കൊറച്ച് മുല്ലപ്പൂ വാങ്ങാരുന്നു ആദ്യരാത്രിയല്ലേ, മാലതിയുടെ ചുണ്ടിൽ മുത്താനൊരുമ്മയു..

(രചന: Syam Varkala)

“കൊറച്ച് മുല്ലപ്പൂ വാങ്ങാരുന്നു,
ആദ്യരാത്രിയല്ലേ…” മാലതിയുടെ ചുണ്ടിൽ മുത്താനൊരുമ്മയുമായ് വന്ന ജോണിന്റെ ചുണ്ടുകളൊരു നിമിഷം ഉമ്മയടക്കി നിന്നു, മാലതിയെ നോക്കി…

പിന്നെ ചിരിച്ചു. ശരിയാണ്, ഒരു തരത്തിൽ ഒളിച്ചോട്ടമായിരുന്നു,
ആർഭാടങ്ങളൊന്നുമില്ലായിരുന്നു,
പക്ഷേ ഈരാത്രിക്ക് ഇത്തിരി സുഗന്ധമാകാമായിരുന്നു.

“എവിടെ പോകുവാ.‌..” ജോൺ പെട്ടെന്നെഴുന്നേറ്റ് ഷർട്ടെടുത്തിടവേ മാലതി പരിഭ്രമിച്ചു.

“പത്ത് മിന്നിട്ട്….സോറി കേട്ടോ..കാശിന്റെ ഞെരുക്കത്തിൽ പലതും മനഃപൂർവ്വം മറന്ന ഞാൻ അമ്പത് രൂപയുടെ
പൂവെങ്കിലും ഓർത്ത് വാങ്ങണമായിരുന്നു..”

“അയ്യോ…ഞാൻ…ഞാനത് വെറുതെ… ഈ സമയത്ത് എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേ…പൂവൊന്നും വേണ്ട…നാളെ വാങ്ങാല്ലോ..”

മാലതി കിടക്കയിൽ നിന്നും എഴുന്നേറ്റ്
ജോണിനരുകിലെത്തി.

“രണ്ടാം രാത്രിക്ക് പൂവെന്തിന്….
താൻ കതകടച്ച് കിടന്നോ..ഇവിടെ ആരും വരാൻ പോകുന്നില്ല, പത്ത് മിന്നിട്ട് കഴിഞ്ഞ് ഞാനല്ലാതെ..”

മാലതിയെ നോക്കി ചിരിച്ചു കൊണ്ട് ജോൺ ബൈക്കിന്റെ ചാവിയെടുത്തു.

“ഇല്ല…മുല്ലപ്പൂ തീർന്നു… ഈ സമയത്തിനി വേറെങ്ങും നോക്കണ്ട.‌..” ജോൺ മുല്ലപ്പൂവൊഴിഞ്ഞ തട്ടിൽ നോക്കി. തട്ടിനു വെളിയിൽ കിടന്ന ഒരു പൂവെടുത്ത് വാസനിച്ചു.

” ഇപ്പോ എന്തിനാ മുല്ലപ്പൂ… ഭാര്യയ്ക്കാ… അതോ…” പൂക്കടക്കാരൻ
കോഴിനോട്ടമെറിഞ്ഞ് ചിരിച്ചു.

ജോൺ സിറ്റിയിലേയ്ക്ക് പോയി നോക്കിയാലോ എന്ന ചിന്തയിലായിരുന്നു. പോയി വരാൻ അരമണിക്കൂറെടുക്കും, മാലതി തനിച്ചാണ്.

ജോണിനു മുന്നിൽ ഒരോട്ടോറിക്ഷ വന്നു നിന്നു. വീട്ടിലേയ്ക്ക് പോകാന്ന് തീരുമാനിച്ച് ജോൺ ബൈക്കിന് നേരെ നടന്നു. ജോണിനെ കടന്ന് ഓട്ടോയിൽ നിന്നിറങ്ങി ഒരു സ്ത്രീ പൂക്കടയിലേയ്ക്ക് കയറിപ്പോയി.

