എത്രയൊക്കെ ചേർത്തു പിടിച്ചിട്ടും എന്റെ ഭാര്യ എന്നോട് അകലത്തിന്റെ ഭാഷയിൽ..

(രചന: Syam Varkala)

നിങ്ങളാണാ ഭാര്യയെങ്കിൽ എന്ത് ചെയ്യും..?? മുന്നിൽ നിൽക്കുന്നത്
അയാളാണ്..തന്റെ ഭർത്താവിന്റെ ശരീരത്തിൽ ഹൃദയമിടുപ്പ് മാത്രം ബാക്കി വച്ച് കരുണ കാട്ടിയവൻ…

വളയം പിടിച്ചവൻ..നിർത്താതെ പോയവൻ.. പോലീസിന്റെ തിരച്ചിൽക്കണ്ണുകളിൽ കുരുങ്ങാത്തവൻ.

മരവിച്ച മനസ്സും, അതിലേറെ മരവിച്ച ശരീരവുമായി അവൻ ബാക്കി വച്ച ജീവിതമൊരു കട്ടിലിൽ ചലനമറ്റ് കിടക്കുന്നു….അകത്ത്…!

“വരൂ….ബീഥോ മുകളിലാണ്”
അയാൾ അവളെ അമ്പരപ്പോടെ നോക്കി.
അവന്റെ കവിൾത്തടങ്ങളിൽ ചോദ്യചിഹ്നം തെളിഞ്ഞു. ഇവൾക്കെന്നോട് ദേഷ്യമില്ലെന്നാണോ..? അതെങ്ങെനെ ശരിയാകും…

ഒരിക്കലെങ്കിലും എ‌ന്നെ തല്ലിക്കൂടേ ഇവൾക്ക്… എന്തിനിത്രക്ക് ദയ…? കഴുത്തിനു താഴെയുള്ള നിന്റെ ഭർത്താവിന്റെ ചലനത്തിനെ കഴുവേറ്റിയവനാണ് ഞാൻ..!

പൊയട്രി വാതിൽ തുറന്ന് അയാളെ അകത്തേക്ക് ക്ഷണിച്ചു.
ബീഥോവന്റെ ചലിക്കുന്ന തല മാത്രമുള്ള,ഉടലടക്കം ചെയ്ത മുറി.!

“ബീഥോ..ഇതാരെന്നറിയോ..
എഡിസൺ… തോമസ് ആൽവാ അല്ല..എഡിസൺ ഫിലിപ്പ്…നമുക്ക് എഡ്ഡിയെന്ന് വിളിക്കാം..

ബീഥോയെ ഈ കട്ടിലിൽ കെട്ടിയിട്ടവൻ.. രണ്ടാഴ്ച്ചകൾക്ക് ശേഷം ഇതാ വെളിച്ചത്ത്…”

എഡിസൺ ബീഥോവനെ നോക്കി ചിരിക്കാൻ‌ ശ്രമിച്ചു.

“ഇരിക്കൂ എഡ്ഡി..”

ബീഥോവൻ ശാന്തനായി പറഞ്ഞു.
എഡ്ഡി ഇരുന്നു കൊണ്ട് ഒരു നീണ്ട നെടുവീർപ്പിട്ടു.

“മിസ്റ്റർ ബീഥോവൻ.. ആദ്യം തന്നെ പറയാം.. ഞാനൊരു കുറ്റസമ്മതത്തിനോ, മാപ്പപേക്ഷക്കോ വന്നതല്ല..

എന്തോ എനിക്കതിന് പറ്റുമെന്ന് തോന്നുന്നില്ല. എനിക്ക് മാപ്പ് പറയണമെന്ന് തോന്നിയാൽ അത് മിസ്സിസ് ബീഥോവനോടാണ്….”

എഡ്ഡി പൊയട്രിയെ നോക്കി. അവൾ മുന്നിൽ അരങ്ങേറാൻ പോകുന്ന രംഗത്തെക്കുറിച്ച് ജിജ്ഞാസുവാണ്. ഇയാൾ എന്താണ് പറഞ്ഞ് വരുന്നത്..?

