നീയാഗ്രഹിക്കുന്ന ഭർത്താവായി മാറാൻ ഞാൻ ശ്രമിക്കുമ്പോൾ നീ സ്വയം ചോദിക്കേണ്ടൊരു..

(രചന: Syam Varkala)

‘പൊന്നു ഭർത്താവേ… നിന്നോട് കറി വയ്ക്കാൻ വേണ്ടിയല്ല ഇടയ്ക്കെങ്കിലും അടുക്കളയിൽ വന്നെന്നെയൊന്ന്
സഹായിക്കാൻ പറഞ്ഞത്…,

നീ മീൻ മുറിക്കണ്ട, തേങ ചുരണ്ടണ്ട,..
പച്ചക്കറി നുറുക്കണ്ട… ഭാരിച്ചതൊന്നും ചെയ്യണ്ട,.. അതിലേറെ ഉത്തരവാദിത്തത്തോടെ നീ നമ്മുടെ കുടുംബം നോക്കുന്നുണ്ട്,..’

“പിന്നെ…??..പിന്നെന്തിനാ ഭാര്യേ നീയെന്നെ അടുക്കളയിലേയ്ക്ക് ക്ഷണിക്കുന്നത്..?”

കെട്ട്യോന്റെ ചോദ്യത്തിന്റെ കേൾവ്വിയിലേയ്ക്ക് അവൾ വാക്കുകൾ ഇങനെ വിതറിയിട്ടു.

‘തിളച്ച എണ്ണയിലേയ്ക്ക് ഒരു നുള്ള് കടുകിട്ടു താ.. പറമ്പീന്നൊരു തണ്ട് കറിവേപ്പില തുള്ളി താ… പിന്നിലൂടെ വന്നെന്നെയൊന്ന് കെട്ടിപ്പിടിക്ക്….

ആഴ്ച്ചയിലൊരിക്കൽ വെട്ടിയൊതുക്കാറുള്ള നിന്റെ മീശ മുനമ്പാൽ എന്റെ പിൻ കഴുത്തിലൊന്ന് അമർത്തിച്ചുംബിക്ക്…

ഇടുപ്പിൽ വിരലുകൾ മേയ്ച്ചെന്നിൽ ഇക്കിളിയുണർത്ത്… ചുരണ്ടി വച്ച തേങ നുള്ളി പാതിയെന്റെ വായിലേയ്ക്ക് വച്ച് മറുപാതി നീയും തിന്ന്…

‘ച്ചിരി ചാറിങെടുത്തേടീ, ഉപ്പ് നോക്കട്ടെ’.. ന്ന് പറഞ്ഞ് കറിയെ പുകഴ്ത്തിയോ, ഇകഴ്ത്തിയോ രണ്ട് വാക്കൊന്ന് കളിയായ് പറയ്…

ആകാശത്തൂന്ന് മഴയോട്ടം തുടങവേ എന്നേക്കാൾ മുന്നേ ടറസ്സിലെ തുണികളെക്കുറിച്ചോർക്ക്…

ഗ്യാസ് കുറ്റി ഉയർത്തി നോക്കി…
‘ഉം…ഒരാഴ്ച്ചയോടും…”

ഇത്രയൊക്കെ..ഇത്രയൊക്കെ മതി…. ചില ചെറിയ ചെറിയ കാര്യങളിലാഡോ ഭർത്താവേ ഭാര്യമാർ കൂടുതൽ സന്തോഷംകണ്ടെത്തുന്നത്…!”

“മ്…മ്…. നീയിങനൊക്കെ പറഞ്ഞ്
എന്നെ അടുക്കളെ കയറ്റും, ഒടുക്കം ഞാൻ അകത്തും, നീ പുറത്തുമാകും… വേല കൈയ്യിൽ വച്ചോ പൊണ്ടാട്ടീ…

ഹ..ഹ…ഹ.. അങനെ പണികിട്ടിയ ഭർത്താക്കന്മാരെ പലരേയും എനിക്കറിയാട്ടാാ..”

“അവരൊക്കെ ഭർത്താവാണെന്നാരാ പറഞ്ഞത്, അവൾ ഭാര്യയാണെന്നാരാ പറഞ്ഞത്….

ശരീരവും മനസ്സും പങ്കിട്ടിട്ടും പരസ്പരം മനസ്സിലാക്കാതെ പോയവർ… അവൾ ഭാര്യയോ, ഭർത്താവോ ആകുന്നില്ല കെട്ട്യോനേ…

കെട്ട്യോളുടെ പേര് കുത്തിയ മോതിരമിട്ടാൽ ഭർത്താവാകില്ല..
ഭർത്തവിന്റെ പേര് പതിച്ച താലിയിട്ടാൽ ഭാര്യയുമാകില്ല…

ദാമ്പത്യം വിജയിക്കാൻ പരസ്പ്പരം നല്ലൊരു കേൾക്കാനുള്ള മനഃവിശാലതയുണ്ടാവുക. ഇടയ്ക്ക് കിടക്കയിലുണ്ടാകുന്ന അകലം കടന്നു വരുന്ന കൈകളെ മൂന്ന് വട്ടത്തിൽ കൂടുതൽ തട്ടി മാറ്റാതിരിക്കുക.”

