പക്ഷേ അവളിന്നൊരു ഡിവോഴ്സ് നോട്ടീസിന്റെ രൂപത്തിൽ എന്റെ മേശപ്പുറത്തിരിപ്പുണ്ട്..

(രചന: Syam Varkala)

ആ ത്മഹത്യാക്കുറിപ്പെഴുതാൻ പേപ്പർ വാങ്ങാൻ പോയപ്പോഴാണ് അവളെ ഞാൻ ആദ്യമായി കാണുന്നത്…

ഒറ്റമുറിക്കടയിലെ വീൽച്ചെയറിൽ വിരിഞ്ഞ പുഞ്ചിരി എനിക്ക് നേരെ പേപ്പർ നീട്ടി..

“ഒരെണ്ണം മതിയോ..” ആ വെള്ള പേപ്പർ നോക്കിയപ്പോൾ എന്റെ ചിന്ത പറഞ്ഞു
അവളുടെ ഹൃദയമാണിതെന്ന്..
തൂവെള്ള…

എനിക്കാ ചിന്തയോട് പുച്ഛം തോന്നി,
എന്തിനാണ് ഞാനിങ്ങനെ
കാവ്യാത്മകമായി ചിന്തിക്കുന്നത്?
വൈകല്യമുണ്ടെന്ന് കരുതി, നല്ല ഭംഗിയിൽ വിരിഞ്ഞ മുഖമുണ്ടെന്ന് കരുതി, ഒരുവൾ ദേവതയാകുമോ..?

“ഒരു വില കുറഞ്ഞ പേന കൂടി” അവൾ വീൽച്ചെയറിൽ വീണ്ടും ഷെല്ഫിനു നേരെ ഉരുണ്ടു. രണ്ടും ഒരുമിച്ച് പറയാമായിരുന്നുവെന്ന് എനിക്ക് തോന്നി.

“മൂന്ന് രൂപയുടെ മതിയോ?” അതെനിക്ക് രസകരമായി അനുഭവപ്പെട്ടു.

“മൂന്ന് രൂപയ്ക്ക് പേനയോ..?”

“കറുപ്പോ നീലയോ..?”

അവൾ എന്റെ ഉത്തരം കാത്ത് നിന്നു.
മരണം കറുപ്പല്ലേ അപ്പോ കറുപ്പ് വേണ്ട.
ഒരു സി ഗരറ്റ് കവറിൽ ഉരച്ച് തെളിയുമെന്നുറപ്പിച്ച് അവൾ പേന എനിക്ക് നേരെ നീട്ടി.

“ചെറിയ ആവശ്യത്തിനാണെങ്കിൽ,
വാങ്ങണമെന്നില്ല, ഞാനെന്റെ പേന തരാം..” അവൾ എന്നെ നോക്കി ചിരിച്ചു.

ചെറുതോ..അല്ലല്ല… എന്റെ ജീവിതത്തിലെ ഏറ്റവും ബൃഹത്തായ ആവശ്യത്തിലേയ്ക്കാണീ മഷിവീട്.

“സാരമില്ല..മൂന്ന് രൂപയല്ലേ…
എത്രയായി..” ഞാൻ പേനയുടെ ഭംഗിയിൽ മിഴിയോടിച്ചു.

“മൂന്നമ്പത്….കയ്യിൽ കുട
കരുതിയിട്ടുണ്ടോ?” അവൾക്ക് നേരെ കാശ് നീട്ടവേ മറുപടി പറയും മുൻപ് തന്നെ ആകാശം മണ്ണിലെഴുത്ത് തുടങ്ങി.

“ഇല്ല..കുടയില്ല”

“ദാ ഇങ്ങോട്ട് കയറി നിന്നോ.. നനയണ്ട…”
അവൾ വീൽച്ചെയർ പിന്നിലെയ്ക്കുരുട്ടി
ഒരു പ്ലാസ്റ്റിക് സ്റ്റൂളെടുത്ത് എനിക്ക് നേരെ നീട്ടി. ഞാൻ മഴ കണ്ടു, മഴ എന്നെയും,അവളെയും കണ്ടു.

“എന്താ തന്റെ പേര്..?”

“മുംതാസ്…. നിങ്ങളുടെ പേര് ഷാജഹാൻ എന്നല്ലല്ലോ..? അവൾ ചിരി കുടഞ്ഞിട്ടു.