“നിങ്ങൾക്ക് കാര്യങ്ങൾ വ്യക്തമായില്ല എന്നെനിക്കറിയാം…ഞാനൊരു കഥ പറയാം…അല്ല എന്റെ ജീവിതം പറയാം…

ഇവിടെ നിന്നും ആറ് കിലോമീറ്റർ ദൂരെയാണ് എന്റെ വീട്. ഞങ്ങൾ ഗോവയിലായിരുന്നു. ഇവിടെ പുതിയ വീട് വാങ്ങി താമസമായിട്ട് അൻപത്തി ആറ് ദിവസങ്ങൾ. ഞാനും, ഭാര്യയും, എനിക്ക് കുട്ടികളില്ല…

എന്റെ ഭാര്യയാണ് ഇവിടെയൊരു വീട് വിൽപ്പനക്കുണ്ടെന്ന് നെറ്റിൽ നിന്നും കണ്ടെത്തിയത്. മോശം പറയരുതല്ലോ നൈസ് ഹൗസ്….

ഒരു വർഷം മുൻപായിരുന്നു എന്റെ വിവാഹം… പക്ഷേ… ഞാൻ എത്രയൊക്കെ ചേർത്തു പിടിച്ചിട്ടും എന്റെ ഭാര്യ എന്നോട്
അകലത്തിന്റെ ഭാഷയിൽ സംസാരിച്ചു,..

എനിക്കവളെ മനസ്സിലായില്ല.. ശ്രമിച്ചപ്പോഴൊക്കെ അവൾ ഒഴിഞ്ഞു മാറി.

കുട്ടികൾ ഇപ്പോൾ വേണ്ട എന്നത് അവളുടെ തീരുമാനമായിരുന്നു. അതിന്റെ കാരണം എനിക്കറിയാൻ ഒരു മാസം മുൻപ് എനിക്കവളുടെ ഡയറി
വായിക്കേണ്ടി വന്നു.

” ഞാൻ പ്രസവിക്കുന്നെങ്കിൽ അത് നിന്റെ കുഞ്ഞിനെ ആയിരിക്കും, അതിനാൽ ഞാൻ ഒരമ്മയാകുന്നില്ല.”
എഡ്ഡി മേശപ്പുറത്ത് നിന്നും വെള്ളം നിറഞ്ഞ ജഗ്ഗെടുത്ത് വായിലേയ്ക്ക് കമിഴ്ത്തി.

“ആരാണ് ആ “നീ”…എന്റെ ഭാര്യ പറഞ്ഞ നീ…..നിന്റെ കുഞ്ഞ്??”

എഡ്ഡി പിയുവിനെയും ബീഥോവനെയും നോക്കി . ബീഥോവന്റെ മുഖം വിളറിയിരുന്നു. വിയർക്കാൻ തുടങ്ങിയിരുന്നു‌….

” I know ..നീയാരാണെ‌ന്ന്…I know.. ”
പിയ ബീഥോവനെ നോക്കി…
അവൾക്ക് എന്തെന്നില്ലാത്ത ഭയം പെരുക്കാൻ തുടങ്ങി…

“എന്തറിയാമെന്ന്…ബീഥോവൻ… നിങ്ങൾ അറിയാൻ ഇനിയും ബാക്കിയുണ്ട്.. ഇനിയും.. ഞാൻ ഇനി പറയു‌ന്ന കാര്യങ്ങൾ മിസിസ്സ് ബീഥോവന് വേണ്ടിയാണ് നിങ്ങളുടെ മുഖത്തെ ചോദ്യങ്ങൾക്കുള്ള ഉത്തരം……

ഗോവയിലേയ്ക്കുള്ള യാത്രയ്ക്കിടെ ലാപ്ടോപ്പെടുക്കാൻ മറന്ന് അന്ന് രാത്രി പതിനൊന്നരയോടെയാണ് ഞാൻ നൂറ് കിലോമീറ്ററോളം ഡ്രൈവ് ചെയ്ത് തിരികെ വീട്ടിലേയ്ക്കെത്തിയത്…

നല്ല മഴയുള്ള രാത്രി… വീട്ടിലേക്കുള്ള വളവ് തിരിയവേ ഞാൻ കണ്ടു.. പോർച്ചിലെ അരണ്ട വെളിച്ചത്തിൽ… എന്റെ ഭാര്യ ഒരാളെ യാത്രയാക്കുന്നു….

ചുണ്ടോട് ചുണ്ടിൽ മധുരം പകർന്നു കൊണ്ട്…. ഞാൻ വീട്ടിലേയ്ക്കുള്ള വളവ് തിരിയാതെ ഹെഡ് ലൈറ്റ് ഓഫ് ചെയ്ത് കാർ മുന്നോട്ട് മുന്നേട്ടെടുത്ത് ഒതുക്കി നിർത്തി.

എന്നെ കടന്ന് എന്റെ ഭാര്യയുടെ മുത്തവുമായി ആ ബുള്ളറ്റെന്നെ കടന്നു പോയി…ഞാൻ പിന്നാലെയും…..എന്റെ ഹൃദയം ബുള്ളറ്റിന്റെ ശബ്ദത്തോളം ഉച്ചത്തിൽ മിടിക്കുന്നതെനിക്ക് കേൾക്കാമായിരുന്നു…”..

എഡ്ഡി നടത്തം നിർത്തി കസേരയിലേയ്ക്കിരുന്നു.

“മനസ്സിലായില്ലേ മിസ്സിസ്സ് ബീഥോവൻ..
എന്റെ ഭാര്യ പെറ്റ് പോറ്റാനാഗ്രഹിച്ച കുഞ്ഞിന്റെ അച്ഛനാരാണെന്ന്?..
എങ്ങെനെയാണ് എന്റെ ഭാര്യ ഇവിടെയൊരു വീട് കണ്ടെത്തിയതെന്ന്…?

എന്റെ ഭാര്യയുടെ കാമുകന് എന്ത് സംഭവിച്ചെന്ന്..??..ഞാനീ കഥ പറഞ്ഞതെന്തിനെന്ന്..? മനസ്സിലായില്ലേ ഇനിയും..??”

എഡ്ഡി നിർത്തി നിർത്തി ഒരു ചിരിയെ പുറത്തേക്കിട്ടു. പെയ്തൊഴിഞ്ഞ ഭാവമുണ്ട് എഡ്ഡിയുടെ മുഖത്ത്…

പിയ ബീഥോവന്റെ മുഖത്ത് ശ്വാസമെടുക്കാൻ മറന്ന് നോക്കി നിന്നു. ബീഥോവൻ അവളുടെ നോട്ടത്തെ താങ്ങാനാകാതെ മുഖം വെട്ടിച്ചു.

“എനിക്ക് തോന്നുന്നത്, മിസ്സിസ്സ്
ബീഥോവനും എന്റെ അതേ റോളായിരുന്നു ഇത്രയും നാൾ… അല്ലേ…?

എത്ര സ്നേഹം വാരിക്കോരിക്കൊടുത്താലും പ്രേമം നിറഞ്ഞൊരു ചേർത്ത് പിടിക്കലോ, മുത്തമോ കിട്ടാതെ അകറ്റി നിർത്തി അഭിനയിക്കൽ.. സ്നേഹനടനം….?

അതു കൊണ്ടാണല്ലോ നിങ്ങൾക്കിടയിലും ഒരു കുഞ്ഞിന്റെ കരച്ചിൽ കടന്നു വരാതിരുന്നത്…!!??

“”എന്റെ കുഞ്ഞിനെ പ്രസവിക്കുന്നെങ്കിൽ അത് നീയായിരിക്കും ,അതിനാൽ ഈ ജന്മം ഞാനൊരച്ഛനാകുന്നില്ല..”” എന്നൊരു ശപഥം നിങ്ങളും എടുത്തിട്ടുണ്ടല്ലേ മിസ്റ്റർ ബീഥോവൻ..???”

ബീഥോവൻ ഞെട്ടിപ്പോയി.. എഡ്ഡി കുലുങ്ങി കുലുങ്ങി ചിരിക്കാൻ തുടങ്ങി.

