ആബേൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആദ്യമറിഞ്ഞത് അഥീനയെ ആയിരുന്നുവെന്നല്ലേ..

(രചന: Syam Varkala)

“തലയിൽ താരനുള്ള നിങ്ങളെ കെട്ടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്..” അവൻ പെട്ടെന്ന് ചിരിച്ചു…എങ്കിലും ചിന്തയോടെ അവളെ നോക്കി.

“ഞാൻ കാര്യമായിട്ടാ.. എല്ലാവർക്കും ഇതൊരു ചെറിയ കാരണമായി തോന്നിയേക്കാം.., പക്ഷേ ഇതാണെന്റെ തീരുമാനം.”

“അല്ല..ഇത് ട്രീറ്റ്മെന്റ് ചെയ്താൽ പോകില്ലേന്ന് “അവ‌ൻ കണ്ണ് മിഴിച്ചു.

“പല മരുന്നും ചെയ്തെങ്കിലും
ഒന്നും ഏൽക്കുന്നില്ലെന്ന് നിങ്ങൾ കുറച്ച് മുൻപ് പറഞ്ഞത് ഞാൻ മറന്നിട്ടില്ല…
ഇനി ട്രീറ്റ്മെന്റ് ചെയ്താൽ തന്നെ ഭേദമായി വരും വരെ ഞാൻ നിങ്ങൾക്കൊപ്പം ഒരേ മുറിയിൽ കഴിയണ്ടേ…

വേണ്ട..എനിക്ക് റിസ്കെടുക്കാൻ വയ്യ…താങ്കൾ ഈ ഭൂമിയിലെ അവസാനത്തെ പുരുഷനൊന്നുമല്ലല്ലോ… ഞാൻ അവസാനത്തെ പെണ്ണും..”

വാതിൽ കടക്കും നേരം എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

“തനിക്ക് ഇതാണോ വലുത്,.. ഇതൊരു നല്ല ബന്ധമല്ലേ? കല്ല്യാണം കഴിഞ്ഞിട്ടാണ് എന്റെ തലയിൽ താരൻ വന്നിരുന്നതെങ്കിൽ താനെന്നെ ഡൈവോസ് ചെയ്യുമായിരുന്നോ?..

തന്റെ തലയിൽ താരൻ വരില്ലെന്ന് ഉറപ്പ് പറയാൻ പറ്റോ…? വന്നാൽ താൻ ചികിത്സിക്കോ അതോ തല വെട്ടിക്കളയോ..?”

അവൾ ചിരിച്ചു..ചിന്തിച്ചു.
“സത്യം പറഞ്ഞാൽ ഞാനും ഇപ്പോഴാണ് അതിനെ പറ്റി ചിന്തിക്കുന്നത്…
എനിക്ക് പേടി തോന്നുന്നു..

ഈശ്വരാ..അങ്ങനെയൊരു ദുർവിധിയുണ്ടാകോ..?..എന്തൊക്കെയായാലും നിങ്ങൾക്കുള്ള ഉത്തരം…
അതെ ..എനിക്കീ മൈ രാ ണ് വലുത്..”
അവൾ മുടി മാറിലേയ്ക്കെടുത്തിട്ട് അരുമയോടെ തഴുകി.

“എനിക്ക് തന്നെ ഇഷ്ട്ടപ്പെട്ടില്ല,..
തനിക്ക് എന്നേം…ഓകെ?”
അവൻ വാതിലടയ്ക്കും മുൻപ് പറഞ്ഞു.

“ഓകെ” അവൾ ചിരിച്ചു.

“അവർക്കെന്തെങ്കിലും തനിച്ച് സംസാരിക്കാനുണ്ടാകുമല്ലോ” എന്ന ചടങ്ങ് വാതിലടച്ച് കടന്ന് പോയി.

വയസ്സ് മുപ്പത്തഞ്ചായി… പെണ്ണ് കാണലിന്റെ എണ്ണം പതിമൂന്നിൽ നിർത്തി, ലീവ് തീർന്ന അവൻ വീണ്ടും ദുബായ്ക്ക് പറന്നു… വന്നു… പറന്നു.. വന്നു.. വയസ്സിപ്പോൾ മുപ്പത്തി ഒൻപത്.