“ഞാൻ പേര് പറയുമ്പോ ചിലർ ഷാജഹാന്മാരായി മാറാറുണ്ട്
അതോണ്ട് ചോദിച്ചതാ..?” മുംതാസ് വീണ്ടും വീണ്ടും ചിരി കുടഞ്ഞിട്ടു.

“അവരെ കുറ്റം പറയാൻ പറ്റില്ല,”
ഞാൻ മഴ നോക്കി ചിരിച്ചു.

“ഓഹോ… പക്ഷേ, ഞാൻ മരിച്ചാൽ അവരിൽ എത്ര പേർ എനിക്കായ് താജ്മഹൽ പണിയും.. ചുമ്മാ കളിയാക്കാനാന്നേ….എന്നാലും എനിക്കതിഷ്ട്ടമാ..”

അവൾ പിന്നെയും ചിരി കൊഴിച്ചിട്ടു.
അവളൊരു പൂമരമാണ്, നിറയെ പൂക്കളുള്ള…. പൂവിന്റെ പേര് “ചിരി”.

“എങ്കിൽ ഞാനും ഷാജഹാനാകട്ടെ..?…”
ഞാൻ അവളെ നോക്കി ചിരി പൊഴിക്കാൻ നോക്കി. പക്ഷേ ഇതളുകൾ കൊഴിയാനിനിയും ബാക്കി….പറ്റുന്നില്ല..

“മുംതാസിന്റെ കൈയ്യക്ഷരം
നല്ലതാണോ? എനിക്കൊരു മാറ്റർ എഴുതി തരാമോ?”

“അതിനെന്താ..എന്താ എഴുതേണ്ടത്..?
പ്രേമലേഖനമാണോ?..
അവൾ വീണ്ടും ചിരി….

“അതെ…മരണത്തിന്… ഒറ്റ വായനയിൽ തന്നെ മരണം എന്നെ പ്രേമിക്കണം..!”
ഞാൻ ചിരിച്ചു കൊണ്ട് പേപ്പറും പേനയും നീട്ടി.

ഞാൻ പ്രതീക്ഷിച്ചത് ചിരി കൊഴിച്ചിട്ടു കൊണ്ടിരുന്ന അവൾ പെട്ടെന്ന്
വരണ്ടു പോകുമെന്നാണ്…. ഇല്ല… അവളുടെ ചിരിക്ക് കൊഴിഞ്ഞ് പോയ ചിരികളെക്കാൾ ചന്തം.

അവൾ വീൽച്ചെയർ പിന്നേയ്ക്കുരുട്ടി.
തിരികെ വന്നപ്പോൾ കൈയ്യിലൊരു ഡയറിയുണ്ടായിരുന്നു.

“നിങ്ങളുടെ മരണത്തിന് കാരണക്കാരായ ഒരു വ്യക്തിയോ, അവസ്ഥയോ ഉണ്ടായിരിക്കുമല്ലോ…
അതിനെയൊക്കെ ആ ത്മ ഹത്യാക്കുറിപ്പിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടോ?..”

“ഇല്ല….ജീവിതം മടുത്തു.. അതുകൊണ്ട് മരിക്കുന്നു.. മറ്റൊന്നും ആരെയും അറിയിക്കാൻ ആഗ്രഹിക്കുന്നില്ല..

എന്റെ മരണം മറ്റൊരാളെ
ശിക്ഷിക്കാനുള്ള ആയുധമാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, എന്റെ ജീവിതം പോലെ മരണവും എനിക്ക് എന്നോടുള്ള പരാതി മാത്രമാണ്.”

മുംതാസ് അത് കേട്ട് ഡയറിയിൽ മെല്ലെ തടവി ചിരിച്ചു.

“വളരെ പൊയറ്റിക്കായ ഒരു ആ ത്മ ഹത്യാക്കുറിപ്പായാലോ?
ഞാനെഴുതാം…

പക്ഷേ, നിങ്ങൾ ഈ ഡയറി വായിക്കണം,
വായിച്ചു കഴിഞ്ഞ് ഇതെന്നെ തിരിച്ചേൽപ്പിക്കാനായ് വരുമ്പോൾ‌ നിങ്ങൾക്കുള്ള ആ ത്മ ഹത്യക്കുറിപ്പ്
ഞാൻ തരാം….

ഒരു കാര്യം ചോദിച്ചോട്ടെ ., എന്തിനാണ് നിങ്ങളുടെ മരണത്തിൽ എന്നെ വലിച്ചിട്ടത്..?”