പിയ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ ഭിത്തിയിൽ പിടിച്ചു കൊണ്ട് താഴേയ്ക്കൂർന്ന് ഇരുന്ന് പോയി… അവൾക്കെല്ലാം വ്യക്തമായിരുന്നു.. എല്ലാം..

എഡ്ഡി മൊബൈലെടുത്ത് കോണ്ടാക്ട് തിരഞ്ഞ് ചെവിയോട് ചേർത്തു…

“അന്നാ..ഒന്നകത്തേക്ക് വരാമോ..?
മുകളിലത്തെ നിലയിൽ..
എനിക്ക് നിന്നെയൊരാളെ പരിചയപ്പെടുത്താനുണ്ട്..”

ബീഥോവൻ തല വെട്ടിച്ച് എഡ്ഡിയെ നോക്കി..അയാൾ വേണ്ടന്ന് തലയാട്ടി..

“പ്ലീസ്..എഡ്ഡീ..don’t do …”
എഡ്ഡി ചിരിച്ചു…

“കേട്ടോ മിസ്സിസ്സ് ബീഥോവൻ..
അന്ന…എന്റെ ഭാര്യ…അവളിപ്പോൾ‌ ഇങ്ങോട്ട് വരും. അറിയില്ലവൾക്ക് ഇത് ബീഥോവന്റെ വീടാണെ‌ന്ന്..ബീഥോവൻ ആക്സിഡന്റായതും….

എന്തായിരിക്കും ഇവിടെയിപ്പോൾ സംഭവിക്കാൻ പോകുന്നത്….?

ഒരു മൂവീ ഡയറക്ടറെ പോലെ കൈകളുയർത്തി ആഗ്യം കാട്ടിക്കൊണ്ട് എഡ്ഡി പറഞ്ഞു തുടങ്ങുന്നു.

“നമുക്കൊന്ന് ഇമാജിൻ ചെയ്യാം..
തുറന്നിട്ട വാതിൽക്കൽ വന്നു നിൽക്കുന്ന ആനിയുടെ കണ്ണുകൾ പെട്ടെന്ന് ബീഥോവനിൽ പതിയുന്നു…

അവൾ പാഞ്ഞെത്തി ബീഥോവനെ നോക്കി നിൽക്കുന്നു..അവളുടെ ഹൃദയം പട പട മിടിക്കുന്നുണ്ട്..

‘ബീഥോ നിനക്കെന്ത് പറ്റി പൊന്നേയെന്ന്’ ചോദിക്കുന്നുണ്ട്..പെട്ടന്നവൾ അവന്റെ മുഖം കൈകളാൽ കവരുന്നു…”എന്തു പറ്റി ബീഥോ….എന്തു പറ്റിയെന്ന് പറയാൻ…” കരഞ്ഞു കൊണ്ടവൾ ബീഥോവനെ ചുംബിക്കുന്നു..

അപ്പോഴാണവളുടെ കണ്ണുകൾ ചുവരിൽ ചാരിയിരിക്കുന്ന പിയയുടെ മുഖത്ത് പതിഞ്ഞത്… തൊട്ടടുത്ത് കസേരയിൽ ഇരിക്കുന്ന എഡ്ഡിയെ…തന്റെ ഭർത്താവിനെക്കുറിച്ചോർത്തത്… പെട്ടെന്ന് ആനി തല കുമ്പിട്ട് കട്ടിലിൽ നിന്നെഴുന്നേൽക്കുന്നു……

“വൗ..വാട്ടേ സീൻ…”

എഡ്ഡി കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് ആനിയുടെ കുനിഞ്ഞ മുഖമുയർത്തി.

“ഒരുമ്മ തരോ.. ഇപ്പോ ബീഥോവന് കൊടുത്ത പോലെ.. അത്രത്തോളം പ്രണയം നിറച്ച്…ഒരെണ്ണം..ഒറ്റ ഒന്ന്…….ഹ.ഹ..ഹ..”

നിറഞ്ഞ കണ്ണ് അമർത്തി തുടച്ച് കൊണ്ട് എഡ്ഡി ബീഥോവനെ നോക്കി..
ആനിയെ കട്ടിലിൽ പിടിച്ചിരുത്തി.

“സീൻ എങ്ങെനെയുണ്ട് ബീഥോ…
എത്ര വൈകാരികം.. ഡീപ്.. ഡീപ്… അല്ലേ…..തീർന്നില്ല… ഞാൻ മറ്റൊരു കഥ പറയാം…അതു കൂടി കേട്ടിട്ട് നമുക്കൊരു തീരുമാനത്തിലെത്താം..”

“സ്റ്റോപ്പ്..സ്റ്റോപ്പിറ്റ്….ബെഗ്ഗ് യൂ എഡ്ഡീ..
പ്ലീസ് ….പ്ലീസ്..” ബീഥോവൻ തലവെട്ടിച്ചു കൊണ്ട് പറഞ്ഞു.

പിയ മുട്ടുകാലിൽ മുഖമൂന്നി ഏതോ ചിന്തയിൽ കൊരുത്ത് നിലത്തിരിക്കുന്നു.
അവളുടെ മനസ്സിൽ നിറയെ ചിത്രങ്ങൾ ഓടി മറയുന്നുണ്ട്.

“നോ….. എഡ്ഡി കൈകൾ രണ്ടും പോക്കറ്റിൽ തിരുകി മുറിയിൽ പതിയെ നടക്കാൻ തുടങ്ങി.

“നോ…നീ കേൾക്കണം ബീഥോ.. ആനിയും കേൾക്കണം..ഇത് നിങ്ങൾക്കുള്ള കഥയാണ്….

ആക്സിഡറ്റ് നടന്ന് ഒരാഴ്ച കഴിഞ്ഞ് ഞാനിവിടെ വന്നിരുന്നു. ചെടി നനയ്ക്കുകയായിരുന്നു മിസ്സിസ് ബീഥോവൻ…ഞാൻ കുറെ നേരം അവളെ നോക്കി നിന്ന ശേഷം തിരികെപ്പോയി…

but why…??? ശ്രദ്ധിച്ചില്ലേ മിസ്റ്റർ ബീഥോവൻ താങ്കളുടെ ഭാര്യ എന്നെ നിങ്ങൾക്ക് പരിചയപ്പെടുത്തിയപ്പോൾ പറഞ്ഞത്..

ഇത് എഡിസൺ…നമുക്കിയാളെ “എഡ്ഡി” എന്ന് വിളിക്കാമെ‌ന്ന്….”എഡ്ഡി”….
ഞാനവളുടെ എഡ്ഡിയാണ് ബീഥോവൻ…
നമുക്കും ഒരു ഫ്ലാഷ് ബാക്കുണ്ട്… അവിടൊരു പ്രണയവും..”

ബീഥോവനും, ആനിയും ഞെട്ടി പരസ്പരം നോക്കി..അവരുടെ നോട്ടം എഡ്ഡിയിലും പിയയിലും വീണു ചിതറി..പിയയുടെ മിഴികൾ നിറഞ്ഞൂർന്നു കൊണ്ടേയിരുന്നു.

“വാതിൽ തുറന്ന് എന്നെക്കണ്ടതും അവളുടെ ചുണ്ടുകൾ “എഡ്ഡീ” എന്നെന്നെ വീണ്ടും വിളിച്ചു…. വർഷങ്ങൾക്കു ശേഷം.. നിന്റെ ഭർത്താവിനെ കൊല്ലാൻ ശ്രമിച്ചത് ഞാനാണെന്ന് പറഞ്ഞപ്പോൾ …

“എഡ്ഡീ…നീയോ” എന്ന് അവളുടെ മനസ്സ് മത്രിക്കുന്നത് ഞാൻ കേട്ടു.”

എഡ്ഡി പിയക്ക് മുന്നിൽ നിന്നു.