അവസാനമായി ഒന്നു കൂടി പറഞ്ഞിട്ട് ഞാൻ അടുക്കളയിലോട്ട് പോട്ടെ…..

“ആർത്തവത്തിന്റെ വേദനയുടെ ആദ്യനാളുകളിൽ നിന്റെ കൈകൊണ്ടൊരു കട്ടനിട്ടു തന്നാൽ..
‘ഇന്നിനി കിച്ചനിൽ കയറണ്ട, ഡിന്നർ പുറത്തൂന്നാകാ’മെന്നൊന്ന്
പറഞ്ഞാൽ…..

വേദനയുടെ നേരങളിൽ പൊക്കിളിനു ചുറ്റും ബാമൊന്ന് പുരട്ടി എന്റെ വേദന നീയുമൊന്ന് പങ്കിട്ടാൽ…

പീര്യേഡ്സ് ഡേറ്റ്സ് ഓർത്ത് വൈകുന്നേരം നീ കൊണ്ട് വരാറുള്ള
കവറുകളിൽ എനിക്കുള്ള പാഡ് കണ്ടാൽ….

മതി….പോതും കണവാ.. ഇതുക്കും മേലെ എനക്കെതുവുമേ വേണാാ …”

അവൾ ചിരിച്ചു കൊണ്ട് അടുക്കളയിലേയ്ക്ക് പോയി.. അവൻ കുറെ നേരം ചിന്തിച്ചിരുന്നു. വൈകുന്നേരം അവൾ കുളിക്കാനായ് എണ്ണയെടുക്കവേ…

“വാ… ഞാൻ തേച്ചു തരാം….”

അവൻ കാച്ചെണ്ണ കൈയ്യിലേയ്ക്കൊഴിച്ചു…

‘ഹാ..എന്താ മണം… നിന്റെ മണം…’

“മനുഷ്യാ… ഇങളിപ്പോൾ ഭർത്താവായിത്തുടങീ ..ട്ടാ…”

“ഞാനൊന്ന് ശ്രമിച്ചു നോക്കട്ട് ഭാര്യേ…
ഒരു ചോദ്യമുണ്ട്, നിന്നോടെനിക്ക്…
നീയാഗ്രഹിക്കുന്ന ഭർത്താവായി മാറാൻ ഞാൻ ശ്രമിക്കുമ്പോൾ നീ സ്വയം ചോദിക്കേണ്ടൊരു ചോദ്യം..

എന്റെ ആഗ്രഹങളെ സ്നേഹിക്കുന്ന,
എന്നിലെ ഭർത്താവിനെ ബഹുമാനിക്കുന്ന ഒരു ഭാര്യയാകാൻ നിനക്ക് കഴിയുന്നുണ്ടോ…?”

അവൾ കണ്ണു മിഴിച്ച് അവനെ നോക്കി.
ശേഷം അവൾ എന്ന
ഭാര്യയെക്കുറിച്ച് ചിന്തിക്കാൻ തുടങി.
പെട്ടെന്നവളുടെ കാതുകളിലേയ്ക്ക്
അവൾതന്നെ പറഞ്ഞ വാക്കുകൾ കിതച്ചോടിയെത്തി…

“നമുക്കുടനെയൊന്നും വേണ്ട ചേട്ടാ..
ഇപ്പോഴുള്ള ഈ ഗ്ലാമറോടെ കുറച്ചു കാലം കൂടി ഞാൻ ജീവിച്ചോട്ടെ..
അതുവരെ അച്ഛനാകാനുള്ള പൂതിയൊന്ന് അടക്കി വയ്ക്കോ..പ്ലീസ്…”

ശരീരവും മനസ്സും ഒന്നാകുന്ന വേളയിൽ അവൾക്കും അവനുമിടയിൽ അതുവരെയുണ്ടായിരുന്ന മുൻകരുതലിന്റെ നേർത്ത ആവരണത്തെ

ക്ലോസറ്റിലേയ്ക്കിട്ട് ഫ്ലഷ് ബട്ടണിൽ വിരൽ അമർത്തവേ അവൾ കെട്ട്യോന്റെ ചോദ്യമോർത്തു.

“ഒരു ഭാര്യയാകാൻ നിനക്ക് കഴിയുന്നുണ്ടോ?

“ആടാ…ഞാനാഡാ… അടിമുടി നിന്റെ കെട്ട്യോള്….” അവൾ മനസ്സ് നിറഞ്ഞ് ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *