഞു.. കെവിൻ കുറച്ചു നേരം
വാതിൽക്കൽ നിന്നു. പതിയെ പോർച്ചിലേയ്ക്ക് നടന്നു.

“”എന്റെ സ്നേഹം പത്തരമാറ്റാ….
എനിക്കീ ജയം മതി…എന്റെ സ്നേഹമിനി തോൽക്കാൻ പാടില്ല.. ഒരിക്കലും..”””… ഡ്രൈവിങ്ങിനിടെ കെവിന്റെ കാതിൽ വിക്ടറിന്റെ വാക്കുകൾ തുളഞ്ഞു കയറി‌.. കെവിൻ കാർ നിർത്തി…

ഓടിപ്പാഞ്ഞു വന്ന് ഡോർ വലിച്ചു തുറന്ന കെവിൻ കണ്ട കാഴ്ച്ചയിതാണ്,..,

ബെഡ്ഡിൽ കൈ കാലുകൾ ബന്ധിച്ച് വായ് മൂടിക്കെട്ടിയ നിലയിൽ പിടയുന്ന വിക്ടറിന്റെ ഭാര്യ ..! അവളുടെ കാഴ്ച്ചയ്ക്ക് മുകളിൽ ഫാനിൽ തൂങ്ങി നിൽക്കുന്ന വിക്ടർ..

ചിലർ മരണം കൊണ്ട് ജീവിച്ചിരിക്കുന്നവരെ ശിക്ഷിക്കും, മരണത്തേക്കാൾ ഭീകരമായി.. ആഴത്തിൽ..

Leave a Reply

Your email address will not be published. Required fields are marked *