” നിന്നെ മിസ്സിസ് ബീഥോവൻ എന്ന് വിളിക്കുമ്പോൾ ഞാനെത്ര എരിഞ്ഞെന്നറിയോ പിയാ…നിന്റെ ലൈഫിൽ എനിക്ക് ഇങ്ങനൊരു റീ എൻട്രി ഞാൻ പ്രതീക്ഷിച്ചതേയില്ല…
നിന്റെ ജീവിതമാണല്ലോ ഇങ്ങനെ…”

എഡ്ഡിക്ക് പൂർത്തിയാക്കാനായില്ല.
നീണ്ടൊരു നെടുവീർപ്പിട്ടു കൊണ്ട് എഡ്ഡി തുടർന്നു..

“ഇത്രയും നാൾ ഞാനും നീയും ആനിയുടെയും ബീഥോവന്റെയും രഹസ്യ സ്വർഗ്ഗത്തിലെ കട്ടുറുമ്പുകളായിരുന്നു.

ഇനിയും നമ്മളാ കട്ടുറുമ്പുകളാകണോ പിയാ…അവരെ നമുക്ക് ഒരുമിപ്പിച്ചാലോ..?….ഹ…ഹ..ഹ..”

പറഞ്ഞ് തീർന്നതും എഡ്ഡി പൊട്ടിച്ചിരിച്ചു.
പിയ മുഖമുയർത്തി എഡ്ഡിയെ നോക്കി.
ബീഥോവനും ആനിയും വീർപ്പുമുട്ടലിന്റെ മു‌നമ്പിൽ മറ്റൊരു വീർപ്പുമുട്ടലുകളായി.

“എന്റെയും നിന്റെയും സ്നേഹത്തിന്
പുല്ല് വില കൽപ്പിച്ചവരാണിവർ… സ്നേഹം അഭിനയിച്ചഭിനയിച്ച് നമ്മളെ കൊന്നവർ… എനിക്കിനി വയ്യ…എനിക്കിനി ജീവിക്കണം..

സ്നേഹം അഭിനയിച്ച് കൊല്ലാക്കൊല ചെയ്യാത്ത ഒരു കൂട്ട് വേണം… പിയാ.. എനിക്കിനി നീ വേണം.. നിനക്ക് ഞാൻ വേണം…”

എഡ്ഡി പിയക്ക് നേരെ കൈക നീട്ടി.
ബീഥോവനും ആനിയും വറ്റി വരണ്ട രണ്ട് വാക്കില്ലാ തടാകങ്ങളായി.. പൊള്ളുന്നു…
അവരുടെ മൂന്ന് പേരുടെയും മിഴികൾ പിയയിലേയ്ക്ക് നീണ്ടു..

നിറഞ്ഞൊഴുകുന്ന കണ്ണുകൾ പെട്ടെന്ന് കരുത്താർജ്ജിച്ച പോലെ അവൾ കൈയ്യുയർത്തി മിഴികൾ തുടച്ച ശേഷം
എഡ്ഡിയുടെ നീണ്ടു നിന്ന കൈകളിൽ തന്റെ കൈ വച്ചു….എഡ്ഡി ആ കൈകൾ മുറുകെപ്പിടിച്ചു.

“my poem tree…” എഡ്ഡി പിയയുടെ മിഴികളിൽ നോക്കി വിളിച്ചു.

“കേട്ടോ ബീഥോവ‌ൻ, എന്തു മധുരത്തിൽ കവിതകൾ എഴുതുമെന്നോ പിയ…കോളോജിൽ വച്ച് ഞാനവളെ ഇടക്ക് വിളിക്കാറുണ്ട് ‘poem Tree ന്ന്….’…വായിച്ചിട്ടില്ലേ ഇവളെ…?

ഓഹ്…അന്നയുടെ സ്കിൽസ് ചോദിച്ചാലല്ലേ ബീഥോയ്ക്ക് പറയാനാകൂ.. എന്നെക്കാൾ…”.. എഡ്ഡി ചിരിച്ച് കൊണ്ട് പിയയുമായി പുറത്തേക്ക് നടന്നു.

“പിയൂ..”…

ബീഥോവൻ വിറയാർന്ന സ്വരത്തിൽ വിളിച്ചു. പിയ നിന്നു..തിരിഞ്ഞ് നോക്കാനവൾക്ക് തോന്നിയില്ല.