ആ സ്ത്രീ വന്ന ഓട്ടോറിക്ഷ കടന്ന് പോയതും ജോൺ ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ തുടങ്ങവേ ചുമലിലൊരു കൈ തൊട്ടു.

“ഓഹ്….താനായിരുന്നോ.. എന്നെ ഓർമ്മയുണ്ടോ..”

ജോൺ മുഖമുയർത്തി ആ സ്ത്രീയെ നോക്കി, ആളെ മനസ്സിലായതും തെളിച്ചമില്ലാതെ തെല്ല് ജാള്യതയോടെ ചിരിച്ചു.

“ചേച്ചിയാരുന്നോ..”

“ചേച്ചിയോ.. അത്രയ്ക്കൊന്നും പോവണ്ട മോനേ..പപ്പീന്ന് വിളിച്ചാ മതി,..
കൂടെക്കിടന്ന എന്നെ നീ ചേച്ചീന്ന് വിളിച്ച് മരിച്ച് പോയ എന്റെ അനിയൻ ചെക്കന് നാണക്കേടുണ്ടാക്കല്ലേ…..”

ജോൺ ചമ്മിച്ചിരിച്ചു കൊണ്ട് തല ചൊറിഞ്ഞു.

“അന്ന്… കള്ളിന്റെ പൊറത്ത് … അവന്മാരെല്ലാം കൂടെ… സത്യം പറഞ്ഞാ ആദ്യായിട്ടായിരുന്നു.. പറ്റിപ്പോയതാ..”

പപ്പി അവനെ നോക്കി തലയാട്ടിക്കൊണ്ട് ജോണിന്റെ ചിറിക്കിട്ട് കുത്തി..

” ക ന്നി ക്ക ളി മോശമായില്ലെന്ന് മനസ്സിലായി…നീ ആർക്ക് വേണ്ടിയാ പൂവും തിരക്കി ഇറങ്ങിയത്..?…എനിക്ക് പൂവൊന്നും വേണ്ടെട ചെക്കാ…നീ വണ്ടി സ്റ്റാർട്ട് ചെയ്യ്..”

പപ്പി ജോണിന്റെ ബൈക്കിന് പിന്നിൽ കയറാൻ തുടങ്ങി..

“ചേച്ചി…അല്ല..ശ്ശെ‌…പപ്പി.. ഇതതല്ല…. ഇന്നെന്റ ആദ്യരാത്രിയാ…. എ‌ന്റെ ഭാര്യയ്ക്ക് വേണ്ടിയാ…” പപ്പി പെട്ടെന്ന് നിന്ന് അവനെ സംശയത്തോടെ നോക്കി.

“സത്യം….അല്ല ഇത് നിങ്ങളെങ്ങെനെ….”
ജോൺ സംശയത്തോടെ പപ്പിയെ നോക്കി.

“അതാ പൂക്കടക്കാരൻ പറഞ്ഞതാ.. ഞാനയാളുടെ സ്ഥിരം കസ്റ്റമറാ.. മറ്റേതല്ല….പൂ..മുല്ലപ്പൂ…” ജോൺ പെട്ടെന്ന് പപ്പിയുടെ കൈയ്യിലെ ഇലപ്പൊതി ശ്രദ്ധിച്ചു.

“ഓഹ് അപ്പോ ആദ്യരാത്രി ആഘോഷിക്കാൻ പൂവും തേടിയിറങ്ങിതാ മോൻ… ഇന്നാ കൊണ്ട് പൊയ്ക്കോ, എന്നെ മണക്കാൻ വരുന്നവന്മാരിന്ന് പട്ടിണി കിടക്കട്ടെ‌‌. പൂവില്ലാതെ നിന്റെ ആദ്യരാത്രി മണക്കാതെ പോവണ്ട….”

പപ്പി ചിരിച്ചു കൊണ്ട് ജോണിന് നേരെ പൂപ്പൊതി നീട്ടി.

