പണ്ടൊരിക്കൽ കാമുകനായിരുന്നവന് മുന്നിൽ വേശ്യാ വേഷമാടി ജീവിക്കുന്നവൾ ഒരു..

(രചന: Syam Varkala)

“ഈ പുതപ്പിനുള്ളിൽ നിന്നും ഒരാളേ പുറത്ത് പോകൂ…ആര്യാ..”

നെറ്റിയിലെ വിയർപ്പ് ഉള്ളം കൈയ്യാൽ തുടച്ച് കൊണ്ട് കാന്തി ആര്യനെ നോക്കി.
കാന്തി പറഞ്ഞത് ആര്യൻ കേട്ടിട്ടില്ല.
ആര്യൻ മറ്റെന്തോ ചിന്തയിലായിരുന്നു.

“മ്ഹ്..എന്താ..? നീയെന്തെങ്കിലും പറഞ്ഞോ മൂന്നഞ്ഞൂറേ….” ആര്യനവളെ തിരിഞ്ഞ് കിടന്ന് കെട്ടിപ്പിടിച്ചു.

“പറഞ്ഞു….നിങ്ങളിനി കാണുമ്പോൾ എന്നെ മറന്നു പോവോ… ഓർക്കോ….? എവിടുന്ന് കിട്ടി നിങ്ങൾക്കീ വൃത്തികെട്ട അസുഖം..ന്താ അതിന്റെ പേര്..?..”

കാന്തി ആ പേര് ചിന്തയിൽ പരതി.

ആര്യൻ അവളെ നോക്കിച്ചിരിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ കണ്ണ് കൊണ്ട് അമർത്തി മുത്തി. തുറന്ന് പിടിച്ച് ഒരു കണ്ണ് കൊണ്ട് ആര്യൻ അവളെ കണ്ണിറുക്കിച്ചിരിച്ചു.

“അൽഷിമേഴ്സ്…. മെഴ്സിഡേഴ്സ് എന്നൊക്കെ പറയും പോലെ നല്ല ബ്യൂട്ടിഫുൾ ഏർപ്പാടാ…. കുഞ്ഞ് കുഞ്ഞ് മറവികളുടെ മൂത്താപ്പയാ കക്ഷി…,

കുറച്ച് നാൾ മരുന്നിലൂടെ കലഹിക്കാം… പിടിച്ചു നിൽക്കാം.. പോരാടാം…. പിന്നെ പിന്നെ… മറക്കും കാന്തീ…നിന്നെയും ഞാൻ കണ്ടാൽ ഓർത്തെന്ന് വരില്ല..”
ആര്യൻ കണ്ണടച്ച് നെടുവീർപ്പിട്ടു.

” നിനക്കങ്ങനെ നരകിച്ച് മരിക്കണോ ആര്യാ…ഓർമ്മകളില്ലാത്ത ലോകത്ത് മറന്ന് മറന്ന് മരവിച്ച് മരിക്കണോ?”

കാന്തി ആര്യന്റെ മുടിയിഴകളിൽ
വിരൽ കോർത്തു. ആര്യൻ അതും ശ്രദ്ധിച്ചില്ല. ആര്യൻ പെട്ടെന്ന് ഒരു സ്വപ്നത്തെ ഓർത്തെടുത്ത് പറയാൻ തുടങ്ങി.

“എപ്പോഴാണെന്നറിയില്ല.. ഇന്നലെയോ, അതിനു മുൻപോ..ഏതോ ഒരു ദിവസം ഞാനൊരു സ്വപ്നം കണ്ടു.

ഞാനാരെയോ തിരക്കി ഒരു വീട്ടിൽ പോകുന്നു. വാതിൽക്കൽ മുട്ടി ഞാൻ കാത്തു നിന്നു… വാതിൽ തുറക്കപ്പെട്ടു.
ഞാൻ ഞെട്ടിപ്പോയി…..

കാന്തീ അത് നീയായിരുന്നു…ഞെട്ടിയത് നി‌ന്നെ കണ്ടിട്ടല്ല,നിന്റെ പ്രായം…. പതിനഞ്ച് പതിനാറ് വയസ്സ്…. ഇതേ മുഖം..,പക്ഷേ യൗവ്വനം തിളയ്ക്കുന്നു…..