“ഇല്ല..ബീഥോ…ഇനി ഞാൻ വേണ്ട…
എനിക്കും വേണ്ട….കഴിഞ്ഞ കുറെക്കാലം‌ ഞാൻ എന്നെ ആവശ്യമില്ലാത്ത ഒരാളെ സ്നേഹിച്ചു. പറ്റിക്കപ്പെട്ട് ജീവിച്ചു..

ഇനി വയ്യ…. കേട്ട് കേൾവ്വി പോലും ഇല്ലാത്ത ഒന്നായിരിക്കുമിത്..രണ്ട് ഭർത്താക്കന്മാർ ഭാര്യമാരെ വച്ച് മാറുന്നു.. എന്തെരു നാണം കെട്ട് ജീവിതമാണല്ലേ…

പക്ഷെ ആ നാണക്കേടൊരു തിരിച്ചറിവാണ്… നമുക്കെല്ലാവർക്കും.
ആർക്ക് ആരാണ് വേണ്ടതെന്ന തിരിച്ചറിവ്..ഇനിയെങ്കിലും എന്റെ സ്നേഹം പറ്റിപ്പെടരുത്..ഇനിയുള്ള കാലമെങ്കിലും…

ബീഥോ…തരി സ്നേഹമില്ലെന്നിൽ നിന്നോട്..ഇതിലെ ശരിയും തെറ്റും ഒന്നും ഞാൻ ചിന്തിക്കുന്നില്ല … ഭർത്താവ് തളർന്ന് കിടപ്പിലായപ്പോൾ ഉപേക്ഷിച്ച് പോയവൾ എന്നെല്ലാരും പറയും..

പക്ഷേ തളർന്ന് കിടക്കുമ്പോൾ പരിചാരകയാകേണ്ടവൾ മാത്രമല്ലല്ലോ ഒരു ഭാര്യ…ഭാര്യക്ക് ഭർത്താവും.. ഞാൻ പോകുന്നു…അത്ര മാത്രം എനിക്കറിയാം.”
പിയ മുറിക്ക് പുറത്തേക്ക് നടന്നു.

എഡ്ഡി ആനിയെ നോക്കി..

“എഡ്ഡീ …എന്നൊരു വിളി ഞാനും പ്രതീക്ഷിച്ചു ആനീ… വേണ്ട… നിനക്കിനിയും കഥ പൂർണ്ണമായും മനസ്സിലായിട്ടില്ല എന്നറിയാം..ഒക്കെ ബീഥോവൻ പറഞ്ഞു തരും…..

നിന്റെ വാക്കുകൾ അറംപറ്റി ആനീ…”ഞാൻ പ്രസവിക്കുന്നുണ്ടെങ്കിൽ അത് നിന്റെ കുഞ്ഞിനെ ആയിരിക്കും
അതിനാൽ ഞാനൊരമ്മയാകുന്നില്ല..”..
മ്ഹ്…”

ആനി ‌ഞെട്ടലോടെ എഡ്ഡിയെ നോക്കി.
അവൾ നീറിയൊടുങ്ങുന്നുണ്ട്.

“ഇതൊരു പക പോക്കലോ ചതിയോ അല്ല.. അത്തരം വാക്കുകൾക്ക് നമുക്കിടയിൽ പ്രസക്തിയില്ല..

ബീഥോ.. നിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ എനിക്ക് നല്ല വിഷമമുണ്ട്… വേണ്ടിയിരുന്നില്ല എ‌‌ന്ന് തോന്നിപ്പോകുന്നു…

നിങ്ങളുടെ എന്താവശ്യത്തിനും ഞങ്ങളുണ്ടാകും, അല്ലെങ്കിലും മറ്റാരുണ്ട്…ല്ലേ.. ഉടലുകൾ തമ്മിലുള്ള കരാർ മാത്രമല്ല സ്നേഹം…മനസ്സുകൾ തമ്മിലും വേണ്ടേ..”

എഡ്ഡി തലയാട്ടി കൊണ്ട് മുറിക്ക് പുറത്തിറങ്ങി ഡോർ വലിച്ചടച്ചു.

Leave a Reply

Your email address will not be published. Required fields are marked *