“അതെ…എന്തിനായിരുന്നു,”
ഞാനും ചിന്തിക്കുന്നത് അത് തന്നെ…
ഞാനെന്തിനാ എന്റെ മരണം ഈ ചിരിയോട് പങ്കുവച്ചത്..?

ഞാൻ മുംതാസിനെ നോക്കി ചിരിച്ചു കൊണ്ട് ഡയറി വാങ്ങി താളുകൾ
വിടർത്തി മണത്തു. മറിഞ്ഞു പോകുന്ന താളുകളിൽ പാതിയും മഷി പുരളാത്തതായിരുന്നു.

“ഇതിൽ കുറച്ചേ എഴുതിയിട്ടുള്ളൂ..ല്ലേ..”

“മ്….ഞാൻ അതിനെ പറ്റിയാ ആലോചിക്കുന്നത്, ഞാൻ കൂടുതൽ എഴുതിയിരുന്നെങ്കിൽ നിങ്ങൾ വായിക്കാൻ കൂടുതൽ സമയമെടുത്തേനെ, നിങ്ങളുടെ ആയുസ്സും‌ കൂടിയേനെ….”

ഞാൻ മുംതാസിനെ മിഴി ചിമ്മാതെ നോക്കി. ഉള്ളിലെ കനൽക്കൂനയിൽ
മഴ പെയ്യുന്നുവോ..? വ്വ്…വ്വ്…!

” മഴ തോർന്നു…”

അവൾ മുഖത്തെ തട്ടമൊതുക്കി എന്നെ നോക്കി ചിരിച്ചു.

“മിസ്റ്റർ ഷാജഹാൻ എനിക്കൊരു വാക്ക് തരണം, ഈ ഡയറി എന്നെ തിരിച്ചേൽപ്പിക്കാതെ മരിക്കില്ലെന്ന്…
ഉറപ്പായും അത് മുഴുവൻ വായിക്കുമെന്ന്..”

ഞാൻ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.
മഴ പൂർണ്ണമായും പിൻ വാങ്ങിയിരുന്നു.

“എന്റെ അറിവിൽ ഞാൻ ഒരു പെണ്ണിനെയും പറഞ്ഞു പറ്റിക്കുകയോ,കൊടുത്ത വാക്കിന് വില കൽപ്പിക്കാതെയോ ഇരുന്നിട്ടില്ല,

എന്റെ വീട്ടുകാർ എതിർത്തിട്ടു കൂടി ഞാനെന്റെ പ്രണയത്തെ പ്രാണൻ പോലെ ചേർത്തു പിടിച്ചു,..

പക്ഷേ…. അവളിന്നൊരു ഡിവോഴ്സ് നോട്ടീസിന്റെ രൂപത്തിൽ എന്റെ മേശപ്പുറത്തിരിപ്പുണ്ട്…. എന്നെ വിശ്വസിക്കാം മുംതാസിന്….”

മുംതാസ് താടിക്ക് കൈകൊടുത്തു കൊണ്ട് എന്നെ ചൂഴ്ന്ന് നോക്കി നെടുവീർപ്പിട്ടു.

“ഞാൻ ചോദിച്ചില്ലല്ലോ ,
പറയേണ്ടിയിരുന്നില്ല,… എനിക്കീ

“കാരണം” എന്ന വാക്കിനെ തന്നെ ഇഷ്ട്ടമല്ല… പലരും എടുത്ത് പെരുമാറി തിളക്കം നഷ്ട്ടപ്പെട്ടു പോയ വാക്കാണത്, കൂടുതലും നുണഗന്ധമുള്ളത്..”

ഞാൻ ചിരിച്ചു കൊണ്ട്,.. ചിന്തിച്ചു കൊണ്ട് മുംതാസിന്റെ ചിരിയിൽ ഒരിക്കൽക്കൂടി മിഴിയുരസ്സി റോഡിലേയ്ക്കിറങ്ങി.

മുംതാസിന്റെ കടയ്ക്കു മുന്നിൽ ഓട്ടോയിറങ്ങുമ്പോൾ ഞാൻ കണ്ടു.
ഒരു ഓട്ടോക്കാരൻ അവളെ വാരിയെടുത്ത് വീൽച്ചെയറിൽ ഇരുത്തുന്നു.

ഓട്ടോക്കരനെ കൈ വീശി
യാത്രയാക്കിയ അവൾക്ക് നേരെ ഞാൻ നടന്നു. അവൾ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. എനിക്കിരിക്കാനായ് അവൾ സ്റ്റൂളെടുത്ത് പുറത്തേയ്ക്കിട്ടു.

“വായിച്ചോ..?”

” വ്വ്….പതിനാലും വായിച്ചു. ഒരു ചോദ്യം എന്റെ സ്ഥാനത്ത് മറ്റൊരാളായിരുന്നെങ്കിൽ മുംതാസ് ഈ ഡയറി കൊടുക്കുമായിരുന്നോ..?”

“വ്വ്…അയാൾ പക്ഷേ നിങ്ങളെ പോലെയുള്ളവനായിരിക്കണം..”

“എനിക്കെന്താ അതിനും
വേണ്ടി പ്രത്യേകത..?”

” ഷാജഹാൻ ഒന്നോരണ്ടോ വട്ടമാണ് എന്റെ വൈകല്ല്യത്തെ ശ്രദ്ധിച്ചത്.
നിങ്ങളുടെ മുഖം എന്റെ മുഖത്തായിരുന്നു കൂടുതലും…”

“ഓഹ്…ശ്രദ്ധിച്ചിരുന്നു അല്ലേ….
ഈ ഡയറിയിലെ പതിനാല് ആ ത്മ ഹത്യാക്കുറിപ്പിന്റെ അർത്ഥമെന്താണ്?..

മുംതാസ് വെറുതെ എഴുതിയതാണോ? അതോ ഉപേക്ഷിക്കപ്പെട്ട പതിനാല് ആ ത്മഹത്യകളുടെ സ്മാരകങ്ങളോ?..”

“എനിക്കറിയില്ല ഷാജഹാൻ… എന്റെ വൈകല്ല്യം എന്നെക്കൊണ്ട് എഴുതിപ്പിച്ചതാണ് അതൊക്കെ ,പക്ഷേ എന്റെ ഇക്കയുടെ മുഖം ഓർക്കുമ്പോ ഞാൻ തളർന്നു പോകും…. എന്റെ മരണം കൊണ്ട് എനിക്കാരെയും തോൽപ്പിക്കാൻ വയ്യ..”

“എന്തായാലും മുംതാസിനോട് എനിക്ക് നന്ദിയുണ്ട്, തന്റെ ആ ത്മഹത്യക്കുറിപ്പുകൾ ഒരു ജീവൻ രക്ഷിച്ചിരിക്കുന്നു…. ചിന്തിച്ചാൽ വിചിത്രം തന്നെ…ല്ലേ..

പക്ഷേ ഒന്ന് പറയാതെ വയ്യ… എന്തൊരെഴുത്താണത്… അത് വായിച്ചാൽ മരിക്കാനല്ല, ജീവിക്കാനാ തോന്നുക…അത്രത്തോളം ജീവിതമുണ്ടതിൽ… ജീവിക്കാനുള്ള കൊതി…”

മുംതാസ് ചിരി കുടഞ്ഞിട്ട് കുളിർപ്പിച്ചു കൊണ്ട് എന്നെ നോക്കി.

“എനിക്കറിയാമായിരുന്നു നിങ്ങൾ മാറി ചിന്തിക്കുമെന്ന്., ഞാൻ നിങ്ങൾക്ക് വേണ്ടി ആ ത്മഹത്യാക്കുറിപ്പും എഴുതിയിട്ടില്ല. എവിടെ ..എവിടെ എന്റെ ഡയറി…?”

“കൊണ്ടു വന്നില്ല, ഞാനത് പകർത്തിയെഴുതിക്കഴിഞ്ഞിട്ടില്ല..”

“പകർത്താനോ..എന്തിന്..?” അവൾ മിഴികൾ വിടർത്തി തട്ടമൊതുക്കി.

“ഞാനത് പറയാൻ കൂടിയാ വന്നത്, ഞാനതൊരു പുസ്തകമാക്കിയാലോന്ന് ചിന്തിച്ചു. അനുവദിച്ചാൽ മാത്രം..” അവൾ ഞെട്ടി തലയുയർത്തി..

“പുസ്തകമോ??..സത്യം….
അങ്ങനൊക്കെ പറ്റോ..?” അവളുടെ മുഖഭാവം ഒന്നു കാണേണ്ടതായിരുന്നു. മൊഞ്ചിന്റെ പെരുമഴ… പ്രിയപ്പെട്ടതെന്തോ അവിചാരിതമായി കേട്ട വിസ്മയം..

“പറ്റുംന്നേ….സമ്മതിച്ചല്ലോ, ബാക്കി ഞാനേറ്റു.”

“മാഷാ അള്ളാഹ്… എന്റെ ഇക്കയറിഞ്ഞാൽ ഒരു പാട് സന്തോഷിക്കും..” അവളുടെ കണ്ണ് നിറഞ്ഞിരുന്നു.

“നിങ്ങളന്ന് ബാക്കി വാങ്ങാതെയാണ് പോയത്… ഇനിയിപ്പോ പേപ്പറും പേനയും വേണ്ടല്ലോ…. ഇതാ ആ അഞ്ചു രൂപ..”

അവൾ തട്ടമുയർത്തി കണ്ണ് തുടച്ചു കൊണ്ട് പൈസ എന്റെ നേർക്ക് നീട്ടി.
ഞാൻ ചിരിച്ചു കൊണ്ട് ആ നാണയത്തിലേയ്ക്ക് നോക്കി,അവളുടെ മുഖത്തേയ്ക്കും..

“എനിക്കാ പേപ്പറും പേനയും വേണം,…അതിന്റെ കഴിച്ച് ബാക്കി
തന്നാൽ മതി… അല്ലെങ്കിൽ പൈസ വേണ്ട, ആ തേൻ മുട്ടായി തന്നേക്ക്…”

ഞാൻ തന്നെ ഭരണി തുറന്ന് രണ്ട് തേന്മുട്ടായി എടുത്തു. ഒരെണ്ണം രണ്ടായി മുറിച്ച് ഒരു കഷണം അവൾക്ക് നേരെ നീട്ടി.

അവൾ എന്നെ നോക്കി ചിന്തയോടെ ചിരിച്ചു കൊണ്ടത് വാങ്ങി.
ഞാൻ തേൻ നുണഞ്ഞു കൊണ്ട്
രണ്ടാമത്തെ തേൻമുട്ടായി രണ്ടായ് മുറിച്ച്
വെള്ള കടലാസ്സിനു മുകളിൽ വച്ചു.

“എനിക്ക് കൂടുതൽ പൈങ്കിളിയാകാനൊന്നും അറിയില്ല,
ഈ രണ്ട് തേന്മുറി നീ പ്രസവിക്കുന്ന നമ്മുടെ മക്കൾക്കുള്ളതാണ്…

തന്റെ ഇക്കയെ കണ്ട് സംസാരിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ… മുംതാസ് സമ്മതിച്ചാൽ മാത്രം…

മുംതാസ് ആ നിമിഷത്തിൽ തറഞ്ഞിരുന്നു പോയി., ഞെട്ടലോടെ…!!
വാക്ക് വരണ്ട അവളുടെ ചുണ്ടിലേയ്ക്കൊരു വിറ പറർന്നു കയറി,
മിഴി വിട്ടോടാടൻ തുനിഞ്ഞൊരു വന്മഴയെ വരിഞ്ഞ്കെട്ടാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

അവളൊന്നും മിണ്ടാതെ തല കുമ്പിട്ടു.
ഞാനും ഒന്നും മിണ്ടിയില്ല. മുറിച്ചു വച്ച തേന്മുട്ടായിയിൽ നിന്നും തേൻ തുള്ളി കടലാസിലേയ്ക്ക് തെന്നിയിറങ്ങി പടർന്നു.

മുംതാസ് പെട്ടെന്ന് വീൽച്ചെയർ പിന്നേയ്ക്കുരുട്ടി അലമാരയ്ക്ക് പിന്നിലൊളിച്ചു. എനിക്കിപ്പോൾ‌ അവളുടെ തേങ്ങൽ കേൾക്കാം…

അവൾ കരഞ്ഞൊഴിയട്ടെ എങ്കിലേ ഒരു ഉത്തരത്തിലെത്തൂ…കാത്തിരിക്കാം..
ഒരു മഴ പെയ്തെങ്കിലെന്ന് ഞാനാശിച്ചു…

അവൾ കണ്ണ് തുടച്ച് പുറത്തെ തട്ടിൽ കടലാസിൽ മുറിച്ചു വച്ച തേന്മുട്ടായിയിലേയ്ക്ക് നോക്കി…
അവളുടെ ചുണ്ടുകൾ ചിരിയുടെ കൈകോർത്തു. അവളുടെ ഹൃദയം മന്ത്രിച്ചു‌

” എന്റെ മക്കൾ… എന്നെപ്പുണർന്നുറങ്ങാൻ കാത്തിരിക്കുന്ന, പിറവിക്കായ് എന്റെ ഉത്തരം കാത്തിരിക്കുന്ന എന്റെ മക്കൾ…

Leave a Reply

Your email address will not be published. Required fields are marked *