അമ്മ കാത്തിരുന്ന് കണ്ണ് കഴയ്ച്ചപ്പോൾ കണ്ണുകളടച്ചു. എന്ത് മകനാണ് ഞാൻ..
ഒരമ്മ കാണാനാഗ്രഹിച്ചൊരു കാഴ്ച്ച ആ കണ്ണിൽ നിറയ്ക്കാൻ കഴിഞ്ഞില്ലല്ലോ. പകരം ബാങ്ക് ബാലൻസ് നിറച്ചു. മതി…മതി..മതി…

വയസ്സ് നാൽപ്പത്തിയൊന്ന്….

“ഞാനിവിടെ ഇരിക്കട്ടെ…”
അതൊരു പെൺ ശബ്ദമാണല്ലോ..!

“ഓഹ് ഷുവർ” അയാൾ സീറ്റിൽ ഒതുങ്ങിയിരുന്നു. അടുത്തൊരു പെൺകുട്ടിയാണ്, മുഖത്ത് നോക്കണമെന്നയാളുടെ മുഖത്തിനുണ്ട് പക്ഷേ മനസ്സ് വിലക്കി.

” താരൻ കുറവുണ്ടോ?”

അയാൾക്കവളുടെ മുഖത്ത് നോക്കാനിതാ ഒരു പാലം..!

“താരൻ കുറവുണ്ടോ?..!!അതെ..അവൾ..!!”
അയാൾ മുഖമുയർത്തി നോക്കി.
അവൾ ചിരിച്ചു.

“അടുത്ത സ്റ്റേഷനിൽ ഞാനിറങ്ങും…
എനിക്കൊപ്പം വീട്ടിലേയ്ക്കൊന്ന് വരാമോ..സമയം അനുവദിച്ചാൽ…”

“എന്തിന്…എന്ത് മൈ രി ന്..” എന്നായിരുന്നു മനസ്സിൽ പിറു പിറുത്തത്.
പക്ഷേ അയാൾ അവൾക്കൊപ്പം അടുത്ത സ്റ്റേഷനിൽ ഇറങ്ങി.

“അച്ഛൻ മരിച്ചു… ഇപ്പോ അമ്മയും ഞാനും…..അമ്മയും കിടപ്പിലാ…”

“കല്ല്യാണം? ഭർത്താവ് ?കുട്ടികൾ?..”
എന്നൊക്കെ ചോദിക്കണനെന്നുണ്ടായിരു‌ന്നു, ചോദിച്ചില്ല.

“താരൻ പൂർണ്ണമായും പോയി ല്ലേ?”

“അതെ..ട്രീറ്റ്മെന്റൊന്നും വേണ്ടി വന്നില്ല”
അയാൾ കറുത്ത് നര വീഴാത്ത ഇടതൂർന്ന മുടികളിൽ വിരൽ കോർത്ത് ഒതുക്കി. അവൾ അയാളുടെ മുടിയെ അരുമയോടെ നോക്കി.

“അപ്പോൾ ഞാൻ വെറും പൊട്ടി….ല്ലേ?..”

“എക്സാക്ട്ലി….യൂ നോ…ഞാനൊരു ഉഗ്രൻ ഭർത്താവായിരുന്നേനെ..”

അവൾ പൊട്ടിച്ചിരിച്ചു.

“പറ കേൾക്കട്ടെ….. കുടുംബം കുട്ടികൾ…?”

“അങ്ങനെയൊരു ഇൻസിഡന്റ് ഇതു വരെയില്ല…സെയിം ചോദ്യം ഞാൻ തിരിച്ച് വിടുന്നു….മറ്റൊന്ന് കൂടി എന്തിനാ മുടിയിങ്ങനെ ക്രോപ്പ് ചെയ്തത്? ക്യാൻസർ പേഷ്യന്റ്സിന് ഡൊണേറ്റ് ചെയ്യാറുണ്ടോ?”

അവൾ അയാളെ നോക്കി ചിരിച്ചു…
വീണ്ടും നോക്കി….വീണ്ടും..

“..മ്…കല്ല്യാണം….അങ്ങനെയിരു ഇൻസിഡന്റ് ഇതു വരെയില്ല…
എന്റെ മുടിയല്ലേ എത്ര വെട്ടിയെറിഞ്ഞാലും, എന്നെ തേടി വന്നോളും..ഞാൻ കുറച്ച് മോഡാണാകുന്നതിൽ തെറ്റുണ്ടെന്നാണോ?”

“ഈശ്വരാ.. ഇവളിതു വരെ കെട്ടിയില്ലെന്നോ.?. എന്താകും.. എന്താകും..?? കാറിൽ നിന്നിറങ്ങി അവളുടെ വീടിന്റെ സിറ്റൗട്ടിലേയ്ക്ക് കയറവേ അയാൾ ചിന്തിച്ചു..

“എന്തിനാ ഞാനിവിടെ വന്നത്??”

സെറ്റിയിലേയ്ക്കിരിക്കവേ
അവൾ ചോദിച്ചു. “നിങ്ങൾക്ക് അഭിനയിക്കാൻ ഇഷ്ട്ടമാണോ?”

അയാൾ നെറ്റി ചുളിച്ചു…

“വേണേൽ ആവാം..എന്താ സിനിമ വല്ലതും പ്ലാനുണ്ടോ?”

“ഏയ് അതൊന്നുമല്ല.. പഴയ പെണ്ണ് കാണൽ ചടങ്ങ് നമുക്കൊന്ന് റീ ക്രിയേറ്റ് ചെയ്താലോ…ഞാൻ പോയി ജ്യൂസുമായി വരാം..വാട്ട് യൂ സേ?”

അവൾ അയാളുടെ മുഖത്ത്
കണ്ണെടുക്കാതെ നോക്കി.
അയാൾക്കാകെ ദേഷ്യം പെരുത്ത് കയറി.
പെട്ടെന്നയാൾ ചാടിയെഴുന്നേറ്റു.
“എന്റെ തെറ്റാ..എനിക്കിറങ്ങാനുള്ള സ്റ്റേഷൻ ഞാൻ ഓർക്കണമായിരുന്നു…”

“ഹേയ്…നോ.. നോ..നോ.. ഒരിക്കലും ഞാൻ ഇൻസൾട്ട് ചെയ്തതല്ല…. നെവർ‌…..ബിക്വാസ്..” അവൾ പെട്ടെന്ന് അയാളുടെ അരുകിൽ വന്ന് ചെവിയിൽ എന്തോ മന്ത്രിച്ചു‌. അത് കേട്ടതും..

“””സത്യം..അത് വല്ലാത്തൊരു ഞെട്ടൽ തന്നെയായിരുന്നു.””” അയാളെ നോക്കി ചിരിച്ചു കൊണ്ട് അവൾ തലയാട്ടി‌.

“വെറുതെ ഒരു മോഹം..വിട്ടേക്ക്…
ഞാൻ ജ്യൂസെടുക്കാം..”

“….ഓഹ്..പ്രതീക്ഷിച്ചതേയില്ലല്ലോ…”
അയാളുടെ ഉള്ളാകെ പുകയാൻ തുടങ്ങി.

അവൾ നീട്ടിയ ജ്യൂസ് വാങ്ങവേ
അയാളുടെ കൈ മെല്ലെ വിറച്ചു. പെട്ടെന്ന് മുഖത്തെ വിഷാദം തുടച്ചെറിഞ്ഞു കൊണ്ട് ജ്യൂസ് ഒരിറക്ക് കുടിച്ച ശേഷം അയാൾ എഴുന്നേറ്റ് സെറ്റിയുടെ വലതു ഭാഗത്തിരുന്നു.

“ഇനി അവർക്ക് തമ്മിലെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആയിക്കോട്ടെ..”

ഒരു കാരണവരെ പോലെ അയാൾ ശബ്ദം കനപ്പിച്ചു പറഞ്ഞു. അവൾ വിസ്മയത്തോടെ അയാളെ നോക്കി, തലയാട്ടിക്കൊണ്ട് “അതേയോ” എന്ന് ചോദിച്ചു.

കൈ മുകൾ നിലയിലേയ്ക്ക് ചൂണ്ടി “ഞാൻ മുകളിലേയ്ക്ക് പോകാം’ എന്നാഗ്യം കാട്ടി അവൾ പടികൾ ഓടിക്കയറി.

കുറച്ചു നേരം എഴുന്നേൽക്കാൻ കഴിയാതെ അയാൾ സെറ്റിയിൽ ഇരുന്നു.
ഒരിക്കൽ പ്രതീക്ഷയോടെ കയറി നിരാശയോടെയിറങ്ങിയ പടവുകളിതാ നെഞ്ച് നുറുങ്ങുന്ന വേദനയോടെ വീണ്ടും കയറുന്നു. ഒരുവളുടെ ഭ്രാന്തിലേയ്ക്കുള്ള പടവുകൾ…..

തട്ടി വിളി കേട്ട് വാതിൽ മെല്ലെ തുറന്നു. മുന്നിൽ അന്ന് പെണ്ണ് കാണാൻ വന്ന അതേ കോസ്റ്റ്യൂമിൽ അവൾ…. അവൾ അന്നത്തേക്കാളും ഈ വേഷത്തിൽ സുന്ദരിയാണല്ലോ…. അവൾ ചിരിച്ചു… അയാളും..

” എ‌ന്റെ പേര് ആബേലെന്നാണ്…”

“അറിയാം….എന്റെ പേരറിയില്ലേ..?”

“യസ്സ്..അഥീന….നല്ല വെയ്റ്റുള്ള പേര്..”

“തൂക്കി നോക്കിയോ..?” അഥീന ചിരിച്ചു…അതേ ചിരി.. അവളുടെ നോട്ടം പെട്ടെന്ന് ആബേലിന്റെ ഷോൾഡറിൽ പതിഞ്ഞു.

“താരനുണ്ടോ തലയിൽ..” ആബേൽ പെട്ടെന്ന് ഷോൾഡറിൽ കൈകൊണ്ട് തട്ടിക്കളയാൻ ശ്രമിച്ചെങ്കിലും അവൾ തടഞ്ഞു.

“നോ..നോ….ഡോണ്ട് ഡൂ .. ഇവിടെ അത് വീഴണ്ട നിങ്ങൾ തന്നെ കൊണ്ട് പോകൂ…”

ആബേൽ ചിരിച്ചു കൊണ്ട് കൈമാറ്റി…പക്ഷേ കണ്ണ് നിറഞ്ഞിരുന്നു.
ഞാനിത്ര ദുർബ്ബലനായിരുന്നോ എന്നയാൾ ചിന്തിച്ചു.

“പല വഴിയും നോക്കി പോകുന്നില്ല..
എന്തെങ്കിലും കാര്യമായ ട്രീന്റ്മെന്റ് ചെയ്തേ പറ്റൂന്നാ തോന്നുന്നത്..”
ആബേൽ ചിരിച്ചു കൊണ്ട് മുഖത്ത് ചമ്മൽ വരുത്താൻ ശ്രമിച്ചു.

“തലയിൽ താരനുള്ള നിങ്ങളെ കെട്ടാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.. എല്ലാവർക്കും ഇതൊരു ചെറിയ കാരണമായി തോന്നിയേക്കാം.., പക്ഷേ ഇതാണെന്റെ തീരുമാനം.”

അവളുടെ ഒച്ച ഇടറലിന്റെ വക്കത്ത് നിന്നും കഷ്ട്ടിച്ചാണ് രക്ഷപെട്ടത്.

“അല്ല..ഇത് ട്രീറ്റ്മെന്റ് ചെയ്താൽ പോകില്ലേ “ആബേൽ കണ്ണ് തൂവാതെ ചോദിച്ചു‌

“പല മരുന്നും ചെയ്തെങ്കിലും
ഒന്നും ഏൽക്കുന്നില്ലെന്ന് നിങ്ങൾ കുറച്ച് മുൻപ് പറഞ്ഞത് ഞാൻ മറന്നിട്ടില്ല…

ഇനി ട്രീറ്റ്മെന്റ് ചെയ്താൽ തന്നെ ഭേദമായി വരും വരെ ഞാൻ നിങ്ങൾക്കൊപ്പം ഒരേ മുറിയിൽ കഴിയണ്ടേ… വേണ്ട.. എനിക്ക് റിസ്കെടുക്കാൻ വയ്യ…

താങ്കൾ ഈ ഭൂമിയിലെ അവസാനത്തെ പുരുഷനൊന്നുമല്ലല്ലോ…ഞാൻ അവസാനത്തെ പെണ്ണും..”

അവൾ എന്റെ മുഖത്ത് നിന്നും കണ്ണുകളെടുത്തേയില്ല. ആ കണ്ണുകൾ നിറഞ്ഞേയില്ല. എത്ര ഗംഭീരമായാണ് കടന്നു പോയൊരു കാലത്തെയവൾ പെരുമാറുന്നത്…ഉൾക്കൊള്ളുന്നത്..
ജീവിതാഭിനയത്തിന് അവാർഡ് നിശകളില്ലല്ലോ…

പക്ഷേ ആ ഹൃദയമിരമ്പുന്നത് എനിക്ക് കേൾക്കാം..എനിക്ക് മാത്രം…അല്ലെങ്കിൽ എനിക്ക് കേൾക്കാൻ വേണ്ടി ആ ഹൃദയം ഇരമ്പിക്കൊണ്ടേയിരിക്കുന്നു…

സത്യത്തിൽ നമ്മൾ തമ്മിൽ പ്രണയിച്ചിരുന്നോ..ഒരൊറ്റ ദിവസത്തെ പരിചയമായിരുന്നില്ലേ നമ്മൾ തമ്മിൽ…
എന്നിട്ടും നീയിങ്ങനെയുള്ളിൽ കൊളുത്തി വലിച്ചെന്നെ കൊല്ലാക്കൊല ചെയ്യുന്നതെങ്ങെനെ..?..അറിയില്ലല്ലോ…?

വാതിൽ കടക്കും നേരം എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

“തനിക്ക് മൈ രാ ണോ വലുത്,..
ഇതൊരു നല്ല ബന്ധമല്ലേ?
കല്ല്യാണം കഴിഞ്ഞിട്ടാണ് എന്റെ തലയിൽ താരൻ വരുന്നതെങ്കിൽ താനെന്നെ ഡൈവോസ് ചെയ്യോ?..

തന്റെ തലയിൽ താരൻ വരില്ലെന്ന് ഉറപ്പ് പറയാൻ പറ്റോ…? വന്നാൽ താൻ ചികിത്സിക്കോ അതോ തല വെട്ടിക്കളയോ..?

അവൾ പഴയ വാക്കുകൾ തിരയാൻ ശ്രമിച്ചു…മറന്നു പോയല്ലോ എന്ന ഭാവം അവളെ അലോസരപ്പെടുത്തി.

“എന്തൊക്കെയായാലും നിങ്ങൾക്കുള്ള ഉത്തരം… അതെ ..എനിക്കീ മൈ രാ ണ് വലുത്..” അവൾ തന്റെ മുടിയിൽ തഴുകി.

“എനിക്ക് തന്നെ ഇഷ്ട്ടപ്പെട്ടില്ല,..
തനിക്ക് എന്നേം…ഓകെ?” അവൻ വാതിലടയ്ക്കും മുൻപ് പറഞ്ഞു.

“ഓകെ” അഥീന ചിരിച്ചു…

പിന്നിലടഞ്ഞ വാതിൽ ചാരി ആബേൽ നിന്നു. ഒതുക്കി വച്ച കണ്ണീരെല്ലാം പൊട്ടിച്ചെറിഞ്ഞു കൊണ്ടവൻ തല കുമ്പിട്ട് ഒച്ചയില്ലാതെ കരഞ്ഞു.

തലയിലെ വിഗ്ഗൂരി എറിഞ്ഞ് കൊണ്ട് വാതിൽ ചാരി കുന്തിച്ചിരുന്ന അവൾ കെട്ടിനിർത്തിയ ശ്വാസത്തെ അയച്ചു വിട്ടു.

മുടിയൊഴിഞ്ഞ തലയിൽ തല്ലി അവൾ അലമുറയിടുന്നത് ആബേൽ കണ്ണടച്ച്
കേട്ടു….അവളുടെ കരച്ചിൽ ശാന്തതയെ പുണരും വരെ ആബേൽ വാതിൽ ചാരി നിന്നു.

ഇന്ന് അഥീന മരിച്ചിട്ട് രണ്ട് വർഷമാകുന്നു. ആബേലും ഭാര്യ റെയ്ച്ചലും അഥീനയുടെ കല്ലറയ്ക്ക് മുകളിൽ പൂക്കൾ വിതറി. റെയ്ച്ചലിന്റെ കൈയ്യിൽ ഒരു വയസ്സ് പ്രായമുള്ള മകൾ അന്ന ചോക്ലേറ്റ് നുണയുന്നുണ്ട്..

“…ഹൊ..ഞാനിത് ഒട്ടും പ്രതീക്ഷിച്ചില്ല ആബേൽ, ഇത് നേരത്തേ പറയാരുന്നു…ഇറ്റ്സ് ടൂ മച്ച്…….
എന്നാലും എന്തായിരുന്നു നിങ്ങൾ മാരീ ചെയ്യാതിരുന്നത്..? അഥീനയ്ക്ക് സത്യത്തിൽ എന്താ പറ്റിയത്..?”

ഡ്രൈവ് ചെയ്യുന്നതിനിടെയാണ് ആബേൽ വീണ്ടും സംസാരിച്ചു തുടങ്ങിയത്.

“ചോദ്യങ്ങളാണ്…എനിക്കും
അവൾ ഒരുപാട് ചോദ്യങ്ങളെ തന്നു. അന്നവൾ എന്റെ കാതിൽ പറഞ്ഞൊരു രഹസ്യമുണ്ട്..

എന്നെക്കൊണ്ട് അവളാഗ്രഹിച്ച നാടകത്തിൽ വേഷം കെട്ടിക്കാൻ പറഞ്ഞൊരു സത്യം…!.. അതൊരു ട്രാപ്പായിരുന്നു..,എന്നെ തകർത്തു കളഞ്ഞ ഒന്ന്..”

ആബേൽ സംസാരം നിർത്തി
നെടുവീർപ്പിട്ടു. റെയ്ച്ചൽ ആബേലിന്റെ വാക്കുകൾക്കായ് കാതോർത്തു.

“റെയ്ച്ചലേ….നീ ചോദിച്ചില്ലേ ഷെല്ഫിലിരിക്കുന്ന ഒരു വിഗ്ഗിനെ പറ്റി..
ഞാൻ അഭിനയിച്ചൊരു നാടകത്തിൽ പെൺ വേഷം കെട്ടിയാടിയ വിഗ്ഗ്….
എന്ന് ഞാൻ പറഞ്ഞ വിഗ്ഗ്.. അത് അഥീനയുടേതാണ്…

“എന്റെ തലയിലെ വിഗ്ഗെടുത്ത് മാറ്റി നിങ്ങളെ ഞെട്ടിക്കാനെനിക്ക് വയ്യ..പ്ലീസ്..”

ഇതായിരുന്നു അന്നവൾ റീക്രിയേഷൻ ഡ്രാമയ്ക്ക് വേണ്ടി എന്റെ ചെവിയിൽ പറഞ്ഞത്…..

താരന്റെ പേരിൽ എന്നെ ഒഴിവാക്കിയവൾ, കറുത്തിരുണ്ട കടൽ പോലെ തിളക്കമുള്ള തിരകളുള്ള സ്വന്തം മുടിയഴകിനെ പ്രാണൻ പോലെ സ്നേഹിച്ചവൾ പോയത് ഒഴിഞ്ഞ തലയുമായാണ്…

അവസാന നാളുകളിലൊന്നിൽ‌ അവളെനിക്ക് സമ്മാനിച്ചതാണത്..”

റെയ്ച്ചൽ ഞെട്ടലോടെ ആബേലിനെ നോക്കി. അവൾക്ക് എന്ത് പറയണം എന്നറിയില്ലായിരുന്നു…. ഇത്രയും നാൾ ഇതൊക്കെ ഉള്ളിലൊതിക്കിയാണല്ലോ ആബേൽ.. എന്നവൾ ചിന്തിച്ചു..
എന്ത് പറയാൻ…

ആബേലും പിന്നെ ഒന്നും സംസാരിച്ചില്ല.
അയാളുടെ മനസ്സിൽ പഴയൊരു ചിത്രം സംസാരിച്ചു തുടങ്ങി.

“അഥീ…ആർ യൂ വി ർ ജിൻ?”

“ആണെങ്കിൽ”

” നമുക്കത് തവിടു പൊടിയാക്ക്യാലോ??
ഐ വിൽ ഹെല്പ്…സിൻസിയർലി..”

അഥീന പൊട്ടിച്ചിരിച്ചു…. പിന്നെ പൊട്ടിക്കരഞ്ഞു, ആബേൽ അവളെ കെട്ടിപ്പിടിച്ചു. അയാളും കരഞ്ഞു.,

ആദ്യമായൊരു പെണ്ണിന്റെ മുന്നിൽ..
ആദ്യമായൊരു പെണ്ണിനെ ഉമ്മ വച്ചു…
കെട്ടിപ്പിടിച്ചു… അവളിൽ അലിഞ്ഞു ചേർന്നു…

“ഇനിയെനിക്ക് പോകാം ആബേൽ…
ഞാനിപ്പോൾ വെറുമൊരു പെണ്ണല്ല…
ഞാനിഷ്ട്ടപ്പെടുന്നൊരു ആണിൽ ലയിച്ചവളാണ്… അതിനു ഭാഗ്യം വേണം..അതാണ് യഥാർഥത്തിൽ ഭാഗ്യം..
ഞാനെത്ര ഭാഗ്യവതിയാണ്….

എനിക്കിനി കുറെ കാലം ജീവിക്കാൻ വയ്യ ആബേൽ ,അത് നിന്നെ കൂടുതൽ വേദനിപ്പിക്കലാകും..നിനക്ക് വേദനിച്ചാൽ‌ എനിക്കും വേദനിക്കും.. എനിക്കിനി വേദനിക്കാൻ വയ്യ ആബേൽ..”

ആബേലിന്റെ കാൽ ബ്രേക്കിൽ അമർന്നു.

“റേയ്ച്ചൽ…നീ വിഷമിക്കില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ..?”..

“വേണ്ട ആബേൽ… ആബേൽ മനസ്സ് കൊണ്ടും ശരീരം കൊണ്ടും ആദ്യമറിഞ്ഞത് അഥീനയെ ആയിരുന്നുവെന്നല്ലേ…

നി‌‌ങ്ങൾക്കിടയിൽ എനിക്കെത്ര ചികഞ്ഞാലും കിട്ടുന്നത് പവിത്രമായ ആരെയും മോഹിപ്പിക്കുന്നൊരു
അതെല്ലാവർക്കും കിട്ടില്ല , അഥീനയെത്ര ഭാഗ്യവതിയാണ്‌‌..അല്ലേ ആബേൽ..”

റെയ്ച്ചലിന്റെ കൈ ആബേലിന്റെ കൈകളെ തൊട്ടു.ആ സ്പ്ർശം പോലെ ശാന്തവും ആർദ്രവുമായൊരു തൊടൽ താനിന്നേ വരെ അനുഭവിച്ചിട്ടില്ലെന്ന് ആബേൽ തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published.