പിന്നെ കാണുന്നത് ഞാനാ പതിനാറുകാരിയായ നിന്നെ കീഴ്പ്പെടുത്തുന്നതാണ്… നീയെന്നെ തടയുന്നുണ്ട്. നിലവിളിക്കാൻ തുടങ്ങിയ നിന്റെ ചുണ്ടുകളിൽ ഞാൻ അമർത്തിക്കടിച്ചു….അതൊരു ബ ലാ ത്സം ഗ മായിരുന്നു.”

ആര്യൻ കാന്തിയെ നോക്കി പൊട്ടിച്ചിരിച്ചു… കാന്തി ആര്യനെ കണ്ണെടുക്കാതെ നോക്കി. ആര്യന്റെ ചിരിയിൽ തന്നെയുണ്ട് ആ സ്വപ്നം
അയാളെ വല്ലാതെ ഉന്മത്തനാക്കിയിരുന്നു.

“ആ സ്വപ്നം കണ്ട അന്നു മുതൽ ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു.
ഒന്നിതു പോലെ വിശാലമായി കൂടാൻ..
പല വട്ടം വിളിച്ചിട്ടും നീ വന്നില്ല..

ഈ അസുഖം പകരത്തൊന്നുമില്ലെഡോ.. പേടിക്കണ്ട..”
കാന്തി ചിരിച്ചു കൊണ്ട് മുടിയൊതുക്കി.

“പേടിയോ..എനിക്കിപ്പോ ഒരൊറ്റ പേടിയേയുള്ളൂ..ഓരോരുത്തന്മാർക്ക് കിടന്ന് കൊടുത്തിട്ട് കാര്യം കഴിയുമ്പോ മൂന്നഞ്ഞൂറ് കിട്ടോ, അതോ പറ്റിച്ചിട്ട് കടന്ന് കളയോന്ന്…

നിന്നെ കണ്ടതിൽ പിന്നെ ആ പേടിയില്ല, കഴിഞ്ഞ ഒരു മാസമായി എന്റെ ശരീരത്തിന് നിന്നെ മാത്രമല്ലേ പരിചയമുള്ളൂ.

നിന്റെ ഈ രോഗം എന്നെ വീണ്ടും പഴയ പേടിയിലെത്തിക്കും ആര്യാ.. നിന്റെ മൂന്നഞ്ഞൂറ് രണ്ടഞ്ചൂറിലേയ്ക്ക് തഴയപ്പെടും…..

നിനക്ക് വന്നതിലും വലിയൊരു രോഗം കിട്ടിയേക്കാവുന്ന ജോലിയല്ലേ ആര്യാ ഞാനീ ചെയ്യു‌ന്നത്…..എന്ത് പേടി..അത് വിട്…”

ആര്യൻ കാന്തിയെ ചുറ്റിപ്പിടിച്ച് കഴുത്തിൽ ചുംബിച്ചു. ആ ഉമ്മ അവളെ തൊട്ടില്ല അല്ലെങ്കിലും ഇനി ആര്യനെന്ന വ്യക്തിയുടെ സ്പർശനങ്ങളൊന്നും ഞാനറിയില്ല..

“നീയൊരു കഥ പറ കാന്തീ… നി‌ന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ ഞാനിടയ്ക്ക് നോക്കാറുണ്ട്.

കുനു കുനാന്നുള്ള അക്ഷരങ്ങൾ വല്ല്യ പാടാ, തല വേദനിക്കും….പറ ഏതെലും ഒരു കഥ പറ…ഞാൻ ഉറങ്ങുമ്പോ നിർത്തീട്ട് നീ പൊയ്ക്കോ…നിനക്കുള്ള മൂന്നഞ്ഞൂറ് പതിവ് സ്ഥലത്ത് തന്നെയിരിപ്പുണ്ട്..”

കാന്തി ആര്യന്റെ തല മസാജ് ചെയ്തു കൊണ്ട് കുറച്ച് നേരം ഒന്നും മിണ്ടാതെ കിടന്നു. അവൾ ഒരു കഥ വാതിൽ മെല്ലെത്തുറന്നു.

” പ തി നഞ്ചാം വയസ്സിലാണ് ചക്കി ഗർഭിണിയായത്, ചട്ടുകം പഴുപ്പിച്ച് കൈ പൊള്ളിച്ചിട്ടും, അവൾ അവളുടെ ഹൃദയം കവർന്നവന്റെ, പൊള്ളിച്ചവന്റെ പേര് പറഞ്ഞില്ല.

വീട്ടുകാർ അവളെ അകലെയുള്ള ലീലാമ്മച്ചി യുടെ വീട്ടിലാക്കി, ഗർഭം അ ല സി പ്പിക്കാനായിരുന്നു അവരുടെ തീരുമാനം. ചക്കി കരഞ്ഞ് കാല് പിടിച്ചു.
വീട്ടുകാരുടെ മനസ്സലിഞ്ഞില്ല.

ലീലാമ്മച്ചി പക്ഷേ അവളുടെ കണ്ണീരിന് നിവൃത്തി കണ്ടു. ചക്കി പ്രസവിച്ചു., ഒരു പെൺകുഞ്ഞ്….പറഞ്ഞുറപ്പിച്ച പ്രകാരം കുട്ടികളില്ലാത്ത ത്രേസ്യാമ്മ പൗലോസ് ദമ്പതികൾക്ക് കുട്ടിയെ കൈമാറി.

ചക്കി നിറകണ്ണുകളോടെ നോക്കി നിന്നു.
ഓമനിച്ച് വളർത്താൻ യോഗമില്ലാത്ത ആ കുഞ്ഞിനെ അവൾ ഒരു നോക്ക് പോലും നോക്കിയതേയില്ല.

ചക്കിയെ വീട്ടുകാർ ഉപേക്ഷിച്ച മട്ടായിരുന്നു. ലീലാമ്മച്ചി മരിച്ചതിൽ പിന്നെ അവൾ ഒരു തുണിക്കടയിൽ ജോലിക്ക് പോയി.

അവളുടെ ജീവിതം പതിയെ അവൾ ആഗ്രഹിക്കാത്ത പാതയിൽ യാത്ര തുടങ്ങി. ആ യാത്രയ്ക്കിടെ , പലവട്ടം അവൾ തേടിയിട്ടും കണ്ടെത്താൻ കഴിയാതിരുന്ന മകളെ അവൾ കണ്ടു മുട്ടി.

അവളുടെ പേര് ലില്ലി എന്നായിരുന്നു .
ചക്കിയിൽ നിന്നും ലില്ലിയെ പറിച്ചു കൊണ്ട് പോയി ഒരു മാസം തികയും മുൻപ് പൗലോസ് ഒരാക്സിഡന്റിൽ മരിച്ചു.

അവൾക്ക് ആറ് വയസ്സുള്ളപ്പോൾ ത്രേസ്യയും .ശേഷ കാലം ബന്ധു വീടുകളിലോരോന്നായി വീട്ടുപണിയെടുത്ത്
ജീവിക്കുകയായിരുന്നു ലില്ലി.

ഒടുവിൽ അവളുടെ ദുരിത കാലം കഴിഞ്ഞു. അമ്മക്ക് മകളെയും മകൾക്ക് അമ്മയെയും തിരികെ കിട്ടി.
ലില്ലിയുടെ ശ്വാസം ചക്കിയുടെ സ്നേഹത്താൻ വീർപ്പുമുട്ടി.

ലില്ലിയുടെ ഇഷ്ട്ടങ്ങൾക്കൊപ്പം അവൾ ഓടിനടന്നു. ഒരു ദിവസം…….” കാന്തി പെട്ടെന്ന് കഥ നിർത്തി നിറഞ്ഞ കണ്ണ് തുടച്ച് കൊണ്ട് ആര്യനെ നോക്കി,
ഇല്ല ആര്യൻ ഉറങ്ങിയിട്ടില്ല..

” മ്….ന്നിട്ട് പറ…ബാക്കി പറ… ഇത്രയും കേട്ടിട്ട് പഴകിയ ക്ലീഷേ സ്റ്റോറി പോലുണ്ട്….നീ ഈ സൈസ് കഥകളു. എഴുതോ…”

“…എഴുതിപ്പോവുന്നതാ,ദൈവം എഴുതിപ്പിക്കുന്നതാ.. ശരിയാണ് നീപറഞ്ഞത് കേട്ട് പഴകിയ കഥയാണ്, പലരും പറഞ്ഞ,പലർക്കും സംഭവിച്ചിട്ടുള്ള കഥ… പക്ഷേ ഈ കഥയിൽ ഞാനെന്റേതായ കൈയ്യൊപ്പ് ചാർത്തും …ട്വിസ്റ്റ് ഇനിയാണ്..”

“തോന്നി….നീ വെറുതെ ഒരു കഥ മെനയില്ലല്ലോ…ബാക്കി പോരട്ട്..” ആര്യൻ ഒരു കാലുയർത്തി അവളെ ചേർത്ത് വരിഞ്ഞു. കാന്തി കണ്ണുകളടച്ച് വല്ലാതെ വേദന കടിച്ചമർത്തുന്നുണ്ട്… മനസ്സ് ഇരമ്പിപ്പോറി മുറിയുന്നുണ്ട്.

“നിനക്കങ്ങനെ നരകിച്ച് മരിക്കണോ ആര്യാ…ഓർമ്മകളില്ലാത്ത ലോകത്ത് മറന്ന് മറന്ന് മരവിച്ച് മരിച്ച് ജീവിക്കണോ?.. ഞാൻ നിന്നെ കൊല്ലട്ടെ??”

അവൾ ആര്യന്റെ മുടിയിൽ മുഖം ചേർത്തു. ആര്യൻ മുഖമുയർത്തി അവളെ നോക്കാൻ തുനിഞ്ഞെങ്കിലും അവൾ അവന്റെ തല പിടിച്ച് താഴ്ത്തി.

“…..സത്യം പറഞ്ഞാ മരണത്തെക്കുറിച്ച് ഞാനും ചിന്തിച്ചു. പക്ഷേ ധൈര്യമില്ല…. പേടിച്ചൂറി…ഹ..ഹ..ഹ.. നിനക്ക് ധൈര്യമുണ്ടെങ്കിൽ കൊല്ലെടി കാന്തീ…നോ പ്രോബ്ലം…”

” മ്ഹ്…”കാന്തിയുടെ മിഴികൾ തിളങ്ങി,
ഇരച്ചു കയറുന്ന കോപത്തെ അടക്കിക്കൊണ്ട് കാന്തി പറഞ്ഞു.

“എങ്കിൽ ഉറപ്പിച്ചോ ആര്യാ.. ഈ പുതപ്പ് വിട്ട് ഒരാളേ പുറത്ത് പോകൂ.. നിന്റെ പേടി കൂട്ടുന്നൊരു കഥ ഞാൻ പറയാം… പേടിയുടെ ഉച്ചസ്ഥായിയാണ് മരണം….”

“നീയെന്താ നാടക ഡയലോഗടിക്കുന്നത്… ഹ.‌ ഹ..ഹ..
നീയാദ്യം പറഞ്ഞ് വന്ന കഥ തീർക്ക് കാന്തീ…”

കാന്തി നിറഞ്ഞ കണ്ണ് തുടച്ച് കൊണ്ട് ചാടിയെഴുന്നേറ്റു.

“ഹ..നീ പോകുവാണോ..എന്നെ ഒറക്കീട്ട് പോഡീ..”

“നിന്നെ ഉറക്കീട്ടേ ഈ മൂന്നഞ്ചൂറ് പോകൂ ആര്യാ…”

അവൾ ബ്രാ ധരിച്ച് ഹൂ ക്കിടവേ ആര്യനെ നോക്കി അർത്ഥഗർഭമായ് ചിരിച്ചു.

“കഥ ബാക്കി പറയാതെ പോകാൻ ഞാൻ സമ്മതിക്കില്ല. കാന്തീ…പറ…കഥ പറ… ചക്കിയും ,ലില്ലിയും സ്നേഹിച്ച് പണ്ടാരടങ്ങിക്കൊണ്ടിരിക്കുമ്പോൾ ഒരു ദിവസം…..പറ ഒരു ദിവസം..?”

കാന്തി സാരി ചുറ്റാൻ തുടങ്ങവേ ബാക്കി കഥ പറഞ്ഞു.

“അതെ… ഒരു ദിവസം…. വേശ്യയായ അവളുടെ അമ്മ ചക്കിയെ കാണാൻ പരവേശം മൂത്ത ഒരു കസ്റ്റമർ അവളുടെ വീട്ടിൽ വന്നു. വാതിൽ തുറന്നത് ലില്ലിയായിരുന്നു… അയാൾ അവളെ….

ഉപദ്രവിച്ചു, കടിച്ചു കീറി കുടഞ്ഞു…
പതിനഞ്ചാം വയസ്സിൽ അവളുടെ അമ്മയ്ക്ക് പറ്റിയ അതേ വിധി.. ഒരു പക്ഷേ അതിലും ക്രൂരം…..”

ആര്യൻ പൊട്ടിച്ചിരിച്ചു…

“നീ ആള് മിടുക്കിയാണല്ലോ…ഞാൻ പറഞ്ഞ സ്വപ്നം നൈസായിട്ട് കഥയിൽ തിരുകിയല്ലേ…മൂന്നഞ്ഞൂറേ…
മൂഞ്ചിക്കല്ല്..ട്ടാ…. എന്റെ ഓർമ്മ അത്രയ്ക്ക് പണ്ടാരടങ്ങീട്ടില്ല..നീ കളിക്കാതെ നിന്റെ കഥ പറ..”

മേശ വലിപ്പിൽ നിന്നും ആര്യന്റെ പേഴ്സെടുത്ത് മൂന്നഞ്ഞൂറിന്റെ നോട്ടെടുത്ത് കൈയ്യിൽ മുറുക്കിപ്പിടിക്കവേ കാന്തിയുടെ ചുണ്ടുകൾ വിറകൊണ്ടു.

“ഇത് കഥയല്ല….അത് നീ കണ്ട സ്വപ്നവുമായിരുന്നില്ല ആര്യാ..

നീ എന്നെ കാണാൻ വീട് തിരക്കിപ്പിടിച്ച് വന്നിരുന്നു. എന്റെ ലില്ലിയെ നീ…. അവൾ ആ ത്മ ഹത്യ ചെയ്തു ആര്യാ.. നീ ഒക്കെ മറന്നു പോയി ആര്യാ…. ഉറങ്ങിയെഴുന്നേറ്റപ്പോൾ നിനക്കത് വെറുമൊരു സ്വപ്നമായിമാറി..”

കാന്തി വിറയാർന്ന ശരീരത്തോടെ തല കുമ്പിട്ടു….”എനിക്കിങ്ങനെ നിന്നെ നേരിടാൻ വയ്യ ആര്യാ..ഇന്ന് നിനക്കൊപ്പം കിടന്നപ്പോൾ ഞാനെത്ര ഉരുകിയെന്നറിയോ നിനക്ക്…?”

“ങ്ങ്ഹേ.. വാട്ട്… നോ….നോ…നീ വെറുതെ കഥ മെനഞ്ഞ് എന്നെ പേടിപ്പിക്കുവാ..”

ആര്യൻ ഞെട്ടിപ്പിടഞ്ഞ് കട്ടിലിൽ ചാരിയിരുന്ന് കാന്തിയെ നോക്കി. എന്തൊക്കെയാണിത്… ആര്യൻ വല്ലാതെ വിയർക്കാൻ തുടങ്ങി. കാന്തി ആര്യന്റെ കീഴ്ത്താടിയിൽ പിടിച്ച് അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി.

“സൂക്ഷിച്ച് നോക്ക് ആര്യാ… സൂക്ഷിച്ച് നോക്ക്…പതിനഞ്ച് വയസ്സിൽ ഗർഭിണിയായ ചക്കിയെന്ന കാന്തിയെ നിനക്കീ കണ്ണിൽ കാണാൻ കഴിയുന്നില്ലേ….

നിന്റെ ചക്കീ വിളി കേൾക്കുമ്പോൾ
പ്രണയം നിറഞ്ഞ് തുളുമ്പാറുള്ള ആ പതിനഞ്ചുകാരിയുടെ കണ്ണുകൾ.. കാണു‌ന്നില്ലേ നീ….??

നീ കണ്ട സ്വപ്നത്തിലെ പതിഞ്ചുകാരിയുടെ കണ്ണുകൾ..??!!
ഓർത്തെടുക്ക് ആര്യാ…

നിന്റെ മറവിക്ക് ആ ഓർമ്മകളെ ഒരിക്കലും കീഴ്പ്പടുത്താൻ കഴിയില്ല..
ഒരു മാസം മുൻപ് നിന്നെ ഈ നഗരത്തിൽ വച്ച് കണ്ട് മുട്ടിയപ്പോൾ നീയെന്നെ മനസ്സിലാക്കും എന്ന് ഞാൻ കരുതി..

അവിടെയും നീയെന്നെ തോല്പ്പിച്ചു… നിന്റെ അസുഖം നിന്നുള്ളുള്ള എന്റെ ഓർമ്മകളെ മൂടി.. അറിയില്ലേ ആര്യാ നിനക്കെന്നെ..?? ങ്ങ്ഹേ……??

ഒന്ന് ഓർത്തെടുക്കെഡാ ….”

കാന്തി ആര്യന്റെ കവിളിൽ മെല്ലെ അടിച്ചു കൊണ്ട് നിറഞ്ഞ കണ്ണ് തുടച്ച്
ശബ്ദമില്ലാതെ ചിരിച്ചു.

“നിനക്കോർമ്മയുണ്ട്, എന്റെ ശരീരത്തിന്റെ വില, അത്.. അത് പക്ഷേ.. നിനക്ക് തെറ്റില്ല…… മൂന്നഞ്ഞൂറ് …..മ്ഹ്….
ചക്കീ എന്ന് വിളിച്ച നാവ് കൊണ്ട് നീയെന്റെ ശരീരത്തിന്റെ വില നീട്ടി വിളിക്കുമ്പോ…

ഹൊ….എന്ത് ദുർവിധിയായിപ്പോയിത്…
പണ്ടൊരിക്കൽ കാമുകനായിരുന്നവന് മുന്നിൽ വേശ്യാ വേഷമാടി ജീവിക്കുന്നവൾ.. ഒരു മൂന്നഞ്ചൂറുകാരി….വെറും..മ്ഹ്.”

ആര്യൻ അവളെ തുറിച്ച് നോക്കിക്കൊണ്ട് ഇല്ലായെന്ന് തലയാട്ടവേ കിതക്കുന്നുണ്ടായിരുന്നു. ആ വരണ്ട ചുണ്ടുകൾ പതിയെ നോ..നോ..എന്ന് മന്ത്രിച്ചു കൊണ്ടിരുന്നു.
ആര്യൻ ഓർമ്മകളുമായി പടവെട്ടാൻ തുടങ്ങി..

കാന്തി വെട്ടിത്തിരിഞ്ഞ് കൊണ്ട് വാതിൽക്കലേയ്ക്ക് നടന്നു. വാതിൽ തുറന്ന് കൊണ്ട് അവൾ തിരിഞ്ഞ്
ആര്യനെ നോക്കി.

“…ഞാൻ പോകുന്നു ആര്യാ..
ഇനി നമ്മൾ കാണില്ല…നിന്റെ അവസ്ഥ എനിക്ക് മനസ്സിലാകും..എന്ത് വിധിയാണിതെ‌‌ന്ന് ചിന്തിച്ചു പോകുന്നു.

ഭയത്തിന്റെ മുനമ്പത്താണ് നീയിപ്പോൾ, ഇനി മുന്നോട്ട് വഴിയില്ല., താഴേയ്ക്ക് നോക്കിയാൽ നിനക്ക് മരണം കാണാം..

നീ എഴുന്നേൽക്കണ്ട, ഇവിടെ വന്നപ്പോൾ തന്നെ നിന്റെ തോക്ക് ഞാൻ ഷെല്ഫിൽ നിന്നെടുത്ത് നിന്റെ തലയിണക്കീഴിൽ വച്ചിരുന്നു. ഞാൻ നിന്നെ ഹെല്പ് ചെയ്യുകയാണ് ആര്യാ…

നീ ചിന്തിക്ക്… ഒക്കെ നിനക്ക് ഓർമ്മ വരും.. എന്നിട്ടും മരിക്കാൻ ഭയം തോന്നുന്നുവെങ്കിൽ……ലില്ലി നിനക്കാരായിരുന്നുവെന്ന് ചിന്തിക്ക്…”

വാതിൽ വലിച്ചടച്ച് പുറത്തിറങ്ങിയതും ആര്യന്റെ അലറിക്കരച്ചിൽ കാന്തിയുടെ ഹൃദയം തുളച്ചു…

ആ അലറിക്കരച്ചിലിന്റെ തൊണ്ടയിൽ പെട്ടെന്നൊരു വെടി പൊട്ടി… നിശബ്ദം.. കാന്തി കരച്ചിലമർത്തി കൊണ്ട് കണ്ണുകൾ ഇറുകെയടച്ചു…

Leave a Reply

Your email address will not be published.