“നീ വണ്ടിയെട്…എന്നെ ആ ബസ്റ്റോപ്പിലാക്ക്..”

പപ്പി ജോണിന്റെ ബൈക്കിന് പിന്നിൽ കയറിയിരുന്നു. ജോണിനത് തീരെ പിടിച്ചില്ല. അവൻ വണ്ടിയെടുത്തു.

ജോൺ പെട്ടെന്ന് ചിന്തിച്ചത് മുല്ലപ്പൂക്കളെ പറ്റിയാണ്, ജീവിതം തുടങ്ങുന്നവർക്കും ജീവിക്കാൻ വേണ്ടി തുണിയുരിയുന്നവർക്കും ഒരേ ഗന്ധമാണല്ലോ…..

രണ്ടവസ്ഥയിൽ ഒരേ ഗന്ധം. ഒന്ന് ശുദ്ധം,പവിത്രം…മറ്റൊന്നിന് നിറം മാറുന്നു….

“കടത്തിക്കൊണ്ട് വ‌ന്നതാണോടാ..”
പപ്പി ജോണിന്റെ ഇടുപ്പിൽ ഇക്കിളിയിട്ട് കൊണ്ട് ചോദിച്ചു.

“ഏയ്…..കണ്ടു ഇഷ്ട്ടപ്പെട്ടു…പിന്നെ ചെറിയൊരു പ്രേമം..അവൾടെ വീട്ടുകാർക്ക് എതിർപ്പൊന്നുമില്ലായിരുന്നു.
അമ്മയും അച്ഛനുമില്ലവൾക്ക്, ഒരു ബന്ധുവീട്ടിലായിരുന്നു.

എന്റെ വീട്ടിൽ എന്തായാലും കയറ്റില്ല,
ഞങ്ങളൊരു വാടക വീടെടുത്തു.”
ബസ്റ്റോപ്പിൽ ജോൺ ബൈക്ക് നിർത്തിയതും മൊബൈൽ ശബ്ദിച്ചു.
മാലതിയാണ്.

“ദാ എത്തി… പൂ കിട്ടിയില്ല..കടകളൊക്കെ അടച്ചു പേടിക്കണ്ട..ഇപ്പോ എത്തും..”
കോൾ കട്ട് ചെയ്യവേ പപ്പിയുടെ ശ്രദ്ധ ജോണിന്റെ ഫോൺ ഡിസ്പ്ലേയിലേയ്ക്ക് നീണ്ടു.

“ഇതാണോ ആള്..നോക്കട്ടെ…”

ഡിസ്പ്ലേയിലെ പെൺകുട്ടിയുടെ മുഖം ശ്രദ്ധിച്ച് നോക്കിയതും പപ്പി ശ്വാസമടക്കി നിന്നു പോയി. പപ്പി ഫോൺ ജോണിന് നേരെ നീട്ടി ബസ്റ്റോപ്പിലെ തറയിലിരുന്നു.

“അതേ….ആ പൂവിങ്ങ് താ…”

പപ്പി ഒന്നും മിണ്ടിയില്ല. അവൾക്ക് തലയിൽ കൈവച്ച് തല കുമ്പിട്ടു.
പപ്പിയുടെ കൈയ്യിലിരുന്ന് പൂപ്പൊതി ഞെരിഞ്ഞു.

ജോൺ ഒന്നും മനസ്സിലാകാതെ ബൈക്കിൽ നിന്നുമിറങ്ങി പപ്പിയുടെ കൈയ്യിലിരുന്ന പൂപ്പൊതിയിൽ തൊട്ടതും പപ്പി കൈ വെട്ടിച്ചു. തലയുയർത്തി കണ്ണ് തുടച്ച് പപ്പി ജോണിനെ നോക്കി.

“എന്തു പറ്റി..?”

“എന്തായിരുന്നു നിന്റെ പേര്..?”

“ജോൺ”

” ജോൺ…നാളെ ഞാനീ സിറ്റി വിട്ട് പോകും.അതിന് മുൻപ് എനിക്ക്…
എനിക്ക് നിന്റെ ഭാര്യയെ കാണണം.. സംസാരിക്കണം..

ഇപ്പൊ…ഈ രാത്രിയിൽ……നീ എതിരൊന്നും പറയണ്ട.‌‌‌..നിനക്കൊരു പ്രശ്നവും ഉണ്ടാകില്ല..നിങ്ങളുടെ ജീവിതത്തിൽ ഞാനിടപെടുന്നില്ല… ജീവിതം തുടങ്ങും മുൻപ് എനിക്കെന്റെ മകളെ ഒന്ന് കാണണം…..”

പപ്പി ജോണിനെ നോക്കി വിതുമ്പലടക്കി. ജോൺ അമ്പരപ്പോടെ നെറ്റി ചുളിച്ച് പപ്പിയെ നോക്കി.

“മ..ക..ളോ….മാ..മാലിനിയോ..!!!”

പപ്പി ജോണിനെ നോക്കി തലയാട്ടി.
അവളാകെ വിയർത്തിരുന്നു, മുന്നിൽ നിൽക്കുന്നത് തന്റെ മകളുടെ ഭർത്താവാണ്, ഒരിക്കൽ അവനുമുന്നിലും ഞാൻ തുണിയഴി….

അവന്റെ പോക്കറ്റിലെ കാശും എന്റെ ബ്ലൗസിനുള്ളിലെ ചൂടറിഞ്ഞിട്ടുണ്ട്.
സത്യത്തിൽ താനിപ്പോഴാണ് വിവസ്ത്രയായതെന്ന് പപ്പിക്ക് തോന്നി.. തുണിയുരിഞ്ഞ് , തൊലിയുരിഞ്ഞ്…

ജോൺ തലയിൽ കൈ വച്ചു കൊണ്ട്
ബസ്റ്റോപ്പിലെ പടിയിലിരുന്നു പോയി.. അവനു കേട്ടതൊന്നു. വിശ്വസിക്കാൻ കഴിഞ്ഞില്ല. ബസ്റ്റോപ്പിനു മുന്നിലെ പോസ്റ്റിലെ വെളിച്ചം ചെറുതായൊന്ന് മിന്നിയണഞ്ഞു.

ഇരുട്ട്. അവരെ നോക്കി മുരണ്ടു കൊണ്ട് കുരച്ച ശേഷം ഒരു തെരുവ് നായ കടന്നു പോയി. പെട്ടെന്ന് പോസ്റ്റിലെ
വെളിച്ചം വന്നു..

” ഇല്ല….ഞാൻ സമ്മതിക്കില്ല.. നിങ്ങളവളെ ഒരിക്കലും കാണാൻ പാടില്ല…അച്ഛൻ മരിച്ച ശേഷം അമ്മ ഉപേക്ഷിച്ച് പോയി എന്നണവൾ പറഞ്ഞത്… അത് നിങ്ങളായി….. ശ്ച്ഛെ..!!.”

“അതെ…പത്മിനി…പപ്പി… എന്റെ മകൾക്ക് എന്നോട് വെറുപ്പാണ്, എനിക്കറിയാം… നിങ്ങൾക്കിടയിൽ ഞാനൊരു പ്രശ്നവുമുണ്ടാക്കില്ല.

നാട്ടിൽ നിന്നുള്ള ആരെങ്കിലും പറഞ്ഞതറിഞ്ഞ് തിരക്കി വന്നതാണെന്ന് ഞാൻ പറഞ്ഞോളാം… ” ജോൺ ഇല്ലെന്ന് തലയാട്ടി….

“വേണ്ട….പറ്റില്ല….പറ്റില്ല.. നിങ്ങൾ എന്റെ അവസ്ഥയൊന്ന് ചിന്തിക്ക്..
തൊലിയുരിഞ്ഞ് നിൽക്കുവാ ഞാൻ….പ്ലീസ്…ഏത് നേരത്താണോ ദൈവമേ…”

ജോൺ സ്വയം ശപിച്ച് കൊണ്ട് ചാടിയെഴുന്നേറ്റ് പപ്പിയെ വെറുപ്പോടെ നോക്കി.

“എനിക്കെന്റെ മകളെ കാണണം ജോണേ…ഇന്നലെ വരെയില്ലാത്തെ എന്തോ ഭാരം ഇപ്പോ എന്റെ നെഞ്ചിലുണ്ട്…

അവളെ കണ്ട് അത് ഇറക്കി വയ്ക്കാൻ പറ്റിയില്ലെങ്കിൽ ഞാനെന്തെങ്കിലും ചെയ്തു കളയും..എനിക്കറിയാം അവൾക്കെന്നോട് വെറുപ്പാണ്..

ചിലപ്പോ മുഖത്ത് തുപ്പിയെന്ന് വരും… ആട്ടിയിറക്കിയെന്ന് വരും…. സാരമില്ല..ഞാനത് അർഹിക്കുന്നു.. എനിക്കവളെ കാണണം ജോണേ…

ബൈക്ക് നിർത്തുന്ന ശബ്ദം കേട്ട് മാലതി വാതിൽ തുറന്നു.

“പത്ത് മിന്നിട്ടെന്ന് പറഞ്ഞിട്ട്…ഞാനാകെ പേടിച്ചു.”

ജോൺ അവളുടെ മുഖത്ത് നോക്കാൻ ബുദ്ധിമുട്ടി. പെട്ടെന്ന് മുറ്റത്തേയ്ക്ക് ഒരു ഓട്ടോറിക്ഷ വന്നു നിന്നു.

“മാലതിയുടെ അമ്മയാണെന്നാ പറഞ്ഞത്… എന്നോടാ വഴി ചോദിക്കാൻ
വണ്ടി നിർത്തിയത്..”

മാലതിയുടെ മിഴികൾ ജോണിന്റെ മുഖത്ത് നിന്നും ഓട്ടോറിക്ഷയിലേയ്ക്ക് നീണ്ടു. ഓട്ടോയിൽ നിന്നിറങ്ങി പപ്പി മാലതിയെ നോക്കി തികട്ടി വന്ന
സ്വയം പുച്ഛമടക്കി ചിരിക്കാൻ ശ്രമിച്ചു.

മാലതിയുടെ മുഖത്ത് വേദനയും ദേഷ്യവുമിരമ്പി, വെട്ടിത്തിരിഞ്ഞവൾ അകത്തേയ്ക്ക് പോയി.

പപ്പി ജോണിനെ കടന്ന് മാലതിയുടെ മുറിയിലേയ്ക്ക് നടന്നു. മാലതി കിടക്കയിൽ മുഖം തിരിഞ്ഞ് കിടക്കുന്നു. പപ്പി നടന്ന് മാലതിയുടെ അടുത്തെത്തി.

“മോ..ളേ…. എന്നെ ഒന്ന് നോക്കെഡീ…
എന്തെങ്കിലും പറയ്…. ഞാനൊന്നും അറിഞ്ഞില്ല…അല്ലെങ്കിൽ തന്നെ നിന്റെ വിശേഷങ്ങളൊന്നും ഞാൻ തിരിക്കിയിരുന്നുമില്ലല്ലോ‌‌..

നാട്ടിലുള്ള ഒരാളെ സിറ്റിയിൽ വച്ച് കണ്ടപ്പോഴാ നിന്റെ കല്ല്യാണം കഴിഞ്ഞത്…”

തന്റെ മകളെ വീണ്ടും ഞാൻ പറ്റിച്ച് കടന്നു കളയാൻ വന്നതാണല്ലോ എന്ന് ചിന്തിച്ച് പറഞ്ഞു വന്ന നുണ പാതിയിൽ നിർത്തി, പപ്പി വാതിൽക്കൽ നിൽക്കുന്ന ജോണിനെ നോക്കി. ജോൺ ആശ്വാസത്തോടെ ചിരിക്കാൻ ശ്രമിച്ചു.

“മോള് പേടിക്കണ്ട… ഞാനിവിടം വിട്ട് നാളെ പോകും.. നിങ്ങൾക്കിടയിലേയ്ക്ക് ഒരിക്കലും ഞാനിനി കടന്നു വരില്ല…. എന്നെ കണ്ട് വഴി മാറി നടക്കേണ്ടി വരില്ല നിനക്ക്…”

മാലതി ഒന്നും മിണ്ടാതെ കരച്ചിലടക്കാൻ പാടുപെട്ടു. പപ്പി കൈയ്യിലിരുന്ന പൂപ്പൊതി മേശപ്പുറത്ത് വച്ചു.

“എന്റെ കൈയ്യിൽ ഇതേയുള്ളൂ നിനക്ക് തരാൻ…..ഞാൻ പോകുന്നു മോളേ… നീയെന്നെയിന്നു നോക്കോ‌..”

പപ്പി മാലതിയുടെ തലയിലൊന്നു തൊട്ടതും മാലതിയാ കൈ തട്ടി മാറ്റി.
പപ്പി പുറത്തേയ്ക്ക് നടന്നു. അവൾ ജോണിനെ നോക്കിയില്ല…..

ഒന്ന് കരയാനോ, നെടുവീർപ്പിട്ട് ആശ്വസിക്കാൻ പോലും തനിക്കർഹതയില്ലെന്ന് പപ്പിക്ക് തോന്നി. പെട്ടെന്ന് മുതുകത്ത് ഒരേറു കൊണ്ട് പപ്പി തിരിഞ്ഞു നോക്കി.

നിറഞ്ഞ് ജ്വലിക്കുന്ന മിഴികളുമായി കിതച്ചു കൊണ്ട് മാലതി വാതിൽക്കൽ നിൽക്കുന്നു.

പപ്പി മകളെ കണ്ണ് നിറച്ച് കണ്ട സന്തോഷത്തിൽ നോക്കി ചിരിച്ചതും
മാലതി വാതിൽ വലിച്ചടച്ചു. അടഞ്ഞ വാതിൽ നോക്കി പപ്പി കുറച്ചു നേരം നിന്നു.

കുനിഞ്ഞ് തറയിൽ നിന്നും പൂപ്പൊതിയെടുത്ത് അഴിച്ച് ആ പൂക്കളിൽ മെല്ലെ തടവി..വാസനിച്ചു.

ആ പൂവെടുത്തവൾ മുടിയിൽ ചൂടി അടഞ്ഞ വാതിലിൽ ഒരിക്കൽ കൂടി നോക്കിക്കൊണ്ട് മിഴിയിൽ നിറഞ്ഞ കണ്ണുനീർ ഞെരിച്ചുടച്ച് ഉറച്ച ചുവടോടെ റോഡിലേയ്ക്കിറങ്ങി നടന്നു…. ഇരുട്ടിലേയ്ക്ക്…. തന്റെ മ്ലേച്ഛ ലോകത്തിലേയ്ക്ക്..ഇരയെത്തേടി…

പെട്ടെന്ന് പിന്നാലെ വന്ന ജീപ്പിൽ നിന്നും അവളെ ആരുടെയോ കൈകൾ കോരിയെടുത്തു‌. പപ്പി ഭയന്നു പോയി‌…

“ഹ..ഹ..ഹ…പപ്പിക്കുട്ടീ…. ഇതാരെ സുഖിപ്പിച്ചിട്ട് വരുന്ന വരവാഡീ…”
പപ്പിക്കൊന്നും മനസ്സിലായില്ല, എന്താണ് സംഭവിച്ചതെന്നറിയാതെ അവൾ ചുറ്റും നോക്കി.

“ഞാനാടി പൊട്ടീ …. അവറാച്ചൻ…”

“ഹൊ എന്റെ ജീവൻ പോയി‌‌..”

അവറാച്ചൻ ചിരിച്ചു കൊണ്ട് പപ്പിയുടെ കവിളിൽ കടിച്ചു.

“ഇതെന്നാടീ ഒരുപ്പ് രസം…നിന്റെ മൊഖത്തൂടെ ആരേലും പെടുത്തോ…”
പപ്പിയുടെ മിഴികൾ അത് കേട്ട്
പൊട്ടി ചിരിച്ചു.

“കിടക്കുന്നില്ലേ..”

മാലതി ജനാലയ്ക്കരുകിൽ നിന്ന് പുറത്തേയ്ക്ക് നോക്കി ഏതോ ചിന്തയിലായിരുന്നു‌. ജോൺ ബെഡ്ഡിൽ കിടന്നു കൊണ്ട് മാലതിയെ നോക്കി.

“…കള്ളം പറഞ്ഞതാണല്ലേ..
നിങ്ങൾക്കവരെ മുൻപേ അറിയാം….”

ജോണിന്റെ ശ്വാസം നിലച്ചു…
ഇല്ലെന്ന് പറയാൻ തുടങ്ങുമ്പോഴേയ്ക്കും നിമിഷങ്ങൾ കടന്നു പോയി. ആ മൗനം മാലതിക്കുള്ള ഉത്തരമായി.

അവൾ ജനൽക്കമ്പിയിൽ തല ചേർത്ത് പൊട്ടിക്കരഞ്ഞു. ജോൺ ബെഡ്ഡിൽ നിന്നും എഴുന്നേറ്റ് തലകുമ്പിട്ടിരുന്നു.

“എനിക്ക് ജോണിനോട് ദേഷ്യമില്ല., വെറുപ്പില്ല…എ‌ന്റെ വിധിയാണിത്. ജോണിന് എന്നോടെല്ലാം മറച്ചു വയ്ക്കാമായിരുന്നു,…
ചെയ്യാത്തതിനു നന്ദി.

എ‌ന്റെ അമ്മയാന്നറിഞ്ഞ് കൊണ്ടല്ലല്ലോ നിങ്ങൾ തമ്മിൽ… ഒന്നും ജോണിന്റെ തെറ്റല്ല..

ഞാനാ സ്ത്രീയെ വെറുക്കുന്നുണ്ടെങ്കിലും അവരുടെ സ്നേഹം ഞാൻ അനുഭവിച്ചിട്ടുണ്ട്, എനിക്കവരുടെ ഗന്ധമറിയാം,
എനിക്കിപ്പോൾ ജോണും, ആ സ്ത്രീയും രണ്ടല്ല..

എനിക്കറിയാം ഞാൻ ഇന്നലെ വരെ ജീവിച്ച ജീവിതത്തെക്കാൾ ജോണിനൊപ്പമുള്ള എന്റെ ജീവിതം സ്വർഗ്ഗമായിരിക്കും..

പക്ഷേ വീർപ്പുമുട്ടി , സ്വയം അപഹാസ്യയായി, ഞാൻ വെറുക്കുന്നൊരു സ്ത്രീയുടെ മണമുള്ളൊരു ശരീരം ശ്വസിച്ച് ജോണിനൊപ്പം കഴിയുന്നതിനേക്കാൾ നല്ലത്

എനിക്ക് ഞാൻ ജീവിച്ചിരു‌ന്ന നരകത്തിലെ കഷ്ട്ടപ്പാടുകളാണ്..
ഞാൻ തിരികെയെന്റെ വീട്ടിലേയ്ക്ക് പോകുന്നു.”

ജോണിന്റെ കൈയ്യിൽ നിന്നും മാലതിയെഴുതിയ അക്ഷരങ്ങൾ നിറഞ്ഞ കടലാസ്സ് പിടിവിട്ടു.

നിലത്ത് ഒഴിഞ്ഞ് കിടന്ന
ബെഡ്ഷീറ്റിലേയ്ക്ക് നോക്കി ജോൺ കണ്ണുകളടച്ച് തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *